Current Date

Search
Close this search box.
Search
Close this search box.

വേദവും ഗീതയും ദൈവികമോ?

വിദ്യ, വിജ്ഞാനം എന്നൊക്കെയാണ് വേദമെന്ന പദത്തിന്റെ അർഥം. അധ്യാത്മജ്ഞാനമെന്നാണ് അതിന്റെ വിവക്ഷ. വേദങ്ങൾ അപൗരുഷേയങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. അത് മനുഷ്യനിർമിതമല്ലെന്നും ദൈവപ്രോക്തമാണെന്നും ചില വേദപണ്ഡിതന്മാർ അവകാശപ്പെടാറുണ്ട്. എന്നാൽ വേദങ്ങൾ സ്വയം അത്തരമൊരവകാശവാദമുന്നയിക്കുന്നില്ല.

ചരിത്രത്തിലെ എല്ലാ ജനസമൂഹങ്ങളിലേക്കും ദൈവദൂതന്മാർ നിയോഗിതരായിട്ടുണ്ടെന്നും ദൈവികസന്ദേശം നൽകപ്പെട്ടിട്ടുണ്ടെന്നും ഇസ്‌ലാം സിദ്ധാന്തിക്കുന്നു. അതിനാൽ വേദങ്ങൾ ആര്യന്മാർക്ക് അവതീർണമായ ദിവ്യസന്ദേശങ്ങളുടെ ഭാഗമാവാനുള്ള സാധ്യത നിരാകരിക്കാനോ നിഷേധിക്കാനോ ന്യായമില്ല. എന്നല്ല, അത്തരമൊരു സാധ്യത തീർച്ചയായുമുണ്ട്. എന്നാൽ ഇന്ന് നിലവിലുള്ള ഋക്ക്, യജുസ്സ്, സാമം, അഥർവം എന്നീ നാലു വേദങ്ങൾ ദൈവികമാണെന്ന് കരുതാവതല്ല. അവ മനുഷ്യ ഇടപെടലുകൾക്ക് നിരന്തരം വിധേയമായതിനാൽ മൗലികത നഷ്ടമാവുകയും അപൗരുഷേയങ്ങളല്ലാതാവുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം വേദവിശ്വാസികൾ തന്നെ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.

ഡോക്ടർ രാധാകൃഷ്ണൻ എഴുതുന്നു:
”ആര്യന്മാർ അവരുടെ ആദിമ വാസസ്ഥലത്തുനിന്ന് തങ്ങളുടെ ഏറ്റവും വിലപിടിച്ച സമ്പത്തെന്ന നിലയിൽ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ദിവ്യപ്രചോദനമുൾക്കൊണ്ട ഗാനങ്ങൾ ശേഖരിച്ചു സംരക്ഷിക്കേണ്ടതിന്റെ ആവശ്യം പുതിയ രാജ്യത്ത് ഇതര ദേവന്മാരെ ആരാധിക്കുന്ന വളരെയധികം ജനങ്ങളുമായി അവർക്ക് ഇടപെടേണ്ടിവന്നപ്പോൾ നേരിട്ടതിനാൽ അവ സമാഹരിക്കപ്പെട്ടതായി പൊതുവെ വിശ്വസിച്ചുവരുന്നു…
”വളരെക്കാലത്തോളം അഥർവവേദത്തിന് ഒരു വേദത്തിന്റെ അന്തസ്സ് കൈവന്നിരുന്നില്ല. എങ്കിലും നമ്മുടെ ഇപ്പോഴത്തെ ഉദ്ദേശ്യത്തെ സംബന്ധിച്ചേടത്തോളം ഋഗ്വേദം പോലെത്തന്നെ അഥർവവേദവും സ്വതന്ത്രങ്ങളായ ഉള്ളടക്കങ്ങളുടെ ചരിത്രപരമായ സമാഹാരമാകുന്നു. ചിന്തയുടെ ഒരു പിൽക്കാലയുഗത്തിൽ നിർമിക്കപ്പെട്ട ഈ വേദത്തിൽ വ്യാപിച്ചു നിൽക്കുന്നത് വിഭിന്നമായ ഒരു മനോഭാവമത്രെ. തങ്ങൾ പതുക്കെപ്പതുക്കെ കീഴടക്കിക്കൊണ്ടിരുന്ന രാജ്യത്ത് മുമ്പുണ്ടായിരുന്ന ജനങ്ങൾ ആരാധിച്ചിരുന്ന ദേവന്മാരുടെയും ഭൂതേപ്രതാദികളുടെയും നേർക്ക് വൈദികാര്യന്മാർ കൈക്കൊണ്ട ഒത്തുതീർപ്പ് മനോഭാവത്തിന്റെ ഫലങ്ങളെ അതു കാണിക്കുന്നു”(ഭാരതീയ ദർശനം, മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. പുറം 44, 45).

