Current Date

Search
Close this search box.
Search
Close this search box.

വിശുദ്ധ ഖുർആൻ: ചിന്താ രീതിശാസ്ത്രത്തിന്റെ നിയമങ്ങൾ

ഒമാനിലെ വിശുദ്ധ ഖുർആൻ സംരക്ഷണ സംഘം വിശുദ്ധ ഖുർആൻ- ചിന്താ രീതിശാസ്ത്രത്തിന്റെ നിയമങ്ങൾ എന്ന തലക്കെട്ടിൽ നടത്തിയ ലോക ഖുർആൻ കോൺഫറൻസിന്റെ ഉദ്ഘാടനത്തിൽ ഡോ. അഹ്മദ് റെയ്സൂനി നിർവഹിച്ച പ്രസംഗത്തിന്റെ ആമുഖത്തിൽ വിശുദ്ധ ഖുർആന്റെ രണ്ട് വശങ്ങളിലേക്ക് സൂചന നൽകുന്നുണ്ട്. ഒന്നാമത്തെ വശമെന്നത് സന്മാർഗത്തിനുതകന്നുതും, തേട്ടങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിനും വേണ്ടിയുള്ള യാഥാർഥ്യങ്ങളും നിർണിതമായ വിധികളും ഉൾകൊള്ളുന്നതാണ്. രണ്ടാമത്തെ വശമെന്നത് ശരിയായ രീതിയിൽ മനസ്സിലാക്കുന്നതിനും, ഗുണപാഠങ്ങൾ സ്വീകരിക്കുന്നതിനും, ചിന്തിക്കുന്നതിനും, നിരീക്ഷണങ്ങൾ നടത്തുന്നതിനുമുള്ള രീതിശാസ്ത്ര നിയമങ്ങളാണ്. അത് വിധികളും, യാഥാർഥ്യങ്ങളും കൂടുതൽ അറിയുന്നതിന് അവസരം നൽകുന്നു. ഈ നിയമങ്ങൾ സംക്ഷിപ്തമായി താഴെ വിശദീകരിക്കുകയാണ്.

ഹിക്മത്തിന്റെ രീതിശാസ്ത്രപരമായ പരിമാണം:

ധാരാളം സൂക്തങ്ങളിലായി അല്ലാഹു അവന്റെ ദൂതന്മാർക്ക് ഗ്രന്ഥങ്ങളും ഹിക്മത്തും ഇറക്കികൊടുത്തതായി പറയുന്നു. അവർ നിയോഗിക്കപ്പെട്ടത് ജനങ്ങളെ ഗ്രന്ഥവും ഹിക്മത്തും പഠിപ്പിക്കുന്നതിന് വേണ്ടിയാണ്. ഹിക്മത്തെന്നത് കാര്യങ്ങളെ ശരിയായ രീതിയിൽ മനസ്സിലാക്കുകയും, അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുകയെന്നതല്ലാതെ മറ്റൊന്നുമല്ല. വിജ്ഞാനത്തെയും പ്രവർത്തനത്തെയും പൂർണതയിലെത്തിക്കുകയെന്നതാണ് ഹിക്മത്ത്. കൂടാതെ, അനുയോജ്യമായ സന്ദർഭങ്ങളിൽ വാക്കുകളും, പ്രവർത്തികളും, വിധികളും അവതരിപ്പിക്കുകയെന്നതും ഹിക്മത്താണ്. അതുകൊണ്ടാണ് അല്ലാഹു പറഞ്ഞത്, ‘താൻ ഉദ്ദേശിക്കുന്നവർക്ക് അല്ലാഹു യഥാർഥ ജ്ഞാനം (ഹിക്മത്ത്) നൽകുന്നു. എതൊരുവന്ന് യഥാർഥ ജ്ഞാനം നൽകപ്പെടുന്നുവോ അവന്ന് (അതുവഴി) അത്യധികമായ നേട്ടമാണ് നൽകപ്പെടുന്നത്. എന്നാൽ ബുദ്ധിശാലികൾ മാത്രമേ ശ്രദ്ധിച്ച് മനസ്സിലാക്കുകയുള്ളൂ.’ (അൽബഖറ: 269) നിയോഗിക്കപ്പെട്ട മുഴുവൻ പ്രവാചകന്മാരും കൊണ്ടുവന്ന ശരിയായ രീതിശാസ്ത്രത്തിന്റെ പൂർണമായ ആവിഷ്കാരമാണ് ഹിക്മത്തും ഹിക്മത്ത് പഠിപ്പിക്കുകയെന്നതും. അത് വിശുദ്ധ ഖുർആനിലെ ഒരുപാട് സൂക്തങ്ങളിൽ വ്യക്തമാക്കപ്പെട്ടതാണ്.

Also read: ഇഷ്ടപ്പെട്ട പുസ്തകം എതെന്ന ചോദ്യത്തിന് ജി എസ് പ്രദീപിനുള്ള ഉത്തരം

ചില ഉദാഹരണങ്ങൾ:
‘തീർച്ചയായും സത്യവിശ്വാസികളിൽ അവരിൽ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവർക്ക് നൽകിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ അവർക്ക് ഓതികേൾപ്പിക്കുകയും, അവരെ സംസ്കരിക്കുകയും, അവർക്ക് ഗ്രന്ഥവും ജ്ഞാനവും (ഹിക്മത്ത്) പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ വ്യക്തമായ വഴികേടിൽ തന്നെയായിരുന്നു.’ (ആലുഇംറാൻ: 164)
‘അല്ലാഹു നിങ്ങൾക്ക് ചെയ്ത അനുഗ്രഹം നിങ്ങൾ ഓർക്കുക. നിങ്ങൾക്ക് സാരോപദേശം നൽകികൊണ്ട് അവനവതരിപ്പിച്ച വേദവും വിജ്ഞാനവും (ഹിക്മത്ത്) ഓർമിക്കുക.’ (അൽബഖറ: 231)
‘ലുഖ്മാന് നാം തത്വജ്ഞാനം (ഹിക്മത്ത്) നൽകുകയുണ്ടായി, നീ അല്ലാഹുവോട് നന്ദികാണിക്കുക.’ (ലുഖ്മാൻ: 12)

തെളിവുകളും പ്രമാണങ്ങളും മുറുകെ പിടിക്കുന്നതിനുള്ള ആഹ്വാനം:

വൈജ്ഞാനികവും, പ്രായോഗികവുമായ ഹിക്മത്ത് (പൂർണാർഥത്തിൽ, സമഗ്രമായി മനസ്സിലാക്കുകയെന്നത്) ആദ്യമായി തേടുന്നത് ഏതുകാര്യത്തിലെ ചിന്തയും യുക്തിയും തെളിവുകളുടെയും പ്രമാണങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണമെന്നതാണ്. അതുകൊണ്ടാണ് വിശുദ്ധ ഖുർആൻ എന്തെങ്കിലുമൊന്ന് വിശ്വസിക്കുകയോ അല്ലെങ്കിൽ വിധിക്കുകയോ ചെയ്യുമ്പോൾ തെളിവുകളെയും പ്രമാണങ്ങളെയും മുന്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്നത്.
‘ആർക്കെങ്കിലും സ്വർഗത്തിൽ പ്രവേശിക്കണമെങ്കിൽ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ് അവർ പറയുന്നത്. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാൽ (നബിയേ) പറയുക: നിങ്ങൾ സത്യവാന്മാരാണെങ്കിൽ (അതിന്ന്) നിങ്ങൾക്ക് കിട്ടിയ തെളിവ് കൊണ്ട് വരൂ എന്ന്.’ (അൽബഖറ: 111)
‘അതല്ല, അവന്ന് പുറമെ അവർ ദൈവങ്ങളെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: എങ്കിൽ നിങ്ങൾക്കതിനുള്ള പ്രമാണം കൊണ്ട് വരിക. ഇതു തന്നെയാകുന്നു എന്റെ കൂടെയുള്ളവർക്കുള്ള ഉൽബോധനവും എന്റെ മുമ്പുള്ളവർക്കുള്ള ഉൽബോധനവും. പക്ഷേ, അവരിൽ അധികപേരും സത്യം അറിയുന്നില്ല. അതിനാൽ അവർ തിരിഞ്ഞുകളയുകയാകുന്നു.’ (അൽഅമ്പിയാഅ്: 24)
‘(നബിയേ) പറയുക: അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ചു പ്രാർഥിക്കുന്നതിനെ പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയിൽ അവർ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങൾ എനിക്ക് കാണിച്ചുതരൂ. അതല്ല ആകാശങ്ങളുടെ സൃഷ്ടിയിൽ വല്ല പങ്കും അവർക്കുണ്ടോ? നിങ്ങൾ സത്യവാന്മാരാണെങ്കിൽ ഇതിന് മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ, അറിവിന്റെ വല്ല അംശമോ നിങ്ങൾ എനിക്ക് കൊണ്ടു വന്നു തരൂ.’ (അൽഅഹ്ഖാഫ്: 4)

Also read: കുട്ടികളിൽ പ്രായത്തിനൊത്ത പക്വതയെ വളർത്തണം

ചിന്തിക്കുകയും, ബുദ്ധി ഉപയോഗിക്കുകയും ചെയ്യുക:

മനസ്സിലാക്കുന്നതിനും, അറിയുന്നതിനും, കാര്യങ്ങൾ യാഥാർഥ്യമാക്കുന്നതിനും കാണുകയും, കേൾക്കുകയും, ബുദ്ധി ഉപോയഗിക്കുകയും ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യത്യസ്ത സന്ദർഭങ്ങളിലുള്ള ധാരാളം സൂക്തങ്ങൾ കാണാൻ കഴിയുന്നതാണ്. മനസ്സിലാക്കുന്നതിനും, ഗ്രഹിക്കുന്നതിനും, നിരീക്ഷിക്കുന്നതിനും കാഴ്ച, കേൾവി, ബുദ്ധി എന്നീ മൂന്ന് അനുഗ്രഹങ്ങൾ മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ട മാർഗങ്ങളാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇവ്വിഷയകമായി വന്നിട്ടുള്ള ഖുർആനിക സൂക്തങ്ങൾ:
‘നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളിൽ നിന്ന് നിങ്ങൾക്ക് യാതൊന്നും അറിഞ്ഞ് കൂടാത്ത അവസ്ഥയിൽ അല്ലാഹു നിങ്ങളെ പുറത്ത് കൊണ്ടു വന്നു. നിങ്ങൾക്ക് അവൻ കേൾവിയും, കാഴ്ചയും, ഹൃദയങ്ങളും നൽകുകയും ചെയ്തു. നിങ്ങൾ നന്ദിയുള്ളവരാകാൻ വേണ്ടി.’ (അന്നഹൽ: 78)
‘നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്.’ (അൽഇസ്റാഅ്: 36)

കാഴ്ചയും, കേൾവിയും, ബുദ്ധിയും വേണ്ടവിധത്തിൽ ഉപയോഗിക്കുകയോ പ്രയോജനപ്പെടുത്തുകയോ ചെയ്യാത്തവരെ വിശുദ്ധ ഖുർആൻ വിശേഷിപ്പിച്ചത് കന്നുകാലികളോടാണ്, ഏറ്റവും മോശമായ രീതിയിലുമാണ്. അവർ എല്ലാം തലതിരിഞ്ഞാണ് കാണുക.
‘അപ്പോൾ, മുഖം നിലത്തു കുത്തിക്കൊണ്ട് നടക്കുന്നവനാണോ സന്മാർഗം പ്രാപിക്കുന്നവൻ? അതല്ല നേരെയുള്ള പാതയിലൂടെ ശരിക്ക് നടക്കുന്നവനോ? പറയുക: അവനാണ് നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കുകയും നിങ്ങൾക്ക് കേൾവിയും കാഴ്ചയും ഹൃദയങ്ങളും ഏർപ്പെടുത്തിത്തരികയും ചെയ്തവൻ. കുറച്ചു മാത്രമേ നിങ്ങൾ നന്ദികാണിക്കുന്നുള്ളൂ.’ (അൽമുൽക്ക്: 22,23)
‘ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവർക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവർ കാര്യം ഗ്രഹിക്കുകയില്ല. അവർക്ക് കണ്ണുകളുണ്ട്. അതുപയോഗിച്ച് അവർ കണ്ടറിയുകയില്ല. അവർക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവർ കേട്ടു മനസ്സിലാക്കുകയില്ല. അവർ കാലികളെപ്പോലെയാകുന്നു. അല്ല, അവരാണ് കൂടുതൽ വഴിപിഴച്ചവർ. അവർ തന്നെയാണ് ശ്രദ്ധയില്ലാത്തവർ.’ (അൽഅഅ്റാഫ്: 179)

Also read: സാമൂഹ്യ ധാര്‍മികത ഇസ്‌ലാമില്‍

വിശുദ്ധ ഖുർആൻ പറയുന്ന ഉപമകൾ:

ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ വിശുദ്ധ ഖുർആൻ ധാരാളം ഉപമകളും ഉദാഹരണങ്ങളും പറയുന്നതായി കാണാവുന്നതാണ്. അത് വ്യക്തമാക്കുന്നതോടൊപ്പം അതിന്റെ പ്രാധാന്യവും എടുത്തുപറയുന്നുണ്ട്. ഈ ഉപമകൾ മനസ്സിലാക്കുന്നതിനും, അതിന്റെ രീതിപരവും വൈജ്ഞാനികപരവുമായ ലക്ഷ്യങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനും ആലോചിക്കുന്നതിനും വിശുദ്ധ ഖുർആൻ പ്രേരിപ്പിക്കുന്നു.
‘ആ ഉപമകൾ നാം മനുഷ്യർക്ക് വേണ്ടി വിവരിക്കുകയാണ്. അറിവുളളവരല്ലാതെ അവയെപ്പറ്റി ചിന്തിച്ച് മനസ്സിലാക്കുകയില്ല.’ (അൽഅൻകബൂത്ത്: 43)
‘ആ ഉദാഹരണങ്ങൾ നാം ജനങ്ങൾക്ക് വേണ്ടി വിവരിക്കുന്നു. അവർ ചിന്തിക്കുവാൻ വേണ്ടി.’ (അൽഹശർ: 21)
‘തീർച്ചയായും ഈ ഖുർആനിൽ ജനങ്ങൾക്ക് വേണ്ടി നാം എല്ലാവിധത്തിലുമുളള ഉപമകൾ വിവരിച്ചിട്ടുണ്ട്. അവർ ആലോചിച്ച് മനസ്സിലാക്കാൻ വേണ്ടി.’ (അസ്സുമർ: 27)
പ്രത്യേകമായതിൽ നിന്ന് പൊതുവായതിലേക്കും, വ്യക്തിയിൽ നിന്ന് കേവലതയിലേക്കും, ഭാഗികമായതിൽ നിന്ന് പൂർണതയിലേക്കും ജനങ്ങളുടെ ചിന്തയെ തിരിക്കുന്നതിന് പഠിപ്പിക്കുകയാണ് ഉപമകൾ പറയുന്നതിലൂടെ വിശുദ്ധ ഖുർആൻ ചെയ്യുന്നത്. വ്യക്തികളുടെയോ പ്രവർത്തനങ്ങളുടെയോ സ്വഭാവിശേഷണങ്ങളുടെയോ നിർണിതമായതും ഭാഗികമായതുമായ അവസ്ഥയോ വസ്തുതയോ ആണ് ഉപമകൾ. എന്നാൽ, നല്ലതോ ചീത്തതോ ആയ ഈ ഉപമകൾ ആവർത്തിക്കപ്പെടുന്നതായിരിക്കും. അല്ലാഹുവിന്റെ നടപടിക്രമം അവന്റെ സൃഷ്ടികളിൽ അങ്ങനെ തുടർന്നുകൊണ്ടിരിക്കുമെന്നതാണ്. വിശുദ്ധ ഖുർആനിൽ പറയപ്പെട്ട ഉപമകൾ സമാന രീതിയിലുള്ള സംഭവങ്ങളിലൂടെ പൂർണാർഥത്തിലുള്ള ഗുണുപാഠങ്ങളും, വിശദീകരണങ്ങളും നൽകുന്നതാണ്. ‘തൗറാത്ത് സ്വീകരിക്കാൻ ചുമതല ഏൽപ്പിക്കപ്പെടുകയും, എന്നിട്ട് അത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ (യഹൂദരുടെ) ഉദാഹരണം ഗ്രന്ഥങ്ങൾ ചുമക്കുന്ന കഴുതയുടേത് പോലെയാകുന്നു.’ (അൽജുമുഅ: 5) ഖിയാമത്ത് നാളുവരെ നിലനിൽക്കുന്ന സമാനമായ എല്ലാ അവസ്ഥകളെയുമാണ് ഇത് സത്യപ്പെടുത്തുന്നത്. ഇത് പൊതുവായ താക്കീതാണ്; പുതിയ മുന്നറിയിപ്പുമാണ്.

ഈ രീതിശാസ്ത്രങ്ങൾക്ക് ശേഷം വിഷയത്തിന്റെ മറ്റൊരു വശത്തേക്കാണ് പ്രവേശിക്കുന്നത്. ശരിയായ ചിന്തിക്കുന്നതിനുള്ള നിയമങ്ങൾ സ്ഥാപിക്കുകയും പഠിപ്പിക്കുയും ചെയ്തുകൊണ്ട് മാത്രം വിശുദ്ധ ഖുർആൻ മതിയാക്കുന്നില്ല. അതോടൊപ്പം, മനുഷ്യ ചിന്തയെ വഴിത്തെറ്റിക്കുകയും അപകടത്തിലാക്കുകയും ചെയ്യുന്ന ചില പ്രശ്നങ്ങളും പ്രതിബന്ധങ്ങളും ശക്തമായ മുന്നറിയിപ്പായി അവതരിപ്പിക്കുന്നു. അവയിൽ ചിലതാണ് താഴെ വിശദീകരിക്കുന്നത്.

Also read: ഗാസ; പറഞ്ഞു തീരാത്ത കഥകൾ

അനുകരിക്കുകയും തൂങ്ങിക്കിടക്കുകയും ചെയ്യുക:

അല്ലാഹു മനുഷ്യന് നൽകിയിട്ടുള്ള സമ്മാനമായ ബുദ്ധിയും ചിന്തയും വ്യക്തിപരമായി (عينية) നൽകിയിട്ടുള്ള സമ്മാനമാണ്; കുറച്ചാരെങ്കിലും (كفائية) ഉപയോഗിക്കുന്നതിന് വേണ്ടി മാത്രം നൽകിയതല്ല. അതിനാൽ തന്നെ വ്യക്തിയെന്ന നിലയിൽ ഓരോരുത്തരും സ്വന്തത്തിന് വേണ്ടി സ്വയം ചിന്തിക്കുകയെന്നത് നിർബന്ധമാകുന്നു. പരലോകവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രത്യേകിച്ചും. പരലോകവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചിന്തിക്കുന്നതിന് ആരെങ്കിലും ഏൽപ്പിക്കുകയെന്നത് സ്വീകരിക്കപ്പെടുകയില്ല. ചിന്തിക്കുകയും വേർതിരിച്ച് മനസ്സിലാക്കുകയും ചെയ്യാതെ മറ്റുള്ളവരെ അവലംബിക്കുകയും പിൻപറ്റുകയും ചെയ്യുന്ന ബുദ്ധി ഉപയോഗിക്കാത്ത ധാരാളം ആളുകളെ ശക്തമായ സ്വരത്തിൽ ആവർത്തിച്ചുകൊണ്ട് വിശുദ്ധ ഖുർആൻ വിമർശിക്കുന്നതായി കാണാവുന്നതാണ്.
‘അല്ലാഹു അവതരിപ്പിച്ചത് നിങ്ങൾ പിൻപറ്റി ജീവിക്കുകയെന്ന് അവരോട് ആരെങ്കിലും പറഞ്ഞാൽ, അല്ല, ഞങ്ങളുടെ പിതാക്കാൾ സ്വീകരിച്ചതായി കണ്ടതേ ഞങ്ങൾ പിൻപറ്റുകയുള്ളൂ എന്നായിരിക്കും അവർ പറയുന്നത്. അവരുടെ പിതാക്കൾ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേർവഴി കണ്ടെത്താത്തവരുമായിരുന്നെങ്കിൽ പോലും (അവരെ പിൻപറ്റുകയാണോ?).’ (അൽബഖറ: 170)
‘അല്ലാഹു അവതരിപ്പിച്ചതിലേക്കും, റസൂലിലേക്കും വരുവിൻ എന്ന് അവരോട് പറയപ്പെട്ടാൽ, ഞങ്ങളുടെ പിതാക്കളുടെ ഏതൊരു നിലപാടാണോ ഞങ്ങൾ കണ്ടെത്തിയത് അതു മതി ഞങ്ങൾക്ക് എന്നായിരിക്കും അവർ പറയുക. അവരുടെ പിതാക്കൾ യാതൊന്നുമറിയാത്തവരും, സന്മാർഗം പ്രാപിക്കാത്തവരും ആയിരുന്നാൽ പോലും (അത് മതിയെന്നോ?).’ (അൽമാഇദ: 104)

ഊഹത്തെയും കളവിനെയും സ്വീകരിക്കുക:ഇത് മറ്റൊരു അപകടവും, വ്യതിചലനവുമാണ്. വിഷയത്തിൽ നിന്നും, ശരിയായതിൽ നിന്നും ചിന്ത ഇതുമുഖേന തെറ്റിപോകുന്നു. ഉറവിടങ്ങളും തെളിവുകളും കണ്ടെത്തി സ്ഥിരപ്പെടുത്തുന്നതിനോ യാഥാർഥ്യമെന്തെന്ന് അന്വേഷിക്കുന്നതിനോ ക്ഷമയോടെ കാത്തിരിക്കാതെ ഒരുപാട് ആളുകൾ തോന്നലുകളുടെയും, ഊഹങ്ങളുടെയും, തങ്ങളുടെ മനസ്സിലെ ഭാവനകളുടെയും പിന്നാലെ പോകുന്നു. അല്ലാഹു പറയുന്നു:
‘അവരിൽ അധികപേരും ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്. തീർച്ചയായും സത്യത്തിന്റെ സ്ഥാനത്ത് ഊഹം ഒട്ടും പര്യാപ്തമാവുകയില്ല. തീർച്ചയായും അല്ലാഹു അവർ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം അറിയുന്നവനാകുന്നു.’ (യൂനുസ്: 36)
‘ഊഹത്തെയും മനസ്സുകൾ ഇച്ഛിക്കുന്നതിനെയും മാത്രമാണ് അവർ പിന്തുടരുന്നത്. അവർക്ക് തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് സന്മാർഗം വന്നിട്ടുണ്ട് താനും. അതല്ല, മനുഷ്യന് അവൻ മോഹിച്ചതാണോ ലഭിക്കുന്നത്? എന്നാൽ അല്ലാഹുവിന്നാകുന്നു ഇഹലോകവും പരലോകവും.’ (അന്നജ്മ്: 23-25)വ്യത്യസ്ത്യങ്ങളായവയെ സമീകരിക്കുകയും, ഊഹങ്ങളെ വേർതിരിച്ച് മനസ്സിലാക്കാതിരിക്കുകയും ചെയ്യുക:

അബദ്ധപൂർണമായോ ഉപരിപ്ലവമായോ ശ്രദ്ധിക്കാതെയോ സംഭവിക്കുന്നതാണിത്. അല്ലാഹുവിന്റെ നടപടിക്രമവും അവന്റെ നീതിയെന്നതും നിലകൊള്ളുന്നത് വ്യത്യസ്തങ്ങളായവയെ വേർതിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്. എല്ലാ വിധികൾക്കും അതിന്റേതായ സ്ഥാനം നൽകുക, എല്ലാ സത്യത്തെയും സത്യമായി കാണുകയെന്നതാണ് അല്ലാഹുവിന്റെ നടപടിക്രമം. വ്യത്യസ്തങ്ങളായവയെ വേർതിരിക്കാതെ കൂട്ടികലർത്തുന്നവരെ അല്ലാഹു ശക്തമായ രീതിയിൽ ആക്ഷേപിക്കുന്നുണ്ട്. ഈ സൂക്തങ്ങളിൽ അവ കാണാവുന്നതാണ്.

‘തീർഥാടകന്ന് കുടിക്കാൻ കൊടുക്കുന്നതും, മസ്ജിദുൽ ഹറാം പരിപാലിക്കുന്നതും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, അല്ലാഹുവിന്റെ മാർഗത്തിൽ സമരം നടത്തുകയും ചെയ്യുന്നവരുടെ പ്രവർത്തനത്തിന് തുല്യമായി നിങ്ങൾ കണക്കാക്കിയിരിക്കുകയാണോ? അവർ അല്ലാഹുവിങ്കൽ ഒരുപോലെയാവുകയില്ല. അല്ലാഹു അക്രമികളായ ആളുകളെ സന്മാർഗത്തിലാക്കുകയില്ല. വിശ്വസിക്കുകയും സ്വദേശം വെടിയുകയും തങ്ങളുടെ സ്വത്തും ശരീരവും കൊണ്ട് അല്ലാഹുവിന്റെ മാർഗത്തിൽ സമരം നടത്തുകയും ചെയ്തവർ അല്ലാഹുവിങ്കൽ ഏറ്റവും മഹത്തായ പദവിയുള്ളവരാണ്. അവർ തന്നെയാണ് വിജയം പ്രാപിച്ചവർ.’ (അത്തൗബ: 19,20)

Also read: ആൽപ് അർസലാൻ എന്ന മാൻസികേർട്ടിലെ സിംഹം

‘പലിശ തിന്നുന്നവർ പശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവൻ എഴുന്നേൽക്കുന്നത് പോലെയല്ലാതെ എഴുന്നേൽക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവർ പറഞ്ഞതിന്റെ ഫലമെത്ര അത്. എന്നാൽ കച്ചവടം അല്ലാഹു അനുവദിക്കുകയും, പലിശ അല്ലാഹു നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്.’ (അൽബഖറ: 275)
‘അപ്പോൾ മുസ് ലിംകളെ നാം കുറ്റവാളികളപോലെ ആക്കുമോ? നിങ്ങൾക്കെന്തു പറ്റി? നിങ്ങൾ എങ്ങനെയാണ് വിധികൽപിക്കുന്നത്? അതല്ല, നിങ്ങൾക്ക് വല്ല ഗ്രന്ഥവും കിട്ടിയത് നിങ്ങളതിൽ പഠനം നടത്തിക്കൊണ്ടിരിക്കുകയാണോ?’ (അൽഖലം: 35-38)
‘അതല്ല, തിന്മകൾ പ്രവർത്തിച്ചവർ വിചാരിച്ചിരിക്കുകയാണോ, അവരെ നാം വിശ്വസിക്കുകുയം സത്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെപ്പോലെ, അതായത് അവരുടെ (രണ്ട് കൂട്ടരുടെയും) ജീവിതവും മരണവും തുല്യമായ നിലയിൽ ആക്കുമെന്ന്? അവർ വിധി കൽപിക്കുന്നത് വളരെ മോശം തന്നെ.’ (അൽജാസിയ: 21)

വിവ: അർശദ് കാരക്കാട്

Related Articles