Current Date

Search
Close this search box.
Search
Close this search box.

മാനവതയുടെ ഏകത

ചരിത്രത്തിലുടനീളം മാനവസമൂഹത്തെ നെടുകയും കുറുകെയും കീറി മുറിച്ചതും പിളർത്തിയതും വംശീയതയും വർഗീയതയും ജാതീയതയും ദേശീയതയും വർണവെറിയുമാണ്.പലപ്പോഴും അക്രമങ്ങൾക്കും അനീതികൾക്കും മർദന പീഡനങ്ങൾക്കും കൊടുംക്രൂരതകൾക്കും കൂട്ടക്കൊലകൾക്കും കാരണമായിത്തീരാറുള്ളതും അവ തന്നെ. അസമത്വങ്ങളുടെയും ഉച്ചനീചത്വങ്ങളുടെയും ഉറവിടവും മറ്റൊന്നല്ല. അതുകൊണ്ടുതന്നെ വിശുദ്ധ ഖുർആൻ അത്തരം എല്ലാ വേർതിരിവുകളെയും പൂർണമായും നിരാകരിക്കുന്നു. ദൈവത്തിന്റെ ഏകത്വം വിളംബരം ചെയ്ത ഖുർആൻ മാനവതയുടെ ഏകതയും പ്രഖ്യാപിക്കുന്നു: “”ജനങ്ങളേ, നിങ്ങളുടെ നാഥനോട് ഭക്തിയുള്ളവരാവുക.ഒരൊറ്റ സത്തയിൽ നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവൻ. അതിൽനിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു.അവ രണ്ടിൽ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവൻ വ്യാപിപ്പിച്ചു.” (4:1)

“”മനുഷ്യരേ, നിങ്ങളെ നാം ഒരാണിൽ നിന്നും പെണ്ണിൽ നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. ദൈവത്തിന്റെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ കൂടുതൽ സൂക്ഷ്മത പുലർത്തുന്നവനാണ്;തീർച്ച. അല്ലാഹു സർവ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.”. (49:13)

തുല്യ നീതി
ഖുർആൻ നീതിക്ക് വമ്പിച്ച പ്രാധാന്യം കൽപ്പിക്കുന്നു. പ്രവാചകന്മാരുടെ നിയോഗം നീതി സ്ഥാപിക്കാനാണെന്ന് പ്രഖ്യാപിക്കുന്നു. ജാതി, മതം, വർഗം, വർണം, ദേശം, ഭാഷ, കുടുംബം, ഗോത്രം, ശത്രുത, സൗഹൃദം, സമ്പന്നത, ദാരിദ്ര്യം ഇവയൊന്നും നീതി നടത്തിപ്പിനെ ഒരുനിലക്കും ബാധിക്കരുതെന്ന് നിഷ്കർഷിക്കുന്നു. അതോടൊപ്പം നീതിയെ ദൈവത്തിന്റെ പര്യായമായി പരിചയപ്പെടുത്തുന്നു.

“”വിശ്വസിച്ചവരേ, നിങ്ങൾ നീതി നടത്തി ദൈവത്തിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക. അത് നിങ്ങൾക്കോ നിങ്ങളുടെ മാതാപിതാക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ എതിരായിരുന്നാലും ശരി. കക്ഷി ധനികനോ ദരിദ്രനോ എന്ന് നോക്കേണ്ടതില്ല. ഇരുകൂട്ടരോടും കൂടുതൽ അടുപ്പമുള്ളവൻ ദൈവമാണ്. അതിനാൽ നിങ്ങൾ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരിൽ നീതി നടത്താതിരിക്കരുത്. വസ്തുതകൾ വളച്ചൊടിക്കുകയോ സത്യത്തിൽ നിന്ന് തെന്നി മാറുകയോ ചെയ്യരുത്. തീർച്ചയായും നിങ്ങൾ ചെയ്യുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു ദൈവം.” (4:135)

“”വിശ്വസിച്ചവരേ, നിങ്ങൾ ദൈവത്തിനുവേണ്ടി നേരാം വിധം നിലകൊള്ളുന്നവരാവുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ദൈവഭക്തിക്ക് ഏറ്റം പറ്റിയത്. നിങ്ങൾ ദൈവത്തെ സൂക്ഷിക്കുക. ഉറപ്പായും ദൈവം നിങ്ങൾ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്.” (5:8)

നീതി നടത്തിപ്പിൽ മതപരമായ വിവേചനം അരുതെന്ന് ഖുർആൻ അനുശാസിക്കുന്നു. ഉബൈരിഖ് മകൻ തുഅമത് എന്ന പ്രവാചകശിഷ്യൻ ഒരു പടയങ്കി മോഷ്ടിച്ചു. അത് ഒരു ജൂതന്റെ വശം പണയം വെച്ചു. അന്വേഷണത്തിനിടയിൽ ഉടമ ജൂതന്റെ അടുത്തുനിന്ന് അത് കണ്ടെടുത്തു. അതോടെ തുഅമത് മോഷണക്കുറ്റം ജൂതനിൽ ആരോപിച്ചു. അദ്ദേഹത്തിന്റെ ഗോത്രം അതിനെ പിന്തുണച്ചു. അവർ പ്രവാചകനെ സ്വാധീനിക്കാൻ ശ്രമിച്ചു. തൊണ്ടി സാധനം ലഭിച്ചത് ജൂതനിൽ നിന്നായതിനാൽ കുറ്റവാളി അയാളായിരിക്കുമെന്ന് പ്രവാചകനും ധരിച്ചു. അയാൾക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാൻ ഒരുങ്ങവേ വിശുദ്ധ ഖുർആനിലെ നാലാം അധ്യായത്തിലെ 105 മുതൽ 113 വരെയുള്ള ഒമ്പത് സൂക്തങ്ങൾ അവതീർണമായി. പ്രവാചകന്റെ മനസ്സിലുണ്ടായ തെറ്റായ ധാരണയുടെ പേരിൽ ദൈവം അദ്ദേഹത്തോട് മാപ്പ് ചോദിക്കാൻ ആവശ്യപ്പെട്ടു. അവയിലെ ആദ്യ വാക്യങ്ങൾ ഇങ്ങനെ: “”നാം നിനക്ക് സത്യസന്ദേശമായി ഇൗ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. ദൈവം കാണിച്ചു തന്നതിനനുസരിച്ച് ജനങ്ങൾക്കിടയിൽ വിധി കല്പിക്കാൻ വേണ്ടിയാണിത്. നീ വഞ്ചകന്മാർക്ക് വേണ്ടി വാദിക്കുന്നവനാകരുത്. ദൈവത്തോട് പാപമോചനം തേടുക. ദൈവം ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാണ്; തീർച്ച. ആത്മവഞ്ചന നടത്തുന്നവർക്ക് വേണ്ടി നീ വാദിക്കരുത്. കൊടുംപാപിയും പെരുംവഞ്ചകനുമായ ആരെയും ദൈവം ഇഷ്ടപ്പെടുന്നില്ല. അവർ ജനങ്ങളിൽ നിന്ന് മറച്ചുപിടിക്കുന്നു.എന്നാൽ ദൈവത്തിൽ നിന്ന് മറച്ചുവെക്കാൻ അവർക്കാവില്ല.ദൈവത്തിന് ഇഷ്ടപ്പെടാത്ത സംസാരത്തിലൂടെ രാത്രിയിൽ അവർ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോഴും അവൻ അവരോടൊപ്പമുണ്ട്. അവർ ചെയ്യുന്നതൊക്കെ സൂക്ഷ്മമായി അറിയുന്നവനാണ് ദൈവം. എെഹികജീവിതത്തിൽ അവർക്കു വേണ്ടി വാദിക്കാൻ നിങ്ങളുണ്ട്. എന്നാൽ ഉയിർത്തെഴുന്നേൽപു നാളിൽ അവർക്കുവേണ്ടി വേണ്ടി ദൈവത്തോട് തർക്കിക്കാൻ ആരാണുണ്ടാവുക? ആരാണ് അവിടെ അവരുടെ വക്കാലത്ത് ഏറ്റെടുക്കുക?.”(4:105-109)  ( തുടരും )

Related Articles