Current Date

Search
Close this search box.
Search
Close this search box.

ദേശീയത എന്ന വിഗ്രഹം

ദേശീയതയെ അതിന്റെ രാഷ്ട്രീയത്തോടൊപ്പം വിശ്വാസത്തിനെതിരായ ഒരു ബിംബമായിക്കൂടി കണ്ട് അതിനെതിരായ നിലപാടുകൾ മുന്നോട്ട് വെച്ച ചിന്തകന്മാരുമുണ്ട്. ഇന്ത്യൻ പശ്ചാത്തലത്തിൽ, പ്രത്യേകിച്ചും കൊളോണിയൽ അധിനിവേശത്തിന്റെ സാഹചര്യത്തില്‍ അത്തരത്തിലുള്ള വാദമുഖങ്ങൾ ഉന്നയിച്ച ചിന്തകനാണ് മുഹമ്മദ് ഇഖ്ബാൽ. ഇസ്ലാമിന്റെ പ്രതലത്തിൽ നിന്നുകൊണ്ടാണ് ഇഖ്ബാൽ ദേശീയതയെ വിശകലനം ചെയ്തതെങ്കിൽ ക്രൈസ്തവ ദര്‍ശനത്തിന്റെ പ്രതലത്തിൽ നിന്നു കൊണ്ട് അതിശക്തമായ ദേശീയതാവിമർശം ഉന്നയിച്ച മഹാനാണ് അമേരിക്കയിലെ കറുത്തവരുടെ വിമോചനപ്പോരാട്ടത്തിൽ ഉജ്വലമായ ചരിത്രം രചിച്ച മാര്‍ടിൻ ലൂഥർ കിങ് ജൂനിയർ.

ഇഖ്ബാൽ, ദേശസ്‌നേഹിയും ദേശീയതയും
അധീശത്വത്തിന്റെ സകല രാഷ്ട്രീയവിഭാവനകളുടെയും എതിർപക്ഷത്ത് നിൽക്കുന്ന പോരാളിയായി സ്വയം പ്രതിഷ്ഠിച്ച, ചിന്തകനും കവിയുമായ അല്ലാമാ മുഹമ്മദ് ഇഖ്ബാൽ, രാജ്യത്തോടുള്ള സ്‌നേഹത്തിന്റെയും അഭിവാഞ്ഛയുടെയും കാര്യത്തിൽ ഒട്ടും പുറകിലായിരുന്നില്ല. എന്നാൽ സങ്കുചിതമായ ദേശീയതാവാദത്തെ അദ്ദേഹം ഒട്ടും ഉൾക്കൊണ്ടതുമില്ല.

allama_iqbal_1920x1080
അല്ലാമാ ഇഖ്ബാൽ

ഇന്ത്യ എന്ന ദേശത്തോടുള്ള ഇഖ്ബാലിന്റെ അതുല്യമായ സ്‌നേഹത്തിന്റെ ഒന്നാന്തരം തെളിവാണ് തരാന-എ-ഹിന്ദ് എന്ന ഗാനം.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ രൂപപ്പെട്ടതും ഇപ്പോഴും തുടരുന്നതുമായ ഒരു ഭാഷാ തർക്കമുണ്ട്. *ഹിന്ദി-ഉർദു വിവാദം (Hindi-Urdu controversy) എന്നാണതിന് പറയുക. ഉദ്ഭവവും സ്ഥിതിയും കൊണ്ട് രണ്ടും ഒരേ ഭാഷയാണോ അതോ ഒരേ ഭാഷയുടെ ദേശ്യഭേദങ്ങൾ (dialects) ആണോ എന്ന് തുടങ്ങിയ കാര്യങ്ങളിലാണ് തർക്കം തുടങ്ങുന്നത്. അതാകട്ടെ, ദേശീയഭാഷ എന്ന നിലക്കുള്ള ഓരോന്നിന്റെയും വ്യത്യസ്തമായ സ്വത്വങ്ങളെക്കുറിച്ച ചർച്ചയിലേക്ക് തന്നെ വികസിച്ചു.

ഈ വിവാദത്തിൽ ഇടപെട്ടു കൊണ്ട് ഗാന്ധിജി പറഞ്ഞ ഒരു കാര്യമുണ്ട്. “ഇഖ്ബാലിന്റെ ഹിന്ദുസ്ഥാൻ ഹമാരാ കേൾക്കുമ്പോൾ ഏത് ഹൃദയമാണ് സ്പന്ദിക്കാതിരിക്കുക? ഇഖ്ബാലിന്റെ ഭാഷ, അത് ഹിന്ദിയോ ഉർദുവോ ഹിന്ദുസ്ഥാനിയോ ഏതുമാകട്ടെ, അത് ഇന്ത്യയുടെ ഭാഷയല്ലെന്ന്, അതിന് മധുരമില്ലെന്ന്, അത് ഉത്തമമായ ചിന്ത പ്രകടിപ്പിക്കുന്നില്ലെന്ന് ആരാണ് പറയുക?”

ദേശീയതയിൽ നിന്നും ദേശരാഷ്ട്രത്തിൽ നിന്നും ഭിന്നമാണ് ദേശം എന്ന സങ്കൽപം എന്ന് പ്രഖ്യാപിച്ച ഇഖ്ബാൽ, കൊളോണിയൽ ദേശരാഷ്ട്ര സങ്കൽപത്തിന് ബദലായി കൊളോണിയൽ വിരുദ്ധ ദേശരാഷ്ട്രത്തെ മുന്നോട്ട് വെച്ച ഇന്ത്യൻ ദേശീയവാദികളോട് വിയോജിച്ചു. കൊളോണിയൽ പാരമ്പര്യത്തിന്റെ ഭാഗമാണ് ദേശരാഷ്ട്രമെന്ന് അദ്ദേഹം വിലയിരുത്തി.

ദേശീയതയെ അദ്ദേഹം ഒരു വിഗ്രഹമായാണ് കണ്ടത്. എന്തെങ്കിലും ഉപകാരങ്ങൾ ചെയ്യുന്നതിൽ നിസ്സഹായമായത് എന്നും ജീവിതത്തെ ആകാശത്ത് നിന്ന് പിടിവിട്ട് കാറ്റിനാൽ റാഞ്ചപ്പെട്ട് അഗാധഗര്‍ത്തത്തിൽ തള്ളിയിടപ്പെട്ട അവസ്ഥയിൽ അരക്ഷിതമാക്കുന്നത് എന്നും ഖുർആൻ പറയുന്ന അസ്‌നാം എന്ന അതേ സംവർഗത്തിൽത്തന്നെ അദ്ദേഹം ദേശീയതയെയും പെടുത്തി. കത്തോലിക്കാ മതാധിപത്യത്തിന്റെയും റോമാ സാമ്രാജ്യത്തിന്റെയും തകർച്ച ദേശീയതയുടെ ഉദയത്തിന് കാരണമായി. എന്നാൽ ദേശീയതയുടെ പേരിൽ ഉദ്ഭവിച്ച സംഘട്ടനങ്ങളും മൽസരങ്ങളും പാശ്ചാത്യൻ സംസ്‌കാരത്തെത്തന്നെ ദുഷിപ്പിച്ചു എന്നാണ് ഇഖ്ബാലിന്റെ വിലയിരുത്തൽ.

himasrees-word-craft-2017ദേശസ്‌നേഹം ഉന്നതമായ ലക്ഷ്യത്തിലേക്കെത്തുന്നില്ലെങ്കിൽ അത് ദുർബലരാജ്യങ്ങളെ കീഴടക്കാനുള്ള ഉപകരണമായി അധഃപതിച്ചേക്കാം എന്ന് ദേശസ്‌നേഹത്തെക്കുറിച്ച കാഴ്ചപ്പാടുകളെയും അദ്ദേഹം സംഗ്രഹിക്കുന്നുണ്ട്. ഇന്ത്യയെപ്പോലെ ചൈനയും അറേബ്യയും സ്‌നേഹിക്കപ്പെടേണ്ടത് തന്നെയാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.

പാകിസ്ഥാന്റെ പിതാവായി അല്ലാമാ ഇഖ്ബാലിനെ മുദ്ര കുത്തുന്നത് അദ്ദേഹത്തിന്റെ തത്വങ്ങളോട് ചെയ്യുന്ന അനീതിയാണ്. അപകോളനീകരണത്തിന്റെ രാഷ്ട്രീയം എന്ന ഭാവിയിലേക്ക് നയിച്ചേക്കാവുന്ന പ്രബലമായ ഒരു മുസ്ലിം ദേശത്തിന്റെ സാധ്യതകളെ മാത്രമേ അദ്ദേഹം കണ്ടുള്ളൂ. മുസ്ലിം എന്ന സ്വത്വത്തെയും ഇസ്ലാം എന്ന ദർശനത്തെയും അദ്ദേഹം വിലയിരുത്തിയത് അപ്രകാരമാണ്. മുസ്ലിംകൾക്ക് ഒരു ദേശരാഷ്ട്രം എന്ന മുദ്രാവാക്യത്തെ അദ്ദേഹം പിന്തുണച്ചിട്ടില്ല. ഒരു ദേശം എന്ന നിലയിൽ -ഒരിക്കലും ഒരു ദേശരാഷ്ട്രം എന്ന നിലയിലോ ദേശീയത എന്ന നിലയിലോ അല്ല- ഇസ്ലാമിന് തന്നെ പുതിയൊരു തുടക്കം കുറിക്കാൻ മുസ്ലിംകൾക്ക് സാധിച്ചേക്കും എന്ന വിശ്വാസമായിരുന്നു അത്.

ദൈവം ക്രമപ്രവൃദ്ധമായി നമ്മിലേക്ക് കൊണ്ടുവരുന്ന ജ്ഞാനം, ഇസ്ലാം എന്നാൽ ഒരു നാഷനലിസമോ ഇംപീരിയലിസമോ അല്ല എന്ന സത്യമാണ്. കൃത്രിമമായ ഭൂവതിരുകളെയും വംശപരമായ വേർതിരിവുകളെയും മറ്റുമൊക്കെ പരസ്പരം തിരിച്ചറിയാനുള്ള സൗകര്യങ്ങൾ മാത്രമായി പരിഗണിക്കുന്ന, അവയിലെ അംഗങ്ങളുടെ സാമൂഹിക ചക്രവാളത്തെ ഒട്ടും പരിമിതപ്പെടുത്താത്ത ദേശങ്ങളുടെ ഒരു കൂട്ടായ്മ (ലീഗ് ഒഫ് നേഷന്‍സ്) ആണ് ഇസ്ലാം എന്ന അറിവുമാണത്. (The Reconstruction of Religious Thought in Islam).

യൂറോപ്പിൽ നിന്ന് കടം കൊണ്ടതാണ് മുസ്ലിംകളുടെ ലോകത്ത് പ്രകടമായ ദേശീയതാവാദങ്ങളും നിലപാടുകളും എന്ന് വിലയിരുത്തുന്ന ഇഖ്ബാൽ ഇസ്ലാം മുന്നോട്ട് വെക്കുന്ന സാഹോദര്യത്തിന്റെയും സാർവലൗകികതയുടെയും താൽപര്യങ്ങളെ ദേശീയതകൾക്ക് എങ്ങനെ പരിപാലിക്കാനാവും എന്ന ചോദ്യം മുന്നോട്ട് വെക്കുന്നു. വംശീയമോ ഭാഷാപരമോ ആയി, അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിൽ വേർതിരിക്കാനാവാത്ത ഒരു സാർവത്രികതയെയാണ് ഇസ്ലാമിലെ ഉമ്മഃ (സമൂഹം എന്ന് സാമാന്യമായി അര്‍ത്ഥം പറയാം) എന്ന കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നത്.

മൂന്ന് വർഷം യൂറോപ്പിൽ കഴിച്ചു കൂട്ടിയ ഇഖ്ബാൽ പാശ്ചാത്യ നാഗരികതയെയും ആധുനികതയെയും വിശദമായി പരിശോധിക്കുകയും പഠിക്കുകയും ചെയ്തു. കൂട്ടത്തിൽ ദേശീയതാവാദത്തെയും അതിന്റെ പ്രതിഫലനങ്ങളെയും ഫലങ്ങളെയും സൂക്ഷ്മമായി അറിഞ്ഞു.

സാര്‍വത്രികസാഹോദര്യം എന്ന ഇസ്ലാമിക നിലപാടിനെ ദേശീയത നശിപ്പിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യമായ വിമർശം. മനുഷ്യനും മനുഷ്യനുമിടയിലും രാഷ്ട്രങ്ങൾക്കിടയിലുമൊക്കെ അത് കൃത്രിമമായ തടസ്സങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം ചിന്തിച്ചു. അന്തർദ്ദേശീയ തലത്തിൽത്തന്നെ വിയോജിപ്പിന്റെ വിത്തുകൾ വിതയ്ക്കുന്ന പ്രവണതയാണ് ദേശീയത.

“ഇന്ത്യയിലോ മുസ്ലിം ലോകത്തോ അറിയപ്പെട്ടു തുടങ്ങിയിട്ടില്ലാത്ത കാലം തൊട്ടേ ദേശീയത എന്ന ആശയത്തെ ഞാൻ നിരാകരിക്കുന്നു. യൂറോപ്യൻ എഴുത്തുകാരിൽ നിന്നും ലിഖിതങ്ങളിൽ നിന്നും തുടക്കം മുതൽ തന്നെ എനിക്ക് വ്യക്തമായ ഒരു കാര്യമുണ്ട്. യൂറോപ്പിന്റെ സാമ്രാജ്യത്വ പദ്ധതിയുടെ സാക്ഷാത്കാരത്തിന് ഈ ആയുധം അനിവാര്യമാണ്. മുസ്ലിം രാജ്യങ്ങളിൽ ദേശീയതയെക്കുറിച്ച യൂറോപ്യൻ സങ്കൽപത്തിന്റെ പ്രചാരണത്തിലൂടെ ഇസ്ലാമിന്റെ മതപരമായ ഐക്യത്തെ തകർക്കുകയും മുസ്ലിം ലോകത്തെ കഷണങ്ങളായി വേർപെടുത്തുകയും ചെയ്യുക.” (Speeches and Statements of Iqbal. ഉദ്ധരിച്ചത് Zafar Ishaq Ansari, Iqbal and Nationalism, allamaiqbal.com).

രാജ്യസ്‌നേഹത്തിനും ദേശീയതക്കുമിടയിൽ ഇഖ്ബാലിന് യാതൊരാശയക്കുഴപ്പവുമില്ലായിരുന്നു. ദേശീയതയെ ശക്തമായി നിരാകരിക്കുമ്പോഴും ഇന്ത്യൻ ദേശത്തോടുള്ള സ്‌നേഹത്തെയും ആദരവിനെയും അദ്ദേഹം വളരെ പവിത്രമായിത്തന്നെയാണ് കണ്ടത്. സാരേ ജഹാ സെ അച്ഛാ എന്ന ഗീതം തന്നെ അതിനുള്ള തെളിവാണ്. ബാങ്കെദറാ സമാഹാരത്തിൽ അത്തരം ധാരാളം കവിതകളുണ്ട്. ഒരു വരി ഇങ്ങനെ വായിക്കാം:

കല്ലു കൊണ്ട് കൊത്തിയ പ്രതിമകളിൽ
നീ ദൈവത്തെ കാണുന്നു
എനിക്കാകട്ടെ, എന്റെ രാജ്യത്തിലെ
പൊടിപടലത്തിന്റെ
ഓരോ കണികയിലും
ദേവതയെ അറിയാൻ കഴിയുന്നുണ്ട്.

ഇഖ്ബാലിന്റെ ചിന്തകളിലെയും കവിതകളിലെയും ഈ പ്രവണതയെ സകല ലൗകികബന്ധങ്ങളോടുമുള്ള ഇസ്ലാമിന്റെ വീക്ഷണവുമായി ചേർത്ത് സഫർ ഇസ്ഹാഖ് അൻസാരി വായിക്കുന്നു. ലൗകികമായ അറ്റാച്‌മെന്റുകൾ സ്വയം തിന്മയോ പാപമോ ആണെന്ന നിലപാട് ഇസ്ലാമിനില്ല. അതിലെ അതിരുകവിച്ചിലുകളെയാണ് ഇസ്ലാം എതിർക്കുന്നത്.

zafar-ishaq-ansari
സഫർ ഇസ്ഹാഖ് അൻസാരി

സമ്പാദിക്കാനുള്ള ത്വര, ആത്മസ്‌നേഹവുമായി ബന്ധപ്പെട്ട സഹജപ്രവണത, മാതാപിതാക്കളോടുള്ള കടപ്പാട്, ഇണയോടുള്ള പ്രണയം, സന്തതികളോടും ബന്ധുക്കളോടുമുള്ള സ്‌നേഹം എന്നിങ്ങനെയുള്ള ഉദാഹരണങ്ങളും ഈ വിഷയത്തിൽ സഫർ ഇസ്ഹാഖ് അൻസാരി നിരത്തുന്നുണ്ട്. ഇവയൊന്നിനെയും അൽപം പോലും മോശമായി ഇസ്ലാം കാണുന്നില്ല. എന്നല്ല, മൂല്യങ്ങളുടെ ശ്രേണിയിൽ ഇതിനെല്ലാം ഇസ്ലാം പവിത്രമായ സ്ഥാനം നല്‍കുന്നുണ്ട് താനും. എന്നാൽ സ്രഷ്ടാവിനോടും സൃഷ്ടികളോടും ലോകത്തോടും സമൂഹത്തോടുമൊക്കെയുള്ള ബാധ്യതകളെ മറക്കാനോ അവഗണിക്കാനോ പ്രേരിപ്പിക്കുന്ന പക്ഷം, പവിത്രമൂല്യങ്ങളിൽ ഇസ്ലാം എണ്ണുന്ന ഇവയോരോന്നും ഫിത്‌ന (നാശഹേതുകം) ആയി മാറുന്നു.

ഇത് കൂടുതൽ വ്യക്തമാക്കുന്ന ഒരു ഉദ്ധരണിയും ഇഖ്ബാലിൽ നിന്ന് അൻസാരി ചേർക്കുന്നുണ്ട്. “ഒരാൾക്ക് ഒന്നിനോടുള്ള പ്രണയം എന്ന അർത്ഥത്തിലാണ് ദേശീയതയെ എടുക്കുന്നതെങ്കിൽ, രാജ്യം (എന്ന യാഥാർത്ഥ്യവും) അതിന്റെ അന്തസ്സിനും സ്വാതന്ത്ര്യത്തിനുമായി മരിക്കാനുള്ള സന്നദ്ധതയും മുസ്ലിം വിശ്വാസത്തിന്റെ ഭാഗമാണ്” (Speeches and Statements of Iqbal). സ്വരാജ്യസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണ് എന്ന അർത്ഥത്തിൽ പ്രവാചകനിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു വചനവും ഇഖ്ബാൽ എടുത്തുപറയുന്നുണ്ട്. ഇത് പക്ഷേ അറിയപ്പെടുന്ന രീതിയിൽ ആധുനിക ദേശീയതയിൽ നിന്ന് വളരെ ഭിന്നമാണെന്നും അദ്ദേഹം തറപ്പിച്ചു പറയുന്നു.

തരാന-എ-ഹിന്ദ് എഴുതി അൽപകാലത്തിന് ശേഷം അതേ മീറ്ററിലും റൈം സ്കീമിലും ഇഖ്ബാൽ എഴുതിയ മറ്റൊരു ഗീതമുണ്ട്. തരാന-എ-മില്ലി എന്നാണ് അതിന്റെ പേര്. മതപരമായ വിഭജനങ്ങളെയൊക്കെയും അപ്രസക്തമാക്കും വിധം ഇന്ത്യ എന്ന ദേശത്തോടുള്ള പ്രണയത്തെയാണ് തരാനാ-എ-ഹിന്ദ് അടയാളപ്പെടുത്തുന്നതെങ്കിൽ, ഇസ്ലാമിന്റെ പ്രതലത്തിൽ നിന്നുകൊണ്ട് ദേശീയതയെ മറികടക്കുകയാണ് തരാന-എ-മില്ലി.

ഇത് പക്ഷേ, ഇഖ്ബാലിന്റെ ചിന്തകളിൽ സംഭവിച്ച നാടകീയ പരിവർത്തനമായും സ്വദേശപ്രണയത്തിന്റേതായ മുൻകാഴ്ചപ്പാട് അദ്ദേഹം ഉപേക്ഷിച്ചതിന്റെ തെളിവായും പലരും ചൂണ്ടിക്കാണിക്കാറുണ്ട്. യഥാർത്ഥത്തിൽ ആദ്യഗാനത്തിലെ സ്വദേശപ്രണയത്തിന്റെ കാൽപനികഭാവുകത്വവും രണ്ടാം ഗാനത്തിലെ ദേശീയതക്കെതിരായ ദാർശനികാവിഷ്കാരവും തമ്മിൽ വൈരുധ്യമൊന്നും കാണേണ്ടതില്ല. മുകളിൽ ഉദ്ധരിച്ചിട്ടുള്ള ഇഖ്ബാലിന്റെ നിലപാടുകൾ തന്നെ അത് തെളിയിക്കുന്നു.

തരാന-എ-ഹിന്ദിലെ ആദ്യവരികൾ ഇങ്ങനെയാണ്

സാരേ ജഹാ സെ അഛാ ഹിന്ദോസിതാ ഹമാരാ
ഹം ബുൽബുലേ ഹേ ഇസ് കീ യെ ഗുൽസിതാ ഹമാരാ
ഗുർബത് മേ ഹോ അഗർ ഹം രഹ്താ ഹെ ദിൽ വതൻ മേ
സംഝോ വഹീ ഹമേ ഭീ ദിൽ തൊ ജഹാ ഹമാരാ

അർത്ഥം:

ഈ ലോകത്ത് ഏറ്റവും മനോഹരമായത്, അതാണ് ഞങ്ങളുടെ ഹിന്ദുസ്താൻ
ഞങ്ങളതിന്റെ രാപ്പാടികൾ, അതാകട്ടെ ഞങ്ങളുടെ പൂന്തോപ്പും
ഗ്രഹാന്തരദേശത്തെവിടെയോ ആണ് ഞങ്ങളെങ്കിൽപ്പോലും
ഹൃദയങ്ങൾ ഈ മാതൃദേശത്ത് നിലകൊള്ളും
ഞങ്ങളുടെ ഹൃദയങ്ങൾ എവിടെയോ
അവിടെ നിൽക്കാൻ ഞങ്ങളെ അനുവദിക്കുക

തരാന-എ-മില്ലിയുടെ തുടക്കം നമുക്കിങ്ങനെ വായിക്കാം:

ചീൻ ഓ അറബ് ഹമാരാ ഹിന്ദോസിതാ ഹമാരാ
മുസ്ലിം ഹെ ഹം വതൻ ഹെ സാരാ ജഹാ ഹമാരാ
തൌഹീദ് കീ അമാനത് സീനോം മെ ഹെ ഹമാരേ
ആസാ നഹീ മിഠാനാ നാം ഓ നിശാ ഹമാാ

അർത്ഥം:

മധ്യേഷ്യയും അറബും നമ്മുടേതാണ്, ഹിന്ദുസ്താനും നമ്മുടേത്
നാം മുസ്ലിംകളാണ്, ലോകം മുഴുവൻ നമ്മുടേതാണ്
തൌഹീദിന്റെ നിധിയത്രേ നമ്മുടെ ഹൃദയത്തിൽ
നമ്മുടെ പേരും അടയാളവും തുടച്ചു മാറ്റാൻ എങ്ങനെ പറ്റും

ചീൻ എന്ന ശബ്ദം ആധുനിക ഉർദുവിൽ ചൈനയെ കുറിക്കുന്നതാണെങ്കിലും ഇഖ്ബാലിന്റെ കാലത്ത് അതിന്റെ വിവക്ഷയിൽ മധ്യേഷ്യ മുഴുവനും വരുന്നു.

India -Unity in Diversity by Vaishali Patil
“India -Unity in Diversity” by Vaishali Patil

മുകളിൽ സൂചിപ്പിച്ചത് പോലെ ഈ രണ്ട് ഗീതങ്ങളും ഇഖ്ബാലിൽ ഉണ്ടായ നാടകീയമാറ്റത്തെയല്ല, മറിച്ച് ദേശസ്നേഹവും ഇസ്ലാമിക പ്രതലത്തിൽ നിന്നു കൊണ്ട് ദേശീയതയോടുള്ള വിയോജിപ്പും തമ്മിൽ അദ്ദേഹത്തിനുള്ള കൃത്യമായ വിഭജനബോധത്തെയാണ് പ്രകാശിപ്പിക്കുന്നത്.

തരാന-എ-ഹിന്ദിൽ ഹിന്ദി ഹെ ഹം വതൻ ഹേ ഹിന്ദോസിതാ ഹമാരാ (നാം ഇന്ത്യക്കാർ നമ്മുടെ മാതൃദേശം ഹിന്ദുസ്താൻ) എന്ന് പറയുന്നതും തരാന-എ-മില്ലിയിൽ മുസ്ലിം ഹെ ഹം വതൻ ഹെ സാരാ ജഹാ ഹമാരാ (നാം മുസ്ലിംകൾ, ലോകം മുഴുവൻ നമ്മുടെ മാതൃദേശം) എന്ന് പറയുന്നതും തമ്മിൽ വൈരുധ്യം കാണേണ്ടതില്ല എന്നു തന്നെ ഇതിനർത്ഥം.

മാർടിൻ ലൂഥർ കിങ് ജൂനിയർ, വ്യാജദൈവങ്ങളുടെ തകർച്ച
1953 ജൂലൈയിൽ മാർടിൻ ലൂഥർ കിങ് ജൂനിയർ നടത്തിയ മൂന്ന് പ്രഭാഷണങ്ങളുടെ ഒരു പരമ്പരയുണ്ട്. അറ്റ്‌ലാന്റയിലെ WERD റേഡിയോ സ്റ്റേഷനിലാണ് ഈ പ്രേഷണങ്ങൾ അദ്ദേഹം നൽകിയത്.

പിതാവ് റവ. മാർടിൻ ലൂഥർ കിങ് സീനിയറിനൊപ്പം എബനീസർ ബാപ്റ്റിസ്റ്റ് ചർച്ചിലായിരുന്നു അന്നേരം കിങ് ജൂനിയർ. ആഫ്രിക്കൻ-അമേരിക്കൻ ജനതയുടെ ആദ്യ റേഡിയോ സ്റ്റേഷനായിരുന്നു അറ്റ്‌ലാന്റയിൽ സ്ഥാപിതമായ WERD.

False Gods We Worship (നാം ഉപാസിക്കുന്ന വ്യാജദൈവങ്ങൾ) എന്ന തലക്കെട്ടിലാണ് കിങ് മുകളിൽ സൂചിപ്പിച്ച പ്രഭാഷണങ്ങൾ നടത്തിയത്.

വ്യാജദൈവങ്ങളെക്കുറിച്ച ഈ പരമ്പര താഴെ കാണുന്ന ക്രമത്തിലാണ് അദ്ദേഹം അവതരിപ്പിച്ചത്.

  1. The False God of Science
  2. The False God of Nationalism
  3. The False God of Money

മാനവികത ശാസ്ത്രത്തോട് കാണിക്കുന്ന അമിതാശ്രിതത്വത്തെ കിങ് അതിശക്തമായി വെല്ലുവിളിക്കുന്നു. സ്വന്തം ജ്ഞാനത്തോട് മനുഷ്യൻ കാണിക്കുന്ന ഈ അമിതഭ്രമം മനുഷ്യരാശിയെ ഒരു universal annihilation ലേക്ക് നയിക്കാനുള്ള സാധ്യതയെയാണ് കിങ് ചൂണ്ടിക്കാണിക്കുന്നത്.

യഥാർത്ഥ ദൈവത്തിലുള്ള വിശ്വാസവും ദേശീയതയും തമ്മിൽ ഒരിക്കലും പൊരുത്തപ്പെടില്ല എന്നാണ് രണ്ടാമത്തെ പ്രേഷണത്തിൽ അദ്ദേഹം തറപ്പിച്ചു പറയുന്നത്.

നിങ്ങൾക്ക് മുന്നിൽ പരസ്പരവിരുദ്ധമായ രണ്ട് വഴികളാണുള്ളത്. വംശീയ മുൻവിധികളുടെ വ്യാജദൈവം. അതാണ് ദേശീയത. മറുഭാഗത്തുള്ളത് ഭൂമി എന്ന വിശാലപ്രതലത്തിൽ വസിക്കാൻ ഒരേയൊരു തുള്ളി രക്തത്താൽ മനുഷ്യരെ മുഴുവനും സൃഷ്ടിച്ച ഒരു ദൈവവും. ഇതിൽ ഏതിനെ സേവിക്കണം എന്നത് നിങ്ങളുടെ തീരുമാനമാണ്.

MLK Jr
മാർടിൻ ലൂഥർ കിങ് ജൂനിയർ

സർവശക്തനെന്ന് കരുതപ്പെടുന്ന ഡോളറിന്റെ ഉപാസകരായി മനുഷ്യർ മാറുമ്പോഴുണ്ടാകുന്ന ദുരന്തങ്ങളെയാണ് അവസാന സന്ദേശത്തിൽ കിങ് ചൂണ്ടിക്കാണിക്കുന്നത്.

പണത്തെ transitory god (ക്ഷണികദൈവം) എന്ന് വിശേഷിപ്പിക്കുന്ന കിങ് (the transitory god of money which is here today and gone tomorrow) പ്രപഞ്ചത്തിന്റെ ദൈവത്തെ വിളിക്കുന്നത് the eternal God (നിത്യദൈവം) എന്നാണ് (the eternal God of the universe who is the same yesterday, today and forever). ഇവിടെയും നിങ്ങളുടെ ശരിയായ തെരഞ്ഞെടുപ്പായിരിക്കും നിങ്ങളുടെയും ലോകത്തിന്റെയും ഭാവി നിർണയിക്കുക എന്നദ്ദേഹം പ്രസ്താവിക്കുന്നുണ്ട്.

ദേശീയതയുമായി ബന്ധപ്പെട്ട കിങ്ങിന്റെ ആർഗുമെന്റുകൾ നമുക്ക് ഇപ്രകാരം സംഗ്രഹിക്കാം.

പ്രപഞ്ചത്തിന്റെ നിത്യദൈവത്തിൽ നിന്ന് പിന്തിരിഞ്ഞ മനുഷ്യൻ ഇപ്പോൾ മുഖ്യമായും അർച്ചന നടത്തിക്കൊണ്ടിരിക്കുന്നത് ദേശീയതയുടെ ദേവാലയത്തിലാണ്. അതാകട്ടെ, മനുഷ്യനിൽ നിന്ന് കവിഞ്ഞ ഭക്തി ആവശ്യപ്പെടുകയും ചെയ്യുന്നു.

ഒരു പുതിയ മതം തന്നെയാണത്. അതിന്റെ പ്രത്യയപദം “എന്റെ രാജ്യം, ശരിതെറ്റുകളുടെ മാനദണ്ഡം” എന്നതാണ്. ഓരോ രാജ്യവും സ്വയം സമ്പൂർണമായ പരമാധികാര യൂനിറ്റായി മാറുന്നു. മറ്റൊരു തരത്തിലുള്ള മൂല്യങ്ങളും ബാധകമാകാത്ത വിധം.

ഈ പുതിയ മതത്തിന്റെ പ്രബോധകന്മാർ അതിന്റെ ആധിപത്യം അടിച്ചേൽപിക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ തത്വങ്ങളിൽ സംശയാലുക്കളായ ആരെയും അവർ പീഡിപ്പിക്കും. ജനാധിപത്യത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരും ക്രിസ്തീയ തത്വങ്ങളിൽ അടിയുറച്ചു നിൽക്കുന്നവരും അതിനാൽത്തന്നെ ഇന്ന് വളരെയധികം പീഡകൾ സഹിക്കേണ്ടി വരുന്നുണ്ട്.

അതിലുപരി, മനുഷ്യസാഹോദര്യത്തെ ആഗോളതലത്തിൽ ദൃഢീകരിക്കുക എന്നത് മതവിരുദ്ധമായിത്തീർന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇങ്ങനെയാണ് ദേശം എന്ന പുതിയ ദൈവം മുന്നേറുന്നത്.

ഈ വ്യാജദൈവത്തെ ഉപാസിക്കുന്നത് വഴി ഉണ്ടാകുന്ന ദുരന്തങ്ങളെപ്പറ്റി ചിന്തിക്കൂ. വൻയുദ്ധങ്ങൾക്ക് മറ്റെല്ലാത്തിനെക്കാളും ഉപരിയായി കാരണമായിത്തീരുന്നത് ദേശീയതയാണ്. ജനതയെ ശാരീരികമായും മാനസികമായും അത്യധികം പ്രയാസപ്പെടുത്തുന്ന, അവരെ അനാഥരും വിധവകളുമാക്കി ഉപേക്ഷിക്കുന്ന, ധാർമികമൂല്യങ്ങളെ തകർക്കുന്ന, സുവർണപർവതങ്ങളെക്കാൾ ഉയരത്തിൽ ദേശീയ കടങ്ങളെ കൊണ്ടെത്തിക്കുന്ന യുദ്ധങ്ങൾ. ദേശീയതയുടെ ദാരുണമായ അനന്തരഫലം.

Children Of Apartheid - Painting by Michaela Rinaldi
“Children Of Apartheid” – Painting by Michaela Rinaldi

ഇത്തരം ദുരിതങ്ങളിൽ മനുഷ്യരാശി പതിക്കുന്നത് ഒഴിവാക്കണമെങ്കിൽ, ദേശീയതയുടെ സങ്കുചിതത്വങ്ങളെ നാം മറികടന്നേ പറ്റൂ.

ദേശീയതയുടെ ഈ വ്യാജദൈവത്തെയും ക്രിസ്തീയ തത്വങ്ങളിൽ പഠിപ്പിക്കപ്പെടുന്ന ദൈവത്തെയും ഒരേസമയം ഉപാസിക്കാൻ ആർക്കും പറ്റില്ല. കേവലം ദേശീയപരമാധികാരത്തിന്റെ അതിർത്തികൾക്കകത്ത് നിൽക്കുന്ന വ്യാജദൈവത്തെയാണോ അതോ കിഴക്കോ പടിഞ്ഞാറോ ഇല്ലാത്ത സത്യദൈവത്തെയാണോ ഉപാസിക്കേണ്ടത് എന്ന് തെരഞ്ഞെടുക്കാൻ നാം ബാധ്യസ്ഥരാണ്. സാമ്രാജ്യത്വ അത്യാഗ്രഹത്തിന്റെ വ്യാജദൈവമോ അതോ സമാധാനത്തിന്റെയും സുരക്ഷയുടെയും താക്കോലായ സ്നേഹത്തെ സൃഷ്ടിക്കുന്ന സത്യദൈവമോ?

വംശീയമുൻവിധികളുടെ വ്യാജദൈവമോ അതോ ഭൂമുഖത്ത് വസിക്കാൻ ഒരേയൊരു തുള്ളി രക്തത്താൽ സകല മനുഷ്യരെയും സൃഷ്ടിച്ച സത്യദൈവമോ?

ദേശീയതയുടെ അവകാശവാദങ്ങളെ തകർക്കുന്ന സംരംഭങ്ങളും ദേശീയത എന്ന ദൈവത്തിനെതിരെ പൊരുതുന്ന പ്രവാചക സ്വരങ്ങളുമാണ് നമുക്കിന്നാവശ്യം എന്ന് മാർടിൻ ലൂഥർ കിങ് തന്റെ പ്രേഷണം സമാപിപ്പിക്കുന്നു.

***********

കുറിപ്പ്
*ഖഡീബോലി എന്ന പ്രാചീന ഇന്ത്യൻ ഭാഷയുടെ ഡയലെക്ടുകളാണ് ഉർദു, ഹിന്ദി, ഹിന്ദുസ്ഥാനി എന്നിവ എന്നാണ് പൊതുവായ നിഗമനം. ഒരു മധ്യ ഇൻഡോ-ആര്യൻ ഭാഷയാണ് ഖഡീബോലി അഥവാ കൗരവി (Khariboli or Kauravi). ആര്യഭാഷാകുടുംബത്തിലെ ദില്ലി ദേശ്യഭാഷ (Delhi Dialect) ആയും ഇതറിയപ്പെടുന്നു. ഗംഗ-യമുന ഇന്റർഫ്‌ലൂവില്‍, മുഖ്യമായും ദില്ലി കേന്ദ്രീകരിച്ച് ഉദ്ഭവിച്ചതാണ് ഖഡീബോലി. മുഗൾ കാലഘട്ടത്തിൽ ഒട്ടേറെ പേര്‍ഷ്യൻ വാക്കുകൾ സ്വാംശീകരിച്ച് ഹിന്ദുസ്ഥാനി എന്ന പേരിൽ ഒരു പൊതുവാമൊഴിയായി അത് വികസിച്ചു. കൊളോണിയൽ കാലത്ത്, ഒരു പൊതു വാണിജ്യ ഭാഷ ആവശ്യമുണ്ടായിരുന്നതിനാൽ ബ്രിട്ടീഷുകാരും ഹിന്ദുസ്ഥാനിയെ പ്രോല്‍സാഹിപ്പിച്ചു.

ഹിന്ദുസ്ഥാനിയിൽ നിന്ന് രണ്ട് പ്രധാന വരമൊഴി ഭാഷകൾ ഉദ്ഭവിച്ചു. കൂടുതലും സംസ്‌കൃതത്തോട് ചായ്‌വ് പുലർത്തുകയും ദേവനാഗരി ലിപിയിൽ എഴുതപ്പെടുകയും ചെയ്ത ഹിന്ദി ആണ് ഒന്ന്. മറ്റൊരു ശാഖ പാർസി, അറബി പദങ്ങൾ ധാരാളമായി ഉൾക്കൊണ്ടു. പാർസി ലിപിയും സ്വീകരിച്ചു. അതാണ് ഉർദു ആയി അറിയപ്പെട്ടത്.

ചുരുക്കിപ്പറഞ്ഞാല്‍ പാർസി, അറബി, സംസ്‌കൃതം എന്നീ ഭാഷകൾ ചെലുത്തിയ സ്വാധീനങ്ങളുടെ ഏറ്റക്കുറച്ചിലാണ് ഉർദുവിനെയും ഹിന്ദിയെയും ഹിന്ദുസ്ഥാനിയെയും മൂന്നായിത്തന്നെ നിലനിർത്തുന്ന ഏറ്റവും പ്രധാന ഘടകം.

Related Articles