Current Date

Search
Close this search box.
Search
Close this search box.

ഗ്രന്ഥരൂപത്തിൽ

പ്രവാചകന്റെ വേർപാടിന് ശേഷമുണ്ടായ യമാമ യുദ്ധത്തിൽ ഖുർആൻ ഹൃദിസ്ഥമാക്കിയ നിരവധി മുസ്ലിംകൾ വധിക്കപ്പെട്ടു. അതോടെ ഭരണാധികാരി ഒന്നാം ഖലീഫാ അബൂബക്കർ സിദ്ദീഖ്, പിൽക്കാലത്ത് രണ്ടാം ഖലീഫയായിത്തീർന്ന ഉമറുൽ ഫാറൂഖിന്റെ നിർദേശമനുസരിച്ച് പ്രവാചകന്റെ പ്രമുഖ സഹചാരികളുമായി കൂടിയാലോചിച്ച് ഖുർആൻ ഗ്രന്ഥ രൂപത്തിലാക്കാൻ തീരുമാനിച്ചു. അതിനായി ഖുർആൻ ഹൃദിസ്ഥമാക്കിയവരും രേഖപ്പെടുത്തി വെച്ച പ്രമുഖരുമടങ്ങുന്ന ഒരു സമിതിയെ നിശ്ചയിച്ചു. എഴുത്തുകലയിൽ വിദഗ്ധനും പ്രവാചകനിൽനിന്ന് ഖുർആൻ നേരിൽ കേട്ട് എഴുതിയെടുത്ത അദ്ദേഹത്തിന്റെ പ്രമുഖ അനുയായിയുമായ സൈദ്ബ്നു സാബിതിനെ അതിന്റെ ചുമതല ഏൽപിക്കുകയും ചെയ്തു. ഖുർആൻ രേഖപ്പെടുത്തിയ തോൽ, എല്ല്, ഇൗന്തപ്പനയോല, മരപ്പലക, ഇലകൾ തുടങ്ങിയവയെല്ലാം പ്രസ്തുത സമിതിയുടെ മുമ്പിൽ കൊണ്ടുവരപ്പെട്ടു. ഹൃദിസ്ഥമാക്കിയവരും ഹാജരാക്കപ്പെട്ടു. അങ്ങനെ പ്രവാചകൻ ഓതിക്കേൾപ്പിച്ച അതേ ക്രമത്തിൽ വിശുദ്ധ ഖുർആൻ രണ്ട് ചട്ടകൾക്കിടയിൽ ക്രോഡീകരിക്കപ്പെട്ടു. ഖുർആൻ കാണാതെ പഠിച്ചവർ അത് കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തി. അങ്ങനെ ആദ്യത്തെ മുസ്ഹഫ് രൂപംകൊണ്ടു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വിശ്വാസികൾക്ക് പാരായണം ചെയ്യാൻ മുസ്വ്ഹഫ് അയച്ചു കൊടുക്കുന്നത് ഗുണകരമായിരിക്കുമെന്ന് മനസ്സിലാക്കിയ ഹുദൈഫതുബ്നുൽ യമാനി, മൂന്നാം ഖലീഫ ഉസ്മാന് ബ്നു അഫ്ഫാന്റെ മുമ്പിൽ ആ നിർദേശം സമർപ്പിച്ചു.അദ്ദേഹം സന്തോഷപൂർവം അതംഗീകരിച്ചു. അതേത്തുടർന്ന് ഒന്നാം ഖലീഫയുടെ കാലത്ത് തയ്യാറാക്കിയിരുന്ന മുസ്വ്ഹഫിന്റെ പകർപ്പുകളെടുക്കാൻ നാലു പേരെ ചുമതലപ്പെടുത്തി. സൈദ് ബ്നു സാബിത്, അബ്ദുല്ലാഹിബ്നു സുബൈർ, സഇൗദ് ബ്നുൽ ആസ്വ്, അബ്ദുറഹ്മാനുബ്നു ഹാരിസ് എന്നിവരായിരുന്നു അവർ. നാലുപേരുടെയും നേതൃത്വത്തിൽ അതിന്റെ പകർപ്പുകളെടുത്തു. അവ ഓരോന്നും ആദ്യാവസാനം മദീനയിലെ പ്രവാചകന്റെ പള്ളിയിൽ വെച്ച് ഖുർആൻ ഹൃദിസ്ഥമാക്കിയവരുടെ സാന്നിധ്യത്തിൽ ഉച്ചത്തിൽ പാരായണം ചെയ്യാൻ ഖലീഫാ ഉസ്മാൻ കൽപിച്ചു. പകർപ്പ് എടുക്കുന്ന സന്ദർഭത്തിൽ ഖുർആനിൽ ഒരു വാക്ക് പോലും കൂടുകയോ കുറയുകയോ മാറുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്താനായിരുന്നു അത്. ഇങ്ങനെ ഖുർആന്റെ പതിപ്പുകൾ കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തി. വിവിധ നാടുകളിലേക്ക് അയച്ചുകൊടുത്തു. അവയിൽനിന്നല്ലാതെ മുസ്വ്ഹഫ് കോപ്പിയെടുക്കരുതെന്ന് ഉത്തരവിറക്കുകയും ചെയ്തു.

അന്ന് ഉസ്മാനുബ്നു അഫ്ഫാന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കയ്യെഴുത്തുപ്രതികളിൽ ചിലത് ഇപ്പോഴും നിലവിലുണ്ട്. അതിലൊന്ന് താഷ്ക്കന്റ് മ്യൂസിയത്തിലാണുള്ളത്.

സാർ ചക്രവർത്തിമാരുടെ ഭരണകാലത്ത് അതിന്റെ ഫോട്ടോ അവലംബമാക്കി 50 കോപ്പികൾ പ്രിൻറ് ചെയ്തിരുന്നു. അതിൽ ചിലത് ഡോക്ടർ മുഹമ്മദ് ഹമീദുല്ല നേരിൽ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ മൈക്രോ ഫിലിം അദ്ദേഹം സൂക്ഷിച്ചുവെച്ചിരുന്നു. (ഇസ്ലാം ചരിത്രം സംസ്കാരം നാഗരികത. പുറം: 31,32)

പതിനാല് നൂറ്റാണ്ട് മുമ്പ് ഉസ്മാനുബ്നു അഫ്ഫാന്റെ കാലത്ത് തയ്യാറാക്കിയ മുസ്വ്ഹഫിന്റെ കോപ്പികൾ അമേരിക്കയിലും ഇംഗ്ലണ്ടിലും കാബൂളിലും കൈറോവിലുമൊക്കയുണ്ട്.

ലോകമുസ്ലിംകളുടെ വശമുള്ളത് ഒന്നാം ഖലീഫയുടെ കാലത്ത് തയ്യാറാക്കിയതും മൂന്നാം ഖലീഫ പകർപ്പുകളെടുത്തതുമായ മുസ്വ്ഹഫാണ്; ഉള്ളടക്കം പ്രവാചകൻ ഒാതിക്കേൾപ്പിച്ചതും. അതിൽ ഒരു വാക്കുപോലും കൂട്ടുകയോ കുറക്കുകയോ മാറ്റുകയോ ചെയ്തിട്ടില്ല. അതു കൊണ്ടുതന്നെ ലോകമെങ്ങുമുള്ള മുസ്ലിംകളുടെ വശമുള്ളത് ഒരേ ഖുർആനാണ്, ഒരേ മുസ്വ്ഹഫാണ്.

ചിലർ തെറ്റിദ്ധരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന പോലെ ശിയാക്കളുടെ വശമുള്ള ഖുർആനിൽ സുന്നികളുടെ വശമുള്ളതിൽ നിന്ന് വ്യത്യസ്തമായി ഒന്നുമില്ല. ഒരു വാക്കുപോലും കൂടുതലോ കുറവോ വ്യത്യാസമോ ഇല്ല. ഡോക്ടർ യൂസുഫുൽ ഖർദാവി എഴുതുന്നു: “”നാം അറിഞ്ഞിടത്തോളം സുന്നികളുടെ പക്കൽ സുപരിചിതമായ മുസ്വ്ഹഫ് തന്നെയാണ് ശിയാക്കൾക്കും സുപരിചിതം. ഇറാനിലും ഇറാഖിലും ലബനോനിലുമുള്ള അവരുടെ പ്രസ്സുകളിൽ അതുതന്നെയാണ് അച്ചടിക്കുന്നത്. അതുതന്നെയാണ് അവരുടെ വിദ്യാലയങ്ങളിൽ കുട്ടികളെ പഠിപ്പിക്കുന്നതും. റേഡിയോയിലും ടെലിവിഷനിലും സംപ്രേഷണം ചെയ്യുന്നതും അവരിലെ ഖുർആൻ വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നതും അവരുടെ അടിസ്ഥാന വിശ്വാസ ഗ്രന്ഥങ്ങളിൽ പ്രമാണങ്ങളായി ഉദ്ധരിക്കുന്നതും അതുതന്നെയാണ്. കർമശാസ്ത്ര ഗ്രന്ഥങ്ങളിലെ നിയമങ്ങളുടെ അടിസ്ഥാനവും അതുതന്നെ.” (ഖുർആനിനോടുള്ള സമീപനം എങ്ങനെയായിരിക്കണം. പുറം: 31,32)

വിശുദ്ധ ഖുർആന്റെ ഈ സുരക്ഷിതത്വം ദൈവം തന്നെ സ്വയം ഏറ്റെടുത്തതാണ്. അവൻ അറിയിക്കുന്നു.: “”നിശ്ചയമായും നാമാണ് ഈ ഗ്രന്ഥം അവതരിപ്പിച്ചത്. നാം തന്നെ അതിനെ കാത്ത് രക്ഷിക്കുകയും ചെയ്യും”. (15:9)

“തീർച്ചയായും ഇത് അജയ്യമായ ഗ്രന്ഥമാണ്. ഇതിൽ അസത്യം വന്നു ചേരുകയില്ല. മുന്നിലൂടെയുമില്ല. പിന്നിലൂടെയുമില്ല. യുക്തിമാനും സ്തുത്യർഹനുമായ ദൈവത്തിൽ നിന്ന് അവതീർണമായതാണിത്”.(41:41,42)
( തുടരും )

Related Articles