അക്ഷരജ്ഞാനമില്ലാത്തവരില്‍, അവരില്‍ നിന്ന് തന്നെ റസൂലിനെ നിയോഗിച്ചവനത്രെ അവന്‍. അവര്‍ക്കു തന്റെ ‘ആയത്തുകള്‍’ ലക്ഷ്യങ്ങള്‍ അദ്ദേഹം ഓതിക്കൊടുക്കുകയും, അവരെ സംസ്കരിക്കുകയും, വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു . നിശ്ചയമായും അവര്‍ അതിനു മുമ്പ് സ്പഷ്ടമായ വഴികേടില്‍ തന്നെയായിരുന്നു. 62 : 2
എന്നത് പ്രവാചകനിലെ അധ്യാപകനെയാണ് ഹൈലേറ്റ് ചെയ്യുന്നത്.
(إن الله لم يبعثني معنتاً ولا متعنتاً ولكن بعثني معلماً وميسراً)
അല്ലാഹു എന്നെ അയച്ചത് പിടിവാശിക്കാരനായോ കുഴക്കുന്നവനായോ അല്ല, പ്രത്യുത അധ്യാപകനായും എളുപ്പമുണ്ടാക്കുന്നവനുമായാണ് എന്ന വാചകത്തിൽ നബി ( സ ) തന്റെ ദൗത്യത്തെ വളരെ കൃത്യമായാണ് ചിത്രീകരിച്ചിട്ടുള്ളത്.
നബി( സ ) യുടെ അടുത്ത് ജിബ്‌രീല്‍ ( അ ) വന്നുകൊണ്ട് പലകാര്യങ്ങളും ചോദിച്ച് അന്വേഷിച്ച സംഭവം വിശദമായി ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. ഈമാൻ , ഇസ്ലാം , ഇഹ്സാൻ , എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് അതിനെല്ലാം നബി കൃത്യമായ മറുപടി നല്കുന്നതും അന്ത്യനാളിനെ കുറിച്ചുള്ള ചോദ്യത്തിന് അത് അല്ലാഹുവിനാണ് ശരിക്കും അറിയുക എന്ന് പറയുന്നതാണ് ഹദീസിനെ രത്നച്ചുരുക്കം. വിദ്യാർഥികൾക്കും വിദ്യ അർത്ഥിക്കാനും ചോദിക്കാനും അവസരം നല്കേണ്ടതുണ്ടെന്ന പാഠം നല്കുന്നതോടൊപ്പം ആരാണ് പഠിതാവ് എന്ന് മൂന്നാമതൊരാൾക്ക് തിരിച്ചറിയാത്ത രീതിയിലുള്ള കൊടുക്കൽ വാങ്ങൽ (ആദാനപ്രദാന ) പ്രക്രിയയിലൂടെ മുന്നോട്ട് പോവേണ്ട ധർമമാണ് അധ്യാപനമെന്നും അറിയാത്തത് അറിയില്ല എന്ന് പറയുന്നത് ഗുരുത്വക്കേടല്ലെന്നും പഠിപ്പിക്കുന്നതോടൊപ്പം അധ്യാപകനും വിദ്യാർഥികളിലും വേണ്ട മറ്റു ചില വിഷയങ്ങളും ഹദീസിൽ കാണാം.
لا يرى عليه أثر السفر
1-യാത്രയുടെ അടയാളമില്ലാത്ത ഡ്രെസ്കോഡ്
، فأسند ركبتيه إلى ركبتيه
2- മുട്ട് മുട്ടോട് ചേർന്ന് അകലമില്ലാതിരിക്കുക തുടങ്ങിയ നിരവധി അതിസൂക്ഷ്മ ബോധന രീതി ശാസ്ത്രം അനാവരണം ചെയ്യുന്നത് കാണാം.
A teacher is “not a Sage on the stage” but a“Guide on the Side” (അധ്യാപകനെന്നാൽ “വേദിയിലെ സന്യാസിയല്ല”, മറിച്ച് തൊട്ടടുത്തുള്ള “വഴികാട്ടി” യാണെ)ന്നും ഈ ഹദീസ് പഠിപ്പിക്കുന്നുണ്ട്.
” ഇത് ജിബിരീല്‍ ( അ ) ആണ് . ജനങ്ങള്‍ക്ക് ദീന്‍ പഠിപ്പിക്കാന്‍ വേണ്ടി വന്നതായിരുന്നു.” എന്ന് ലോകഗുരുവായ പ്രവാചകൻ പ്രഖ്യാപിച്ചതിൽ ഗുരു-ശിഷ്യ ബന്ധത്തിന്റെ അകലം അലിഞ്ഞലിഞ്ഞില്ലാതാവുന്ന രസതന്ത്രം നമുക്കു കാണാം. ആരാണ് ഗുരു ? ആരാണ് ശിഷ്യൻ എന്നു പോലും മൂന്നാമതൊരാൾക്ക് സന്ദേഹമുണ്ടാവുന്നത് പോലെ ഉത്തരങ്ങളെല്ലാം ശരിയാണെന്നുണർത്തി അപ്പോൾ തന്നെ മൂല്യനിർണയം (assessment) ചെയ്യുന്നതിനുള്ള സകല സാഹചര്യങ്ങളും അനുഭവങ്ങളും പഠിതാവിനും അധ്യാപകനും സാധ്യമാവുന്ന ശരിയായ ക്ലാസ് റൂം അനുഭവമാണ് ഈ ഹദീസിൽ നിന്ന് ലഭ്യമാവുന്നത്. മെന്റിയിൽ മെന്റർ ഉണ്ടാക്കുന്ന സ്വാധീനവും, നല്കുന്ന മാർഗ്ഗനിർദ്ദേശവുമാണ് മെന്റർഷിപ്പ്. പരിചയസമ്പന്നനും പലപ്പോഴും തന്നെക്കാൾ പ്രായം കുറഞ്ഞവനുമായ ഒരു വ്യക്തിയെ പഠിപ്പിക്കുകയോ സഹായവും ഉപദേശവും നൽകുന്നതോ മാതൃക കാട്ടി കൊടുക്കുന്നതിന്റെ പേരാണത് . സ്ഥാപനവത്കൃത ക്രമീകരണത്തിൽ, പഠിതാവിന്റെ / മെന്റിയുടെ വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയെ മെന്റർ സ്വാധീനിക്കുന്നുവെന്നർഥം.
റസൂൽ (സ)യുടെ വിദ്യാഭ്യാസ രംഗത്തെ ഇടപെടലുകളെയും അധ്യാപകനെന്ന നിലയിൽ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പൂർണ്ണതയെയും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. വിദ്യാഭ്യാസ ലോകത്ത് അറിയപ്പെട്ടവരും അക്കാദമിക തലത്തിൽ അറിയപ്പെട്ടവരുമായ ഏത് അധ്യാപകനെക്കാളും റസൂലിന്റെ പദവി ഉയർന്നു നിൽക്കുന്നതിന് കാരണം പഠിതാക്കൾക്ക് മെന്റർ എന്ന നിലക്ക് അദ്ദേഹം നല്കിയ അനുകമ്പ, പരിഗണന എന്നീ കാരണങ്ങളാലാണ് . അദ്ദേഹത്തിന്റെ മാന്യമായ വ്യക്തിത്വവും ശ്രേഷ്ഠമായ ഗുണങ്ങളുടെയും ജ്ഞാനപൂർവകമായ പ്രവർത്തനങ്ങളുടെയും അടിസ്ഥാനം അവ ദൈവിക സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്നതാണ്. സഹചാരികളായ വിദ്യാർത്ഥികളുടെ ആത്മാക്കളിൽ അവയുടെ സ്വാധീനം ആ അധ്യാപന ജീവിതത്തിന്റെ ഉറവിടത്തിന്റെ സ്വീകാര്യതയുടെ നിദർശനമാണ് എന്നാണ് അഅലാമുന്നുബുവ്വയിൽ ഇമാം മാവർദിയുടെ നിരീക്ഷണം.
ഹദീസ് ഗ്രന്ഥങ്ങൾ പഠിക്കുകയും സുന്നത്ത് സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുമ്പോൾ വർണപൂരിതമായ ചില അധ്യാപന ചിത്രങ്ങൾ പരിചയപ്പെടാനാവും. ചിലപ്പോൾ ലളിതമായ ചോദ്യങ്ങൾ ചോദിച്ചും മറ്റു ചിലപ്പോൾ പഠിതാക്കളുടെ സംശയങ്ങൾക്ക് ഉത്തരം പറഞ്ഞും ചിലപ്പോൾ ചോദ്യകർത്താവിന് ചോദിച്ച ചോദ്യത്തിൽ ബോധപൂർവ്വമായി ഉപചോദ്യങ്ങൾ ചേർത്തും ചോദിക്കേണ്ടിയിരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ wise style / أسلوب الحكيم ൽ ഉത്തരങ്ങൾ നൽകിയും പഴഞ്ചൊല്ല് , ഉപമകൾ പറഞ്ഞും പഠിതാവിലേക്കു പാഠഭാഗം ഉറപ്പിക്കുന്ന രീതിയാണ് അവയിൽ പലതും .
ശാസ്ത്രീയമായി തെളിയിക്കപ്പെട്ട നാൽപത് വിദ്യാഭ്യാസ – ബോധന രീതികൾ ഹദീസുകളിൽ നിന്നും തനിക്ക് പകർന്നു കിട്ടിയതായി ശൈഖ് അബൂ ഗുദ്ദ തന്റെ പ്രവാചകാധ്യാപന സംബന്ധിയായ ലേഖനങ്ങളിൽ പറയുന്നു. ഈ രീതികൾ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ നമ്മുടെ നാട്ടിലെ അദ്ധ്യാപകരും പണ്ഡിതന്മാരും അവയിൽ നിന്ന്പാഠം പഠിച്ചിരുന്നുവെങ്കിൽ എന്നാശിച്ച് പോയി. അവയിൽ ഏറ്റവും പ്രധാനപ്പെട്ടവ താഴെ നൽകിയിരിക്കുന്നു :
പടിപടിയായുള്ള വിദ്യാഭ്യാസം / step by step teaching
പോർഷൻ തീർക്കാനുള്ള തത്രപ്പാടിൽ കുട്ടികളുടെ പരിമിതി പരിഗണിക്കാതെ ഓടിച്ചു തീർക്കുന്ന രീതി പ്രവാചകാധ്യാപനങ്ങൾക്ക് വിരുദ്ധമാണ്.ഏറ്റവും പ്രധാനപ്പെട്ട പാഠഭാഗങ്ങൾക്ക് മുൻഗണന നൽകി കുറച്ച് കുറച്ച് പഠിപ്പിക്കുക.അങ്ങനെ അത് വിദ്യാർഥികൾ നന്നായി മനസ്സിലാക്കുകയും അവരുടെ ഹൃദയത്തിൽ ഉറക്കുകയും ചെയ്തതിന് ശേഷം മാത്രം പുതിയ പാഠഭാഗമെടുക്കുക.
ഇബ്‌നു മസ്ഊദ് (റ) പറയുന്നു: “നമ്മിൽ ഒരാൾ പത്ത് ആയത്തുകൾ പഠിച്ചാൽ, അവയുടെ അർത്ഥം അറിയുകയും അവ അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നത് വരെ അവയെ മറികടക്കാറുണ്ടായിരുന്നില്ല. ”
അദ്ധ്യാപകരുടെ രീതികളിലെ അതിന്റെ പ്രയോഗതലത്തെ കുറിച്ച് ഇബ്‌നു ശിഹാബ് (റഹ്) പറഞ്ഞത് ഇതാണ്, “അറിവ് മൊത്തത്തിൽ (as a whole )എടുക്കരുത്, കാരണം ആരെങ്കിലും അത് മൊത്തത്തിൽ എടുക്കാൻ ആഗ്രഹിച്ചാൽ, അത് അവനിൽ നിന്ന് പൂർണ്ണമായും അകന്നുപോകുന്നു, വിവരം പകലും രാത്രിയും കണക്കെ മുറപ്രകാരം വരുകയും ചെയ്യുന്നതാവണം.
വ്യക്തിഗത വ്യത്യാസങ്ങൾ പരിഗണിക്കുക / Taking care of individual differences in learners
പഠിതാക്കൾ തമ്മിലുള്ള വ്യക്തിഗത വ്യത്യാസങ്ങളിൽ പ്രവാചകൻ വളരെ ശ്രദ്ധാലുവായിരുന്നു. ദേഷ്യക്കാരനോട് ദേഷ്യപ്പെടരുതെന്നും പ്രായമായ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടായിരിക്കേ ആക്റ്റിവിസവുമായി നടക്കുന്നയാളോട് ഏറ്റവും വലിയ ജിഹാദ് മാതാപിതാക്കളുടെ സംരക്ഷണമാണെന്നും സാധാരണ നിലയിലുള്ള പഠിതാവിന്റെ മുൻഗണനാ ക്രമത്തിൽ നിർബന്ധ നമസ്കാരങ്ങൾ ഊന്നണമെന്നും പഠിതാവിന്റെ നിലവാരമനുസരിച്ചായിരുന്നു അദ്ദേഹത്തിന്റെ പരിഗണന.
ബോധന മാധ്യമങ്ങൾ അതിന്റെ വിവിധ രൂപങ്ങളിൽ / The use of means of clarification in its various forms
ജാബിർ (റ) പറഞ്ഞു: “ഞങ്ങൾ പ്രവാചകനോ(സ)ടൊപ്പം ഇരിക്കുകയായിരുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ മുന്നിൽ ഭൂമിയിൽ ഇതുപോലെ ഒരു വര വരച്ചു. എന്നിട്ട് പറഞ്ഞു: ഇത് സർവ്വശക്തനായ റബ്ബിന്റെ പാതയാണ്. തുടർന്ന് തന്റെ വലതുവശത്ത് രണ്ട് വരകളും ഇടതുവശത്ത് രണ്ട് വരകളും വരച്ചു. എന്നിട്ട് പറഞ്ഞു: ഇത് ശൈത്വാന്റെ പാതകളാണ്. എന്നിട്ട് മധ്യരേഖയിൽ കൈ വെച്ചു കൊണ്ട് ഈ വാക്യം പാരായണം ചെയ്തു: “ഇത് എന്റെ നേരായ പാതയാണ്, ഇത് പിന്തുടരുക.മറ്റു പാതകളെ പിന്തുടരരുത് . അവ നിങ്ങളെ അവന്റെ പാതയിൽ നിന്ന് വേർപെടുത്തും.”
6:153
പഠിതാവിനെ പ്രോത്സാഹിപ്പിക്കൽ / Encouraging the learner
വിദ്യാർത്ഥിയുടെ ഉത്തരം കിട്ടിയാൽ അതിനെ പ്രോത്സാഹിപ്പിക്കുന്നതിൽ ലുബ്ധ് കാണിക്കാതിരിക്കുക
أصبت / أحسنت/ very good എന്നിവ അധ്യാപകൻ ഉപയോഗിക്കുന്ന പോസിറ്റീവ് സ്റ്റ്ട്രോക്കാണ്. ഈമാൻ , ഇസ്ലാം, ഇഹ്സാൻ/ ജിബ് രീൽ , നബി സംഭവത്തിലും മറ്റു ചില ഹദീസുകളിലും അത് എമ്പാടും കാണാം.
ഗുണപാഠങ്ങൾ പഠിപ്പിക്കൽ / Teaching them moral lessons
പഠിതാവിനെ കഥകളിലൂടെയും ചരിത്രങ്ങളിലൂടെയും ഗുണപാഠങ്ങൾ പഠിപ്പിക്കൽ ജീവിത മൂല്യങ്ങളും നൈപുണികളും ഉണ്ടാക്കിയെടുക്കാൻ പ്രാപ്തരാക്കുന്നു. ഉദാ: ദാഹിക്കുന്ന നായക്ക് വെള്ളം കൊടുത്ത സംഭവം, പൂച്ചയെ കെട്ടിയിട്ട സ്ത്രീയുടെ കഥ .
എല്ലാവർക്കും സ്വാഗതം /Welcome all
ഏതു പഠിതാവിനെയും ആദ്യമായി വരുമ്പോൾ സ്വാഗതം ചെയ്യുന്നത് അവനിൽ ആശ്വാസവും ഇണക്കവും ഉണ്ടാക്കും. ഏതു മക്കൾക്കും പുതിയ സ്ഥലത്തോ താൻ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത സ്ഥലത്ത് ഭയം തോന്നുന്നത് സ്വാഭാവികം. വർഗ – വർണ – ജാതി വ്യത്യാസമില്ലാതെ പഠിതാക്കളെ സ്വാഗതം ചെയ്യുന്നത് പഠന സാഹചര്യത്തോട് മനസ്സിണക്കാൻ അനിവാര്യമാണ്. അപമാനമോ ഖേദമോ കൂടാതെ ഈ കൂട്ടത്തിന് സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് നബി തങ്ങൾ അബ്ദുൽ ഖയിസിന്റെ പ്രതിനിധി സംഘത്തെ സ്വീകരിച്ചതെന്ന് ഇബ്‌നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്തത് ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. വിദ്യാഭ്യാസവർഷാരംഭത്തിൽ അധ്യാപകർ സംഘടിപ്പിക്കുന്ന പ്രവേശനോത്സവം ഇതിന്റെ അടിസ്ഥാനത്തിൽ ശ്ലാഘനീയമാണ് എന്നാണ് കുറിപ്പുകാരന്റെ വിശ്വാസം.
പഠിതാക്കൾക്ക് അർഹമായ സ്ഥാനം നല്കുക / Give students their due place.
പഠിതാക്കളുടെ പ്രായത്തിനനുസരിച്ച് അവരോട് സംസാരിക്കുകയും അവർക്കർഹമായ ആദരവും ബഹുമാനവും നല്കുകയും വേണം. നിങ്ങളുടെ മുൻപിലുള്ള പഠിതാക്കൾ ആരാണെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ നിങ്ങളുടെ അധ്യാപനം വ്യർത്ഥമാകും. അതിനായി വിശദമായ പരിചയപ്പെടൽ അഭിലഷണീയമാണെന്നും അബ്ദുൽ ഖയിസിന്റെ പ്രതിനിധി സംഘത്തെ സ്വീകരിച്ച നിലപാട് വ്യക്തമാക്കിയ ഉപരിസൂചിതി ഹദീസിൽ നിന്ന് മനസ്സിലാക്കാം .
പഠിതാവിനോട് നമ്മുടെ ശ്രദ്ധ അറിയിക്കൽ / Bringing attention to the learner
പഠിതാവിന്റെ സംശയങ്ങൾക്ക് മറുപടി പറയാനായി പ്രത്യേകമായി എഴുന്നേറ്റ് നിന്ന് അർഹിക്കുന്ന പ്രാധാന്യം നൽകി ഉത്തരം പറയുന്നത് നല്ല ഒരധ്യാപകന്റെ പ്രത്യേകതയാണ്. ജിഹാദിനെ കുറിച്ച് ചോദിച്ച സ്വഹാബിയോട് അയാളുടെ ചോദ്യത്തിനുള്ള തൃപ്തികരമായ മറുപടി നൽകിയ സംഭവം അബൂ മൂസാ (റ) നിവേദനം ചെയ്തത് പ്രസിദ്ധമാണ്.
പ്രോത്സാഹന സ്പർശനം / touch of encouragement / positive stroke
അധ്യാപന രംഗത്ത് പ്രവർത്തിക്കുന്ന ആളുകൾക്കറിയാം എന്താണ് പ്രോത്സാഹന സ്പർശമെന്ന് . പഠിതാവിന്റെ തോളിൽ / തലയിൽ കൈവെച്ച് കൊണ്ട് സ്നേഹം പ്രകടിപ്പിച്ച് കൊണ്ട് പഠിപ്പിക്കുന്ന പാഠങ്ങൾ പഠിതാവിന്റെ ഹൃദയത്തിലേക്കിറങ്ങും. ജീവിതത്തിന്റെ നിസ്സാരത പഠിപ്പിക്കുന്ന സന്ദർഭത്തിൽ തന്റെ തോളുകളിൽ പിടിച്ച് പറഞ്ഞത് വാർധക്യത്തിലും അബ്ദുല്ല ബിൻ ഉമർ (റ) ഓർത്ത സംഭവം പ്രസിദ്ധമാണ്. ഇത്തരം Good touching പഠിതാവെന്നും ഓർക്കും . ( തുടരും )
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0