Current Date

Search
Close this search box.
Search
Close this search box.

ക്രമമില്ലായ്മയിലെ ക്രമം

മറ്റു ഗ്രന്ഥങ്ങളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമാണ് വിശുദ്ധ ഖുർആനിലെ വിഷയാവതരണ രീതി.

ഖുർആൻ സൂക്തങ്ങളുടെ ക്രമീകരണം വിഷയാധിഷ്ഠിതമല്ല. അഥവാ ഏതെങ്കിലും വിഷയത്തെ സംബന്ധിച്ച് ഒരിടത്ത് ക്രമാനുസൃതമായി വിവരിക്കുകയല്ല ഖുർആൻ ചെയ്യുന്നത്. മറിച്ച് വ്യത്യസ്ത വിഷയങ്ങൾ ഇടകലർത്തി അവതരിപ്പിക്കുകയാണ്. എല്ലാം ലക്ഷ്യം വെക്കുന്നത് മനുഷ്യന്റെ മാർഗദർശനമാണ്. അതിനുപകരിക്കും വിധമാണ് അതിലെ സൂക്തങ്ങൾ അടുക്കിവച്ചത്. ഉദാഹരണമായി മൂസാ നബിയുടെ ചരിത്രം ഏതെങ്കിലുമൊരു അധ്യായത്തിൽ കാലഗണന അനുസരിച്ചോ സംഭവ ക്രമമനുസരിച്ചോ വിശദീകരിക്കുകയല്ല ചെയ്യുന്നത്. മറിച്ച്, 34 അധ്യായങ്ങളിൽ വിവിധ സ്ഥലങ്ങളിലായി വിശദീകരിക്കുകയാണ് . ചില സൂക്തങ്ങളിൽ പേര് പരാമർശിക്കുന്നേയുള്ളൂ. ഇപ്രകാരം തന്നെ ഇബ്രാഹീം പ്രവാചകന്റെ പേര് ഖുർആനിൽ 68 തവണ ആവർത്തിച്ച് വന്നിട്ടുണ്ട്. രണ്ടാം അധ്യായമായ പശു എന്നർഥം വരുന്ന ‘അൽബഖറ’യിൽ15 തവണ ഇബ്രാഹീം പ്രവാചകന്റെ പേരുണ്ട്. അതേസമയം ‘ഇബ്രാഹീം’ എന്ന അധ്യായത്തിൽ ഒരൊറ്റ തവണയേ അതുള്ളൂ. വിവിധ സന്ദർഭങ്ങളിൽ വ്യത്യസ്ത സ്ഥലങ്ങളിലായി പ്രവാചകന്മാരുടെ കഥ പറയുകയാണ് ഖുർആൻ. ഇതിന്റെ കാരണം വളരെ വ്യക്തമാണ്. ഖുർആന്റെ ലക്ഷ്യം പ്രവാചകന്മാരുടെ ജീവചരിത്രം പഠിപ്പിക്കുകയെന്നതല്ല; ആ മഹദ് ജീവിതങ്ങളിലെ വ്യത്യസ്ത സംഭവങ്ങളിൽ നിന്ന് ഓരോ വായനക്കാരനും ഉൾക്കൊള്ളേണ്ട പാഠം അവതരിപ്പിക്കുകയെന്നതാണ്. അനുവാചക ഹൃദയത്തിൽ അവ രൂഢമൂലമാകാനും ജീവിതത്തിലുടനീളം സ്വാധീനം ചെലുത്താനുമായി പല സംഭവങ്ങളും പല തവണ ആവർത്തിച്ചിട്ടുമുണ്ട്. വിശ്വാസ കാര്യങ്ങളും ആരാധനാ കർമങ്ങളും സ്വഭാവ രീതികളും പെരുമാറ്റ ക്രമങ്ങളും സാമ്പത്തിക ഇടപാടുകളുമുൾപ്പടെ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട സമസ്ത വശങ്ങളെയും സംസ്കരിക്കാനും ക്രമീകരിക്കാനും മെച്ചപ്പെടുത്താനും ആവശ്യമായ നിയമ നിർദേശങ്ങളും അധ്യാപനങ്ങളും വ്യത്യസ്ത അധ്യായങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നിരന്തരം ആവർത്തിക്കുന്നു. ഖുർആനിലെ തീർത്തും വ്യത്യസ്തമായ ഈ വിഷയാവതരണ രീതി അനുവാചകരെ അങ്ങേയറ്റം ആകർഷിക്കുകയും അഗാധമായി സ്വാധീനിക്കുകയും ചെയ്യുന്നു.

അതോടൊപ്പം ഖുർആൻ സാധാരണ അർഥത്തിലുള്ള ഗദ്യമോ പദ്യമോ കഥയോ കവിതയോ അല്ല. വളരെയേറെ സവിശേഷമായ ശൈലിയാണ് അതിന്റേത്. അതിനെ അനുകരിക്കാനോ അതിനോട് മത്സരിക്കാനോ കിടപിടിക്കാനോ ഇന്നോളം ആർക്കും സാധിച്ചിട്ടില്ല. ലോകാവസാനം വരെ ആർക്കും സാധിക്കുകയുമില്ല.നിരവധി നൂറ്റാണ്ടുകളിലെ എണ്ണമറ്റ കവികളും സാഹിത്യകാരന്മാരും അതിനോട് എതിരിടാൻ ശ്രമിച്ച് പരാജിതരായി പിൻമാറിയിട്ടുണ്ട്. ഖുർആനോട് കിടപിടിക്കുന്ന ഒന്നു കൊണ്ടുവരാൻ കൊതിച്ചവരെല്ലാം വിസ്മയ ഭരിതരായി തോൽവി സമ്മതിക്കുകയാണുണ്ടായത്. പ്രവാചകന്റെ കാലത്തെ പ്രമുഖ സാഹിത്യകാരന്മാരായിരുന്ന ലബീദും ഹസ്സാനും കഅ്ബുമെല്ലാം ഖുർആന്റെ മുമ്പിൽ നിരുപാധികം കീഴടങ്ങിയവരിൽ പെടുന്നു.

അതിന്റെ ഉള്ളടക്കം അനുവാചകരിൽ ഉൾക്കിടിലമുണ്ടാക്കുന്നു. ഹൃദയങ്ങളിൽ പ്രകമ്പനം സൃഷ്ടിക്കുന്നു. മനസ്സുകളെ കാരുണ്യ നിരതമാക്കുന്നു. കരളിൽ കുളിര് പകരുന്നു. അത് സിരകളിലേക്ക് കത്തിപ്പടരുന്നു. മസ്തിഷ്കങ്ങളിൽ മിന്നൽപ്പിണരുകൾ പോലെ പ്രഭ പരത്തുന്നു. അങ്ങനെ അതവരെ അഗാധമായി സ്വാധീനിക്കുന്നു .പരിപൂർണമായി പരിവർത്തിപ്പിക്കുന്നു. അംഗീകരിക്കുന്നവരെ അത് നേർവഴിയിൽ നടത്തുന്നു. ഇരുളകറ്റി പ്രകാശംപരത്തുന്നു. ഖുർആന്റെ ആശയം പോലെ ഭാഷയും ശൈലിയും ദൈവികമാണ്.

നൂറുക്കണക്കിന് തവണ പാരായണം ചെയ്താലും ഒട്ടും മടുപ്പുണ്ടാകാത്ത വിധം ഖുർആൻ ഹൃദ്യമാകാനുള്ള കാരണങ്ങളിലൊന്നും അതുതന്നെ. ( തുടരും )

Related Articles