Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ വഴികാണിക്കുന്നു

മനുഷ്യരൊഴിച്ചുള്ള ജീവികൾക്കെല്ലാം വിവേചനശേഷി ജന്മസിദ്ധമാണ്. ജീവിതം എങ്ങനെയാവണമെന്ന് അവയെ ആരും പഠിപ്പിക്കേണ്ടതില്ല. മുട്ടയിൽ നിന്ന് വിരിഞ്ഞിറങ്ങുന്ന കോഴിക്കുഞ്ഞ് വെള്ളാരം കല്ലും അരിയും തിരിച്ചറിയുന്നു. അരി മാത്രം കൊത്തിത്തിന്നുന്നു. പിറന്നുവീഴുന്ന പശുക്കിടാവ് സ്വന്തം അമ്മയുടെ അകിടിൽ നിന്ന് മാത്രം പാലുകുടിക്കുന്നു. പക്ഷിക്കുഞ്ഞിന് പറക്കാനോ മത്സ്യക്കുഞ്ഞിന് നീന്താനോ ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ല. കാലാവസ്ഥാഭേദം പോലും തിരിച്ചറിഞ്ഞ് അനുയോജ്യമായ ഇടം കണ്ടെത്താൻ ആർട്ടിക് ടേൺ പക്ഷിക്ക് കഴിയുന്നു. ആർട്ടിക്കിലെ കാലാവസ്ഥ പ്രതികൂലമാകുമ്പോൾ പതിനെണ്ണായിരത്തോളം കിലോമീറ്റർ ദൂരെയുള്ള അന്റാർട്ടിക്കിലേക്ക് അത് പറന്നു പോകുന്നു. അവിടെ വെച്ച് മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളാണ് ആദ്യം തിരിച്ച് പറക്കുക. ആരും അതിനെ അതൊന്നും പഠിപ്പിക്കേണ്ടതില്ല. അഥവാ മനുഷ്യരൊഴിച്ച് എല്ലാ ജീവികളും ജന്മവാസനകൾക്കനുസരിച്ച് ജീവിക്കുന്നു. തങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കുന്നു.

എന്നാൽ മനുഷ്യന്റെ അവസ്ഥ തീർത്തും വ്യത്യസ്തമാണ്. പിറന്നുവീഴുന്ന മനുഷ്യ ശിശുവിന് മുതിർന്നവർ ആഹാരപാനീയങ്ങൾ മാത്രം നൽകിയാൽ പോരാ; ജീവിത പാഠങ്ങളും നൽകണം. പരസഹായം കൂടാതെ നന്മതിന്മകൾ, ശരിതെറ്റുകൾ, ധർമാധർമങ്ങൾ, നീതി അനീതികൾ, ന്യായാന്യായങ്ങൾ, സന്മാർഗദുർമാർഗങ്ങൾ പോലുള്ളവ തിരിച്ചറിയുക സാധ്യമല്ല. മുതിർന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ മനുഷ്യശിശു സ്വന്തം വിസർജ്യം ഭക്ഷിക്കും. അതുകൊണ്ടുതന്നെ മനുഷ്യന് ജീവിത ലക്ഷ്യവും മാർഗവും മൂല്യങ്ങളും ക്രമങ്ങളും പഠിപ്പിക്കാനുള്ള സംവിധാനം അനിവാര്യമാണ്. അവനെ സൃഷ്ടിച്ച് സംരക്ഷിക്കുന്ന ദൈവം തന്നെ അതിനു സംവിധാനമൊരുക്കിയിട്ടുണ്ട്. ഭൂമിയിൽ ജീവിതം ആരംഭിച്ച ആദ്യത്തെ മനുഷ്യനോട് തന്നെ ദൈവം പറഞ്ഞു: ”എന്റെ മാർഗദർശനം നിങ്ങൾക്ക് വന്നെത്തും. തീർച്ചയായും എന്റെ മാർഗം പിന്തുടരുന്നവർ നിർഭയരായിരിക്കും. ഒട്ടും ദുഃഖമില്ലാത്തവരും. എന്നാൽ അതിനെ അവിശ്വസിക്കുകയും നമ്മുടെ തെളിവുകളെ തള്ളിപ്പറയുകയും ചെയ്യുന്നവരോ, അവരാണ് നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും.” (ഖുർആൻ: 2:38,39)

തുടർന്ന് ലോകത്തിലെ എല്ലാ രാജ്യത്തും എല്ലാ കാലത്തും ദൈവത്തിന്റെ മാർഗദർശനവുമായി അവന്റെ ദൂതന്മാർ നിയോഗിതരായിക്കൊണ്ടിരുന്നു. ആ പരമ്പരയിലെ അവസാന കണ്ണിയാണ് മുഹമ്മദ് നബി. പൂർവികരായ പ്രവാചകന്മാർക്ക് നൽകിയ ജീവിതപാഠങ്ങൾ തന്നെയാണ് മുഹമ്മദ് നബിക്കും നൽകിയത്. എന്നാലത് സമഗ്രവും എല്ലാ പ്രദേശത്തുകാർക്കും എക്കാലത്തേക്കുമുള്ളതാണ്. വിശുദ്ധ ഖുർആനിലാണ് അതുള്ളത്. ഒരക്ഷരം പോലും മാറ്റത്തിരുത്തലുകൾക്ക് വിധേയമാകാതെ ആ ഗ്രന്ഥം സംരക്ഷിക്കപ്പെടുമെന്ന് ദൈവത്താൽ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. പതിനാല് നൂറ്റാണ്ടുകൾക്ക് ശേഷവും അതിന്നും ദൈവത്തിൽനിന്ന് മുഹമ്മദ് നബിക്ക് ലഭിച്ച പോലെത്തന്നെ നിലകൊള്ളുന്നു.

വായന
ഖുർആന്റെ അർഥം വായന, വായിക്കപ്പെടുന്നത് എന്നൊക്കെയാണ്.ഇന്നും ലോകത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഗ്രന്ഥം ഖുർആനാണ്. ഇരുനൂറ് കോടിയോളം വരുന്ന അതിന്റെ അനുയായികൾ ജീവിതത്തിൽ ശരാശരി അമ്പതും അറുപതും തവണ അത് പാരായണം ചെയ്യുന്നു. ദിനേന നമസ്‌കാരത്തിൽ അഞ്ചുതവണ ഖുർആനിൽ നിന്ന് അല്പമെങ്കിലും പാരായണം ചെയ്യാത്ത ഒരൊറ്റ വിശ്വാസിയുമില്ല. അതിലെ ചില ഭാഗമെങ്കിലും കാണാതെ പഠിക്കാത്തവരും വിശ്വാസികളിലുണ്ടാവില്ല.

114 അദ്ധ്യായങ്ങളാണ് ഖുർആനിലുള്ളത്. സൂറത്ത് എന്നാണ് അധ്യായത്തിന് അറബിയിൽ പറയുക. 6236 വാക്യങ്ങളാണ് അതിലുള്ളത്. ‘ആയത്ത്’എന്നാണ് വാക്യത്തിന് പറയുക.

ഖുർആൻ അല്ലാഹുവിന്റെ സന്ദേശമാണ്. അത് മുഴുവൻ മനുഷ്യർക്കുമുള്ളതാണ്. എല്ലാവരും അതിൽ സമാവകാശികളാണ്. ആർക്കും അതിലൊരു പ്രത്യേകാവകാശവുമില്ല. അത് പാരായണം ചെയ്യുന്നവരെല്ലാം ദൈവത്തിന്റെ സംബോധിതരാണ്. ദൈവം ഖുർആനിലൂടെ മനുഷ്യരോട് സംസാരിക്കുന്നു. കൽപനകളും നിർദേശങ്ങളും നൽകുന്നു. വിധിവിലക്കുകൾ പറഞ്ഞുകൊടുക്കുന്നു. ജയാപജയങ്ങളുടെ വഴി ചൂണ്ടിക്കാണിക്കുന്നു. ചരിത്ര സംഭവങ്ങളുദ്ധരിച്ച് ജീവിതപാഠങ്ങൾ നൽകുന്നു.

ദൈവം പ്രവാചകനോട് പറയുന്നു: ”യുക്തിജ്ഞനും സർവ്വജ്ഞനുമായവനിൽ നിന്നാണ് നീ ഈ ഖുർആൻ ഏറ്റുവാങ്ങുന്നത്”(27:6)
”മുഴുവൻ ലോകരുടെയും നാഥനിൽ നിന്ന് അവതീർണമായതാണിത്.” (56:80)

മുഴുവൻ മനുഷ്യർക്കുമായി നൽകപ്പെട്ട ഗ്രന്ഥമാണ് ഖുർആൻ. ദൈവം പ്രവാചകനോട് പറയുന്നു: ”നിനക്ക് നാം ദിവ്യബോധനം നൽകിയത് ജനങ്ങൾക്കായി ഇറക്കപ്പെട്ട ഈ ഗ്രന്ഥം വിശദീകരിക്കുന്നതിനു വേണ്ടിയാണ്”(16:44)

തുടക്കം
ചരിത്രത്തിന്റെ തുറവിയിലാണ് മുഹമ്മദ് നബി ജനിച്ചതും ജീവിച്ചതും. ക്രിസ്താബ്ദം 569 ജൂൺ 17 നായിരുന്നു ജനനം.
ജന്മനാട് മക്കാ താഴ്‌വരയാണ്. അവിടത്തെ മഹാ ഭൂരിപക്ഷത്തെപ്പോലെ അദ്ദേഹവും നിരക്ഷരനായിരുന്നു. ചെറുപ്രായത്തിൽ ഇടയ വൃത്തിയിലേർപ്പെട്ടു. യുവത്വം പ്രാപിക്കുന്നതിന് മുമ്പുതന്നെ കച്ചവടക്കാരനായി. നാട്ടിൽ നില നിന്നിരുന്ന അന്ധവിശ്വാസം, അനാചാരം, അധർമം, അശ്ലീലത, അക്രമം, അനീതി, മദ്യപാനം, വ്യഭിചാരം, കളവ്, ചതി പോലുള്ള എല്ലാ ദുർവൃത്തികളിൽ നിന്നും പൂർണമായും വിട്ടുനിന്നു.ജീവിതത്തിലൊരിക്കലും കള്ളം പറയാത്തതിനാൽ സത്യസന്ധൻ എന്നർഥം വരുന്ന ‘അൽഅമീൻ’ എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

മക്ക കവികളുടെയും പ്രസംഗകരുടെയും സാഹിത്യകാരന്മാരുടെയും നാടായിരുന്നു. എന്നിട്ടും മുഹമ്മദ് പാഠശാലകളിൽ പോവുകയോ മത ചർച്ചകളിൽ പങ്കെടുക്കുകയോ സാഹിത്യ സദസ്സുകളിൽ സംബന്ധിക്കുകയോ ചെയ്തിരുന്നില്ല. നാൽപതു വയസ്സുവരെ അദ്ദേഹം ഒരൊറ്റ വരി ഗദ്യമോ പദ്യമോ രചിച്ചിരുന്നില്ല. പ്രസംഗപാടവം പ്രകടിപ്പിച്ചിരുന്നില്ല.

നാൽപതാം വയസ്സിലേക്ക് പ്രവേശിച്ചതോടെ മുഹമ്മദ് മക്കയിലെ മലിനമായ അന്തരീക്ഷത്തിൽ നിന്ന് മാറി ധ്യാനത്തിലും പ്രാർഥനയിലും വ്യാപൃതനായി. അവിടെ നിന്ന് മൂന്ന് കിലോമീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന ഹിറാഗുഹയിലാണ് തനിച്ച് കഴിഞ്ഞിരുന്നത്. അവിടെ കഴിയവേ ദൈവ വചനങ്ങളുടെ ലിഖിതവുമായി ദൈവത്തിന്റെ അദൃശ്യനായ സന്ദേശ വാഹകൻ ഗബ്രിയേൽ മാലാഖ അദ്ദേഹത്തെ സമീപിച്ചു. ഗബ്രിയേൽ കൽപിച്ചു: ‘വായിക്കുക’. ഇതുകേട്ട മുഹമ്മദ് പ്രതിവചിച്ചു: ”എനിക്ക് വായിക്കാന റിയില്ല.” ഗബ്രിയേൽ വീണ്ടും വായിക്കാൻ കൽപിച്ചു. അപ്പോഴും പ്രവാചകൻ തന്റെ മറുപടി ആവർത്തിച്ചു.മൂന്നാം തവണ വായിക്കാൻ ആവശ്യപ്പെട്ടപ്പോൾ എന്താണ് വായിക്കേണ്ടതെന്ന് അന്വേഷിച്ചു. അപ്പോൾ മാലാഖ ഗബ്രിയേൽ ഇങ്ങനെ പറഞ്ഞു കൊടുത്തു: ”സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തിൽ നീ വായിക്കുക. അവൻ മനുഷ്യനെ ഒട്ടിപ്പിടിച്ചതിൽ നിന്ന് സൃഷ്ടിച്ചു. വായിക്കുക, നിന്റെ നാഥൻ അത്യുദാരൻ. പേനകൊണ്ട് എഴുതാൻ പഠിപ്പിച്ചവൻ. മനുഷ്യനെ അവനറിയാത്തത് അഭ്യസിപ്പിച്ചവൻ.” (ഖുർആൻ.96 :1- 5)

അതോടെ അബ്ദുല്ലയുടെ മകൻ മുഹമ്മദ് ദൈവദൂതനായി. മനുഷ്യകുലത്തിന് ദൈവം അവരിൽ നിന്നുതന്നെയുള്ള തന്റെ അന്ത്യദൂതനായി അദ്ദേഹത്തെ നിയോഗിച്ചു. അങ്ങനെ വിശുദ്ധ ഖുർആന്റെ അവതരണമാരംഭിച്ചു. അതിലെ ആദ്യത്തെ അഞ്ച് വാക്യങ്ങളാണിവ. അപ്പോൾ അദ്ദേഹത്തിന്റെ പ്രായം 40 വയസ്സായിരുന്നു.

തുടർന്ന് ഇരുപത്തിമൂന്ന് വർഷങ്ങളിലായി വ്യത്യസ്ത സന്ദർഭങ്ങളിൽ അവതീർണമായ ദിവ്യസന്ദേശങ്ങളുടെ സമാഹാരമാണ് വിശുദ്ധ ഖുർആൻ. എല്ലാ അർഥത്തിലും മാനവ സമൂഹത്തിന് എക്കാലത്തേക്കും എവിടേക്കും മികച്ച മാതൃകയായി മാറിയ ഒരു സമൂഹത്തിന്റെ നിർമിതിക്കാവശ്യമായ നിയമനിർദേശങ്ങളും വിധിവിലക്കുകളും തത്ത്വങ്ങളും അധ്യാപനങ്ങളും സന്ദർഭാനുസൃതം നൽകുകയായിരുന്നു പ്രപഞ്ചനാഥൻ. അതുകൊണ്ടുതന്നെ ഖുർആന്റെ ഉള്ളടക്കം കാലാതീതവും ദേശാതീതവുമാണ്.

ക്രോഡീകരണം
ഖുർആനിലെ ഓരോ സൂക്തവും അവതരിക്കുമ്പോൾ തന്നെ പ്രവാചകൻ തന്റെ അനുയായികളെ ഒരുമിച്ചുകൂട്ടി അവർക്കത് പാരായണം ചെയ്തു കൊടുക്കും. അതോടൊപ്പം അവരിലെ അക്ഷരാഭ്യാസമുള്ളവരെ വിളിച്ചുവരുത്തി അതെഴുതിയെടുപ്പിക്കും. എഴുതിയെടുത്താൽ അത് വായിക്കാൻ പറയും. തെറ്റില്ലെന്നു ഉറപ്പുവരുത്തി കൃത്യത വരുത്തും. തുടർന്ന് പലരുമത് പലതവണ പാരായണം ചെയ്ത് മനപ്പാഠമാക്കും. അങ്ങനെ ഹൃദിസ്ഥമാക്കിയ ഭാഗം നമസ്‌കാരത്തിൽ പാരായണം ചെയ്യാൻ പ്രവാചകൻ അവരോട് കൽപിക്കുമായിരുന്നു.

ചുരുക്കത്തിൽ ഖുർആന്റെ അവതരണനാൾ തൊട്ടു തന്നെ അത് മനപ്പാഠമാക്കാനും എഴുതി വെക്കാനും പ്രവാചകൻ തന്നെ സംവിധാനമുണ്ടാക്കിയിരുന്നു. പ്രവാചകന്റെ ജീവിതകാലത്തുതന്നെ നൂറുകണക്കിനാളുകൾ ഖുർആൻ പൂർണമായി ഹൃദിസ്ഥമാക്കിയവരായി ഉണ്ടായിരുന്നു. അതോടൊപ്പം മനപ്പാഠമാക്കിയവർ, തന്നെ അത് ഓതിക്കേൾപ്പിക്കണമെന്നും എഴുതിവെച്ചവർ വായിച്ചു കേൾപ്പിക്കണമെന്നും നബി തിരുമേനി നിഷ്‌കർഷിച്ചിരുന്നു.

ഇങ്ങനെ തെറ്റ് പറ്റാതിരിക്കാൻ കൃത്യവും കണിശവുമായ നടപടികൾ സ്വീകരിച്ചിരുന്നു. പിന്നീട് അനുയായികളുടെ എണ്ണം വർധിച്ചപ്പോൾ അവരെ പഠിപ്പിക്കാനായി പരമ വിശ്വസ്തരും വളരെ യോഗ്യരുമായ ഒരു സംഘത്തെ തെരഞ്ഞെടുത്ത് നിയോഗിച്ചു. അങ്ങനെ പ്രവാചകനിൽ നിന്ന് ഖുർആൻ പഠിച്ച സംഘത്തിൽ നിന്നുള്ള പിന്തുടർച്ചയാണ് ഇന്ന് ലോകമെങ്ങുമുള്ള ഖുർആൻ ഹൃദിസ്ഥമാക്കിയ ലക്ഷക്കണക്കിനാളുകൾ. അപ്രകാരം തന്നെ അദ്ദേഹം സാക്ഷ്യപ്പെടുത്തിയ ഖുർആൻ ലിഖിതങ്ങളുടെ പകർപ്പുകളാണ് ലോകത്തെവിടെയുമുള്ള മുസ്ഹഫുകൾ. ഖുർആൻ രേഖപ്പെടുത്തിയ ഗ്രന്ഥത്തിനു മുസ്ഹഫ് എന്നാണ് പറയുക. ഖുർആനെപ്പോലെ അതീവ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും സംരക്ഷിക്കപ്പെട്ട മറ്റൊരു ഗ്രന്ഥവും ലോകത്തില്ല.

സന്ദർഭാനുസൃതം ഘട്ടംഘട്ടമായി ഇരുപത്തി മൂന്ന് വർഷങ്ങളിലൂടെയാണല്ലോ ഖുർആൻ അവതീർണമായത്. അതുകൊണ്ടുതന്നെ ഓരോ വാക്യവും വന്നു കിട്ടുമ്പോൾ അത് എവിടെയാണ് രേഖപ്പെടുത്തേïതെന്ന് പ്രവാചകൻ പ്രത്യേകം നിർദേശിച്ചിരുന്നു. അതോടൊപ്പം ഓരോവർഷവും റമദാനിൽ അന്നേവരെ അവതീർണമായ ഭാഗങ്ങൾ ഹൃദിസ്ഥമാക്കിയരും എഴുതിവെച്ചവരും പ്രവാചകന് പാരായണം ചെയ്ത് കേൾപ്പിച്ചു കൊടുക്കുക പതിവായിരുന്നു. അവസാനവർഷം ഖുർആൻ മുഴുവനും പ്രവാചകൻ അനുയായികളിൽ നിന്ന് പാരായണം ചെയ്ത് കേൾക്കുകയുണ്ടായി. അതോടൊപ്പം അദ്ദേഹം രണ്ടുതവണ അത് ഓതിക്കേൾപ്പിക്കുകയും ചെയ്തു. അതേക്കുറിച്ച് അദ്ദേഹം പറഞ്ഞു: ”എന്റെ മരണം അടുത്തെത്തിയിരിക്കുന്നു.ഖുർആൻ രണ്ടു തവണ ഓതിക്കേൾപ്പിക്കണമെന്ന് മാലാഖ ഗബ്രിയേൽ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. എഴുതിവെച്ചതിലോ മറ്റോ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ അവ തിരുത്താൻ.” ( തുടരും )

Related Articles