Current Date

Search
Close this search box.
Search
Close this search box.

മാറ്റമില്ലാത്ത ഭാഷ

ലോകത്തിലെ എല്ലാ ഭാഷകളും മാറിക്കൊണ്ടേയിരിക്കും. പഴയ പദങ്ങൾ അപ്രത്യക്ഷമാകും. പുതിയ പദങ്ങൾ പിറവിയെടുക്കും. പദഘടന മാറും. ശൈലി വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. നൂറു കൊല്ലം മുമ്പുള്ള പല മലയാള പുസ്തകങ്ങളും വായിച്ചാൽ ഇന്ന് ഏറെപ്പേർക്കും മനസ്സിലാവുകയില്ല. മറ്റെല്ലാ ഭാഷകളുടെ സ്ഥിതിയും ഇതുതന്നെ. അപവാദമായുള്ളത് അറബി ഭാഷ മാത്രമാണ്. ഇത് സംബന്ധമായി ഖുർആൻ ലളിത സാരത്തിന്റെ ആമുഖത്തിലെഴുതിയ ഏതാനും വരികളിവിടെ പകർത്തുന്നു.: “ഹോമർ, റൂമി, ഷേക്സ്പിയർ, ഗോയ്ഥേ ,ഗാലിബ്, ടാഗോർ, ഇഖ്ബാൽ, ടോൾസ്റ്റോയി, ഷെല്ലി എല്ലാവരുടെയും കൃതികൾ ഉൽകൃഷ്ടം തന്നെ. എന്നാൽ അവരുടെ രചനകളിലെ പല പദങ്ങളും ഇന്ന് പ്രയോഗത്തിലില്ല. ഭാഷയിലും ശൈലിയിലും മാറ്റം വന്നിരിക്കുന്നു. യേശുവിന്റെ ഭാഷയായ അരാമിക് ഇന്ന് എവിടെയും നിലവിലില്ല. ബൈബിൾ എഴുതപ്പെട്ട ഭാഷയും അവ്വിധം തന്നെ. ഇന്ത്യയിലെ വേദ ഭാഷയായ സംസ്കൃതവും അതേ സ്വഭാവത്തിൽ ഇന്ന് പ്രയോഗത്തിലില്ല. അഥവാ, സംസ്കൃതവും വമ്പിച്ച മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നു. “”എന്നാൽ ഇന്ന് ഉപയോഗത്തിലില്ലാത്ത ഒറ്റ പദവും ഖുർആനിലില്ല. ആധുനിക അറബി സാഹിത്യത്തിലെ ഏറ്റവും മികച്ച ശൈലിയും പ്രയോഗവും ഖുർആന്റേത് തന്നെ.”

ഡോക്ടർ മുഹമ്മദ് ഹമീദുല്ലാ പറയുന്നു: “അഞ്ചു നൂറ്റാണ്ട് മുമ്പ് ഉറുദുവിൽ എഴുതപ്പെട്ട ഒരു ഗ്രന്ഥം ഇന്ന് വായിച്ച് മനസ്സിലാക്കുക വളരെ പ്രയാസമാണ്. ലോകത്തെ മറ്റേത് ഭാഷയുടെ സ്ഥിതിയും ഇത് തന്നെ. അഞ്ചോ ആറോ നൂറ്റാണ്ട് മുമ്പ് ജീവിച്ച ഇംഗ്ലീഷ് കവിയാണ് ചോസർ.(ഇവമൗരലൃ)പൗരാണിക ഇംഗ്ലീഷിൽ നല്ല അറിവുള്ള ലണ്ടനിലെ ഏതാനും പ്രൊഫസർമാർക്ക് മാത്രമേ ഇന്ന് ചോസറിന്റെ ഭാഷ മനസ്സിലാവൂ. പഴയതും പുതിയതുമായ ഏത് ഭാഷക്കും ഇത് ബാധകമാണ്. അവയെല്ലാം കാലക്രമത്തിൽ മാറിക്കൊണ്ടിരിക്കുന്നു.

അങ്ങനെ മാറിക്കൊണ്ടിരിക്കുന്ന ഒരു ഭാഷയിലാണ് അല്ലാഹു ഒടുവിലത്തെ വേദം അവതരിപ്പിച്ചിരുന്നതെങ്കിൽ ഇരുപതാം നൂറ്റാണ്ടിൽ ജീവിക്കുന്ന നമുക്ക് (ഇൗ പ്രസംഗം നടന്നത് 1980-ലാണ്) മറ്റൊരു വേദം കൂടി ദൈവം നൽകേണ്ടിവരുമായിരുന്നു. കാരണം, അപ്പോഴേക്കും നൂറ്റാണ്ടുകൾ പിന്നിട്ട ആ ഭാഷ മനസ്സിലാക്കാൻ കഴിയാത്ത ഒന്നായിത്തീർന്നിട്ടുണ്ടാവും. മാറിക്കൊണ്ടിരിക്കുക എന്ന ഭാഷാ പ്രകൃതത്തിൽ നിന്ന് രക്ഷപ്പെട്ട് നിൽക്കുന്ന ഒരൊറ്റ ഭാഷയേയുള്ളൂ; അത് അറബിയാണ്. നാമിന്ന് റേഡിയോയിലൂടെ കേൾക്കുന്ന അറബിയും പത്രങ്ങളിൽ വായിക്കുന്ന അറബിയും മുഹമ്മദ് നബിയുടെ കാലത്തെ അതേ അറബി തന്നെയാണ്. ഖുർആനിലും പ്രവാചക വചനങ്ങളിലും വന്നിട്ടുള്ള അതേ അറബി.വാക്കുകളുടെ അർഥം,വാചക ഘടന, ഉച്ചാരണം, അക്ഷരങ്ങൾ ഇവയിലൊന്നും പ്രവാചകന്റെ കാലത്തെയും നമ്മുടെ കാലത്തെയും അറബി ഭാഷയിൽ ഒരു വ്യത്യാസവുമില്ല. പ്രവാചകൻ നമ്മുടെ കാലത്ത് ജീവിച്ചിരിക്കുകയും ഞാൻ ആധുനിക അറബിയിൽ അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്യുകയാണെങ്കിൽ ഞാൻ പറയുന്ന ഒാരോ വാക്കും അദ്ദേഹത്തിന് മനസ്സിലാവും. അദ്ദേഹം മറുപടി പറയുകയാണെങ്കിൽ അതിലെ ഒാരോ വാക്കും എനിക്കും മനസ്സിലാകും. അക്കാലത്തെ അറബിയും ഇക്കാലത്തെ അറബിയും രണ്ടും ഒന്നു തന്നെ. ഒരു മാറ്റവുമില്ല. അന്ത്യപ്രവാചകന് നൽകപ്പെടുന്ന വേദത്തിന്റെ ഭാഷ മാറ്റങ്ങൾക്ക് വിധേയമാവാത്ത ഒന്നായിരിക്കണം എന്നാണ് ഇതിൽ നിന്ന് നാം എത്തിച്ചേരുന്ന നിഗമനം. അതിനാലാണ് അറബിയെ തെരഞ്ഞെടുത്തത്. സ്ഫുടത, അലങ്കാര ഭംഗി, സംഗീതാത്മകത എന്നിങ്ങനെ അറബിക്ക് നിരവധി പ്രത്യേകതകളുണ്ട്. അത്തരം ഗുണങ്ങളിലൊന്നാണ് മാറ്റത്തിന് വിധേയമാവാതിരിക്കുക എന്നതും. വിവിധ നാടുകളിൽ താമസിക്കുന്ന അറബികൾ വ്യത്യസ്ത ലിപികളും ഭാഷാ രൂപങ്ങളും സ്വീകരിക്കുകയുണ്ടായില്ല.” (ഇസ്ലാം ചരിത്രം സംസ്കാരം നാഗരികത. പുറം:18 ,19)

പുരാതന കാലത്ത് എഴുതപ്പെട്ട പല ഖുർആൻ പരിഭാഷകളുടെയും ഭാഷ മനസ്സിലാക്കാൻ കഴിയാത്തവിധം മാറിയെങ്കിലും ഖുർആന്റെ ഭാഷയായ അറബി അതറിയുന്ന ഏവർക്കും മനസ്സിലാക്കാൻ ഒട്ടും പ്രയാസമില്ലാത്ത വിധം മാറാതെ നില നിൽക്കുന്നു. അതോടൊപ്പം തന്നെ സമൃദ്ധമായ പദസമ്പത്തും വിശാലമായ അർഥധ്വനികളും ചെറിയ വാചകങ്ങളിൽ വലിയ ആശയങ്ങൾ ആവിഷ്കരിക്കാനുള്ള ശേഷിയും അങ്ങേയറ്റം ഭദ്രമായ പദഘടനയും ഹൃദയാവർജകമായ സംഗീതാത്മകതയും ആത്മ ഹാരിയായ കാവ്യാത്മകതയും അറബി ഭാഷയുടെ സവിശേഷതകളാണ്. അതുകൊണ്ടു കൂടിയാണ് ഖുർആൻ അറബിഭാഷ അറിയാത്തവർക്ക് പോലും അനായാസം പാരായണം ചെയ്യാനും അതിവേഗം ഹൃദിസ്ഥമാക്കാനും സാധിക്കുന്നത്. അറബി ഭാഷ അറിയാത്ത കോടിക്കണക്കിനാളുകൾ 603 പേജുള്ള ഖുർആൻ തെറ്റുകൂടാതെ പാരായണം ചെയ്യുകയും ലക്ഷക്കണക്കിനാളുകൾ ഹൃദിസ്ഥമാക്കുകയും ചെയ്യുന്നു. ഖുർആന്റെ അവതരണകാലം തൊട്ടിന്നോളം ഇത് അവിരാമം തുടർന്നുവരുന്നു.

ഖുർആന്റെ അധ്യായങ്ങളുടെ പേരുകളും സവിശേഷ സ്വഭാവത്തിലുള്ളവയാണ്.

അവയിൽ പലതും ഉള്ളടക്കത്തെ പൂർണമായും പ്രതിനിധീകരിക്കുന്നവയല്ല. പശു, സുപ്ര, കന്നുകാലികൾ, എട്ടുകാലി, ആന തുടങ്ങിയ പേരുകളിലുള്ള അധ്യായങ്ങളിൽ അവയെക്കുറിച്ച പരാമർശങ്ങളുണ്ടെങ്കിലും അവയെ സംബന്ധിച്ച പഠനങ്ങളല്ല അവയൊന്നും. ഉദാഹരണമായി “പശു’ എന്ന ഖുർആനിലെ രണ്ടാം അധ്യായത്തിൽ 286 സൂക്തങ്ങളുണ്ട്. അവയിൽ 67 മുതൽ 71 കൂടിയുള്ള അഞ്ചു സൂക്തങ്ങളിലാണ് പശുവെ സംബന്ധിച്ചുള്ള പരാമർശമുള്ളത്. അവയൊന്നും പശുവെക്കുറിച്ചുള്ള വിവരണമല്ല. “എട്ടുകാലി’യെന്ന ഇരുപത്തൊമ്പതാം അധ്യായത്തിൽ നാല്പത്തിയൊന്നാം സൂക്തത്തിൽ മാത്രമാണ് അതേക്കുറിച്ച പരാമർശമുള്ളത്. അതിപ്രകാരമാണ്. “”ദൈവത്തെ കൂടാതെ രക്ഷാധികാരികളെ സ്വീകരിക്കുന്നവരുടെ അവസ്ഥ എട്ടുകാലിയുടേതുപോലെയാണ്. അതൊരു വീടുണ്ടാക്കി. വീടുകളിലേറ്റവും ദുർബലം എട്ടുകാലിയുടെ വീടാണ്. അവർ കാര്യം ഗ്രഹിക്കുന്നവരെങ്കിൽ!” ( തുടരും )

Related Articles