Current Date

Search
Close this search box.
Search
Close this search box.

സുന്നത്തിന്റെ പ്രാമാണികത

ഇസ്‌ലാമിക ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് അച്ചുതണ്ടുകളിലൊന്നാണ് സുന്നത്ത്, അഥവാ നബിചര്യ. ഈ നബിചര്യ നമുക്ക് മനസ്സിലാക്കാനുള്ള വഴിയാണ് ഹദീസ്. ആദ്യത്തേത് വിശുദ്ധ ഖുര്‍ആനാണ്. ഇസ്‌ലാമിക ജീവിതം ദിശാബോധത്തോടെ ഭ്രമണപഥത്തില്‍ നിന്ന് തെറ്റാതെ മുന്നോട്ട് പോകുന്നത് ഇവ രണ്ടിന്റെയും സാന്നിധ്യം കൊണ്ടാണ്. വിശുദ്ധ ഖുര്‍ആന്‍ മനുഷ്യ ജീവിതത്തിന് വഴിവെളിച്ചമാകുന്ന മൗലിക തത്ത്വങ്ങളുടെയും മാര്‍ഗദര്‍ശനങ്ങളുടെയും സമാഹാരമാണ്. പ്രസ്തുത തത്ത്വങ്ങളും മാര്‍ഗങ്ങളും ജീവിതത്തില്‍ ആവിഷ്‌കരിക്കപ്പെട്ടത് ഹദീസിലൂടെയാണ്. കാരണം, പ്രവാചകന്‍ ഖുര്‍ആനിക തത്ത്വങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ജനങ്ങളിലേക്ക് കൈമാറിയ കേവലം പോസ്റ്റ്മാനോ സന്ദേശവാഹകനോ ആയിരുന്നില്ല. മറിച്ച്, ആ തത്ത്വങ്ങളും മാര്‍ഗനിര്‍ദേശങ്ങളും സ്വന്തം ജീവിതത്തില്‍ ആവിഷ്‌കരിച്ച് അനുയായികളെ പഠിപ്പിക്കുകയും സംസ്‌കരിക്കുകയും നയിക്കുകയും ചെയ്ത അധ്യാപകനും ശിക്ഷകനും ഭരണാധികാരിയും കൂടി ആയിരുന്നു. ആ നിലക്ക് ഖുര്‍ആനികാശയത്തിന്റെ ഏറ്റവും ആധികാരികവും പ്രാമാണികവുമായ വ്യാഖ്യാനവും വിശദീകരണവുമത്രെ ഹദീസ്. അതിനാല്‍ ഹദീസുകളുടെ അഭാവത്തില്‍ ഖുര്‍ആനിക തത്ത്വങ്ങളുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും യഥാര്‍ഥ പൊരുളും ആശയവും ഗ്രഹിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല, ഇസ്ലാമിക ജീവിതം തന്നെ അസാധ്യമാണ്.

ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ വിശുദ്ധ ഖുര്‍ആനിനുശേഷം രണ്ടാമതായി വരുന്നത് നബി തിരുമേനി(സ)യുടെ ചര്യയാണെന്ന് പറഞ്ഞല്ലോ. അവിടുന്ന് അരുളി: ”രണ്ടു കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ വിട്ടേച്ചുകൊണ്ടാണ് പോകുന്നത്. അവ മുറുകെ പിടിക്കുന്നേടത്തോളം കാലം നിങ്ങള്‍ വഴിതെറ്റുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ ചര്യയുമാണത്.” നബിതിരുമേനി(സ)യുടെ വാചാ കര്‍മണായുള്ള ശിക്ഷണങ്ങളും തിരുസന്നിധിയില്‍ വെച്ച് അനുചരന്മാര്‍ക്ക് അവിടുന്ന് നല്‍കുന്ന അംഗീകാരവും ചേര്‍ന്നതാണ് സാങ്കേതിക ഭാഷയില്‍ ‘തിരുചര്യ’ (സുന്നത്ത്).

നബിചര്യ ദീനില്‍ പ്രമാണമാണ് എന്നതിന് ഖുര്‍ആന്‍ തന്നെ തെളിവാണ്.’തങ്ങളില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചതിലൂടെ സത്യവിശ്വാസികളെ അല്ലാഹു അതിയായി അനുഗ്രഹിച്ചിരിക്കുന്നു അദ്ദേഹം അവരെ അല്ലാഹുവിന്റെ വചനങ്ങള്‍ ഓതി കേള്‍പ്പിക്കുന്നു. അവരെ സംസ്‌കരിച്ചെടുക്കുന്നു. വേദപുസ്തകവും തത്ത്വജ്ഞാനവും പഠിപ്പിക്കുന്നു.'( ആലുഇംറാന്‍- 164)

‘ദൈവദൂതന്‍ നിങ്ങള്‍ക്ക് നല്‍കുന്നതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. വിലക്കുന്നതെന്തോ അതില്‍നിന്ന് വിട്ടകലുകയും ചെയ്യുക.’ (അല്‍ ഹശ്ര്‍ – 7)

നബി തിരുമേനിയില്‍ വിശ്വസിച്ച് അവിടുത്തോടൊപ്പം സഹവസിക്കാന്‍ ഭാഗ്യം ലഭിച്ച അനുചരന്മാരാണ് ‘സ്വഹാബ’. ഇവര്‍ തിരുമേനിയോടുള്ള സ്നേഹത്തിലും അവിടുത്തെ ശിക്ഷണങ്ങള്‍ ശിരസ്സാ വഹിക്കുന്നതിലും ഹൃദിസ്ഥമാക്കുന്നതിലും
നിസ്തുല മാതൃകകളായിരുന്നു. അവര്‍ തിരുമേനി(സ) പറഞ്ഞതും പഠിപ്പിച്ചതും യഥാ തഥാ ഉദ്ധരിക്കുന്നതാണ് പ്രവാചക ചര്യയില്‍ പില്‍ക്കാലക്കാര്‍ക്ക് ലഭിച്ച പ്രമാണം. ഇവരുടെ ആത്മാര്‍ഥതയിലും സത്യസന്ധതയിലും മുസ്‌ലിംസമൂഹം പൊതു
വില്‍ ഏകാഭിപ്രായക്കാരാണ്.

നബി(സ)യുടെ വിയോഗാനന്തരം ഇസ്ലാമിലേക്ക് വന്നവരാണ് ‘താബിഉകള്‍’ (തുടര്‍ച്ചക്കാര്‍) എന്ന പേരില്‍ അറിയപ്പെടുന്നത്. അവരുടെ തുടര്‍ച്ചക്കാരെ താബിഉത്താബിഉകള്‍ എന്ന് വിളിക്കുന്നു. ഈ പരമ്പരയിലൂടെയാണ് ഹദീസ് ഉദ്ധരിക്ക
പ്പെടുന്നത്.

പരിശുദ്ധ ഖുര്‍ആന്‍ അവതരിക്കുമ്പോള്‍ തന്നെ രേഖപ്പെടുത്താനും ഹൃദിസ്ഥമാക്കാനും തിരുമേനി(സ) സംവിധാനം ചെയ്തിരുന്നു. തിരുസന്നിധിയില്‍ വെച്ചുതന്നെ ഖുര്‍ആന്‍ എഴുതിവെക്കുന്ന പ്രത്യേക എഴുത്തുകാരും ഉണ്ടായിരുന്നു. ഹൃദിസ്ഥ
മാക്കാന്‍ അപാരമായ കഴിവുള്ളവരായിരുന്നു സ്വഹാബ. അതിനാല്‍ അവരോട് നബി(സ) വിശുദ്ധ ഖുര്‍ആനല്ലാതെ മറ്റൊന്നും എഴുതി സൂക്ഷിക്കരുത് എന്ന് നിര്‍ദേശിച്ചു. ഇക്കാരണത്താല്‍ തിരുമേനിയുടെ വചനങ്ങള്‍ വ്യവസ്ഥാപിതമായി പൊതുവെയാരും രേഖപ്പെടുത്തിയിരുന്നില്ല. ഹൃദിസ്ഥമാക്കാന്‍ വേണ്ടി ചിലര്‍ ചില കുറിപ്പുകള്‍ കരുതിയിരുന്നു. പിന്നീടത്   നശിപ്പിക്കുകയാണുണ്ടായത്. എന്നാല്‍ പ്രത്യേകം ചില വ്യക്തികള്‍ക്ക് ഹദീസുകള്‍ എഴുതി വെക്കാന്‍ തിരുദൂതര്‍ (സ) അനുവാദം നല്‍കുകയിട്ടുണ്ട് എന്നത് ചരിത്ര വസ്തുതയാണ്. പ്രവാചകചര്യ അതിസൂക്ഷ്മമായി ഗ്രഹിക്കുന്നതിലും ഹൃദിസ്ഥമാക്കുന്നതിലും അതീവ താല്‍പര്യവും ജാഗ്രതയും പുലര്‍ത്തിയിരുന്ന ചില സ്വഹാബിമാര്‍ക്ക് അത് എഴുതി സൂക്ഷി
ക്കുവാന്‍ അവിടുന്ന് അനുമതി നല്‍കിയിരുന്നു. ഉദാ: അബു ഹുറയ്‌റ, അബ്ദുല്ലാ ഹിബ്‌നു അംറ് ബിനില്‍ ആസ്വ് തുടങ്ങിയ സ്വഹാബികള്‍. അബൂഹുറയ്‌റ (റ) പറയുന്നു: ‘റസൂല്‍ (സ) യുടെ ഹദീസ് എന്നേക്കാള്‍ നന്നായി മനസ്സിലാക്കിയതായി അബ്ദുല്ലാഹിബ്‌നു അംറ് (റ) അല്ലാതെ മറ്റാരുമില്ല. അദ്ദേഹം ഹദീസ് എഴുതി വെക്കുകയും ഹൃദയം കൊണ്ട് ഗ്രഹിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഞാന്‍ ഹൃദിസ്ഥമാക്കാറേ ഉണ്ടായിരുന്നുള്ളൂ, എഴുതി വെക്കാറുണ്ടായിരുന്നില്ല. അബ്ദുല്ലാഹി
ബ്‌നു അംറ്(റ) റസൂലി (സ) നോട് ഹദീസ് എഴുതി വെക്കുന്നതിന് അനുവാദം ചോദിച്ചപ്പോള്‍ റസൂല്‍ (സ) അദ്ദേഹത്തിന് അനുമതി നല്‍കിയിരുന്നു എന്നും ചരിത്ര വസ്തുതയാണ്.

അബ്ദുല്ലാഹിബ്‌നു അംറ് പറഞ്ഞു: റസൂലി(സ)ല്‍ നിന്ന് കേള്‍ക്കുന്ന ഹദീസുകള്‍ എഴുതി വെക്കാന്‍ ഞാന്‍ റസൂലിനോട് അനുമതി ചോദിച്ചു. അപ്പോള്‍ എനിക്ക് അവിടന്ന് അനുമതി നല്‍കി. അങ്ങനെ അബ്ദുല്ല എഴുതി വെച്ച ഹദീസ് ശേഖരത്തെ അസ്സ്വാദിഖ (സത്യവചനങ്ങള്‍) എന്നായിരുന്നു വിളിച്ചിരുന്നത് (ത്വബഖാതുല്‍ കുബ്‌റാ-ഇബ്‌നു സഅദ് :5485).

പില്‍ക്കാലത്ത് ഖലീഫ ഉമറുബ്നു അബ്ദില്‍ അസീസിന്റെ കാലത്താണ് സുന്നത്ത് വ്യവസ്ഥാപിതമായി ക്രോഡീകരിക്കപ്പെട്ടത്. ഹദീസുകള്‍ ഉദ്ധരിക്കുന്നതിനും അത് ക്രാഡീകരിക്കുന്നതിനും കുറ്റമറ്റ രീതി ശാസ്ത്രമാണ് ഹദീസ് പണ്ഡിതന്‍മാര്‍ സ്വീക
രിച്ചത്. ഹദീസ് നിവേദനം ചെയ്യുന്നവരുടെ ഓര്‍മ്മ ശക്തി, വിശ്വസ്ഥത സൂക്ഷ്മത എല്ലാം അവര്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയേ അവര്‍ ഹദീസ് നിവേദനം ചെയ്തിരുന്നുള്ളൂ. അതിനായി മാത്രം 5 ലക്ഷത്തോളം നിവേദകരുടെ ജീവചരിത്രം പലരില്‍ നിന്നായി വിരചിതമായിട്ടുണ്ട്. ഹദീസ് വിജ്ഞാനത്തിനും അതിന്റെ സത്യസന്ധത ഉറപ്പു വരുത്തുന്നതിനും ഇസ്ലാമിക പണ്ഡിതര്‍ എത്രമാത്രം ജാഗ്രതയും സൂക്ഷ്മതയും പാലിച്ചിരുന്നു എന്നതിന് ഇതിനേക്കാള്‍ വലിയ മറ്റെന്ത് തെളിവ് വേണം!

എന്നാല്‍, ഇപ്രകാരം കുറ്റമറ്റ രീതിയില്‍ നിവേദനം ചെയ്യപ്പെട്ടതും ഇസ്ലാമിക ജീവിതത്തിന്റെ ഊടും പാവുമായി വര്‍ത്തിക്കുന്നതുമായ ഹദീസുകളെ നിഷേധിക്കാനുള്ള പ്രവണത ഇസ്ലാമിക ചരിത്രത്തില്‍ ചില ഘട്ടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഹി.
രണ്ടാം നൂറ്റാണ്ടില്‍ ഖാരിജുകളിലും മുഅ്തസിലുകളിലും റാഫിദി ശീഇകളിലുമാണ് ഈ പ്രവണത ആദ്യമായി തലപൊക്കിയത്. ഖാരിജുകളുടെ ഹദീസ് നിഷേധത്തിന് കാരണം മുസ്ലിം മുഖ്യധാര തള്ളിക്കളഞ്ഞ അവരുടെ ഉഗ്രവാദ ചിന്തകളായിരുന്നുവെങ്കില്‍, ശീഇകളുടെ ഹദീസ് നിഷേധം അവരുടെ ഇമാമത്ത് സങ്കല്‍പം സ്ഥാപിക്കാനുള്ളതായിരുന്നു. ഹദീസ് മൊത്തമായും അവര്‍ തള്ളി കളഞ്ഞില്ലെങ്കിലും അവരുടെ ഇമാമുകളിലൂടെ നിവേദനം ചെയ്യപ്പെട്ട ഹദീഥുകള്‍ മാത്രമാണ് അവര്‍ സ്വീകരിച്ചത്. സ്വഹാബികളില്‍ ഭൂരിപക്ഷമാളുകളേയും അവര്‍ വെറുക്കപ്പെട്ടവരുടെ പട്ടികയില്‍ ചേര്‍ത്തു. അവര്‍ നിവേദനം ചെയ്ത ഹദീസുകളൊന്നും അവര്‍
ക്ക് സ്വീകാര്യമായില്ല. മുഅ്തസിലുകള്‍ എന്ന പേരില്‍ അറിയപ്പെട്ട ഇസ്ലാമിലെ ക്ലാസ്സിക്കല്‍ മോഡേണിസ്റ്റുകളുടെ ഹദീസ് നിഷേധത്തിന് കാരണം വൈദേശിക ചിന്തകളുടെയും സംസ്‌കാരങ്ങളുടെയും സ്വാധീനമായിരുന്നു. ഈ വൈദേശിക
ചിന്തകളും സംസ്‌കാരവും തദ്വാരാ ഹദീസ് നിഷേധവും ഈ ക്ലാസ്സിക്കല്‍ മോഡേണിസ്റ്റുകള്‍ക്ക് ആകര്‍ഷകമായി തോന്നാന്‍ കാരണം കേവലം വൈജ്ഞാനിക താല്‍പര്യം മാത്രമായിരുന്നില്ല. മറിച്ച്, പൊതു ജീവിതത്തിലുള്ള ഇസ്ലാമിന്റെ
ഇടപെടലിനെ പരിമിതപ്പെടുത്താന്‍ അതിലൂടെ കഴിയുമെന്ന് അവര്‍ മനസ്സിലാക്കിയത് കൊണ്ട് കൂടിയാണ്.

ജീവിതത്തില്‍ തന്നിഷ്ടം ആഗ്രഹിക്കുന്ന ഏതൊരു മുസ്ലിമിന്റെയും മുഖ്യതടസ്സം ഖുര്‍ആനല്ല, പ്രവാചക ജീവിതമാണ്. ഖുര്‍ആന്റെ വ്യാഖ്യാനവും വിശദീകരണവുമായ പ്രവാചകജീവിതം മാതൃകയാക്കേണ്ടതില്ല എന്ന് സ്ഥാപിച്ചു കഴിഞ്ഞാല്‍
പിന്നീട് ഖുര്‍ആനെ തരംപോലെ വ്യാഖ്യാനിച്ച് തങ്ങളുടെ അനിസ്ലാമികജീവിതത്തിന് ഖുര്‍ആനിക മുദ്ര ചാര്‍ത്താന്‍ ആര്‍ക്കും എളുപ്പത്തില്‍ സാധിക്കും. ഇസ്ലാമിക ചട്ടക്കൂടില്‍നിന്ന് എങ്ങനെയും കുതറിമാറാന്‍ ആഗ്രഹിക്കുന്ന ഭൗതിക പ്രമത്തരായ
ചില മുസ്‌ലിം ഭരണാധികാരികള്‍ക്ക് മുഅ്തസിലി ചിന്ത ആകര്‍ഷകമായി തോന്നാന്‍ കാരണവും ഇതല്ലാതെ മറ്റൊന്നുമല്ല. ഭൗതികപ്രമത്തനായ ഒരുമുസ്‌ലിം ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം പൊതുജീവിതത്തിലെ ഇസ്‌ലാമിന്റെ ഇടം പരിമിത
പ്പെടുന്നതിനേക്കാള്‍ സന്തോഷം നല്‍കുന്ന മറ്റൊന്നും ഉണ്ടാകുകയില്ലല്ലോ. പ്രവാചക ജീവിതത്തെ മാതൃകയാക്കാതെ ഖുര്‍ആനെ മാത്രം പിന്‍പറ്റുക എന്നത് പ്രവാചക കാലഘട്ടത്തോടുള്ള അടുപ്പം കാരണം അക്കാലത്തെ മുസ്ലിം പൊതുബോധത്തിന് അചിന്ത്യമായതിനാല്‍ മുഅ്തസിലുകളുടെ ഹദീസ് നിഷേധ പ്രവണതകള്‍ക്ക് സമൂഹത്തില്‍ കാര്യമായ വേരോട്ടം ലഭിച്ചില്ല. ഇമാം ശാഫിഈ പോലുള്ള സുന്നത്ത് സംരക്ഷകരുടെ വൈജ്ഞാനിക ഇടപെടലുകള്‍ ഈ ചിന്ത പെട്ടെന്ന് തന്നെ കൂമ്പടയുന്നതിന് ആക്കം കൂട്ടുകയും ചെയ്തു. ഹദീസുകളെ അവഗണിച്ച് കൊണ്ട് ഖുര്‍ആന്‍ മാത്രം പിന്‍പറ്റുന്നതിലെ നിരര്‍ഥകത തന്റെ രിസാലയിലും മറ്റും അദ്ദേഹം ശക്തിയായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇപ്രകാരം ചരിത്രത്തിന്റെ ശ്മശാനത്തില്‍ അടക്കം ചെയ്യപ്പെട്ട ഹദീസ് നിഷേധ പ്രവണത പിന്നീട് ശക്തമായ ഒരു പ്രസ്ഥാനമായി ഉദയം ചെയ്യുന്നത് 19, 20 നൂറ്റാണ്ടുകളിലാണ്. മുമ്പത്തേക്കാള്‍ ശക്തിയും ഊക്കും ഈ പുതിയ പ്രസ്ഥാനത്തിനുണ്ടാ
യിരുന്നു. പഴയത് പോലെ ഈ പുതിയ ഹദീസ് നിഷേധ പ്രവണതക്കും കാരണം വൈദേശിക ചിന്തയുടെയും സംസ്‌കാരത്തിന്റെയും സ്വാധീനമായിരുന്നു. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലെ മുഅ്തസിലുകളെ സ്വാധീനിച്ചത് യവന ഗ്രീക്ക് തത്ത്വചിന്തയും സംസ്‌കാരവുമാണെങ്കില്‍ മുസ്ലിം മോഡേണിസ്റ്റുകള്‍ എന്നറിയപ്പെടുന്ന നിയോ മുഅ്തസിലുകളെ സ്വാധീനിച്ചിരുന്നത് ജ്ഞാനോദയത്തിന് ശേഷമുള്ള പടിഞ്ഞാറന്‍ ചിന്തയും സംസ്‌കാരവുമാണെന്ന വ്യത്യാസമേയുള്ളൂ. പക്ഷേ, പഴയ മുഅ്തസി
ലുകളേക്കാള്‍ നിയോ മുഅ്തസിലുകളിലുള്ള വൈദേശിക സ്വാധീനം ശക്തവും അഗാധവുമായിരുന്നു. അതിന് കാരണം, രണ്ടു കൂട്ടരും അഭിമുഖീകരിച്ച സാഹചര്യം തീര്‍ത്തും വ്യത്യസ്തമായിരുന്നുവെന്നതാണ്. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലെ
മുസ്‌ലിംകള്‍ വിജിഗീഷുക്കളായിരുന്നു. അവര്‍ക്കന്ന് രാഷ്ട്രീയവും സൈനികവുമായ മേധാവിത്വമുണ്ടായിരുന്നു. അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്ന തത്ത്വചിന്തയും സാംസ്‌കാരവും രാഷ്ട്രീയമായി കീഴടക്കപ്പെട്ട ജനതയുടേതായിരുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയമായി ശക്തിയില്ലാത്തതിനാല്‍, നിസ്സാരമായ സ്വാധീനമേ അതിന് മുസ്ലിംകളില്‍ ചെലുത്താനായുള്ളൂ. എന്നാല്‍, ആധുനിക കാലത്ത് മുസ്‌ലിംകളെ സ്വാധീനിച്ചു കൊണ്ടിരുന്ന തത്ത്വചിന്തക്കും സംസ്‌കാരത്തിനും മുസ്‌ലികളുടെമേല്‍ രാഷ്ട്രീയ മേല്‍ക്കോയ്മ കൂടിയുണ്ടായിരുന്നു. അതിനാല്‍, ഈ സ്വാധീനം മൂലം ഉടലെടുത്ത ഹദീസ് നിഷേധ പ്രസ്ഥാനത്തിന്റെ ലക്ഷ്യം പഴയതുപോലെ സാമൂഹിക ജീവിതത്തിലുള്ള ഇസ്ലാമിന്റെ ഇടം പരിമിതപ്പെടുത്തുക മാത്രമായിരുന്നില്ല. മറിച്ച്, ഇസ്ലാമിന്റെ സാമൂഹിക കര്‍തൃത്വത്തെ തന്നെ നിരാകരിക്കുകയായിരുന്നു. ഹദീസ് നിഷേധ പ്രവണത പ്രകടിപ്പിച്ച എല്ലാവരും അങ്ങനെയായിരുന്നുവെന്ന് പറയുകയല്ല, ഇസ്ലാമിന്റെ സാമൂഹിക കര്‍തൃത്വത്തില്‍ വിശ്വാസമുണ്ടായിരിക്കെത്തന്നെ ഓറിയന്റലിസ്റ്റുകളുടെ പഠനങ്ങളില്‍ ഭ്രമിച്ചുപോയതു മൂലമുള്ള അപകര്‍ഷത കാരണം ചില ഹദീസുകളുടെ മാത്രം ആധികാരികതകളില്‍ സംശയമുള്ളവരും അവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇസ്ലാമിന്റെ സാമൂഹിക കര്‍തൃത്വത്തെതന്നെ നിരാകരിച്ച ഹദീസ് നിഷേധികള്‍ നബിചര്യ നിലകൊള്ളുന്ന നിവേദനങ്ങളുടെ വിശ്വാസ്യതയില്‍ സംശയം ജനിപ്പിക്കുക മാത്രമല്ല ചെയ്തത്. മറിച്ച്, സുന്നത്ത് ഇസ്ലാമിക നിയമത്തിന്റെ സ്രോതസ്സേ അല്ലെന്ന് സ്ഥാപിക്കുകയാണ് ചെയ്തത്. ഇത് യഥാര്‍ഥത്തില്‍ ഹദീസിന് നേരെ മാത്രമല്ല, പ്രവാചകത്വത്തിന് നേരെയുള്ള കടുത്ത വെല്ലുവിളിതന്നെയായിരുന്നു. പാകിസ്ഥാനില്‍ ഗുലാം അഹ്മ്മദ് പര്‍വേസിനെ പോലെയുള്ളവരാണ് ഇത്തരത്തിലുള്ള ഹദീസ് നിഷേധം ഉയര്‍ത്തി പിടിച്ചത്.
ഇപ്പോള്‍ കുറച്ച് കാലമായി കേരളത്തിലടക്കം ശക്തിപെട്ട ഹദീസ് നിഷേധികളും സര്‍വമത സത്യവാദികളും പര്‍വേസിന്റെ വാദങ്ങള്‍ തന്നെയാണ് ഉയര്‍ത്തി പിടിക്കുന്നത്. അതായത് ഖുര്‍ആനും മുഹമ്മദ് നബിയും തമ്മിലുള്ള ബന്ധം വേര്‍പ്പെടുത്തി ഖുര്‍ആനെ തങ്ങളുടെ താല്‍പര്യമനുസരിച്ച് വ്യാഖ്യാനിക്കാന്‍ അവസരം നല്‍കുക.

പര്‍വേസ് ഹദീസ് നിഷേധിച്ചത് സെക്യുലര്‍ സ്റ്റേറ്റിന്റെ താല്‍പര്യം പ്രകാരം ഖുര്‍ആനെ വ്യഖ്യാനിക്കാനാണെങ്കില്‍ സര്‍വവേദ സത്യവാദികള്‍ ഹദീസ് നിഷേധിക്കുന്നത് വേദാന്ത ദര്‍ശനത്തിനോ സവര്‍ണ ഹിന്ദുത്വത്തിനോ അനുകൂലമായി ഖുര്‍ആന്‍
വ്യാഖ്യാനിക്കാനാണ്. ഇത് യഥാര്‍ഥത്തില്‍ പ്രവാചകന്റെ പ്രസക്തി തന്നെ നിഷേധിച്ച മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ കാലത്തെ ദീനേ ഇലാഹിക്ക് തുല്യമായ വാദമാണ്.

മുഹമ്മദ് നബിയുടെ വ്യക്തിത്വത്തിന് നേരെവരെ മ്ലേഛമായ രീതിയില്‍ കടന്നാക്ര മണം നടത്തുന്ന മതം വിട്ടുപോയ ഇസ്ലാം വിമര്‍ശകര്‍ക്ക് പോലും പുതിയ സര്‍വ മത സത്യവാദികള്‍ സ്വീകാര്യമാകുന്നുണ്ടെങ്കില്‍ അത് അവരുടെ സര്‍വമത സത്യം വാദം പ്രവാകത്വ നിഷേധം തന്നെയാണെന്നതിന്റെ തെളിവാണ്. എന്നാല്‍, ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഹദീസ് നിഷേധത്തിന് തുടക്കംകുറിച്ചവരുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന സര്‍ സയ്യിദ് അഹ്മദ്ഖാന്റേയോ ഈജിപ്തിലെ ഖാസിം അമിന്റേയോ ഹദീസ് നിഷേധത്തിന് പ്രവാചകത്വ നിഷേധം എന്ന മാനം ഉണ്ടായിരുന്നില്ല. ഇസ്ലാമിക ചരിത്രത്തിലും ഹദീസ് പോലുള്ള പ്രമാണങ്ങളിലും സംശയം ജനിപ്പിക്കുന്ന ഓറിയന്റിലിസ്റ്റ് പഠനങ്ങളില്‍ സ്വാധീനിക്കപ്പെട്ടത് മൂലമുള്ള അപകര്‍ഷത മാത്രമായിരുന്നു അവരുടെ ഹദീസ് നിഷേധത്തിന് കാരണം. ഇസ്ലാമിന്റെ രണ്ടാം പ്രമാണമായ ഹദീസിനെയും അതിന്റെ ആദ്യ നിവേദകരായ അബൂ ഹുറൈറയെ പോലുള്ള സ്വഹാബികളേയും കടന്നാക്രമിച്ച ഓര്‍യന്റിലിസ്റ്റായ ഗോള്‍ഡ്‌സിയറെ കോപ്പിയടിക്കുകയാണ് ഈജിപ്തിലെ ഹദീസ് നിഷേധികളായി എണ്ണപ്പെട്ട ഖാസിം അമീന്‍ അബൂറയ്യ തുടങ്ങിയവര്‍ ചെയ്ത്.

കേരളത്തില്‍ ഹദീസ് നിഷേധം ഒരു പ്രസ്ഥാനമാക്കി മാറ്റിയ ചേകന്നൂര്‍ അബുല്‍ ഹസന്‍ മൗലവി ഇവരെ പകര്‍ത്തുകയായിരുന്നു.
ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ സയ്യിദ് മൗദൂദിയും അറബ് ലോകത്ത് മുസ്തഫ സബാഇയും ഇത്തരം ഹദീസ് നിഷേധ പ്രവണതകള്‍ക്കെതിരെ വൈജ്ഞാനികമായ പ്രതിരോധം തീര്‍ത്തവരാണ്. അവരുടെ സുന്നത്ത് സംരക്ഷണം ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക നവജാഗരണത്തിന്റെ ഭാഗം കൂടിയായിരുന്നു.

Related Articles