Current Date

Search
Close this search box.
Search
Close this search box.

അനിമൽ ഫാം

ജോർജ് ഓർവെൽ (George Orwell) എന്ന തൂലികാനാമത്തിൽ പ്രസിദ്ധനായ എറിക് ആർതർ ബ്ലെയർ (Eric Arthur Blair) എന്ന ഇംഗ്ലീഷ് എഴുത്തുകാരൻ പ്രവചനാത്മകമായ കൃതികളിലൂടെയും തീവ്രവും തീക്ഷ്ണവുമായ രാഷ്ട്രീയ വിമർശനത്തിലൂടെയും ശ്രദ്ധേയനാണ്. സമഗ്രാധികാരവാഴ്ചകളെ അതിരൂക്ഷമായി വിമർശിച്ച ഓർവെലിന്റെ ദേശീയതാ നിരൂപണം വളരെ സൂക്ഷ്മവും ഗഹനവും എന്നാൽ അദ്ദേഹത്തിന്റെ മറ്റ് പഠനങ്ങൾ പോലെത്തന്നെ ലളിതവും തെളിച്ചമുള്ള ഗദ്യശൈലിയിലുള്ളതും സറ്റിറിക്കലുമാണ്.

ഫിക്ഷൻ, നോൺ ഫിക്ഷൻ മേഖലകളിൽ നിരവധി പുസ്തകങ്ങളെഴുതിയിട്ടുള്ള ഓർവെലിന്റെ ഏറ്റവും പ്രശസ്തമായ കൃതികൾ Animal Farm, Nineteen Eighty-Four എന്നീ നോവലുകളാണ്. ഡിസ്റ്റോപ്യൻ ഫിക്ഷൻ എന്ന ജോനറിൽ ഉൾപ്പെടുത്താവുന്നവയാണ് അദ്ദേഹത്തിന്റെ നോവലുകൾ, വിശിഷ്യാ നടേ പറഞ്ഞ രണ്ട് പുസ്തകങ്ങൾ.

ജോർജ് ഓർവെൽ
ജോർജ് ഓർവെൽ

പ്രവചനാത്മകമായ സാഹിത്യകൃതികളിൽ സാമൂഹ്യവും രാഷ്ട്രീയവുമായ ഘടനകളെ ഭാവന ചെയ്യുകയോ അപനിർമിക്കുകയോ ചെയ്യുന്ന, സൈദ്ധാന്തികമാനമുള്ള കൃതികളെയാണ് utopian, dystopian എന്നീ ഗണങ്ങളിൽ പെടുത്തുക. ഒരു ആദർശസമൂഹത്തെക്കുറിച്ച റൊമാന്റിക് ഭാവനയാണ് ഉടോപ്യൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നതെങ്കിൽ, ഇതിന് നേരെ വിരുദ്ധമായ ആവിഷ്‌കാരങ്ങൾ എന്ന് ഡിസ്റ്റോപ്യൻ കൃതികളെ വിശേഷിപ്പിക്കാം. രചയിതാവിന്റെ ചിന്തകളുടെയും ധര്‍മനീതിയുടെയും പ്രതിഫലനമാണ് ഉടോപ്യയിൽ അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ എഴുത്തുകാരന്റെ ആദർശത്തിനും എതിക്‌സിനും വിരുദ്ധമായ ഒരവസ്ഥയുടെ ആവിഷ്‌കാരമാണ് ഡിസ്റ്റോപ്യ.

അങ്ങേയറ്റം താറുമാറായിക്കിടക്കുന്ന, സർവത്ര അസന്തുഷ്ടി നിറഞ്ഞ ഒരു സമൂഹത്തെയാണ് ഡിസ്റ്റോപ്യൻ എന്ന് വിശേഷിപ്പിക്കുന്നതെങ്കിൽ പ്രശ്‌നരഹിതവും നൈതികവുമായ ഒരു സമൂഹത്തെ നിർമിക്കുന്നതിനുള്ള നടപടികളെയും അതുമായി ബന്ധപ്പെട്ട പുതിയ കാഴ്ചപ്പാടുകളെയും സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതായിരിക്കും ഡിസ്റ്റോപ്യൻ കലയുടെയും സാഹിത്യത്തിന്റെയും അവതരണം.

