യൂസുഫുൽ ഖറദാവി എന്ന പ്രതിഭാസ (Phenomenon) ത്തെ വിശദീകരിക്കാനാണ് കഴിഞ്ഞ ഭാഗങ്ങളിൽ ഞാൻ ശ്രമിച്ചത്. ആ ചിന്തകളുടെ ഒരു ഹിസ്റ്റോറിയോഗ്രഫി നൽകുകയായിരുന്നു. ലേഖനത്തിന്റെ ഈ ഭാഗത്ത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ അനാവരണം ചെയ്യുകയാണ്. അതിലേക്കുള്ള ഒരു താക്കോൽ വാക്യം, ചിന്തയെയും കർമ്മത്തെയും അദ്ദേഹം ഏകോപിപ്പിച്ചു എന്നുള്ളതാണ്. തത്ത്വചിന്തകർ യുക്തിയെ രണ്ടായി തിരിക്കുന്നുണ്ട്. ദാർശനിക യുക്തിയും കർമ യുക്തിയും (ലോജിക്കിലൂടെയാണ് ശ്രേഷ്ഠ ഗുണങ്ങൾ ആർജിക്കേണ്ടതും). ഇബ്ൻ റുശ്ദ് ഇതിനെ ജ്ഞാനമാർജ്ജിച്ചതിന് ശേഷം അതനുസരിച്ചു പ്രവർത്തിക്കുക എന്ന് വിശദീകരിച്ചിരിക്കുന്നു. അറിവിനെയും കർമത്തെയും / ഇൽമിനെയും അമലിനെയും ചേർത്തു വെച്ചു കൊണ്ടേ മുസ്ലിം തത്ത്വചിന്തകൻമാർ സംസാരിക്കാറുള്ളൂ. ഇൽമ് നേടുന്നത് പ്രവർത്തിക്കാനാണ് എന്നർഥം. പ്രവൃത്തിക്ക് മുമ്പ് ആശയം / ചിന്ത കൃത്യപ്പെടുത്തുകയും വേണം. അറിവില്ലാതെ പ്രവൃത്തി ശരിയാവുകയില്ല. ചിന്ത കൊണ്ട് ശരിയായ അഭിപ്രായങ്ങളിൽ എത്തുന്നു. പ്രവൃത്തി കൊണ്ട് ഉന്നത ഗുണങ്ങൾ ആർജിച്ചെടുക്കാൻ കഴിയുന്നു. അറിവ് മുന്നിൽ നടക്കുന്നു, പ്രവൃത്തി പിന്നാലെ വരുന്നു, സൗഭാഗ്യവാൻമാർക്ക് ഈ സരണി പ്രാപ്യമാവുന്നു, ഭാഗ്യദോഷികൾക്ക് അത് നിഷേധിക്കപ്പെടുന്നു എന്ന് അബൂബക്കർ അൽ ആജുർറി(മരണം ഹി. 360 ) പറഞ്ഞിട്ടുണ്ട്.
ചിന്ത (അറിവ്)യും പ്രവൃത്തിയും തമ്മിലുള്ള ഈ ബന്ധം കാരണം, രണ്ടും ചേരുമ്പോഴാണ് മനുഷ്യ പൂർണ്ണതയിലേക്ക് അല്ലെങ്കിൽ വിശിഷ്ട ഗുണവിശേഷങ്ങളിലേക്ക് എത്തിച്ചേരുക എന്നാണ് തത്ത്വചിന്ത മുന്നോട്ട് വെക്കുന്ന ആശയം. നേടിയ അറിവിനെ വളരെ സ്വാഭാവികമായി സ്വന്തം ജീവിത സ്വഭാവവും സംസ്കാരവുമാക്കി മാറ്റുന്ന പണ്ഡിതനാണ് മനുഷ്യ പൂർണ്ണത ഒത്ത് വന്നയാൾ എന്ന് ഇസ്ലാമിക തത്ത്വചിന്തയും സിദ്ധാന്തിക്കുന്നു. ആർജ്ജിക്കുന്ന സ്വഭാവ ഗുണങ്ങളിൽ പണ്ഡിതൻമാർക്കിടയിൽ ഏറ്റ വ്യത്യാസങ്ങളുണ്ടാവും. നേടിയ അറിവിനെ സ്വഭാവഗുണമാക്കി മാറ്റുന്നുണ്ടോ എന്നതാണ് പ്രധാനം. ‘അല്ലാഹുവിനെ ഭയപ്പെടുന്നവർ പണ്ഡിതൻമാർ മാത്രമാണ്’ എന്ന ഖുർആനിക സൂക്തത്തെ ഈ നിലയിൽ മനസ്സിലാക്കണം. ഓരോ അവസ്ഥയിലും എന്താണോ നിർബന്ധം അത് പണ്ഡിതൻ ഉപയോഗപ്പെടുത്തിയിരിക്കും എന്ന് ആജുർറി പറയുന്നു. ചിന്തയും പ്രവൃത്തിയും തമ്മിലുള്ള ചേർച്ച പണ്ഡിതനിൽ പ്രവർത്തിക്കുക സങ്കീർണ്ണമായ നിലയിലായിരിക്കും. അത് പലതിനെയും ആശ്രയിച്ചിരിക്കുന്നു. ഒന്നാമത് ആ പണ്ഡിതന് തനിക്ക് തന്നോട് തന്നെയുള്ള ബന്ധമെന്ത് എന്ന് നോക്കണം. അറിവ് എങ്ങനെ നേടുന്നു എന്നാണ് രണ്ടാമത് നോക്കേണ്ടത്. തനിക്കൊപ്പമോ തനിക്ക് മേലെയോ കീഴെയോ ഉള്ള പണ്ഡിതൻമാരുമായുള്ള ബന്ധം എങ്ങനെ എന്ന് നോക്കണം മൂന്നാമതായി. നാലാമതായി നോക്കേണ്ടത്, അധികാരികളുമായുള്ള അയാളുടെ ബന്ധം എങ്ങനെ എന്നാണ്. ജ്ഞാനികളല്ലാത്ത സാധാരണക്കാരുമായുള്ള ബന്ധം എങ്ങനെ എന്ന് അഞ്ചാമതായി നോക്കണം.
ഇത്തരം ബന്ധങ്ങൾ മികച്ച രീതിയിൽ ഒത്തുവന്നിരുന്നു ശൈഖ് ഖറദാവിയിൽ. അത്തരം മൂന്ന് സുപ്രധാന ബന്ധങ്ങൾ പ്രത്യേകം എടുത്തു പറയണം. ഒന്ന് : അറിവിനെയും അതിന്റെ അടിസ്ഥാനത്തിലുളള ആക്ടിവിറ്റിയെയും അദ്ദേഹം ബന്ധിപ്പിച്ചു. രണ്ട്: അറിവിനെയും മതബോധ( തദയ്യുൻ) ത്തെയും ബന്ധിപ്പിച്ചു. മൂന്ന് : ‘പണ്ഡിതരുടെ സ്വഭാവ ഗുണങ്ങൾ’ എന്ന ഗ്രന്ഥത്തിൽ ആജുർറിയും മറ്റും എണ്ണി പറഞ്ഞ വ്യക്തിത്വ സവിശേഷതകളെ സ്വാംശീകരിച്ചു.
ഇതിൽ ആദ്യം പറഞ്ഞ ബന്ധമുണ്ടല്ലോ, അറിവിനെയും ആക്ടിവിറ്റിയെയും ബന്ധിപ്പിക്കൽ, അത് പൂർവീകരിൽ ഇസ്സു ബ്നു അബ്ദിസ്സലാം (മരണം ഹി. 660), ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ (മരണം ഹി. 728 ) തുടങ്ങിയ അപൂർവം ചിലരിലേ നാം കാണുന്നുള്ളൂ. ഈ രണ്ട് പേർ ചെയ്തതിനൊപ്പം വരില്ലെങ്കിലും ശൈഖ് ഖറദാവിയും ഇക്കാര്യത്തിൽ വലിയ മാതൃക കാഴ്ച വെച്ചിട്ടുണ്ട്. പുതിയ ദേശരാഷ്ട്രങ്ങൾ ഉയർത്തിയ വെല്ലുവിളികൾക്കിടയിൽ ഇത് അദ്ദേഹം എങ്ങനെ സാധിച്ചു എന്നത് മറ്റൊരു പഠന വിഷയമാണ്. അത് സംബന്ധമായി ഒരു സ്വതന്ത്ര ലേഖനം തന്നെ പിന്നീടെഴുതാൻ ഉദ്ദേശിക്കുന്നു.
രണ്ടാമത്തേത് അറിവിനെയും മതബോധത്തെയും ബന്ധിപ്പിച്ചതാണ്. ഇമാം ആജുർറി ഇത് സംബന്ധമായി ഇങ്ങനെ എഴുതുന്നു: ‘ദൈവിക ഗ്രന്ഥത്തിന്റെ പാരായണത്തിൽ ആ പണ്ഡിതൻ ബദ്ധശ്രദ്ധനായിരിക്കും; കൽപ്പിക്കപ്പെട്ടതും നിരോധിക്കപ്പെട്ടതും വ്യക്തമാക്കിക്കൊടുക്കുന്നതിലും. സുന്നത്തിനെയും അത് പോലുള്ള പൈതൃകങ്ങളെയും സംരക്ഷിക്കും. കർത്തവ്യ നിർവഹണത്തിന് ഉതകും വിധം ഫിഖ്ഹിലും ശ്രദ്ധയൂന്നും.’ വിശുദ്ധ ഖുർആൻ പഠന ക്ലാസുകൾ ചില പള്ളികളിൽ വ്യവസ്ഥാപിതമായിത്തന്നെ അദ്ദേഹം നടത്തിയിരുന്നു. ഖുർആൻ, ഹദീസ് പഠനത്തെ പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങളും എഴുതി. ‘ഖുർആനുമായി നാം എങ്ങനെ ഇടപഴകണം ?’, ‘സുന്നത്തുമായി നാം എങ്ങനെ ഇടപഴകണം ?’ തുടങ്ങിയ പുസ്തകങ്ങൾ ഉദാഹരണം. ആഴത്തിൽ ഗ്രഹിച്ചുള്ള ഖുർആൻ മനപ്പാഠമായിരുന്നു അദ്ദേഹത്തിന്റെത്. ധാരാളം ഹദീസുകളും പൗരാണിക കൃതികളിൽ നിന്നുള്ള ഉദ്ധരണികളും അദ്ദേഹത്തിന് ഓർമയിൽ നിന്നെടുത്ത് പറയാൻ കഴിയുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികൾ ഖുർആൻ – ഹദീസ് ഉദ്ധരണികളാൽ സമൃദ്ധവുമാണ്. ഇങ്ങനെ പ്രമാണ പാഠങ്ങളിൽ, അതിലെ വിധിവിലക്കുകളിൽ ആഴത്തിൽ ഗ്രാഹ്യം നേടി. അതിനെ കർമ മണ്ഡലവുമായി യോജിപ്പിച്ചു. അറിവും പ്രവൃത്തിയും, ഇവയോരോന്നും പരസ്പരം കർമ മണ്ഡലങ്ങളെ വികസിപ്പിച്ചു കൊണ്ടിരിക്കും. അതായത് അറിവ് പ്രവൃത്തിയുടെ സേവകനായിരിക്കും; തിരിച്ചും.
ശൈഖ് ഖറദാവി എന്ന പണ്ഡിതന്റെ വ്യക്തിത്വ ഗുണങ്ങളാണ് മൂന്നാമതായി വിലയിരുത്തേണ്ടത്. അതെക്കുറിച്ചാണ് ഇനി. (തുടരും)
വിവ : അശ്റഫ് കീഴുപറമ്പ്
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp