Current Date

Search
Close this search box.
Search
Close this search box.

മാറ്റങ്ങള്‍ ഉണ്ടാകുന്നതെങ്ങനെ?

മാറ്റത്തിന്റെ അടിസ്ഥാന ഘടകം പ്രധാനമായും അതിന്റെ ആശയം, ഉള്ളടക്കം, വൈജ്ഞാനിക ആവിര്‍ഭാവം എന്നിവയാണ്. ഒരു രാജ്യം സോഷ്യലിസ്റ്റ്, മുതലാളിത്വ മാതൃകകള്‍ ഭൗതികവും സാമ്പത്തികവുമായ ഘടകങ്ങളെ പ്രത്യേകമായി അനുകൂലിക്കുന്നുവെങ്കില്‍ സോഷ്യലിസ്റ്റ് മാതൃകയെ വര്‍ഗസമരത്തിലൂടെയും മുതലാളിത്വ മാതൃകയെ മൂലധന ശേഖരണ രീതിയിലൂടെയുമാണ് പഠിക്കേണ്ടത്. എന്നാല്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ഏകദൈവ മാതൃക, മാറ്റത്തിന്റെ(മാനുഷിക) അടിസ്ഥാന ഘടകവും ജീവിതത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ ഏത് മേഖലകളിലും ക്രമേണയാണെങ്കില്‍ പോലും യഥാര്‍ത്ഥ പരിവര്‍ത്തനം സാധ്യമാക്കാനുതകുന്നതുമാണ്. സാമൂഹിക മാറ്റത്തെയും പരിഷ്‌കരണത്തെയും അലി ശരീഅത്തിയുടെയും(1933-1977) മാലിക് ബിന്‍ നബിയുടെയും(1905-1973) ചിന്തകളിലൂടെ അനാവരണം ചെയ്യുകയാണ് ഈ ലേഖനത്തിന്റെ താല്‍പര്യം.

മാറ്റങ്ങളുടെ അടിസ്ഥാന ഘടകം ശരീഅത്തിയുടെ വീക്ഷണത്തില്‍ 
അധിനിവേശത്തിന്റെയും പാശ്ചാത്യവല്‍കരണത്തിന്റെയും കാലഘട്ടത്തില്‍ ഇസ്‌ലാമിക ലോകത്ത് നിലനിന്നിരുന്ന നിര്‍ബന്ധിത പ്രവണതകളെ ലഘൂകരിക്കാനുള്ള ശ്രമത്തില്‍ ‘ജനങ്ങള്‍'(അന്നാസ്) എങ്ങനെയാണ് ഖുര്‍ആനില്‍ പറഞ്ഞതുപോലെ സാമൂഹിക മാറ്റത്തിനുള്ള പ്രധാന ഘടകമായിത്തീരുന്നതെന്ന് അലി ശരീഅത്തി വിശദീകരിക്കുന്നുണ്ട്. മാറ്റത്തിന്റെ ചുമതല മുഴുവന്‍ ജനങ്ങളിലാണെന്ന് പറയുന്നതിലൂടെ ശരീഅത്തി വ്യക്തമാക്കുന്നത് വിമോചനം, സ്വാതന്ത്ര്യം, സാമൂഹിക വികസനം എന്നീ വിഷയങ്ങള്‍ നേടിയെടുക്കുന്നതില്‍ എല്ലാ ജനങ്ങളും പൂര്‍ണ്ണ ഉത്തരവാദികളാണ്. അതൊരിക്കലും ദൈവികമായ ഒരു പ്രക്രിയ മാത്രമല്ല. പ്രവാചകന്മാരെല്ലാം വ്യക്തമായ ദൈവിക അറിയിപ്പുകള്‍(അല്‍ബലാഗുല്‍ മുബീന്‍) മാത്രമാണ്. പരിവര്‍ത്തന വിഷയത്തില്‍ മഹത്തുക്കളുടെ സിദ്ധാന്തങ്ങളോ ഭൗതിക ഘടകങ്ങളോ അല്ല ഇസ്‌ലാം അവലംബിക്കുന്നത്. സമൂഹത്തിന്റെയും ചരിത്രത്തിന്റെയും മാറ്റങ്ങള്‍ക്ക് കാരണമാകുന്ന ജനത്തെയാണ് ഇസ്‌ലാം അവലംബിക്കുന്നത്.

Also read: പലിശ വ്യത്യസ്ത സ്വഭാവത്തിലോ?-2

ഭൗതിക ഘടകങ്ങള്‍ക്കും പ്രമുഖ വ്യക്തികളുടെ സിദ്ധാന്തങ്ങള്‍ക്കും അനുസരിച്ച് സാമൂഹിക മാറ്റത്തെ വിശദീകരിക്കുന്നതിന് ഇസ്‌ലാമിലോ ഖുര്‍ആനിലോ ഒരു സ്ഥാനവുമില്ലെന്ന് ശരീഅത്തി പറയുന്നു. ഇസ്‌ലാമിന്റെ കാഴ്ചപ്പാടിലെ മാതൃകാ പുരുഷന്‍ പ്രവാചകന്‍(സ്വ) തന്നെയാണ്. സമൂഹത്തിന്റെയും ചരിത്രത്തിന്റെയും സമൂലമായ മാറ്റം സാധ്യമാക്കാന്‍ വ്യക്തികള്‍ക്ക് ഇസ്‌ലാം കഴിവ് നല്‍കുമായിരുന്നെങ്കില്‍ അത് തീര്‍ത്തും അമ്പിയാക്കള്‍ക്ക്(പ്രത്യേകിച്ച് മുഹമ്മദ് നബിക്ക്) മാത്രമായിരിക്കും. മാറ്റത്തിനുള്ള പ്രധാന ഘടകം അവരാകുമായിരുന്നു, പക്ഷെ, അതങ്ങനെയല്ല. പ്രവാചകനെക്കുറിച്ചും പ്രവാചകന്റെ സന്ദേശത്തെക്കുറിച്ചും നല്‍കപ്പെട്ട ഉത്തരവാദിത്വത്തെക്കുറിച്ചും ഖുര്‍ആന്‍ പ്രതിപാദിച്ചിട്ടുണ്ട്. ദൈവിക സന്ദേശം ജനങ്ങളിലെത്തിക്കുന്നതിലപ്പുറം മറ്റൊരു ഉത്തരവാദിത്വവും പ്രവാചകര്‍ക്ക് നല്‍കപ്പെട്ടിട്ടില്ല. ദൈവിക സന്ദേശം എത്തിച്ചു കൊടുക്കുന്നതിനെക്കുറിച്ച് മാത്രമാണ് അല്ലാഹു പ്രവാചകനോട് ചോദിക്കുക. പ്രവാചകന്‍ സന്തേഷവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പുകാരനുമാണ്. ജനങ്ങള്‍ സന്മാര്‍ഗദര്‍ശികള്‍ ആകാതിരിക്കുമ്പോഴും അവരെ സന്മാര്‍ഗികളാക്കാന്‍ കഴിയാതിരിക്കുമ്പോഴും അല്ലാഹു പ്രവാചകനോട് പറയും ദൈവദൂത് അവരിലേക്ക് എത്തിക്കുന്നതിനെക്കുറിച്ച് മാത്രമാണ് നിങ്ങള്‍ ചോദിക്കപ്പെടുക. ജനങ്ങളുടെ സന്മാര്‍ഗദര്‍ശനത്തെക്കുറിച്ച് അവരാണ് ചോദ്യം ചെയ്യപ്പെടുക. ചരിത്രത്തെത്തിന്റെയും സമൂഹത്തിന്റെയും സമൂലമായ പരിവര്‍ത്തനത്തിന്റെ അടിസ്ഥാന ഘടകമായി പ്രവാചകന്‍ ഒരിക്കലും തന്റെ വ്യക്തിത്വത്തെ അവതരിപ്പിച്ചിട്ടില്ലെന്ന് ഖുര്‍ആന്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. സന്ദേശം എത്തിച്ചു കൊടുക്കാനും യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കാനുമുള്ള ദൂതന്‍ മാത്രമാണ് പ്രവാചകന്‍.’സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചുകൊടുക്കാനാണ് അങ്ങ് കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്'(ആലു ഇംറാന്‍: 20). ജനങ്ങള്‍ നിര്‍ബന്ധമായും ഈ ദൈവിക സന്ദേശത്തെ പിന്തുടരുകയും സത്യത്തെ തരിഞ്ഞെടുക്കുകയും ചെയ്യണം.’അതുകൊണ്ട്, ഇഷ്ടമുള്ളവര്‍ വിശ്വസിക്കുകയും അല്ലാത്തവര്‍ അവിശ്വസിക്കുകയും ചെയ്യട്ടെ'(അല്‍കഹ്ഫ്: 29).

ഇസ്‌ലാമില്‍ യാദൃശ്ചികതക്ക് ഒട്ടും സ്ഥാനമില്ല. എല്ലാം അല്ലാഹുവിന്റെ തീരുമാനപ്രകാരമാണ് നടക്കുന്നത്. കാര്യകാരണബന്ധങ്ങള്‍ കൂടാതെയും പ്രാപഞ്ചികമായൊരു ലക്ഷ്യവുമില്ലാതെയും യാദൃശ്ചികത സംഭവിക്കുകയെന്നത് പ്രകൃതിപരമായോ സാമൂഹികമായോ അചിന്തനീയമാണ്. ചരിത്രത്തില്‍ കഴിഞ്ഞുപോയ വ്യക്തികളെക്കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിച്ചിടത്തെല്ലാം സത്യനിഷേധത്തിന്റെ വക്താക്കളായിരുന്നവരെ ഖുര്‍ആന്‍ ആക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ നന്മയുടെ വക്താവായ ആളുകളെ പരാമര്‍ശിച്ചിടത്തൊന്നും ഖുര്‍ആന്‍ അവരെ സാമൂഹിക മാറ്റത്തിനും പരിവര്‍ത്തനത്തിനും നിധാനമായവരായി പരിചയപ്പെടുത്തിയിട്ടില്ല. യഥാര്‍ത്ഥത്തില്‍, ഖുര്‍ആനും പ്രവാചനകന്മാരും സംവദിച്ച സമൂഹമാണ് ഇസ്‌ലാമിക കാഴ്ചപ്പാടിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍. ഈയൊരു അടിത്തറയുടെമേലാണ് ഖുര്ആനിന്റെ അഭിസംബോദകര്‍ ‘ജനങ്ങളാ’ണെന്ന് പറയുന്നത്.

Also read: ലോകം ഇന്ത്യയെ കുറിച്ച് അത്ര ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നില്ല

ജനങ്ങളിലേക്കാണ് പ്രവാചകന്‍ അയക്കപ്പെടുന്നത്. ജനങ്ങളോടാണ് പ്രവാചകന്‍ അഭിസംബോധന നടത്തുന്നത്. ജനങ്ങളുടെ ചോദ്യങ്ങള്‍ക്കാണ് പ്രവാചകന്‍ മറുപടി നല്‍കുന്നത്. ഓരോ സമൂഹത്തെക്കുറിച്ചും അവരുടെ ചരിത്രങ്ങളെക്കുറിച്ചും അവിടുത്തെ ജനങ്ങളാണ് ചോദിക്കപ്പെടുകയെന്ന പോല്‍ ഇവിടെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും മാറ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളും ജനങ്ങള്‍ തന്നെയാണ്. ‘ജനം'(അന്നാസ്) എന്നത് മൂല്യവത്തായ ഒരു പദമാണ്. മൂല്യത്തില്‍ അതിനോട് കിടപിടിക്കുന്ന മറ്റൊരു പദമില്ല. അതിനൊത്ത പര്യായവുമില്ല. പദത്തില്‍ അതിനോട് സദൃശ്യമായി വരുന്നത് mass (വര്‍ഗ സ്വഭാവവും പ്രത്യേകതകളും പരിഗണിക്കാതെ ഒരു സാധാരണ ജനക്കൂട്ടത്തിന് പറയുന്ന പേര്) എന്ന പദം മാത്രമാണ്. ജനമെന്നത് വിശാലാര്‍ത്ഥമുള്ള ഒരു പദമാണ്. ഇതില്‍നിന്നും മനസ്സിലാകുന്നത് ഇസ്‌ലാമാണ് സാമൂഹിക മാറ്റത്തിന്റെ പ്രധാന ഉത്തരവാദികള്‍ക്കും സുപ്രധാന ഘടകത്തിനും അടിസ്ഥാന ഉറവിടത്തിനും പ്രാധാന്യം നല്‍കിയത്. അത് നിത്‌ഷെ പറയുന്നത് പോലെ ചില തിരഞ്ഞെടുക്കപ്പെട്ട മഹത്തുക്കളല്ല, പ്ലാറ്റോ പറയുന്നത് പോലെ അരിസ്‌ട്രോക്രാറ്റുകളല്ല, കാര്‍ലൈലും ആന്‍ഡേഴ്‌സണും പറയുന്നത് പോലെ ഉന്നത വ്യക്തിത്വങ്ങളല്ല, അലക്‌സിസ് കാള്‍ പറയുന്നത് പോലെ മതപുരോഹിതന്മാരല്ല. മറിച്ച് ഇവരെല്ലാമടങ്ങുന്ന സര്‍വ്വ ജനങ്ങളുമാണ്.

മാറ്റങ്ങളുടെ അടിസ്ഥാന ഘടകം മാലിക് ബ്ന്‍ നബിയുടെ വീക്ഷണത്തില്‍
മാലിക് ബ്ന്‍ നബിയുടെ പ്രശസ്തമായൊരു ഉദ്ധരണിയുണ്ട്: ‘മനുഷ്യന്‍ ചലിക്കുന്നതോടൊപ്പം ചിരിത്രവും സഞ്ചരിക്കുന്നു. അവന്‍ നിശ്ചലനാകുന്നതോടെ ചരിത്രവും നിശ്ചലമാകുന്നു’. സാമ്പത്തകമോ രാഷ്ട്രീയമോ ആയ ഘടകങ്ങള്‍ എന്ത് തന്നെയായാലും മനുഷ്യന്‍ തന്നെയാണ് രോഗവും മരുന്നുമെന്ന കാഴ്ചപ്പാടുകാരനാണ് മാലിക്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ഇസ്‌ലാമിക ലോകത്തിന്റെ സമകാലിക അവസ്ഥക്ക് പ്രധാന കാരണം യഥാര്‍ത്ഥ രോഗിയാണ്. ‘കോളനിവല്‍കരിക്കപ്പെട്ട മനുഷ്യനാണ് ആ രോഗി. കോളനിവല്‍കരണത്തെ സ്വീകരിക്കാനുള്ള താല്‍പര്യമാണ് രോഗം’. ഈ വ്യക്തിയായിക്കും പിന്നീട് ഏകദൈവവിശ്വാസികളായിരുന്ന ഒരു സമൂഹത്തെ എല്ലാ രീതിയിലും(പണ്ഡിതനും പാമരനും, സംസ്‌കാര സമ്പന്നനും നുണയനും, നുണയനും യാചകനും) നിര്‍ണ്ണയിക്കുന്നത്. ഇസ്‌ലാമിക നാഗരികതയുടെ തകര്‍ച്ചതൊട്ട് ഇസ്‌ലാം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. സമകാലിക ഇസ്‌ലാം നേരിടുന്ന പ്രശ്‌നങ്ങളുടെ ആവിര്‍ഭാവവും അതിനുള്ള പരിഹാരവും പഠിക്കുമ്പോള്‍ ഇതൊരിക്കലും മറന്നുപോകാന്‍ പാടില്ല.

മാറ്റത്തിന്റെ മാതൃകയെക്കുറിച്ച് മാലിക് പറഞ്ഞ ഉദാഹരണങ്ങളില്‍ പെട്ടതാണിത്: മനുഷ്യന്‍ സമയം മണ്ണ്. മനുഷ്യനാണ് മാലികിന്റെ ജ്ഞാന മാതൃകയുടെ കേന്ദ്രബിന്ദു. ഇസ്‌ലാം നേരിടുന്ന പ്രതിസന്ധികള്‍ യഥാര്‍ത്ഥത്തില്‍ അതിന്റെ അടിസ്ഥാനത്തെക്കുറിച്ചുള്ള അവബോധത്താലുണ്ടാകുന്നതാണെന്ന് അദ്ദേഹം പറയുന്നു. മുസ്‌ലിം ലോകം നേരിടുന്ന പ്രശ്‌നങ്ങളെയെല്ലാം മനസ്സിലാക്കുകയെന്ന വലിയ പ്രതിസന്ധിയാണത്. അതുകൊണ്ടാണ് തനിക്കു ചുറ്റുമുള്ള ശാസ്ത്രത്തിലധിഷ്ടിതമായ ലോകത്തെ മനസ്സിലാക്കാനും വര്‍ത്തമാന കാലത്തെക്കുറിച്ചും ഭാവികാലത്തെക്കുറിച്ചും വ്യക്തമായ പ്ലാനിങ്ങുകള്‍ തയ്യാറാക്കാനും ഇതിലൂടെയെല്ലാം തന്റെ പിന്നാക്കാവസ്ഥയെ സ്വയം തിരിച്ചറിയാനും ഓരോ മുസ്‌ലിമിനെയും മാലിക് ബ്ന്‍ നബി ബോധവാനാക്കുന്നത്. തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കുന്നതില്‍ നിന്ന് മുസ്‌ലിം സഹോദരന്മാര്‍ അവതാനത കാണിക്കുന്നതാണ് പിന്നാക്കാവസ്ഥ എന്നതുകൊണ്ട് മാലിക് ഉദ്ദേശിച്ചത.് അല്ലാതെ ശാസ്ത്രീയമായ പിന്നാക്കമല്ല. കാരണം ഇത് ഒന്നാമത് പറഞ്ഞ ദൗത്യത്തിന്റെ അനിവാര്യ ഘടകമാണ്.

Also read: തുറുങ്കിലടക്കപ്പെടുന്ന കശ്മീരി ജനത – ഭാഗം 1

നാഗരികതയുടെ ഘട്ടമെന്ന് പറയുന്നത് ഒരിക്കലും മനുഷ്യ ജീവിതം നിലനില്‍ക്കുന്ന സ്ഥിതിയും സാഹചര്യവുമല്ല. അതിനപ്പുറം ഒരു വ്യക്തിയുടെ അടിസ്ഥാന മൂല്യങ്ങളും നഷ്ടപ്പെട്ടുപോയ അസ്ഥിത്വത്തെക്കുറിച്ചുള്ള ബോധവും ജനനം തൊട്ട് മരണം വരെയുള്ള വിദ്യഭ്യാസപരവും സാംസ്‌കാരികവും ജീവിത പദ്ധതികളും ഉള്‍കൊള്ളുന്ന ധാര്‍മ്മിക വ്യവസ്ഥിതിയാണത്. ഈയൊരര്‍ത്ഥത്തില്‍ അധാര്‍മ്മികമായ ഒരു സാഹചര്യത്തില്‍ നിന്ന് ധാര്‍മ്മികവും ഭൗതികവുമായ(അതാണ് അടിസ്ഥാന പ്രാപഞ്ചിക ഘടകങ്ങള്‍) അവസ്ഥയിലേക്കുള്ള ക്രിയാത്മക പരിവര്‍ത്തനമാണ് നാഗരികത. അതാണ് സര്‍വ്വപ്രധാനവും മൗലികവുമായ പരിവര്‍ത്തനം. അതിനുള്ള ഉദാഹരണമായിട്ടാണ് മാലിക് ഈ സൂക്തം ഉദ്ധരിക്കുന്നത്: ‘ഏതൊരു ജനപഥവും സ്വന്തം നിലപാടുകള്‍ പരിവര്‍ത്തന വിധേയമാക്കുന്നത് വരെയും അല്ലാഹു അതില്‍ മാറ്റം വരുത്തില്ല തന്നെ'(റഅദ്: 11). ഈ സൂക്തത്തെയാണ് നാഗരിക പരിഷ്‌കരാത്തിന്റെ സന്ദേശമായി അദ്ദേഹം മുന്നോട്ട് വെക്കുന്നത്. ഓരോ വ്യക്തിയും സ്വയം മാറുന്നതാണ് പരിവര്‍ത്തിനത്തിന്റെ ആദ്യ ഘട്ടം.
മാലിക് ബ്ന്‍ നബി നാഗരികതയെ വിശദീകരിക്കുന്നതിങ്ങനെയാണ്: നാഗരിക നിര്‍മ്മാണത്തിന് അനിവാര്യമായ ക്ഷണികവും മാനസികവുമായ നിബന്ധനകളുടെ പരിരക്ഷക്ക് വ്യക്തിയെ പ്രാപ്തനാക്കുന്ന ബൗദ്ധികവും പ്രായോഗികവുമായ പരിശ്രമമാണത്. ഓരോ മുസ്‌ലിമും ഈയൊരു പരിശ്രമത്തിന് വേണ്ടിയാണ് സ്വയം തയ്യാറാകേണ്ടത്. നവോത്ഥാനത്തിന്റെ പ്രതിബന്ധങ്ങളെ മറികടന്ന് അതിന്റെ വൈജ്ഞാനികവും ആധികാരികവുമായ അടിത്തറകളെ ഉള്‍കൊണ്ടും മാറ്റത്തിനും വികസനത്തിനും ആവശ്യമായ സാംസ്‌കാരിക രീതികളോട് പൊരുത്തപ്പെട്ടും ഓരോ വ്യക്തിയിലും ഇസ്‌ലാമിക ലോകം നടത്തുന്ന പരിശ്രമമാണ് നവോത്ഥാനം എന്ന് പറയുന്നത്. ഓരോ വ്യക്തിയും ചരിത്രത്തില്‍ തന്റേതായ ഇടം കണ്ടെത്തുന്നത് വരെ അത് യാഥാര്‍ത്ഥ്യമാവുകയില്ല. അപ്പോഴാണ് ഒരു മുസ്‌ലിം മാലിക്കിന്റെ പരിപ്രേക്ഷ്യത്തിലെ മോഡേണ്‍ പ്രതിഭയാവുന്നതോടൊപ്പം സംശുദ്ധമായ ഇസ്‌ലാമിക പ്രതിഭകൂടിയാണെന്ന വിശേഷണം സിദ്ധിക്കുന്ന ‘പുതിയ മനുഷ്യനാ’യിത്തീരുന്നത്.

മനുഷ്യന് അനിവാര്യമായ മാറ്റത്തിനുള്ള സമീപനത്തിന്റെ ലക്ഷ്യങ്ങള്‍ മാലിക് ബിന്‍ നബി വ്യക്തമാക്കുന്നുണ്ട്: അത് രണ്ട് രീതിയലുള്ള അനുഷ്ഠാനങ്ങളാണ്. സന്ദേശ നിര്‍വ്വഹണവും പ്രമാണങ്ങള്‍ ഉറപ്പുവരുത്തലും. ദൈവിക സന്ദേശത്തിന്റെ പുതുമയെ തേടുന്നതിലൂടെ ഈ രണ്ട് കാര്യങ്ങളും ആവശ്യപ്പെടുന്നത് മുസ്‌ലിമിന്റെ പുനരുദ്ധാരണത്തെയാണ്. മുസ്‌ലിമിന്റെ അത്യന്താപേക്ഷിതമായ ഊര്‍ജ്ജത്തെ പുനക്രമീകരണം നടത്തുകയാണ് അതിനാവശ്യമായ ആദ്യ കാര്യം. ആകാശലോകത്ത് നിന്ന് പ്രവാചകരുടെ ഹൃദയത്തിലേക്ക് ഇറക്കപ്പെട്ടത് പോലെ മുസ്‌ലിമിന്റെ ഹൃദയാന്തരത്തിലേക്ക് ഖുര്‍ആനിക പ്രഭ ചൊരിയാന്‍ കാരണമാകുന്ന രീതിയില്‍ ഖുര്‍ആനിക അധ്യാപനം നടത്തുന്നതിലൂടെ അത് സാധ്യമാക്കിയെടുക്കാം. രണ്ടാമതായി, മുസ്‌ലിമിനിന്ന് ലോകത്തിന് നല്‍കാനുള്ള പുതിയ സന്ദേശത്തെ നിര്‍വ്വചിക്കേണ്ടതുണ്ട്. അതവന്റെ ധാര്‍മ്മിക സ്വതന്ത്ര്യത്തെ തുടക്കം മുതലെ സംരക്ഷിച്ചു നിര്‍ത്താന്‍ സഹായകമാകും.

Also read: ട്രംപിന്റെ നൂറ്റാണ്ടിലെ കരാര്‍

ചരിത്ര സഞ്ചാരത്തോടുള്ള മനുഷ്യന്റെ ബന്ധം സമാന്തരമാണെന്നാണ് മാലിക് വിശദീകരിക്കുന്നത്. സമ്പൂര്‍ണ്ണ മനുഷ്യനില്‍ നിന്നാണ് ചരിത്രം ആരംഭിക്കുന്നത്. അവന്റെ പരിശ്രമം, ആദര്‍ശം, അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവയുമായി എല്ലായിപ്പോഴും ചരിത്രം പൊരുത്തപ്പെട്ടിരിക്കും.’ഇപ്രകാരം മുസ്‌ലിംകളായ നിങ്ങളെ നാം ഒരുത്തമ സമുധായമാക്കിയിരിക്കുന്നു. നിങ്ങള്‍ സമസ്ത ജനപഥങ്ങള്‍ക്കും റസൂല്‍ നിങ്ങള്‍ക്കും സാക്ഷികളാകാന്‍'(അല്‍ബഖറ: 143).

ഉപസംഹാരം: ഏകദൈവ വിശ്വാസത്തെ സംബന്ധിച്ചെടുത്തോളം മനുഷ്യനും ആന്തരിക മാറ്റവും നാഗരിക മാറ്റത്തിന്റെ രീതികളാണ്. വൈരുദ്ധ്യങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ചിന്താ രീതികളെ വിമര്‍ശിക്കുന്നതോടൊപ്പം വസ്തുവിന് മാത്രം പ്രാധാന്യം നല്‍കുന്ന പോസിറ്റിവിസ്റ്റ് മാതൃകകളെയും ഇത് പൊളിച്ചെടുക്കുന്നു.

 

അവലംബം- islamonline.net

Related Articles