Current Date

Search
Close this search box.
Search
Close this search box.

ശൈഖ് ഖറദാവി : ഉമ്മത്തിനും പ്രസ്ഥാനത്തിനും മധ്യേ ( 6 – 6 )

അലി ജുമുഅ, റമദാൻ ബൂത്വി, അഹ്മദ് ത്വയ്യിബ് തുടങ്ങിയവരുടെ നിരന്തരമായ നിലപാട് മാറ്റത്തെക്കുറിച്ചാണ് നാം പറഞ്ഞ് വന്നത്. ഭരിക്കുന്നവരുടെ തിട്ടൂരങ്ങൾക്കനുസരിച്ചും ശാക്തികച്ചേരികളിലെ തുലനങ്ങൾ മാറുന്നതിനനുസരിച്ചും അവരുടെ നിലപാടുകൾ വ്യത്യാസപ്പെട്ടിരിക്കും. പലതരം വൈരുധ്യങ്ങളിലും അവർ ചെന്നു ചാടും. ശൈഖ് ഖറദാവിയിലാകട്ടെ സ്ഥിരതയുള്ള നിലപാടാണ് നാം കാണുന്നത്. മേൽ പറഞ്ഞ ഓരോരുത്തരും ഫഖീഹ് ആണെങ്കിലും അവർ ഭരണകൂടത്തിന്റെ ഫഖീഹ് ആണ്. ദീനീ ബോധ്യത്തിന്റെ അടിസ്ഥാനത്തിലല്ല അവരുടെ ഫത് വ വരിക. അത് രാഷ്ട്രീയ തീരുമാനത്തിന്റെ ഉപോൽപ്പന്നമാണ്. ഭരണകൂടത്തിന്റെ രാഷ്ട്രീയ തീരുമാനങ്ങൾ മാറുന്നതിനനുസരിച്ച് അവരുടെ ഫത് വകളും മാറാതെ തരമില്ല. രാഷ്ട്രീയ തീരുമാനങ്ങൾ മാറിക്കൊണ്ടേയിരിക്കുമല്ലോ. ശൈഖ് ഖറദാവിയുടെത് ഫിഖ്ഹി മാനദണ്ഡപ്രകാരമുള്ള തീരുമാനങ്ങളാണ്. ഇജ്തിഹാദിൽ മാറ്റം വരുമ്പോഴേ ഫത് വയിൽ മാറ്റമുണ്ടാവുകയുള്ളൂ.

അറബ് വസന്തക്കാലത്ത് ഖറദാവിയുടെ പ്രതിയോഗികൾ നടത്തിയ മലക്കംമറിച്ചിലുകൾ അൽപ്പം വിശദമായി പരിശോധിക്കാനാണ് ഈ ലേഖനത്തിൽ ഉദ്ദേശിക്കുന്നത്. നിലപാടുകളിൽ സ്ഥിരതയും കണ്ണിചേർച്ചയും ഉണ്ടാവുക എന്നത് ധാർമികതയുമായും ബന്ധപ്പെട്ടിരിക്കുന്നു. ധാർമികതയുടെ പിൻബലമുണ്ടാവുമ്പോൾ മാനദണ്ഡങ്ങൾ സുതാര്യവും കൃത്യവുമായിരിക്കും. അതിന്റെ പ്രയോഗവൽക്കരണത്തിലും ആ ഗുണങ്ങൾ കാണും. നിലപാട് മാറിമറയുന്നുണ്ടെങ്കിൽ വ്യക്തിപരമോ രാഷ്ട്രീയമോ ആയ ഇഛകളാവും അതിന് പിന്നിൽ. ഇവ രണ്ടും ഇടകലർന്നും വരും. മേൽ പറഞ്ഞ ഓരോരുത്തരുടെയും നിലപാടുകൾ നോക്കാം.

അഹ്മദ് ത്വയ്യിബ്
ഇദ്ദേഹം കൈറോയിലെ അൽ അസ്ഹർ യൂനിവേഴ്സിറ്റി റെക്റ്റർ ആണ്. പ്രക്ഷോഭ കാലത്ത് ഈജിപ്ഷ്യൻ പ്രസിഡന്റ് ഹുസ്നി മുബാറക് നടത്തിയ രണ്ടാം പ്രഭാഷണത്തിന്റെ തൊട്ടുടനെ ഇദ്ദേഹം പ്രത്യക്ഷപ്പെടുന്നു; പ്രക്ഷോഭങ്ങളോട് മുബാറക് സ്വീകരിച്ച നിലപാടിനെ ന്യായീകരിക്കാൻ വേണ്ടി. 2011 ഫെബ്രുവരി ഒന്നിന് മുബാറക് നടത്തിയ പ്രസംഗത്തിൽ ജനം രണ്ടാലൊന്ന് സ്വീകരിക്കേണ്ടിവരുമെന്ന് പറഞ്ഞു: ‘ഒന്നുകിൽ സ്ഥിരത, അല്ലെങ്കിൽ അരാജകത്വം.’ പുതിയ ഭരണകൂടത്തെ നിയമിക്കുമെന്നും എല്ലാ രാഷ്ട്രീയ ശക്തികളുമായി ചർച്ച നടത്തുമെന്നും മുബാറക് പ്രഖ്യാപിച്ചു. 2011 ഫെബ്രുവരി രണ്ടിന് അഹ്മദ് ത്വയ്യിബ് പറഞ്ഞത്, മുബാറകിന്റെ നിലപാട് ‘ശറഇന്റെ നിലപാട് തന്നെ’ എന്നായിരുന്നു. അതിനെ കേവലം ‘രാഷ്ട്രീയ കാഴ്ച’യായി കാണാൻ കഴിയില്ലെന്നും. അഹ്മദ് ത്വയ്യിബ് ഇങ്ങനെ തുടർന്നു : ‘ഈ ഉറപ്പുകളൊക്കെ തുടർച്ചയായി നൽകിയിട്ടും വീണ്ടും പ്രക്ഷോഭത്തിനിറങ്ങുന്നത് അരാജകത്വത്തെ ക്ഷണിച്ചു വരുത്തലാണ്. പ്രക്ഷോഭങ്ങളിലെ സാന്നിധ്യം ‘ഹറാം’ ആണ്. കാരണമിത് രാഷ്ട്രത്തിനെതിരെയും അതിന്റെ സംവിധാനങ്ങൾക്കെതിരെയും പൊതു സമൂഹത്തിനെതിരെയുമുള്ള (സായുധ ) ഇറങ്ങിപ്പുറപ്പെടലാണ്.’

പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുന്നവർക്കെതിരെയും അഹ്മദ് ത്വയ്യിബിന്റെ ഒളിയമ്പുണ്ട്. ‘ഇക്കൂട്ടർ ദീനിനെ തങ്ങളുടെ വരുതിയിലാക്കുകയും ഇൽമിനെ വഞ്ചിക്കുകയുമാണ്. സ്വേഛ പ്രകാരം രാഷ്ട്രത്തിനെതിരെ തെറ്റായ ഫത് വകൾ നൽകുന്നു. നാളെ ഖിയാമത്ത് നാളിൽ തങ്ങളുടെ നാടുകളിൽ എന്താണ് നടന്നതെന്ന് അവരോട് ചോദിക്കുമ്പോൾ അവരിൽ നിന്നുണ്ടാവുക ഖബ്റിലെ നിശ്ശബ്ദതയായിരിക്കും.’ ഇത്ര കൂടി പറഞ്ഞു: ‘ഇക്കൂട്ടർ നരക കവാടത്തിലെ പ്രബോധകരാണ്.’ സന്ദർഭം നോക്കിയാൽ ഇത് ശൈഖ് ഖറദാവിയെ കൊള്ളിച്ച് പറഞ്ഞതാണ്. 2011 ഫെബ്രുവരി ആറിന് അഹ്മദ് ത്വയ്യിബ് നടത്തിയ പ്രസ്താവനയിൽ, ‘ആഗോള തലത്തിലും മേഖലാ തലത്തിലുമുള്ള ചില ഫത് വകൾ ഈജിപ്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുക’ യാണെന്നും മുന്നറിയിപ്പ് നൽകി.

മുബാറക്ക് പുറത്താക്കപ്പെട്ട ശേഷം 2011 മാർച്ച് ആറിന് അഹ്മദ് ത്വയ്യിബ് വീണ്ടും പ്രത്യക്ഷനായി ; ‘വിപ്ലവത്തോടുള്ള അൽ അസ്ഹറിന്റെ നിലപാട്’ വിശദീകരിക്കാനായി. ഒരു ലജ്ജയുമില്ലാതെ അദ്ദേഹം പറഞ്ഞു: ‘ ദേശീയ വിമോചന പ്രസ്ഥാനത്തെ സഹായിക്കുന്നതിൽ അൽ അസ്ഹർ ഒരിക്കലും അമാന്തിച്ച് നിന്നിട്ടില്ല.’ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത യുവാക്കളെ അഭിനന്ദിക്കാനും മറന്നില്ല. അൽ അസ്ഹർ 2011 ഒക്ടോബർ ഒന്നിന് പുറത്തിറക്കിയ ‘അറബ് വസന്ത രേഖ’യുടെ ചർച്ചക്കിടയിൽ അദ്ദേഹം പറഞ്ഞു: ‘ സമാധാനപരമായി നടക്കുന്ന ദേശീയ പ്രതിഷേധസമരങ്ങളെ ബലപ്രയോഗത്തിലൂടെയും ഹിംസയിലൂടെയും നേരിടുന്നതും, അതിൽ പങ്കെടുക്കുന്ന സമാധാന പ്രിയരായ പൗരൻമാരുടെ രക്തം ചിന്തുന്നതും ഇസ്ലാമിക സമൂഹവും ഭരണാധികാരികളും തമ്മിലുള്ള കരാറിന്റെ ലംഘനമാണ്. അത് ഭരണകൂടത്തിന്റെ നിയമാനുസൃതത്വം ചോദ്യം ചെയ്യും. പരസ്പരം തൃപ്തിപ്പെട്ട് ഭരണത്തിൽ തുടരാനുള്ള അർഹത ഇല്ലാതാക്കും. സമൂഹത്തിന്റെ ഇഛക്ക് വിരുദ്ധമായി നിയമാനുസൃതമല്ലാതെ ഭരണത്തിൽ തുടരാനും അതിക്രമങ്ങൾ കാണിക്കാനുമാണ് ഭരണകൂടത്തിന്റെ ഭാവമെങ്കിൽ അടിച്ചമർത്തപ്പെടുന്ന ജനതക്ക് അത്തരം ഭരണാധികാരികളെ പുറത്താക്കാനും വിചാരണ ചെയ്യാനും അവകാശമുണ്ട്.’

പിന്നെ അഹ്‌മദ്‌ ത്വയ്യിബ് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് 2013 ജൂൺ മൂന്നിനാണ്. ത്വയ്യിബിന്റെ വലത് വശത്തിരിക്കുന്നത് അന്നത്തെ പ്രതിരോധ മന്ത്രി ജനറൽ അബ്ദുൽ ഫത്താഹ് സീസി.

അവിടെ വെച്ചാണ് സീസി ഈജിപ്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുർസിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നത്. അന്നേരം ത്വയ്യിബ് പറഞ്ഞതെന്താണെന്നോ, ഞങ്ങൾ ‘തിൻമകളിൽ ലഘുവായത്’ തെരഞ്ഞെടുക്കുന്നു എന്ന്! ശേഷം സൈന്യം നടത്തിയ രക്തച്ചൊരിച്ചിൽ, ‘അഖഫ്ഫു ളററൈൻ’ എന്ന ഈ ഫിഖ്ഹീ സംജ്ഞ ഉപയോഗിച്ച് നടത്തിയ ന്യായീകരണത്തെ പുനപ്പരിശോധിക്കാൻ എത്രയും മതിയായതായിരുന്നു.

അലി ജുമുഅ
മുബാറകിന്റെ ഭരണകാലത്ത് ഈജിപ്തിലെ മുഫ്തിയായിരുന്നു അലി ജുമുഅ. ഈജിപ്ഷ്യൻ ചാനലുകളിൽ ഇദ്ദേഹം പ്രത്യക്ഷപ്പെട്ട് മുബാറകിനെ പിന്തുണക്കുകയും പ്രക്ഷോഭകരെ എതിർക്കുകയും ചെയ്തിരുന്നു. മുബാറകിന്റെ പ്രഭാഷണം കഴിഞ്ഞയുടനെ നടത്തിയ ഒരു പ്രസ്താവനയിൽ അലി ജുമുഅ ഇങ്ങനെ പറയുന്നു: ‘പല ഒഴികഴിവുകളാലും ജുമുഅ പ്രഭാഷണത്തിനും നമസ്കാരത്തിനും പോകാതിരിക്കാം. ജീവനും സ്വത്തിനും ഹാനിയുണ്ടാകുമെന്ന് ഭയക്കുന്നത് അത്തരമൊരു സന്ദർഭമാണ്.’ മുബാറകിന്റെ പ്രസംഗം കഴിഞ്ഞുള്ള മൂന്നാം ദിവസമായ വെള്ളിയാഴ്ചയിലെ ഖുത്വ് ബയിലും നമസ്കാരത്തിലും പങ്കാളികളാകാതിരിക്കുന്നത് അനുവദനീയം എന്നാണ് ഈ മുഫ്തി പറഞ്ഞത്. ശൈഖ് ഖറദാവി ആഹ്വാനം ചെയ്ത മില്യൻ മാർച്ചിനെ പൊളിക്കാനായിരുന്നു ഈ ഫത് വ.

അലി ജുമുഅ ഇവിടം കൊണ്ടും നിർത്തിയില്ല. മറ്റു ചാനലുകളിലൂടെയും ‘അന്ധമായ ഫിത് ന’യെക്കുറിച്ച് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു. പ്രകടനത്തിനിറങ്ങുന്നത് ഹറാമാണെന്ന് വിലക്കി. കാരണമത് ‘നിയമാനുസൃതത്വത്തിന്മേലുള്ള പാഞ്ഞുകയറ്റ’മാണ്. ‘കുളം കലക്കിയത് കൊണ്ട് തുനീഷ്യ ഒന്നും നേടിയില്ലല്ലോ’ എന്ന് പരിഭവിച്ചു. തുനീഷ്യൻ വിപ്ലവത്തെക്കുറിച്ചാണ് സൂചന. ജനം മുബാറകിനൊപ്പമെന്ന് പെരുമ്പറയടിച്ചു. പ്രക്ഷോഭകരെ തെരുവിൽ നിന്ന് പിൻവലിച്ചേ മതിയാകൂ എന്ന് ഫത് വയിറക്കി.

ഈജിപ്തിൽ ജനുവരി വിപ്ലവം അരങ്ങേറിയ ശേഷം 2011 ഏപ്രിൽ ഒന്നിന് ഇദ്ദേഹം പറഞ്ഞത് കാണുക: ‘അഞ്ച് വർഷം മുമ്പ് ദാറുൽ ഇഫ്താ നൽകിയ ഫത് വ പ്രകാരം സമാധാനപരമായ പ്രക്ഷോഭങ്ങൾ അനുവദനീയമാണ്. കാരണമത് അംറുൻ ബിൽ മഅ്റൂഫും നഹ് യുൻ അനിൽ മുൻകറും ആണ്. കുഴപ്പമുണ്ടാകാൻ കാരണം അവകാശ നിഷേധമാണ്; അല്ലാതെ പ്രക്ഷോഭങ്ങളല്ല.’ താൻ വിപ്ളവത്തെ എതിർത്തതിനെ അദ്ദേഹം ഇങ്ങനെ ന്യായീകരിച്ചു : ‘ഫിത് നയുണ്ടാകുമെന്നും രക്ത ചൊരിച്ചിൽ ഉണ്ടാകുമെന്നും ഞാൻ ഭയപ്പെട്ടു.’ എങ്കിൽ താങ്കൾ അക്രമിയായ ഭരണാധികാരിക്കെതിരെ എന്ത് കൊണ്ട് നിലയുറപ്പിച്ചില്ല എന്ന് ചോദിച്ചപ്പോൾ, ഞാനതിന് ശ്രമിച്ചിരുന്നു, കഴിഞ്ഞില്ല എന്നായിരുന്നു മറുപടി. കവാടം അടക്കപ്പെട്ടു പോയത്രെ. പിന്നെ എന്ത് ചെയ്യും!

തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുർസി പുറത്താക്കപ്പെട്ട ശേഷം, പുതിയ ഭരണാധികാരിയെ അലി ജുമുഅ പിന്തുണക്കുന്നതാണ് നാം കാണുന്നത്. 2013 ആഗസ്റ്റ് 18 – ന് ഈജിപ്ഷ്യൻ സൈനിക നേതൃത്വത്തെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി ലീക്കാവുന്നുണ്ട്. ഖവാരിജും ഭരണാധികാരിക്കെതിരെ ഇറങ്ങിപ്പുറപ്പെടലും ‘നരകത്തിന്റെ നായ്ക്കൾ’ ഉണ്ടാക്കുന്ന ഫിത് നകളും ആ സംസാരത്തിലേക്ക് തിരിച്ച് വരുന്നു. ആരെക്കുറിച്ചാണ് താൻ സംസാരിക്കുന്നതെന്ന് അദ്ദേഹം പറയുന്നില്ലെങ്കിലും, റാബിഅ അദവിയ്യയിലെ പ്രക്ഷോഭവും രക്ത ചൊരിച്ചിലുമൊക്കെ നടക്കുന്ന സന്ദർഭത്തിലാണ് ഈ സംസാരം. പിന്നെ ഫിഖ്ഹിൽ ചർച്ച ചെയ്യുന്ന ‘അൽ ഇമാമുൽ മഹ്ജൂറി’നെക്കുറിച്ച് പറയുന്നു. ബന്ദിയാക്കപ്പെടുകയും കേസ് കോടതിയിലേക്ക് നീക്കുകയും ചെയ്താൽ ഭരണാധികാരി നിയമാനുസൃത ഭരണാധികാരി അല്ലാതായിത്തീരും എന്നാണ് വാദിക്കുന്നത്. ഇത് മുഹമ്മദ് മുർസിയിലേക്കുള്ള സൂചനയാണ്.

സഈദ് റമദാൻ ബൂത്വി
ഒരേ പ്രശ്നത്തിൽ ബൂത്വി വിവിധ അഭിപ്രായങ്ങൾ പറയുന്നതിനെ പറ്റി ഒരു ലേഖനം ലണ്ടനിൽ നിന്നിറങ്ങുന്ന അൽ ഹയാത്ത് പത്രത്തിൽ (2012 ജനുവരി 21 ) ഞാൻ എഴുതിയിരുന്നു (ഇതിന്റെ പരിഭാഷ പ്രബോധനം വാരിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവ : ). 2011-ൽ ബൂത്വി പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിൽ ഇങ്ങനെ പറയുന്നുണ്ട്:’ നാവ് കൊണ്ടുള്ള വിസമ്മതം ജനം തുടർന്ന് കൊണ്ടിരിക്കണം… ഇത് ഭരണാധികാരിക്കെതിരെയുള്ള നീക്കമായി കാണാൻ കഴിയില്ല. ‘അൽ ഖുറൂജു അലൽ ഹാകിം’ എന്ന ഭരണാധികാരിക്കെതിരെയുള്ള നീക്കം ആയുധമെടുത്തും ശക്തി പ്രയോഗിച്ചുമുള്ളതാണ്. സമാധാനപരമായി നടക്കുന്ന പ്രക്ഷോഭങ്ങളെ ഈ ഗണത്തിൽ പെടുത്താൻ കഴിയില്ല.’ എന്നാൽ സിറിയയിൽ അത്തരം സമാധാനപരമായ പ്രക്ഷോഭങ്ങൾ നടന്നപ്പോൾ ബൂത്വി 2011 ജൂലൈ 20 – ന് പറഞ്ഞത്, അത് ഹറാമാണെന്നും ഭരണാധികാരിക്കെതിരായ സായുധ നീക്കമാണെന്നുമായിരുന്നു.
* * *
ശൈഖുൽ അസ്ഹർ അഹ്മദ് ത്വയ്യിബിന്റെ നിലപാട് മാറ്റത്തിന് കാരണം അദ്ദേഹം വഹിക്കുന്ന ഔദ്യോഗിക പദവിയാണ്. ആ പദവി ഭരണ സംവിധാനത്തിന്റെ ഭാഗമാണ്. ഭരിക്കുന്നവരുടെ നിലപാടുകളേ അതിലൂടെ പ്രതിഫലിക്കൂ. അതിനാൽ അദ്ദേഹത്തിന്റെ പ്രസ്താവനകളിൽ ഫിഖ്ഹീ മാനദണ്ഡങ്ങൾ പരതിയിട്ട് കാര്യമില്ല. അലി ജുമുഅയാണെങ്കിൽ മുൻ മുഫ്തിയാണ്. ആ പദവി തിരിച്ച് കിട്ടണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കാലാവധി അവസാനിച്ചപ്പോൾ മുർസി ഗവൺമെന്റ് അത് പുതുക്കി നൽകിയില്ല. ഭരിക്കുന്നവരുടെ നിലപാടുകൾക്കൊത്ത് അദ്ദേഹം അഭിപ്രായങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നത് ഈ വ്യക്തി താൽപര്യം (ഹവാ) കാരണമായാണ്. ഇവിടെയും ഫിഖ്ഹീ മാനദണ്ഡങ്ങളൊന്നും ബാധകമല്ല. ബൂത്വിയുടെ കാര്യം അൽപ്പം ഭിന്നമാണ്. സിറിയൻ സൈന്യത്തെക്കുറിച്ച് അദ്ദേഹം മനസ്സിൽ രൂപപ്പെടുത്തിയ ഒരു ചിത്രമുണ്ട്. എന്നാൽ ആ സൈന്യത്തിന് പിൽക്കാലത്തുണ്ടായ വലിയ മാററങ്ങൾ മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. ഇതുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങളാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങളിൽ പ്രതിഫലിക്കുന്നത്. ഭരണത്തിൽ ഔദ്യോഗികമായ എന്തെങ്കിലും പദവി വഹിക്കുന്ന ആളായിരുന്നില്ല അദ്ദേഹം. ഭരണകൂടം ചിലപ്പോൾ അദ്ദേഹത്തെ അടുപ്പിച്ച് നിർത്തും, ചിലപ്പോൾ അവഗണിക്കും.

ഇനി യൂസുഫുൽ ഖറദാവിയുടെ നിലപാടുകൾ പരിശോധിക്കുക. അഞ്ച് നാടുകളിലെ അറബ് വസന്ത വിപ്ളവങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ നിലപാടുകൾ പരസ്പരം പൊരുത്തപ്പെടുന്നവയായിരുന്നു. 2010 ഡിസംബർ പത്തിനാണ് തുനീഷ്യയിലെ ഉന്തുവണ്ടി കച്ചവടക്കാരൻ മുഹമ്മദ് ബൂ അസീസി സ്വയം തീ കൊളുത്തി മരിക്കുന്നത്. പച്ചക്കറി കച്ചവടം ചെയ്യുന്ന ഉന്തുവണ്ടി പോലിസ് പിടിച്ചു കൊണ്ട് പോയത് ചോദ്യം ചെയ്തപ്പോൾ ഒരു വനിതാ പോലീസ് അദ്ദേഹത്തിന്റെ മുഖത്തടിച്ചു. ഇതിൽ മനം നൊന്തായിരുന്നു ആത്മാഹുതി. ഇതിനെത്തുടർന്നണ്ടായ ജനകീയ പ്രക്ഷാഭമാണ് തുനീഷ്യൻ ഏകാധിപതി സൈനുൽ ആബിദീൻ ബിൻ അലിയെ കടപുഴക്കിയത്. ബു അസീസിക്ക് ഒഴികഴിവുണ്ടെന്നാണ് ഖറദാവി പറഞ്ഞത്. കാരണം സ്വയം തീ കൊളുത്തുമ്പോൾ അദ്ദേഹം സ്വതന്ത്രനായിരുന്നില്ല. ‘ത്വാഗൂത്തി ഭരണ’ത്തിനാണ് ആ ആത്‌മാഹുതിയുടെ മുഴുവൻ ഉത്തരവാദിത്തവും. ആ ഭരണകൂടമാണ് ഇത്തരമൊരു മാനസികാവസ്ഥയിലേക്ക് പൗരൻമാരെ എത്തിക്കുന്നത്. പിന്നെ ബൂ അസീസിക്ക് പൊറുത്തു കൊടുക്കാൻ ഖറദാവി അല്ലാഹുവിനോട് പ്രാർഥിച്ചു. അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കാൻ ലോക മുസ്ലിംകളെ ആഹ്വാനം ചെയ്തു. ‘കാരണം ഈ യുവാവ് തന്റെ പ്രവൃത്തിയിലൂടെ സമൂഹത്തെ ഉണർത്തിയിരിക്കുകയാണ്.’ 2011 ജനുവരി 19 – ന് ഖറദാവി ഇറക്കിയ പ്രസ്താവനയിൽ, ‘കത്തിക്കപ്പെടേണ്ടത് അതിക്രമികളും സ്വേഛാധിപതികളുമാണ്’ എന്ന് പറയുന്നുണ്ട്. തങ്ങളുടെ ജീവൻ സംരക്ഷിക്കാൻ യുവാക്കളോട് ആഹ്വാനം നടത്തുകയും ചെയ്യുന്നു. ‘ സ്വയം കൊല്ലാതെ തന്നെ അതിക്രമങ്ങളെ ചെറുക്കാൻ നമ്മുടെ മുമ്പിൽ വഴികൾ ഉണ്ടല്ലോ.’

ഇങ്ങനെയാണ് ശൈഖ് ഖറദാവി ഫിഖ്ഹീ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിച്ച് ഒരു പണ്ഡിതനെന്ന നിലക്കുള്ള തന്റെ ചരിത്ര ദൗത്യം നിർവഹിച്ചത്. ഒരു ഭരണകൂടത്തിന്റെയും വക്താവായില്ല അദ്ദേഹം. ജനാധിപത്യ സംവിധാനം കൊണ്ട് വരാനും അവകാശങ്ങൾ സംരക്ഷിക്കപ്പെടാനും നീതി സാക്ഷാൽക്കരിക്കാനുമുളള മാർഗമായാണ് അദ്ദേഹം അറബ് വസന്തത്തെ കണ്ടത്.

ഈജിപ്തിലെ തഹ് രീർ ചത്വരത്തിൽ വെള്ളിയാഴ്ച ദിവസം മില്യൻ മാർച്ച് നടത്തണമെന്ന് ഖറദാവി ആഹ്വാനം ചെയ്യുന്നത് 2011 ഫെബ്രുവരി നാലിനാണ്. സൈന്യത്തിന്റെയോ പോലിസിന്റെയോ കൈകളാൽ കൊല്ലപ്പെടുന്നവർ രക്തസാക്ഷികൾ (ശുഹദാ ) ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫുഖഹാക്കൾ വിലക്കിയ, ‘ഭരണാധികാരിക്കെതിരിലുള്ള ഇറങ്ങിപ്പുറപ്പെടലി’ൽ ഇത് പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുബാറകിനെ പുറത്താക്കിയ ശേഷം തഹ് രീർ സ്ക്വയറിൽ അതേ മാസം പതിനെട്ടിന് ജനങ്ങൾക്ക് ഇമാം നിന്ന് അദ്ദേഹം നമസ്കരിച്ചു.

ലിബിയൻ വിഷയത്തിൽ എടുത്ത നിലപാടും വ്യത്യസ്തമായിരുന്നില്ല. അവിടെ നടക്കുന്ന പ്രക്ഷോഭങ്ങളെ 2011 ഫെബ്രുവരി 20 -ന് അദ്ദേഹം പിന്തുണച്ചു. ദോഹയിൽ അദ്ദേഹം അതേ മാസം 25 – ന് നടത്തിയ ജുമുഅ ഖുത്വ് ബ മുഴുവനായി ഈ വിഷയത്തെക്കുറിച്ചായിരുന്നു. അതിൽ അദ്ദേഹം പറഞ്ഞു: ‘ ഈ സമൂഹം അവരുടെ അവകാശങ്ങൾ ആവശ്യപ്പെടണം. അക്രമിയുടെ മുഖത്ത് നോക്കി അക്രമി എന്ന് തന്നെ വിളിക്കണം.’
യമനിൽ ജംഇയ്യത്തുൽ ഉലമാ എന്ന സംഘടന ഭരണാധികാരിക്കെതിരെ ഇറങ്ങിപ്പുറപ്പെടുന്നത് ഹറാമാണെന്ന് ഫത് വ നൽകിയപ്പോൾ അതിനെ ഖണ്ഡിച്ചു കൊണ്ട് ഖറദാവി പ്രമാണങ്ങൾ വെച്ച് 2011 ഒക്ടോബർ ഒന്നിന് ഒരു പ്രസ്താവന തയ്യാറാക്കി. 33 കൊല്ലമായി സ്വേഛാധിപതിയായി വാഴുകയാണ് പട്ടാള വിപ്ലവത്തിലൂടെ അധികാരത്തിലെത്തിയ അവിടത്തെ ഭരണാധികാരിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അയാൾ തന്നെ രൂപകൽപന ചെയ്ത ഭരണഘടനയിൽ സമാധാനപരമായി പ്രതിഷേധിക്കാനുള്ള സ്വാതന്ത്രൃം നൽകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. 2011 മാർച്ച് 25-ന് സിറിയയിൽ നടത്തിയ ജുമുഅ ഖുത്വ് ബയിൽ ഭരണകൂടത്തെ പിന്താങ്ങുന്ന സഈദ് റമദാൻ ബൂത്വിയെ ഖറദാവി വിമർശിക്കുന്നുണ്ട്. പിന്നെയും ധാരാളം സന്ദർഭങ്ങളിൽ അദ്ദേഹം ഇതേ നിലപാട് ആവർത്തിക്കുന്നു.

ഇങ്ങനെയാണ് ശൈഖ് ഖറദാവി ഫിഖ്ഹീ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിച്ച് ഒരു പണ്ഡിതനെന്ന നിലക്കുള്ള തന്റെ ചരിത്ര ദൗത്യം നിർവഹിച്ചത്. ഒരു ഭരണകൂടത്തിന്റെയും വക്താവായില്ല അദ്ദേഹം. ജനാധിപത്യ സംവിധാനം കൊണ്ട് വരാനും അവകാശങ്ങൾ സംരക്ഷിക്കപ്പെടാനും നീതി സാക്ഷാൽക്കരിക്കാനുമുളള മാർഗമായാണ് അദ്ദേഹം അറബ് വസന്തത്തെ കണ്ടത്. ഭരണാധികാരിയെ അട്ടിമറിക്കാനുള്ള നീക്കമല്ല അതെന്ന് അദ്ദേഹം ശക്തിയുക്തം വാദിച്ചു. തന്റെ നിലപാടുകളെ പരസ്പരം ചേർച്ചയുളള ഒരു ആശയധാരയിൽ കോർക്കുകയാണ് അദ്ദേഹം ചെയതത്.
( അവസാനിച്ചു )

വിവ : അശ്റഫ് കീഴുപറമ്പ്

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles