Current Date

Search
Close this search box.
Search
Close this search box.

സ്ത്രീയുടെ സ്ഥാനം ഇസ്‌ലാമിൽ (3 – 3)

സാമ്പത്തിക വശം
ഇസ്‌ലാമിന് മുമ്പും ശേഷവും (ഈ നൂറ്റാണ്ടിന്റെ അവസാനം വരെ) സ്ത്രീക്ക് നിഷേധിക്കപ്പെട്ട സ്വതന്ത്ര ഉടമസ്ഥാവകാശം ഇസ്‌ലാം അവർക്ക് അനുവദിച്ചു നൽകുന്നുണ്ട്. ഇസ്‌ലാമിക നിയമമനുസരിച്ച്, സ്ത്രീയുടെ പണം, ഭൂസ്വത്ത്, മറ്റ് സ്വത്തുക്കൾ എന്നിവയ്ക്കുള്ള അവകാശം പൂർണ്ണമായും അവൾക്ക് അർഹതപ്പെട്ടതാണ്. അവൾ അവിവാഹിതയായാലും വിവാഹിതയായാലും ഈ അവകാശത്തിൽ ഒരു മാറ്റവുമില്ല. അവളുടെ സ്വത്തുകൾ ഭാഗികമായും പൂർണമായും വാങ്ങാനും വിൽക്കാനും പണയപ്പെടുത്താനും പാട്ടത്തിന് നൽകാനും അവൾക്ക് എല്ലാവിധ അവകാശങ്ങളുമുണ്ട്. സ്ത്രീയാണ് എന്ന കാരണം കൊണ്ട് അവൾ പക്വമതിയാകുന്നില്ല എന്ന് നിയമത്തിൽ ഒരിടത്തും പരാമർശിച്ചിട്ടില്ല. വിവാഹത്തിന് മുമ്പും ശേഷവും അവൾ നേടിയെടുക്കുന്ന സ്വത്ത് മുഴുവനും ഈ അവകാശം ബാധകമാണ് എന്നതും ശ്രദ്ധേയമാണ്.

തൊഴിൽ തേടാനുള്ള സ്ത്രീയുടെ അവകാശത്തെ വിശകലനം ചെയ്യുമ്പോൾ സമൂഹത്തിൽ മാതാവ്, ഭാര്യ എന്ന അവളുടെ റോൾ ഏറ്റവും പവിത്രവും അനിവാര്യവുമായ ഒന്നാണ്. കുട്ടികളെ ഏറ്റവും മികച്ച രീതിയിൽ വളർത്തുന്നതിൽ വേലക്കാരികൾക്കോ ​​ശിശുപാലകർക്കോ മാതാവിന്റെ സ്ഥാനം ഏറ്റെടുക്കാൻ കഴിയില്ല. ശിശുപരിപാലനം രാഷ്ട്രങ്ങളുടെ ഭാവി രൂപപ്പെടുത്തുന്ന ശ്രേഷ്ഠവും സുപ്രധാനവുമായ വിഷയമാണ്.

ഒരു സ്ത്രീക്ക് ആവശ്യമുള്ളപ്പോഴെല്ലാം, പ്രത്യേകിച്ച് അവളുടെ സ്വഭാവത്തിന് അനുയോജ്യമായതും സമൂഹത്തിന് ഏറ്റവും ആവശ്യമുള്ളതുമായ സ്ഥാനങ്ങളിൽ ജോലി തേടുന്നതിൽ നിന്ന് സ്ത്രീയെ വിലക്കുന്ന അനുശാസനകൾ ഇസ്‌ലാമിലില്ല. നഴ്സിംഗ്, അദ്ധ്യാപനം (പ്രത്യേകിച്ച് കുട്ടികൾക്ക്), വൈദ്യശാസ്ത്രം എന്നിവ ഇത്തരം തൊഴിലുകൾക്ക് ഉദാഹരണമാണ്. മാത്രമല്ല, ഏതെങ്കിലും ഒരു മേഖലയിൽ സ്ത്രീകൾക്ക് പ്രത്യേക കഴിവുണ്ടെങ്കിൽ അത് പ്രയോജനപ്പെടുത്തുന്നതിന് തടസ്സമില്ല. സ്ത്രീയുടെ ശക്തമായ വൈകാരിക സ്വഭാവം കാരണം അവർക്കൊരു തീർപ്പ് കൽപ്പിക്കാൻ സാധിക്കില്ലെങ്കിൽ പോലും ജഡ്ജിയുടെ സ്ഥാനം അവൾക്ക് നൽകാമെന്നു പറഞ്ഞ പണ്ഡിതരെയും കാണാം. കൂടാതെ, ഇസ്‌ലാം സ്ത്രീക്ക് അനന്തരാവകാശം നൽകി. ചില സംസ്കാരങ്ങളിൽ സ്ത്രീ ഒരു അനന്തരാവകാശ സ്വത്തായിരുന്നു. ഇസ്‌ലാമിൽ അവളുടെ പങ്ക് പൂർണ്ണമായും അവളുടേത് തന്നെയാണ്, അവളുടെ പിതാവിനും ഭർത്താവും ഉൾപ്പെടെ ആർക്കും അതിൽ ഒരു അവകാശവാദവും ഉന്നയിക്കാനാവില്ല.

“മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തിൽ പുരുഷന്മാർക്ക് വിഹിതമുണ്ട്. മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തിൽ സ്ത്രീകൾക്കും വിഹിതമുണ്ട്. സ്വത്ത് കുറവായാലും കൂടുതലായാലും ശരി. ഈ വിഹിതം അല്ലാഹു നിശ്ചയിച്ചതാണ്.”
(ഖുർആൻ 4:7)

കൂടുതൽ സന്ദർഭങ്ങളിലും അവളുടെ പങ്ക് പുരുഷന്റെ പകുതിയാണ്, ഇതിൽ അവൾക്ക് പകുതി പുരുഷന്റെ മൂല്യമേ ഉള്ളൂ എന്ന വായന ശരിയല്ല! മുമ്പ് ചർച്ച ചെയ്ത പോലെ, ഇസ്‌ലാമിൽ സ്ത്രീകൾക്ക് നീതിനിഷ്‌ഠമായ പരിഗണന നൽകുന്നുവെന്നതിന് തെളിവുകൾ നിരത്തിയ ശേഷം ഇത്തരമൊരു അനുമാനം പരസ്പരം പൊരുത്തക്കേടായി തോന്നിയേക്കാം. അനന്തരാവകാശത്തിലെ ഈ വ്യതിയാനം ഇസ്‌ലാമിക നിയമമനുസരിച്ച് പുരുഷന്റെയും സ്ത്രീയുടെയും സാമ്പത്തിക ഉത്തരവാദിത്തങ്ങളിലെ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇസ്‌ലാമിൽ പുരുഷൻ തന്റെ ഭാര്യയുടെയും മക്കളുടെയും ചില സന്ദർഭങ്ങളിൽ തന്റെ ദരിദ്രരായ ബന്ധുക്കളുടെയും, പ്രത്യേകിച്ച് സ്ത്രീകളുടെ സംരക്ഷണത്തിന്റെ പൂർണ ഉത്തരവാദിയാണ്. ഭാര്യക്ക് കച്ചവടത്തിലൂടെയോ വാടക ഇനത്തിലോ മറ്റ് നിയമപരമായ മാർഗങ്ങളിലൂടെ നേടിയ വരുമാനമുണ്ടെങ്കിൽ പോലും ഭർത്താവ് ഈ ബാധ്യതയിൽ നിന്ന് ഒഴിവാകുന്നില്ല.

മറുവശത്ത്, സ്ത്രീ സാമ്പത്തികമായി കൂടുതൽ സുരക്ഷിതയും അവളുടെ സാമ്പത്തിക ബാധ്യതകൾ വളരെ കുറവുമാണ്. വിവാഹത്തിന് മുമ്പ് അവൾക്കുണ്ടായിരുന്ന സ്വത്ത് അവളുടെ ഭർത്താവിന് കൈമാറുന്നില്ല. അവൾക്ക് ആദ്യമേ ഉണ്ടായിരുന്ന സ്വത്തിൽ നിന്നോ വിവാഹശേഷമുള്ള വരുമാനത്തിൽ നിന്നോ കുടുംബത്തിനായി ചെലവഴിക്കേണ്ട ബാധ്യത അവൾക്കില്ല. വിവാഹസമയത്ത് അവൾ ഭർത്താവിൽ നിന്ന് “മഹർ” കൈപ്പറ്റാൻ അർഹതയുണ്ട്. അവൾ വിവാഹമോചിതയാണെങ്കിൽ, അവൾക്ക് അവളുടെ മുൻ ഭർത്താവിൽ നിന്ന് ജീവനാംശവും ലഭിക്കും.
ഇസ്‌ലാമിക നിയമ ചട്ടക്കൂടിനുള്ളിൽ അനന്തരാവകാശ നിയമം പരിഗണിക്കുന്നത് നീതി മാത്രമല്ല, സ്ത്രീയോടുള്ള അതുല്യമായ അനുകമ്പ കൂടിയാണ്.

രാഷ്ട്രീയ വീക്ഷണങ്ങൾ
ഇസ്‌ലാമിന്റെ അധ്യാപനങ്ങളും ഇസ്‌ലാമിക നാഗരികതയുടെ ചരിത്രത്തിവും നീതിയുക്തമായ അന്വേഷണത്തിന് വിധേയമാക്കിയാൽ ഇന്ന് “രാഷ്ട്രീയ അവകാശങ്ങൾ” എന്ന് വിളിക്കപ്പെടുന്ന സ്ത്രീ-പുരുഷ സമത്വത്തിന്റെ വ്യക്തമായ തെളിവ് കണ്ടെത്താൻ കഴിയും.

തെരഞ്ഞെടുപ്പിനുള്ള അവകാശം, രാഷ്ട്രീയ ഉദ്യോഗങ്ങളിലേക്കുള്ള നാമനിർദ്ദേശം, പൊതുകാര്യങ്ങളിൽ ഇടപെടാനുള്ള അവകാശം തുടങ്ങിയവ ഇതിൻ്റെ ഭാഗം തന്നെയാണ്. ഖുർആനിലും ഇസ്‌ലാമിക ചരിത്രത്തിലും ഗൗരവമേറിയ ചർച്ചകളിൽ പങ്കെടുക്കുകയും നബി(സ) യോട് പോലും തർക്കിക്കുകയും ചെയ്ത സ്ത്രീകളെ കാണാം (ഖുർആൻ 58:14, 60:10-12 കാണുക).

ഉമർ ഇബ്‌നു ഖത്താബിന്റെ ഭരണ കാലത്ത്, ഒരു സ്ത്രീ പള്ളിയിൽ വെച്ച് അദ്ദേഹവുമായി തർക്കിക്കുകയും തന്റെ പക്ഷം തെളിയിക്കുകയും ആളുകളുടെ സാന്നിധ്യത്തിൽ “സ്ത്രീയുടെ പക്ഷമാണ് ശരി, ഉമർ തെറ്റാണ്.” എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഖുർആനിൽ പരാമർശിച്ചിട്ടില്ലെങ്കിലും, ഒരു ഹദീസ് സ്ത്രീ രാഷ്ട്രീയ നേതൃ സ്ഥാനങ്ങളിലേക്ക് അയോഗ്യയാണെന്ന് വിലയിരുത്തുന്നുണ്ട്. “ഒരു സ്ത്രീയെ അവരുടെ നേതാവായി അനുവദിച്ചാൽ ഒരു ജനത അഭിവൃദ്ധി പ്രാപിക്കുകയില്ല” എന്നതാണ് ആ ഹദീസിന്റെ സാരാംശം. എന്നിരുന്നാലും, ഈ പരിമിതിക്ക് സ്ത്രീയുടെ അന്തസ്സുമായോ അവളുടെ അവകാശവുമായോ യാതൊരു ബന്ധവുമില്ല. മറിച്ച്, സ്ത്രീകളെയും പുരുഷന്മാരെയും അവരുടെ ജൈവശാസ്ത്രപരവും മാനസികവുമായ ഘടനയിലെ സ്വാഭാവിക വ്യത്യാസങ്ങളുമായി ചേർത്തു വായിക്കുകയാണ് പ്രസ്തുത ഹദീസ്.

ഇസ്‌ലാമിക നിയമങ്ങൾ അനുസരിച്ച്, രാഷ്ട്രത്തലവൻ കേവലമൊരു വ്യക്തിയല്ല. അവൻ പ്രാർത്ഥനകളിൽ ആളുകൾക്ക് നായകത്വം വഹിക്കുന്നു; പ്രത്യേകിച്ച് വെള്ളിയാഴ്ചകളിലും ആഘോഷങ്ങളിലും. അദ്ദേഹം ഭരണീയരുടെ സുരക്ഷയും ക്ഷേമവും സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്ന പ്രക്രിയയിൽ എപ്പോഴും വ്യാപൃതരായിരിക്കും. സൈനിക നേതൃത്വം പോലെയുള്ള മറ്റേതെങ്കിലും സ്ഥാനം, പൊതുവെ സ്ത്രീയുടെ ശാരീരികവും മാനസികവുമായ ഘടനയുമായി പൊരുത്തപ്പെടുന്നില്ല. മാസമുറകളിലും ഗർഭകാലത്തും സ്ത്രീകൾ പലതരത്തിലുള്ള ശാരീരികവും മാനസികവുമായ മാറ്റങ്ങൾക്ക് വിധേയരാകുന്നു എന്നത് വൈദ്യശാസ്ത്രപരമായ വസ്തുതയാണ്. അടിയന്തിര സാഹചര്യങ്ങളിൽ അത്തരം മാറ്റങ്ങൾ സംഭവിക്കാം, അത് അവളുടെ തീരുമാനത്തെ ബാധിക്കും. മാത്രമല്ല, ചില തീരുമാനങ്ങൾക്ക് അതീവ യുക്തിയും വൈകാരികതയിൽ നിന്നുള്ള പരമാവധി മോചനവും ആവശ്യമാണ്. സ്ത്രീകളുടെ സഹജമായ സ്വഭാവവുമായി പൊരുത്തപ്പെടാത്ത ഒരു സാഹചര്യമാണിത്.

ആധുനിക കാലത്തും ഏറ്റവും വികസിത രാജ്യങ്ങളിലും പോലും, ഒരു രാഷ്ട്രത്തലവന്റെ സ്ഥാനത്ത്, പാർലമെന്റുകളിൽ, സമാനമായ സ്ഥാപനങ്ങളിൽ, സായുധ സേനയുടെ ഒരു കമാൻഡർ സ്ഥാനത്ത്, ഒരു സ്ത്രീയെ കണ്ടെത്തുന്നത് അപൂർവമാണ്. ആനുപാതികമായ വനിതാ പ്രാധിനിത്യവും തഥൈവ. വിവിധ രാഷ്ട്രങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണം സ്ത്രീ പുരുഷ അനുപാതമാണെന്ന് ആരോപിക്കാനാവില്ല. പുരുഷനും സ്ത്രീയും തമ്മിലുള്ള സ്വാഭാവികവും അനിഷേധ്യവുമായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ നിലവിലെ സാഹചര്യത്തെ വിശദീകരിക്കുന്നത് കൂടുതൽ യുക്തിസഹമാണ്. ഇത് ഒരാളുടെ “മേൽക്കോയ്മ” ഉദ്ഘോഷിക്കുന്നില്ല. ജീവിതത്തിലെ രണ്ട് ലിംഗങ്ങളും പരസ്പര പൂരകങ്ങളാണ് എന്നാണീ വ്യത്യാസം സൂചിപ്പിക്കുന്നത്.

ഉപസംഹാരം
ഈ പഠനത്തിന്റെ ആദ്യഭാഗം പ്രതിപാദ്യ വിഷയത്തിൽ വിവിധ മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും നിലപാടുകളെ സംക്ഷിപ്തമായി പ്രതിപാദിക്കുക്കുകയാണ്. ഖുർആൻ, ഇസ്‌ലാമിക സന്ദേശങ്ങൾ അവതരിപ്പിച്ച് ഏകദേശം 1300 വർഷങ്ങൾക്ക് ശേഷം, പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നിലനിൽക്കുന്ന പ്രവണതകളെയും ഈ പഠനം ഉൾക്കൊള്ളുന്നുണ്ട്.

ഇസ്‌ലാമിക വീക്ഷണത്തിലെ സ്ത്രീകളുടെ അവസ്ഥ ലഘുവായി ചർച്ചചെയ്യുന്നതാണ് രണ്ടാം ഭാഗം. ഇസ്‌ലാമിന്റെ യഥാർത്ഥവും ആധികാരികവുമായ സ്രോതസ്സുകളാണ് ഈ ഭാഗത്ത് ഉദ്ധരിച്ചിട്ടുളളത്. മുസ്‌ലിംകളുടെ അർപ്പണത്തിന്റെ /അനുസരണയുടെ തോതനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരുന്നു. ഇസ്‌ലാമിക നാഗരികതകളുടെ അധഃപതന ചക്രത്തിൽ, മുസ്‌ലിംകളെന്ന് അവകാശപ്പെടുന്ന പലരും ഇസ്ലാമിന്റെ പാഠങ്ങൾ കർശനമായി പാലിച്ചിരുന്നില്ല എന്നതും ഒരു വസ്തുതയാണ്.

ഇത്തരം വ്യതിയാനങ്ങൾ ചില എഴുത്തുകാർ അന്യായമായി പെരുപ്പിച്ചുകാട്ടിയിരുന്നു. അതിലുപരി, ഈ പാഠങ്ങളുടെ ആധികാരിക സ്രോതസ്സുകളെ കുറിച്ച് മൗലികവും പക്ഷപാതപരവുമായ ഒരു പഠനവും നടത്താതെ, ഉപരിപ്ലവമായി “ഇസ്‌ലാം” പാശ്ചാത്യ വായനക്കാർക്ക് പഠിപ്പിക്കാൻ ശ്രമിച്ചതും വലിയ വീഴ്ചയാണ്.

അത്തരം വ്യതിയാനങ്ങൾക്കിടയിലും മൂന്ന് വസ്തുതകൾ പ്രത്യേക പരാമർശമർഹിക്കുന്നു:
ഏഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ എല്ലാ മേഖലകളിലും വലിയ നേട്ടങ്ങൾ കൈവരിച്ച സ്ത്രീകളാൽ സമ്പന്നമായിരുന്നു മുസ്‌ലിംകളുടെ ചരിത്രം.

ഏതെങ്കിലും ഇസ്‌ലാമിക നിയമം സ്ത്രീകളോട് മോശമായി പെരുമാറുന്നുണ്ടെങ്കിൽ അതിനെ ന്യായീകരിക്കാൻ ആർക്കും സാധ്യമല്ല. ഇസ്‌ലാമിക നിയമത്തിൽ നൽകിയിരിക്കുന്ന സ്ത്രീകളുടെ വ്യക്തമായ, നിയമപരമായ അവകാശങ്ങൾ റദ്ദാക്കാനോ കുറയ്ക്കാനോ വികലമാക്കാനോ ആരും ധൈര്യപ്പെടുകയുമില്ല.
ചരിത്രത്തിലുടനീളം, മുസ്‌ലിം സ്ത്രീകളുടെ പ്രശസ്തിയും പവിത്രതയും മാതൃത്വവും നിഷ്പക്ഷരായ നിരീക്ഷകരുടെ പ്രശംസയ്ക്ക് പാത്രമായിരുന്നു.

ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകൾ നേടിയെടുത്ത പദവി പുരുഷന്മാരുടെ ദയ കൊണ്ടോ സ്വാഭാവികമായ പുരോഗതി കൊണ്ടോ അല്ല എന്നതും ശ്രദ്ധേയമാണ്. സമൂഹത്തിന് അവളുടെ സംഭാവനയും പ്രവർത്തനവും ആവശ്യമായി വന്നപ്പോൾ സ്ത്രീകളുടെ ഭാഗത്തുനിന്നുള്ള നീണ്ട പോരാട്ടത്തിലൂടെയും ത്യാഗത്തിലൂടെയും നേടിയെടുത്തതാണവ.

ഇസ്‌ലാമിന്റെ കാര്യത്തിൽ അത്തരം അനുകമ്പയും മാന്യവുമായ പദവി വിധിക്കപ്പെട്ടത് ഏഴാം നൂറ്റാണ്ടിലെ പരിസ്ഥിതിയെ പ്രതിഫലിപ്പിക്കുന്നതിനാലോ സ്ത്രീകളുടെയും ഭാഗത്തു നിന്നുള്ള ഭീഷണിയോ സമ്മർദ്ദമോ കൊണ്ടോ അല്ല, മറിച്ച് അതിന്റെ അന്തർലീനമായ സത്യസന്ധത കൊണ്ടാണ്.

ഇത് ഖുർആനിന്റെ ദൈവിക ഉത്ഭവവും ഇസ്‌ലാമിന്റെ സന്ദേശത്തിന്റെ സത്യസന്ധതയും സമരത്ഥിക്കുന്നു. ഇസ്‌ലാം നിഷ്കർഷിക്കുന്ന നിയമസംഹിതകൾ മാനുഷിക പരിതസ്ഥിതിയിൽ നിന്ന് മാറി, അമാനുഷിക സൃഷ്ടിയാണ്.
എല്ലാത്തിനുമുപരി, ഇത് സർവജ്ഞാനിയും സർവ്വജ്ഞനുമായ ദൈവത്തിന്റെ സന്ദേശമാണ്, അവന്റെ ജ്ഞാനവും അറിവും മനുഷ്യന്റെ ചിന്തകൾക്കും പുരോഗതികൾക്കും അപ്പുറമാണ്. (അവസാനിച്ചു)

Bibliography
. The Holy, Qur’an: Translation of verses is heavily based on A. Yusuf Ali’s translation, The Glorious Qur’an, text translation, and Commentary, The American Trust Publication, Plainfield, IN 46168, 1979.
. Abd Al-Ati, Hammudah, Islam in Focus, The American Trust Publications, Plainfield, IN 46168, 1977.
. Allen, E. A., History of Civilization, General Publishing House, Cincinnati, Ohio, 1889, Vol. 3.
. Al Siba’i, Mustafa, Al-Alar’ah Baynal Fiqh Walqanoon (in Arabic), 2nd. ea., Al-Maktabah Al-Arabiah, Halab, Syria, 1966.
. El-Khouli, Al-Bahiy, “Min Usus Kadiat Al-Mara’ah” (in Arabic), A 1- Waay A l-lslami, Ministry of Walcf, Kuwait, Vol.3 (No. 27), June 9, 1967, p.17.
. Encyclopedia Americana (International Edition), American Corp., N.Y., 1969, Vol.29.
. Encyclopedia Biblica (Rev.T.K.Cheynene and J.S.Black, editors), The Macmillan Co., London, England, 1902, Vol.3.
. The Encyclopedia Britannica, (11 th ed.), University Press Cambridge, England, 191 1, Vol.28.
. Encyclopedia Britannica, The Encyclopedia Britannica, Inc., Chicago, III., 1968, Vol.23.
. Hadeeth. Most of the quoted Hadeeth were translated by the writer. They are quoted in various Arabic sources. Some of them, however, were translated directly from the original sources. Among the sources checked are Musnad Ahmad Ibn Hanbal Dar AlMa’aref, Cairo, U.A.R., 1950, and 1955, Vol.4 and 3,SunanIbnMajah, Dar Ihya’a Al-Kutub al-Arabiah, Cairo, U.A.R., 1952, Vol.l, Sunan al-Tirimidhi, Vol.3.
. Mace, David and Vera, Marriage: East and West, Dolphin Books, Doubleday and Co., Inc., N.Y., 1960.

മൊഴിമാറ്റം: മുജ്തബ മുഹമ്മദ്‌

സ്ത്രീയുടെ സ്ഥാനം ഇസ്‌ലാമിൽ (1-3)

സ്ത്രീയുടെ സ്ഥാനം ഇസ്‌ലാമിൽ (2-3)

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles