Current Date

Search
Close this search box.
Search
Close this search box.

യുദ്ധം സമാധാന സ്ഥാപനത്തിന്

മനുഷ്യജീവന് വിശുദ്ധ ഖുർആനോളം വിലകൽപ്പിക്കുന്ന മറ്റൊരു ഗ്രന്ഥവും ലോകത്തില്ല. നിരപരാധിയായ ഒരു മനുഷ്യനെ വധിക്കുന്നത് ലോകമെങ്ങുമുള്ള മുഴുവൻ മനുഷ്യരെയും കൊല്ലുന്നതിന് തുല്യമാണെന്ന് ഖുർആൻ പറയുന്നു.: “”ആരെയെങ്കിലും വധിച്ചതിനോ ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ കൊന്നാൽ മുഴുവൻ മനുഷ്യരെയും കൊന്നവനെപ്പോലെയാണ്.ഒരാളുടെ ജീവൻ രക്ഷിച്ചാൽ മുഴുവൻ മനുഷ്യരുടെയും ജീവൻ രക്ഷിച്ചവനെപ്പോലെയും.” (5:32)

അതുകൊണ്ടുതന്നെ മനുഷ്യരുടെ സുരക്ഷിതത്വത്തിനും സംരക്ഷണത്തിനുമാണ് ഖുർആൻ ഊന്നൽ നൽകിയത്. അത് യുദ്ധത്തിന് അനുമതി നൽകിയത് പോലും സമാധാനം സ്ഥാപിക്കാനാണ്.

പ്രവാചകൻ മക്കയിലായിരിക്കെ അദ്ദേഹത്തെയും അനുയായികളെയും എതിരാളികൾ കഠിനമായി പീഡിപ്പിച്ചു കൊണ്ടിരുന്നു. അവരിൽ ചിലരെ വധിക്കുക പോലും ചെയ്തു. നാടുവിടാൻ നിർബന്ധിതരാകുമാറ് കഠിനവും ക്രൂരവുമായിരുന്നു മർദനം. എന്നിട്ടും പ്രവാചകനോ അനുയായികൾക്കോ പ്രതിരോധിക്കാനോ പ്രതികാരം ചെയ്യാനോ അനുവാദമുണ്ടായിരുന്നില്ല. ക്ഷമിക്കാനും സഹിക്കാനും വിട്ടുവീഴ്ച കാണിക്കാനുമായിരുന്നു അവരോട് കൽപിച്ചിരുന്നത്. പിന്നീട് മദീനയിലെത്തി അവിടെ ഇസ്ലാമിക രാഷ്ട്രവും ഭരണവും സ്ഥാപിതമായപ്പോൾ മക്കയിലെ ശത്രുക്കൾ അതിനെ നശിപ്പിക്കാൻ സകല ശ്രമവും നടത്തി. അതിനെ പ്രതിരോധിക്കാനാണ് ആദ്യമായി യുദ്ധം അനുവദിക്കപ്പെട്ടത്. ഇത് മദീനയിലെത്തി രണ്ടാം വർഷമായിരുന്നു. നവജാത ഇസ്ലാമിക സമൂഹത്തെയും രാഷ്ട്രത്തെയും സംരക്ഷിക്കലായിരുന്നു ലക്ഷ്യം. അതോടൊപ്പം ശാക്തിക സന്തുലിതത്വം സ്ഥാപിച്ച് സാമൂഹ്യനീതി ഉറപ്പുവരുത്തലും. ഖുർആനിക വീക്ഷണത്തിൽ മതസ്വാതന്ത്ര്യം ഉൾപ്പെടെ എല്ലാവരുടെയും മൗലികാവകാശങ്ങളുടെ സംരക്ഷണം സാമൂഹ്യനീതിയുടെ അവിഭാജ്യഘടകമാണ്. അത് ഉറപ്പുവരുത്താനാണ് യുദ്ധം അനുവദിക്കപ്പെട്ടതെന്ന് ഖുർആൻ സൂക്തങ്ങൾ അസന്നിഗ്ധമായി വ്യക്തമാക്കുന്നു: “”യുദ്ധത്തിനിരയായവർക്ക് തിരിച്ചടിക്കാൻ അനുവാദം നൽകിയിരിക്കുന്നു. കാരണം അവർ മർദിതരാണ്. ഉറപ്പായും ദൈവം അവരെ സഹായിക്കാൻ പോന്നവൻ തന്നെ. സ്വന്തം വീടുകളിൽ നിന്ന് അന്യായമായി പുറത്താക്കപ്പെട്ടവരാണവർ. തങ്ങളുടെ നാഥൻ അല്ലാഹുവാണെന്ന് പ്രഖ്യാപിച്ചതല്ലാതെ ഒരു തെറ്റും അവർ ചെയ്തിട്ടില്ല. അല്ലാഹു ജനങ്ങളിൽ ചിലരെ മറ്റു ചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കിൽ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന മുസ്ലിം പള്ളികളും സന്യാസി മഠങ്ങളും കൈ്രസ്തവ ചർച്ചുകളും യഹൂദ സെനഗോഗുകളും തകർക്കപ്പെടുമായിരുന്നു.” (22:39,40)

ഇസ്ലാമിക രാഷ്ട്രത്തിന് സ്വയം രക്ഷയ്ക്കും മൗലിക മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനും യുദ്ധം ചെയ്യാനാണ് ഖുർആൻ അനുമതി നൽകിയത്. അക്രമത്തിൽ ഉൾപ്പെടാത്തവർക്കും മൗലിക മനുഷ്യാവകാശങ്ങൾ ധ്വംസിക്കാത്തവർക്കും നന്മ ചെയ്യാനാണ് ഖുർആൻ കൽപിക്കുന്നത്. ദൈവം പറയുന്നു: “”മതത്തിന്റെ പേരിൽ നിങ്ങളോട് യുദ്ധം ചെയ്യുകയോ നിങ്ങളെ നിങ്ങളുടെ വീടുകളിൽ നിന്ന് ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും ദൈവം വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീർച്ചയായും ദൈവം ഇഷ്ടപ്പെടുന്നു.” (60:8)

ഇപ്രകാരം തന്നെ ഖുർആൻ പ്രതിക്രിയ നിശ്ചയിച്ചത് മാനവ സമൂഹത്തിന്റെ സുരക്ഷിതത്വവും സൈ്വരജീവിതവും ഉറപ്പുവരുത്താനാണ്. ഖുർആൻ പറയുന്നു: “”ബുദ്ധിശാലികളേ, പ്രതിക്രിയയിൽ നിങ്ങൾക്ക് ജീവിതമുണ്ട്.”(2:179)

ഖുർആൻ യുദ്ധം അനുവദിച്ചതും പ്രതിക്രിയ നിശ്ചയിച്ചതും മനുഷ്യരോടുള്ള കാരുണ്യത്തിന്റെ ഭാഗമാണെന്നർഥം. ഖുർആൻ മനുഷ്യനിൽ വളർത്തുന്ന ഏറ്റവും ശക്തമായ വികാരം കാരുണ്യമാണ്. 114 അധ്യായങ്ങളിൽ 113 ഉം ആരംഭിക്കുന്നത് ദൈവത്തിന്റെ അതിരുകളില്ലാത്ത കാരുണ്യത്തെയും ദയയെയും അനുസ്മരിപ്പിച്ച് കൊണ്ടാണ്. അവയൊക്കെയും തുടങ്ങുന്നത് പരമകാരുണികനും ദയാനിധിയുമായ ദൈവത്തിന്റെ നാമത്തിലാണ്. കൃത്യമായ നീതി നടപ്പാക്കിയും സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തിയും കാരുണ്യം അനുഭവിക്കാൻ അവസരമൊരുക്കുകയാണ് ഖുർആൻ ചെയ്യുന്നത്.

വിശ്വാസ സ്വാതന്ത്ര്യം
ഖുർആൻ മനുഷ്യന് ഏത് മതവും വിശ്വാസവും സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും സ്വാതന്ത്ര്യം നൽകിയിരിക്കുന്നു. ദൈവം പ്രവാചകനോട് നിർദേശിക്കുന്നു:””പറയുക: ഇത് നിങ്ങളുടെ നാഥനിൽ നിന്നുള്ള സത്യമാണ്. ഇഷ്ടമുള്ളവർക്ക് വിശ്വസിക്കാം. ഇഷ്ടമുള്ളവർക്ക് അവിശ്വസിക്കാം.” (18:29)

“”മത കാര്യത്തിൽ ഒരുവിധ ബലപ്രയോഗവുമില്ല. നന്മ തിന്മകളുടെ വഴികൾ വ്യക്തമായും വേർതിരിഞ്ഞിരിക്കുന്നു. അതിനാൽ ദൈവേതര ശക്തികളെ നിഷേധിക്കുകയും ദൈവത്തിൽ വിശ്വസിക്കുകയും ചെയ്യുന്നവൻ മുറുകെപ്പിടിച്ചത് ഉറപ്പുള്ള കയറിലാണ്. അതറ്റു പോവുകയില്ല. ദൈവം എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു”.(2:256)

“”അഥവാ അവർ പിന്തിരിഞ്ഞു പോകുന്നുവെങ്കിൽ നിന്നെ അവരുടെ മേൽനോട്ടക്കാരനായി നാം നിയോഗിച്ചിട്ടില്ല. സന്ദേശമെത്തിക്കേണ്ട ബാധ്യത മാത്രമേ നിനക്കുള്ളൂ.”(42:48)

“”ദിവ്യ സന്ദേശം വ്യക്തമായി എത്തിച്ചു തരുന്ന ഉത്തരവാദിത്തം മാത്രമേ നമ്മുടെ ദൂതനു ള്ളൂ.”(5:92)

“”നബിയേ, നീ ഉദ്ബോധിപ്പിച്ചു കൊണ്ടിരിക്കുക. നീ ഉദ്ബോധകൻ മാത്രമാകുന്നു. അവരെ നിർബന്ധിച്ച് വഴിപ്പെടുത്തുന്നവനൊന്നുമല്ല നീ”. (88:21,22)

എല്ലാവരും ഒരേ വിശ്വാസം സ്വീകരിക്കുകയെന്നത് ദൈവനിശ്ചിതമായ പ്രകൃതി നിയമത്തിൽ പെട്ടതല്ലെന്നും അതിനാൽ ആരെയും വിശ്വാസികളാകാൻ നിർബന്ധിക്കരുതെന്നും ഖുർആൻ പ്രവാചകനോട് തന്നെ കൽപ്പിക്കുന്നു.: “”നിന്റെ നാഥൻ ഇച്ഛിച്ചിരുന്നുവെങ്കിൽ ഭൂമിയിലുള്ളവരൊക്കെയും സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു. പിന്നെയെന്തിനാണ് ജനങ്ങൾ വിശ്വാസികളാകാൻ അവരെ നിർബന്ധിക്കുന്നത്?” (10:99)

ഖുർആൻ ഇവ്വിധം സമ്പൂർണ മതസ്വാതന്ത്ര്യം അനുവദിക്കുന്നു. അതിന്റെ ലംഘനം പാപമാണെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. ( തുടരും )

Related Articles