Current Date

Search
Close this search box.
Search
Close this search box.

ശൈഖ് ഖറദാവി – ഉമ്മത്തിനും പ്രസ്ഥാനത്തിനും മധ്യേ ( 2 – 6 )

അധിനിവേശത്തോടും സർവാധിപത്യത്തോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ കാരണമാണ് ഫലസ്തീൻ വിഷയം ശൈഖ് ഖറദാവിക്ക് അത്രയും പവിത്രമായിത്തീരുന്നത്. ഫലസ്തീനിലെ ചാവേർ ആക്രമണങ്ങൾ വരെ നിയമാനുസൃതമാണെന്ന വിധി തീർപ്പിലേക്ക് അദ്ദേഹം എത്തുന്നത് അങ്ങനെയാണ്. ആ നിലപാട് കാരണമായി അദ്ദേഹത്തിന് നിരവധി രാഷ്ട്രീയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. പൊതു താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിൽ മാത്രമേ അത്തരം ആക്രമണങ്ങൾ സാധുവാകൂ എന്നൊരു നിലപാടിലേക്ക് പിന്നീട് അദ്ദേഹം എത്തുന്നുണ്ട്. കോളോണിയലിസത്തിന് ശേഷം മുസ്ലിം ലോകത്ത് നിലവിൽ വന്ന ദേശരാഷ്ട്രത്തിലായിരുന്നു പരമ്പരാഗതമായി മതാധികാരം നിക്ഷിപ്തമായിരുന്നത്. അതിനെ ചോദ്യം ചെയ്യാനാണ് 2004-ൽ അദ്ദേഹം ഒരു ദേശരാഷ്ട്രത്തിന്റെയും കീഴിലല്ലാത്ത ആഗോള മുസ്ലിം പണ്ഡിത വേദി രൂപീകരിച്ചത്. അത് ഇസ്ലാമിന്റെ അതോറിറ്റി ആകണമെന്നും ഖിലാഫത്തിനെയും ഉമ്മത്തിന്റെ ഐക്യത്തെയും രാഷ്ട്രീയത്തെയും ആ വേദി പ്രതീകാത്മകമായി പ്രതിനിധീകരിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു.

ശൈഖ് ഖറദാവിയുടെ ജീവിതത്തെ വിശകലനം ചെയ്യാനുളള മൂന്നാമത്തെ താക്കോൽ വാക്കായി നാം പറഞ്ഞത് ‘ശരീഅത്ത്’ എന്നതാണ്. അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും കാഴ്ചപ്പാടുകളുടെയും നാഡീവ്യൂഹവ്യവസ്ഥയായി അതിനെ കാണാവുന്നതാണ്. തന്റെ സമകാലികരായ പണ്ഡിതൻമാരുടെതുമായി തട്ടിച്ചു നോക്കുമ്പോൾ അദ്ദേഹത്തിന്റെത് തജ്ദീദി ഫിഖ്ഹാണ്. ഹസനുൽ ബന്നയുടെ ‘ശരീഅ രാഷ്ട്രം’ എന്ന വൃത്തത്തിൽ നിന്ന് കൂടുതൽ വിശാലതയിലേക്ക് അദ്ദേഹം സഞ്ചരിക്കുന്നുണ്ട്. അത് കൊണ്ടാവാം ചില ഓറിയന്റലിസ്റ്റുകൾ അദ്ദേഹത്തെ Global Mufti എന്ന് വിളിക്കുന്നത്. കൗമാരത്തിൽ ഗ്രാമത്തിൽ ആയിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ഫിഖ്ഹി അഭിനിവേശം പ്രകടമാവുന്നുണ്ട്. പിന്നെ അദ്ദേഹം, പാരമ്പര്യ – മദ്ഹബി പണ്ഡിതൻമാരുടെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ‘ഫിഖ്ഹുസ്സുന്ന’ എന്ന കൃതിയുടെ (ഇതിന് ആമുഖം എഴുതിയത് ഹസനുൽ ബന്നയാണ് ) കർത്താവായ സയ്യിദ് സാബിഖിൽ ആകൃഷ്ടനായി. പിന്നെ’ അൽ ഹലാൽ വൽ ഹറാം’ എഴുതുന്നു. വേറെയും കൃതികൾ തുടർന്നു വരുന്നു. അതിലൊന്നാണ് അദ്ദേഹത്തിന്റെ ഡോക്ടറേറ്റ് പ്രബന്ധമായ ഫിഖ്ഹുസ്സകാത്ത്. എഴുപതുകളുടെ ആദ്യത്തിൽ അസ്ഹറിലെ മുഹമ്മദ് അബ്ദു ഹാളിൽ ഇത് സംബന്ധമായി ചർച്ചകൾ നടന്നിരുന്നു.

ശൈഖ് ഖറദാവിയുടെ പ്രയാണ പഥം നിരീക്ഷിക്കുമ്പോൾ, അദ്ദേഹം ആരംഭിക്കുന്നത് ‘ഗ്രാമത്തിന്റെയും ഓത്തുപള്ളിയുടെയും പുത്രൻ’ (ഇബ്നുൽ ഖർയത്തി വൽ കുത്താബ് ) ആയിട്ടാണ്.

ശരീഅത്തിനെ ജനങ്ങൾക്ക് പ്രാപ്യമായ സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളിലേക്ക് ഇറക്കിക്കൊണ്ട് വരിക എന്നതും ശൈഖ് തന്റെ ദൗത്യമായി കണ്ടു. ‘ഭരണകൂട ഇസ്ലാമി’ൽ നിന്ന് പ്രതിഷേധ സ്വരമുയരുക സ്വാഭാവികം. ഭരണകൂട താൽപര്യങ്ങൾക്കൊത്താണല്ലോ അവിടെ ഇസ്ലാമിക പദാവലികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ സാമൂഹിക മേഖലകളെയും അത് അടക്കിഭരിക്കുന്നു. അറബ് ലോകം ഇടുങ്ങിയപ്പോൾ യൂറോപ്പിന്റെ ചക്രവാളത്തെ വികസിപ്പിക്കാനാവുമോ എന്നായി ശൈഖിന്റെ ചിന്ത. അങ്ങനെയാണ് 1997-ൽ യൂറോപ്പ്യൻ ഫത് വാ കൗൺസിൽ രൂപീകൃതമാവുന്നത്.

ശൈഖ് ഖറദാവിയുടെ പ്രയാണ പഥം നിരീക്ഷിക്കുമ്പോൾ, അദ്ദേഹം ആരംഭിക്കുന്നത് ‘ഗ്രാമത്തിന്റെയും ഓത്തുപള്ളിയുടെയും പുത്രൻ’ (ഇബ്നുൽ ഖർയത്തി വൽ കുത്താബ് ) ആയിട്ടാണ്. പിന്നെ ബന്ന സ്വാധീനിച്ച കാലം. അതിന് ശേഷം അസ്ഹർ കാലം. ‘അൽ ഹലാൽ വൽ ഹറാം’ ഒക്കെ രചിക്കപ്പെടുന്നത് ഇക്കാലത്താണ്. ‘സമകാലിക ഫത് വകൾ'(1991), ‘ശരീഅത്തും ജീവിതവും'(1996- ചാനൽ പരിപാടി ) പിന്നെ വരുന്നു. ശേഷം അറബ് വസന്ത വിപ്ലവങ്ങൾ. ഈ ജീവിത യാത്രയിൽ അദ്ദേഹത്തിന്റെ ഫിഖ്ഹി ഇടപെടലുകൾ ശ്രദ്ധിച്ചാൽ, തുടക്കത്തിലത് പാരമ്പര്യാധിഷ്ഠിതം (തഖ്ലീദി ) തന്നെയായിരുന്നു. പിന്നെയതിലേക്ക് പ്രാസ്ഥാനിക ഓറിയന്റേഷൻ കടന്നുവരുന്നു. ചിലപ്പോളതിനെ മറികടന്നും മുന്നോട്ട് പോകുന്നു. ജീവിതാവസാനത്തിൽ ഏറെക്കുറെ പാരമ്പര്യത്തിലേക്ക് തന്നെ തിരിച്ച് വരുന്നതായും കാണുന്നു ( പെരുമാറ്റ മര്യാദകൾ, ഫിഖ്ഹുസ്സ്വലാത്ത്, എടുത്ത് പറയാവുന്നവ അല്ലെങ്കിലും ചില ഖുർആനിക ഭാഗങ്ങളുടെ തഫ്സീറുകൾ തുടങ്ങിയവ). ശൈഖിന്റെ ആക്ടിവിസം അദ്ദേഹത്തിന്റെ ചിന്തയെയും ചിന്ത ആക്ടിവിസത്തെ തിരിച്ചും സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തം. ചിന്തയുടെയും ആക്ടിവിസത്തിന്റെയും പുഷ്കലകാലം കഴിഞ്ഞ നൂറ്റാണ്ടിന്റെ എൺപതുകളും തൊണ്ണൂറുകളുമാണ്. ഇന്റർനെറ്റ്, ഉപഗ്രഹ ചാനൽ പോലുള്ള സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് തുടങ്ങുന്നതും ഇക്കാലത്താണ്. സമ്മേളനങ്ങളിലേക്കും മറ്റും അദ്ദേഹം ധാരാളമായി ക്ഷണിക്കപ്പെടുന്നതും ഈ ഘട്ടത്തിൽ തന്നെ.

ശൈലിയെ സംബന്ധിച്ചാണെങ്കിൽ കാര്യമായ ഒരു സ്വാധീനം ശൈഖ് മുസ്ത്വഫ സർഖയാണ്. പാരമ്പര്യത്തിൽ നിന്ന് താരതമ്യേന എളുപ്പമുളളതും കാലഘട്ടത്തിന് യോജിച്ചതുമായവ തെരഞ്ഞെടുക്കുന്ന രീതി ആ സ്വാധീനത്തിന്റെ കൂടി ഫലമാകാം. എൺപതുകളിൽ, ‘സ്ത്രീവിമോചനം പ്രവാചക കാലഘട്ടത്തിൽ’ എന്ന ഗ്രന്ഥമെഴുതി പ്രശസ്തനായ അബ്ദുൽ ഹലീം അബൂ ശഖ നിരീക്ഷിച്ച ഒരു കാര്യമുണ്ട്. പാരമ്പര്യ പണ്ഡിതൻമാരുടെ ഫത് വകളിൽ നിന്ന് തീർത്തും ഭിന്നമാണ് ഖറദാവിയുടെ ഫത് വകൾ എന്നതാണത്. ആ ഫത് വകൾ കൃത്യമായ തെളിവുകൾ അവതരിപ്പിച്ചു കൊണ്ടുള്ളതായിരിക്കും. ഒരു മദ്ഹബിനോടും പക്ഷപാതിത്തം ഉണ്ടായിരിക്കില്ല. ജനങ്ങൾ ജീവിക്കുന്ന കാലത്തെ ഓരോ ഫത് വയിലും വേണ്ട രീതിയിൽ പരിഗണിച്ചിരിക്കും. യുക്തികളും സമർഥിച്ചിരിക്കും. ഇങ്ങനെ ആ ഫത് വകൾ കാലഘട്ടത്തോട് സംവദിക്കുന്നവയായിത്തീരുന്നു. ഖറദാവിയുടെ ഫത് വകളിൽ ചിലപ്പോൾ ദഅ് വാ വികാരവും കലരാറുണ്ടെന്നാണ് എന്റെ അഭിപ്രായം. ഇത് ഫിഖ്ഹി കോർണറുകളിൽ നിന്ന് വിമർശനവും ക്ഷണിച്ച് വരുത്തിയിട്ടുണ്ട്. ഫഖീഹ് എന്നതിനേക്കാൾ അദ്ദേഹം ദാഈ (പ്രബോധകൻ) ആണെന്നാണ് ആ വിമർശനം.

ഈജിപ്തിലെ ശൈഖുൽ അസ്ഹറായ അഹ്മദ് ത്വയ്യിബ് ബ്രിട്ടനിലെ രാജ്ഞി മരിച്ചപ്പോൾ അനുശോചിച്ചു; അൽ അസ്ഹറിന്റെ സന്താനവും നമ്മുടെ കാലത്തെ ഏറ്റവും ശ്രദ്ധേയനായ ഇസ്ലാമിക വക്തിത്വവുമായ ശൈഖ് ഖറദാവി മരിച്ചപ്പോൾ മൗനത്തിലാണ്ടു.

പാരമ്പര്യത്തിൽ നിന്ന് താൻ ജീവിക്കുന്ന കാലത്തിന് ഏറ്റവും അനുയോജ്യമായവ തെരഞ്ഞെടുക്കുന്നത് എളുപ്പമാക്കാൻ ( തയ് സീർ) വേണ്ടിയാണ്. ‘അൽ ഹലാം വൽ ഹറാം’ എന്ന പുസ്തകമെഴുതുന്നത് തന്നെ പാശ്ചാത്യ ലോകത്ത് ജീവിക്കുന്ന മുസ്ലിംകളെ മുമ്പിൽ കണ്ടു കൊണ്ടാണ്. വസ്ത്രം, സംഗീതം, കലകൾ എന്നിങ്ങനെ പുതിയ ആവിഷ്കാരങ്ങൾ വന്നു കൊണ്ടിരിക്കുന്ന മേഖലകൾ ധാരാളമുണ്ട്. അവിടെയൊക്കെ ഹലാലിന്റെ വൃത്തം എത്രത്തോളം വിപുലമാക്കാം എന്നാണ് അദ്ദേഹം ആലോചിക്കുന്നത്. ‘അനുവദനീയമായതിന്റെ വൃത്തം വിപുലപ്പെടുത്തുക’ (തൗസീഉൽ മുബാഹ് ) എന്ന ഇബ്നു ഹസമിന്റെ ശൈലിയോട് സാദൃശ്യമുള്ള ഒന്നാണിത്. പണ്ഡിത സമൂഹത്തിൽ നില നിൽക്കുന്ന പൊതു അഭിപ്രായങ്ങളെ അദ്ദേഹം ചിലപ്പോൾ മറികടന്നുപോകുന്നത് ഈയൊരു ഉദ്ദേശ്യം മനസ്സിലുളളത് കൊണ്ടാണ്. ചിലപ്പോൾ ഒരു ഇമാമിന്റെയും പിൻബലമില്ലാതെയും അദ്ദേഹത്തിന് ഫത് വകൾ നൽകേണ്ടി വരുന്നത് ഇത് കൊണ്ടാണ്.

മുഹമ്മദ് അബ്ദുവിന്റെയും റശീദ് റിദായുടെയും പരിഷ്കരണ വ്യവഹാരങ്ങൾ വലിയ സ്വാധീന ശക്തിയായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷെ അവ മുഖ്യധാരാ വ്യവഹാരങ്ങളായി മാറുകയുണ്ടായില്ല. യാഥാസ്ഥിതിക സ്ഥാപനങ്ങളും മറ്റും പ്രതിനിധീകരിക്കുന്ന അഭിപ്രായങ്ങൾ തന്നെ മുഖ്യധാരയായി നില നിന്നു. എന്നാൽ ഖറദാവീ പരിഷ്കരണ ചിന്തകൾ ആഗോള വ്യാപകമായി സ്വീകാര്യത നേടുന്നതാണ് നാം കാണുന്നത്. എഴുപതുകൾ മുതൽ ഇത് തുടങ്ങുന്നുണ്ട്. ഹലാലിന്റെ വൃത്തം വിപുലമാക്കുക, ശരീഅത്തിനെയും ആധുനികതയെയും ചേർത്തു വെക്കുക, ഇസ്ലാമിക നവോത്ഥാന സംരംഭങ്ങൾക്ക് ദിശ കാണിക്കുക, കാഫിറാക്കൽ പോലുള്ള തീവ്രവാദ പ്രവണതകളെ ചെറുക്കുക, സോഷ്യലിസ്റ്റ് – കാപിറ്റലിസ്റ്റ് പരിഹാരങ്ങളെ ചോദ്യം ചെയ്യുക, തീവ്ര സെക്യുലർ ചിന്താഗതിക്കാരുമായി സംവാദത്തിലേർപ്പെടുക, ഇസ്ലാമിക ബാങ്കിംഗ് പ്രോത്സാഹിപ്പിക്കുക തുടങ്ങിയ വൈപുല്യമാർന്ന പ്രവർത്തന മണ്ഡലങ്ങൾ എൺപതുകളിലും തൊണ്ണൂറുകളിലും വലിയ സ്വീകാര്യതയാണ് അദ്ദേഹത്തിന് നേടിക്കൊടുത്തത്. അൽ ജസീറ ചാനലിലെ ‘ശരീഅത്തും ജീവിതവും’ പരിപാടിയും 1998 – ൽ ആരംഭിച്ച ഇസ്ലാം ഓൺലൈനും ഇതിന് മാറ്റുകൂട്ടി.

തൊണ്ണൂറുകൾ ആകുമ്പോഴേക്ക് പാശ്ചാത്യരുമായി കഴിയുന്നത്ര രമ്യതയാലാവുക എന്ന നിലപാടിലേക്ക് അദ്ദേഹം മാറിയിരുന്നു. എഴുപതുകളിലും എൺപതുകളിലും പാശ്ചാത്യവും സെക്യുലറുമായ ഐഡിയോളജികളോടുള്ള കടുത്ത എതിർപ്പാണ് നമുക്ക് ഖറദാവിയിൽ കാണാനാവുക. അക്കാലത്തെ അദ്ദേഹത്തിന്റെ സമകാലികരായ ചിന്തകരിലും ഈ തീവ്രത കാണാനാവുന്നുണ്ട്. ശീതസമരത്തിന് അന്ത്യം കുറിക്കപ്പെട്ടതോടെയാണ് നിലപാടുകളിൽ മയം വന്നു തുടങ്ങുന്നത്.

അറബ് വസന്തത്തെ അട്ടിമറിച്ച പ്രതിവിപ്ലവ ശക്തികൾ ശൈഖ് ഖറദാവിയെ ‘ഇഖ് വാനി’ മാത്രമായി ചുരുക്കാൻ പെടാപാട് പെടുന്നുണ്ട്. അങ്ങനെ ചെയ്യുമ്പോൾ വലിയ വൈരുധ്യങ്ങളിലാണ് അവർ ചെന്നു ചാടുന്നത്. ഒന്ന്: ഏഴ് പതിറ്റാണ്ട് കാലത്തെ അദ്ദേഹത്തിന്റെ സംഭാവനകളെ അവർ കണ്ടില്ലെന്ന് നടിക്കുന്നു. ഒരു കാലത്ത് ഈ പ്രതിവിപ്ലവക്കാർ തന്നെയും അദ്ദേഹത്തിന്റെ അനുകൂലികളും അദ്ദേഹത്തിന്റെ അതോറിറ്റിയെ അംഗീകരിക്കുന്നവരും ആയിരുന്നു. അദ്ദേഹം വളരെ മുമ്പേ ഇഖ് വാന്റെ സംഘടനാ ഘടനയിൽ നിന്ന് പുറത്തുകടന്നു എന്ന് എല്ലാവർക്കുമറിയാം. ഖറദാവിയെ രൂപപ്പെടുത്തുന്നതിൽ കാര്യമായ പങ്കൊന്നും ഇഖ് വാന്ന് ഇല്ലെന്നതാണ് സത്യം. ഇഖ് വാൻ തന്നെ കേൾക്കുന്നില്ലെന്നും ആ സംഘടന ചിന്താ ദാരിദ്ര്യം അനുഭവിക്കുന്നുണ്ടെന്നും അത് പണ്ഡിതൻമാർക്ക് മതിയായ സ്ഥാനം നൽകുന്നില്ലെന്നും ഖറദാവി തന്നെ പരാതിപ്പെട്ടിട്ടുള്ളതാണ്.

വത്തിക്കാനിലെ പോപ്പ് മരിച്ചപ്പോൾ തന്റെ ശരീഅത്തും ജീവിതവും എന്ന പരിപാടിയിൽ ആ മരണത്തിൽ അനുശോചിച്ച ശേഷം, ദൈവകാരുണ്യത്തിന്റെ വൃത്തം വിപുലപ്പെടുത്തി പോപ്പിന് ദൈവം കരുണ ചൊരിയട്ടെ എന്ന് പറഞ്ഞു.

രണ്ട്: അൽ ജസീറയിലെ ശരീഅത്തും ജീവിതവും എന്ന പരിപാടിയിൽ (1996- 2013) മരണപ്പെട്ട പൊതുവ്യക്തിത്വങ്ങൾക്ക് വേണ്ടി അനുശോചിക്കാറുണ്ടായിരുന്നു അദ്ദേഹം. എന്നാൽ മുൻ കാലത്ത് അദ്ദേഹത്തിന്റെ സഹായികളും പിൽക്കാലത്ത് എതിരാളികളുമായിത്തീർന്ന പലരും ഖറദാവി വിടവാങ്ങിയപ്പോൾ ഒരക്ഷരം മിണ്ടിയില്ല. കാരണം അവരെ ചരട് കെട്ടിവലിക്കുന്നത് ചില രാഷ്ട്രങ്ങളും അവരുടെ താൽപര്യങ്ങളുമാണ്. അനുശോചിക്കാൻ പോലും പറ്റാത്ത അവസ്ഥ ആലോചിച്ചു നോക്കൂ! ഉദാഹരണമായി, ഈജിപ്തിലെ ശൈഖുൽ അസ്ഹറായ അഹ്മദ് ത്വയ്യിബ് ബ്രിട്ടനിലെ രാജ്ഞി മരിച്ചപ്പോൾ അനുശോചിച്ചു; അൽ അസ്ഹറിന്റെ സന്താനവും നമ്മുടെ കാലത്തെ ഏറ്റവും ശ്രദ്ധേയനായ ഇസ്ലാമിക വക്തിത്വവുമായ ശൈഖ് ഖറദാവി മരിച്ചപ്പോൾ മൗനത്തിലാണ്ടു.

മൂന്ന് : വത്തിക്കാനിലെ പോപ്പ് മരിച്ചപ്പോൾ തന്റെ ശരീഅത്തും ജീവിതവും എന്ന പരിപാടിയിൽ ആ മരണത്തിൽ അനുശോചിച്ച ശേഷം, ദൈവകാരുണ്യത്തിന്റെ വൃത്തം വിപുലപ്പെടുത്തി പോപ്പിന് ദൈവം കരുണ ചൊരിയട്ടെ എന്ന് പറഞ്ഞു. പല കോണുകളിൽ നിന്നും വിമർശനമുയർന്നു. ‘ഇസ്ലാമിന്റെ സമാധാനത്തിലേക്കും സഹിഷ്ണുതയിലേക്കും’ പ്രബോധനം നടത്തുന്നു എന്ന് അവകാശപ്പെടുന്ന ഇക്കൂട്ടർക്ക് ശൈഖ് ഖറദാവിക്ക് അല്ലെങ്കിൽ സ്വേഛാധിപത്യ ഭരണകൂടങ്ങളുടെ മറുപക്ഷത്ത് നിൽക്കുന്നവർക്ക് ദൈവകാരുണ്യമുണ്ടാവട്ടെ എന്ന് പറയാൻ പോലും നാവ് പൊങ്ങുന്നില്ല! (തുടരും )

വിവ : അശ്റഫ് കീഴുപറമ്പ്

Related Articles