Current Date

Search
Close this search box.
Search
Close this search box.

ദേശാതിർത്തികൾക്കുള്ളിൽ മനുഷ്യൻ

“ദേശീയത. ഒരു ശിശുരോഗമാണത്. മനുഷ്യരാശിയുടെ അഞ്ചാംപനി”.
“ദേശീയതയുടെ എല്ലാ രൂപങ്ങൾക്കും ഞാൻ എതിരാണ്.
അത് ദേശസ്നേഹത്തിന്റെ രൂപം ധരിച്ചാൽപ്പോലും”.
___ ആൽബർട് ഐൻസ്റ്റീൻ

“ദേശസ്നേഹത്തിന് നമ്മുടെ ആത്മീയ അഭയമാവാൻ സാധിക്കില്ല. മാനവികതയാണെന്റെ രക്ഷാസ്ഥാനം”.
___ രബീന്ദ്രനാഥ ടാഗോർ

“നിങ്ങൾ അവിടെ ജനിച്ചു എന്ന ഒരൊറ്റക്കാരണത്താൽ ഒരു ദേശം ഏറ്റവും മഹത്തരമാകുന്ന ഒരു ബോധമാണ് ദേശീയത”.
___ ജോർജ് ബർനാർഡ് ഷാ

“ഭ്രാന്ത് വ്യക്തികളിലാകുമ്പോൾ അതപൂർവമാകും. കൂട്ടങ്ങളിലും സംഘങ്ങളിലും ജനതകളിലുമാകുമ്പോൾ നിയമവും”.
___ ഫ്രീഡ്രിഷ് നീത്ഷ്ചേ

Migration by Jacob Lawrence..
“Migration” by Jacob Lawrence

മനുഷ്യരെ വിഭജിക്കുന്ന എല്ലാത്തിനോടും യുദ്ധം പ്രഖ്യാപിച്ച രോഷാകുലരായ ഹിപ്പി തലമുറയിൽ നിന്ന് ഊർജം സ്വീകരിച്ച The Beatles എന്ന പോപ് ഗ്രൂപ്പിന്റെ ഭാഗമായ വോകലിസ്റ്റും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ ജോൺ ലെന്നന്റെ (ലെന്നൻ-മക്കാർത്തി ദ്വയം യുവാക്കളുടെ ഹരമായിരുന്നു അറുപതുകളിലും എഴുപതുകളിലും) വിഖ്യാതമായ ഒരു ഗാനമാണ് Imagine. അതിൽ നിന്നുള്ള ചില വരികൾ ഇങ്ങനെ വായിക്കാം:

 

“Imagine there’s no countries
It isn’t hard to do
Nothing to kill or die for
And no religion too
Imagine all the people
Living life in peace

You may say that I’m a dreamer
But I’m not the only one
I hope someday you’ll join us
And the world will be as one”

“രാജ്യങ്ങളൊന്നുമില്ലെന്ന് സങ്കൽപിക്കുക
ഒട്ടും പ്രയാസകരമല്ല അത്
ഒന്നിനു വേണ്ടിയും കൊല്ലുകയോ മരിക്കുകയോ ചെയ്യേണ്ടതില്ല
മതമേതുമില്ലെന്നും സങ്കൽപിക്കുക
സകലരും സമാധാനത്തോടെ
ജീവിതം ജീവിച്ചു തന്നെ തീർക്കുന്നതായും

ഞാനൊരു സ്വപ്നാടകനാണെന്ന് നിങ്ങൾ പറഞ്ഞേക്കാം
എന്നാൽ ഞാൻ മാത്രമല്ലത്
ഒരുനാൾ നിങ്ങളും ഞങ്ങളോടൊപ്പം ചേരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു
അങ്ങനെ ലോകം തന്നെ ഒന്നായിത്തീരുമെന്നും”

Also read: റോബർട്ട് ക്രേൻ : വൈറ്റ് ഹൗസിൽ നിന്ന് ഇസ്ലാമിന് സംരക്ഷകൻ

രണ്ട് ദശാബ്ദത്തോളം നീണ്ടു നിന്ന വിയറ്റ്നാം യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 1971ലാണ് ജോൺ ലെന്നന്റെ ഈ ഗാനം റിലീസ് ചെയ്യപ്പെടുന്നത്. ഇതിന്റെ രചനയിൽ ലെന്നന്റെ ജാപ്പനീസ് ഭാര്യ യോകോ ഓനയും പങ്കാളിയായിരുന്നു.

John_Lennon_1969_(cropped)
ജോൺ ലെനൻ

അതിരുകളെ അതിവർത്തിച്ച ഒരു തലമുറയുടെ പ്രതിനിധികളാണ് ജോൺ ലെന്നനും പോൾ മക്കാർത്തിയുമൊക്കെ. അതേസമയം അതിരുകളെ അടയാളപ്പെടുത്തുകയും ആ അടയാളങ്ങൾക്കകത്ത് മനുഷ്യരെ, ചിന്തകളെപ്പോലും ബന്ധിക്കുകയും ചെയ്യുന്ന ഒരാശയമാണ് ദേശീയത.

അതിനെക്കുറിച്ച ചില ചർച്ചകളാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്. പൊതുവെ ദേശീയത എന്നതു കൊണ്ട് ദേശീയതാവാദത്തെയാണ് അര്‍ത്ഥമാക്കാറുള്ളത്. ഇംഗ്ലീഷിൽ nationalism എന്ന് വിശേഷിപ്പിക്കുന്ന പ്രവണതയാണ് ദേശീയതാവാദം. എന്നാൽ ഒരാളുടെ ദേശപരമായ സ്വത്വത്തെ സൂചിപ്പിക്കുന്ന nationaltiy (ദേശീയത്വം) എന്ന പദത്തിനും നാം ദേശീയത എന്ന് തന്നെ അർത്ഥം പറയാറുണ്ട്.

ദേശം എന്ന് വ്യവഹരിക്കാവുന്ന ഇടത്തിൽ സ്വന്തം അതിർത്തികളോടുള്ള പ്രതിപത്തിയും അതിനപ്പുറത്തുള്ളതിനോടുള്ള അവഗണനാ, നിരാകരണ ബോധങ്ങളും എന്ന് ദേശീയതാവാദത്തെ (nationalism) ലഘുവായി നിർവചിക്കാം. സാധാരണഗതിയിൽ ഭൂപരമായ അതിർത്തികളെയാണ് ദേശം കൊണ്ട് സൂചിപ്പിക്കാറുള്ളതെങ്കിലും ദേശീയത എന്ന വ്യവഹാരത്തിൽ സ്വത്വത്തിന്റെ ഇതരഘടകങ്ങളെയും ഉൾപ്പെടുത്താവുന്നതാണ്.

പദവിവക്ഷ
Natio എന്ന ലത്തീൻ പദത്തിന്റെ അർത്ഥം place of birth എന്നാണ്. ഇതിൽ നിന്നാണ് nation (ദേശം) എന്ന വാക്കുണ്ടാവുന്നത്. സ്ഥലം എന്ന, ഭൂപരമായ അർത്ഥത്തിൽ ഒരു പ്രത്യേക സ്ഥലത്തെയോ നഗരത്തെയോ വാസസ്ഥാനത്തെയോ ആണ് place എന്ന പദം സാരമാക്കുന്നതെങ്കിലും particular area, building, location എന്നതിന് പുറമെ situation, occasion എന്നൊക്കെ അർത്ഥമുള്ള പദമാണത്. ഒരാളെ മറ്റ് ആളുകളുമായി ബന്ധപ്പെടുത്തിയോ അവരിൽ നിന്ന് വേര്‍തിരിച്ചോ പറയാവുന്ന സ്ഥാനത്തെയും (position) പ്ലേസ് എന്ന പദം അടയാളപ്പെടുത്തുന്നുണ്ട്.

അങ്ങനെ വരുമ്പോൾ മലയാളത്തില്‍ place എന്നതിന് സമാനമായ പദം സ്ഥലം എന്നതിനെക്കാൾ ഇടം എന്നതാണ്. സ്ഥലം എന്നതോടൊപ്പം സന്ദർഭം, വലിപ്പം എന്നിങ്ങനെയും സ്ഥാനം, രാശി, ഭാഗം, വീട് എന്നു തൊട്ട് താവഴി, സ്വരൂപം എന്ന് വരെയും അർത്ഥമുള്ള പദമാണത്.

Vietnam war, paintings of Dan Nance
വിയറ്റ്നാം യുദ്ധം, ഡാൻ നാൻസിന്റെ ചിത്രങ്ങൾ “Death Followed Us Home” and “Brothers in Arms”

ഇതെല്ലാം വെച്ചുകൊണ്ട് തന്നെ, ദേശം എന്ന യാഥാർത്ഥ്യത്തോടുള്ള പ്രതിബദ്ധതയുടെ ആവിഷ്‌കാരത്തിന് നിമിത്തമായിത്തീരുന്ന രണ്ട് വികാരങ്ങൾ മനുഷ്യൻ ഉൾപ്പെടെ മിക്ക ജന്തുക്കളിലും സഹജമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. 1) സ്വഗൃഹപ്രേമം, 2) സംഘബോധം.

Also read: ആരോഗ്യരംഗം സംരക്ഷിക്കേണ്ട ബാധ്യത വ്യവസ്ഥയുടേത് കൂടിയാണ്

സ്വഗൃഹപ്രേമം
ജന്മസ്ഥലം ഉൾപ്പെടെ സ്വന്തം ചുറ്റുപാടുകളോടുള്ള സഹജവും സ്വാഭാവികവുമായ ഇഷ്ടത്തെ സ്വഗൃഹപ്രേമം എന്ന് വ്യവഹരിക്കാം. ഇതാകട്ടെ, കുടുംബം, ഗോത്രം, സമുദായം എന്നിങ്ങനെ വികസിച്ച് ദേശത്തിലേക്കെത്തുന്നു. സ്വാഭാവികമായും സ്വഗൃഹപ്രേമം ഒരാളിൽ സ്വദേശസ്‌നേഹമായും (patriotism) പ്രകാശിതമാകുന്നു.

അതേസമയം, മനുഷ്യന്റെ സാമൂഹികജീവിതഘടനയെപ്പറ്റി ചിന്തിക്കുമ്പോൾ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ചെറുതിൽ നിന്ന് മുകളിലേക്കുള്ള ഒരു ഘടനക്കും അതിന്റെ താഴെയുള്ള ഘടനകളെ റദ്ദ് ചെയ്യാനുള്ള അവകാശമില്ല എന്നതാണ് അതിൽ പ്രധാനം. മനുഷ്യൻ എന്ന സമഗ്രത ഒരിക്കലും ദേശം എന്ന യാഥാർത്ഥ്യത്തെ റദ്ദ് ചെയ്യുന്നില്ല. അതിനാൽ സമുദായങ്ങളെയും ഗോത്രങ്ങളെയും കുടുംബങ്ങളെയും പ്രാദേശികവും സാമുദായികവുമായ സംസ്‌കാരങ്ങളെയും റദ്ദ് ചെയ്യാൻ ദേശത്തിനും അധികാരമില്ല.

സ്വഗൃഹപ്രേമം ദേശസ്‌നേഹത്തിന്റെ ആധാരമാണെങ്കിലും ഈ വികാരത്തെ ദേശം എന്നതിലേക്ക് വികസിപ്പിച്ചത് മനുഷ്യനാണ്. ദേശം എന്ന വിഭജനം പൊതുവെ പ്രകൃതിപരമൊന്നുമല്ല. അപൂര്‍വം ചിലപ്പോള്‍ വർണം, നരവർഗം തുടങ്ങിയവ അതിന്റെ ആധാരമായി വരുന്നതൊഴിച്ചാൽ. എന്നാൽ, അതിന്റെ താഴെയുള്ള ഘടനകളും ഘടകങ്ങളുമാകട്ടെ, ദേശം എന്നതിനെക്കാൾ ശുദ്ധവും മൗലികവുമായ യാഥാർത്ഥ്യങ്ങളത്രേ. കുടുംബം എന്നതിൽ രക്തബന്ധം എന്ന ജൈവികത കുടിക്കൊള്ളുന്നുണ്ട്. സമുദായമാകട്ടെ, ആദർശത്താലോ വിശ്വാസത്താലോ ബന്ധിതവുമായിരിക്കും സാധാരണഗതിയിൽ.

എന്നാൽ, അറിയപ്പെട്ട രൂപത്തിൽ ദേശത്തെ നിർണയിക്കുന്നത് ഭൂശാസ്ത്രപരമായ അതിരുകളാണ്. അതാകട്ടെ, അവിഭാജ്യമോ സ്ഥിരമോ അല്ല. പൊതുവെ ഭൂപരമായ ദേശമോ രാജ്യമോ സ്വയം ഒരു ആദർശവുമല്ല.

അതേസമയം ഇതിനെ ആദർശമാക്കി മാറ്റുന്നേടത്താണ് ദേശീയതയും ദേശീയതാവാദവും (nationalism) ഉൽഭവിക്കുന്നത്.

ഭൂശാസ്ത്രപരമായ അതിരുകൾക്കപ്പുറത്തും ചിലപ്പോൾ ദേശീയതാ സങ്കൽപങ്ങൾ വികസിക്കാറുണ്ട്. ഭാഷാപരമായ ദേശീയത, മതപരമായ ദേശീയത തുടങ്ങിയ ഉദാഹരണങ്ങൾ ധാരാളം കാണാം.

ഒരാളുടെ ദേശീയസ്വത്വത്തെ അയാളുടെ ദേശീയത്വം (nationality) എന്ന് അടയാളപ്പെടുത്താമെന്ന് സൂചിപ്പിച്ചല്ലോ. അതായത്, രാജ്യത്തിന്റെയോ ദേശത്തിന്റെയോ സംസ്‌കാരത്തിന്റെയോ അതിരുകൾ അതിനകത്തുള്ളവർക്ക് നൽകുന്ന സവിശേഷ ഐഡന്റിറ്റിയാണ് നാഷനാലിറ്റി. ദേശം ആദർശമായി മാറുമ്പോഴാകട്ടെ നാഷനാലിസം ഉണ്ടാകുന്നു.

Also read: എന്നെ വേട്ടയാടിയ ബ്രിട്ടീഷ് ഭീകരനിയമങ്ങൾ

സംഘബോധവും അസ്വബിയയും
ദേശീയതക്ക് സമാനമായി വ്യവഹരിക്കാവുന്ന ഒരു പദം പ്രവാചകവചനങ്ങളിൽ വന്നിട്ടുണ്ട്. അസ്വബിയഃ എന്നതാണത്. അതേസമയം ദേശീയതയുടെ വിശാലനിർവചനത്തിലാണ് അസ്വബിയഃ അതിന് സമാനപദമാകുന്നത്. ഭൂപരമായ ദേശീയതയെക്കുറിക്കാൻ അറബിയിൽ പ്രത്യേകമായി ഉപയോഗിക്കുന്ന പദം വത്വനിയഃ എന്നതാകുന്നു.

ഒരു സാമൂഹ്യ ഐക്യദാര്‍ഢ്യവുമായി (social solidarity) ബന്ധപ്പെട്ടാണ് ചരിത്രത്തിൽ അസ്വബിയഃ രൂപപ്പെടുന്നതും വികസിക്കുന്നതും. പ്രാഗ് ഇസ്ലാമിക സമൂഹത്തിൽ ഇത് ഗണപരത (clannism/ Šuʿūbiyyah or Šuʿūbism) ഗോത്രപരത (tribalism/ Qabliya or Qabiilism) തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിൽക്കുന്നു.

അന്ധമായ പക്ഷപാതിത്വം എന്ന തലത്തിൽ തീർത്തും നിഷേധാത്മകമായിത്തീരുന്ന അസ്വബിയയെ പ്രവാചകൻ നിരാകരിച്ചിട്ടുണ്ട്. അസ്വബിയയിലേക്ക് ക്ഷണിക്കുന്നവനും അതിൽ പൊരുതുന്നവനും അതിന്റെ പേരിൽ കൊല്ലപ്പെടുന്നവനും നമ്മിൽപ്പെട്ടവനല്ല എന്ന് ഒരു നബിവചനമുണ്ട്.

അതേസമയം സവിശേഷമായ ഒരു കൂട്ടായ്മ (വർഗം, ഗോത്രം, ഗണം /race, tribe, clan) സൃഷ്ടിക്കുന്ന സമൂഹത്തിൽ അതത് കൂട്ടായ്മയിലെ അംഗങ്ങളായ മനുഷ്യർക്കിടയിൽ വർത്തിക്കുന്ന ഐക്യത്തിന്റെ ഉപാധിയായി അസ്വബിയയെ ഇബ്‌നു ഖൽദൂൻ വിലയിരുത്തുന്നു (മുഖദ്ദിമഃ). നാടോടി സമൂഹങ്ങൾ മുതൽ രാഷ്ട്രങ്ങളും സാമ്രാജ്യങ്ങളും വരെ നാഗരികതയുടെ ഏത് തലത്തിലും അസ്വബിയഃ എന്ന ഈ ബന്ധം നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

നാടോടി സമൂഹങ്ങളുടെ കാലഘട്ടത്തിൽ ഏറ്റവും ശക്തമായ ബന്ധമായി നിലനിന്നിരുന്ന ഒരു അസബിയഃ ഉണ്ടായിരുന്നു. നാഗരികതയുടെ ശക്തിപ്പെടലിനനുസരിച്ച് ഇതിന്റ ശക്തി കുറഞ്ഞു വന്നു. അതേസമയം ഒരു അസബിയഃ ക്ഷയിക്കുമ്പോൾ ആ സ്ഥാനത്ത് മറ്റൊരു അസബിയഃ ഉൽഭവിക്കും എന്നാണ് ഇബ്‌നു ഖൽദൂന്റെ പക്ഷം.

ഓരോ സമൂഹവും സ്വന്തം പതനത്തിന്റെ ബീജങ്ങൾ കൂടി ഉൾക്കൊള്ളുന്നുണ്ടെന്നാണ് ഇബ്‌നു ഖൽദൂന്റെ നിരീക്ഷണം. ഭരണാധികാരിക8 ഈ അസബിയയെ തങ്ങളുടെ നിലനിൽപിനായി ഉപയോഗിക്കുന്നു. അങ്ങനെ വിഭാഗീയ പ്രവണതകൾ ഉടലെടുക്കുന്നു. സമൂഹത്തിന്റെ ഛിദ്രതക്ക് അത് നിമിത്തമായിത്തീരുന്നു (മുഖദ്ദിമഃ).

ഇപ്രകാരം അസ്വബിയയുടെ നിഷേധാത്മകവശത്തെയും ഇബ്‌നു ഖൽദൂൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഛിദ്രതക്ക് നിമിത്തമായിത്തീരുന്ന, അസ്വബിയയുടെ ഈ വശത്തെയാണ് അന്ധപക്ഷപാതിത്വം എന്ന പേരിൽ പ്രവാചകൻ നിരാകരിക്കുന്നത്.

Also read: ശൈഖ് ദിദോ ജീവിതം പറയുന്നു-2

നിഷേധാത്മകദേശീയത
സ്വഗൃഹം എന്നതിൽ വ്യവഹരിക്കാവുന്ന ഏതൊരു ഘടനയെയും ആദർശവൽക്കരിക്കുന്നതോടെ സങ്കുചിതവും അതിരുകവിഞ്ഞതുമായ സ്വജനസ്‌നേഹം (ഷോവനിസം -chauvinism) ഉണ്ടാകുന്നു. ഇതാകട്ടെ, അതിരുകൾക്കപ്പുറത്തുള്ളവരെ അപരന്മാരാക്കുകയും അവരോടുള്ള വിദ്വേഷം വളർത്തുകയും ചെയ്യുന്നു. ഈ മാനസികാവസ്ഥയെയാണ് സെനഫോബിയ (xenophobia) അഥവാ അപരവിദ്വേഷം എന്ന് വിളിക്കുന്നത്. വിദേശി, അപരൻ, അപരിചിതൻ എന്നെല്ലാം അര്‍ത്ഥമുള്ള ഗ്രീക് പദമാണ് xenos.

ഒരുപക്ഷേ ഈ നിഷേധാത്മകദേശീയബോധം സൃഷ്ടിക്കുന്ന ഇടുക്കങ്ങളെയാവാം ഖുർആനിൽ സൂറഃ യാസീനിലെ എട്ടാമത്തെയും ഒമ്പതാമത്തെയും മന്ത്രങ്ങൾ സൂചിപ്പിക്കുന്നത്. “അവരുടെ കണ്ഠങ്ങളിൽ നാം വിലങ്ങണിയിച്ചിട്ടുണ്ട്. അതാകട്ടെ, അവരുടെ താടിയെല്ലുകൾ വരെ മുറുകിയിരിക്കുന്നു. (മുന്നിലേക്ക് കണ്ണ് നട്ട് ഒരൊറ്റ ദിശയിൽ നോക്കുന്നവരായി) തല നേരെപ്പിടിച്ചല്ലാതെ അവർക്ക് നിൽക്കാൻ പറ്റില്ല. അവരുടെ മുന്നിൽ നാമൊരു മതിൽക്കെട്ടുയർത്തിയിരിക്കുന്നു. പിന്നിലുമുണ്ടതുപോലൊരു ദുർഗം. മതിലുകളാൽ നാമവരെ വലയം ചെയ്തിരിക്കുന്നു. അതിനാൽ കാണാനാവില്ലവർക്ക് മറ്റൊന്നും തന്നെ”.

സ്വന്തം നേട്ടം എന്ന് പറയുന്നത് പോലും ഇതരന്റെ നഷ്ടം മാത്രമായി പരിണമിക്കുന്ന ഒരവസ്ഥയാണ് ഈ നിഷേധാത്മകദേശീയതയുടെ രസതന്ത്രം. ആധുനികലോകത്ത് ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന തീവ്ര വലതുപക്ഷ ദേശീയതയുടെ എല്ലാ രൂപങ്ങളും ഇതിനുദാഹരണമാണ്. മാരകമായ തോതിൽ സെനഫോബിയ വളർത്തിക്കൊണ്ടത്രേ ഇവ നിലനിൽക്കുന്നത്.

Trump's world - The new nationalism Carttoon by David Parkins
“Trump’s world – The new nationalism” ഡേവിഡ് പാർകിൻസിന്റെ കാർട്ടൂൺ (ദ് എകനോമിസ്റ്റ്)

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് 2016 നവംബറിൽ ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെപ്പറ്റി ദ് ഇകനോമിസ്റ്റിൽ ഒരു ലേഖനം വന്നിരുന്നു. Trump’s world, The new nationalism എന്ന പേരിൽ. ട്രംപിന്റെ ആശയങ്ങളെ ന്യൂ നാഷനലിസം (നവദേശീയതാവാദം) എന്ന് അതിൽ വിശേഷിപ്പിക്കുന്നു. ഒരു സ്ലിപ്പറി ആശയമായതിനാൽ രാഷ്ട്രീയക്കാർക്ക് എളുപ്പത്തിൽ വളച്ചു തിരിച്ച് കൈകാര്യം ചെയ്യാൻ പറ്റുന്ന ആശയമാണ് ദേശീയത എന്ന് അതിൽ പറയുന്നു. “I will no longer surrender this country or its people to the false song of globalism”. എന്ന് പ്രഖ്യാപിച്ച ട്രംപ് America First എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തിയത്.

ഇതിലൂടെ വളരെ അപകടകരമായ ഒരു ഗെയിമിനാണ് ട്രംപ് മുതിരുന്നത്. രണ്ടാം ലോകയുദ്ധത്തിന് ശേഷം ഇപ്പോൾ ഉയർന്നുവരുന്ന ലോകശക്തികളെല്ലാം പല രീതിയിൽ ആവിഷ്‌കരിക്കപ്പെടുന്ന ഷോവനിസത്തിന് കീഴ്‌പ്പെട്ടു കൊണ്ടിരിക്കയാണ്. റഷ്യ, ചൈന, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾ ആഗോള താൽപര്യങ്ങളോട് ദേശീയവാദം ഉയര്‍ത്തിപ്പിടിച്ച് മൽസരിച്ചു കൊണ്ടിരിക്കുകയാണെന്ന് ഇകനോമിസ്റ്റ് ലേഖനം ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതാകട്ടെ, ഒരുതരം zero-sum game ആണ്. ഒരു വ്യക്തിയുടെ നേട്ടത്തിന്റെ അടിസ്ഥാനം ഇതരന്റെ നഷ്ടം മാത്രമാണ് എന്ന ഒരു സാഹചര്യത്തെയാണ് സീറോ-സം എന്ന് വിളിക്കുക.

Also read: മുഹമ്മദിനെ അൽഫാതിഹാക്കിയ മാതാവ് ഹുമാ ഖാതൂൻ

സ്ഥലപരമായ നിര്‍ണയത്തിന്റെ പ്രശ്‌നങ്ങൾ
ദേശരാഷ്ട്രസങ്കൽപത്തിന്റെ അടിസ്ഥാനത്തിൽ വികസിച്ച, ആധുനിക ദേശീയതയുടെയും ദേശീയതാവാദത്തിന്റെയും തലത്തിൽ നിന്നുകൊണ്ട് പരിശോധിക്കുമ്പോൾ, ഒരു രാഷ്ട്രത്തിന്റെ പൊതുവായ സാംസ്‌കാരിക പൈതൃകത്തെയും മറ്റും എങ്ങനെയാണ് നിർവചിക്കുക? ആധുനിക രാഷ്ട്രങ്ങളിലെ ജനതകളെല്ലാം പൊതുവെ ബഹുസ്വരമാണ്. ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും ഈ ബഹുത്വവും വൈവിധ്യവും അതിന്റെ ഏറ്റവുമുന്നതിയിൽത്തന്നെ നില്‍ക്കുന്നു.

ഭാഷയുടെ കാര്യമെടുക്കാം. നൂറ്റെട്ട് കോടിയിൽപ്പരം ജനസംഖ്യയുള്ള ഇന്ത്യയിൽ നാനൂറ്റി ഇരുപത്തേഴ് സംസാരഭാഷകളുണ്ട്. എന്നാലോ, ഭാഷാവൈവിധ്യസൂചികയിൽ നാലാം സ്ഥാനമേ ഇന്ത്യക്കുള്ളൂ. അമ്പത്തഞ്ചര ലക്ഷത്തിനടുത്ത് മാത്രം ജനസംഖ്യയുള്ള പാപുവ ന്യൂഗിനിയയിൽ എണ്ണൂറ്റിരുപത് ഭാഷകളാണ് സംസാരിക്കപ്പെടുന്നത്.

ഇന്‍ഡെക്‌സിൽ ഇന്ത്യയുടെ തൊട്ട് താഴെയുള്ള യു.എസിൽപ്പോലും മുന്നൂറ്റിപ്പതിനൊന്ന് ഭാഷകളുണ്ട്. ആപേക്ഷികമായി കുറഞ്ഞ ജനസംഖ്യയുള്ള പാപുവ ന്യൂഗിനിയ തന്നെ ഗോത്രസൂചികയിലും ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ആയിരത്തിൽപ്പരം വർഗവിഭാഗങ്ങൾ അവിടെയുണ്ട്. ഇതിൽ പതിനേഴാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിലാകട്ടെ എണ്ണൂറിൽപ്പരം ഗോത്രങ്ങൾ എന്നാണ് കണക്ക്.

ഈ ഓരോ ഭാഷാസമൂഹത്തിനും ഗോത്രസമൂഹത്തിനും അവരുടേതായ സംസ്‌കാരവും ചരിത്രവുമുണ്ട്. എന്നുവെച്ചാൽ സ്ഥലപരമായ ദേശീയതയിൽ ഏകോപിപ്പിക്കാൻ പറ്റാത്തത്രയും വൈവിധ്യങ്ങൾ.

life Papua New Guinea
ജീവിതം പാപ്പുവ ന്യൂഗിനിയ -പെയിന്റിങ്ങുകളിൽ

അതേസമയം, ഈ സ്വരബഹുത്വങ്ങളെ അതേ നിലക്ക് അഭിമുഖീകരിക്കാനോ അംഗീകരിക്കാൻ പോലുമോ പലപ്പോഴും ദേശരാഷ്ട്ര ദേശീയതക്ക് സാധിക്കാറില്ല. ചരിത്രപരമോ സാമൂഹികമോ ആയ സാഹചര്യങ്ങളാൽ അധീശപദവി കൈയടക്കുന്ന വിഭാഗങ്ങൾ ദേശീയജനതയുടെ സ്ഥാനത്ത് തങ്ങളെത്തന്നെ പ്രതിഷ്ഠിക്കുകയും തങ്ങളുടെ സംസ്‌കാരവും പാരമ്പര്യവും മാത്രമാണ് ദേശസംസ്‌കാരമെന്ന ബോധം അടിച്ചേൽപിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. ഒരുമിച്ചു ചേര്‍ത്താൽ രാജ്യപൗരന്മാരിൽ വളരെ വലിയ ഭൂരിപക്ഷം തന്നെ വന്നേക്കാവുന്ന സമൂഹങ്ങൾ അതുവഴി അപരവൽക്കരിക്കപ്പെടുന്നു.

ഈ അപരവൽക്കരണത്തെ രാജ്യസ്‌നേഹത്തിന്റെ പേരിൽ ആദർശവൽക്കരിക്കുന്നു എന്നതാണ് ദേശരാഷ്ട്ര ദേശീയതാവാദത്തിന്റെ ഏറ്റവും മനുഷ്യവിരുദ്ധമായ മുഖം.

അങ്ങനെ ദേശീയത പലപ്പോഴും ജനവിരുദ്ധവും അക്കാരണത്താൽ ദേശവിരുദ്ധവുമായിത്തീരുന്നു.

ഇന്ത്യന്‍ ദേശീയതയുടെ ചരിത്രം
ഇന്ത്യ പോലുള്ള സ്ഥലങ്ങളിൽ രാജഭരണകാലത്തെ രാജഭക്തിയാണ് ആധുനികതയിൽ ദേശഭക്തിയും ദേശീയതാവാദവുമായി പരിണമിച്ചത് എന്ന് പറയാം. അതിര്‍ത്തികളുമായി ബന്ധപ്പെട്ട ജാഗ്രതയാണ് രണ്ടിന്റെയും കാതൽ. അതിര്‍ത്തി വിപുലീകരണവ്യഗ്രതയും (രാഷ്ട്രവികസനവാദം) ഇതിലടങ്ങിയിട്ടുണ്ട്.

നാട്ടുരാജ്യങ്ങളുടെ കാലത്ത് രാജാവിന്റെ അധികാരാതിര്‍ത്തിയായിരുന്നു ദേശീയതയുടെ അതിരുകൾ. വ്യത്യസ്ത നാട്ടുരാജ്യങ്ങൾ ചേർന്ന് വിപണിയുടെ അതിരടയാളങ്ങൾ എന്ന മനോനിലയാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിൻ കീഴിൽ രൂപപ്പെട്ടത്. പിന്നീട് നേരിട്ടുള്ള ബ്രിട്ടീഷ് രാജഭരണത്തിന് കീഴിലായതോടെ ബ്രിട്ടീഷ് കോളനി അതിര്‍ത്തികളോട് ഇതിനെ ചേര്‍ത്തു നിർത്താന്‍ തുടങ്ങി. ആധുനികദേശരാഷ്ട്രം എന്ന അവസ്ഥയിലേക്ക് വന്നതോടെയാണ് രാഷ്ട്രത്തിന്റെ ഭൂശാസ്ത്രപരമായ അതിർത്തി എന്ന ബോധം സൃഷ്ടിക്കപ്പെട്ടത്.

Related Articles