Current Date

Search
Close this search box.
Search
Close this search box.

ശൈഖ് ഖറദാവി : ഉമ്മത്തിനും പ്രസ്ഥാനത്തിനും മധ്യേ ( 5 – 6 )

ശൈഖ് ഖറദാവി ചെറുപ്പത്തിൽ ഇഖ് വാനുൽ മുസ്ലിമൂനിൽ ചേർന്ന് പ്രവർത്തിച്ചത് നാം നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. സംഘടനയിൽ ഉള്ള കാലത്താണ് അദ്ദേഹത്തിന്റെ ചിന്ത പക്വതയാർജ്ജിക്കാൻ തുടങ്ങുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ എഴുപതുകളിൽ സംഘടന വിടുമ്പോഴേക്ക് സ്വന്തമായൊരു ദർശനം അദ്ദേഹം രൂപപ്പെടുത്തിക്കഴിഞ്ഞിരുന്നു. സംഘടന വിട്ടെങ്കിലും സംഘടനയുടെ ആക്ടിവിസവും ചടുലതയും അദ്ദേഹം കൂടെ കൂട്ടി. തന്റെ വൈജ്ഞാനിക നിർമിതികളെ ഇതുമായി കൂട്ടിയിണക്കി. അങ്ങനെ ഇസ്ലാമിസ്റ്റുകളായി കണക്കാക്കപ്പെടുന്നവരിൽ ഏറ്റവും അറിവുള്ളയാളും സാംസ്കാരിക ഔന്നത്യമുള്ള ആളുമായി ഖറദാവി പരിഗണിക്കപ്പെട്ടു. ഇസ്ലാമിക പ്രസ്ഥാനങ്ങളിൽ കാണപ്പെട്ടിരുന്ന വലിയൊരു വിടവ് അങ്ങനെ അദ്ദേഹം നികത്തി. ഇഖ് വാനെ സംബന്ധിച്ചിടത്തോളം അതിന്റെ സംഘടനാ സംവിധാനങ്ങളെ നിയന്ത്രിച്ചിരുന്നത് പലപ്പോഴും ശാസ്ത്ര – സാങ്കേതിക മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രഫഷനലുകളായിരുന്നു. യഥാർഥത്തിൽ ഒരു ഇസ്ലാമിക പ്രസ്ഥാനം എന്ന നിലക്ക് ഇങ്ങനെയൊരു ഓറിയന്റേഷൻ ആയിരുന്നില്ല അതിന് ഉണ്ടാകേണ്ടിയിരുന്നത്. നേതൃനിരയിലുള്ളവർ എത്രയൊക്കെ കഠിനാദ്ധ്വാനം ചെയതാലും വൈജ്ഞാനിക വ്യതിരിക്തതയുള്ള മുഖം പ്രസ്ഥാനത്തിന് നൽകാൻ കഴിയില്ല.

ഇങ്ങനെ സ്വന്തം വൈജ്ഞാനിക നിർമിതികളെയും പ്രാസ്ഥാനിക ചടുലതയെയും ചേർത്തു വെക്കുക വഴി ശൈഖ് ഖറദാവിയിൽ സ്ഥായിയായിത്തീർന്ന ഒരു ഗുണമാണ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന മുസ്ലിം സമൂഹങ്ങളുടെ പ്രശ്നങ്ങളിൽ അദ്ദേഹം പുലർത്തുന്ന ജാഗ്രതയും ഉത്കണ്ഠയും. പുറംനാടുകളിൽ നിന്ന് സന്ദർശിക്കാനെത്തുന്നവരോട് അവരുടെ നാട്ടിലെ അവസ്ഥകൾ ചോദിച്ചറിയും. ‘മുസ്ലിംകളുടെ കാര്യങ്ങൾ ശ്രദ്ധിക്കാത്തവൻ അവരുടെ കൂട്ടത്തിൽ പെടുകയില്ല’ എന്നൊരു വാക്യം നബി (സ) പറഞ്ഞതായി ഹാകിം ഉദ്ധരിച്ചിട്ടുണ്ട്. ഇത് ദുർബല ഹദീസായാണ് കണക്കാക്കപ്പെടുന്നത്. പക്ഷെ അതിൽ പറയുന്ന ആശയം ശരിയാണ്. ഉമ്മത്ത് എന്ന പരികൽപ്പനയിലാണല്ലോ ഇത് വരുന്നത്. ഖറദാവി എന്ന പ്രതിഭാസത്തെ മനസ്സിലാക്കാനുള്ള താക്കോൽ വാക്ക് കൂടിയാണ് മുസ്ലിം സമൂഹം അല്ലെങ്കിൽ ഉമ്മത്ത്.

ഈ രണ്ട് കാര്യങ്ങൾ, അതായത് ദീനിന്റെ പ്രാസ്ഥാനികത / ചടുലതയും ഉമ്മത്ത് എന്ന പരികൽപ്പനയും, ഇസ്ലാമിക ചരിത്രത്തിൽ വലിയ ഫിഖ്ഹി – കലാമീ ഭിന്നതകൾക്ക് കാരണമായിട്ടുണ്ട്. അംറുൻബിൽ മഅ്റൂഫ്, നഹ് യുൻ അനിൽ മുൻകർ ( നൻമ കൽപ്പിക്കലും തിൻമ വിരോധിക്കലും ) എന്ന ഇസ്ലാമിക തത്ത്വത്തിന്റെ വ്യാഖ്യാനമാണ് ഭിന്നതക്ക് ആധാരം. മുഅ്തസില വിഭാഗം ഇതിനെ തങ്ങളുടെ ചിന്താധാരയുടെ അഞ്ച് അടിസ്ഥാന തത്ത്വങ്ങളിൽ ഒന്നായി എണ്ണുന്നു. ഖവാരിജ് ഇതിന്റെ വ്യാഖ്യാനത്തിൽ കാട് കേറി അതിനെ ഭരണാധികാരിക്കെതിരെയുള്ള സായുധ പോരാട്ടമാക്കി മാറ്റി. അതിക്രമിയായ ഭരണാധികാരിക്ക് മുമ്പിൽ സത്യം വിളിച്ച് പറയലാണ് ഏറ്റവും മികച്ച ജിഹാദ് എന്ന നബി വചനത്തിന്റെ അടിസ്ഥാനത്തിലാണ് ശൈഖ് ഖറദാവി ഈ വിഷയത്തിൽ തന്റെ നിലപാട് കൃത്യപ്പെടുത്തിയത് എന്ന് ഞാൻ കരുതുന്നു. അറബ് വസന്ത വിപ്ലവങ്ങൾ അരങ്ങേറിയ അഞ്ച് നാടുകളുടെ(ഈജിപ്ത്, തുനീഷ്യ, ലിബിയ, യമൻ, സിറിയ) കാര്യത്തിലും ഈ നിലപാടാണ് അദ്ദേഹം ഉയർത്തിപ്പിടിച്ചത്. ഇതിന്റെ പേരിൽ പ്രതിവിപ്ലവ ശക്തികൾ വയസ്സ് കാലത്ത് അദ്ദേഹത്തെ വളരെയേറെ ബുദ്ധിമുട്ടിച്ചു. ഒരു തരം ഏകാന്തവാസത്തിൽ കഴിയേണ്ടി വന്നു അദ്ദേഹത്തിന്. അറബ് വസന്തത്തിൽ തങ്ങൾക്ക് നേട്ടമല്ല, നഷ്ടമാണ് ഉണ്ടാകാൻ പോകുന്നത് എന്ന് കണ്ടപ്പോൾ ശൈഖ് ഖറദാവിയെ തുടക്കത്തിൽ പിന്തുണച്ചവർ പോലും കാല് മാറി അദ്ദേഹത്തിന്റെ എതിരാളികളായി.

ആജുർറി യഥാർഥ പണ്ഡിതൻമാരുടെ വിശേഷണങ്ങളിലൊന്നായി പറയുന്നത് ഇങ്ങനെയാണ് : ‘ തന്റെ അറിവുകൊണ്ട് അയാൾ രാജസദസ്സിലെ പദവികൾ തേടുകയില്ല. അവരെ മുഖം കാണിക്കാൻ ചെല്ലുകയുമില്ല. ഇൽമിനെ അതിന് അർഹതയില്ലാത്തവരിൽ നിന്ന് അദ്ദേഹം സംരക്ഷിക്കും. അറിവിന് അയാൾ വിലയിടുകയില്ല. തന്റെ ആവശ്യങ്ങളുടെ പൂർത്തീകരണത്തിനായി അതിനെ ഉപയോഗിക്കുകയില്ല.’

അംറുൻ ബിൽ മഅ്റൂഫിന്റെയും നഹ് യുൻ അൻ മുൻകറിന്റെയും പരിധിയിലാണ് അറബ് വസന്തം വരികയെന്ന് ഖറദാവി കണ്ടു. ഓരോ നാട്ടിലെയും മർദ്ദക ഭരണകൂടങ്ങളും പ്രതിവിപ്ലവ ശക്തികളും ജനജീവിതം ദുസ്സഹമാക്കുകയും അത് ആഭ്യന്തര കലാപങ്ങളിലേക്കും ഹിംസയിലേക്കും നയിക്കുകയും ചെയ്തപ്പോൾ നീതിയുടെ പക്ഷത്ത് നിന്ന് അതിക്രമത്തെ ചെറുക്കുകയായിരുന്നു അറബ് വസന്തം. ഈജിപതിലെ മുഫ്തിയായിരുന്ന അലി ജുമുഅ സൈന്യത്തെ അഭിസംബോധന ചെയ്ത് പ്രക്ഷോഭകരെ വെടിവെച്ച നടപടിയെ അഭിനന്ദിക്കുന്നുണ്ട്. ‘ അവരെ ഉന്നം വെച്ചവർക്കും കൊന്നവർക്കും അഭിവാദ്യങ്ങൾ’ എന്നാണ് ഇയാൾ പറഞ്ഞത്. സമാന നിലപാട് തന്നെയായിരുന്നു സിറിയയിലെ സഈദ് റമദാൻ ബൂത്വിയുടെതും. പ്രക്ഷോഭകരെ നിർദാക്ഷിണ്യം വെടി വെച്ചു കൊല്ലുന്ന സിറിയൻ സൈന്യത്തിലെ ഒരു അംഗമാകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന ആഗ്രഹ ചിന്തയാണ് ബൂത്വി പ്രകടിപ്പിച്ചത്. സിറിയൻ സൈന്യത്തെ നബിയുടെ സ്വഹാബികളുമായി വരെ ഇദ്ദേഹം താരതമ്യപ്പെടുത്തിക്കളഞ്ഞു. സൈന്യത്തിന്റെ അതിക്രമങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടുകയും ചെയ്തില്ല.

അംറുൻ ബിൽ മഅ്റൂഫ് നഹ് യുൻ അനിൽ മുൻകറുമായി ബന്ധപ്പെട്ട് മൂന്ന് വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്.

ഒന്ന്, കലാപത്തിലേക്കെത്തിക്കുന്ന കാര്യങ്ങൾ (മസാഇലുശ്ശഗബ് ) ഒഴിവാക്കൽ. ഇത് മുൻ കാല ഫിഖ്ഹിൽ ആജുർറി, ഹസൻ ബസ്വരി പോലുള്ളവർ ചർച്ച ചെയ്തിട്ടുള്ളതാണ്. അതിക്രമം നടത്തുന്ന ഭരണകൂടങ്ങൾക്ക് നിയമ സാധുത ചാർത്തിക്കൊടുത്ത് ജനങ്ങളെ കൊല്ലാനും അവരുടെ അവകാശങ്ങൾ കവർന്നെടുക്കാനും അവസരമൊരുക്കുന്നത് തീർച്ചയായും ‘ശഗബ്’ തന്നെ എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ദീനിനെ വികലമാക്കി ജനങ്ങളുടെ ഈമാനിനെ അപകടപ്പെടുത്തുക. രണ്ടാമതൊരിനം ശഗബ് കൂടി ഇവിടെ സംഭവിക്കുന്നുണ്ട്. ഇതിനൊന്നും നിന്നു കൊടുക്കേണ്ടവരല്ലല്ലോ പണ്ഡിതൻമാർ. അവർ എപ്പോഴും മാതൃക കാണിക്കണം. അല്ലാഹുവിൽ നിന്നുള്ള സത്യസന്ദേശമാണ് അവർ പ്രബോധനം ചെയ്യേണ്ടത്. ഇത്തരം വലിയ പലതരം അതിക്രമങ്ങളുണ്ടായി അറബ് വസന്തകാലത്ത്. പണ്ഡിതൻമാരെല്ലാം വിപ്ലവകാരികൾ ആവണമെന്ന് പറയുകയല്ല. ചുരുങ്ങിയ പക്ഷം തിൻമയെ തിന്മയാണെന്ന് പറയേണ്ടേ, അക്രമത്തെ പ്രശംസിക്കാതിരിക്കുകയെങ്കിലും വേണ്ടേ ? ഏറ്റവും ദുർബല ഈമാനുണ്ടെങ്കിൽ അതെങ്കിലും ചെയ്യേണ്ടേ ? ഒരു കാര്യം അതിക്രമമാണെന്ന് ബോധ്യപ്പെട്ടാൽ അതിൽ നിന്ന് മാറി നിൽക്കാമല്ലോ. അക്രമികളുടെ വണ്ടിയിൽ കയറി ജനങ്ങളോട് ഫിത് നയെക്കുറിച്ച്‌ സംസാരിക്കാതിരിക്കുകയെങ്കിലും ചെയ്യാമായിരുന്നു.

പല പണ്ഡിതൻമാരും ഭീരുക്കളായപ്പോൾ ശൈഖ് ഖറദാവി അറബ് വസന്ത വിപ്ലവങ്ങൾക്ക് പാലമായി വർത്തിക്കുകയായിരുന്നു. ഈജിപ്തിൽ മുബാറക് പുറത്താക്കപ്പെട്ടപ്പോൾ ജനം അദ്ദേഹത്തിന് ചുറ്റും ഒരുമിച്ച് കൂടിയത് അത് കൊണ്ടാണ്. മുബാറകിനെതിരെ മില്യൻ മാർച്ചിന് ആഹ്വാനം നൽകിയതും അദ്ദേഹം തന്നെ. മുബാറക് ഭരണകൂടമാകട്ടെ അൽ അസ്ഹർ റെക്ടർ അഹ്മദ് ത്വയ്യിബിനെയും അലി ജുമുഅയെയും ശൈഖ് ഖറദാവിക്കെതിരെ സംസാരിക്കാൻ ശട്ടം കെട്ടി. പ്രകടനം നടത്തുന്നത് ഹറാമാണെന്ന് അവരെക്കൊണ്ട് പറയിച്ചു. മുബാറക് പുറത്താക്കപ്പെട്ടപ്പോൾ ഈ രണ്ട് ശൈഖൻമാരുമതാ വിപ്ലവത്തിന്റെ വണ്ടിയിൽ ചാടിക്കയറുന്നു!

രണ്ട്, സ്വേഛ ഇല്ലാതിരിക്കൽ. തങ്ങളുടെ അറിവ് തങ്ങൾക്കെതിരെ സാക്ഷിയാവുന്ന പണ്ഡിതൻമാരെക്കുറിച്ച് ആജുർറി പറഞ്ഞിട്ടുണ്ട്. സ്വന്തം ഇഛകൾക്ക് ഇൽമിനെ അടിയറ വയ്ക്കുന്നവരാണവർ. ഈ വിശേഷണം ശൈഖ് ഖറദാവിയുടെ പ്രതിയോഗികൾക്ക് നന്നായി ചേരും. വസന്ത വിപ്ലവ കാലത്തും അതിന് ശേഷം പ്രതി വിപ്ലവ കാലത്തും ഇവർ മലക്കംമറിയുന്നതും വൈരുധ്യങ്ങളിൽ ചെന്ന് ചാടുന്നതും നാം എത്ര തവണ കണ്ടതാണ്. ആദ്യം ഏതൊരു ഭരണകൂടത്തിനെതിരെയാണോ ജനരോഷമിരമ്പിയത് അതിനെ പിന്തുണച്ചു. വിപ്ലവം ജയിച്ചപ്പോൾ അതിന്റെ പങ്ക് പറ്റാൻ ഒപ്പം കൂടി. ഒടുവിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ സൈന്യം അട്ടിമറിച്ചപ്പോൾ ഇക്കൂട്ടർ സ്വേഛാധിപത്യത്തെ പിന്തുണക്കുക എന്ന പഴയ നിലപാടിലേക്ക് തിരിച്ചു പോയി.

ഖറദാവിയുടെ ചിന്തകളെയും വൈജ്ഞാനിക സഞ്ചാരപഥങ്ങളെയും പിന്തുടരുന്ന, അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിരുന്ന ആളെന്ന നിലക്ക് എനിക്ക് ഉറപ്പായി പറയാൻ കഴിയുന്ന കാര്യം, തന്റെ വ്യക്തിപരമായ മതകീയ ബോധ്യങ്ങൾ മാത്രമാണ് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നത് എന്നാണ്. അദ്ദേഹത്തിന് ചിലപ്പോൾ തെറ്റും പറ്റിയിരിക്കാം. അദ്ദേഹത്തിന്റെ സ്വൂഫി മനസ്ഥിതി കാരണം, തന്റെ ഇൽമു കൊണ്ട് എന്തെങ്കിലും തരത്തിലുള്ള സ്വേഛാപരമായ കാര്യങ്ങൾ നേടിയെടുക്കാൻ അദ്ദേഹം തുനിയുമായിരുന്നില്ല. എവിടേക്കെങ്കിലും ചവിട്ടിക്കയറാനുള്ള കോണിയായും അതിനെ ഉപയോഗിച്ചില്ല. അന്യായമായി കൊല നടത്തുന്നത് അദ്ദേഹത്തിന് ഒരിക്കലും പിന്തുണക്കാൻ കഴിയുമായിരുന്നില്ല. അതിക്രമികളായ ഭരണാധികാരികളെ അദ്ദേഹം പിന്തുണച്ചതുമില്ല. മുമ്പ് ഖദ്ദാഫിയുമായും ബശ്ശാറുൽ അസദുമായും ഇടപെടേണ്ടി വന്നപ്പോൾ അവരെ വ്യക്തിപരമായി പ്രശംസിക്കാൻ അദ്ദേഹം മുതിർന്നിട്ടില്ല. ഫലസ്തീൻ ഇൻതിഫാദയെ ബശ്ശാർ അനുകൂലിച്ചിരുന്നതിനാൽ ആ നിലപാടിനെ മാത്രമാണ് വളരെ കരുതലോട് കൂടി അദ്ദേഹം അഭിനന്ദിച്ചത്. ഖത്തർ അമീർ അന്നത്തെ ഇസ്രയേലി പ്രസിഡന്റ് പെറേസിന് കൈ കൊടുത്തപ്പോൾ അതിനെയും ഖറദാവി വിമർശിച്ചിരുന്നുവല്ലോ. അറബ് വസന്തത്തിന് മുമ്പ് ചില നിലപാടുകളുടെ പേരിൽ സിറിയൻ പ്രസിഡന്റ് ബശ്ശാറിനെ അഭിനന്ദിച്ചപ്പോഴും അതിന്റെ പേരിൽ ഭൗതികമായ യാതൊന്നും അദ്ദേഹം കൈ പറ്റുമായിരുന്നില്ല.

അധികാരികളുടെ വണ്ടിയിൽ കയറി കാറ്റിനൊത്ത് തൂറ്റുന്നവർ, അവരെ താൽപര്യങ്ങളാണ് നയിക്കുന്നത്; അല്ലെങ്കിൽ അശ്രദ്ധയോ ജാഗ്രതയില്ലായ്മയോ അവരെ ഭരിക്കുന്നു. അവർ നായകരാവുന്നതിന് പകരം നയിക്കപ്പെടുന്നവരാകുന്നു.

മൂന്ന്, തന്റെ ഭൗതിക താൽപര്യങ്ങൾ നേടാനുളള മാർഗ്ഗമാക്കി അറിവിനെ കാണാതിരിക്കൽ. ആജുർറി യഥാർഥ പണ്ഡിതൻമാരുടെ വിശേഷണങ്ങളിലൊന്നായി പറയുന്നത് ഇങ്ങനെയാണ് : ‘ തന്റെ അറിവുകൊണ്ട് അയാൾ രാജസദസ്സിലെ പദവികൾ തേടുകയില്ല. അവരെ മുഖം കാണിക്കാൻ ചെല്ലുകയുമില്ല. ഇൽമിനെ അതിന് അർഹതയില്ലാത്തവരിൽ നിന്ന് അദ്ദേഹം സംരക്ഷിക്കും. അറിവിന് അയാൾ വിലയിടുകയില്ല. തന്റെ ആവശ്യങ്ങളുടെ പൂർത്തീകരണത്തിനായി അതിനെ ഉപയോഗിക്കുകയില്ല.’ എന്റെ അറിവിൽ അദ്ദേഹത്തിന് ചില ഭരണാധികാരികളുമായി ബന്ധങ്ങൾ ഉണ്ടായിരുന്നു. അത് തന്റെ അറിവിന്റെ ആധികാരികത കൊണ്ടും ആക്ടിവിസം കൊണ്ടും പ്രശസ്തി കൊണ്ടും ഉണ്ടായിത്തീർന്നിട്ടുള്ളതാണ്. അല്ലാതെ അദ്ദേഹം അങ്ങോട്ട് പോയി ഉണ്ടാക്കിയതല്ല. ഈജിപ്ത് വിട്ടതോടെ തന്നെ ദേശരാഷ്ട്രത്തിന്റെ അധികാര വലയത്തിൽ നിന്ന് അദ്ദേഹം പുറത്ത് കടന്നിട്ടുണ്ട്. വ്യക്തിപരമായി അദ്ദേഹം സ്വതന്ത്രനായിരുന്നു. അതാണ് അദ്ദേഹത്തിന്റെ അറിവിനെയും ആക്ടിവിസത്തെയും സംശുദ്ധമാക്കി നിർത്തുന്നത്.

തന്റെ ബോധ്യങ്ങൾക്കനുസരിച്ച് ബന്ധങ്ങളെ ചിട്ടപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്. അതിൽ അദ്ദേഹത്തിന് പിഴച്ചിട്ടുണ്ടാവാം. തന്റെ ഇൽമിനെ ദാനം ചെയ്യാനാണ് അദ്ദേഹം എന്നും ശ്രമിച്ചിട്ടുളളത്. 1996 മുതൽ 2013 വരെ അൽ ജസീറ ചാനലിൽ സംപ്രേഷണം ചെയ്ത ശരീഅത്തും ജീവിതവും എന്ന പരിപാടിക്ക് അദ്ദേഹം പ്രതിഫലം പറ്റാറുണ്ടായിരുന്നില്ല. അതിൽ നിന്ന് കിട്ടുന്ന പ്രതിഫലം ചില ചാരിറ്റി ഫണ്ടുകളിലേക്കാണ് പൊയ്ക്കൊണ്ടിരുന്നത്.

അറബ് വസന്തത്തെക്കുറിച്ച് ഞാൻ ദീർഘമായ ഒരു പ്രബന്ധം എഴുതിയിട്ടുണ്ട്. ആ പഠനത്തിനിടക്ക് എനിക്ക് ബോധ്യമായ കാര്യം, ഖറദാവി തന്റെ പ്രതിയോഗികളേക്കാളും വിമർശകരേക്കാളും നിലപാടുകളിൽ സ്ഥിരത പുലർത്തി എന്നതാണ്. അഹമദ് ത്വയ്യിബ്, അലി ജുമുഅ, സഈദ് റമദാൻ ബൂത്വി, അദ്നാൻ ഇബ്രാഹീം തുടങ്ങി ആരെയെടുത്താലും നിങ്ങൾക്കിത് ബോധ്യമാവും. ശാക്തിക തുലനങ്ങൾ മാറുന്നതിനനുസരിച്ച് ഇത്തരക്കാരുടെ നിലപാടുകളും മാറുന്നുണ്ട്. അവർ പല പല വൈരുധ്യങ്ങളിൽ ചെന്നു ചാടുന്നുമുണ്ട്. പണ്ഡിതന്റെ ദൗത്യം അവർ വിസ്മരിച്ചു എന്നതാണ് അതിന് കാരണം. ‘ദൈവ സന്ദേശമെത്തിക്കുന്നവർ അല്ലാഹുവിനെ ഭയപ്പെടുന്നു. അവനെയല്ലാതെ മറ്റാരെയും ഭയപ്പെടുന്നില്ല’ എന്ന് ഖുർആൻ പറയുന്നുണ്ടല്ലോ. അത്തരം ആർജവമുള്ള നിലപാടെടുക്കുന്ന പണ്ഡിതൻമാരെക്കുറിച്ച് ആജുർറി എഴുതി: ‘ അവരുടെ ജീവിതം ഗനീമത്താണ് ; മരണം മുസീബത്തുമാണ്.’ മറ്റൊരിടത്ത് ഇങ്ങനെ കാണാം :’ അവരാൽ സത്യത്തിന്റെയാളുകളുടെ ഹൃദയം മിടിക്കുന്നു; അവരാൽ അസത്യത്തിന്റെയാളുകളുടെ ഹൃദയങ്ങൾ നിർജ്ജീവമാവുകയും ചെയ്യുന്നു.’ വീണ്ടും : ‘ ചിലരെ അല്ലാഹ്യ ഉയർത്തി സമൂഹത്തിന്റെ നായകരാക്കുന്നു. അവരുടെ കാൽപ്പാടുകൾ പിന്തുടരപ്പെടുന്നു. അവരുടെ വീക്ഷണങ്ങളിലേക്ക് ജനം എത്തിച്ചേരുന്നു.’

എന്നാൽ അധികാരികളുടെ വണ്ടിയിൽ കയറി കാറ്റിനൊത്ത് തൂറ്റുന്നവർ, അവരെ താൽപര്യങ്ങളാണ് നയിക്കുന്നത്; അല്ലെങ്കിൽ അശ്രദ്ധയോ ജാഗ്രതയില്ലായ്മയോ അവരെ ഭരിക്കുന്നു. അവർ നായകരാവുന്നതിന് പകരം നയിക്കപ്പെടുന്നവരാകുന്നു. അത്തരക്കാരിൽ നിന്ന് അല്ലാഹു നമ്മെ കാക്കട്ടെ. (തുടരും )

വിവ : അശ്റഫ് കീഴുപറമ്പ്

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles