Current Date

Search
Close this search box.
Search
Close this search box.

തെരഞ്ഞെടുപ്പിലെ സാമൂഹ്യ സന്തുലനം ഇങ്ങനയോ?

മുഴുവന്‍ സാമൂഹ്യ വിഭാഗങ്ങള്‍ക്കും രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയില്‍ വേണ്ട അവസരം കിട്ടുമ്പോഴാണ് ജനാധിപത്യ ക്രമം അര്‍ഥപൂര്‍ണമാകുന്നത്. ഇന്ത്യയെപ്പോലെ ബഹുസ്വര വൈവിധ്യങ്ങളുള്ള രാജ്യത്ത് മുഴുവന്‍ സാമൂഹ്യ വിഭാഗങ്ങള്‍ക്കും രാഷ്ട്രീയാധികാര മേഖലയില്‍ ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉണ്ടാവുക എന്നത് രാഷ്ട്ര പുരോഗതിക്ക് അത്യന്താപേക്ഷിതമായ ഒന്നാണ്.

പറഞ്ഞ് വരുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ്. കേരളത്തിലെ ഇടത്‌വലത് മുന്നണികളുടെ സ്ഥാനാര്‍ഥി ലിസ്റ്റുകളില്‍ സാമൂഹ്യ സന്തുലനം ഒട്ടും പരിഗണിക്കാതെയുള്ള സീറ്റ് വിതരണമാണ് കാണുന്നത്. കേരളത്തിലെ മുന്നാക്ക സമുദായങ്ങള്‍ക്ക് രണ്ട് മുന്നണികളുടെയും ലിസ്റ്റില്‍ (ജാതീയമായ വംശവെറിയെ അടിസ്ഥാനപ്പെടുത്തിയ സംഘ് പരിവാര്‍ മുന്നണിയെ പരിഗണിക്കുന്നില്ല) അര്‍ഹമായതിലുമെത്രയോ സീറ്റുകളധികം ലഭിക്കുമ്പോള്‍, ജനസംഖ്യയുടെ 25 ശതമാനത്തോളം വരുന്ന മുസ്ലിം വിഭാഗത്തിന് എത്ര സീറ്റുകളാണ് ലഭിക്കൂന്നത് എന്ന് നോക്കുക. കണക്കനുസരിച്ച് 5 സീറ്റുകള്‍ രണ്ട് മുന്നണികളും മുസ്ലിംകള്‍ക്ക് നല്‍കേണ്ടതുണ്ട്. പക്ഷെ, മലപ്പുറം, പൊന്നാനികള്‍ക്കപ്പുറത്ത് LDF ഉം UDF ഉം എത്ര സീറ്റുകള്‍ മുസ്ലിംകള്‍ക്ക് നല്‍കുന്നുണ്ട് എന്നൊന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

UDF ല്‍ കേരളാ കോണ്‍ഗ്രസ് വഴി കൃസ്ത്യന്‍ സമുദായത്തിന് കിട്ടുന്ന സീറ്റുകള്‍ കോണ്‍ഗ്രസ് വഴി അവര്‍ക്ക് കിട്ടുന്ന സീറ്റുകളുടെ കുറവിന് കാരണമാകുന്നില്ല. അതെ സമയം ലീഗിന് കൊടുക്കുന്ന രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസ് വഴി മുസ്ലിം വിഭാഗത്തിനുള്ള സീറ്റുകള്‍ കിട്ടാതിരിക്കാന്‍ ഒരു ന്യായമാവുന്നു. മുസ്ലിം ലീഗ് മാത്രമായി ത്യാഗമനുഷ്ഠിച്ച് സംരക്ഷിച്ച് നിലനിര്‍ത്തേണ്ട ഒന്നാണോ UDF ലെ സാമുദായിക സന്തുലിതത്വം? ലീഗില്ലെങ്കില്‍ മലപ്പുറം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ എത്ര പഞ്ചായത്ത് വാര്‍ഡ് പോലും കോണ്‍ഗ്രസിന് കിട്ടുന്നുണ്ടാവും?

LDF ന്റെ സമീപനത്തെ കുറിച്ച് പറയാതിരിക്കുന്നതാവും നല്ലത്. കേരളാ മന്ത്രിസഭയുടെയും ഏറെക്കുറെ പൂര്‍ത്തിയായ ലോക്‌സഭാ സ്ഥാനാര്‍ഥി ലിസ്റ്റിലെയും social group wise distribution ഒന്ന് പരിശോധിച്ച് നോക്കുക. അപ്പോഴറിയാം നവോത്ഥാന പോസ്റ്ററുകള്‍ക്ക് പിറകിലെ യാഥാര്‍ഥ്യമെന്തെന്ന് .

കേരളം കഴിഞ്ഞ മുപ്പത് വര്‍ഷത്തിനുള്ളില്‍ രാജ്യസഭയിലേക്കയച്ച MP മാരുടെ ജാതി / സാമൂഹ്യ വിഭാഗം തിരിച്ചുള്ള കണക്ക് കൂടി പരിശോധിച്ചാലറിയാം നമ്മുടെ പാര്‍ലിമെന്ററി രാഷ്ട്രീയ രംഗത്തെ സന്തുലിതത്വം എങ്ങനെയാണെന്ന്.

സീറ്റുകള്‍ കാലങ്ങളായി കൈയടക്കി വെച്ചിരിക്കുന്നവര്‍ ഉയര്‍ത്തുന്ന തെറ്റായ സാമൂഹ്യ സന്തുലന / വര്‍ഗീയതാ പൊയ് വെടിയില്‍ പേടിച്ച് അര്‍ഹമായ ഇടങ്ങള്‍ക്ക് വേണ്ടി വാദിക്കാന്‍ പോലും കഴിയാതെ പോകുന്നു എന്നതാണ് ലീഗടക്കമുള്ള മുസ്ലിം രാഷ്ട്രീയ രൂപങ്ങളുടെ ദൗര്‍ബല്യം. അര്‍ഹമായ രാഷ്ട്രീയ ഇടങ്ങളുടെ ലഭ്യത, ആരുടെയെങ്കിലും ഔദാര്യമായല്ലാതെ അവകാശമായിക്കാണാനുള്ള രാഷട്രീയ ബോധം നേതൃത്വങ്ങള്‍ കാണിക്കണം. ജാതി, മതം എന്നിവ സാമൂഹ്യാവസ്ഥകളെ നിര്‍ണയിക്കുന്ന ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അവയെ കണ്ടില്ലെന്ന് നടിക്കുന്നതിന് പകരം മതനിരപേക്ഷ പ്രതലത്തില്‍ നിന്ന് അവയെ ധൈര്യ പൂര്‍വം അഭിമുഖീകരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാ ശക്തിയാണ് ഉണ്ടാവേണ്ടത്. സാമൂഹ്യ ഗാത്രത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിഭാഗമെന്ന് നിരവധി സര്‍ക്കാര്‍ കമ്മീഷനുകള്‍ സാക്ഷ്യപ്പെടുത്തിയ കൂട്ടര്‍ക്ക് ന്യായമായ രാഷ്ട്രീയാധികാര പങ്ക് നല്‍കുക എന്നത് രാജ്യ പുരോഗതിയില്‍ താല്‍പര്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും ഉത്തരവാദിത്തമാണ്. അത് നല്‍കാതെ നടത്തുന്ന വര്‍ത്തമാനങ്ങള്‍ കേവലം വാചകക്കസര്‍ത്തുകള്‍ക്കപ്പുറമൊന്നുമല്ല.

Related Articles