Current Date

Search
Close this search box.
Search
Close this search box.

ശാസ്ത്രമുണ്ട്; ശാസ്ത്ര ഗ്രന്ഥമല്ല

വിശുദ്ധ ഖുർആൻ സ്പർശിക്കാത്ത വശങ്ങളില്ല. കൈകാര്യം ചെയ്യാത്ത വിഷയങ്ങളില്ല. ചരിത്രം, ഭൂമിശാസ്ത്രം, ശരീരശാസ്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, സാമൂഹ്യശാസ്ത്രം, തത്ത്വശാസ്ത്രം, മനശ്ശാസ്ത്രം, കുടുംബകാര്യങ്ങൾ, സാമ്പത്തികക്രമങ്ങൾ, രാഷ്ട്രീയനിയമങ്ങൾ, സദാചാര നിർദേശങ്ങൾ, ധാർമികതത്ത്വങ്ങൾ, സാംസ്കാരികവ്യവസ്ഥകൾ; തുടങ്ങിയവയെ സംബന്ധിച്ചെല്ലാം ഖുർആനിൽ പരാമർശങ്ങളുണ്ട്. എന്നാൽ സാങ്കേതികാർഥത്തിൽ ഇവയൊന്നും വിവരിക്കുന്ന ഗ്രന്ഥമല്ല ഖുർആൻ. എല്ലാം അത് കൈകാര്യം ചെയ്യുന്നു; ഒരേ ലക്ഷ്യത്തോടെ. മാനവതയുടെ മാർഗദർശനമാണത്.

അതുകൊണ്ടുതന്നെ നമുക്കിങ്ങനെ പറയാം :ഖുർആനിൽ ശാസ്ത്ര ജ്ഞാനമുണ്ട്. എന്നാൽ ഖുർആൻ ഒരു ശാസ്ത്ര ഗ്രന്ഥമല്ല.

ഖുർആൻ മനുഷ്യനെ ഏറ്റവും ശരിയായ നേർവഴിയിൽ നയിക്കാനുള്ള മാർഗദർശക ഗ്രന്ഥമാണ്. അതിനാവശ്യമാം വിധം അത് ശാസ്ത്രം, ചരിത്രം, തത്ത്വചിന്ത പോലുള്ളവയെയെല്ലാം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.ഇക്കാര്യം ജെഫ്രിലാംഗ് കൃത്യമായി വിശദീകരിക്കുന്നു:

“”ദൈവത്തിന്റെ ജ്ഞാനവും അനുഗ്രഹവുമായി ബന്ധപ്പെടുത്തി ഖുർആൻ വിവരിക്കുന്ന പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിൽ ചിലത് ആധുനിക ശാസ് ത്രീയ കണ്ടുപിടുത്തങ്ങളോട് ആശ്ചര്യകരമായ സാദൃശ്യം പുലർത്തുന്നുണ്ട് എന്നത് ശരിതന്നെ. അവയിലൊന്ന് പോലും ശാസ്ത്ര സത്യങ്ങളോട് ഏറ്റുമുട്ടുന്നതായി തെളിയിക്കാനാവില്ലെന്നതും ശരിയാണ്. പക്ഷേ, ഖുർആനെ ശാസ്ത്ര സത്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാനുള്ള മുസ്ലിംകളുടെ ശ്രമം തിരിച്ചടിയാകാനും സാധ്യതയുണ്ട്.ഒരു ശാസ്ത്ര ഗ്രന്ഥം എന്നതിൽ നിന്ന് വളരെ അകലെയാണ് ഖുർആൻ.ഉന്നതമായ സാഹിത്യ നിലവാരം പുലർത്തുന്ന അതിന്റെ ഭാഷ വൈവിധ്യമാർന്ന അർഥതലങ്ങൾക്ക് സാധ്യതയുള്ളതാണ്.ഇൗയിടെ മാത്രം തെളിയിക്കപ്പെട്ട ശാസ്ത്ര വസ്തുതകളുൾക്കൊള്ളുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പല സൂക്തങ്ങളിലെയും വിവരണങ്ങൾ പരസ്പര ബന്ധമുള്ളതും മന:പൂർവം ഉപയോഗിച്ചതുമായ ദ്വയാർഥപ്രയോഗങ്ങളാണ്.എല്ലാ കാലത്തെയും ഖുർആൻ വായനക്കാരുടെ വൈജ്ഞാനിക നിലവാരവുമായി ഒരേറ്റു മുട്ടൽ ഒഴിവാക്കാനുതകും വിധം, ഒരളവു വരെ ഖണ്ഡിതത്വമില്ലാതെയാണ് അവ വിവരിക്കപ്പെടുന്നത്. മഹാ വിസ്ഫോടന സിദ്ധാന്തം, ആറ്റത്തിന്റെവിഭജനം, പ്രപഞ്ചത്തിന്റെ വികാസം തുടങ്ങിയ പ്രതിഭാസങ്ങളുടെ കൃത്യമായ വിവരണം ഖുർആനിലുണ്ടെങ്കിൽ പൗരാണിക മുസ്ലിം ശാസ്ത്രജ്ഞർ അവ കണ്ടെത്തുമായിരുന്നു. ഖുർആന്റെ അദ്ഭുതകരമായ സവിശേഷത, ഇൗ സൂക്തങ്ങൾ , തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോഴും അവയുടെ ശക്തിക്കോ സൗന്ദര്യത്തിനോ ഗൂഢാർഥങ്ങൾക്കോ ഒരു ന്യൂനതയും സംഭവിക്കുന്നില്ല എന്നത്രേ.അതതു കാലത്തെ വിജ്ഞാനവുമായി അവ പൊരുത്തപ്പെടുന്നതായിട്ടാണ് ഒാരോ തലമുറക്കും അനുഭവപ്പെടുന്നത്. ഖുർആനിക സൂക്തങ്ങളോടുള്ള ആദരവിനാലും ആശ്ചര്യത്താലും ആവേശഭരിതരാകുന്നത് ഒരു കാര്യം. ഖുർആനിൽ നിന്ന് ശാസ്ത്ര സിദ്ധാന്തങ്ങൾ ഊഹിച്ചെടുക്കുന്നതും അവ അവയുടെ മേൽ അടിച്ചേൽപ്പിക്കുന്നതും പക്ഷേ, മറ്റൊരു കാര്യമാണ്. ഖുർആനിക ശൈലിക്ക് ഏറെക്കുറെ വിരുദ്ധവും.” (മാലാഖമാർ പോലും ചോദിക്കുന്നു. പുറം: 37,38)

അതോടൊപ്പം ഖുർആന്റെ അവതരണകാലത്ത് അജ്ഞാതമായിരുന്ന നിരവധി ശാസ്ത്രവസ്തുതകളെ സംബന്ധിച്ച പരാമർശങ്ങൾ ഖുർആനിലുണ്ട്. അവയൊക്കെയും ശരിയായിരുന്നുവെന്ന് പിന്നീട് ശാസ്ത്രം തെളിയിക്കുകയുണ്ടായി. അഥവാ, പിന്നിട്ട പതിനാല് നൂറ്റാണ്ടുകളിലൂടെ അവയുടെ സത്യത തെളിയിക്കപ്പെട്ടു. വരും നൂറ്റാണ്ടുകൾ അവയ്ക്ക് കൂടുതൽ വ്യക്തത നൽകും. ഖുർആൻ പറഞ്ഞതൊന്നു പോലും പിഴച്ചിട്ടില്ല. പിഴക്കുകയുമില്ല. പ്രപഞ്ച സ്രഷ്ടാവും സംരക്ഷകനുമായ ദൈവമാണല്ലോ അത് മാനവ സമൂഹത്തിന് സമർപ്പിച്ചത്. ( തുടരും )

Related Articles