Current Date

Search
Close this search box.
Search
Close this search box.

പണ്ഡിതന്മരാരെ അപകീർത്തിപ്പെടുത്തുന്ന നയം

പണ്ഡിതന്മാർ ഹൃദയങ്ങളുടെ രാജാക്കന്മാരാണ്. അവരുടെ ആത്മാവുകൾ ഗാംഭീര്യമുള്ളവയാണ്. ഹൃദയം മുഴുക്കെ അല്ലാഹുവിനോടുള്ള ഭയം കാത്തുസൂക്ഷിക്കുകയും അവന്റെ സൃഷ്ടികളെ പഠിപ്പിക്കുകയും പ്രബുദ്ധരാക്കുകയും ചെയ്യുക വഴി സർവശക്തനായ അല്ലാഹു അവരിൽ ഇട്ടുകൊടുക്കുന്നതാണത്. എന്നാൽ, ഭരണാധികാരികളെ സംബന്ധിച്ചെടുത്തോളം, പൊതുജനങ്ങളിൽ ഒരാളും അവരുമായി ഇടപഴകുന്നത് അവർക്ക് ഇഷ്ടമല്ല. പൊതുജനങ്ങളുമായുള്ള ഇടപഴകൽ അവരുടെ അധികാരത്തിന്റെ ന്യൂനതയായി അവർ ധരിക്കുന്നതാണ് കാരണം. അഭിപ്രായങ്ങളിലും കൽപനകളിലും അവർ സ്വേച്ഛ മനോഭാവം കാണിക്കുന്നു. മാത്രമല്ല, അവർക്കെതിരെ അഭിപ്രായ പ്രകടനം നടത്തുന്നവർക്കെതിരെ ജനങ്ങളെ പ്രകോപിതരാക്കി ഇളക്കിവിടുകയും ചെയ്യുന്നു. തങ്ങളുടെ അധികാരവും ശക്തിയും നഷ്ടപ്പെട്ടു പോകുമോയെന്ന ഭയമാണ് അവരെയതിന് പ്രേരിപ്പിക്കുന്നത്.

പല അധികാരികളും അവരോട് വിയോജിക്കുന്ന പണ്ഡിതന്മാരെ ശിക്ഷിക്കുന്നതിൽ പ്രാവീണ്യം നേടിയവരാണ്. അവരുടെ അഭിപ്രായങ്ങളോട് വിയോജിച്ച് നിലപാടെടുക്കുന്നതിൽ നിന്നും പണ്ഡിതന്മാരം മാനസികമായും ശാരീരികമായും അകറ്റിനിർത്തുകയാണ് ലക്ഷ്യം. ചിലപ്പോഴത് അവർക്കെതിരെ പൊതുജനാഭിപ്രായം രൂപപ്പെടാനും അധികാരികളുടെ നിലപാടുകൾക്ക് വിരുദ്ധമായ നടപടികൾ സ്വീകരിക്കാനും തന്നെ കാരണമായേക്കാം.

പണ്ഡിതന്മാരെ ശിക്ഷിക്കാൻ രാജാക്കന്മാർ പല രീതിയും ഉപയോഗിച്ചിരുന്നു. അതിൽ ചിലത് ക്രൂരവും കഠിനവുമായ ശിക്ഷകളായിരുന്നു. ചില പണ്ഡിതന്മാരെയവർ വധിക്കുകയും മൃതദേഹങ്ങൾ നശിപ്പിക്കുകയും ചെയ്തു. ചിലരെ ജയലിലടക്കുകയും ചിലരെ നാടുകടത്തുകയും ചെയ്തു. പണ്ഡിതന്മാർ നേരിട്ട ശിക്ഷയുടെ വ്യാപ്തി രാജാക്കന്മാരുടെ നിലപാടുകളോടുള്ള അവരുടെ എതിർപ്പിന്റെ തോതനുസരിച്ചായിരുന്നു. കുറ്റകൃത്യം ചെയ്ത ആൾക്കാണ് ശിക്ഷ നടപ്പിലാക്കാറുള്ളതെങ്കിലും ഇതിനെയും നാം ശിക്ഷയെന്ന് തന്നെ വിളിച്ചു. കാരണം, അധികാരികളുടെ കണ്ണിൽ അതൊരു കുറ്റകൃത്യം തന്നെയായിരുന്നു. ഒരിക്കലും മാപ്പർഹിക്കാത്ത കുറ്റമായിവരെ അവരതിനെ കണ്ടേക്കാം. അപ്പോൾ ശിക്ഷയും കഠിനമാകും. ചിലപ്പോൾ അത്ര കഠിനമായിരിക്കില്ല. രാജാക്കന്മാരുടെ ഉപദേഷ്ടാക്കളുടെ തീരുമാനപ്രകാരം ചിലപ്പോൾ ശിക്ഷയിൽ ഇളവ് വരുത്തുകയും ചെയ്യും.

പലപ്പോഴും പണ്ഡിതന്മാരുടെ അഭിപ്രായത്തിന് അനുയോജ്യമല്ലാത്ത രീതിയിൽ കഠിനവും ക്രൂരവുമായ ശിക്ഷ രാജാക്കന്മാർ നൽകാറുണ്ട്. മറ്റുള്ളവർക്കതൊരു പാഠമാകണമെന്ന് മുടന്തൻ ന്യായം പറഞ്ഞ് അവരതിൽ നിന്നും സ്വയം രക്ഷപ്പെടുകയും ചെയ്യും. ശിക്ഷിക്കപ്പെട്ട പണ്ഡിതന്മാരുടെ പാത പിന്തുടരാൻ പിന്നീട് ആരും ധൈര്യപ്പെടില്ലെന്നതായിരിക്കും അതിന്റെ അനന്തരഫലം. ചിലപ്പോൾ ചെയ്യാത്ത കുറ്റത്തിന് പണ്ഡിതന്മാർക്ക് ശിക്ഷ അനുഭവിക്കേണ്ടി വന്നേക്കാം. രാജാക്കന്മാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന നയങ്ങളോടും നിലപാടുകളോടും ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുമെന്ന ഭയമായിരിക്കും പണ്ഡിതന്മാരെ കുറ്റാരോപിതരാക്കി ശിക്ഷ നടപ്പിലാക്കാൻ രാജാക്കന്മാരെ പ്രേരിപ്പിക്കുക. രാജാക്കന്മാർ ഭയപ്പെടുന്ന കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് അവർ അത്തരത്തിൽ നീച നിലപാടുകൾ സ്വീകരിക്കുന്നത്.

ഇബ്‌നുൽ മുസയ്യിബും അമവി രാജാക്കന്മാരും

തത്വജ്ഞാനികളും ചിന്തകരുമായ പണ്ഡിതന്മാരെ അപകീർത്തിപ്പെടുത്തി അവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ച ചില സംഭവങ്ങൾ പറയാം. ജനഹൃദയങ്ങളിൽ പണ്ഡിതനോട് തോന്നുന്ന ഭയത്തെയും ബഹുമാനത്തെയും ഇല്ലായ്മ ചെയ്യാനും അവരുടെ പാത പിന്തുടരുന്നവർക്കൊരു താക്കീതാവാനുമാണ് രാജാക്കന്മാർ ശ്രമിക്കുന്നത്. വലിയ പണ്ഡിതന്മാർക്കും നേതാക്കൾക്കും ഇത്തരുണത്തിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നാൽ പൊതു ജനങ്ങൾ സ്വാഭാവികമായും അതിൽനിന്ന് പിന്മാറുകയും അവരുടേതായ വഴികളിൽ ജീവിക്കുകയും ചെയ്യും. ഇസ്‌ലാമിക ഭരണകൂടങ്ങളുടെ കാലഘട്ടങ്ങളിലും ഇത്തരം അനുഷ്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അമവി രാജാക്കന്മാർ അവർക്കെതിരെ രംഗപ്രവേശം ചെയ്യുന്ന പണ്ഡിതന്മാരോട് സമാന നിലപാടാണ് സ്വീകരിച്ചിരുന്നത്.

താബിഉം മഹാനുമായ സഈദ് ബ്‌നുൽ മുസയ്യിബ് അതിൽപെട്ട വ്യക്തിയായിരുന്നു. അദ്ദേഹത്തിന് നേരിടേണ്ടി വന്ന ദുരനുഭവം ചരിത്രകാരൻ വാഖിദി ഉദ്ധരിക്കുന്നുണ്ട്; ഹി. 84ൽ ഈജിപ്തിൽ വെച്ച് അബ്ദുൽ അസീസ് ബ്‌നു മർവാൻ മരണപ്പെട്ടു. ഉടനെ അബ്ദുൽ മലിക് തന്റെ രണ്ടു മക്കളായ വലീദിനും സുലൈമാനും അവിടുത്തെ അധികാരമേൽപിക്കുകയും അവർക്ക് ബൈയ്അത്ത് ചെയ്യാൻ നിർദേശിച്ച് നാടുകളിലേക്ക് കത്തുകളയക്കുകയും ചെയ്തു. അക്കാലത്ത് മദീനയിലെ ഗവർണർ ഹിഷാം ബ്‌നു ഇസ്മാഈലുൽ മഖ്‌സൂമിയായിരുന്നു. അദ്ദേഹം ജനങ്ങളെയെല്ലാം വിളിച്ചുചേർത്ത് ബൈയ്അത്ത് ചെയ്യാൻ കൽപിച്ചു. പക്ഷെ, സഈദ് ബ്‌നുൽ മുസയ്യിബ് അതിൽനിന്നും വിട്ടുനിന്നുകൊണ്ട് പറഞ്ഞു: എനിക്ക് അൽപം സമയം വേണം. അതിനുള്ള ശിക്ഷയായി ഹിഷാം അറുപത് ചാട്ടവാറടി അടിച്ചു. എന്നിട്ട് ഔറത്ത് മാത്രം മറയുന്ന രോമത്താലുള്ള വസ്ത്രം പുതപ്പിച്ച് അദ്ദേഹത്തെ ദൂരേക്ക് കൊണ്ടുപോയി. ഒരു മലഞ്ചെരുവലെത്തിയപ്പോൾ അദ്ദേഹം ചോദിച്ചു: എങ്ങോട്ടാണ് എന്നെ കൊണ്ടുപോകുന്നത്? ജയിലിലേക്കെന്ന് പട്ടാളക്കാർ മറുപടി പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു: ഞാനത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഈ ചെറുവസ്ത്രം ഞാൻ ധരിക്കുമായിരുന്നില്ല. അദ്ദേഹത്തെ ജയിലിലാക്കിയതിന് ശേഷം പ്രസ്തുത സംഭവത്തിൽ സഈദ് ബ്‌നുൽ മസയ്യിബിനെ ആക്ഷേപിച്ച് ഹിഷാം അബ്ദുൽ മലിക്കിന് കത്തെഴുതി.

കത്തു വായിച്ച അബ്ദുൽ മലിക് ഹിഷാമിന്റെ പ്രവർത്തിയെ ആക്ഷേപിച്ച് മറുപിടി അയച്ചു: സഈദിനെ സംബന്ധിച്ചെടുത്തോളം, നിങ്ങൾ അദ്ദേഹത്തെ അടിച്ചതിനേക്കാൾ അദ്ദേഹത്തിന്റെ കാരുണ്യത്തിലേക്ക് ഏറ്റവും ആവശ്യമുള്ളയാളാണ് താങ്കൾ. എന്റെ തീരുമാനത്തിൽ അദ്ദേഹത്തിന് വയോജിപ്പില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

കത്തെഴുത്തിന്റെ ചുമതല ഉണ്ടായിരുന്ന ഖുബൈസത്തു ബ്‌നു ദുവൈബ് അബ്ദുൽ മലിക്കിനോട് പറഞ്ഞു: അമീറുൽ മുഅ്മിനീൻ, അങ്ങയുടെ കാര്യത്തിലും ഹിഷാം സമാന നിലപാട് സ്വീകരിച്ചേക്കാം. അല്ലാഹുവാണേ സത്യം, സഈദ് അടിക്കപ്പെട്ടതിൽ ഒരിക്കലും സന്തുഷ്ടനായിരിക്കില്ല. അദ്ദേഹം ബൈയ്അത്ത് ചെയ്തില്ല എങ്കിൽ അതിനുപിന്നിൽ എന്തെങ്കിലും കാരണമുണ്ടാകുമെന്ന് ഉറപ്പാണ്. ഇതുകേട്ട് അബ്ദുൽ മലിക് ഹിഷാമിന്റെ നടപടിയോട് താൻ ഒരിക്കലും യോജിക്കുന്നില്ലെന്ന് സഈദിന് കത്തെഴുതാൻ വേണ്ടി ഖുബൈസത്തിനെ ഏൽപിച്ചു. കത്തു വായിച്ച ഉടനെ സഈദ് ബ്‌നുൽ മുസയ്യിബ് പറഞ്ഞു: എന്റെയും എന്നെ അക്രമിച്ചവന്റെയും ഇടയിൽ അല്ലാഹുവുണ്ട്.

അബ്ദുല്ലാഹി ബ്‌നു യസീദുൽ ഹുദ്‌ലി പറയുന്നു: ഞാൻ സഈദിനെ ജയിലിൽ സന്ദർശിച്ചു. അന്നേരം അദ്ദേഹത്തിന് വേണ്ടി ആട് അറുക്കപ്പെട്ടിരിക്കുന്നു. തോലിലാനുള്ള വസ്ത്രമാണ് അദ്ദേഹം ധരിച്ചിരുന്നത്. അല്ലാഹുവേ, ഹിഷാമിൽ നിന്ന് എന്നെ നീ രക്ഷിക്കേണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു. ഇംറാൻ ബ്‌നു അബ്ദുല്ലാഹിൽ ഖുസാഇ പറയുന്നു: സഈദ് ബ്‌നുൽ മുസയ്യിബ് സുലൈമാനും വലീദിനും വേണ്ടി, അവരെ ബൈയ്അത്ത് ചെയ്തിട്ടില്ലെങ്കിലും, അദ്ദേഹം പ്രാർത്ഥിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു: രാപകൽ വിത്യസമുള്ള രണ്ടു ആളുകളെ ഞാൻ ബൈയ്അത്ത് ചെയ്യുകയില്ല.

അമവി കാലഘട്ടത്തിൽ സഈദ് ബ്‌നുൽ മുസയ്യിബിന് നേരിടേണ്ടിവന്നത് പോലെ അബ്ബാസി ഖലീഫ മുതവക്കിൽ ബ്‌നു ശദ്ദാദിന്റെ കാലത്ത് ഇമാം അബൂ ഹനീഫക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ദിനേന നടക്കാറുള്ള പ്രശ്‌ന വിധിയിലേക്കുള്ള ക്ഷണം ഇമാം നിഷേധിച്ചപ്പോൾ മുതവക്കിൽ അദ്ദേഹത്തെ നൂറ്റി ഇരുപത് തവണ ചാട്ടവാറടി അടിക്കുകയും അങ്ങാടിയിലൂടെ നടത്തിക്കുകയും ചെയ്തു.(1) ഇബ്‌നു തൈമിയയെ സഹായിച്ച കാരണത്താൽ ഇബ്‌നു ഖയ്യിം ജൗസിക്കും ഭരണകൂട പീഢനം നേരിടേണ്ടി വന്നിട്ടുണ്ട്. മഹാനായ ഇബ്‌നു ഹജർ പറയുന്നു: ഈജിപ്തിലെ പ്രമുഖ പണ്ഡിതന്മാരിൽ പെട്ട വ്യക്തിയായിരുന്ന അദ്ദേഹം. ഇബ്‌നു തൈമിയക്കൊപ്പം അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും ചാട്ടകൊണ്ടടിച്ച് ഒട്ടകപ്പുറത്ത് നടത്തിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം വഫാത്തായി.(2)

മാധ്യമങ്ങൾ വഴിയുള്ള മാനനഷ്ടം

ആധുനിക യുഗത്തിൽ, പണ്ഡിതന്മാരെ അപകീർത്തിപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗമായി മാധ്യമങ്ങൾ മാറിയിരിക്കുന്നു. പണ്ഡിതന്മാരുടെ പ്രതിച്ഛായ നശിപ്പിക്കുകയും അവർക്കെതിരെ കിംവദന്തികൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. തെറ്റായ മാർഗം ഉപയോഗിച്ച് അവരെയും അവരുടെ കുടുംബത്തെയും വേട്ടയാടുന്നു.

അത്തരം പ്രവർത്തികളെല്ലാം പലപ്പോഴും മുസ്ലിംകളുടെ മേൽതന്നെ കെട്ടിവെക്കാനാണ് പലപ്പോഴും ശ്രമിക്കാറുള്ളത്. യാഥാർത്ഥത്തിൽ, ഇസ്ലാമിനെ ഒരു ജീവിതമാർഗമായി സ്വീകരിച്ച ഇവർ കപടവിശ്വാസക്കാരും അക്രമികളും പിന്തിരിപ്പൻ സ്വഭാവക്കാരുമാണ്. അവർ അവരുടെ പൈശാചിക സ്വഭാവം എപ്പോഴും വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പത്രങ്ങൾ, ആനുകാലികങ്ങൾ, പുസ്തകങ്ങൾ, റേഡിയോ, ചലചിത്രം, സീരീസുകൾ തുടങ്ങിയവയിലൂടെ ഇസ്ലാമിനെക്കുറിച്ചും പണ്ഡിതന്മാരെക്കുറിച്ചും തെറ്റായ ചിന്താഗതികൾ പ്രചരിപ്പിക്കുന്നു. മതത്തിന്റെ ആളുകളെയും അതിന്റെ സംവേദന രീതികളെയും പരിഹസിക്കലായി അവരുടെ അടിസ്ഥാന ലക്ഷ്യം. അതുവഴി അവർ ഇതര സമൂഹങ്ങൾക്കിടയിൽ ഇസ്ലാമിനെക്കുറിച്ച് തെറ്റായ ധാരണകൾ നൽകി ഇസ്ലാമിന്റെ പ്രതീകാത്മക സ്വഭാവത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു.

അബുൽ ഹസൻ നദ്‌വി പറയുന്നു: ഈജിപ്തിൽ നിന്നും തുടങ്ങി എല്ലാ അറബ് രാജ്യങ്ങളെയും ബാധിച്ച മഹാദുരന്തത്തിന്റെ സുപ്രധാന കാരണങ്ങളിലൊന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങളും റേഡിയോകളുമായിരുന്നു. ഇസ്ലാമിക സ്വഭാവത്തെ നശിപ്പിക്കുന്നതിൽ അതിന് വലിയ പങ്കുണ്ടായിരുന്നു. ബൗദ്ധിക വ്യവസ്ഥകളെയെല്ലാം അത് തളർത്തിക്കളഞ്ഞു. യാഥാർത്ഥ്യം കണ്ടെത്തുന്നതിൽ നിന്ന് കണ്ണുകളെ അന്ധമാക്കി. അധാർമികത പ്രചരിപ്പിച്ച് മൂല്യങ്ങളും സന്തുലിതാവസ്ഥയും തകർത്തു. ധാർമ്മികതയും നിയമങ്ങളും തച്ചുടച്ചു. ഇവ രണ്ടും സൃഷ്ടിക്കുന്ന ഭാരം സഹിച്ചാണ് ഓരോ സമൂഹം മുന്നോട്ട് പോകുന്നത്. അവ സന്തുലിതാവസ്ഥയെ തകർക്കും. അവ നന്മ ഇഷ്ടപ്പെടുകയില്ലെന്ന് മാത്രമല്ല, തിന്മയുടെ വാഹകരാകുകയും ചെയ്യും. അവ വരുത്തിവെക്കുന്ന ദുഷ്ടതയിൽ നിന്നും ഒരു സമൂഹത്തിനും കരകയറാനാകില്ല. അപകടങ്ങളെയെല്ലാം വിളിച്ചു വരുത്തി അവ സമൂഹത്തെ മുഴുവൻ പരാജിതരാക്കും.(3)

ഇത്തരത്തിൽ മാധ്യമ ആക്രമണത്തിന് വിധേയരായവരാണ് ഡോ. സാക്കിർ നായിക്കും അഹ്മദ് ദീദാത്തും. ഇതര മതങ്ങളെ അപകീർത്തിപ്പെടുത്തുന്നുവെന്നും അമുസ്ലിംകളെ വിശ്വാസപരമായി വ്രണപ്പെടുത്തുന്നുവെന്നുമായിരുന്നു അവർ നേരിട്ട ആരോപണം. ഇന്ത്യൻ ഗവൺമെന്റ് അദ്ദേഹത്തിന്റെ പാസ്‌പോർട്ട് റദ്ദാക്കിയെന്ന് മാത്രമല്ല, അന്താരാഷ്ട്ര പൊലീസിനോട് അദ്ദേഹത്തെ റെഡ് ലിസ്റ്റിൽ ഉൾപെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. 2016 മുതൽ അദ്ദേഹം സ്വന്തം രാജ്യത്തിന് പുറത്താണ്. അദ്ദേഹം രാജ്യങ്ങൾ തോറും സഞ്ചരിച്ചു. മലേഷ്യയിൽ താമസമാക്കാൻ ശ്രമിച്ചെങ്കിലും പ്രശ്‌നങ്ങൾ അദ്ദേഹത്തെ വിട്ടൊഴിഞ്ഞില്ല. വളരെ സൂക്ഷ്മമായ രീതിയിൽ തന്നെ അദ്ദേഹം നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

അവലംബം:
1 കുർദി, മനാഖിബുൽ ഇമാമിൽ അഅ്ളം, 2/20.
2 ഇബ്‌നു ഹജർ, അദ്ദുററുൽ കാമിന, 5/138.
3 അബുൽ ഹസൻ നദ്‌വി, അൽമുസ്ലിമൂൻ വഖദിയത്തു ഫിലസ്ഥീൻ, പേ. 163-164.

വിവ- മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles