Current Date

Search
Close this search box.
Search
Close this search box.

സ്ത്രീയുടെ സ്ഥാനം ഇസ്‌ലാമിൽ (1-3)

സമൂഹത്തിലെ സ്ത്രീകളുടെ പ്രാധാന്യം ഒരു പുതിയ സമസ്യയോ ഇന്നുവരെ കൃത്യമായ ഒരു പ്രതിവിധി അവതരിപ്പിക്കപ്പെട്ടതോ ആയ കാര്യമല്ല. ഈ വിഷയത്തിൽ ഇസ്‌ലാമിന്റെ നിലപാട് പാശ്ചാത്യ വായനക്കാർക്ക് ഏറ്റവും വസ്തുനിഷ്ഠതയോടെ മനസിലാക്കിയെടുക്കാവുന്നതാണ്. ഈ വിഷയത്തിൽ ഇസ്‌ലാം എന്ത് പറയുന്നു എന്നതിന്റെ ഹ്രസ്വവും ആധികാരികവുമായ വിശദീകരണമാണ് ഈ പഠനം. ഇസ്ലാമികാധ്യാപനങ്ങൾ പ്രധാനമായും ഖുർആനും (ദിവ്യ സന്ദേശങ്ങൾ) ഹദീഥും (മുഹമ്മദ് നബിയുടെ വിശദീകരണം) അടിസ്ഥാനമാക്കിയുള്ളതാണ്.

ഇസ്‌ലാമിന് മേൽ ആരോപിക്കപ്പെടുന്ന എല്ലാ വിഷയങ്ങളിലും അതിന്റെ യാഥാർഥ്യങ്ങളെ നിഷ്പക്ഷമായും കൃത്യമായും ഗ്രഹിക്കാവുന്ന രീതിയിലുള്ള ആധികാരിക ഉറവിടങ്ങളാണ് ഖുർആനും ഹദീസും.

ഇസ്‌ലാമിന് മുമ്പുള്ള കാലഘട്ടത്തിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചുള്ള ഒരു ഹ്രസ്വ സർവേയോടെയാണ് ഈ പഠനം ആരംഭിക്കുന്നത്. തുടർന്ന് സമൂഹത്തിൽ സ്ത്രീയുടെ പദവി സംബന്ധിച്ച് ഇസ്ലാമിന്റെ നിലപാട് എന്താണ്? ഇസ്‌ലാമിന്റെ ആവിർഭാവ കാലത്ത് ആധിപത്യം പുലർത്തിയിരുന്ന നിലപാടുകളിൽ നിന്ന് വ്യത്യസ്തമാണോ ഇസ്ലാമിന്റെ നിലപാട്, എത്രത്തോളം? സ്ത്രീകൾ അടുത്ത കാലത്തായി നേടിയെടുത്ത അവകാശങ്ങളുമായി ഇത് എങ്ങനെ താരതമ്യം ചെയ്യും? എന്നിങ്ങനെയുള്ള ചില പ്രധാന ചോദ്യങ്ങൾക്ക് ഇതിലൂടെ ഉത്തരം കണ്ടെത്തുന്നുണ്ട്.

ചരിത്രപരമായ വീക്ഷണങ്ങൾ

സ്ത്രീയുടെ അന്തസ്സും അവകാശങ്ങളും പുനഃസ്ഥാപിക്കുന്നതിൽ ഇസ്‌ലാം വിജയിച്ചതെവിടെ പരാജയപ്പെട്ടതെവിടെ എന്ന ചോദ്യത്തിന് ന്യായമായ മറുപടി കണ്ടെത്തുകയാണ് ഈ പഠനത്തിന്റെ ഒരു പ്രധാന ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, പഴയ കാല നാഗരികതകളും മതങ്ങളും, വിശിഷ്യാ ഇസ്‌ലാമിന് മുമ്പുള്ള (സി.ഇ. 610-ന് മുമ്പ്) സംസ്കാരങ്ങൾ സ്ത്രീകൾക്ക് നൽകിയ പരിഗണന ഹ്രസ്വമായി അവലോകനം ചെയ്യുന്നത് സഹായകമാകും. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ഇസ്ലാമിന്റെ കടന്നുവരവിന് പന്ത്രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷമുള്ള സ്ത്രീയുടെ അവസ്ഥയാണ് വിവരിക്കുന്നത്.

പുരാതന നാഗരികതയിലെ സ്ത്രീകൾ

അന്നത്തെ ഇന്ത്യയിലെ സ്ത്രീകളുടെ പദവി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക വിവരിക്കുന്നു :
‘ഇന്ത്യയിൽ, വിധേയത്വം ഒരു പ്രധാന തത്വമായിരുന്നു. രാവും പകലും സ്ത്രീകൾ അവരുടെ സംരക്ഷകരുടെ ആശ്രിതത്വത്തിൽ കഴിയണമെന്നാണ് മനു പറയുന്നത്. അനന്തരാവകാശ നിയമം പുരുഷ കേന്ദ്രീകൃതമായിരുന്നു. അതായത് സ്ത്രീകളെ മാറ്റിനിർത്തി പുരുഷന്മാരിലൂടെ മാത്രം കൈമാറി വരുന്നതാണ് മനുവിന്റെ അനന്തരാവകാശ സങ്കൽപ്പങ്ങൾ.’

ഹിന്ദു ഗ്രന്ഥങ്ങളിൽ, ഒരു നല്ല ഭാര്യയുടെ വിവരണം ഇങ്ങനെയാണ്: “മനസ്സും സംസാരവും ശരീരവും വിധേയപ്പെടുന്ന സ്ത്രീയാണ് ലോകത്ത് ഏറ്റവും വലിയ ഔന്നത്യം നേടുന്നത്. തൊട്ടടുത്ത സ്ഥാനത്ത് സ്വന്തം ഭർത്താവിനൊപ്പം വസിക്കുന്നവളാണ്.”

ഏഥൻസിലെ സ്ത്രീകളുടെ അവസ്ഥ ഇന്ത്യയിലെയും റോമിലെയും സ്ത്രീകളേക്കാൾ മെച്ചപ്പെട്ടതായിരുന്നില്ല.
“ഏഥൻസിലെ സ്ത്രീകൾക്ക് ഒരിക്കലും പ്രാധാന്യം ലഭിച്ചിരുന്നില്ല. ചില പുരുഷന്മാർക്ക് (അവരുടെ പിതാവ്, അവരുടെ സഹോദരൻ, പുരുഷന്മാരായ ബന്ധുക്കൾ) കീഴിലായിരുന്നു.

വിവാഹത്തിൽ അവളുടെ സമ്മതം ഒരു ആവശ്യ ഘടകമായിരുന്നില്ല, കൂടാതെ “അവളുടെ മാതാപിതാക്കളുടെ ഇഷ്ടങ്ങൾക്ക് കീഴടങ്ങാനും അവർ കണ്ടെത്തുന്ന ഭർത്താവിനെ സ്വീകരിക്കാനും അവൾ ബാധ്യസ്ഥയായിരുന്നു.”

റോമിലെ ഭാര്യ സങ്കൽപത്തെ ഒരു ചരിത്രകാരൻ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: “കുടുംബത്തിലെ പ്രാധാന്യം കുറഞ്ഞ, സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് ഒന്നും ചെയ്യാനോ പ്രവർത്തിക്കാനോ കഴിവില്ലാത്ത ഒരു വ്യക്തി, അവൾ സദാ ഭർത്താവിന്റെ ശിക്ഷണത്തിലും രക്ഷാകർതൃത്വത്തിലുമായിരിക്കും”

എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയിൽ, റോമൻ നാഗരികതയിലെ സ്ത്രീകളുടെ നിയമപരമായ പദവിയുടെ ഒരു സംഗ്രഹം കാണാൻ സാധിക്കും. റോമൻ നിയമത്തിൽ പുരാതന കാലം മുതൽക്കേ സ്ത്രീ പൂർണമായി ആശ്രിതയായിരുന്നു. വിവാഹത്തോടെ അവളും അവളുടെ സ്വത്തുക്കളും ഭർത്താവിന്റെ അധീനതയിലായി. ഭർത്താവ് അവന്റെ ആവശ്യങ്ങൾക്കായി സമ്പാദിച്ച അടിമയെപ്പോലെ, വില കൊടുത്ത് വാങ്ങിയ ഒരു സ്വത്തായിരുന്നു ഭാര്യ. ഒരു സ്ത്രീക്ക് കാര്യപ്പെട്ട ഉദ്യോഗങ്ങളിൽ വ്യാപ്രതരാവൻ കഴിയുമായിരുന്നില്ല. സാക്ഷി, ജാമ്യം, അദ്ധ്യാപനം, മേൽനോട്ടം എന്നിവയ്ക്കുള്ള യോഗ്യത നൽകിയിരുന്നില്ല. അവൾക്ക് ദത്തെടുക്കാനോ തീരുമാനമെടുക്കാനോ ഇടപാട് നടത്താനോ അവകാശമില്ല.

സ്കാൻഡിനേവിയൻ വംശങ്ങളിൽ സ്ത്രീകളുടെ സ്ഥാനം ഇങ്ങനെയായിരുന്നു. ‘സ്ത്രീ എല്ലായ്പ്പോഴും, വിവാഹിതരായാലും അവിവാഹിതരായാലും മറ്റൊരാളുടെ രക്ഷാകർത്തൃത്വത്തിൽ തന്നെ.’ ക്രിസ്‌റ്റ്യൻ വിയുടെ നിയമാവലി നിലവിലുണ്ടായിരുന്ന 17-ആം നൂറ്റാണ്ടിന്റെ അവസാന കാലത്ത്, ഒരു സ്ത്രീ തന്റെ രക്ഷിതാവിൻ്റെ സമ്മതമില്ലാതെ വിവാഹത്തിലേർപ്പെട്ടാൽ, വിവാഹം ആഗ്രഹിച്ചാൽ, അവളുടെ ജീവിതകാലത്ത് അവളുടെ വസ്തു വകകളുടെ ഉടമസ്ഥതയും ഇടപാടുകളും അസാധുവാകുന്ന നിയമം നിലവിൽ വന്നിരുന്നു.

ഇംഗ്ലീഷ് പൊതു നിയമം (ഇംഗ്ലീഷ് കോമൺ ലോ) അനുസരിച്ച്, ഭാര്യ കൈവശം വെച്ചിരുന്ന എല്ലാ സ്വത്തും വിവാഹസമയത്ത് അവളുടെ ഭർത്താവിന്റെ സ്വത്തായി മാറും. ഭൂമിയുടെ വാടകയ്ക്കും ദാമ്പത്യ കാലത്തെ വരുമാനത്തിനും ലാഭത്തിനും ഭർത്താവിന് കൂടി അർഹതയുണ്ടായിരുന്നു. കാലക്രമേണ, ഇംഗ്ലീഷ് കോടതികൾ ഭാര്യയുടെ സമ്മതമില്ലാതെ അവരുടെ സ്വത്ത് കൈമാറ്റം ചെയ്യുന്നതിനെ വിലക്കുന്ന നിയമങ്ങൾ ആവിഷ്കരിച്ചു. പക്ഷേ, അവരുടെ സ്വത്ത് കൈകാര്യം ചെയ്യാനും അതിൻ്റെ വരുമാനം സ്വന്തമാക്കാനുമുള്ള അവകാശം ആത്യന്തികമായി അയാൾക്ക് തന്നെ തുടർന്നു. ഭാര്യയുടെ സ്വകാര്യ സ്വത്തിനെ സംബന്ധിച്ചിടത്തോളം ഭർത്താവിന് പൂർണ അധികാരമുണ്ട്. തനിക്ക് ഉചിതമെന്ന് തോന്നുന്ന രീതിയിൽ അത് ചെലവഴിക്കാൻ ഭർത്താവിന് അവകാശമുണ്ടായിരുന്നു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് കാര്യങ്ങൾ മെച്ചപ്പെട്ടു തുടങ്ങിയത്. “1870-ൽ വിവാഹിതരായ സ്ത്രീകളുടെ സ്വത്തവകാശ നിയമം നിലവിൽ വന്നു. 1882-ലും 1887-ലും ഈ നിയമത്തിന് ഭേദഗതി വരുത്തി. അങ്ങനെ വിവാഹിതരായ സ്ത്രീകൾക്കും അവിവാഹിതർക്കും വിധവകൾക്കും വിവാഹമോചിതർക്കും തുല്യമായി സ്വത്ത് സ്വന്തമാക്കാനും, കരാറുകളിൽ ഏർപ്പെടാനുമുള്ള അവകാശം ലഭ്യമായി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സർ ഹെൻറി മെയ്ൻ എഴുതി: “ക്രിസ്തു മതാചാരങ്ങൾ പുലർത്തുന്ന സമൂഹത്തിന് വിവാഹിതരായ സ്ത്രീകൾക്ക് മിഡിൽ റോമൻ നിയമം നൽകുന്ന വ്യക്തിഗത സ്വാതന്ത്ര്യം ലഭ്യമായിട്ടില്ല എന്ന് അനുമാനിക്കാം.”

