Current Date

Search
Close this search box.
Search
Close this search box.

പ്രവാചകനെ തിരുത്താന്‍ ഖുര്‍ആന്‍ സ്വീകരിച്ച രീതി-1

അല്ലാഹു പറയുന്നു: ‘നബിയെ, നീയെന്തിനാണ് നിന്റെ ഭാര്യമാരുടെ പ്രീതിതേടികൊണ്ട്, അല്ലാഹു അനുവദിച്ചു തന്നത് നിഷിദ്ധമാക്കുന്നത്? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. നിങ്ങളുടെ ശപഥങ്ങള്‍ക്കുള്ള പരിഹാരം അല്ലാഹു നിങ്ങള്‍ക്ക് നിയമമാക്കി തന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ യജമാനനാകുന്നു. അവനത്രെ സര്‍വജ്ഞനും യുക്തിമാനും’ (അത്തഹരീം: 1-2). പ്രവാചകനെ വിശുദ്ധ ഖുര്‍ആന്‍ തിരുത്തുന്നത് ഏറ്റവും മൃദുവായ നിര്‍മലമായ പദങ്ങള്‍ ഉപയോഗിച്ചു കൊണ്ടാണ്. പ്രവാചകനെ തിരുത്തുന്നതിന് വിശുദ്ധ ഖുര്‍ആന്‍ സ്വീകരിച്ച ഏറ്റവും മനോഹരമായ ശൈലികളാണ് താഴെ വിശദീകരിക്കുന്നത്.

ഒന്ന്: അബ്ദുല്ലാഹിബിനു ഉമ്മിമക്തൂമിന്റെ വിഷയത്തില്‍ പ്രവാചകനെ വിശുദ്ധ ഖുര്‍ആന്‍ തിരുത്തിയ രീതി; ആദ്യം വിശുദ്ധ ഖുര്‍ആന്‍ പ്രവാചകനെ തിരുത്തുമ്പോള്‍ നേരിട്ടല്ലാതെ അവന്‍ എന്ന ശൈലിയിലാണ് (الغيبة)കാര്യങ്ങള്‍ പറയുന്നത്. അത് പ്രവാചകനുണ്ടാകുന്ന പ്രയാസത്തെ ലഘൂകരിക്കുന്നതിനാണ്. കാര്യങ്ങള്‍ നേരിട്ട് പറയുകയെന്നത് പ്രയാസപ്പെടുത്തുകയും പ്രവാചകനുള്ള ആദരവിനെ ഇല്ലാതാക്കുകയുമാണ്. എന്നാല്‍, പ്രവാചക മനസ്സിന് നിലപാട് സ്വീകരിക്കാന്‍ കഴിയുന്ന തരത്തില്‍ വിശുദ്ധ ഖുര്‍ആന്‍ അവന്‍ എന്ന പ്രയോഗത്തില്‍ തുടങ്ങി, പിന്നീട് താങ്കല്‍ എന്ന ശൈലി സ്വീകരിക്കുകയാണ്. അത് പ്രവാചകന് നിലപാടുകള്‍ പ്രയാസങ്ങളൊന്നുമില്ലാതെ സ്വീകരിക്കുന്നതിനുള്ള വിശുദ്ധ ഖുര്‍ആനിന്റെ രീതിയായാരിന്നു. ‘അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു. അദ്ദേഹത്തിന്റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍. (നബിയെ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ? അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ. എന്നാല്‍ സ്വയം പര്യാപത് നടിച്ചവനാകട്ടെ, നീ അവന്റെ നേരെ ശ്രദ്ധ തിരിക്കുന്നു, അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം? എന്നാല്‍ നിന്റെ അടുക്കല്‍ ഓടിവന്നനാകട്ടെ, (അല്ലാഹുവെ) ഭയപ്പെടുന്നവനായികൊണ്ട്, അവന്റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു. നിസ്സംശയം ഇത് (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച. അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ. ആദരീയമായ ചില ഏടുകളാണിത്. ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍), ചില സന്ദേശവാഹകരുടെ കൈകളിലാണത്, മാന്യന്മാരും പുണ്യന്മാരും ആയിട്ടുള്ളവരുടെ’ (അബസ: 1-16).

രണ്ട്: ബദര്‍ യുദ്ധാനന്തരം ബന്ധികളാക്കപ്പെട്ടവരില്‍ നിന്ന് നഷ്ടപരിഹാരം (الفداء) വാങ്ങിയതുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്‍(സ)യെ തിരുത്തിയ രീതി; വിശുദ്ധ ഖുര്‍ആന്‍ ഒന്നാമതായി നേരിട്ട് താക്കീത് ചെയ്യുന്ന രീതിയല്ല ഇവിടെ സ്വീകരിക്കുന്നത്. രണ്ടാമതായി അനുവദനീയമായ കാര്യങ്ങള്‍ അവരെ അറിയിക്കുകയാണ്. യുദ്ധത്തില്‍ ലഭ്യമാകുന്ന (الغنيمة) മുതല്‍ നിങ്ങള്‍ക്കുള്ളതാണെന്ന് പറഞ്ഞ് നിറുത്തുകയല്ല വിശുദ്ധ ഖുര്‍ആന്‍ ചെയ്യുന്നത്. അതോടൊപ്പം, അനുവദനീയവും മാന്യമായതും നിങ്ങള്‍ക്ക് സ്വീകരിക്കാമെന്നും, അല്ലാഹു പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാണെന്നും ഖുര്‍ആന്‍ കൂടുതലായി വിശദീകരിക്കുന്നു. അത് പ്രവാചക മനസ്സിനെ പ്രയാസപ്പെടുത്താതിരിക്കുന്നതിന് വേണ്ടിയാണ്. ‘ഒരു പ്രവാചകന്നും (ശത്രുക്കളെ കീഴടക്കി) നാട്ടില്‍ ശക്തി പ്രാപിക്കുന്നത് വരെ യുദ്ധത്തതടവുകാരുണ്ടായിരിക്കാന്‍ പാടുള്ളതല്ല. നിങ്ങള്‍ ഇഹലോകത്തെ ക്ഷണികമായ നേട്ടം ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ പരലോകത്തെയും ഉദ്ദേശിക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള നിശ്ചയം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ നിങ്ങള്‍ ആ വാങ്ങിയതിന്റെ പേരില്‍ നിങ്ങളെ വമ്പിച്ച ശിക്ഷ ബാധിക്കുക തന്നെ ചെയ്യുമായിരുന്നു. എന്നാല്‍ (യുദ്ധത്തിനിടയില്‍) നിങ്ങള്‍ നേടിയെടുത്തതില്‍ അനുവദനീയവും ഉത്തമവുമായത് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പോറുക്കുന്നവനും കരുണാനിധിയുമാകുന്നു’ (അല്‍അന്‍ഫാല്‍: 67-69).

മൂന്ന്: തബൂക്ക് യുദ്ധ സമയത്ത് കപടവിശ്വാസികള്‍ യുദ്ധത്തില്‍ പങ്കെടുക്കാതിരിക്കുന്നതിന് അനുവാദം ചോദിച്ചപ്പോള്‍ പ്രവാചകന്‍ അനുവാദം നല്‍കിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പ്രവാചകനെ തിരുത്തുന്നതിന് സ്വീകരിച്ച രീതി; പ്രവാചകനെ ആദരിച്ചുകൊണ്ട് ആദ്യം “العفو” (പൊറുത്തുതരിക) എന്ന പദമാണ് വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിക്കുന്നത്. ‘(നബിയെ,) താങ്കള്‍ക്ക് അല്ലാഹു മാപ്പുനല്‍കിയിരിക്കുന്നു. സത്യം പറഞ്ഞവര്‍ ആരെന്ന് നിനക്ക് വ്യക്തമായി ബോധ്യപ്പെടുകയും കള്ളം പറയുന്നവരെ നിനിക്ക് തരിച്ചറിയുകയും ചെയ്യുന്നത് വരെ നീ എന്തിനാണ് അവര്‍ക്ക് അനുവാദം നല്‍കിയത്?’ (അത്തൗബ: 43).

നാല്: അല്ലാഹു ഉദ്ദേശിച്ചാല്‍ ( إِنْ شَاءَ اللَّهُ ) എന്നത് പറയാന്‍ മറന്ന പ്രവാചകനെ വിശുദ്ധ ഖുര്‍ആന്‍ താക്കീത് ചെയ്യുന്ന രീതി; ജൂതന്മാരുടെ പ്രേരണയാല്‍ നിഷേധികളായവര്‍ പ്രവാചനോട് ഗുഹാവാസികളെ കുറിച്ച് ചോദിച്ചു. അതിന് നാളെ മറുപടി നല്‍കാമെന്ന് (അല്ലാഹു ഉദ്ദേശിച്ചാല്‍ എന്ന് പറയാതെ) പ്രവാചകന്‍(സ) അവരോട് പറഞ്ഞു. എന്നാല്‍ ഏതാനും ദിവസം അല്ലാഹുവില്‍ നിന്ന് ദിവ്യവെളിപാട് (الوحي) ഉണ്ടാകാതിരിക്കുകയും മക്കക്കാര്‍ അസ്വസ്ഥരാവുകയും ചെയ്തു. ഇവിടെ അല്ലാഹു ഉദ്ദേശിച്ചാല്‍ എന്നത് പറയാന്‍ മറന്നുപോയ പ്രവാചകന്‍(സ)ക്ക്, ഗുഹാവാസികളുടെ കഥ വിശദീകരിച്ച് നല്‍കിയതിന് ശേഷമാണ് വിശുദ്ധ ഖുര്‍ആന്‍ താക്കീത് നല്‍കുന്നത്. ‘യാതൊരു കാര്യത്തെപ്പറ്റിയും നാളെ ഞാനത് തീര്‍ച്ചയായും ചെയ്യാം എന്ന് നീ പറഞ്ഞുപോകരുത്. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കില്‍ (ചെയ്യാമെന്ന്) അല്ലാതെ. നീ മറന്നുപോകുന്ന പക്ഷം (ഓര്‍മവരുമ്പോള്‍) നിന്റെ രക്ഷിതാവിനെ അനുസ്മരിക്കുക. എന്റെ രക്ഷിതാവ് എന്നെ ഇതിനേക്കാള്‍ സന്മാര്‍ഗത്തോട് അടുത്ത ഒരു ജീവിതത്തിലേക്ക് നയിച്ചേക്കാം എന്ന് പറയുകയും ചെയ്യുക’ (അല്‍കഹ്ഫ്: 23-24).
ആദരവും മുന്നറിയിപ്പുമെല്ലാം അതിനനുസരിച്ച രീതിയിലായിരിക്കണം. ആദ്യം തന്നെ പ്രവാചകന് മുന്നറിയിപ്പ് നല്‍കുകയും പിന്നീട് അവരുടെ ചോദ്യത്തിന് മറുപടി നല്‍കുകയുമായിരുന്നെങ്കില്‍ അവര്‍ പ്രവാചകനില്‍ നിന്ന് അകന്നുപോകുമായിരുന്നു. ചിലപ്പോള്‍ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചതില്‍ പ്രവാചകന് സന്തോഷമുണ്ടാവുകയില്ല. അത് പ്രവാചകനെ കൂടുതല്‍ പ്രയാസപെടുത്തുന്നതായിരിക്കും. എന്നാല്‍, നിഷേധികള്‍ ഉന്നയിച്ച ചോദ്യത്തിനുള്ള ഉത്തരം ആദ്യം നല്‍കുകയാണെങ്കില്‍ ഉത്തരം ലഭിച്ചതിലുള്ള സന്തോഷമായിരിക്കും ഉണ്ടാവുക. ആ സന്തോഷ സന്ദര്‍ഭത്തില്‍ പ്രവാചകന് മൃദുലമായ ശൈലിയില്‍ താക്കീത് കൊടുക്കുന്നത് പ്രയാസകരമായിരിക്കുകയില്ല.

അഞ്ച്: പത്നിമാരുടെ പ്രീതിതേടിക്കൊണ്ട് പ്രവാചകന്‍ അനുവദനീയമാക്കിയതിനെ നിഷിദ്ധമാക്കിയതുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുര്‍ആന്‍ പ്രവാചകനെ താക്കീത് ചെയ്യുന്ന രീതി; പ്രവാചകരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് വളരെ സൗമ്യമായ ശൈലിയിലാണ് പ്രവാചകന്‍(സ)ക്ക് വിശുദ്ധ ഖുര്‍ആന്‍ താക്കീത് നല്‍കുന്നത്. ആദരണീയനായ പ്രവാചകന്റെ മഹനീയ സ്ഥാനത്തിന് കോട്ടം സംഭവിക്കാതെ, ആദരിച്ചുകൊണ്ടും ആശ്വസിപ്പിച്ചുകൊണ്ടുള്ള വിശുദ്ധ ഖുര്‍ആന്റെ ശൈലിയാണത്. ‘നീ എന്തിന് നിഷിദ്ധമാക്കി’ (لِمَ تُحَرِّمُ مَا أَحَلَّ اللَّهُ لَكَ) എന്ന ശൈലിയാണ് സ്വീകരിക്കുന്നതെങ്കില്‍ പ്രവാചക മനസ്സിനെ അത് പ്രയാസപ്പെടുത്തുമായിരുന്നു.

ആറ്: മുമ്പ് പറയപ്പെട്ട രീതിയില്‍ നിന്ന് വ്യത്യസ്തമായ കടുത്ത ശൈലിയിലാണ് പ്രവാചകനെ തിരുത്തുന്നതിന് ഇവിടെ വിശുദ്ധ ഖുര്‍ആന്‍ സ്വീകരിക്കുന്നത്; ‘നിന്റെ ഭാര്യയെ നീ നിന്റെ അടുത്ത് തന്നെ നിര്‍ത്തിപോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട് നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ് അവളില്‍ നിന്ന് ആവശ്യം നിറവേറ്റി കഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട് അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്. അല്ലാഹുവിന്റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു. തനിക്ക് അല്ലാഹു നിശ്ചിയിച്ചുതന്ന കാര്യത്തില്‍ പ്രവാചകന് യാതൊരു വിഷമവും തോന്നേണ്ടതില്ല. മുമ്പ് കഴിഞ്ഞുപോയിട്ടുള്ളവരില്‍ അല്ലാഹു നടപ്പാക്കിയിരുന്ന നടപടിക്രമം തന്നെ. അല്ലാഹുവിന്റെ കല്‍പന ഖണ്ഡിതമായ ഒരു വിധിയാകുന്നു. അതായത് അല്ലാഹുവിന്റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുകയും, അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരിക്കുന്നവരുടെ കാര്യത്തിലുള്ള (അല്ലാഹുവിന്റെ നടപടി). കണക്ക് നോക്കുന്നവനായി അല്ലാഹു തന്നെ മതി’ (അല്‍അഹ്സാബ്: 37-39). ഈയൊരു ശൈലി മുമ്പുളളിതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. കാരണം, അല്ലാഹുവിന്റെ വിധികള്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ടതാണിത്. ‘അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരിക്കുന്നു.’
അതുകൊണ്ടാണ് ആയിശ(റ) ഇപ്രകാരം പറഞ്ഞത്: അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍നിന്ന് മുഹമ്മദ് എന്തെങ്കിലും മറച്ചുവെക്കുമായിരുന്നെങ്കില്‍ ഇത് മറച്ചവെക്കുമായിരുന്നു; ‘അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു.’

തന്റെ ദത്തുപുത്രനായ സൈദ് വിവാഹമോചനം നടത്തിയ സൈനബിനെ പ്രവാചകന്‍(സ) വിവാഹം കഴിച്ചത് മറച്ചുവെച്ചതുമായി ബന്ധപ്പെട്ടാണ് വിശുദ്ധ ഖുര്‍ആന്‍ പ്രവാചകനെ താക്കീത് ചെയ്യുന്നത്. സൈദ് ബിന്‍ ഹാരിസയുടെ പത്‌നിയെ വിവാഹമോചന ശേഷം പ്രവാചകന്‍ വിവാഹം കഴിക്കണമെന്നത് അല്ലാഹുവിന്റെ കല്‍പനയായിരുന്നു. ദത്തുപുത്രനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജാഹിലിയ്യ കാലത്തെ ധാരണകള്‍ തിരുത്തുന്നതിന് പ്രവാചക ജീവിതം മാതൃകയാവേണ്ടതുണ്ട്. ആ തീരമാനത്തിലൂടെ സമൂഹം അത് ഒന്നടങ്കം മനസ്സിലാക്കേണ്ടതുണ്ട്. ആയതിനാല്‍ അല്ലാഹു പ്രവാചകനെ മുന്‍ പറഞ്ഞ രീതിയില്‍ നിന്ന് വ്യത്യസ്തമായി താക്കീത് ചെയ്യുകയായിരുന്നു. ‘തനിക്ക് അല്ലാഹു നിശ്ചയിച്ചു തന്ന കാര്യത്തില്‍ പ്രവാചകന് യാതൊരു വിഷമവും തോന്നേണ്ടതില്ല. മുമ്പ് കഴിഞ്ഞുപോയട്ടുള്ളവരില്‍ അല്ലാഹു നടപ്പാക്കിയിരുന്ന നടപടിക്രമം തന്നെ. അല്ലാഹുവിന്റെ കല്‍പന ഖണ്ഡിതമായ ഒരു വിധിയാകുന്നു.’

കടപ്പാട്: islamonline.net

 

Related Articles