Current Date

Search
Close this search box.
Search
Close this search box.

അന്ത്യ വേദം 

ഖുർആൻ അല്ലാഹുവിന്റെ അവസാനത്തെ വേദഗ്രന്ഥമാണ്. അത് സമഗ്രമായ ഒരു ജീവിതവ്യവസ്ഥ സമർപ്പിക്കുന്നു. എക്കാലത്തെയും എവിടത്തെയും മനുഷ്യന് അംഗീകരിക്കാനും സ്വീകരിക്കാനും നടപ്പാക്കാനും സാധിക്കുന്ന നിത്യ നൂതന ജീവിത വ്യവസ്ഥ. മുഴുവൻ മനുഷ്യർക്കും എല്ലാ ജീവിത മേഖലകളിലും മാർഗദർശനം നൽകാൻ പര്യാപ്തമായ പ്രത്യയശാസ്ത്രം.

വിശ്വാസം, ജീവിതവീക്ഷണം,  ആചാരം, ആരാധന, അനുഷ്ഠാനം, സ്വഭാവം, പെരുമാറ്റം തുടങ്ങിയവയിലെല്ലാം ഖുർആൻ മാറ്റമുണ്ടാക്കുന്നു. വികാരം, വിചാരം, സ്വപ്നം, സങ്കല്പം പോലുള്ള സകലതിനെയും നിയന്ത്രിക്കുന്നു. ശരീരത്തെ കരുത്തുറ്റതും മനസ്സിനെ സംസ്കൃതവും ആത്മാവിനെ ഉത്കൃഷ്ടവും ചിന്തയെ പക്വവും വിവേകത്തെ വികസിതവുമാക്കുന്നു. വിനയത്തിന്റെയും വിട്ടുവീഴ്ചയുടെയും വികാരങ്ങൾ വളർത്തുന്നു. സൈ്ഥര്യത്തിന്റെയും ക്ഷമയുടെയും പാഠങ്ങൾ അഭ്യസിപ്പിക്കുന്നു. വിശ്വാസത്തെയും ജീവിതത്തെയും കൂട്ടിയിണക്കുന്നു. വാക്കുകളെയും കർമങ്ങളെയും കോർത്തിണക്കുന്നു. വിപ്ലവത്തെയും വിമോചനത്തെയും വിളക്കിച്ചേർക്കുന്നു. പഞ്ചേന്ദ്രിയങ്ങളുടെ പരിമിതിയിൽ പെട്ടുഴലുന്ന മനുഷ്യന്റെ മുമ്പിൽ അഭൗതിക ജ്ഞാനത്തിന്റെ  അറകൾ തുറന്നു വെക്കുന്നു. വ്യക്തിജീവിതം, കുടുംബഘടന, സമൂഹ സംവിധാനം, സാമ്പത്തിക സമീപനം, രാഷ്ട്രീയ ക്രമം, ഭരണനിർവഹണം തുടങ്ങിയ മുഴു മേഖലകളെയും അത് പുനഃസംവിധാനിക്കുന്നു. അതിനാവശ്യമായ നിയമങ്ങളും ക്രമങ്ങളും അധ്യാപനങ്ങളും നിർദേശങ്ങളും തത്ത്വങ്ങളും വ്യവസ്ഥകളും സമർപ്പിക്കുന്നു. അങ്ങനെ സത്യാസത്യ സരണികൾ കാണിച്ചുതരുന്നു. അനുവദനീയതയുടെയും നിഷിദ്ധതയുടെയും അതിരടയാളങ്ങൾ നിർണയിക്കുന്നു. വിധിവിലക്കുകൾ പഠിപ്പിക്കുന്നു. സാന്മാർഗിക നിർദേശങ്ങൾ നൽകുന്നു. ധാർമിക മൂല്യങ്ങൾ അഭ്യസിപ്പിക്കുന്നു. സ്വർഗത്തിലേക്കും നരകത്തിലേക്കുള്ള വഴികൾ തെളിയിച്ചു കാണിക്കുന്നു. അങ്ങനെ അത് മനുഷ്യന്റെ വിജയവും പരാജയവും സ്വർഗവും നരകവും തീരുമാനിക്കുന്ന അടിസ്ഥാന പ്രമാണമായി നിലകൊള്ളുന്നു. വ്യക്തിജീവിതത്തിലെ നടത്തം തൊട്ട് യുദ്ധവും സന്ധിയുമുൾപ്പെടെ എല്ലാ ജീവിത വശങ്ങളും വിശദീകരിക്കുന്നു.

അതോടൊപ്പം അത് സമർപ്പിക്കുന്ന ജീവിതവ്യവസ്ഥ വികാസക്ഷമമാണ്. മനുഷ്യ സംസ്കാരത്തിന്റെയും നാഗരികതയുടെയും വികാസപരിണാമങ്ങൾക്കനുസരിച്ച് വികസിപ്പിക്കാനും നവീകരിക്കാനും സാധ്യമായ ജീവിതക്രമം. അതുകൊണ്ടുതന്നെ അതിന്റെ അടിസ്ഥാനത്തിൽ രൂപംകൊള്ളുന്ന സമൂഹത്തിന്  മറ്റേത് സമൂഹത്തേക്കാളും മികച്ചതും മാതൃകാപരവുമാകാൻ  ഇന്നും സാധ്യമാണ്. അഥവാ, പുതിയൊരു വേദഗ്രന്ഥത്തിന് പ്രസക്തിയില്ലാത്ത വിധം മനുഷ്യരാശിയുടെ എല്ലാ ആവശ്യങ്ങളെയും
പൂർത്തീകരിക്കാൻ പര്യാപ്തമാണ് വിശുദ്ധ ഖുർആൻ.

 മനുഷ്യ കേന്ദ്രീകൃതം 

വിശുദ്ധ ഖുർആന്റെ കേന്ദ്രബിന്ദു മനുഷ്യനാണ്. അവൻ ആരാണ്? എവിടെ നിന്നു വന്നു? എങ്ങോട്ട് പോകുന്നു? എന്താണ് ജീവിതം?  എന്തിനുള്ളതാണ്? എങ്ങനെയായിരിക്കണം? മരണശേഷം എന്ത്? തുടങ്ങിയ മൗലിക പ്രധാനങ്ങളായ ചോദ്യങ്ങൾക്കുള്ള ദൈവ പ്രോക്തമായ മറുപടിയാണ് വിശുദ്ധ ഖുർആൻ. മനസ്സിന് ശാന്തി; വ്യക്തിജീവിതത്തിൽ വിശുദ്ധി; കുടുംബത്തിൽ സമാധാനം; സമൂഹത്തിൽ സുഭിക്ഷത, സുരക്ഷിതത്വം;രാജ്യത്ത് ക്ഷേമം, സാമൂഹ്യനീതി; ലോകത്ത് പ്രശാന്തി; സർവ്വോപരി  മരണാനന്തരജീവിതത്തിൽ ദൈവത്തിന്റെ പ്രീതിയും പ്രതിഫലവും; ഇതൊക്കെയും ഉറപ്പുവരുത്തുന്ന ജീവിതക്രമമാണ് ഖുർആൻ സമർപ്പിക്കുന്നത്. അതിനായി മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധവും മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധവും മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധവും എവ്വിധമായിരിക്കണമെന്ന് പഠിപ്പിക്കുന്നു.

ഖുർആന്റെ അധ്യാപനമനുസരിച്ച് ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം പോലെത്തന്നെ പ്രധാനമാണ് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം. അതുകൊണ്ടുതന്നെ അനാഥയെ അവഗണിക്കുന്നതും അഗതിക്ക് അന്നം നൽകാൻ പ്രേരിപ്പിക്കാത്തതും മതനിഷേധമാണെന്ന് അത് പഠിപ്പിക്കുന്നു. അതിനു പ്രേരിപ്പിക്കാത്ത നമസ്കാരം ശിക്ഷാർഹമാണെന്നും. (107:1-7)

മരണശേഷം മറുലോകത്ത് ശിക്ഷാർഹനാകുന്ന വ്യക്തിയുടെ തെറ്റുകുറ്റങ്ങൾ രണ്ടായി സംഗ്രഹിച്ചാൽ അതിലൊന്ന് മഹാനായ ദൈവത്തിൽ വിശ്വസിച്ചില്ല എന്നതാണെങ്കിൽ,  രണ്ടാമത്തേത് അഗതിക്ക് അന്നം നൽകാൻ പ്രേരിപ്പിച്ചില്ല എന്നതാണ്. (69: 25-37)

ഭൂമിയിൽ മനുഷ്യന് ചെയ്യാവുന്ന ഏറ്റവും മഹത്തായ പുണ്യകർമങ്ങളിൽ പെട്ടതാണ് കടുത്ത വറുതിയുടെ നാളിൽ അനാഥക്കും അഗതിക്കും അന്നം നൽകലെന്നും ഖുർആൻ പഠിപ്പിക്കുന്നു.(90: 12-16)

ഇപ്രകാരം തന്നെ പ്രവാചകൻ മക്കയിലെ പ്രമുഖരുമായി സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തെ സമീപിച്ച അന്ധനായ അനുയായിയെ പ്രവാചകൻ വേണ്ടത്ര പരിഗണിച്ചില്ല.അതിനെ നിശിതമായി നിരൂപണം ചെയ്ത് അന്ധനു വേണ്ടി അവതീർണമായ പതിനാറ് വാക്യങ്ങൾ വിശുദ്ധ ഖുർആനിലുണ്ട്.(80:1-16)

അപമാന ഭാരത്താൽ പെൺകുട്ടികളെ കുഴിച്ചു മൂടുന്നതിനെതിരെയും ദാരിദ്ര്യം ഭയന്ന് മക്കളെ കൊല്ലുന്നതിനെതിരെയും ശക്തമായി താക്കീത് ചെയ്യുന്ന ഖുർആൻ, മാതാപിതാക്കളെ കാരുണ്യപൂർവം സംരക്ഷിക്കണമെന്ന് ആജ്ഞാപിക്കുന്നു.ആരുടേയും അഭിമാനം ക്ഷതപ്പെടുത്തരുതെന്നും  വികാരം വ്രണപ്പെടുത്തരുതെന്നും ശക്തമായി ശാസിക്കുന്നു. ഇങ്ങനെ എല്ലാ അർഥ ത്ഥത്തിലും മനുഷ്യന്റെ മഹത്ത്വം ഉദ്ഘോഷിക്കുന്നു. അത് പ്രഖ്യാപിക്കുന്നു: “”ഉറപ്പായും മനുഷ്യമക്കളെ നാം ആദരിച്ചിരിക്കുന്നു” (17:70) ( തുടരും )

Related Articles