വേദങ്ങളിലെ ദൈവസങ്കൽപത്തിൽ പോലും ഗുരുതരമായ മാറ്റം സംഭവിച്ചതായി ഡോ. രാധാകൃഷ്ണൻ വിലയിരുത്തുന്നു.
1017 സൂക്തങ്ങളും 10472 ഋക്കുകളും 8 അഷ്ടകങ്ങളും 10 മണ്ഡലങ്ങളുമുള്ള ഋഗ്വേദത്തിലെ പത്താം മണ്ഡലത്തെക്കുറിച്ച് രാധാകൃഷ്ണൻ പറയുന്നു: ”പത്താം മണ്ഡലം പിൽക്കാലത്ത് കൂട്ടിച്ചേർത്തതാണെന്ന് തോന്നുന്നു. വേദസൂക്തങ്ങളുടെ വികാസത്തിന്റെ അവസാനഘട്ടത്തിൽ പ്രചാരത്തിലിരുന്ന വീക്ഷണങ്ങളാണ് അതിലടങ്ങിയത് എന്ന കാര്യത്തിൽ സംശയമില്ല. ആദ്യകാലത്തെ ഭക്തിനിർഭരമായ കവിതയുടെ ജന്മസിദ്ധമായ വർണം ഇതിൽ ദാർശനികചിന്തയുടെ വിളർപ്പ് കലർന്ന് രോഗബാധിതമായപോലെ കാണപ്പെടുന്നു. സൃഷ്ടിയുടെ ഉത്ഭവം മുതലായ വിഷയങ്ങളെക്കുറിച്ചുള്ള ഊഹാപോഹപ്രധാനങ്ങളായ സൂക്തങ്ങൾ ഇതിൽ കാണാം. ഈ അമൂർത്തങ്ങളായ സിദ്ധാന്തചർച്ചകളോടൊപ്പം അഥർവവേദകാലത്തിലേക്കു ചേർന്ന അന്ധവിശ്വാസപരങ്ങളായ ആകർഷണോച്ചാടന മന്ത്രങ്ങളും ഇതിൽ കാണാനുണ്ട്. ഭാവപ്രധാനങ്ങളായ സൂക്തങ്ങളിൽ സ്വയം അനാവരണം ചെയ്ത മനസ്സിന്റെ പ്രായമെത്തലിനെ സൂചിപ്പിക്കുന്നവയാണ് ഊഹാപോഹങ്ങളായ സൂക്തങ്ങളെങ്കിൽ, അന്ധവിശ്വാസപരമായ സൂക്തങ്ങൾ കാണിക്കുന്നത്, അപ്പോഴേക്ക് ഇന്ത്യയിലെ ആദിമനിവാസികളുടെ സിദ്ധാന്തങ്ങളും ആചാരങ്ങളുമായി വൈദികാര്യന്മാർ പരിചയപ്പെട്ടുകഴിഞ്ഞിരുന്നു എന്നാണ്. പത്താം മണ്ഡലം പിൽക്കാലത്തുണ്ടായതാണ് എന്നതിന് ഇവ സാക്ഷ്യം വഹിക്കുന്നു”(Ibid പുറം 47).

ഋഗ്വേദത്തിൽപോലും ഒരു ദൈവികഗ്രന്ഥത്തിന് ഒട്ടും യോജിക്കാത്തവിധമുള്ള ജാതീയത കടന്നുകൂടിയതായി കാണാം:
”ബ്രാഹ്മണോസ്യ മുഖമാസീദ്
ബാഹൂ രാജന്യഃ കൃതഃ
ഊരു തദസ്യ യദൈ്വശ്യഃ
പദ്ഭ്യാം ശൂദ്രോ അജായത” (ഋഗ്വേദം 10: 90: 12)

(ആ പ്രജാപതിക്ക് ബ്രഹ്മണൻ മുഖമായി, മുഖത്തിൽ നിന്നുൽപന്നമായി. ക്ഷത്രിയൻ ബാഹുക്കളിൽ നിന്നുളവായി. ഊരുക്കളിൽനിന്ന് വൈശ്യനുണ്ടായി. അവിടത്തെ പാദങ്ങളിൽനിന്ന് ശൂദ്രൻ ജനിച്ചു.)

ഋഗ്വേദത്തിന്റെ രണ്ടാം ഭാഗത്തിന്റെ അവതാരികയിൽ, വേദങ്ങളിലെ മുഴുവൻ ഭാഗവും ഇന്ന് ലഭ്യമല്ലെന്നും അവയിൽ പലതും കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ടെന്നും അവ്യക്തവും ദുരൂഹവുമായ പലതും അവയിലുണ്ടെന്നും എൻ.വി. കൃഷ്ണവാരിയർ വ്യക്തമാക്കുന്നു.
”വേദങ്ങൾ പ്രമാദമുക്തങ്ങളോ എല്ലാം ഉൾക്കൊള്ളുന്നതോ അല്ലെ”ന്ന് ഡോ. എസ്. രാധാകൃഷ്ണൻ തന്റെ Indian Religion(പേജ് 22)ലും തെളിയിച്ചു പറഞ്ഞിട്ടുണ്ട്. നരേന്ദ്രഭൂഷൺ എഴുതുന്നു: ”ക്രമേണ പാഠാന്തരങ്ങളും ശാഖകളും നിലവിൽവരികയും ലോപിക്കുകയും ചെയ്തു. ചിലർ ബ്രാഹ്മണങ്ങളെയും വേദങ്ങളിൽ ഉൾപ്പെടുത്തി. ഇങ്ങനെ സംഹിതയും ബ്രാഹ്മണവുമെല്ലാം കൂടിക്കുഴഞ്ഞപ്പോൾ വ്യാസൻ അവയെ പുനർനിർണയം ചെയ്തിരിക്കാം. അങ്ങനെയാവാം വ്യാസൻ വേദം പകുത്തെന്ന കഥ നിലവിൽവന്നത്… ഇവയിൽനിന്ന് നമുക്ക് അനുമാനിക്കാവുന്നത് സംഹിതകളും ബ്രാഹ്മണങ്ങളും കൂടിക്കുഴഞ്ഞ് അസ്സൽ വേദമേത്, പ്രവചനമേത്, ശാഖയേത് എന്ന് തിരിച്ചറിയാനാവാതെ വന്ന ഒരു കാലഘട്ടമുണ്ടായിരുന്നുവെന്നാണ്”(വൈദിക സാഹിത്യ ചരിത്രം, പുറം 51, 53).

സത്യവ്രത പട്ടേലിന്റെ ഭാഷയിൽ, ”ഹിന്ദുമതത്തിന്റെ ആദ്യ സ്രോതസ്സ് വേദമാണ്. മുഴുവിഭാഗങ്ങളും അതിനോട് കൂറുപുലർത്തുകയും അതിന്റെ മൗലികത അംഗീകരിക്കുകയും ചെയ്യുന്നു. ചില വേദസൂക്തങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. എങ്കിലും ഇപ്പോൾ നിലവിലുള്ളവതന്നെ ധാരാളമാണ്” (Hinduism Religion and Way of Life. Page 5).

ഋഗ്വേദം പത്താം മണ്ഡലത്തിലെ പത്താം സൂക്തത്തിൽ സ്വന്തം സഹോദരനെ ലൈംഗികവേഴ്ചക്കു ക്ഷണിക്കുന്ന സഹോദരിയുടെ ഭാഷയും ശൈലിയും ഒരു ദൈവിക ഗ്രന്ഥത്തിന് ഒട്ടും അനുയോജ്യമല്ല. അപ്രകാരംതന്നെ സൂര്യഗ്രഹണത്തെയും ചന്ദ്രഗ്രഹണത്തെയും സംബന്ധിച്ച ഋഗ്വേദത്തിലെയും അഥർവവേദത്തിലെയും പ്രസ്താവങ്ങൾ അബദ്ധജടിലങ്ങളും അന്ധവിശ്വാസാധിഷ്ഠിതങ്ങളുമത്രെ. അതിനാൽ വേദങ്ങളിൽ നീക്കംചെയ്യേണ്ട പലതുമുണ്ടെന്ന് പ്രമുഖ ഹൈന്ദവ പണ്ഡിതന്മാർ തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ഗുരു നിത്യചൈതന്യയതി എഴുതുന്നു: ”വേദങ്ങൾ ഏറ്റവും നികൃഷ്ടമായിട്ടുള്ള ഹിംസക്ക് അനുമതി നൽകുന്നുവെന്ന് മാത്രമല്ല, അവയെല്ലാം ചെയ്യേണ്ടതുതന്നെയാണെന്ന് വിവരിക്കുന്ന ഒട്ടേറെ മന്ത്രങ്ങളുണ്ട്. നിഷ്പക്ഷമതികളായിട്ടുള്ള ആർക്കും അത് കണ്ടില്ലെന്ന് ഭാവിക്കാൻ കഴിയുന്നതല്ല. ഹിന്ദുക്കളുടെ ഏറ്റവും ഉൽകൃഷ്ടമായ ശ്രുതി വേദമാണെന്ന് പറയുന്ന അതേ നാവുകൊണ്ട് അതിൽ ഏറ്റവും ഹീനമായ മന്ത്രങ്ങളുണ്ടെന്നു കൂടി പറയേണ്ടിവരുന്നത് ഏതൊരു പണ്ഡിതന്നും ദുഃഖകരമായ അനുഭവം തന്നെയാണ്. എന്നാൽ, ചില പണ്ഡിതന്മാർ ചരിത്രസത്യങ്ങളോട് നീതികാണിക്കാതെ, വേദങ്ങളിലെ നീക്കംചെയ്യപ്പെടേണ്ടതായ ഈ മന്ത്രങ്ങളെ സാധൂകരിക്കാനും ന്യായീകരിക്കാനും ശ്രമിക്കുന്നത് ഒരിക്കലും ക്ഷന്തവ്യമാണെന്ന് പറയാവതല്ല.”(ഗുരുകുലം മാസിക. ഉദ്ധരണം, ഭാരതീയ നവോത്ഥാനത്തിന്റെ രൂപരേഖ, പേജ് 212)

ചുരുക്കത്തിൽ, നിലവിലുള്ള വേദങ്ങൾ ദൈവികങ്ങളോ അപൗരുഷേയങ്ങളോ ആണെന്ന് വേദവിശ്വാസികൾ പോലും അവകാശപ്പെടുകയില്ല. അവയിൽ പലതും കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്, കൃത്രിമങ്ങൾക്കിരയായിട്ടുണ്ട്, പലതും നഷ്ടപ്പെട്ടിട്ടുമുണ്ട്. എന്നാൽ ഇതിലൊട്ടും അത്ഭുതമില്ല. വേദങ്ങളുടെ ചരിത്രം ആർക്കുമറിയില്ലല്ലോ. അതിന്റെ കാലത്തെക്കുറിച്ചുപോലും ഗുരുതരമായ അഭിപ്രായവ്യത്യാസമാണുള്ളത്. ക്രിസ്തുവിനു മുമ്പ് 6000 വർഷമാണെന്നും 4500 ആണെന്നും 3000 ആണെന്നും 1500 ആണെന്നുമൊക്കെ വാദിക്കുന്നവരുണ്ട്. ഇതേക്കുറിച്ച് ഖണ്ഡിതമായി ആരും ഒന്നും പറയുന്നില്ല. ആര്യന്മാർ ഇന്ത്യയിലെത്തിയ ശേഷമാണ് അവ ക്രോഡീകരിച്ചതെന്ന കാര്യത്തിൽ പക്ഷാന്തരമില്ല. വേദാവതരണത്തിനും ക്രോഡീകരണത്തിനുമിടയിലെ സുദീർഘമായ കാലവ്യത്യാസം അവയിലെ ഗുരുതരമായ മാറ്റങ്ങൾക്കും കൃത്രിമങ്ങൾക്കും കാരണമാവുക സ്വാഭാവികമത്രെ. ഡോ. രാധാകൃഷ്ണൻ എഴുതുന്നു: ”ആര്യന്മാർ കൂടെ കൊണ്ടുവന്ന ചില ധാരണകളും വിശ്വാസങ്ങളും അവർ ഇന്ത്യയുടെ മണ്ണിൽ തുടർന്ന് വികസിപ്പിച്ചു. ഈ സൂക്തങ്ങൾ നിർമിച്ചതിനു ശേഷം വളരെ നീണ്ട ഇടക്കാലം കഴിഞ്ഞായിരുന്നു അവ സമാഹരിക്കപ്പെട്ടത്”(ഭാരതീയ ദർശനം, പുറം 46).

വേദങ്ങൾ പ്രകാശിതമായ പ്രാക്തന വൈദികഭാഷ തന്നെ ഇന്നില്ലെന്നും നിലവിലുള്ള സംസ്‌കൃതം അതിന്റെ രൂപാന്തരമാണെന്നും വേദകാലത്തിനുശേഷം വളരെക്കഴിഞ്ഞാണ് അതുണ്ടായതെന്നും നരേന്ദ്രഭൂഷൺ ഉൾപ്പെടെയുള്ള പണ്ഡിതന്മാർ വ്യക്തമാക്കുന്നു (വൈദിക സാഹിത്യ ചരിത്രം, പുറം 27, 39).

ഇത്തരത്തിലുള്ള എല്ലാ മനുഷ്യ ഇടപെടലുകളിൽനിന്നും കൂട്ടിച്ചേർക്കലുകളിൽനിന്നും വെട്ടിച്ചുരുക്കലുകളിൽനിന്നും കൂട്ടിക്കലർത്തലുകളിൽനിന്നും തീർത്തും മോചിതമായ, അവതരണം തൊട്ടിതേവരെയുള്ള ചരിത്രം മനുഷ്യരാശിയുടെ മുമ്പിൽ തെളിഞ്ഞുനിൽക്കുന്ന ഗ്രന്ഥം ഖുർആൻ മാത്രമായതിനാലാണ് അതിനെ നിലവിലുള്ള ഏക ദൈവികഗ്രന്ഥമെന്ന് പറയുന്നത്. അത് പൂർവിക ദൈവിക ഗ്രന്ഥങ്ങളെയെല്ലാം സത്യപ്പെടുത്തുകയും ചെയ്യുന്നു.

നിലവിലുള്ള വേദങ്ങൾ മനുഷ്യ ഇടപെടലുകൾക്ക് വിധേയമായിട്ടുണ്ടെന്ന് ഡോ. രാധാകൃഷ്ണൻ, എൻ.വി. കൃഷ്ണവാരിയർ, നരേന്ദ്രഭൂഷൺ, സത്യവ്രത പട്ടേൽ പോലുള്ള വേദപണ്ഡിതന്മാർ അസന്ദിഗ്ധമായി വ്യക്തമാക്കിയതാണ്.

മഹാഭാരതത്തിൽ കുരുക്ഷേത്രയുദ്ധഭൂമിയിൽ കൗരവരോട് യുദ്ധം ചെയ്യാൻ പാണ്ഡവന്മാർ ചെന്നപ്പോൾ പാണ്ഡവവീരനായ അർജുനന് ബന്ധുജനങ്ങളെ കൊല്ലാൻ വലിയ ദുഃഖം തോന്നി. അർജുനന്റെ തേരാളിയായ കൃഷ്ണൻ അർജുനന്റെ അസ്ഥാനത്തുള്ള ആ ഹൃദയദൗർബല്യം മാറ്റാൻ പറഞ്ഞുകൊടുത്ത തത്വോപദേശമാണ് ഗീതയെന്ന് വിശ്വസിക്കപ്പെടുന്നു. വ്യാസമഹർഷിയാണ് ഗീതയുൾപ്പെടെയുള്ള മഹാഭാരതം നിർമിച്ചത്.

ശ്രീകൃഷ്ണൻ ഭഗവാന്റെ അവതാരമാണെന്നും അതിനാൽ ഗീത ഭഗവദ്ഗീതയാണെന്നും പ്രചരിപ്പിക്കപ്പെടുന്നു. എന്നാൽ ഭഗവാൻ ഒരിക്കലും മനുഷ്യരൂപത്തിൽ അവതരിക്കില്ലെന്നും അവതരിച്ചിട്ടില്ലെന്നുമാണ് പ്രമുഖരായ ഹൈന്ദവ പണ്ഡിതന്മാരും പരിഷ്‌കർത്താക്കളും വ്യക്തമാക്കുന്നത്. സ്വാമി ദയാനന്ദ സരസ്വതി ഇക്കാര്യം ചോദ്യോത്തരരൂപത്തിൽ ഇങ്ങനെ അവതരിപ്പിക്കുന്നു:

”പ്രശ്‌നം: ഈശ്വരൻ അവതാരം സ്വീകരിക്കുന്നുണ്ടോ?
ഉത്തരം: ഇല്ല. എന്തെന്നാൽ ‘അജ ഏക പാത്’ (35-53), ‘സപർയ്യഗാതുക്രമകായം’ (40-8) എന്നു തുടങ്ങിയ യജുർവേദ വചനങ്ങളിൽനിന്ന് പരമേശ്വരൻ ജന്മം കൊള്ളുന്നില്ലെന്ന് മനസ്സിലാകുന്നുണ്ട്.
പ്രശ്‌നം:
യദാ യദാ ഹി ധർമസ്യ
ഗ്ലാനിർഭവതി ഭാരത
അഭ്യുത്ഥാന മധർമസ്യ
തദാത്മാനം സൃജാമ്യഹം (ഭഗവത് ഗീത അ: 4 ശ്ലോകം 7)

ധർമത്തിന് ലോപം വരുമ്പോഴെല്ലാം ഞാൻ ശരീരം ധരിക്കുന്നു എന്ന് ശ്രീകൃഷ്ണൻ പറയുന്നുണ്ടല്ലോ?
ഉത്തരം: വേദവിരുദ്ധമായതുകൊണ്ട് ഇത് പ്രമാണമാകുന്നില്ല. ധർമാത്മാവും ധർമത്തെ രക്ഷിക്കാൻ ഇഛിക്കുന്നവനുമായ ശ്രീകൃഷ്ണൻ ‘ഞാൻ യുഗം തോറും ജന്മം കൈക്കൊണ്ടു ശിഷ്ട ജനങ്ങളെ പരിപാലിക്കുകയും ദുഷ്ടന്മാരെ സംഹരിക്കുകയും ചെയ്യും’ എന്നിങ്ങനെ ആഗ്രഹിച്ചിട്ടുണ്ടായിരിക്കാം. അങ്ങനെ ചെയ്യുന്നതിൽ ദോഷമൊന്നുമില്ല. എന്തെന്നാൽ ‘പരോപകാരായ സതാം വിഭൂതയഃ’ -സജ്ജനങ്ങളുടെ ശരീരം, മനസ്സ്, ധനം എന്നിവയെല്ലാം പരോപകാരത്തിനായിട്ടുള്ളതാണല്ലോ. എന്നാലും ശ്രീകൃഷ്ണൻ ഇതുകൊണ്ട് ഈശ്വരനാണെന്ന് വരുവാൻ തരമില്ല”(സത്യാർഥ പ്രകാശം, പുറം 304, 305).

ഈശ്വരന് അവതാരമുണ്ടാവില്ലെന്ന് ശ്രീവാഗ്ഭടാനന്ദ ഗുരുവും അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട് (വാഗ്ഭടാനന്ദന്റെ സമ്പൂർണ കൃതികൾ, പുറം 357-359, 751, 752. മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്).

ഗീതതന്നെ അവതാര സങ്കൽപത്തെ നിരാകരിക്കുന്നു:
അവജാനന്തി മാം മൂഢാ
മാനുഷീം തനു മാ ശ്രിതം
പരം ഭാവമജാനന്തോ
മമ ഭൂത മഹേശ്വരം
മോഘാശാ മോഘ കർമ്മാണോ
മോഘജ്ഞാനാ വിചേതസഃ
രാക്ഷസി മാസുരി ചൈവ
പ്രകൃതീം മോഹിനീം ശ്രീതാഃ

(ഭൂതങ്ങളുടെ മഹേശ്വരനെന്ന പരമമായ എന്റെ ഭാവത്തെ അറിയാത്ത മൂഢന്മാർ എന്നെ മാനുഷികമായ ശരീരത്തെ ആശ്രയിച്ചവനായി തെറ്റായി മനസ്സിലാക്കുന്നു. അങ്ങനെ എന്നെ ധരിക്കുന്നവരുടെ ആശകളും അവർ ചെയ്യുന്ന കർമങ്ങളും അവർക്കുള്ള ജ്ഞാനവും നിഷ്ഫലങ്ങളാണ്. അവർ അവിവേകികളും മനസ്സിനെ മോഹിപ്പിക്കുന്ന രാക്ഷസ പ്രകൃതിയെയും അസുര പ്രകൃതിയെയും ആശ്രയിച്ചുള്ളവരാകുന്നു.” അധ്യായം 9, രാജ വിദ്യാ രാജഗുഹ്യയോഗം, ശ്ലോകം 11, 12).

ഗീതയിലെ ഇത്തരം സൂക്തങ്ങൾ ദിവ്യവചനങ്ങളാവാനുള്ള സാധ്യത നിഷേധിക്കാനാവില്ല. എന്നാൽ ശ്രീകൃഷ്ണൻ ഭഗവാനായിരുന്നുവെന്ന സങ്കൽപം തീർത്തും തെറ്റാണ്. ഗീതയുടെ തന്നെ ഉപര്യുക്ത പ്രസ്താവത്തിന് കടകവിരുദ്ധവുമാണ്. ശ്രീകൃഷ്ണൻ ദൈവദൂതനാവാനുള്ള സാധ്യതയാണ് ഏറെയുള്ളത്. എന്നാൽ അദ്ദേഹത്തിന്റെ വ്യക്തവും സത്യസന്ധവുമായ ചരിത്രം ലഭ്യമല്ലാത്തതിനാൽ ഇക്കാര്യത്തിൽ ഖണ്ഡിതമായൊരു നിഗമനത്തിലെത്തുക സാധ്യമല്ല.

ഗീതയുടെ വ്യക്തവും ഖണ്ഡിതവുമായ ചരിത്രം ലഭ്യമല്ല. അത് മഹാഭാരതയുദ്ധത്തോടനുബന്ധിച്ചാണോ രചിക്കപ്പെട്ടതെന്ന കാര്യത്തിൽ പോലും വീക്ഷണ വ്യത്യാസമുണ്ട്. ഗീതയുടെ കാലവും വിവാദവിധേയമാണ്. ക്രിസ്തുവിനു മുമ്പ് അഞ്ചാം നൂറ്റാണ്ടിലാണെന്നും നാലാം നൂറ്റാണ്ടിലാണെന്നും മൂന്നാം നൂറ്റാണ്ടിലാണെന്നും ക്രിസ്തുവിനു ശേഷം രണ്ടാം നൂറ്റാണ്ടിലാണെന്നും നാലാം നൂറ്റാണ്ടിലാണെന്നുമെല്ലാം അഭിപ്രായാന്തരമുണ്ട്. ഈ അവ്യക്തതയെക്കുറിച്ച് ഡോ. രാധാകൃഷ്ണൻ എഴുതുന്നു: ”ഭഗവദ്ഗീത മഹാഭാരതത്തിന്റെ യഥാർഥ ഭാഗമാണെന്ന് നാം സ്വീകരിച്ചാൽ തന്നെയും അതിൽ പല കാലഘട്ടങ്ങളിലെയും കൃതികൾ ഉൾക്കൊള്ളിച്ചിട്ടുള്ളതുകൊണ്ട് നമുക്ക് ഗീതയുടെ കാലത്തെപ്പറ്റി ഉറപ്പ് പറയാനാവില്ല.” (ഭാരതീയ ദർശനം, ഭാഗം 1, പുറം 481).

ഗീതാകർത്താവ് തന്റെ കാലത്തെ വിവിധ ചിന്താധാരകളെ സമന്വയിപ്പിക്കുകയും സമാഹരിക്കുകയുമാണുണ്ടായതെന്ന് ഡോ. രാധാകൃഷ്ണൻ തുടർന്നു പറയുന്നു.

ഏതായാലും ഗീത ദൈവികമാണെന്ന് അദ്ദേഹത്തിന് അഭിപ്രായമില്ല. ”ദർശനം, മതം, സദാചാരങ്ങൾ എന്നിവയുടെ ഉപദേശങ്ങളടങ്ങുന്ന ഗ്രന്ഥമാണത്. അതിനെ ശ്രുതിയെന്നോ അഥവാ ഈശ്വരീയമായ അരുളപ്പാടെന്നോ കരുതുന്നില്ല. സ്മൃതിയെന്ന് പറയാവുന്നതാണ്”(Ibid പുറം 477).
ചുരുക്കത്തിൽ ഗീതയിൽ ദൈവിക സന്ദേശങ്ങളുടെ അംശങ്ങളും ആശയങ്ങളും ഉണ്ടാവാമെങ്കിലും അതൊരു ദൈവിക ഗ്രന്ഥമല്ല. ഒരു ദൈവിക ഗ്രന്ഥമാണെന്ന് ഗീത സ്വയം അവകാശപ്പെടുന്നില്ലെന്നതും ശ്രദ്ധേയമത്രെ.

Related Articles