ഇത്തരമൊരവബോധത്തിന്റെ പ്രസാരണവുമായി ബന്ധപ്പെട്ട തലത്തിൽ ചില ഡിസ്റ്റോപ്യകൾ ഉടോപ്യയുടെ കോളത്തിലേക്കും കയറി നിൽക്കാറുണ്ട്.

ജോർജ് ഓർവെൽ, അധികാരവും ദേശീയതയും
നാൽപതുകളിലെ ഡിസ്റ്റോപ്യൻ സാഹിത്യഗണത്തിൽ ഏറെ പ്രവചനാത്മക സ്വഭാവമുള്ളതും മൂർച്ചയേറിയ നിരീക്ഷണങ്ങൾ മുന്നോട്ടു വെക്കുന്നതുമായ കൃതികളത്രേ ജോർജ് ഓർവെലിന്റെ അനിമൽ ഫാമും ആയിരത്തി തൊള്ളായിരത്തി എൺപത്തി നാലും.

അധികാരം, സമൂഹം, ജനാധിപത്യം, ദേശീയത തുടങ്ങിയ വിഷയങ്ങളിൽ ഏറെ കൃത്യതയും തെളിച്ചവുമുള്ള ദർശനങ്ങളാണ് തന്റെ നോവലുകൾ, കവിതൾ, സാഹിത്യേതര കൃതികൾ എന്നിവയിലരൂടെ ഓർവെൽ മുന്നോട്ട് വെച്ചിട്ടുള്ളത്. ദേശീയതാ വിമർശനമേഖലയിൽ അദ്ദേഹത്തിന്റെ സംഭാവന അതുല്യമാണ് താനും.

രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തിൽ 1945ൽ Polemic എന്ന ബ്രിട്ടീഷ് മാഗസിന്റെ ആദ്യലക്കത്തിൽ ജോർജ് ഓർവെൽ എഴുതിയ Notes on Nationalism എന്ന പ്രബന്ധത്തെ ദേശീയതയെക്കുറിച്ച ആധികാരികമായ ഒരു വിലയിരുത്തലായി മനസ്സിലാക്കാം. ഓർവെലിന്റെ വീക്ഷണത്തിൽ ഒരു രാഷ്ട്രത്തെയോ സമാനമായ മറ്റേതെങ്കിലും ഘടനയെയോ അടിസ്ഥാനമാക്കി സ്വയം തിരിച്ചറിയുന്നതിനുള്ള പ്രവണതയാണ് നാഷനലിസം. നന്മ-തിന്മകളെക്കുറിച്ചുള്ള എല്ലാ അറിവിനും അതീതമായി അതിനെ സ്ഥാപിക്കാനും അതിന്റെ താല്‍പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുക എന്നതിലുപരി മറ്റൊരു കടമയുമില്ലെന്ന് മനസ്സിലാക്കാനുമുള്ള പ്രവണതയും കൂടിയാണ് അത്.

നാഷനലിസം എന്ന പദം കൊണ്ട് താൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഓർവെൽ തന്റെ പ്രബന്ധം ആരംഭിക്കുന്നത്. ചെറുപ്രാണികളെപ്പോലെ മനുഷ്യരെയും വർഗീകരിക്കാമെന്നും കോടിക്കണക്കായ ആളുകളെ മുഴുവനായും ഒറ്റയടിക്ക് നല്ലത് എന്നോ ചീത്ത എന്നോ മുദ്ര കുത്താമെന്നുമുള്ള വിശ്വാസത്തെയാണ് ഈ പദം കൊണ്ട് താൻ വിവക്ഷിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഒരൊറ്റ യൂനിറ്റ് ഉപയോഗിച്ച് സ്വയം തീരുമാനിക്കുക എന്നത് മാത്രമല്ല, മറിച്ച് നന്മ-തിന്മ വേർതിരിവിനെല്ലാം അതീതമായി അത് സ്ഥാപിക്കുക, അതിന്റെ താൽപര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനപ്പുറം മറ്റൊരു കടമയും തനിക്കില്ലെന്ന് കരുതുക തുടങ്ങിയ പ്രവണതകൾ അത് സൃഷ്ടിക്കുന്നു.

Ralph Steadman
“All animals are equal, but some animals are more equal than others” ഓർവെലന്റെ അനിമൽ ഫാം, റാൽഫ് സ്റ്റെഡ്മാന്റെ പെയിന്റിങ്ങുകൾ

ദേശീയതയുടെ ഒട്ടേറെ രൂപങ്ങളെ ഓർവെൽ ഈ ലേഖനത്തിൽ വിവരിക്കുന്നുണ്ട്. കമ്യൂനിസം, പൊലിറ്റിക്കൽ കത്തോലിസിസം, സയനിസം, ആന്റി സെമിറ്റിസം, ട്രോട്‌സ്‌കിയിസം, പസിഫിസം തുടങ്ങി അറിയപ്പെട്ട മിക്ക ദേശീയതാരൂപങ്ങളെയും അദ്ദേഹം വിശകലനം ചെയ്യുന്നത് നാസിസവുമായി താരതമ്യം ചെയ്തുകൊണ്ടാണ്.

ഒരു ഭ്രാന്ത്, അല്ലെങ്കിൽ അപകടകരമായ ഉന്മാദം ആയിത്തന്നെ ഓർവെൽ ദേശീയതയെ മനസ്സിലാക്കുന്നുണ്ട്. Lunatic modern habit (ഭ്രാന്തൻ ആധുനിക ശീലം) എന്നും obsession (ഒഴിയാബാധ) എന്നുമൊക്കെ അദ്ദേഹം അതിനെ വിശേഷിപ്പിക്കുകയും ചെയ്യുന്നു.

പലരെയും പോലെ നാഷനാലിസം എന്ന ആശയത്തെ ദേശസ്‌നേഹത്തിൽ (patriotism) നിന്ന് കൃത്യമായി വേര്‍തിരിക്കുന്നുണ്ട് ഓർവെലും. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ദേശീയതയിൽ നിന്ന് വേർതിരിക്കാനാവാത്ത ഒരു ഘടകമാണ് അധികാരമോഹം. മനുഷ്യരുടെ ദൈനംദിനദൗത്യങ്ങളിൽ അവരുടെ ചിന്തയെയും പ്രവര്‍ത്തനങ്ങളെയും വിപുലമായ അളവിൽ സ്വാധീനിക്കുന്ന ശക്തിയുമാണ് ദേശീയത. ഓർവെലിന്റെ ദേശീയതാ വിമർശങ്ങൾക്ക് അസബിയയെക്കുറിച്ചുള്ള പ്രവാചകന്റെ നിര്‍വചനങ്ങളുമായി സമാനതയുണ്ട്.

മനുഷ്യചിന്തകള്‍ക്ക് മേൽ ദേശീയവികാരങ്ങൾ (nationalistic sentiments) സ്വാധീനം ചെലുത്തുന്നതോടെ മനുഷ്യർക്കിടയിൽ വിശ്വസ്തത, സത്യസന്ധത തുടങ്ങിയ മൂല്യങ്ങൾ അപ്രത്യക്ഷമാകുന്നു. എന്തെന്നാൽ ഓരോ ദേശീയതാവാദിയും തന്റെ പക്ഷത്തിനെതിരായ ഒരു നിലപാടിനെയും, അതെത്ര തന്നെ ന്യായമാണെങ്കിലും ഒട്ടും പരിഗണിക്കാതിരിക്കുകയും തന്റെ വശം എപ്പോഴും ശക്തവും സത്യവുമാണെന്ന് കരുതുകയും ചെയ്യുന്നു. ഈ ഔദ്ധത്യബോധത്തിന്റെ അടിസ്ഥാനത്തിൽ ആളുകൾ തങ്ങളുടെ പക്ഷത്തിന് വേണ്ടി വാദിക്കുകയും അതിനായി പോരാടുകയും ചെയ്യുന്നു. (അസബിയക്ക് വേണ്ടി പൊരുതുന്നവൻ നമ്മിൽപ്പെട്ടവനല്ല എന്ന പ്രവാചകവചനം ഓർമിക്കുക). ഈ ഔദ്ധത്യബോധം തന്നെ ആളുകളിൽ അസഹിഷ്ണുത വളർത്തുകയും ചെയ്യുന്നു. തന്റെ പക്ഷത്തിനെതിരായ ലഘുവായ ഒരു പരാമർശമോ ന്യായമായ വിമർശമോ പോലും സഹിക്കാൻ അവർക്ക് പറ്റില്ല. അതിന് നേരെ അവർ തീര്‍ത്തും അക്രമാസക്തരായിരിക്കും.

ഈ ദേശീയതാവികാരത്തെ ആത്മവഞ്ചന എന്ന് വിശേഷിപ്പിക്കുന്ന ഓർവെൽ ഇത് ആളുകളെ അവിവേകികളാക്കിത്തീര്‍ക്കും എന്നും നിരീക്ഷിക്കുന്നുണ്ട്. ദേശീയത എന്ന പവർ യൂനിറ്റിന്റെ മൽസരാത്മകമായ പെരുമയ്ക്ക് വേണ്ടി പൂർണമായും സ്വയം സമർപ്പിച്ചവനായിരിക്കും ഒരു ദേശീയതാവാദി.

“Big brother is watching you” 1984ലെ വല്യേട്ടനെ (ബിഗ് ബ്രദർ) പല ചരിത്രകഥാപാത്രങ്ങളായും പലരും അവരവരുടെ രാഷ്ട്രീയമനുസരിച്ച് ചിത്രീകരിച്ചിട്ടുണ്ട്. ഹിറ്റ്ലറായും സ്റ്റാലിനായും ഒക്കെ.

അതാണ് ഇതിന്റെ അപകടവും. ആത്മനിഷ്ഠമായ വികാരങ്ങളിലൂടെ വ്യക്തിയിൽ യാന്ത്രികമായ അഭിനിവേശം സൃഷ്ടിക്കുന്നു എന്നതിനപ്പുറം ദേശീയതാവാദത്തിന് തത്വചിന്താപരമായ ഉള്ളടക്കമൊന്നുമില്ല എന്ന് ഓർവെൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു ഘട്ടത്തിനപ്പുറം വ്യാപിച്ചു കഴിഞ്ഞാൽ ദേശീയത, രാഷ്ട്രീയസംവാദത്തിന്റെ മൊത്തം ഗുണനിലവാരത്തയും രാഷ്ട്രീയചിന്തയെത്തന്നെയും തരം താഴ്ത്തുന്നു. ദേശീയതാവാദി തന്റെ ഈ അഭിനിവേശത്തെ വിമർശനാതീതമായ പരമസത്യമായി മാത്രമല്ല, സത്യാസത്യങ്ങൾ തീരുമാനിക്കുകയും വിധിക്കുകയും ചെയ്യുന്ന കേവല മാനദണ്ഡമായിക്കൂടി കാണുന്നു.

വസ്തുതകൾ, ആശയങ്ങൾ, മൗലികമായ ചിന്തകൾ എന്നിവയൊക്കെയും ദേശീയതയുമായി ബന്ധപ്പെട്ട അഭിലാഷങ്ങൾക്ക് മുന്നിൽ അപ്രസക്തമായിത്തീരുന്നു. ഈ അഭിനിവേശങ്ങളുടെ പരിധിക്ക് പുറത്തുള്ള ആളുകളോട് ഹൃദയശൂന്യനായിരിക്കും ഒരു ദേശീയതാവാദി എന്ന് ഓർവെൽ എഴുതുന്നുണ്ട്.

സ്വന്തം പക്ഷം കാണിക്കുന്ന അക്രമങ്ങളെ അറിയാതെയും അതെപ്പറ്റി കേൾക്കുക പോലും ചെയ്യാതെയുമിരിക്കുന്നതിൽ അസാധാരണമായ കഴിവാണ് ഒരു നാഷനലിസ്റ്റ് പ്രകടിപ്പിക്കുക. വ്യത്യസ്ത ദേശീയതാവാദങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്നവർ പോലും അത്തരം ഒരു മാനസികാവസ്ഥയിലെത്തുമെന്ന് ചിന്തിക്കുന്ന ഓർവെൽ തന്റെ നാടായ ഇംഗ്ലണ്ടിലെ ജർമന്‍, റഷ്യൻ ആരാധകന്മാരെ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഹിറ്റ്‌ലറുടെ ഇംഗ്ലീഷ് ആരാധകർക്ക് ദഖൗവിനെക്കുറിച്ചോ (Dachau) ബൂഖെൻവാൾഡിനെക്കുറിച്ചോ (Buchenwald) യാതൊന്നുമറിയില്ല (ഹിറ്റ്‌ലറുടെ കുപ്രസിദ്ധമായ കോൺസൻട്രേഷൻ കാംപുകളാണ് ഇത് രണ്ടും). മറുഭാഗത്ത് ഇംഗ്ലീഷ് റുസോഫിലുൾക്കാകട്ടെ, ജര്‍മനിയിലെ തടങ്കൽപ്പാളയങ്ങളെപ്പറ്റി രോഷം കൊള്ളുമ്പോഴും റഷ്യയിലും അതുണ്ടെന്ന കാര്യമേ അറിയില്ല. (റഷ്യൻ, സോവിയറ്റ് യൂനിയൻ ആരാധകരെയാണ് Russophiles എന്ന് വിശേഷിപ്പിക്കാറുള്ളത്). ദശലക്ഷക്കണക്കിനാളുകളുടെ മരണത്തിന് നിമിത്തമായ, 1933ലെ ഉക്രെയിൻ ക്ഷാമത്തെപ്പറ്റിപ്പോലും അവർ കേട്ടിട്ട് പോലുമില്ല.

ദേശീയോന്മാദം
ഒരു ദേശീയതാവാദിയുടെ മൂന്ന് സ്വഭാവസവിശേഷതകൾ വിവരിക്കുന്നുണ്ട് ഓർവെൽ. obsession(ഒഴിയാബാധ), instability (അസ്ഥിരത), indifference to reality (യാഥാർത്ഥ്യത്തോടുള്ള നിസ്സംഗത) എന്നിവയാണവ. നാഷനലിസത്തിന്റെ ആധിപത്യരൂപത്തിന് ഉദാഹരണമായി പഴയ മാതൃകയിലുള്ള ബ്രിട്ടീഷ് ജിങ്‌ഗോയിസത്തെ ഓർവെൽ ചൂണ്ടിക്കാണിക്കുന്നു. അത്യധികം അസഹിഷ്ണുതാപരമായ വിദേശനയങ്ങളും ആക്രാമകമായ ദേശസ്‌നേഹവുമാണ് ജിങ്‌ഗോയിസത്തിന്റെ സ്വഭാവം.

Nineteen Eighty-Fourൽ ഓർവെൽ ഒരു കാൽപനിക ഭാഷ അവതരിപ്പിക്കുന്നുണ്ട്. ഓഷ്യാനിയ എന്ന രാജ്യത്തെ ടോട്ടലിറ്റേറിയൻ ഭരണവർഗമായ ഇംഗ്ലീഷ് സോഷ്യലിസ്റ്റ് പാര്‍ട്ടി (INGSOC) നിർമിക്കുന്ന പുതുഭാഷ (Newspeak). ചിന്താസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന, ചുരുങ്ങിയ പദങ്ങൾ മാത്രം ഉപയോഗിക്കുന്ന ഒരു ഇംഗ്‌സോക് യാഥാസ്ഥിതിക ഭാഷ. ബിഗ് ബ്രദറിന്റെയും പാർട്ടിയുടെയും അധികാരങ്ങളെ പരിമിതപ്പെടുത്തിയേക്കും എന്ന ഭയത്താൽ സങ്കൽപങ്ങളെപ്പോലും ചിന്താക്കുറ്റം (thoughtcrime) ആയി വിശേഷിപ്പിക്കുന്ന ഭാഷ.

ന്യൂസ്പീക് പദാവലിയിൽ പലതും ദേശീയതയെക്കുറിച്ച ഓർവെൽ ചിന്തകളുമായിക്കൂടി ബന്ധപ്പെടുന്നതാണ്. “വെളുപ്പ് കറുപ്പാണെന്ന് പാർട്ടി പറയുമ്പോൾ” എന്ന ഒരു വാചകമുണ്ട് നോവലിൽ. സ്വാഭാവികമായും വെളുപ്പ് വെളുപ്പ് തന്നെയാണെന്ന് കരുതുന്നത് ദേശീയവികാരങ്ങൾക്കെതിരാകും. ശരി, തെറ്റുകൾക്കെല്ലാമപ്പുറമുള്ള ഈ ദേശീയവികാരത്തെയാണ് blackwhite (അതൊരൊറ്റപ്പദമാണ്, ന്യൂസ്പീക്കിലെ മറ്റ് പദങ്ങൾ പോലെത്തന്നെ) എന്ന വാക്ക് അടയാളപ്പെടുത്തുന്നത്.

ഇംഗ്‌സോക് പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിനെതിരായ ചിന്തകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കൽ ദേശസ്‌നേഹത്തിന്റെ അടയാളമായി മാറുന്നു. crimestop എന്നാണ് ഇതിന് ന്യൂസ്പീക്കിൽ പറയുക. പൂർണമായും ശരിയെന്ന് കരുതുന്ന ഒന്നിനെ തെറ്റെന്നംഗീകരിക്കേണ്ടി വരുന്ന ദുരവസ്ഥയും ഇതിന്റെ അനുബന്ധമാണ്. Doublethink എന്ന പദം കൊണ്ടാണ് ഓർവെൽ ഇതിനെ സൂചിപ്പിക്കുന്നത്. സ്വാഭാവികമായും പാർട്ടി നിർവചിക്കുന്ന രാഷ്ട്രീയ സാമൂഹ്യ ചിന്തകൾ, ദേശതാൽപര്യങ്ങൾക്കനുസൃതമായിരിക്കും. ഇതിനനുസൃതമായി ചിന്തകൾ രൂപപ്പെടുത്തുന്നതിനെ goodthink എന്നും പറയുന്നു.

അധികാരവുമായി ബന്ധപ്പെട്ടാണ് ഈ പദാവലി വികസിതമാവുന്നതെങ്കിലും ദേശീയതയെയും ദേശത്തിന്റെ നിർമിത താൽപര്യങ്ങളെയും അധികാരത്തിൽ നിന്നും അധികാരഘടനയിൽ നിന്നും വേറിട്ടല്ല ഓർവെൽ കാണുന്നത്.

ഇംഗ്ലീഷ് ബുദ്ധിജീവികള്‍ക്കിടയിൽ അനുലോമമായോ പ്രതിലോമമായോ സ്വാധീനം ചെലുത്തിയിട്ടുള്ള വ്യത്യസ്ത ദേശീയതാവാദങ്ങളെ പരിശോധിക്കുന്ന ഓര്‍വെല്‍ അവയെ മൂന്ന് ഇനമാക്കിത്തിരിക്കുന്നു.

  • ക്രിയാത്മകദേശീയത (Positive Nationalism)
  • ഗമിതദേശീയത (Transferred Nationalism)
  • നിഷേധാത്മകദേശീയത (Negative Nationalism)

ഇവയെ നമുക്ക് ഇപ്രകാരം മനസ്സിലാക്കാം. സ്വന്തം ദേശീയ ഐഡന്റിറ്റിയോടുള്ള, കൂടിയതോ കുറഞ്ഞതോ ആയ പ്രതിബദ്ധതയും അതിന്റെ ആധാരത്തിലുള്ള കൂട്ടായ്മയും എന്നതിനപ്പുറം ഇതര ദേശീയവിഭാഗങ്ങളോടുള്ള വിദ്വേഷത്തെ അടിസ്ഥാനമാക്കാത്ത ദേശീയതകളാണ് പൊസിറ്റീവ് നാഷനലിസം. നിയോ ടോറിയിസം, സെൽറ്റിക് നാഷനലിസം അഥവാ പാൻ സെൽറ്റിസം, സയനിസം എന്നിവയെ അദ്ദേഹം അതിൽ ഉൾപ്പെടുത്തുന്നു. ദേശാതിർത്തികൾക്കപ്പുറം വർണം, വർഗം തുടങ്ങിയവയുടെയോ വിശ്വാസാദർശങ്ങളുടെയോ ആധാരത്തിൽ രൂപപ്പെട്ടു വന്ന ദേശീയതാ രൂപങ്ങൾ ട്രാന്‍സ്‌ഫേഡ് നാഷനലിസത്തിൽ പെടും. കമ്യൂനിസം, പൊലിറ്റിക്കൽ കത്തോലിസിസം, പസിഫിസം, ഇതര വർഗ, വർണ ദേശീയതകൾ തുടങ്ങിയവയെ ഇതിലാണ് ഉൾക്കൊള്ളിക്കുന്നത്.

1984 എന്ന പുസ്തകത്തിന്റെ ആദ്യപതിപ്പിന്റെ കവർ

അതേസമയം ആംഗ്ലോഫോബിയ, ആന്റിസെമിറ്റിസം തുടങ്ങിയവയെ അദ്ദേഹം നെഗറ്റീവ് നാഷനലിസത്തിലും കാറ്റിഗൊറൈസ് ചെയ്യുന്നു. മറ്റേതെങ്കിലും ഗ്രൂപ്പിനോടുള്ള വിദ്വേഷമായിരിക്കും അത്തരം ദേശീയതകളുടെ പ്രത്യക്ഷസ്വഭാവം.

ഓർവെലിന്റെ വിഭാഗീകരണത്തിന് അന്നത്തെ രാഷ്ട്രീയാവസ്ഥയുമായി ബന്ധമുണ്ട്. ട്രോട്‌സ്‌കിയിസത്തെ നിഷേധാത്മക ദേശീയതകളിൽ ഉൾപ്പെടുത്തുന്ന അദ്ദേഹം സയനിസത്തെ ചേർക്കുന്നത് ക്രിയാത്മകദേശീയതയുടെ പട്ടികയിലാണ്. ഒന്നാമതായും ഓർവെൽ നാസിസത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ദേശീയതയെ വിലയിരുത്തുന്നത്. നാസി വാഴ്ചക്ക് കീഴിൽ തുല്യതയില്ലാത്ത വിധം പീഡിതരായിരുന്നു യൂദന്മാർ.

രണ്ടാമതായി നാസിസത്തിന്റെയും രണ്ടാം ലോകയുദ്ധത്തിന്റെയും കാലഘട്ടത്തിൽ സയനിസം യൂദദേശീയവാദമായി മാത്രമാണ് പ്രകടീഭവിച്ചത്. ഇന്ന് അത് കാണിക്കുന്ന ആക്രാമകതയോ അപരവിദ്വേഷമോ ആയിരുന്നില്ല അന്നത്തെ സയനിസത്തിന്റെ പ്രത്യക്ഷ സ്വഭാവം. നെഗറ്റീവ് നാഷനലിസത്തിന്റെ പട്ടികയിൽപ്പെടുത്തിയ ട്രോട്സ്കിയിസമാകട്ടെ, അന്ന് സജീവമായിരുന്ന ഒരു മൂവ്മെന്റ് എന്ന നിലയിൽ ശക്തമായ ഒരു സോവിയറ്റ് വിരുദ്ധ പ്രവണത തങ്ങളുടെ മനോഭാവമാക്കി മാറ്റിയിരുന്നു.

ദേശീയതകൾ തമ്മിലുള്ള മൽസരത്തിൽ വസ്തുതകളുടെ സ്ഥാനത്ത് ഭ്രമകൽപനകൾ നിലകൊള്ളും. വാദങ്ങളെ മിഥ്യകൾ മറികടക്കുകയും ചെയ്യും. വസ്തുനിഷ്ഠമായ സത്യം എന്ന ആശയം തന്നെ ലോകത്തിൽ നിന്ന് മാഞ്ഞുപോകുകയാണ് എന്ന തോന്നൽ പലപ്പോഴും തനിക്കുണ്ടാകുന്നതായി ഓർവെൽ എഴുതുന്നുണ്ട്. 1984 നോവലിൽ പീഡകനായ ഇന്നർ പാർട്ടി ഒഫിഷ്യൽ ഓബ്രിയൻ, വിൻസ്റ്റൺ സ്മിത്തിനെ പഠിപ്പിക്കുന്നതും അതാണ്.

“ഞങ്ങൾ, പാർട്ടിയാണ് എല്ലാ രേഖകളെയും നിയന്ത്രിക്കുന്നത്. ഒപ്പം ഓർമകളെയും ഭൂതകാലത്തത്തന്നെയും ഞങ്ങൾ നിയന്ത്രിക്കുന്നു. വസ്തുനിഷ്ഠമായും ബാഹ്യമായും സ്വതന്ത്രമായും നിലനിൽക്കുന്ന ഒന്നാണ് സത്യം എന്നാണ് നിങ്ങൾ കരുതുന്നത്. എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു, വിൻസ്റ്റൺ. സത്യം ബാഹ്യമായി നിലനിൽക്കുന്നതല്ല. അത് മനസ്സിൽ നിലകൊള്ളുന്നു. പക്ഷേ വ്യക്തികളുടെ മനസ്സുകളിലല്ല, എന്തെന്നാൽ വ്യക്തിയുടെ മനസ്സ് തെറ്റുകൾ വരുത്തിയേക്കാം. എന്നാൽ പാർട്ടിയുടെ മനസ്സ് അനശ്വരവും സഞ്ചിതവുമാണ്.

അതിനാൽ പാർട്ടി സത്യമെന്ന് കരുതുന്നത് മാത്രമാണ് സത്യം. സത്യം കാണാൻ പാർട്ടിയുടെ കണ്ണിലൂടെ നോക്കുകയല്ലാതെ നിങ്ങൾക്ക് വേറെ വഴിയില്ല”.

പക്ഷപാതത്തെ ഒഴിവാക്കാൻ ഒരാൾക്ക് കഴിഞ്ഞെന്ന് വരില്ല, എന്നാൽ പക്ഷപാതത്തെ ഒരു തത്വമായി അംഗീകരിക്കാതിരിക്കുകയെങ്കിലും ചെയ്യേണ്ടതുണ്ട് എന്നാണ് ഓർവെലിന്റെ ആഹ്വാനം. അസുഖകരമായ വസ്തുതകളെ അഭിമുഖീകരിക്കാനുള്ള ശക്തിയും നുണകളെ സന്തോഷിപ്പിക്കാതെ ജീവിക്കാനുള്ള ഇച്ഛാശക്തിയും നേടിയേ പറ്റൂ. അതിന് വസ്തുനിഷ്ഠമായ സത്യത്തിന്റെ നിലനിൽപിനെക്കുറിച്ച നിരന്തരമായ വിശ്വാസം വേണം. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം വർഗങ്ങൾക്കോ രാഷ്ട്രങ്ങൾക്കോ ഇടയിലല്ല, മറിച്ച് നിങ്ങളുടെ കപാലത്തിനകത്തെ അൽപം ക്യുബിക് സെന്റി മീറ്ററുകൾക്കുള്ളിലാണ് നടക്കേണ്ടതെന്നും ഓർവെൽ കുറിക്കുന്നുണ്ട്.

Related Articles