Current Date

Search
Close this search box.
Search
Close this search box.

പൂർവ വേദങ്ങൾ

എല്ലാ സമൂഹങ്ങളിലും ദൈവിക മാർഗദർശനവുമായി പ്രവാചകന്മാർ നിയോഗിതരായിട്ടുണ്ടെന്ന് ഖുർആൻ വ്യക്തമാക്കുന്നു. അല്ലാഹു പറയുന്നു: “”തീർച്ചയായും എല്ലാ സമുദായത്തിലും നാം ദൈവദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവരൊക്കെ പറഞ്ഞതിതാണ്.”നിങ്ങൾ ദൈവത്തിന് വഴിപ്പെടുക. ദൈവേതര ശക്തികളെ വർജിക്കുക.” (16:36)

ഇങ്ങനെ ദൈവ നിയുക്തരായ അവന്റെ എല്ലാ ദൂതന്മാരെയും ഖുർആൻ അംഗീകരിക്കുന്നു. ആദരിക്കാൻ ആജ്ഞാപിക്കുന്നു. അവർക്കിടയിൽ ഒരു വിവേചനവും അരുതെന്ന് ആജ്ഞാപിക്കുന്നു. അവർക്ക് ദൈവത്തിൽ നിന്ന് ലഭിച്ച വേദങ്ങളെയും അതംഗീകരിക്കുന്നു.
“”ദൈവദൂതൻ തന്റെ നാഥനിൽ നിന്ന് തനിക്ക് ഇറക്കിക്കിട്ടിയതിൽ വിശ്വസിച്ചിരിക്കുന്നു. അതുപോലെ സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മാലാഖമാരിലും വേദ പുസ്തകങ്ങളിലും ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. “ദൈവദൂതൻമാർക്കിടയിൽ ഒരുവിധ വിവേചനവും ഞങ്ങൾ കൽപിക്കുന്നില്ലെന്ന്’ അവർ സമ്മതിക്കുന്നു. അവരിങ്ങനെ പ്രാർഥിക്കുകയും ചെയ്യുന്നു: “ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ, ഞങ്ങൾക്ക് നീ മാപ്പേകണമേ. നിന്നിലേക്കാണല്ലോ ഞങ്ങളുടെ മടക്കം.”(2:285)
ഖുർആനിൽ പൂർവികരായ ഇരുപത്തിനാല് പ്രവാചകന്മാരുടെ പേരുണ്ട്. മുഹമ്മദ് നബിയുടെ പേര് നാലു തവണ മാത്രമേ ഖുർആനിൽ വന്നിട്ടുള്ളൂ. എന്നാൽ മൂസാനബിയുടെ പേര് 136 തവണയും ഈസാ നബിയുടേത് 25 പ്രാവശ്യവും ആവർത്തിക്കപ്പെട്ടിട്ടുണ്ട്. മറ്റു പ്രവാചകന്മാരുടെ പേരുകളും ഇവ്വിധം തന്നെ.

എന്നാൽ കാലപ്രവാഹത്തിൽ പൂർവ പ്രവാചകന്മാരുടെ ചരിത്രം വികലമാക്കപ്പെടുകയും വേദഗ്രന്ഥങ്ങളിൽ മനുഷ്യ ഇടപെടലുകളുണ്ടാവുകയും ചെയ്തു. അതിനാൽ അവയിൽ വെട്ടിക്കുറക്കലുകളും കൂട്ടിച്ചേർക്കലുകളും മാറ്റത്തിരുത്തലുകളുമുണ്ടായി. അങ്ങനെ മാനവസമൂഹത്തിന് ദൈവത്തിൽനിന്ന് അവതീർണമായ സന്ദേശം അതേപടി ലഭിക്കാനുള്ള സാധ്യത പൂർണമായും ഇല്ലാതായി.

ഇത്തരമൊരു സാഹചര്യത്തിലാണ് വിശുദ്ധ ഖുർആൻ അവതീർണമായത്. അത് പൂർവ വേദഗ്രന്ഥങ്ങളിലെ ദൈവിക സന്ദേശങ്ങളെ അംഗീകരിക്കുകയും കലർപ്പുകളെ നിരാകരിക്കുകയും തിരുത്തുകയും ചെയ്തു.

ഏകദൈവവിശ്വാസത്തിന് വിരുദ്ധമായ എല്ലാ വിശ്വാസ വീക്ഷണങ്ങളെയും തള്ളിക്കളഞ്ഞു. കലർപ്പില്ലാത്ത ഏകദൈവ വിശ്വാസം വിളംബരം ചെയ്തു. “”പറയുക, അവനാണ് അല്ലാഹു. അവൻ ഏകനാണ്. ദൈവം ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും. അവൻ ജനിപ്പിച്ചിട്ടില്ല. ജനിച്ചിട്ടുമില്ല. അവനു തുല്യനായി ആരുമില്ല.” (112:1-4)

യേശുവിന്റെ ജനനത്തെ സംബന്ധിച്ച് ജൂതന്മാർ പ്രചരിപ്പിച്ച വ്യാജാരോപണങ്ങളെയും തങ്ങൾ അദ്ദേഹത്തെ കുരിശിൽ തറച്ചു കൊന്നുവെന്ന അവരുടെ അവകാശവാദത്തെയും ഖുർആൻ നിരാകരിച്ചു. അപ്രകാരം തന്നെ നോഹ, ലോത്ത്, ദാവീദ്, യാക്കോബ് തുടങ്ങിയ പ്രവാചകൻമാർ അങ്ങേയറ്റം ഹീനവും മലിനവും മ്ലേച്ഛവുമായ ജീവിതമാണ് നയിച്ചിരുന്നതെന്ന ധാരണയെയും പ്രചാരണത്തെയും തിരുത്തി. അവരുടെ വിശുദ്ധി തെളിയിച്ച് കാണിച്ചു. ദൈവത്തെയും പ്രപഞ്ചസൃഷ്ടിയെയും സംബന്ധിച്ച വ്യാജ കഥകൾ തള്ളിക്കളഞ്ഞു. അതോടൊപ്പം മറ്റു വേദഗ്രന്ഥങ്ങളിലുണ്ടായിരുന്ന ദൈവ പ്രോക്തമായ സന്ദേശങ്ങളെയും അധ്യാപനങ്ങളെയും സത്യപ്പെടുത്തി.

അല്ലാഹു പറയുന്നു: “”സത്യസന്ദേശവുമായി ഇൗ വേദം നിനക്ക് ഇറക്കി തന്നത് ദൈവമാണ്. ഇത് മുൻ വേദങ്ങളെ ശരിവെയ്ക്കുന്നു. ഇതിനുമുമ്പ് തൗറാത്തും ഇഞ്ചീലും അവൻ ഇറക്കിക്കൊടുത്തു. ഇതെല്ലാം മനുഷ്യർക്ക് വഴി കാണിക്കാനുള്ളതാണ്. ശരിതെറ്റുകളെ വേർതിരിച്ചറിയാനുള്ള പ്രമാണവും അവൻ ഇറക്കി തന്നു.അതിനാൽ ഇനിയും ദൈവത്തിന്റെ വചനങ്ങളെ തള്ളിപ്പറഞ്ഞവരാരോ അവർക്ക് കഠിനമായ ശിക്ഷയുണ്ട്. ദൈവം പ്രതാപിയും ശിക്ഷ നടപ്പാക്കുന്നവനുമാകുന്നു.” (3:3,4) ( തുടരും )

Related Articles