‘The Subject of Women’ എന്ന തന്റെ പ്രബന്ധത്തിൽ ജോൺ സ്റ്റുവർട്ട് മിൽ എഴുതുന്നു: “നാഗരികതയും ക്രിസ്ത്യാനിറ്റിയും സ്ത്രീക്ക് അവളുടെ അവകാശങ്ങൾ പുനഃസ്ഥാപിച്ചുവെന്ന് ഞങ്ങൾ അവകാശപ്പെടുമ്പോഴും ഭാര്യ തന്റെ ഭർത്താവിന്റെ അടിമ തന്നെയാണ്; നിയമം അടിമയെന്ന് വിളിക്കാൻ അനുവദിക്കുന്നില്ലെന്നും മാത്രം.”

സ്ത്രീയുടെ പദവിയെക്കുറിച്ചുള്ള ഖുർആനിക വീക്ഷണങ്ങളിലേക്ക് നീങ്ങുന്നതിന് മുമ്പ്, ഈ വിഷയത്തിൽ ബൈബിൾ അവതരിപ്പിക്കുന്ന ചില കാര്യങ്ങളിൽ കൂടി മനസ്സിലാക്കിയാൽ നിഷ്പക്ഷമായ വിലയിരുത്തൽ സാധ്യമാകുന്നതാണ്.

ജൂത നിയമത്തിൽ സ്ത്രീ ‘പ്രതിശ്രുതയാണ്’. ഈ സങ്കല്പം എൻസൈക്ലോപീഡിയ ബിബ്ലിക്ക വിശദീകരിക്കുന്നു; “ഒരു ഭാര്യയെ വിവാഹം കഴിക്കുക എന്നതിനർത്ഥം പണം നൽകി അവളെ സ്വന്തമാക്കുക എന്നതാണ്; പണം നൽകപ്പെടുന്ന സ്ത്രീയാണ് പ്രതിശ്രുത. നിയമപരമായി, അവളുടെ വിവാഹം സാധുവാകുന്നതിന് പെൺകുട്ടിയുടെ സമ്മതം ആവശ്യമില്ല. “പെൺകുട്ടിയുടെ സമ്മതം അനാവശ്യമാണ്, അതിന്റെ ആവശ്യകത നിയമത്തിൽ ഒരിടത്തും നിർദ്ദേശിച്ചിട്ടില്ല.”

വിവാഹമോചനത്തിനുള്ള അവകാശത്തെ സംബന്ധിച്ച്, എൻസൈക്ലോപീഡിയ ബിബ്ലിക്കയിൽ വായിക്കാം: “സ്ത്രീ പുരുഷന്റെ സ്വത്തായതിനാൽ അവളെ വിവാഹമോചനം ചെയ്യാനുള്ള അവന്റെ അവകാശം തീർച്ചയായും അംഗീകരിക്കണം.” വിവാഹമോചനത്തിനുള്ള അവകാശം പുരുഷന് മാത്രമായിരുന്നു. “ജൂത നിയമത്തിൽ വിവാഹമോചനം ഭർത്താവിന് മാത്രമായിരുന്നു….”

സമീപകാല നൂറ്റാണ്ടുകൾ വരെ ക്രിസ്ത്യൻ സഭകൾ കൈക്കൊണ്ട നിലപാടുകളെ ജൂത നിയമവും അതിന്റെ സമകാലിക സംസ്കാരങ്ങളിൽ പ്രബലമായിരുന്ന ചിന്താധാരകളും സ്വാധീനിച്ചിട്ടുണ്ടാകണം. ‘വിവാഹം കിഴക്കും പടിഞ്ഞാറും’ എന്ന ഗ്രന്ഥത്തിൽ ഡേവിഡും വെരാ മേസും എഴുതുന്നു: “നമ്മുടെ ക്രിസ്ത്യൻ പാരമ്പര്യം ഇത്തരം വിമർശനങ്ങളിൽ നിന്ന് മുക്തമാണെന്ന് ആരും കരുതരുത്. നമ്മുടെ ആദിമ സഭാപിതാക്കന്മാർ സ്ത്രീ ലൈംഗികതയെക്കുറിച്ച് നടത്തിയ പരാമർശങ്ങളേക്കാൾ അപമാനകരമായ ഒരു ശേഖരം എവിടെയും കണ്ടെത്തുക പ്രയാസമാണ്.

പ്രശസ്ത ചരിത്രകാരൻ ലെക്കിയുടെ സംസാരം ഇങ്ങനെയാണ്: “പൂർവ പിതാക്കൾക്ക് സ്ത്രീ നരകത്തിന്റെ വാതിലാണ്, എല്ലാ മനുഷ്യരോഗങ്ങളുടെയും മാതാവാണ്. ഒരു സ്ത്രീയാണെന്ന ചിന്തയിൽ തന്നെ അവൾ ലജ്ജിക്കണം. അവൾ ലോകത്തിന് വരുത്തിയ ശാപങ്ങൾ നിമിത്തം അവൾ നിരന്തരമായ തപസ്സിൽ ജീവിക്കണം. അവളുടെ വസ്ത്രധാരണത്തെക്കുറിച്ച് അവൾ ലജ്ജിക്കണം, കാരണം അത് അവളുടെ വീഴ്ചയുടെ സ്മാരകമാണ്. അവളുടെ സൗന്ദര്യത്തെക്കുറിച്ച് അവൾ പ്രത്യേകിച്ച് ലജ്ജിക്കണം, കാരണം അത് പിശാചിന്റെ ഏറ്റവും ശക്തമായ ഉപകരണമാണ്.”

സ്ത്രീകൾക്കെതിരായ പരാമർശങ്ങളിൽ വളരേ ക്രൂരമായതാണ് ടെർടുള്ളിയന്റേതാണ്: നിങ്ങൾ ഓരോരുത്തരും ഈവ് (ഹവ്വ) ആണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങളുടെ ഈ ലൈംഗികതയെക്കുറിച്ചുള്ള ദൈവത്തിന്റെ വാചകം ഈ യുഗത്തിലാണ് പുലരുന്നത്: “അനിവാര്യമായ കുറ്റബോധത്തോടെ ജീവിക്കണം. നിങ്ങൾ പിശാചിന്റെ കവാടമാണ്, നിങ്ങൾ ദൈവിക നിയമം ആദ്യമായി ലംഘിച്ചവരാണ്; പിശാച് പോലും ആക്രമിക്കാൻ ധൈര്യപ്പെടാത്തവരെ തിന്മക്ക് പ്രേരിപ്പിക്കുന്നത് നീയാണ്. മനുഷ്യാ, നിങ്ങൾ വളരെ എളുപ്പത്തിൽ ദൈവത്തിന്റെ പ്രതിച്ഛായ നശിപ്പിച്ചു.”

സഭകൾ സ്ത്രീകൾക്ക് താഴ്ന്ന പദവിയാണ് നൽകിയത്. അതിലുപരി അവൾ മുമ്പ് ആസ്വദിച്ചിരുന്ന നിയമപരമായ അവകാശങ്ങൾ ഇല്ലാതാക്കുകയും ചെയ്തിരുന്നു. (തുടരും)

 

മൊഴിമാറ്റം :മുജ്തബ മുഹമ്മദ്‌

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles