Current Date

Search
Close this search box.
Search
Close this search box.

ഖുർആന്റെ ചരിത്ര ദർശനം

വിശുദ്ധ ഖുർആനിന്റെ അവതരണത്തിനു മുമ്പ് കഴിഞ്ഞു പോയ നിരവധി സമൂഹങ്ങളുടെ ചരിത്രം അത് പറയുന്നുണ്ട്. ഇരുപത്തഞ്ച് പ്രവാചകന്മാരെപ്പറ്റി അത് പരാമർശിക്കുന്നുണ്ട്. അവരിൽ പലരുടെയും ചരിത്രം വിശദീകരിക്കുന്നുമുണ്ട്. എന്നാൽ അവരിലൊരാളുടെ പോലും ജീവിതകാലം ഏതായിരുന്നുവെന്ന് പറയുന്നേയില്ല. അഥവാ ആരുടെയും ജനനത്തീയതിയോ മരണ വർഷമോ ഖുർആനിലില്ല. ഖുർആൻ കഴിഞ്ഞുപോയ ജനസമൂഹങ്ങളുടെ ചരിത്രം പറയുന്നതിന്റെ ഉദ്ദേശ്യ പൂർത്തീകരണത്തിന് കൊല്ലവും തീയതിയും ആവശ്യമില്ല. അവയൊന്നും ഒട്ടും പ്രസക്തമോ പ്രധാനമോ അല്ല.

അതോടൊപ്പം മനുഷ്യ ചരിത്രത്തെ വായിക്കേണ്ടതെങ്ങനെയെന്ന് ഖുർആൻ ആ സംഭവങ്ങളിലൂടെ നമ്മെ പഠിപ്പിക്കുന്നു. ഇന്നോളമുള്ള മനുഷ്യസമൂഹത്തിന്റെ ചരിത്രം നന്മയും തിന്മയും ശരിയും തെറ്റും നീതിയും അനീതിയും ധർമവും അധർമവും സന്മാർഗവും ദുർമാർഗവും തമ്മിലുള്ള സമരത്തിന്റേതാണ്. നിരന്തരമായ സംഘർഷത്തിന്റേതും സംഘട്ടനത്തിന്റേതുമാണ്. പ്രത്യക്ഷത്തിൽ പലപ്പോഴും നേട്ടവും വിജയവും അസത്യത്തിന്റെ ശക്തികൾക്കായിരിക്കും.പരാജയം പുണ്യ പുരുഷന്മാർക്കും. അധികാരവും സ്വാധീനവും അഹങ്കാരികളായ അക്രമികൾക്കായിരിക്കും. സച്ചരിതർക്കോ ആട്ടും തൊഴിയും.

എന്നാൽ പലപ്പോഴും ചരിത്രത്തിൽ അനശ്വരത നേടുകയും ശക്തമായ സ്വാധീനം ചെലുത്തുകയും ചെയ്യുക സമകാലിക സമൂഹത്തിൽ അത്യധികം അവഗണിക്കപ്പെടുകയും അപഹസിക്കപ്പെടുകയും ചെയ്യുന്ന നന്മയുടെ ശക്തികളായിരിക്കും. അവരുടെ വാക്കുകൾ എന്നെന്നും കേൾക്കപ്പെടും. നാമങ്ങൾ അവിരാമം അനുസ്മരിക്കപ്പെടും.കാരണം സത്യത്തിന് മരണമോ ധർമത്തിന് ക്ഷയമോ നീതിക്ക് നാശമോ ഇല്ല.അവയെ പിന്തുണക്കുന്നവർ എത്ര തന്നെ പരാജിതരും ദുർബലരുമായാലും അന്തിമവിജയം അവർക്കായിരിക്കും. ജീവിതകാലത്ത് പരീക്ഷിക്കപ്പെട്ടാലും പിൽക്കാലത്ത് പ്രശംസിക്കപ്പെടും.

നൂഹ് നബിയെ പിന്തുണച്ചവർ അംഗുലീ പരിമിതരായിരുന്നുവെന്ന് ഖുർആൻ പറയുന്നു. എന്നാൽ ചരിത്രത്തിലുടനീളം അദ്ദേഹം ആദരിക്കപ്പെടുകയും അനുസ്മരിക്കപ്പെടുകയുമുണ്ടായി. അനേകായിരം വർഷങ്ങൾ പിന്നിട്ട ശേഷം ഇന്നും ലോകമെങ്ങുമുള്ള ജൂത, കൈ്രസ്തവ, ഇസ്ലാമിക സമൂഹങ്ങൾ അദ്ദേഹത്തെ അങ്ങേയറ്റം ആദരിക്കുകയും തങ്ങളുടെ പ്രവാചകനായി അംഗീകരിക്കുകയും ചെയ്യുന്നു. ഇബ്രാഹീം പ്രവാചകനെ പിന്തുണയ്ക്കാൻ ജന്മനാടായ ഇറാഖിൽ ആരുമുണ്ടായില്ല. സഹസ്രാബ്ദങ്ങൾ പിന്നിട്ടശേഷം ഇപ്പോഴും ലോകത്ത് ഏറ്റവുമധികം പിന്തുടരപ്പെടുന്ന മാതൃകാപുരുഷനായി അദ്ദേഹം നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ അന്തിമവിജയം സത്യത്തിനായിരിക്കുമെന്ന് ഖുർആൻ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.: “”കാലം സാക്ഷി. തീർച്ചയായും മനുഷ്യരെല്ലാം നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സൽക്കർമങ്ങൾ പ്രവർത്തിച്ചവരും സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരം ഉപദേശിച്ചവരുമൊഴികെ.”(103: 1-3) ( തുടരും )

Related Articles