Current Date

Search
Close this search box.
Search
Close this search box.

സ്ത്രീയുടെ സ്ഥാനം ഇസ്‌ലാമിൽ ( 2 – 3 )

ഇസ്‌ലാമിലെ സ്ത്രീ
ലോകത്താകമാനം വ്യാപിച്ച അന്ധകാരത്തിന് നടുവിൽ, അറേബ്യയുടെ വിശാലമായ മരുഭൂമിയിൽ മനുഷ്യരാശിക്കുള്ള ശുദ്ധവും, ശ്രേഷ്ഠവും, സാർവത്രികവുമായ സന്ദേശങ്ങളുടെ ദൈവിക വെളിപാട് പ്രതിധ്വനിച്ചു:
“ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരൊറ്റ സത്തയിൽനിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവൻ. അതിൽനിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടിൽ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവൻ വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങൾ അന്യോന്യം അവകാശങ്ങൾ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും. തീർച്ചയായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്.” (ഖുർആൻ 4:1).

ഈ വാക്യത്തെ ഒരു പണ്ഡിതൻ വിശദീകരിക്കുന്നതിങ്ങനെയാണ്: “ഈ ദൈവിക കൽപ്പന പോലെ അതിശയകരമായ സംക്ഷിപ്തതയോടെ, വാക്ചാതുര്യത്തോടെ, മൗലികതയോടെ വളരെ ആഴത്തിൽ സ്ത്രീയുടെ മാനവികതയെ എല്ലാ തലത്തിലും പരാമർശിക്കുന്ന പഴയതും പുതിയതുമായ ഒരു സന്ദേശവുമില്ല.”

ഈ ഉദാത്തവും സ്വാഭാവികവുമായ സങ്കല്പത്തെ ഖുർആൻ സമർത്ഥിക്കുന്നു:”ഒരൊറ്റ സത്തയിൽ നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവൻ. അതിൽ നിന്നുതന്നെ അതിന്റെ ഇണയേയും സൃഷ്ടിച്ചു. ആ ഇണയോടൊത്ത് നിർവൃതി നുകരാൻ” .(ഖുർആൻ 7:189),
“ആകാശഭൂമികളുടെ സ്രഷ്ടാവാണവൻ. അവൻ നിങ്ങൾക്ക് നിങ്ങളിൽ നിന്നു തന്നെ ഇണകളെ സൃഷ്ടിച്ചു തന്നിരിക്കുന്നു”(ഖുർആൻ 42:11),
“അല്ലാഹു നിങ്ങൾക്ക് നിങ്ങളുടെ വർഗത്തിൽ നിന്നുതന്നെ ഇണകളെ ഉണ്ടാക്കിത്തന്നു. നിങ്ങൾക്ക് നിങ്ങളുടെ ഇണകളിലൂടെ പുത്രന്മാരെയും നൽകി. പൗത്രന്മാരെയും. വിശിഷ്ട വസ്തുക്കൾ ആഹാരമായി തന്നു. എന്നിട്ടും ഇക്കൂട്ടർ അസത്യത്തിൽ വിശ്വസിക്കുകയാണോ? അല്ലാഹുവിന്റെ അനുഗ്രഹത്തെ അപ്പാടെ തള്ളിപ്പറയുകയും?” (ഖുർആൻ 16:72)

ഈ പഠനത്തിന്റെ തുടർന്നുള്ള ഭാഗങ്ങൾ സമൂഹത്തിലെ സ്ത്രീയുടെ പദവിയെ സംബന്ധിച്ച ഇസ്‌ലാമിന്റെ നിലപാട് -അതിന്റെ ആത്മീയ-സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മാനങ്ങളിൽ നിന്ന് വിശദീകരിക്കുകയാണ് ചെയ്യുന്നത്.

ആത്മീയ വശം
അവകാശങ്ങളുടെയും ഉത്തരവാദിത്വങ്ങളുടെയും കാര്യത്തിൽ അല്ലാഹുവിൻ്റെ സന്നിധിയിൽ എല്ലാവരും സമന്മാരാണെന്നതിന് ഖുർആൻ കൃത്യമായ തെളിവുകൾ നൽകുന്നുണ്ട്. ഖുർആൻ പറയുന്നു:
“ഓരോ മനുഷ്യനും താൻ പ്രവർത്തിച്ചതിന് പണയപ്പെട്ടിരിക്കുന്നു” (ഖുർആൻ 74:38). ‘അപ്പോൾ അവരുടെ നാഥൻ അവർക്കുത്തരമേകി: ”പുരുഷനായാലും സ്ത്രീയായാലും നിങ്ങളിലാരുടെയും പ്രവർത്തനത്തെ ഞാൻ പാഴാക്കുകയില്ല. നിങ്ങളിലൊരു വിഭാഗം മറുവിഭാഗത്തിൽ നിന്നുണ്ടായവരാണ്. അതിനാൽ അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങളുടെ നാട് വെടിഞ്ഞവർ; സ്വന്തം വീടുകളിൽനിന്ന് പുറന്തള്ളപ്പെട്ടവർ; എന്റെ മാർഗത്തിൽ പീഡിപ്പിക്കപ്പെട്ടവർ; യുദ്ധത്തിലേർപ്പെടുകയും വധിക്കപ്പെടുകയും ചെയ്തവർ- എല്ലാവരുടെയും തിന്മകളെ നാം മായ്ച്ചില്ലാതാക്കും; തീർച്ച. താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വർഗീയാരാമങ്ങളിൽ നാമവരെ പ്രവേശിപ്പിക്കും. ഇതൊക്കെയും അല്ലാഹുവിങ്കൽ നിന്നുള്ള പ്രതിഫലമാണ്. അല്ലാഹുവിന്റെയടുത്ത് മാത്രമാണ് ഉത്തമമായ പ്രതിഫലമുള്ളത്.”(ഖുർആൻ 3:195).

“പുരുഷനോ സ്ത്രീയോ ആരാവട്ടെ. സത്യവിശ്വാസിയായിരിക്കെ സൽക്കർമം പ്രവർത്തിക്കുന്നവർക്ക് നിശ്ചയമായും നാം മെച്ചപ്പെട്ട ജീവിതം നൽകും. അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതിൽ ഏറ്റം ഉത്തമമായതിന് അനുസൃതമായ പ്രതിഫലവും നാമവർക്ക് കൊടുക്കും.” (ഖുർആൻ 4:124, 16:97)

വിലക്കപ്പെട്ട കനി ഭക്ഷിച്ചതിന് ഖുർആൻ സ്ത്രീയെ കുറ്റപ്പെടുത്തുന്നില്ല. കൃത്യത്തിൽ ഇരുവരും പങ്കാളികളാണ്. ഇരുവരും പശ്ചാത്തപിച്ചു, രണ്ടുപേർക്കും പാപമോചനം ലഭിച്ചു. (ഖുർആൻ 2:36, 7:20 – 24). വാസ്തവത്തിൽ (20:121) ഒരു സൂക്തത്തിൽ ആദം നബിക്ക് എതിരായി പരാമർശമുണ്ട്.

ദൈനംദിന പ്രാർത്ഥനകൾ, വ്രതം, തീർത്ഥാടനം തുടങ്ങിയ മതപരമായ ബാധ്യതകളുടെ കാര്യത്തിൽ സ്ത്രീ പുരുഷനിൽ നിന്ന് വ്യത്യസ്തമല്ല. ചില സന്ദർഭങ്ങളിൽ വിധികൾ സ്ത്രീകൾക്കനുകൂലമായി വരുന്നു. ഉദാഹരണത്തിന്, സ്ത്രീക്ക് ആർത്തവ സമയത്തും പ്രസവശേഷം നാൽപ്പത് ദിവസങ്ങളിലും ദൈനം ദിന പ്രാർത്ഥനകളും വ്രതാനുഷ്ഠാനവും നിർബന്ധമില്ല. ഗർഭകാലത്തും കുഞ്ഞിനെ മുലയൂട്ടുമ്പോഴും അവളുടെ ആരോഗ്യത്തിനോ കുഞ്ഞിനോ എന്തെങ്കിലും ഭീഷണിയുണ്ടെങ്കിൽ നോമ്പ് നോൽകുന്നതിൽ അവൾക്ക് ഇളവുണ്ട്. റമദാൻ മാസത്തിൽ നഷ്ടപ്പെട്ട നോമ്പ് ഒഴിവുപോലെ ഒരു വർഷത്തിനുള്ളിൽ വീണ്ടെടുത്താൽ മതി. മേൽപ്പറഞ്ഞ കാരണങ്ങളാൽ മുടങ്ങിപ്പോയ നിസ്കാരം അവൾക്കു പകരം വയ്ക്കേണ്ടതില്ല. പള്ളിയിൽ പോകുന്നതും ജുമുഅയിൽ സംബന്ധിക്കുന്നതും അവൾക്ക് നിർബന്ധമല്ല, അതേസമയം പുരുഷന്മാർക്ക് (വെള്ളിയാഴ്ച) നിർബന്ധമാണ്.

ഇതിലൂടെ ഇസ്‌ലാം അവരോട് മൃദുലമായ സമീപനമാണ് സ്വീകരിക്കുന്നത് എന്ന് വ്യക്ത്യമാകും. സ്ത്രീകളാണ് കുഞ്ഞിനെ മുലയൂട്ടേണ്ടത് എന്ന വസ്തുത അവർ പരിഗണിക്കുന്നു. അതിനാൽ നിസ്കാര സമയം പള്ളിയിലേക്ക് പോകാൻ കഴിയില്ല. അവളുടെ സ്ത്രൈണതയുമായി ബന്ധപ്പെട്ട ശാരീരികവും മാനസികവുമായ മാറ്റങ്ങളും കണക്കിലെടുക്കുന്നുണ്ട്.

സാമൂഹിക വശം

1-ബാല്യം, കൗമാരം
ചില അറേബ്യൻ ഗോത്രങ്ങൾക്കിടയിൽ പെൺ ശിശുഹത്യ വ്യാപകമായിരുന്ന കാലത്ത് ഖുർആൻ ഈ ആചാരം നിരോധിക്കുകയും മറ്റേതൊരു കൊലപാതകത്തെയും പോലെ ഇതൊരു കുറ്റകൃത്യമായി കണക്കാക്കുകയും ചെയ്തു.
“(ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെൺകുട്ടിയോടു ചോദിക്കപ്പെടും, താൻ എന്തൊരു കുറ്റത്തിനാണ് വധിക്കപ്പെട്ടത് എന്ന്‌”(ഖുർആൻ 81:8-9)

പെൺമക്കളെ തള്ളിക്കളയുന്ന ഇത്തരം മാതാപിതാക്കളുടെ നിലപാടുകളെ വിമർശിച്ചുകൊണ്ട് ഖുർആൻ പറയുന്നു:
“അവരിലൊരാൾക്ക് പെൺകുഞ്ഞ് പിറന്നതായി സന്തോഷവാർത്ത ലഭിച്ചാൽ ദുഃഖത്താൽ അവന്റെ മുഖം കറുത്തിരുളും,തനിക്കു ലഭിച്ച സന്തോഷവാർത്തയുണ്ടാക്കുന്ന അപമാനത്താൽ അവൻ ആളുകളിൽ നിന്ന് ഒളിഞ്ഞുമറയുന്നു. അയാളുടെ പ്രശ്‌നം, അപമാനം സഹിച്ച് അതിനെ നിലനിർത്തണമോ അതല്ല മണ്ണിൽ കുഴിച്ചുമൂടണമോ എന്നതാണ്. അറിയുക: അവരുടെ തീരുമാനം വളരെ നീചം തന്നെ!” (ഖുർആൻ 16: 58-59).

പെൺകുട്ടിയുടെ ജീവന് വില കൽപിച്ച ഇസ്‌ലാം പിന്നീട് അവളോട് അനീതിയും അസമത്വവും കാണിക്കാതെ ദയയും നീതിയുമുള്ള പെരുമുറ്റമാണ് ആവശ്യപ്പെടുന്നത്.
ഇതുമായി ബന്ധപ്പെട്ട് മുഹമ്മദ് നബിയുടെ വാക്കുകളിൽ ചിലതിവിടെ കുറിക്കട്ടെ,
“ആർക്കെങ്കിലും ഒരു മകളുണ്ടായി, അവളെ ജീവനോടെ കുഴിച്ചുമൂടിയില്ല, അപമാനിച്ചില്ല, തന്റെ മകനോട് കാണിക്കുന്ന അതേ സ്നേഹം അവളോടും കാണിച്ചു, എന്നാൽ അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കും” (ഇബ്നു ഹമ്പൽ, 1957).

രണ്ട് വിരലുകൾ ചേർത്തുപിടിച്ച് നബി തങ്ങൾ പറഞ്ഞു: “രണ്ട് പെൺമക്കളെ പ്രായപൂർത്തിയാകും വരെ ആരെങ്കിലും പരിപാലിച്ചാൽ, അവനും ഞാനും ന്യായവിധി നാളിൽ ഇതുപോലെയാവും.”
രണ്ട് സഹോദരിമാരെ പിന്തുണയ്ക്കുന്ന ഒരാളുമായി സമാനമായ രീതിയിൽ തന്നെയാണെന്നു പറയുന്ന സമാനമായ ഹദീസ് ഇബ്ന് ഹമ്പൽ ഉദ്ധരിക്കുന്നുണ്ട്. (ഇബ്ൻ-ഹമ്പൽ, നമ്പർ 2104)

അറിവ് നേടുന്നതിനും സ്ത്രീക്കും പുരുഷനും തുല്യമായ അവകാശങ്ങളുണ്ട്. നബി തങ്ങൾ പറഞ്ഞു:
“വിജ്ഞാനം നേടൽ ഓരോ വിശ്വാസി- വിശ്വാസിനികളുടെയും ബാധ്യതയാണ്” (അൽ ബൈഹഖി).

2- ഭാര്യ
വിവാഹമെന്നത് സമൂഹത്തിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പങ്കുവെക്കലാണെന്നും ശാശ്വത മനുഷ്യജീവിതവും വൈകാരിക ക്ഷേമവും ആത്മീയ ഐക്യവുമാണ് അതിന്റെ ലക്ഷ്യങ്ങൾ എന്ന് ഖുർആൻ വ്യക്തമായി സൂചിപ്പിക്കുന്നു. സ്നേഹവും കാരുണ്യവുമാണ് അതിന്റെ അടിസ്ഥാനം.

“അല്ലാഹു നിങ്ങളിൽ നിന്നുതന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങൾക്കു സമാധാനത്തോടെ ഒത്തുചേരാൻ. നിങ്ങൾക്കിടയിൽ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്.” (ഖുർആൻ 30:2 1).
വിവാഹത്തെക്കുറിച്ചുള്ള ഖുർആനിലെ ഏറ്റവും ശ്രദ്ധേയമായ വാക്യങ്ങളിൽ ഒന്നാണിത്.

ഇസ്‌ലാമിക നിയമമനുസരിച്ച്, സ്ത്രീകളുടെ സമ്മതമില്ലാതെ അവരെ വിവാഹത്തിന് നിർബന്ധിക്കാനാവില്ല.
ഇബ്‌നു അബ്ബാസ് നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം; “ഒരു പെൺകുട്ടി ദൈവദൂതനായ മുഹമ്മദ് നബിയുടെ സന്നിധിയിൽ വന്നു, അവളുടെ പിതാവ് അവളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാൻ നിർബന്ധിച്ചതായി അവൾ പരിഭവം പറഞ്ഞു. ദൈവത്തിന്റെ ദൂതൻ അവൾക്ക് വിവാഹം അംഗീകരിക്കുന്നതിനും വിസമ്മതിക്കുന്നതിനുമുള്ള അവസരം നൽകി.” (ഇബ്നു ഹൻബൽ 2469). മറ്റൊരു നിവേദനത്തിൽ കാണാം, പെൺകുട്ടി പറഞ്ഞു: “യഥാർത്ഥത്തിൽ ഞാൻ ഈ വിവാഹം അംഗീകരിക്കുന്നു, എന്നാൽ മാതാപിതാക്കൾക്ക് നിർബന്ധിക്കാൻ അവകാശമില്ലെന്ന് സ്ത്രീകളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” (ഇബ്നു മാജ, 1873).

വിവാഹസമയത്ത് അവളുടെ സംരക്ഷണത്തിനായുള്ള വ്യവസ്ഥകൾക്കും പുറമെ, സ്ത്രീക്ക് മഹർ എന്ന വിവാഹ സമ്മാനത്തിന് പൂർണ്ണ അവകാശമുണ്ട്. അത് അവളുടെ ഭർത്താവ് അവൾക്ക് സമ്മാനിക്കുകയും വിവാഹ കരാറിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. ഉടമസ്ഥാവകാശം അവളുടെ പിതാവിനോ ഭർത്താവിനോ കൈമാറില്ല. ഇസ്‌ലാമിലെ മഹർ എന്ന ആശയം സ്ത്രീക്ക് യഥാർത്ഥമോ പ്രതീകാത്മകമോ ആയ വിലയല്ല, ചില സംസ്‌കാരങ്ങളിൽ ഉള്ളതു പോലെ, സ്‌നേഹത്തിൻ്റെയും വാത്സല്യത്തിൻ്റെയും പ്രതീകമായ ഒരു ഉപഹാരമാണ് മഹ്ർ.

ഇസ്‌ലാമിലെ ദാമ്പത്യ ജീവിതത്തിന്റെ നിയമങ്ങൾ വ്യക്തവും മനുഷ്യപ്രകൃതിയുമായി പൊരുത്തപ്പെടുന്നതുമാണ്. പുരുഷന്റെയും സ്ത്രീയുടെയും ശാരീരികവും മനഃശാസ്ത്രപരവുമായ ഘടന പരിഗണിച്ച് ഇരുവർക്കും നേതൃത്വത്തിന്റെ ഉത്തരവാദിത്തം ഒഴികെ പരസ്പരം തുല്യ അവകാശങ്ങളും ബാധ്യതകളും ഉണ്ട്; ഏതൊരു കൂട്ടായ ജീവിതത്തിലും സ്വാഭാവികമായ ഒരു സംവിധാനമാണിത്.

ഖുർആൻ പറയുന്നു: സ്ത്രീകൾക്ക് (ഭർത്താക്കൻമാരോട്‌) ബാധ്യതകൾ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവർക്ക് ലഭിക്കേണ്ട ചില അവകാശങ്ങളുമുണ്ട്. എന്നാൽ പുരുഷന്മാർക്ക് അവരെക്കാൾ ഒരു പദവി കൂടുതലുണ്ട്..(ഖുർആൻ 2:228).

ഈ പദവിയാണ് ഖിവാമ (പരിപാലനവും സംരക്ഷണവും). താരതമ്യേന കഴിവ് കുറഞ്ഞവർക്ക് സംരക്ഷണം നൽകുന്ന രീതിയിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള സ്വാഭാവിക വ്യത്യാസത്തെ ഇത് സൂചിപ്പിക്കുന്നു. അത് നിയമപരമായ ശ്രേഷ്ഠതയോ ആനുകൂല്യമോ സൂചിപ്പിക്കുന്നില്ല. കുടുംബവുമായി ബന്ധപ്പെട്ട് പുരുഷന്റെ നേതൃത്വപരമായ പങ്ക് ഭാര്യയുടെ മേൽ ഭർത്താവിന്റെ സ്വേച്ഛാധിപത്യത്തെ അർത്ഥമാക്കുന്നില്ല. കുടുംബ തീരുമാനങ്ങളിൽ ഉപദേശവും പരസ്പര ധാരണയും സ്വീകരിക്കേണ്ടതിൻ്റെ പ്രാധാന്യം ഇസ്‌ലാം ഊന്നിപ്പറയുന്നു. ഖുർആൻ പറയുന്നത് നോക്കൂ:
“എന്നാൽ ഇരുവിഭാഗവും പരസ്പരം കൂടിയാലോചിച്ചും തൃപ്തിപ്പെട്ടും മുലയൂട്ടൽ നിർത്തുന്നുവെങ്കിൽ അതിലിരുവർക്കും കുറ്റമില്ല.” (ഖുർആൻ 2:233).

ഒരു ഭാര്യയെന്ന നിലയിൽ അവളുടെ അടിസ്ഥാന അവകാശങ്ങൾക്കപ്പുറം ദയയുള്ള പെരുമാറ്റവും നല്ല കൂട്ടുകെട്ടും വേണമെന്ന് ഖുർആനും തിരുചര്യകളും അടിവരയിട്ടു പറയുന്നു. “അവരോട് മാന്യമായി സഹവസിക്കുക. അഥവാ, നിങ്ങളവരെ വെറുക്കുന്നുവെങ്കിൽ അറിയുക: നിങ്ങൾ വെറുക്കുന്ന പലതിലും അല്ലാഹു ധാരാളം നന്മ ഉൾക്കൊള്ളിച്ചിട്ടുണ്ടാവാം.”(ഖുർആൻ 4:19).

മുഹമ്മദ് നബി പറഞ്ഞു:
“നിങ്ങളിൽ ഏറ്റവും നല്ലവൻ അവന്റെ കുടുംബത്തോട് എറ്റവും മികച്ച രൂപത്തിൽ പെരുമാറുന്നവനാണ്. നിങ്ങളിൽ കുടുംബത്തോട് മികച്ച രൂപത്തിൽ പെരുമാറുന്നത് ഞാനാണ്.”
“ഏറ്റവും തികഞ്ഞ വിശ്വാസികൾ ഏറ്റവും നല്ല സ്വഭാവക്കാരാണ്. നിങ്ങളിൽ ഏറ്റവും മികച്ചവൻ അവരുടെ ഭാര്യമാരോട് ഏറ്റവും നല്ല രൂപത്തിൽ ഇടപെടുന്നവനാണ്.” (ഇബ്ൻ-ഹൻബൽ,7396)
നിരവധി സ്ത്രീകൾ നബിയുടെ ഭാര്യമാരുടെ അടുത്ത് വന്ന് (അവർ അവരെ അടിച്ചതിനാൽ) അവരുടെ ഭർത്താക്കന്മാർക്കെതിരെ പരാതിപ്പെട്ടപ്പോൾ അവർ നല്ല ഭർത്താക്കന്മാർ അല്ല എന്നായിരുന്നു റസൂൽ പ്രതികരിച്ചത്.

തന്റെ വിവാഹത്തെക്കുറിച്ച് തീരുമാനിക്കാനുള്ള അവകാശം പോലെ, വിജയിക്കാത്ത ദാമ്പത്യം അവസാനിപ്പിക്കാനും അവൾക്ക് അവകാശമുണ്ട്. എന്നിരുന്നാലും, കുടുംബത്തിന്റെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും താൽക്കാലിക വൈകാരിക സമ്മർദ്ദത്തിൽ പെട്ടെന്നുള്ള തീരുമാനങ്ങളിൽ നിന്ന് അതിനെ സംരക്ഷിക്കുന്നതിനും, വിവാഹമോചനം തേടുന്ന സ്ത്രീകളും പുരുഷന്മാരും ചില നടപടികളും കാത്തിരിപ്പ് സമയങ്ങളും പാലിക്കണം. സ്ത്രീകൾക്ക് താരതമ്യേന കൂടുതലായ വൈകാരിക സ്വഭാവം കണക്കിലെടുത്ത്, വിവാഹമോചനം ആവശ്യപ്പെടുന്നതിനുള്ള ന്യായമായ കാരണം ജഡ്ജിയുടെ മുമ്പാകെ കൊണ്ടുവരണം. എന്നിരുന്നാലും, വിവാഹ കരാർ അനുവദിക്കുകയാണെങ്കിൽ, പുരുഷനെപ്പോലെ, സ്ത്രീക്കും കോടതിയെ ആശ്രയിക്കാതെ തന്നെ ഭർത്താവിനെ വിവാഹമോചനം ചെയ്യാം.

ചുരുക്കത്തിൽ, വിവാഹവും വിവാഹമോചനവും സംബന്ധിച്ച ഇസ്‌ലാമിക നിയമത്തിന്റെ ചില വശങ്ങൾ പ്രത്യേക പരിഗണന അർഹിക്കുന്നതാണ്. ദാമ്പത്യം തുടരാൻ സാധിക്കാതെ വരുമ്പോൾ, ബന്ധം മാന്യമായി അവസാനിപ്പിക്കാൻ ഇസ്‌ലാം ആഹ്വാനം ചെയ്യുന്നു.

അത്തരം സന്ദർഭങ്ങളെക്കുറിച്ച് ഖുർആൻ പറയുന്നു:വിവാഹമോചനം രണ്ടു തവണയാകുന്നു. പിന്നെ ന്യായമായ നിലയിൽ കൂടെ നിർത്തുകയോ നല്ല നിലയിൽ ഒഴിവാക്കുകയോ വേണം. (ഖുർആൻ 2:231, 2:229, 33:49)

3- മാതാവ്
ദൈവാരാധനയോട് അടുത്ത സ്ഥാനമാണ് മാതാപിതാക്കളോടുള്ള കരുണക്ക് ഇസ്‌ലാം നൽകുന്നത്.
“മാതാപിതാക്കളുടെ കാര്യത്തിൽ മനുഷ്യനെ നാമുപദേശിച്ചിരിക്കുന്നു. അവന്റെ മാതാവ് മേൽക്കുമേൽ ക്ഷീണം സഹിച്ചാണ് അവനെ ഗർഭം ചുമന്നത്.” (ഖുർആൻ 31:14, 46:15, 29:8) .

മാതാവിനോട് നല്ല രൂപത്തിൽ പെരുമാറാൻ ഖുർആൻ ആവശ്യപ്പെടുന്നു:”നിന്റെ നാഥൻ വിധിച്ചിരിക്കുന്നു: നിങ്ങൾ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കൾക്ക് നന്മ ചെയ്യുക.” (ഖുർആൻ 17:23).

ഒരാൾ മുഹമ്മദ് നബി(സ)യുടെ അടുക്കൽ വന്നു ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, ജനങ്ങളിൽ എന്റെ നല്ല സഹവാസത്തിന് ഏറ്റവും യോഗ്യൻ ആരാണ്? നബി(സ) പറഞ്ഞു, നിന്റെ മാതാവ്. അയാൾ വീണ്ടും ചോദിച്ചു: ഇനി ആര്? നബി(സ) പറഞ്ഞു: നിന്റെ മാതാവ്. വീണ്ടും അവരുടെ ചോദ്യം: ഇനിയാരാണ്? നബി(സ) പറഞ്ഞു: നിന്റെ പിതാവ്”(ബുഖാരി, മുസ്ലിം).

“മാതാക്കളുടെ കാൽക്കീഴിലാണ് സ്വർഗ്ഗം”(നസാഈ, ഇബ്നു മാജ, അഹ്മദ്),”സ്ത്രീകളോട് നല്ലവരായിരിക്കുന്നത് ഉദാരമതികളാണ്, അവരെ അപമാനിക്കുന്നത് ദുഷ്ടന്മാരാണ്”
തുടങ്ങിയ പ്രസിദ്ധമായ തിരുവചനങ്ങൾ കൂടി ഇവിടെ ചേർത്തു വായിക്കേണ്ടതാണ്. ( തുടരും )

 

സ്ത്രീയുടെ സ്ഥാനം ഇസ്‌ലാമിൽ (1-3)

മൊഴിമാറ്റം: മുജ്തബ മുഹമ്മദ്

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles