Studies

വായനയുടെ ഖുര്‍ആനിക സാധ്യതകള്‍

‘ഒരു വായനക്കാരന്‍ അയാള്‍ മരിക്കുന്നതിന് മുമ്പ് ആയിരം ജീവിതങ്ങള്‍ ജീവിക്കുമ്പോള്‍ വായിക്കാത്ത ആള്‍ക്ക് കിട്ടുന്നത് ഒരേയൊരു ജീവിതം’-ജോര്‍ജ് ആര്‍ മാര്‍ട്ടിന്‍

വായനയെ മുന്‍നിര്‍ത്തി ഇസ്ലാമിനെ മനസിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവ രണ്ടും പരസ്പര പൂരകങ്ങള്‍ ആണെന്ന് തിരിച്ചറിയും. വായന എന്ന വിശാല ആശയത്തെ,അതിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി മുന്നോട്ട് പോകുന്ന ഒരു ദര്‍ശനമായി ഇസ്ലാമിനെ മനസിലാക്കാം. ഇസ്ലാമിന്റെ അടിസ്ഥാനങ്ങള്‍ രൂപപ്പെടുന്നിടത്ത് വായന വഹിക്കുന്ന പങ്ക് സവിശേഷമാണ്. ഖുര്‍ആന്റെ ഏറ്റവും മൗലികവും പ്രഥമവുമായ ഒരു വാക്യമാണ് നിന്നെ സൃഷ്ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക എന്നത്.കേവലാര്‍ത്ഥത്തില്‍ ഒരു വേദഗ്രന്ഥം വായിച്ചുതുടങ്ങുമ്പോള്‍ പുലര്‍ത്തേണ്ട അടിസ്ഥാന ദൈവബോധത്തെ അല്ല ദൈവനാമത്തിലെ ആരംഭം കൊണ്ട് ഉദ്ദേശിക്കുന്നത് മറിച്ച് വയനയോളം വിശാലമായ വലിയൊരു സാധ്യതകളിലേക്കാണ് ഖുര്‍ആനിന്റെ ആദ്യ വാക്യത്തിലൂടെ തന്നെ നമ്മെ മുന്നോട്ട് കൊണ്ട് പോകുന്നത്.
വാക്യത്തിന്റെ ഘടന വളരെ പ്രസക്തമാണ്.ദൈവത്തെ കുറിച്ച് ഓര്‍മപ്പെടുത്തിയതിന് ശേഷം വായനയെ കുറിച്ച് സംസാരിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത് ആദ്യമേ തന്നെ വായന എന്ന ബഹുവിധമാനങ്ങള്‍ ഉള്ള ഒരു സംജ്ഞയെ മുന്നില്‍ വെച്ച് അതിന്റെ എല്ലാ സാധ്യതയിലേക്കും കടന്ന് ചെല്ലാനുള്ള ആഹ്വാനവും അതില്‍ നിന്നും രൂപപ്പെടുന്ന ആശയങ്ങളെ ദൈവവുമായി ചേര്‍ത്ത് വെച്ച് മനസിലാക്കുവാനുമാണ് ഖുര്‍ആന്‍ പ്രഥമ പ്രധാനമായി നമ്മോട് ആവശ്യപ്പെടുന്നത്.

ഇങ്ങനെ ഒരു രൂപത്തില്‍ ഇസ്ലാമിനെ കുറിച്ച് നമ്മള്‍ ആലോചിക്കാന്‍ ശ്രമിക്കുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ തന്നെ അതി വിശാലമായ ആശയലോകത്തെ നമ്മളുടെ മുന്നില്‍ തുറന്നിടുന്നതായി കാണാന്‍ കഴിയും. വളരെ പ്രാധാന്യത്തോടെ ഇസ്ലാം വായനയെ സമീപിക്കുന്നു എന്നത് അവിതര്‍ക്കമാണ്. ഇനി വായന എന്നതിനെ മനസിലാക്കാനുള്ള ഒരു ശ്രമമാണ്.ഖുര്‍ആനുമായി ബന്ധപ്പെടുത്തി തന്നെ അതിനെ വിശകലനം ചെയ്യാം.പ്രവാചകന്‍ മുഹമ്മദിന്(സ)വിവിധ ഘട്ടങ്ങളിലായി ജിബ്രീല്‍(അ)മുഖേനയാണ് ഖുര്‍ആന്‍ അവതരിച്ചത് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ നമ്മളുടെ ശ്രദ്ധപോകാത്ത ചില സംഗതികള്‍ കൂടി ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഒന്നാം ഖലീഫ അബൂബക്കറിന്റെ കാലത്ത് ക്രോഡീകരികുകയും ഉസ്മാന്‍(റ)കാലത്ത് ഗ്രന്ഥരൂപത്തില്‍ ആക്കുകയും ചെയ്ത ഖുര്‍ആനിന്റെ ക്രോഡീകരണ ചരിത്രവും നമ്മള്‍ക്ക് അറിയാവുന്നതാണ്.

ഇങ്ങനെയാണ് യാഥാര്‍ഥ്യമെങ്കില്‍ പിന്നെ ജിബ്രീല്‍ വന്നിട്ട് പ്രവാചകനോട് എന്ത് കാണിച്ചിട്ടാണ് വായിക്കാന്‍ പറഞ്ഞത് എന്ന ചോദ്യം സവിശേഷമായി അവിടെ ബാക്കി ആകുന്നു.ഇനി അഥവാ ജിബ്രീലിന്റെ കയ്യില്‍ ഗ്രന്ഥരൂപം ഉണ്ടായിരുന്നെങ്കില്‍ അവസാന സൂക്തങ്ങള്‍ ഇറങ്ങിയ വേളയിലെങ്കിലും അത് പ്രവാചകന്‍ കൈമാറുമായിരുന്നു.പറയാന്‍ ശ്രമിക്കുന്നത്,നിര്‍ണിതമായ ഒരു ഗ്രന്ഥത്തെ മുന്‍നിര്‍ത്തിയുള്ള വായനയല്ല ജിബ്രീല്‍ പ്രവാചകനോട് കല്പിച്ചത് മറിച്ച് ആകാശ ഭൂമിയെയും പ്രകൃതി പ്രതിഭാസങ്ങളെയും മുന്‍നിര്‍ത്തിയുള്ള അതി വിശാലവും ബഹുവിധാഖ്യാനങ്ങളിലേക്ക് വാതില്‍ തുറക്കുന്ന വളരെ ബ്രഹത്തായ ഒരു വയനയെയാണ് പരിചയപ്പെടുത്തിയത് എന്നാണ്. ഇങ്ങനെ ഒരു മനസിലാക്കല്‍ സാധ്യമാണ്. ഖുര്‍ആന്‍ തന്നെ ഈ അര്‍ത്ഥത്തില്‍ ഒരുപാട് സൂചനകളിലൂടെ ഇത് പറഞ്ഞു വെക്കുന്നുണ്ട്.ഖുര്‍ആന്‍ താല്‍പര്യപ്പെടുന്ന വായന രീതിശാസ്ത്രത്തെ പല സൂക്തങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്.അതില്‍ ഒന്നാണ് ‘തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്'(3:190)എന്ന സൂക്തം.

പ്രപഞ്ചത്തിലെ വിവിധങ്ങളായ സൃഷ്ടികളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയും അവയെ കുറിച്ചുള്ള ചിന്തകളിലൂടെ ദൈവത്തെ കുറിച്ചുള്ള ചിന്തകളിലേക്ക് നമ്മള്‍ എത്തിക്കുന്ന ഖുര്‍ആനിക സങ്കല്‍പ്പം വളരെ അര്‍ത്ഥവത്തായ ഒരു പരിപ്രേക്ഷ്യമാണ് വയനയുമായി ബന്ധപ്പെട്ട് മുന്നോട്ട് വെക്കുന്നത്.പ്രകൃതിയിലെ വിശാലതകളിലേക്കും അതിന്റെ അഴങ്ങളെ തേടിയുമുള്ള വായനയാണ് ഇത്തരം പ്രതിപാദ്യത്തിലൂടെ അര്‍ത്ഥമാക്കുന്നത്.ഇങ്ങനൊരു വായനയെ ആയിരിക്കാം ജിബ്രീല്‍ പ്രവാചകന്‍ മുഹമ്മദിനോടും അവശ്യപ്പെട്ടിട്ടുണ്ടാകുക.പ്രവാചകന് എഴുത്തും വായനയും അറിയില്ല എന്നതിനോട് വിയോജിച്ച് കൊണ്ട് പറയട്ടെ അന്ന് ഒരു പക്ഷേ എനിക്ക് വായിക്കാന്‍ അറിയില്ല എന്ന് പറഞ്ഞത് ഇത്തരത്തില്‍ പ്രപഞ്ചത്തെയും അതിന്റെ ആഴങ്ങളെയും മനസിലാക്കാന്‍ ഉതകുന്ന വായനയുടെ പ്രത്യയശാസ്ത്ര പരിസരത്തിന്റെ അഭാവം ആകാം.ആ ഒരു അഭാവത്തിന്റെ പരിഹാരം എന്ന നിലക്കാവാം വായനയെ ദൈവ നാമവുമായി ചേര്‍ത്ത് വെച്ച്കൊണ്ടുള്ള ഖുര്‍ആനിക ഭാഷ്യം.അന്ന് മുതല്‍ ഖുര്‍ആനിക അടിത്തറയില്‍ പ്രപഞ്ചവീക്ഷണത്തിന്റെ പുതിയ സാധ്യതകള്‍ രൂപപ്പെടുകയായിരുന്നു.
വായനയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ഓര്‍ക്കുകയും ചെയുന്ന ഘട്ടത്തില്‍ പ്രധാനമായി മനസിലാക്കേണ്ടത് വായനയുടെ വിശാലത തന്നെയാണ്. കേവലമായ പുസ്തക കേന്ദ്രിത അക്ഷര വായനയില്‍ കവിഞ്ഞ് നമ്മള്‍ കാണുന്ന,കേള്‍ക്കുന്ന,മനസിലാകുന്ന ഓരോ കാര്യങ്ങളിലും വായനയുടെ അനന്ത സാധ്യതകളാണുള്ളത്. ഖുര്‍ആനിന്റെ ആളുകള്‍ എന്ന നിലക്ക് വയനയുമായി ബന്ധപ്പെട്ട് അത് മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടുകള്‍ മനുഷ്യനു വേണ്ട പ്രത്യയശാസ്ത്ര പരിസരത്തെ എത്ര മനോഹരമായാണ് ഖുര്‍ആനില്‍ ചര്‍ച്ച ചെയ്യുന്നത് എന്നത് നമ്മളെ അതിന്റെ ആഴങ്ങളിലേക്ക് കൂടുതല്‍ സഞ്ചരിപ്പിക്കുന്നതാണ്.

Facebook Comments
Show More

Related Articles

Close
Close