Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യൻ

ഭൂമിയിൽ ജനവാസം ആരംഭിച്ചതോടെ അവരുടെ മാർഗദർശനത്തിനായി ദൈവം തന്റെ ദൂതന്മാരെ നിയോഗിച്ചു കൊണ്ടിരുന്നു. അവരിലൂടെ മനുഷ്യരാശിക്ക് ജീവിതവിജയം ഉറപ്പു വരുത്തുന്ന നേർവഴി കാണിച്ചു കൊടുത്തു. എവിടെയൊക്കെ മനുഷ്യവാസമുണ്ടോ അവിടെയെല്ലാം ദൈവദൂതന്മാർ നിയോഗിതരായിരുന്നു. ഇങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചരിത്രത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിലായി ഒരു ലക്ഷത്തിലേറെ ദൂതന്മാരെ ദൈവം നിയോഗിച്ചിട്ടുണ്ട്. ദിവ്യബോധനം ലഭിക്കുന്നവരെന്ന നിലയിൽ അവരെ പ്രവാചകന്മാരെന്നും വിളിക്കുന്നു. ഇൗ പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി.

ദൈവത്തിന്റെ അന്ത്യദൂതൻ
ചരിത്രത്തിന്റെ തെളിഞ്ഞ വെളിച്ചത്തിലാണ് മുഹമ്മദ് ജനിച്ചതും ജീവിച്ചതും. ക്രിസ്ത്വബ്ദം 569 ജൂൺ 17-നാണ് ജനനം.

ജന്മനാട് മക്കാ താഴ്വരയാണ്. പിറവിക്ക് രണ്ടു മാസം മുമ്പേ പിതാവ് അബ്ദുല്ല പരലോകം പ്രാപിച്ചു. ആറാമത്തെ വയസ്സിൽ മാതാവ് ആമിനയും അന്ത്യശ്വാസം വലിച്ചു. പിതാവിന്റെ അഭാവത്തിൽ സംരക്ഷണം ഏറ്റെടുത്ത പിതാമഹൻ അബ്ദുൽ മുത്തലിബ് മുഹമ്മദിന് എട്ടു വയസ്സും രണ്ട് മാസവും പത്ത് ദിവസവും പ്രായമുള്ളപ്പോൾ ഇൗ ലോകത്തോട് വിട പറഞ്ഞു. പിന്നീട് സംരക്ഷിച്ചത് പിതൃവ്യൻ അബൂത്വാലിബാണ്. അദ്ദേഹം സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വ്യക്തിയായിരുന്നു. അതിനാൽ അനാഥത്വത്തോടൊപ്പം ദാരിദ്ര്യവും പ്രവാചകന്റെ കൂടപ്പിറപ്പായി.

ചെറുപ്രായത്തിൽ തന്നെ ഇടയവൃത്തിയിലേർപ്പെട്ട മുഹമ്മദിന് അക്ഷരാഭ്യാസം നേടാൻ അവസരം ലഭിച്ചില്ല. അക്കാലത്ത് മറ്റെവിടെത്തെയുമെന്നപോലെ അവിടത്തെയും മഹാഭൂരിപക്ഷവും നിരക്ഷരരായിരുന്നു.

നാട്ടിൽ നിലനിന്നിരുന്ന അന്ധവിശ്വാസം, അനാചാരം, അധർമം, അശ്ലീലത, അക്രമം, അനീതി, മദ്യപാനം, വ്യഭിചാരം, കളവ്, ചതി
പോലുള്ള ദുർവൃത്തികളിൽ നിന്നെല്ലാം തീർത്തും മുക്തമായ ജീവിതമാണ് മുഹമ്മദ് നയിച്ചത്. ജീവിതത്തിൽ ഒരിക്കൽ പോലും കള്ളം പറയാത്തതിനാൽ വിശ്വസ്തൻ എന്നർഥം വരുന്ന അൽഅമീൻ എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്.

പന്ത്രണ്ട് വയസ്സും രണ്ട് മാസവും പ്രായമുള്ളപ്പോൾ പിതൃവ്യന്റെ കൂടെ സിറിയയിലേക്ക് യാത്ര പോകാൻ അവസരം ലഭിച്ചു.
വിവാഹം ബാല്യം പിന്നിട്ടതോടെ ഇടയവൃത്തിയോട് വിടപറഞ്ഞു. പിതൃവ്യന്റെ സാമ്പത്തിക പരാധീനതക്ക് പരിഹാരമാകുമെന്നതിനാൽ വ്യാപാരരംഗത്തേക്ക് പ്രവേശിച്ചു. കച്ചവടരംഗത്തെ സത്യസന്ധതയും സാമർഥ്യവും സകലരുടെയും ആദരവും അംഗീകാരവും നേടി. അതേക്കുറിച്ച് കേട്ടറിഞ്ഞ പ്രമുഖ വ്യാപാരി ഖദീജാ ബീവി തന്റെ കച്ചവട സംഘത്തിന്റെ ചുമതല അദ്ദേഹത്തെ ഏൽപിച്ചു. ഇരുപത്തിമൂന്നാമത്തെയോ ഇരുപത്തിനാലാമത്തെയോ വയസ്സിലായിരുന്നു ഇത്. അദ്ദേഹം കച്ചവടച്ചരക്കുമായി സിറിയയിലേക്ക് പോയി. ഇത് അവിടേക്കുള്ള രണ്ടാം യാത്രയായിരുന്നു.

വ്യാപാരയാത്ര വിജയകരമായി പൂർത്തീകരിച്ച് തിരിച്ചു വന്ന മുഹമ്മദിന്റെ സ്വഭാവത്തിലും സമീപനത്തിലും സാമർഥ്യത്തിലും സത്യസന്ധതയിലും ആകൃഷ്ടയായ ഖദീജാ ബീവി വിവാഹാഭ്യർഥന നടത്തി. അത് അംഗീകരിച്ച് മുഹമ്മദ് അവരെ വിവാഹം കഴിച്ചു. അന്ന് അദ്ദേഹത്തിന്റെ പ്രായം ഇരുപത്തഞ്ച് വയസ്സായിരുന്നു. ഖദീജാ ബീവിയുടേത് നാൽപതും. രണ്ടുതവണ വിവാഹം ചെയ്യപ്പെട്ട വിധവയായിരുന്നു അവർ, രണ്ടു മക്കളുടെ മാതാവും. പ്രവാചകന് അമ്പതും ഖദീജാ ബീവിക്ക് അറുപത്തിയഞ്ചും വയസ്സുള്ളപ്പോഴാണ് അവർ മരണമടഞ്ഞത്. അതേവരെ പ്രവാചകൻ മറ്റൊരു സ്ത്രീയെയും വിവാഹം കഴിച്ചിട്ടില്ല.

പ്രവാചകത്വം
മക്ക കവികളുടെയും പ്രസംഗകരുടെയും സാഹിത്യകാരന്മാരുടെയും നാടായിരുന്നു. എങ്കിലും മുഹമ്മദ് പാഠശാലകളിൽ പോവുകയോ മത ചർച്ചകളിൽ പങ്കെടുക്കുകയോ സാഹിത്യസദസ്സുകളിൽ സംബന്ധിക്കുകയോ ചെയ്തിരുന്നില്ല. 40 വയസ്സു വരെ അദ്ദേഹം ഒരൊറ്റ വരി ഗദ്യമോ പദ്യമോ രചിച്ചിട്ടുമില്ല. പ്രസംഗ കഴിവ് പ്രകടിപ്പിച്ചിരുന്നുമില്ല. സർഗസിദ്ധിയുടെ ലക്ഷണമൊന്നുപോലും അദ്ദേഹത്തിൽ കാണപ്പെട്ടിരുന്നില്ല.

നാൽപതാം വയസ്സിലേക്ക് പ്രവേശിച്ചതോടെ മുഹമ്മദ് ഏകാന്തത ഇഷ്ടപ്പെടാൻ തുടങ്ങി. ധ്യാനത്തിലും പ്രാർഥനയിലും വ്യാപൃതനായി. മലിനമായ ജീവിതസാഹചര്യങ്ങളിൽനിന്ന് മാറി ഹിറാഗുഹയിൽ തനിച്ചിരിക്കാൻ തുടങ്ങി. മക്കയിൽനിന്ന് മൂന്ന് കിലോമീറ്റർ വടക്കായിരുന്നു അത് സ്ഥിതി ചെയ്തിരുന്നത്. പ്രിയ പത്നി ഖദീജാ ബീവിയായിരുന്നു മലമുകളിലെ ഗുഹയിൽ ഭക്ഷണം എത്തിച്ചു കൊടുത്തിരുന്നത്. ഹിറാഗുഹയിൽ കഴിയവേ ഒരു ലിഖിതവുമായി മാലാഖ ജിബ്രീൽ അദ്ദേഹത്തെ സമീപിച്ചു. ജിബ്രീൽ കൽപിച്ചു: “”വായിക്കുക.” ഇതുകേട്ട മുഹമ്മദ് പ്രതിവചിച്ചു: “”എനിക്ക് വായിക്കാനറിയില്ല.” മാലാഖ വീണ്ടും വായിക്കാൻ കൽപിച്ചു. അപ്പോഴും പ്രവാചകൻ തന്റെ മറുപടി ആവർത്തിച്ചു. മൂന്നാം തവണ വായിക്കാൻ ആവശ്യപ്പെട്ടപ്പോൾ എന്താണ് വായിക്കേണ്ടതെന്ന് അന്വേഷിച്ചു. അപ്പോൾ മാലാഖ ജിബ്രീൽ ഇങ്ങനെ പറഞ്ഞു കൊടുത്തു: “”സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തിൽ നീ വായിക്കുക. അവൻ മനുഷ്യനെ ഒട്ടിപ്പിടിച്ചതിൽനിന്ന് സൃഷ്ടിച്ചു. വായിക്കുക, നിന്റെ നാഥൻ അത്യുദാരൻ. പേനകൊണ്ട് എഴുതാൻ പഠിപ്പിച്ചവൻ. മനുഷ്യനെ അവനറിയാത്തത് അഭ്യസിപ്പിച്ചവൻ.” (ഖുർആൻ 96: 1-5)

അന്നോളം കച്ചവടക്കാരനും കുടുംബനാഥനും മാത്രമായിരുന്ന അബ്ദുല്ല മകൻ മുഹമ്മദ് ദൈവദൂതനായി. ഒരിക്കൽ കൂടി ഉപരിലോകം ഭൂമിയുമായി സംഗമിച്ചു. മനുഷ്യകുലത്തിൽനിന്ന് ദൈവം തെരഞ്ഞെടുത്ത തന്റെ ദാസനിലേക്ക് ദിവ്യസന്ദേശങ്ങൾ പ്രവഹിച്ചു. വിശുദ്ധ ഖുർആന്റെ അവതരണം ആരംഭിച്ചു. അതിലെ ആദ്യം അവതീർണമായ അഞ്ചു സൂക്തങ്ങളാണിവ. ക്രിസ്ത്വബ്ദം 610 ്രെബഫുവരി 12-ന് തിങ്കളാഴ്ചയാണ് ആദ്യമായി ദിവ്യബോധനം ലഭിച്ചത്. അപ്പോൾ പ്രായം 40 വയസ്സും 11 ദിവസവുമായിരുന്നു.

ഹൃദയത്തിൽ ഹിറാഗുഹയിൽനിന്ന് ലഭിച്ച വേദവെളിച്ചവും ചുണ്ടുകളിൽ ദിവ്യവചനങ്ങളുമായി മുഹമ്മദ് നബി വീട്ടിൽ തിരിച്ചെത്തി. അസാധാരണമായ ഇൗ അനുഭവത്താൽ അസ്വസ്ഥനായ പ്രിയതമനെ ഖദീജാ ബീവി സമാശ്വസിപ്പിച്ചു. അദ്ദേഹത്തിന്റെ അടുത്തിരുന്ന് അവർ പറഞ്ഞു: “”പ്രിയപ്പെട്ടവനേ, സന്തോഷിച്ചു കൊള്ളുക. ദൃഢമാനസനാവുക. അല്ലാഹു ഒരിക്കലും അങ്ങയെ അപമാനിക്കുകയില്ല. കഷ്ടപ്പെടുത്തുകയുമില്ല. അങ്ങ് കുടുംബബന്ധം ചേർക്കുന്നു. സത്യം മാത്രം പറയുന്നു. അശരണരെ സഹായിക്കുന്നു. അതിഥികളെ സൽക്കരിക്കുന്നു. സത്യത്തിന്റെ വിജയത്തിനായി പണിയെടുക്കുന്നു. ഒരു തെറ്റും ചെയ്യുന്നില്ല. എല്ലാം നല്ലതിനായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.”

സത്യ പ്രബോധനം
മുഹമ്മദ് നബിയുടെ പ്രവാചകത്വം ആദ്യം അംഗീകരിച്ചതും അദ്ദേഹത്തിൽ വിശ്വസിച്ചതും പ്രിയപത്നി ഖദീജാ ബീവിയാണ്. അവരോടൊപ്പം താമസിച്ചിരുന്ന ബാലനായ അലിയും വൈകാതെ സന്മാർഗം സ്വീകരിച്ചു. തുടർന്ന് മക്കയിലെ സ്വഫാ താഴ്വരയിൽ തന്റെ അടുത്ത ബന്ധുക്കളെ വിളിച്ചുകൂട്ടി. തുടർന്ന് മലമുകളിൽ കയറി അവരോടിങ്ങനെ ചോദിച്ചു: “”ഇൗ മലയുടെ മറുഭാഗത്ത് നിങ്ങളെ ആക്രമിക്കാൻ സൈന്യം താവളമടിച്ചിട്ടുണ്ടെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?” “”തീർച്ചയായും. നിന്നെ വിശ്വസിക്കാതിരിക്കാൻ ഞങ്ങൾ ഒരു കാരണവും കാണുന്നില്ല. ഇന്നോളം താങ്കൾ കളവുപറഞ്ഞതായി ഞങ്ങൾക്ക് അനുഭവമില്ല’ അവിടെ കൂടിയവരെല്ലാം വിളിച്ചു പറഞ്ഞു. തന്റെ വിശ്വസ്തത കേൾവിക്കാരെക്കൊണ്ട് അംഗീകരിപ്പിച്ച ശേഷം പ്രവാചകൻ അവരോട് പറഞ്ഞു: “കൊടിയ ശിക്ഷയെക്കുറിച്ച് താക്കീത് നൽകുന്നവനാണ് ഞാൻ. എന്റെ അടുത്ത ബന്ധുക്കൾക്ക് മുന്നറിയിപ്പ് നൽകാൻ ദൈവം എന്നോട് കൽപിച്ചിരിക്കുന്നു. അതിനാൽ, അല്ലാഹുവല്ലാതെ വേറെ ദൈവമില്ലെന്ന് നിങ്ങൾ പ്രഖ്യാപിക്കുക. നിങ്ങൾ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്ക് ഇൗ ലോകത്ത് എന്തെങ്കിലും നേട്ടമോ പരലോകവിജയമോ ഉറപ്പു നൽകാൻ എനിക്ക് സാധ്യമല്ല.”

ഇതു കേട്ടപ്പോഴേക്കും പ്രവാചകന്റെ പിതൃവ്യൻ അബൂലഹബ് അത്യധികം പ്രകോപിതനായി. കോപാധിക്യത്താൽ അയാൾ അലറി: “”നിനക്ക് നാശം! ഇത് പറയാനാണോ നീ ഞങ്ങളെ ഇവിടെ ഒരുമിച്ചു കൂട്ടിയത്!”

മൗലിക സന്ദേശം

പ്രവാചകൻ പ്രബോധനം ചെയ്ത അടിസ്ഥാന കാര്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം: ഇൗ പ്രപഞ്ചത്തെയും അതിലുള്ള സകലതിനെയും സൃഷ്ടിച്ചതും സംരക്ഷിക്കുന്നതും സർവശക്തനായ ഏകദൈവമാണ്. അവൻ അനാദിയും അനന്ത്യനുമാണ്. പരമകാരുണികനും നീതിമാനുമാണ്. പദാർഥാതീതനും അവിഭാജ്യനുമാണ്. സർവജ്ഞനും നിരാശ്രയനുമാണ്. അവന് സമന്മാരോ സദൃശരോ ഇല്ല.

ദൈവത്തിനു മാത്രമേ അഭൗതികമായ അറിവുള്ളൂ. കാര്യകാരണ ബന്ധങ്ങൾക്കതീതമായി ഗുണമോ ദോഷമോ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ അവനല്ലാതെ ആർക്കും സാധ്യമല്ല. അതിനാൽ അവനെ മാത്രമേ ആരാധിക്കാവൂ. സഹായാർഥനയും പ്രാർഥനയും അവനോട് മാത്രമേ പാടുള്ളൂ.

നമുക്ക് ശരീരവും ശാരീരികാവയവങ്ങളും ജീവനും ജീവിതവും ആയുസ്സും ആരോഗ്യവും നൽകിയത് ദൈവമാണ്. അതിനാൽ അവനാണ് നമ്മുടെ യഥാർഥ നാഥനും ഉടമയും. അവനല്ലാതെ സംരക്ഷകനും യജമാനനുമില്ല. ദൈവത്തിനു മാത്രമേ മനുഷ്യന്റെ മേൽ പരമാധികാരമുള്ളൂ. മുഴു ജീവിതമേഖലകളിലും നാം സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ടത് ദൈവിക നിയമങ്ങളാണ്. ആരും അവനെയല്ലാതെ നിരുപാധികം അനുസരിക്കരുത്. അവന്റേതല്ലാത്ത അടിമത്തം അംഗീകരിക്കരുത്.

മനുഷ്യജീവിതം മരണത്തോടെ അവസാനിക്കുന്നില്ല. ഇഹലോകം കർമ വേദിയാണ്. ജീവിതം ഒരു പരീക്ഷണമാണ്. വിചാരണയും വിധിയും കർമഫലവും മരണശേഷം പരലോകത്താണ്. എെഹികജീവിതം ക്ഷണികവും പരലോകജീവിതം ശാശ്വതവുമാണ്. ഭൂമിയിൽ ദൈവശാസന പാലിച്ച് സൽകർമിയായി ജീവിച്ചാൽ പരലോകത്ത് സങ്കൽപിക്കാനാവാത്ത സുഖസൗകര്യങ്ങളുള്ള സ്വർഗം പ്രതിഫലമായി ലഭിക്കും. ദൈവധിക്കാരിയായി ദുഷ്ടജീവിതം നയിച്ചാൽ കണക്കാക്കാനാവാത്ത കഷ്ടതകൾ നിറഞ്ഞ നരകശിക്ഷയാണുണ്ടാവുക.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എല്ലാ കാലത്തും നിയോഗിതരായ പ്രവാചകന്മാരെല്ലാം ഒരേ സന്ദേശമാണ് പ്രബോധനം ചെയ്തത്.
അവരെയെല്ലാം അംഗീകരിച്ചും സത്യപ്പെടുത്തിയുമാണ് മുഹമ്മദ് നബി നിയോഗിതനായത്. അവർക്കെല്ലാം നൽകിയ സന്ദേശങ്ങളുടെ സാരാംശവും സമഗ്രവുമായ രൂപമാണ് അന്ത്യപ്രവാചകനിലൂടെ അവതീർണമായത്.

മനുഷ്യൻ ആദരണീയനാണ്. ഏറ്റവും നല്ല ഘടനയോടെയാണ് അവനെ സൃഷ്ടിച്ചത്. എല്ലാ മനുഷ്യരും ഒരേ ദൈവത്തിന്റെ സൃഷ്ടികളെന്ന പോലെ ഒരേ മാതാപിതാക്കളുടെ മക്കളുമാണ്. അതിനാൽ അവരെല്ലാം സമന്മാരും ഏകോദര സഹോദരങ്ങളുമാണ്.

മനുഷ്യജീവൻ ഏറെ വിലപ്പെട്ടതാണ്. ആർക്കും ജീവൻ നൽകാൻ കഴിയാത്ത മനുഷ്യൻ അന്യായമായി ആരുടെയും ജീവൻ ഹനിക്കരുത്. ഒരു മനുഷ്യനെ കൊല്ലുന്നത് ലോകത്തുള്ള മുഴുവൻ മനുഷ്യരെയും കൊല്ലുന്നത് പോലെയാണ്. ഒരാൾക്ക് ജീവിതമേകുന്നത് മുഴുവൻ മനുഷ്യരെയും ജീവിപ്പിക്കുന്ന പോലെയും.

ദൈവം മനുഷ്യനിൽനിന്ന് ഒട്ടും അകലെയല്ല. അവന്റെ കണ്ഠനാഡിയേക്കാൾ അവനോടടുത്താണ്. അവന്റെ മനോമന്ത്രങ്ങൾ പോലും ദൈവം അറിയുന്നു. കണ്ണിന്റെ കട്ടുനോട്ടങ്ങൾ പോലും സൂക്ഷ്മമായി അറിയുന്നു. ആർക്കും ഒരു നിമിഷംപോലും ദൈവത്തിൽനിന്ന് മറഞ്ഞു നിൽക്കാനാവില്ല. ദൈവ സാന്നിധ്യത്തെ സംബന്ധിച്ച ഇൗ സജീവ ബോധം സദാ നിലനിർത്തണം.

മാതാപിതാക്കൾ, മക്കൾ, ഇണകൾ, അയൽക്കാർ, അഗതികൾ, അനാഥകൾ, തൊഴിലാളികൾ, തൊഴിലുടമകൾ എല്ലാവർക്കുമിടയിലെ പരസ്പരബന്ധം എവ്വിധമായിരിക്കണമെന്ന് പഠിപ്പിക്കുകയും വിശ്വാസം, ജീവിതവീക്ഷണം, വികാരം, വിചാരം, ആചാരം, ആരാധന, അനുഷ്ഠാനം, സ്വഭാവം, പെരുമാറ്റം, കുടുംബകാര്യങ്ങൾ, സാമ്പത്തിക ക്രമങ്ങൾ, സദാചാര നിർദേശങ്ങൾ, സാംസ്കാരിക വ്യവസ്ഥകൾ, ധാർമിക തത്ത്വങ്ങൾ എല്ലാം ഉൾക്കൊള്ളുകയും ചെയ്യുന്ന സമഗ്രമായ ജീവിത വ്യവസ്ഥയാണ് പ്രവാചകനിലൂടെ സമർപ്പിതമായത്. ഇതിന്റെ പ്രബോധനമാണ് അദ്ദേഹം
നിർവഹിച്ചു കൊണ്ടിരുന്നത്.

പ്രലോഭനവും പീഡനവും
ശീലിച്ചുപോന്ന ജീവിത ശൈലികളോടും ആചരിച്ചുവന്ന ചര്യകളോടും പിന്തുടർന്നുപോന്ന പാരമ്പര്യങ്ങളോടും വിടപറയാൻ ഏറെപ്പേരും വിമുഖത കാണിക്കും. അതിനാൽ അവ പരിരക്ഷിക്കാൻ ഏതറ്റംവരെയും പോകാൻ അവർ തയ്യാറായിരിക്കും.

അതുകൊണ്ടുതന്നെ മക്കാനിവാസികളിൽ മഹാഭൂരിപക്ഷവും പ്രവാചകനെ കഠിനമായി എതിർത്തു. വംശീയവും ഗോത്രപരവും കുടുംബപരവുമായ കാരണങ്ങളും സാമ്പത്തികവും അധികാരപരവുമായ താൽപര്യങ്ങളും അവരെ എതിർപക്ഷത്ത് അണിനിരത്തുന്നതിൽ അനൽപമായ പങ്കുവഹിച്ചു.

അവർ പ്രവാചകനെയും അനുയായികളെയും നിർദയം പീഡിപ്പിച്ചു. രൂക്ഷമായി ആക്ഷേപിച്ചു. കഠിനമായി പരിഹസിച്ചു. അതൊന്നും ഫലിക്കാതെ വന്നപ്പോൾ പ്രലോഭനങ്ങളിലൂടെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

അവരെ പ്രതിനിധീകരിച്ച് റബീഅയുടെ മകൻ ഉത്ബ പ്രവാചകനെ സമീപിച്ചു.

അദ്ദേഹം പറഞ്ഞു: “സഹോദര പുത്രാ, താങ്കൾ ഞങ്ങളിലെ മാന്യനാണ്. കുലീന കുടുംബത്തിലെ അംഗമാണ്. എന്നാൽ താങ്കളിപ്പോൾ രംഗത്തിറങ്ങിയത് താങ്കളുടെതന്നെ ആൾക്കാർക്ക് അപകടം വരുത്തുന്ന കാര്യവുമായാണ്. അത് അവരുടെ കെട്ടുറപ്പ് തകർത്തിരിക്കുന്നു. കൂട്ടായ്മക്ക് കോട്ടം വരുത്തിയിരിക്കുന്നു. അതിനാൽ ഇതൊന്നു കേൾക്കൂ; ഏറെ ഗുണകരവും സ്വീകാര്യവുമായ ചില കാര്യങ്ങൾ ഞാൻ പറയാം. നിന്റെ ഇൗ പുതിയ മതംകൊണ്ട് പണംനേടലാണ് ലക്ഷ്യമെങ്കിൽ ഏറ്റവും വലിയ സമ്പന്നനാകാനാവശ്യമായ സ്വത്ത് ഞങ്ങൾ തരാം. നേതൃത്വമാണ് ഉദ്ദേശ്യമെങ്കിൽ താങ്കളെ ഞങ്ങളുടെ നേതാവാക്കാം. താങ്കളുടെ ഇഷ്ടത്തിനെതിരായി ഞങ്ങളൊന്നും ചെയ്യുകയില്ല. ഭരണമാണ് വേണ്ടതെങ്കിൽ ഞങ്ങൾ താങ്കളെ ഞങ്ങളുടെ രാജാവാക്കാം. ഏതെങ്കിലും പെണ്ണിനെ സ്വന്തമാക്കലാണ് ലക്ഷ്യമെങ്കിൽ അറേബ്യയിലെ ഏറ്റവും സുന്ദരിയെ താങ്കൾക്ക് വിവാഹം ചെയ്തുതരാം. ഇനി ഇതൊന്നുമല്ലാത്ത, താങ്കൾക്കു തന്നെ തടുക്കാനാവാത്ത വല്ല ജിന്നുബാധയുമാണ് ഇതൊക്കെ വിളിച്ചു പറയാൻ കാരണമെങ്കിൽ താങ്കളെ ഞങ്ങൾ വേണ്ട വിധം ചികിത്സിക്കാം. അതിനാവശ്യമായ സമ്പത്ത് ഞങ്ങൾ ചെലവഴിച്ചു കൊള്ളാം.’
ഉത്ബയുടെ നിർദേശം ശ്രദ്ധാപൂർവം കേട്ട പ്രവാചകൻ ഖുർആനിലെ മുപ്പത്തിരണ്ടാം അധ്യായം പാരായണം ചെയ്ത് കേൾപ്പിച്ചു. അത്യാകർഷകമായ ആ വചനങ്ങൾ ഉത്ബ ഏറെ താൽപര്യത്തോടെയാണ് കേട്ടത്.

മുഹമ്മദിന്റെ ലക്ഷ്യം പണമോ പെണ്ണോ പദവിയോ ഒന്നുമല്ലെന്ന് അതോടെ അദ്ദേഹത്തിന് ബോധ്യമായി. നിഷേധിക്കാനാവാത്ത സത്യമാണ് അദ്ദേഹം പറയുന്നതെന്നും വിജയത്തിന്റെ വഴിയിലേക്കാണ് ജനങ്ങളെ ക്ഷണിക്കുന്നതെന്നും അയാളുടെ മനസ്സ് മന്ത്രിച്ചു. അതുകൊണ്ടു തന്നെ പ്രവാചകനോട് കൂടുതലൊന്നും പറയാനുണ്ടായിരുന്നില്ല. അദ്ദേഹം തന്നെ നിയോഗിച്ചവരെ സമീപിച്ച് പറഞ്ഞു: “മുഹമ്മദിന്റെ കാര്യം അറബികൾക്ക് പൊതുവായി വിട്ടുകൊടുക്കുക. അവർ അവനുമായി എതിരിടട്ടെ. ജയിക്കുന്നത് അറബികളാണെങ്കിൽ അതോടെ പ്രശ്നം പരിഹരിക്കപ്പെടും. അഥവാ മുഹമ്മദാണ് ജയിക്കുന്നതെങ്കിൽ അതിന്റെ നേട്ടവും സൽപേരും നമുക്ക് തന്നെയാണല്ലോ.’

എന്നാൽ ഉത്ബയുടെ ഇൗ അഭിപ്രായം പ്രവാചകന്റെ എതിരാളികൾക്ക് സ്വീകാര്യമായില്ല. അവർ ശത്രുതക്ക് ശക്തി കൂട്ടി. ക്രൂരത കടുപ്പിച്ചു.

പ്രവാചകന്റെ അനുയായികളിൽ പലരേയും ക്രൂരമായ പീഡനങ്ങൾക്കിരയാക്കി. വൃദ്ധനായ യാസിറിനെയും മകൻ അമ്മാറിനെയും റബാഹ് മകൻ ബിലാലിനെയും ദിവസങ്ങളോളം കഠിനമായ മർദനങ്ങൾക്കിരയാക്കി. നട്ടുച്ചനേരത്ത് ചുട്ടുപഴുത്ത മണലിൽ കിടത്തി നെഞ്ചിൽ കരിങ്കല്ല് കയറ്റിവെച്ച് കയറിൽ കെട്ടിവലിച്ചിഴക്കുകയും ചാട്ടവാർ കൊണ്ടടിച്ച് തൊലിയുരിക്കുകയും ചെയ്തു. അമ്മാറിന്റെ മാതാവ് സുമയ്യ ബീവിയെ കൊടിയ മർദനങ്ങൾക്കിരയാക്കി അവസാനം ജനനേന്ദ്രിയത്തിൽ കുന്തം കുത്തി കൊലപ്പെടുത്തി. അപ്പോഴൊക്കെയും പ്രവാചകൻ അവരോട് പറഞ്ഞു കൊണ്ടിരുന്നു: “യാസിർ കുടുംബമേ, ക്ഷമിക്കൂ. ഉറപ്പായും നിങ്ങളുടെ വാഗ്ദത്ത സ്ഥലം സ്വർഗമാണ്.’

അടിമയായിരുന്ന ബിലാൽ അനുഭവിച്ചു കൊണ്ടിരുന്ന പീഡനങ്ങൾ കണ്ട് സഹിക്കാനാവാതെ പ്രവാചകന്റെ ആത്മമിത്രമായ അബൂബക്കർ സിദ്ദീഖ് അദ്ദേഹത്തെ വിലയ്ക്കുവാങ്ങി സ്വതന്ത്രനാക്കി.

അനുയായികളെയെന്നപോലെ മുഹമ്മദ് നബിയെയും അവർ പരമാവധി ദ്രോഹിച്ചുകൊണ്ടിരുന്നു. അബൂലഹബിന്റെ ഭാര്യ ഉമ്മുജമീൽ അദ്ദേഹത്തിന്റെ വീട്ടിനു മുമ്പിൽ കല്ലും മുള്ളും മാലിന്യങ്ങളും കൊണ്ടുവന്നിടുക പതിവാക്കി. നമസ്കാരവേളയിൽ സാംഷ്ടാംഗത്തിലായിരിക്കെ കഴുത്തിൽ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടൽമാല കൊണ്ടുവന്നിട്ടത് കാരണം തല ഉയർത്താൻ വയ്യാത്ത അവസ്ഥയുണ്ടായി. പ്രവാചകന്റെ മകൾ ഫാത്വിമയാണ് അതെടുത്ത് മാറ്റിയത്.

ഇത്തരം ക്രൂരമർദനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കെ അടുത്ത അനുയായിയായ ഒൗഫ് മകൻ അബ്ദുർറഹ്മാൻ പ്രവാചകനെ സമീ
പിച്ച് പ്രതികാരത്തിന് അനുവാദം ചോദിച്ചു. എന്നാൽ, അദ്ദേഹം അതംഗീകരിച്ചില്ല. അദ്ദേഹം തന്റെ അനുയായികളോട് പറഞ്ഞു: “അരുത്. മാപ്പ് നൽകാനാണ് ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നത്.’

ഖുർആൻ പ്രവാചകനോടും അതിന്റെ മുഴുവൻ അനുയായികളോടും ആവശ്യപ്പെടുന്നത് തിന്മയെ നന്മകൊണ്ട് തടയാനാണല്ലോ. ഖുർആനിൽ ദൈവം പറയുന്നു: “നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവുംനല്ല നന്മകൊണ്ട് തടയുക. അപ്പോൾ നിന്നോട് ശത്രുതയിൽ കഴിയുന്നവൻ ആത്മമിത്രത്തെപ്പോലെയായിത്തീരും. ക്ഷമ പാലിക്കുന്നവർക്കല്ലാതെ ഇൗ നിലവാരത്തിലെത്താനാവില്ല. മഹാഭാഗ്യവാനല്ലാതെ ഇൗ പദവി ലഭ്യമല്ല.’ (41: 34,35)

പ്രതിയോഗികളുടെ ഹീനശ്രമങ്ങളൊക്കെയും പരാജയപ്പെടുകയായിരുന്നു. കടുത്ത അഹങ്കാരവും കൊടിയ ധിക്കാരവും ഗോത്ര മഹിമയുടെ പേരിലുള്ള അസൂയയും പകയുമാണ് സൻമാർഗസ്വീകരണത്തിൽനിന്ന് പലരേയും തടഞ്ഞിരുന്നത്. പ്രവാചകനുമായി ആരും ബന്ധപ്പെടാതിരിക്കാനും ഖുർആൻ കേൾക്കാതിരിക്കാനും പ്രതിയോഗികൾ പല ശ്രമങ്ങളും നടത്തിക്കൊണ്ടിരുന്നു.

എന്നിട്ടും പലരും പ്രവാചകനെ പിൻതുടർന്ന് സന്മാർഗം സ്വീകരിച്ചു കൊണ്ടിരുന്നു. സമൂഹത്തിൽ ഏറെ ആദരവും അംഗീകാരവുമുള്ള വളരെ പ്രഗൽഭരും കരുത്തരും ധീരരുമായ ഉമറും ഹംസയുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. പ്രവാചകത്വത്തിന്റെ ആറാംവർഷമാണ് അവർ പ്രവാചകന്റെ പാത പിന്തുടർന്നത്.

ഗത്യന്തരമില്ലാതെ ശത്രുക്കൾ അബൂത്വാലിബിനെ സമീപിച്ചു. അദ്ദേഹത്തോട് പ്രവാചകന് നൽകിക്കൊണ്ടിരുന്ന പിന്തുണ പിൻവലിക്കാനാവശ്യപ്പെട്ടു. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ സാമൂഹ്യബഹിഷ്കരണത്തിന് വിധേയമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതോടെ അബൂ ത്വാലിബ് കടലിനും ചെകുത്താനുമിടയിലെന്ന അവസ്ഥയിലായി. ഒരു ഭാഗത്ത് സഹോദരപുത്രനോടുള്ള അതിരുകളില്ലാത്ത സ്നേഹം, മറുഭാഗത്ത് സമൂഹത്തിൽനിന്ന് ഒറ്റപ്പെടുമോ എന്നുള്ള ഭയം. നിസ്സഹായനായ അബൂത്വാലിബ് പ്രവാചകനെ അടുത്തുവരുത്തി സ്നേഹപൂർവം പറഞ്ഞു: “മോനേ, നിന്നെ സഹായിക്കരുതെന്നാണ് നിന്റെ ജനത എന്നോടാവശ്യപ്പെടുന്നത്. അല്ലെങ്കിൽ നീ നിന്റെ പുതിയമതം ഉപേക്ഷിക്കണമെന്നും. അതിനാൽ എനിക്ക് ചുമക്കാനാവാത്ത ഭാരം എന്നെ വഹിപ്പിക്കരുതേ.’

പിതൃവ്യന്റെ വാക്കുകൾ പ്രവാചകനെ ഒരു നിമിഷം സ്തബ്ധനാക്കിയെങ്കിലും ഒട്ടും തളർത്തിയില്ല. ശാന്തത കൈവിടാതെ ദൃഢസ്വരത്തിൽ പറഞ്ഞു: “ദൈവമാണ് സാക്ഷി! ഇൗ ജനം എന്റെ വലതു കൈയിൽ സൂര്യനും ഇടതു കൈയിൽ ചന്ദ്രനും വെച്ചുതന്നാലും ഞാൻ ഇൗ ഉദ്യമത്തിൽനിന്ന് പിന്തിരിയുകയില്ല. ഒന്നുകിൽ എന്റെ ശ്രമം വിജയിക്കും. അല്ലെങ്കിൽ ഇൗ മാർഗത്തിൽ എന്റെ ജീവൻ ബലിയർപ്പിക്കപ്പെടും.’
അതോടെ അബൂത്വാലിബ് ധീരമായ സമീപനം സ്വീകരിച്ചു. അദ്ദേഹം പ്രവാചകനോടിങ്ങനെ പറഞ്ഞു: “നീ പോയി നിന്റെ ഇഷ്ടാനുസരണം പ്രവർത്തിച്ചു കൊള്ളുക. എന്തുവന്നാലും ഞാൻ നിന്നെ കൈവിടില്ല. നേരിയ പോറൽപോലും നിനക്കേൽപിക്കാൻ ആർക്കും സാധ്യമല്ല.’

ഇൗ വാക്കുകൾ മുഹമ്മദ് നബിക്ക് അനൽപമായ ആശ്വാസം നൽകി. അദ്ദേഹം തന്റെ പ്രബോധനപ്രവർത്തനങ്ങൾ കൂടുതൽ ഉൗർജസ്വലമായി തുടർന്നു.

സാമൂഹ്യബഹിഷ്കരണം
പ്രവാചകനും അനുയായികൾക്കുമെതിരെയുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ എതിരാളികൾ അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ ഉപരോധം ഏർപ്പെടുത്തി. സാമൂഹ്യബഹിഷ്കരണം പ്രഖ്യാപിച്ചു. പ്രവാചകത്വത്തിന്റെ ഏഴാംവർഷം ഒന്നാം മാസത്തിലായിരുന്നു ഇത്. ശത്രുക്കളുടെ മുന്നണിയിലുണ്ടായിരുന്ന ഖുറൈശികളുടെ നേതാവ് അബൂജഹലാണ് ഇതിന് നേതൃത്വംനൽകിയത്. പ്രവാചകനും അനുയായികളും കടുത്ത ദാരിദ്ര്യത്തിലും കൊടിയ കഷ്ടപ്പാടുകളിലും അകപ്പെട്ടു. വിശപ്പിന്റെ കാഠിന്യം കാരണം പച്ചിലകൾ പോലും പറിച്ചുതിന്നാൻ അവർ നിർബന്ധിതരായി. എന്നാൽ, ഇൗ ദുരിത നാളുകളിലും ചില സുമനസ്സുകൾ വളരെ രഹസ്യമായി ആഹാരപദാർഥങ്ങൾ എത്തിച്ചു കൊടുത്തിരുന്നു.

തുല്യതയില്ലാത്ത കഷ്ടപ്പാടുകളുടെ ഇൗ നാളുകളിലും പ്രവാചകനും അനുചരന്മാരും അത്ഭുതകരമായ ക്ഷമപാലിച്ചു. അവരുടെ അതുല്യമായ ഇൗ ത്യാഗം പലരിലും വലിയ മതിപ്പുളവാക്കി. അവരിൽ ചിലരെങ്കിലുംവിശ്വാസികളോട് അകമഴിഞ്ഞ് സഹതാപം പ്രകടിപ്പിച്ചു. അപൂർവം ചിലർ സന്മാർഗം പ്രാപിക്കാനും ഇത് കാരണമായി.

ബഹിഷ്കരണം മൂന്നുകൊല്ലം പിന്നിട്ടതോടെ ചില നല്ലമനുഷ്യർ രംഗത്തുവന്നു. അംറിന്റെ മകൻ ഹിശാമും അബൂഉമയ്യ മകൻ സുഹൈറും ബഹിഷ്കരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു. അബൂജഹൽ അതിനെ എതിർത്തെങ്കിലും അവർ തങ്ങളുടെ തീരുമാനവുമായി മുന്നോട്ടു പോയി. അങ്ങനെ കഅ്ബയിൽ എഴുതി പതിപ്പിച്ചിരുന്ന കരാർ കീറിക്കളയാൻ ചെന്നപ്പോഴേക്കും അത് ചിതൽ തിന്നിരുന്നു. അതോടെ സാമൂഹ്യ ബഹിഷ്കരണത്തിന് അറുതിയായി. പ്രവാചകത്വത്തിന്റെ ഒമ്പതാം വർഷാവസാനത്തിലാണ് ഇത് സംഭവിച്ചത്.

ഇരട്ട നഷ്ടം പ്രവാചകത്വത്തിന്റെ പത്താം വർഷം അദ്ദേഹത്തിന് എല്ലാ പ്രതിസന്ധികളിലും പൂർണ പിന്തുണ നൽകിയിരുന്ന, കടുത്ത പ്രതിസന്ധികളെ മറികടക്കാൻ കരുത്തേകിയ പിതൃവ്യൻ അബൂത്വാലിബ് പരലോകം പ്രാപിച്ചു. അതേവർഷം പ്രവാചകന് താങ്ങും തണലും ഇണയും തുണയുമായി നിലകൊണ്ട പ്രിയതമ ഖദീജാ ബീവിയും അദ്ദേഹത്തോട് വിട പറഞ്ഞു. മാതൃതുല്യമായ പരിലാളനയും സഹപ്രവർത്തകയുടെ സഹകരണവും സഹധർമിണിയുടെ സ്നേഹവാത്സല്യവും സമ്മാനിച്ച് ഖദീജാ ബീവി നബിതിരുമേനിക്ക് സദാ സാന്ത്വനവും ആശ്വാസവും നൽകി. ആരെയും അത്ഭുതപ്പെടുത്തുന്ന മധുരമനോഹര, സുന്ദരസുരഭില ദാമ്പത്യമായിരുന്നു അവരുടേത്. ഒരിക്കൽ പോലും അലോസരമുണ്ടാക്കുന്ന ഒരക്ഷരംപോലും പരസ്പരം പറഞ്ഞതായി ആരും രേഖപ്പെടുത്തിയിട്ടില്ല. അതോടൊപ്പം അവർക്കിടയിൽ ഏറെ കൗതുകകരമായ അനേകം മധുരഭാഷണങ്ങൾ നടന്നതായി ചരിത്രം കുറിച്ചിട്ടിരിക്കുന്നു.

കൊടിയ പീഡനങ്ങൾ ഏറ്റു വാങ്ങിയ പ്രതിസന്ധിഘട്ടങ്ങളിലും പ്രിയപ്പെട്ട മക്കൾ മരണപ്പെട്ട വേർപാടിന്റെ വേദനയുടെ വേളകളിലും അവർ പരസ്പരം ആശ്വസിപ്പിച്ചു. അങ്ങനെ സുഖദുഃഖങ്ങൾ പങ്കിട്ട കൂട്ടുജീവിതത്തിൽ നിന്ന് ഇണക്കിളി പാറിപ്പറന്നു പോയത് പ്രവാചകനെ ദുഃഖത്തിലാഴ്ത്തി. എന്നിട്ടും ഇൗ ഇരട്ട നഷ്ടത്തെ എല്ലാം ദൈവത്തിലർപ്പിച്ച് മനസ്സമാധാനത്തോടെ അഭിമുഖീകരിച്ചു. എന്നാൽ അബൂത്വാലിബിന്റെ അസാന്നിധ്യം പ്രവാചകന്റെ മക്കയിലെ ജീവിതം ഏറെ പ്രയാസകരമാക്കി. അങ്ങനെയാണ് അദ്ദേഹം ത്വാഇഫിൽ അഭയംതേടാൻ തീരുമാനിച്ചത്. മക്കയുടെ അടുത്ത പ്രദേശമാണത്.

അവിടെ മുഹമ്മദ് നബിയുടെ അകന്ന രക്തബന്ധുക്കളുണ്ടായിരുന്നു. അദ്ദേഹത്തിന് കുഞ്ഞുനാളിൽ മുലകൊടുത്ത ഹലീമാബീവിയുടെ കുടുംബം അതിനടുത്തായിരുന്നു. ഇക്കാരണങ്ങളാലെല്ലാം അവിടത്തുകാർ തന്നെ കൈയ്യൊഴിക്കില്ലെന്ന് പ്രവാചകൻ പ്രതീക്ഷിച്ചു. അങ്ങനെ പ്രവാചകത്വത്തിന്റെ പത്താംവർഷം അദ്ദേഹം ത്വാഇഫിലേക്ക് പുറപ്പെട്ടു. സൈദുബ്നു ഹാരിസ് മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ. പരമരഹസ്യമായാണ് ഇരുവരും അവിടേക്ക് പോയത്.

പ്രാർഥന ശത്രുക്കൾക്കുവേണ്ടി
കല്ലും മുള്ളും കുണ്ടും കുഴിയും താണ്ടി ദുർഘടമായ വഴിയിലൂടെ കാൽനടയായി സഞ്ചരിച്ച് ത്വാഇഫിലെത്തിയ പ്രവാചകൻ അവിടത്തെ പ്രമുഖരായ മൂന്ന് പേരെക്കണ്ട് ഇസ്ലാമിനെ പരിചയപ്പെടുത്തി. തുടർന്ന് അവരോട് അഭയം തേടി. അവരാരും അതംഗീകരിച്ചില്ല. അതോടൊപ്പം പ്രവാചകനെ രൂക്ഷമായി ആക്ഷേപിക്കുകയും ശകാരിക്കുകയും ചെയ്തു. അഭയം നിഷേധിച്ച സാഹചര്യത്തിൽ താനിവിടെ വന്നതും സഹായം തേടിയതും മക്കയിലെ ശത്രുക്കളെ അറിയിക്കരുതെന്ന് മുഹമ്മദ് നബി അവരോടഭ്യർഥിച്ചു. എന്നാൽ അതും അവരംഗീകരിച്ചില്ല. അവർ ഉടനെ ശത്രുക്കൾക്ക് വിവരം നൽകി. അതോടൊപ്പം അദ്ദേഹത്തിന് ചുറ്റും കൂടി തെറിവിളിക്കാനും പുലഭ്യം പറയാനും അങ്ങാടിപ്പിള്ളേരെ ചുമതലപ്പെടുത്തി.

മുറിവേറ്റ ശരീരവും മനസ്സുമായി മുഹമ്മദ് നബി മക്കയിലേക്ക് മടങ്ങി. കഠിനമായ ക്ഷീണം കാരണം റബീഅയുടെ മക്കളായ ഉത്ബയുടെയും ശൈബയുടെയും തോട്ടത്തിൽ പ്രവേശിച്ച് അവിടെ വിശ്രമിച്ചു. അപ്പോൾ ത്വാഇഫുകാർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാൻ അനുവാദം ആരാഞ്ഞവർക്ക് അത് നൽകിയില്ലെന്ന് മാത്രമല്ല, അവർക്കു വേണ്ടി ഇങ്ങനെ പ്രാർഥിക്കുകയും ചെയ്തു: “എന്റെ ദൈവമേ, എന്റെ ജനതയെ നീ നേർവഴിയിൽ സഹായിക്കേണമേ. അവർക്ക് മാപ്പ് നൽകേണമേ. അവർ അറിവില്ലാത്ത ജനമാണ്.’

അബൂത്വാലിബിന്റെ അഭാവത്തിൽ മക്കയിൽ ജീവിതം സാധ്യമാകണമെങ്കിൽ പ്രഗൽഭനായ മുസ്ലിമല്ലാത്ത ഏതെങ്കിലും ഗോത്രത്തലവന്റെ പിന്തുണ അനിവാര്യമായിരുന്നു. അതിനാൽ അഖ്നസിനോട് സഹായം തേടി. അദ്ദേഹം തന്റെ നിസ്സഹായത വ്യക്തമാക്കി. അപ്പോൾ സുഹൈലിനോട് അഭയമാവശ്യപ്പെട്ടു. അദ്ദേഹവും അംഗീകരിച്ചില്ല. അങ്ങനെയാണ് അദിയ്യിന്റെ മകൻ മുത്വ്ഇമിന്റെ സംരക്ഷണം തേടുന്നത്. അദ്ദേഹം പ്രവാചകന് അഭയം നൽകാമെന്ന് സമ്മതിച്ചു. അദ്ദേഹത്തെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അന്ന് രാത്രി മുഹമ്മദ് നബി മുസ്ലിമല്ലാത്ത ഗോത്രനേതാവ് മുത്വ്ഇമിന്റെ വീട്ടിലാണ് താമസിച്ചത്. മുത്വ്ഇം പിറ്റേന്ന് രാവിലെ ആറ്മക്കളെയും കൂട്ടി കഅ്ബയുടെ അടുത്ത് ചെന്ന് പ്രവാചകന് അഭയം നൽകിയതായി വിളംബരംചെയ്തു. മക്കയിൽ ജീവിച്ച തുടർന്നുള്ള മൂന്ന് വർഷവും അദ്ദേഹത്തിന്റെ സംരക്ഷണത്തിലാണ് മുഹമ്മദ് നബി ജീവിച്ചത്. പ്രവാചകത്വത്തിന് ശേഷമുള്ള പതിമൂന്ന് വർഷവും മുസ്ലിമല്ലാത്ത പ്രഗൽഭരുടെ സംരക്ഷണം സ്വീകരിച്ചാണ് പ്രവാചകൻ തന്റെ സത്യ
പ്രബോധന ദൗത്യം നിർവഹിച്ചതെന്നർഥം.

പുതിയ ഇടം തേടി

മക്കയിലെ സുമനസ്സുകളൊക്കെയും സന്മാർഗം സ്വീകരിച്ചു. അതിനാൽ ഇനിയവിടെ സമയം ചെലവഴിക്കുന്നത് പാഴ്വേലയായിരിക്കും. അതിനാൽ അനുയോജ്യമായ പുതിയ ഇടം കണ്ടെത്തേണ്ടതുണ്ടായിരുന്നു.പ്രവാചകത്വത്തിന്റെ പത്താം വർഷം യഥ്രിബിൽനിന്ന് മക്കയിലെത്തിയ ആറുപേർ പ്രവാചകനെ സമീപിച്ചു. അദ്ദേഹം അവർക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തിക്കൊടുത്തു. അതോടെ അവർ സന്മാർഗം സ്വീകരിച്ചു. അവരിലൂടെ ഇസ്ലാമിനെ മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്ത 12 പേർ അടുത്ത വർഷം മക്കയുടെ അടുത്തുള്ള അഖബയിൽ വെച്ച് പ്രവാചകനുമായി സന്ധിച്ചു. അവരുമായി പ്രവാചകൻ കരാർ ചെയ്തു. “ദൈവത്തിൽ ആരെയും പങ്കു ചേർക്കാതിരിക്കുക, മോഷ്ടിക്കാതിരിക്കുക, വ്യഭിചരിക്കാതിരിക്കുക, കുട്ടികളെ കൊല്ലാതിരിക്കുക, വ്യഭിചാരാരോപണം നടത്താതിരിക്കുക, സൽകാര്യങ്ങളിലെല്ലാം പ്രവാചകനെ അനുസരിക്കുക’ ഇതൊക്കെയായിരുന്നു കരാർ വ്യവസ്ഥ.

യഥ്രിബ് നിവാസികൾക്ക് സത്യവ്യവസ്ഥയെ പരിചയപ്പെടുത്താനായി മുഹമ്മദ് നബി, മിസ്വ്അബിനെ അവരുടെ കൂടെ അയച്ചു കൊടുത്തു.

അങ്ങനെ ഇസ്ലാം സ്വീകരിച്ച രണ്ട് സ്ത്രീകളും 73 പുരുഷന്മാരും ഉൾപ്പെടുന്ന എഴുപത്തഞ്ചംഗസംഘം അടുത്ത വർഷം ഹജ്ജ് വേളയിൽ മക്കയിലെത്തി. പ്രവാചകത്വത്തിന്റെ പതിമൂന്നാം വർഷമായിരുന്നു അത്. നേരത്തേ തീരുമാനിച്ചതിനനുസരിച്ച് മുഹമ്മദ് നബി അവരുമായി സന്ധിച്ചു. കൂടെ പിതൃവ്യൻ അബ്ബാസുമുണ്ടായിരുന്നു. അപ്പോഴും അദ്ദേഹം മുസ്ലിമായിരുന്നില്ല. യഥ്രിബിൽ നിന്നെത്തിയവർ പ്രവാചകനുമായി കരാർ ചെയ്തു. അവരുടെ ക്ഷണം സ്വീകരിച്ച് പ്രവാചകനും അനുയായികളും യഥ്രിബിലെത്തിയാൽ അവരെ സ്വന്തത്തെയും സ്വന്തം കുടുംബക്കാരെയുമെന്നപോലെ സംരക്ഷിക്കുമെന്നതായിരുന്നു സന്ധിയിലെ പ്രധാന വ്യവസ്ഥ.

ഇസ്ലാമിന്റെ മുന്നേറ്റത്തിലെ അതിപ്രധാന സംഭവമാണ് ഹിജ്റ. മുഹമ്മദ്നബിയുടെ മക്കയിൽനിന്ന് യഥ്രിബിലേക്കുള്ള അതിജീവനയാത്ര. അതിന്് പശ്ചാത്തലമൊരുക്കിയ ഇൗ സന്ധി നടന്നത് അഖബയിൽ വെച്ചായിരുന്നതിനാൽ ഇത് ചരിത്രത്തിൽ “അഖബാ ഉടമ്പടി’ എന്ന പേരിൽ അറിയപ്പെടുന്നു. അങ്ങനെ പ്രവാചകനുവേണ്ടി ജീവൻ ബലിയർപ്പിക്കാൻ പോലും തയ്യാറാവുമെന്ന് യഥ്രിബ് നിവാസികൾ ഉറപ്പുനൽകി.

പരാജയപ്പെട്ട വധശ്രമം
അഖബ ഉടമ്പടിയെ തുടർന്ന് പ്രവാചകന്റെ അനുയായികൾ ഒരോരുത്തരായി യഥ്രിബിലേക്ക് പോകാൻ തുടങ്ങി. പരമരഹസ്യമായിട്ടായിരുന്നു യാത്ര. തങ്ങളുടെ മുഴുവൻ സമ്പാദ്യവും മക്കയിൽ ഉപേക്ഷിച്ചാണ് അവർ നാടു വിട്ടത്.

മുസ്ലിംകളുടെ സാന്നിധ്യം അവസാനിക്കുയാണല്ലോ എന്ന് കരുതി മക്കയിലെ ആദർശശത്രുക്കൾ സന്തോഷിക്കുകയല്ല ചെയ്തത്, കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്ന് ഭയപ്പെടുകയാണുണ്ടായത്. അതിനാലവർ കടുത്ത ഭയാശങ്കയിലായിരുന്നു. അതിനാൽ പ്രവാചകനെ മക്ക വിട്ടുപോകാൻ അനുവദിക്കരുതെന്ന് അവർ തീരുമാനിച്ചു, അതിനുമുമ്പായി കൊന്നുകളയണമെന്നും. അതിനായി അവിടത്തെ വിവിധ ഗോത്രങ്ങൾ ഒരിടത്ത് ഒരുമിച്ചു കൂടി. കൂടിയാലോചനയിലൂടെ അവരൊരു തീരുമാനമെടുത്തു. എല്ലാ ഗോത്രത്തിലെയും കരുത്തരായ ചെറുപ്പക്കാർ ഒരുമിച്ച് ചേർന്ന് മുഹമ്മദിനെ വധിക്കുക. അങ്ങനെ കുറ്റം എല്ലാവരുമായി ഏറ്റെടുക്കുക. അതോടെ പ്രതികാര സാധ്യത ഇല്ലാതാവുകയും പ്രശ്നങ്ങളെല്ലാം അവസാനിക്കുകയും ചെയ്യുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. തങ്ങളുടെ പദ്ധതി നടപ്പാക്കാനായി അവർ മുഹമ്മദ് നബിയുടെ വീട്
വളഞ്ഞു. അപ്പോൾ അദ്ദേഹം വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു. അദ്ദേഹം ഉണരാനായി അവർ കാത്തുനിന്നു. അതിനിടയിൽ അദ്ദേഹം അവിടെനിന്നും പുറംവാതിലിലൂടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. പിതൃവ്യപുത്രൻ അലിയെ തന്റെ വിരിപ്പിൽ കിടത്തിയാണ് പ്രവാചകൻ പുറത്തു കടന്നത്. മഹത്തായ മറ്റൊരു ദൗത്യവും പ്രവാചകൻ അദ്ദേഹത്തെ ഏൽപിച്ചിരുന്നു. തന്നെ സൂക്ഷിക്കാനേൽപിച്ച വസ്തുക്കൾ അവയുടെ ഉടമകൾക്ക് തിരിച്ചുകൊടുക്കലായിരുന്നു അത്. കടുത്ത ശത്രുതയിലായിരിക്കെ തന്നെയാണ് അവർ തങ്ങളുടെ ധനം സൂക്ഷിക്കാൻ പ്രവാചകനെ ഏൽപിച്ചതെന്നത് ഏറെ ശ്രദ്ധേയമാണ്.

തന്റെയും തന്റെ അനുയായികളുടെയും സമ്പാദ്യങ്ങളൊക്കെയും ശത്രുക്കളുടെ വശം വിട്ടേച്ച് പോകുമ്പോഴാണ് അവരുടെ ഇത്തിരി സൂക്ഷിപ്പു ധനം അവർക്ക് മടക്കിക്കൊടുക്കാൻ അലിയെ മക്കയിൽ നിർത്തിയതെന്നതും തീർത്തും അസാധാരണവും ഏവരിലും വിസ്മയമുണർത്തുന്നതുമത്രെ.

അനുയായികളെല്ലാം മക്ക വിട്ടശേഷം യാത്ര പുറപ്പെടാനായിരുന്നു പ്രവാചകന്റെ തീരുമാനം. ദൈവിക നിർദേശവും അതുതന്നെയായിരുന്നു. കൂടെ ആത്മമിത്രമായ അബൂബക്കർ സിദ്ദീഖ് ഉണ്ടാവണമെന്നും തീരുമാനിക്കപ്പെട്ടിരുന്നു. അദ്ദേഹമാണ് യാത്രക്കാവശ്യമായ തയ്യാറെടുപ്പുകളെല്ലാം ഒരുക്കിയത്. ശത്രുക്കളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട പ്രവാചകൻ അബൂബക്കർ സിദ്ദീഖിന്റെ വീട്ടിലെത്തി. നേരത്തേ തയ്യാറാക്കി നിർത്തിയിരുന്ന ഒട്ടകപ്പുറത്തു കയറി, മറ്റൊന്നിന്റെ പുറത്ത് അബൂബക്കർ സിദ്ദീഖും മകൻ അബ്ദുല്ലയും. ശത്രുക്കൾ അന്വേഷിച്ചു നടക്കുമ്പോൾ കാണാതിരിക്കാനായി യഥ്രിബിന്റെ ഭാഗത്തേക്ക് പോകുന്നതിന് പകരം എതിർദിശയിൽ യമനിലേക്കുള്ള വഴിയിൽ തെക്കോട്ടാണ് പോയത്.

അബൂബക്കർ സിദ്ദീഖിന്റെ ഭൃത്യൻ ഫുഹൈറ മകൻ ആമിറിനോട് ഒട്ടകക്കുളമ്പടയാളങ്ങൾ മായുംവിധം ആടുകളെ പിന്നാലെ തെളിച്ചു കൊണ്ടുവരുവാൻ കൽപിച്ചു. അവർ മക്കയുടെ മൂന്ന് കീലോമീറ്റർ തെക്ക് ചെങ്കുത്തായ മലയുടെ മുകളിലെ സൗർ ഗുഹാമുഖത്തെത്തിയപ്പോൾ അബൂബക്കർ സിദ്ദീഖ് മകൻ അബ്ദുല്ലയെയും ഒട്ടകത്തെയും തിരിച്ചയച്ചു. ശത്രുക്കളുടെ വർത്തമാനങ്ങളൊക്കെയും ശ്രദ്ധിച്ച് കേട്ട് വിവരമറിയിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. ആമിറിനോട് വൈകുന്നേരം ആടുകളെ ഗുഹാമുഖത്തു കൊണ്ടുവരുവാൻ ആവശ്യപ്പെട്ടു. അവയുടെ പാല് കറന്നു കുടിക്കലായിരുന്നു ലക്ഷ്യം. പ്രവാചകനും അബുബക്കർ സിദ്ദീഖും ആ ഗുഹയിൽ ഒളിച്ചിരുന്നു. പിറ്റേന്ന് അബ്ദുല്ലയും സഹോദരി അസ്മായും ഭക്ഷണവുമായി വന്നപ്പോൾ, പ്രവാചകനെയും അബൂബക്കർ സിദ്ദീഖിനെയും പിടികൂടുന്നവർക്ക് നൂറ് ഒട്ടകം ഇനാം പ്രഖ്യാപിക്കപ്പെട്ട വിവരമറിഞ്ഞു.

മൂന്നാം ദിവസം അഞ്ചാറുപേർ ഗുഹാമുഖത്തെത്തി. അവരുടെ സംസാരം കേട്ട് അബൂബക്കർ പ്രവാചകനെ പിടികൂടുമോയെന്ന് പേടിച്ച് അസ്വസ്ഥനായി. അപ്പോൾ അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ട് പ്രവാചകൻ പറഞ്ഞു. “താങ്കൾ ദുഃഖിക്കേണ്ട, ദൈവം നമ്മോടൊപ്പമുണ്ട്.’

ഗുഹാമുഖത്ത് ചിലന്തിവല ഉണ്ടായിരുന്നതിനാൽ അതിനകത്ത് ആരുമുണ്ടാവില്ലെന്ന് കരുതി അന്വേഷിച്ച് വന്നവർ തിരിച്ചു പോയി.
മൂന്ന് നാളുകൾക്ക് ശേഷം ശത്രുക്കൾ അന്വേഷണം ഉപേക്ഷിച്ചുവെന്ന് ഉറപ്പായപ്പോൾ മുഹമ്മദ് നബിയും അബൂബക്കർ സിദ്ദീഖും യഥ്രിബിലേക്ക് പുറപ്പെട്ടു. ക്രിസ്ത്വബ്ദം 622 സപ്തംബർ പതിനാറിന് തിങ്കളാഴ്ചയായിരുന്നു അത്. മുസ്ലിമല്ലാത്ത ഉറൈഖിദിന്റെ മകൻ അബ്ദുല്ലയായിരുന്നു അവരുടെ വഴികാട്ടി. ശത്രുക്കളുടെ കണ്ണിൽ പെടാതിരിക്കാൻ പതിവ് വഴി ഒഴിവാക്കി ചെങ്കടലിന്റെ തീരത്ത് കൂടെയായിരുന്നു അവരുടെ യാത്ര.

മുദ്ലജ് വംശക്കാരനിൽനിന്ന് അവരെക്കുറിച്ച് വിവരംലഭിച്ച സുറാഖ വാളുമായി കുതിരപ്പുറത്ത് പുറപ്പെട്ടു. അയാളുടെ മനസ്സ് നിറയെ നൂറ് ഒട്ടകങ്ങളായിരുന്നു.

കുതിരപ്പുറത്തായിരുന്നതിനാൽ സുറാഖക്ക് അവരുമായി സന്ധിക്കാൻ സാധിച്ചു. എങ്കിലും അവരെ പിടികൂടാനായില്ല. അടുത്തെത്തിയപ്പോഴേക്കും അയാളുടെ കുതിരയുടെ കാലുകൾ മണലിൽപൂണ്ടു. അതോടെ അയാൾ നിലംപതിച്ചു. പ്രവാചകൻ തന്നെയാണ് അദ്ദേഹത്തെ രക്ഷിച്ചത്. അതോടൊപ്പം വരുംകാലത്ത് സീസറിന്റെ സ്വർണവളകൾ അയാളുടെ കൈയിൽ അണിയിക്കപ്പെടുമെന്ന് പ്രവചിക്കുകയും ചെയ്തു. രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖിന്റെ കാലത്ത് റോമാ-പേർഷ്യൻ സാമ്രാജ്യങ്ങൾ തകർന്നപ്പോൾ ആൾക്കൂട്ടത്തിൽ വെച്ച് തന്നെ ഉമറുൽ ഫാറൂഖ് അദ്ദേഹത്തിന്റെ കൈകളിൽ ആ സ്വർണവളകളണിയിച്ചു.

ബഹുസ്വര മാനവിക രാഷ്ട്രം
ക്രിസ്ത്വബ്ദം 622 സെപ്തംബർ 23-ന് തിങ്കളാഴ്ച പ്രവാചകനും അബൂബക്കർ സിദ്ദീഖും ഖുബായിലെ ഇൗന്തപ്പനത്തോട്ടത്തിലെത്തി. ഒരു ജൂതനാണ് അവരെ ആദ്യം കണ്ടത്. അവരുടെ ആഗമനം പ്രതീക്ഷിച്ചിരുന്നവരോട് അയാൾ വിളിച്ചു പറഞ്ഞു: “അദ്ദേഹം അതാ വരുന്നു.’

പ്രവാചകന് ആദ്യമായി അവിടെ ആതിഥ്യമരുളിയതും ഗോത്രമുഖ്യനായ കുൽസുമുബ്നു ഹിദ്മിയെന്ന ജൂതനാണ്. മറ്റൊരു ഗോത്രത്തലവനായ ഖൈസമ മകൻ സഅദിന്റെ വീട്ടിൽ വെച്ചാണ് അതിഥികളെ സ്വീകരിച്ചത്. അതിനുമുമ്പ് അവിടത്തുകാരെ ഖുബായിലെ ഒരു ഇൗന്തപ്പനത്തോട്ടത്തിൽ വെച്ച് പ്രവാചകൻ സന്ധിച്ചിരുന്നു. അപ്പോൾ അദ്ദേഹം അവരോട് ആദ്യമായി പറഞ്ഞതിങ്ങനെ: “ജനങ്ങളേ, നിങ്ങൾ പരസ്പരം സമാധാനാശംസകൾ കൈമാറുക. അതിഥികൾക്ക് അന്നംനൽകുക. കുടുംബബന്ധം ചേർക്കുക. എല്ലാവരും ഗാഢനിദ്രയിലായിരിക്കെ ഉണർന്നെഴുന്നേറ്റ് പ്രാർഥിക്കുക. എങ്കിൽ നിങ്ങൾക്ക് സന്തോഷത്തോടെ സ്വർഗത്തിൽ പോകാം.’

പ്രവാചകൻ ധരിച്ചിരുന്നത് ലളിതമായ സാധാരണ വസ്ത്രമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.
പ്രവാചകൻ അവരെയെല്ലാം പങ്കെടുപ്പിച്ച് അവിടെ ഒരു പള്ളി പണിതു. ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ പള്ളിയായിരുന്നു അത്. ഏതാനും ദിവസം അവിടെ താമസിച്ചശേഷം മുഹമ്മദ് നബി തന്റെ കൂട്ടുകാരനോടൊന്നിച്ച് യഥ്രിബ് നഗരത്തിലേക്ക് പുറപ്പെട്ടു.
മക്കയിലെ വിശ്വാസികൾ നേരത്തെത്തന്നെ യഥ്രിബിലെത്തിയിരുന്നു. അവരും തദ്ദേശീയരും പ്രവാചകന്റെ വരവ് പ്രതീക്ഷയോടെ
കാത്തിരിക്കുകയായിരുന്നു.

ക്രിസ്ത്വബ്ദം 622 സപ്തംബർ 27-ന് പ്രവാചകനും അബൂബക്കർ സിദ്ദീഖും യഥ്രിബിലെത്തി. അവിടത്തുകാർ അവരെ പാട്ടുപാടിയും ദഫ്
മുട്ടിയും ഉല്ലാസപൂർവം സ്വീകരിച്ചു. പ്രവാചകനെ ലഭിച്ചതിൽ അവർ അത്യധികം ആഹ്ലാദഭരിതരായി. എല്ലാ ഒാരോരുത്തരും പ്രവാചകനെ തങ്ങളോടൊപ്പം താമസിക്കാൻ ക്ഷണിച്ചുകൊണ്ടിരുന്നു. അതിനാൽ പ്രവാചകൻ തന്റെ ഒട്ടകം മുട്ടുകുത്തിയ സ്ഥലമാണ് തെരഞ്ഞെടുത്തത്. അത് രണ്ട് അനാഥക്കുട്ടികളുടേതായിരുന്നു. പ്രവാചകൻ അത് വിലകൊടുത്തു വാങ്ങി. അബൂബക്കർ സിദ്ദീഖാണ് വിലനൽകിയത്. താൽകാലികമായി തൊട്ടടുത്തുള്ള അബൂഅയ്യൂബിൽ അൻസാരിയുടെ വീട്ടിൽ താമസിക്കുകയും ചെയ്തു. ഏഴു മാസം പിന്നിട്ടശേഷം മാത്രമാണ് തനിക്ക് വേണ്ടി നിർമിച്ച പുതിയ വീട്ടിലേക്ക് താമസം മാറ്റിയത്.

തുടർന്ന് പ്രവാചകൻ വാങ്ങിയ സ്ഥലത്ത് എല്ലാവരും കൂടി ഒരു പള്ളി പണിതു. മുഹമ്മദ് നബിയും മറ്റുള്ളവരെപ്പോലെ ജോലിയിൽ പങ്കാളിയായി. മക്കയിൽനിന്ന് യഥ്രിബിലേക്ക് വന്നവർ മുഹാജിറുകളെന്നും അവരെ സ്വീകരിച്ച് സഹായിച്ചവർ അൻസാറുകളെന്നും അറിയപ്പെടുന്നു. മുഹമ്മദ് നബി അവർക്കിടയിൽ സാഹോദര്യബന്ധം സ്ഥാപിച്ചു. സമ്പത്ത് വരെ പങ്കു വെക്കുന്ന, ചരിത്രത്തിൽ സമാനതകളില്ലാത്ത സാഹോദര്യബന്ധമാണ് പ്രവാചകൻ അവർക്കിടയിൽ സ്ഥാപിച്ചത്.

അവരുടെയെല്ലാം നേതാവെന്ന നിലയിൽ പ്രവാചകനെ മറ്റുള്ളവരും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തു.

അവിടത്തെ പ്രമുഖഗോത്രങ്ങളായ ഒൗസിനും ഖസ്റജിനുമിടയിൽ ദീർഘകാലമായി നിലനിന്നിരുന്ന ശത്രുതക്കും കിടമത്സരത്തിനും രക്തച്ചൊരിച്ചിലിനും അദ്ദേഹം അറുതിവരുത്തി. അതോടൊപ്പം മുസ്ലിംകളല്ലാത്ത എല്ലാ ജനവിഭാഗങ്ങളുമായും സൗഹൃദവും സാഹോദര്യവും സ്ഥാപിച്ചു. അവരെല്ലാവരും മുഹമ്മദ് നബിയെ തങ്ങളുടെ നേതാവായി സ്വീകരിച്ചു. അതോടൊപ്പം അവർ തങ്ങളുടെ പട്ടണത്തിന് പ്രവാചകന്റെ നഗരം എന്നർഥം വരുന്ന മദീനത്തുന്നബിയെന്ന പേര് നൽകി.

അങ്ങനെ മദീന കേന്ദ്രമായി ഒരിസ്ലാമിക രാഷ്ട്രവും ഭരണകൂടവും നിലവിൽ വന്നു. ഹിജ്റ ഒന്നാം വർഷത്തിന്റെ മധ്യത്തിലായിരുന്നു അത്. ഒരു തുള്ളി ചോരപോലും ചിന്താതെയും ഒരായുധംപോലും എടുക്കാതെയുമാണ് കഴിഞ്ഞ പതിനാല് നൂറ്റാണ്ടിലേറെ കാലമായി നിലനിന്ന് വരുന്ന ഇസ്ലാമിക രാഷ്ട്രവും ഭരണകൂടവും സ്ഥാപിതമായത്.

ആദ്യഘട്ടത്തിൽ മക്കയിൽനിന്ന് അവിടെയെത്തിയത് 186 കുടുംബങ്ങളായിരുന്നു. ഇസ്ലാം സ്വീകരിച്ച മദീനക്കാരുൾപ്പെടെ നാനൂറോളം മുസ്ലിം കുടുംബമാണുണ്ടായിരുന്നത്. പ്രവാചകന്റെ കൽപനയനുസരിച്ച് ഹുദൈഫ തയ്യാറാക്കിയ കണക്ക് പ്രകാരം ആകെ 1500 മുസ്ലിംകളാണ് മദീനയിലുണ്ടായിരുന്നത്. ജൂതന്മാരും ഇസ്ലാം സ്വീകരിക്കാത്ത അറബികളുമുൾപ്പെടെ അവിടത്തെ ആകെ ജനസംഖ്യ പതിനായിരത്തോളമായിരുന്നു. മുസ്ലിംകൾ പതിനഞ്ച് ശതമാനമായിരുന്നുവെന്നർഥം.

മുസ്ലിംകളെ കൂടാതെ പ്രധാനമായും അവിടെയുണ്ടായിരുന്നത് ജൂതന്മാരാണ്. ബനൂഖൈനുഖാഅ്, ബനൂനദീർ, ബനൂഖുറൈള എന്നിവയായിരുന്നു പ്രധാന ജൂതഗോത്രങ്ങൾ. മുസ്ലിംകളല്ലാത്ത അറബികളും ഏതാനും ക്രിസ്ത്യാനികളും അവിടെയുണ്ടായിരുന്നു. അവരെയെല്ലാം ഉൾപ്പെടുത്തിയാണ് ഇസ്ലാമിക രാഷ്ട്രം രൂപംകൊണ്ടത്. ഭൂമിയിലെ ആദ്യത്തെ ബഹുസ്വര മാനവിക രാഷ്ട്രമായിരുന്നു അത്. അതിന്റെ അതിർത്തികളിൽ തൂണുകൾ നാട്ടാൻ പ്രവാചകൻ മാലിക് മകൻ കഅ്ബിനെ ചുമതലപ്പെടുത്തി. അതനുസരിച്ച് അദ്ദേഹം എല്ലാ അതിർത്തികളിലെയും കുന്നുകളിൽ തൂണുകൾ നാട്ടി.

മുഹമ്മദ് നബി അവിടത്തെ മുഴുവൻ ജനങ്ങൾക്കും ബാധകമായ ഒരു നിയമാവലി തയ്യാറാക്കി. മദീന പത്രിക എന്ന പേരിലാണ് അതറിയപ്പെടുന്നത്. വെൽഹോസ (ണലഹഹ വമൗലെി) യാണ് അത് ആദ്യമായി യൂറോപ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്. അത് ആധുനിക ഭരണഘടനയുടെ രീതിയിൽ ഖണ്ഡികകളായി തിരിച്ചപ്പോൾ 47 ആയി ഭാഗിച്ചവരുണ്ട്. 52 ആയി ഭാഗിച്ചവരുണ്ട്. ആദ്യത്തെ 25 ഖണ്ഡികകൾ മുസ്ലിംകളുമായി ബന്ധപ്പെട്ടതാണ്. അവസാനത്തെ 27 ഖണ്ഡികകൾ മുസ്ലിംകളല്ലാത്ത ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ടതും. എല്ലാവർക്കും സമ്പൂർണ മതസ്വാതന്ത്ര്യം അനുവദിക്കുന്ന പ്രസ്തുതരേഖ മദീനയിലെ മുഴുവൻ നിവാസികളെയും തുല്യപൗരന്മാരായി കാണുന്നു. എല്ലാവരുടെയും അവകാശബാധ്യതകൾ അവ്വിധം അതിൽ രേഖപ്പെടുത്തിയിരിക്കുന്നു. ചരിത്രത്തിലെ ആദ്യ ലിഖിതഭരണഘടനയായാണ് അത് വിശേഷിപ്പിക്കപ്പെടുന്നത്. ലോകത്തിലെ പ്രധാന ഭാഷകളിലേക്കെല്ലാം അത് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

യുദ്ധങ്ങൾ
പ്രവാചകനിലും അദ്ദേഹത്തിന്റെ പ്രബോധനത്തിലും ആകൃഷ്ടരായ ജൂതഗോത്രങ്ങളും അറേബ്യൻ കുടുംബങ്ങളും പ്രവാചകനെ പിന്തുടർന്ന് ഇസ്ലാം ആശ്ലേഷിച്ചു കൊണ്ടിരുന്നു. അവരിൽ പലരും ഏറെ പ്രമുഖരും സമൂഹത്തെ സാരമായി സ്വാധീനിക്കാൻ സാധിക്കുന്നവരുമായിരുന്നു.

അങ്ങനെ മദീനയിലെ നവജാത ഇസ്ലാമികരാഷ്ട്രം അനുദിനം ശക്തിപ്പെട്ടുകൊണ്ടിരുന്നു. അതിനാൽ മക്കയിലെ ശത്രുക്കളുടെ ഭയാശങ്കകൾ വർധിച്ചു. മദീനയിൽ രൂപംകൊണ്ട ഇസ്ലാമികരാഷ്ട്രത്തെ നശിപ്പിക്കുമെന്ന് അവർ പ്രതിജ്ഞയെടുത്തു. അതിനായി നിരന്തരം ഉപജാപങ്ങൾ നടത്തുകയും ഗൂഢപദ്ധതികളാവിഷ്കരിച്ച് നടപ്പാക്കുകയും ചെയ്തുകൊണ്ടിരുന്നു. അവരെ പ്രതിരോധിക്കേണ്ടിവന്നതിനാൽ പ്രവാചകന് നിരവധി യുദ്ധങ്ങൾ ചെയ്യേണ്ടിവന്നു. ആ യുദ്ധങ്ങൾക്കൊന്നും മതവുമായിട്ടായിരുന്നില്ല ബന്ധം. രാഷ്ട്രവും അതിന്റെ സുരക്ഷിതത്വവുമായിട്ടായിരുന്നു. സാമൂഹ്യനീതിയുടെ സംസ്ഥാപനവും അതിന്റെ നിലനിൽ ഉറപ്പുവരുത്തലുമായും. യുദ്ധം അനുവദിച്ചുകൊണ്ട് അവതീർണമായ ഖുർആൻ സൂക്തങ്ങൾ ഇത് സുതരാം വ്യക്തമാക്കുന്നു.

മക്കയിൽ പ്രവാചകനും അനുയായികൾക്കും ആയുധമെടുക്കാൻ അനുവാദമുണ്ടായിരുന്നില്ല. ക്ഷമിക്കാനും സഹിക്കാനും വിട്ടുവീഴ്ച കാണിക്കാനുമാണ് ദൈവം അവരോട് കൽപിച്ചിരുന്നത്. ഹിജ്റയിലൂടെ മദീനയിൽ ഇസ്ലാമികസമൂഹവും രാഷ്ട്രവും ഭരണവും സ്ഥാപിതമായപ്പോൾ മക്കയിലെ ശത്രുക്കൾ അതിനെ നശിപ്പിക്കാൻ സകലശ്രമവും നടത്തി. അതിനെ പ്രതിരോധിക്കാനാണ് ആദ്യമായി യുദ്ധം അനുവദിക്കപ്പെട്ടത്. ഇത് ഹിജ്റ രണ്ടാംവർഷത്തിലാണ്. നവജാത ഇസ്ലാമിക സമൂഹത്തെയും രാഷ്ട്രത്തെയും സംരക്ഷിക്കലായിരുന്നു ലക്ഷ്യം. അതോടൊപ്പം ശാക്തിക സന്തുലിതത്വം സ്ഥാപിച്ച് സാമൂഹ്യനീതി ഉറപ്പുവരുത്താനും. ഇസ്ലാമിക വീക്ഷണത്തിൽ മതസ്വാതന്ത്ര്യം ഉൾപ്പെടെ എല്ലാവരുടെയും മൗലികാവകാശങ്ങളുടെ സംരക്ഷണം സാമൂഹ്യനീതിയുടെ അവിഭാജ്യ ഘടകമാണ്. അത് ഉറപ്പുവരുത്താനാണ് യുദ്ധം അനുവദിക്കപ്പെട്ടതെന്ന് ബന്ധപ്പെട്ട ഖുർആൻ സൂക്തങ്ങൾ വ്യക്തമാക്കുന്നു: “യുദ്ധത്തിനിരയായവർക്ക് തിരിച്ചടിക്കാൻ അനുവാദം നൽകിയിരിക്കുന്നു. കാരണം അവർ മർദിതരാണ്. ഉറപ്പായും അല്ലാഹു അവരെ സഹായിക്കാൻ മതിയായവൻതന്നെ. സ്വന്തം വീടുകളിൽനിന്ന് അന്യായമായി പുറത്താക്കപ്പെട്ടവരാണവർ. തങ്ങളുടെ നാഥൻ അല്ലാഹുവാണ് എന്ന് പ്രഖ്യാപിച്ചതല്ലാതെ ഒരു തെറ്റുമവർ ചെയ്തിട്ടില്ല. അല്ലാഹു ജനങ്ങളിൽ ചിലരെ മറ്റു ചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കിൽ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സന്യാസിമഠങ്ങളും ചർച്ചുകളും സെനഗോഗുകളും മുസ്ലിം പള്ളികളും തകർക്കപ്പെടുമായിരുന്നു.’ (22: 39,40)

പ്രവാചകന്റെ കാലത്തുണ്ടായ എല്ലായുദ്ധങ്ങളും അവരെ നിർബന്ധിച്ച് യുദ്ധക്കളത്തിലേക്ക് നയിച്ച ഖുറൈശികൾക്കും ജൂതഗോത്രങ്ങൾക്കുമെതിരെയായിരുന്നു.

ബദർ, ഉഹുദ്, അഹ്സാബ് പോലുള്ള എല്ലാ പ്രധാനയുദ്ധങ്ങളും നടന്നത് മദീനയിൽവെച്ചാണ്. ശത്രുക്കളോട് അങ്ങോട്ട് പോയി യുദ്ധം ചെയ്യുകയായിരുന്നില്ല, അവർ ഇങ്ങോട്ട് വന്ന് യുദ്ധം ചെയ്യുകയായിരുന്നു. ജന്മനാടായ മക്കയുടെ വിമോചനത്തിനുവേണ്ടിയുള്ള പോരാട്ടമാണ് അപവാദമായുള്ളത്. അതിന്റെതന്നെ തുടർച്ചയായുണ്ടായ ത്വാഇഫും ഹുനൈനും.

മദീനയെ തകർക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്ന മക്കയിലെ ശത്രുക്കളുടെ ഗൂഢതന്ത്രങ്ങൾ തകർത്ത ബദർ യുദ്ധമാണ് ആദ്യം നടന്നത്. മക്കയിൽനിന്ന് മദീനയിലേക്ക് യുദ്ധത്തിന് പുറപ്പെട്ടവരെ നേരിടുകയായിരുന്നു പ്രവാചകനും അനുയായികളും. യുദ്ധം ഒഴിവാക്കാനായി മക്കയിൽ നിന്ന് യുദ്ധത്തിനെത്തിയവരോട് പിരിഞ്ഞുപോകാൻ ഉമറുൽ ഫാറൂഖ് ആവശ്യപ്പെട്ടു. എങ്കിലും അവർ വഴങ്ങിയില്ല. അതിനാൽ യുദ്ധം അനിവാര്യമായി. മൂന്നിരട്ടി വരുന്ന 950 ശത്രുക്കളെ കേവലം 317 പേർ പൂർണമായും പരാജയപ്പെടുത്തി. എതിരാളികളിലെ പ്രമുഖരുൾപ്പെടെ 70 പേർ വധിക്കപ്പെട്ടു. അത്രത്തോളംപേർ തടവുകാരായി പിടിക്കപ്പെടുകയും ചെയ്തു. മുസ്ലിം പക്ഷത്തുനിന്ന് 14 പേർ മാത്രമാണ് വധിക്കപ്പെട്ടത്.
യുദ്ധത്തിൽ പിടികൂടപ്പെട്ട ശത്രുക്കളോട് ഏറ്റവും മാന്യമായ സമീപനമാണ് പ്രവാചകൻ സ്വീകരിച്ചത്. നിരക്ഷരരായ മദീനാവാസികളെ വിദ്യ അഭ്യസിപ്പിക്കാൻ കഴിയുന്നവരെ അതിന് ചുമതലപ്പെടുത്തി. അത് അവരുടെ മോചനദ്രവ്യമായി നിശ്ചയിക്കുകയും ചെയ്തു. അവശേഷിക്കുന്നവരെ പിഴ വാങ്ങി വിട്ടയച്ചു. അങ്ങനെ യുദ്ധത്തടവുകാരോട് ഏറ്റവും മാന്യമായി പെരുമാറുക എങ്ങനെയെന്ന് ലോകത്തെ പഠിപ്പിച്ചു.

ബദർ യുദ്ധത്തിലുണ്ടായ കനത്ത നഷ്ടം നികത്താനായി മക്കയിലെ ശത്രുക്കൾ സർവായുധസജ്ജരായി നയിച്ച യുദ്ധമായിരുന്നു രണ്ടാമതായി നടന്ന ഉഹുദ് യുദ്ധം. പ്രവാചക ജീവിതത്തിൽ മൂന്നാമത്തെ പ്രധാന യുദ്ധം അഹ്സാബാണ്. മദീനയിലെ ആഭ്യന്തരശത്രുക്കളെ കൂട്ടുപിടിച്ചും അറേബ്യയിൽനിന്ന് കിട്ടാവുന്ന എല്ലാ എതിരാളികളെയും സംഘടിപ്പിച്ചും മക്കയിലെ ശത്രുക്കൾ നടത്തിയ പോരാട്ടമാണിത്. പ്രവാചകന്റെ അസാമാന്യമായ തന്ത്രവും ദൈവത്തിന്റെ പ്രത്യേകമായ ഇടപെടലും കാരണമായി രക്തച്ചൊരിച്ചിൽ ഒഴിവായി.

കരാർ ലംഘിച്ചും വഞ്ചന കാണിച്ചും ശത്രുക്കളെ കൂട്ടുപിടിച്ചും ഇസ്ലാമിക സമൂഹത്തെ തകർക്കാനും രാഷ്ട്രത്തെ നശിപ്പിക്കാനും ശ്രമിച്ചു കൊണ്ടിരുന്ന ആഭ്യന്തര ശത്രുക്കൾക്കെതിരെ നടത്തിയ യുദ്ധമാണ് ഖൈബർ. അനിവാര്യ ഘട്ടത്തിൽ, നിർബന്ധിത സാഹചര്യങ്ങളിലായിരുന്നു പ്രവാചകൻ യുദ്ധംനയിച്ചതെന്ന് ഇതൊക്കെയും വ്യക്തമാക്കുന്നു.

യുദ്ധത്തിലായാലും മാനവികമൂല്യങ്ങളും ധാർമിക പരിധികളും പരമാവധി പാലിക്കണമെന്ന് പ്രവാചകന് നിർബന്ധമുണ്ടായിരുന്നു.
അനുയായികൾക്ക് അതിനാവശ്യമായ കർക്കശമായ നിർദേശങ്ങൾ നൽകി. പടക്കളത്തിലായാൽ പോലും സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും ആരാധനകളനുഷ്ഠിച്ചുകൊണ്ടിരിക്കുന്നവരെയും പിന്തിരിഞ്ഞു പോകുന്നവരെയും വധിക്കരുതെന്ന് കൽപിച്ചു. കൃഷി നശിപ്പിക്കരുതെന്നും ഫലവൃക്ഷങ്ങൾ വെട്ടിമുറിക്കരുതെന്നും വധിക്കപ്പെട്ടവരെ അംഗഭംഗം വരുത്തരുതെന്നും നിർദേശിച്ചു.

യുദ്ധത്തിലും പരമാവധി ആൾനാശം ഒഴിവാക്കാനാണ് പ്രവാചകൻ ശ്രമിച്ചുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ പ്രവാചകന്റെ കാലത്തു നടന്ന ചെറുതും വലുതുമായ യുദ്ധങ്ങളിൽ ആകെ വധിക്കപ്പെട്ടത് 1018 പേർ മാത്രമാണ്. പ്രവാചക പക്ഷത്തുനിന്ന് 259 പേർ രക്തസാക്ഷികളായപ്പോൾ 759 പേരാണ് മറുഭാഗത്ത് നിന്ന് വധിക്കപ്പെട്ടത്.

യുദ്ധമില്ലാ സന്ധി

യുദ്ധങ്ങളിലേറ്റ തിരിച്ചടി കാരണം മക്കയിലെ ശത്രുക്കളുടെ ശക്തി നന്നെ ക്ഷയിച്ചിരുന്നു. അതിനാൽ ഇനിയൊരു യുദ്ധത്തിന് അവർ മുന്നിട്ടിറങ്ങുകയില്ലെന്ന് പ്രവാചകൻ പ്രതീക്ഷിച്ചു. മദീനയോടുള്ള ശത്രുതയും യുദ്ധങ്ങളും അവരുടെ കച്ചവടത്തെ പ്രതികൂലമായി ബാധിച്ചു. മദീനയുടെ ഭാഗത്തുകൂടെ വ്യാപാരയാത്ര അസാധ്യമായി. അതിനാലവർ സമാധാനം പാലിക്കാൻ സന്നദ്ധമാവുമെന്ന് മുഹമ്മദ് നബിയും അനുയായികളും കണക്കുകൂട്ടി. അങ്ങനെയാണ് ഹിജ്റ ആറാം വർഷം പ്രവാചകൻ ഉംറ നിർവഹിക്കാൻ മക്കയിലേക്ക് പുറപ്പെടുന്ന വിവരം വിളംബരം ചെയ്തത്. അതിനോടുള്ള മക്കക്കാരുടെ പ്രതികരണമറിയാൻ സംവിധാനമുണ്ടാക്കി. അവർ യുദ്ധസന്നാഹങ്ങളൊന്നും നടത്തുന്നതായി ശ്രദ്ധയിൽപെട്ടില്ല. അതിനാൽ പ്രവാചകനും 1400 പേരും മക്കയിലേക്ക് പുറപ്പെട്ടു. അവരാരും ആയുധമണിഞ്ഞിരുന്നില്ല. വഴിയിൽ വെച്ച് നടന്ന കൂടിയാലോചനയിൽ ആത്മരക്ഷക്കാവശ്യമായ ആയുധങ്ങളെടുക്കാമെന്നും എന്നാൽ അവയൊന്നും പുറത്തെടുക്കരുതെന്നും തീരുമാനിക്കപ്പെട്ടു.

വിവരമറിഞ്ഞ് മക്കക്കാർ ആശയക്കുഴപ്പത്തിലായി. യുദ്ധം ചെയ്യുന്നതിന് അവർ തൽപരരായിരുന്നില്ല. അതേസമയം മുഹമ്മദിനെയും അനുയായികളെയും സൈ്വര്യമായി ഉംറനിർവഹിക്കാൻ അനുവദിക്കാൻ സന്നദ്ധരുമായിരുന്നില്ല. അതിനാൽ മക്കാനഗരത്തിന്റെ പടിഞ്ഞാറു ഭാഗത്ത് പതിനഞ്ച് കിലോമീറ്റർ ദൂരെ ജിദ്ദയിലേക്കുള്ള വഴിയിൽ സ്ഥിതി ചെയ്യുന്ന ഹുദൈബിയയിൽ മക്കക്കാർ ഒത്തുചേർന്നു. മുസ്ലിംകളും അവിടത്തന്നെ തമ്പടിച്ചു. മക്കയിലെ ശത്രുക്കൾ മുസ്ലിംകൾ താമസിക്കുന്ന തമ്പ് ആക്രമിക്കുന്നതുൾപ്പെടെ പലതരം പ്രകോപനങ്ങളും സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്നാൽ പ്രവാചകനും അനുയായികളും എല്ലാം സഹിക്കുകയും ക്ഷമിക്കുകയുമാണുണ്ടായത്. അതിനിടയിൽ ഉമയ്യയുടെ മകൻ ഖിറാശിനെ ചർച്ചക്കായി മക്കക്കാരുടെ അടുത്തേക്കയച്ചു. അവർ അദ്ദേഹത്തിന്റെ ഒട്ടകത്തെ കൊല്ലുകയും അദ്ദേഹത്തെ ആട്ടിയോടിക്കുകയും ചെയ്തു. പിന്നീട് അഫ്ഫാൻ മകൻ ഉസ്മാനെ നിയോഗിച്ചു. ചർച്ചക്കൊടുവിൽ മക്കക്കാരെ പ്രതിനിധീകരിച്ച് സുഹൈലിന്റെ നേതൃത്വത്തിൽ ഒരു പ്രതിനിധി സംഘം പ്രവാചകനെ കാണാനെത്തി. ദീർഘമായ സംഭാഷണത്തിനു ശേഷം ഹിജ്റ ആറാം വർഷം പതിനൊന്നാം മാസം ഇരുവിഭാഗവും സന്ധിയിലെത്തി. മുഹമ്മദ് നബി ഒട്ടേറെ വിട്ടുവീഴ്ച ചെയ്തതുകൊണ്ടാണ് അത് സാധ്യമായത്. സന്ധിവ്യവസ്ഥകൾ പ്രത്യക്ഷത്തിൽ മുസ്ലിംകൾക്ക് തീർത്തും എതിരായിരുന്നു. അതുകൊണ്ടു തന്നെ പ്രവാചകന്റെ അനുയായികളിൽ പലരും അത് സൂചിപ്പിച്ച് അനിഷ്ടം പ്രകടിപ്പിച്ചു. എന്നാൽ സന്ധി വിജയത്തിലേക്കുള്ള വഴിയാണെന്ന് പ്രവാചകൻ അവരെ ബോധ്യപ്പെടുത്തി.

സന്ധിവ്യവസ്ഥയനുസരിച്ച് ആരെങ്കിലും ഇസ്ലാം സ്വീകരിച്ച് വന്നാൽ അവരെ സ്വീകരിക്കാതെ തിരിച്ചയക്കേണ്ടതുണ്ടായിരുന്നു. ഇസ്ലാം ഉപേക്ഷിച്ച് മക്കയിലെത്തുന്നവരെ മടക്കി അയക്കേണ്ടതുമുണ്ടായിരുന്നില്ല. സംഭാഷണം പൂർത്തീകരിച്ച ഘട്ടത്തിൽ അത് രേഖപ്പെടുത്തുന്നതിന് മുമ്പ് സുഹൈൽ മകൻ അബൂ ജൻദൽ അവിടെ ഒാടിയെത്തി. ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ പിതാവ് സുഹൈൽ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ കഠിനമായി പീഡിപ്പിച്ച് ചങ്ങലക്കിട്ടതായിരുന്നു. എങ്ങനെയോ അത് പൊട്ടിച്ചാണ് അദ്ദേഹം അവിടെയെത്തിയത്. കരാറനുസരിച്ച് അദ്ദേഹത്തെ തിരിച്ചയക്കണമെന്ന് ശത്രുക്കൾ ശഠിച്ചു. കരാർ രേഖപ്പെടുത്താത്തതിനാൽ അങ്ങനെ ചെയ്യേണ്ടതില്ലെന്ന് മുസ്ലിംകളും വാദിച്ചു. സന്ധി നടക്കാതെ പോകരുതെന്നതിനാൽ പ്രവാചകൻ എതിരാളികളുടെ വാദം സ്വീകരിച്ച് അദ്ദേഹത്തെ മടക്കിയയച്ചു.

സന്ധിയിൽ ഇരുപക്ഷവും ഒപ്പു വെച്ചതോടെ മുസ്ലിംകൾ ഉംറ നിർവഹിക്കാതെ മദീനയിലേക്ക് മടങ്ങി. ഇത് ഹുദൈബിയാ സന്ധി എന്ന പേരിൽ അറിയപ്പെടുന്നു. സന്ധിവ്യവസ്ഥയനുസരിച്ച് മദീനയിലെത്തിയ അബൂ ബസ്വീറിനെയും പ്രവാചകന് തിരിച്ചയക്കേണ്ടി വന്നു. ഇത് അവരിരുവരിലും പ്രവാചകനിലും മറ്റ് അനുയായികളിലുമുണ്ടാക്കിയ ദുഃഖം വിവരണാതീതമായിരുന്നു. മർദകരിൽനിന്ന് മോചനം തേടിയെത്തിയ സഹോദരങ്ങളെ വീണ്ടും ശത്രുക്കൾക്കുതന്നെ വിട്ടുകൊടുക്കേണ്ടി വന്നത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

എന്നാൽ പ്രവാചകൻ പ്രവചിച്ച പോലെ അന്തിമ വിശകലനത്തിൽ അത് ശത്രുക്കൾക്ക് തന്നെ വിനയായി മാറുകയായിരുന്നു. അവരും അവരെപ്പോലെ ഇസ്ലാം സ്വീകരിച്ചവരും മക്കക്കും മദീനക്കുമിടയിൽ താമസമാക്കി. അതോടെ മക്കക്കാരുടെ സൈ്വര്യമായ കച്ചവടയാത്ര അസാധ്യമായി. ശത്രുക്കൾ സന്ധിവ്യവസ്ഥ ലംഘിക്കാൻ വരെ അത് പ്രേരകമായി.

സന്ധി വ്യവസ്ഥയനുസരിച്ച് അടുത്തവർഷം പ്രവാചകൻ ഉംറ നിർവഹിക്കുകയും മൂന്ന് ദിവസം മക്കയിൽ താമസിക്കുകയും ചെയ്തു. പ്രവാചകന്റെയും അനുയായികളുടെയും യാത്രയും ഉംറയും തീർത്തും സമാധാനപരമായിരുന്നു.

ജന്മനാടിന്റെ മോചനം
മക്കയിലെ ശത്രുക്കൾ ഹിജ്റ എട്ടാം വർഷം ഏഴാം മാസം തന്നെ സന്ധി വ്യവസ്ഥകൾ ലംഘിച്ചു. മദീനയിലെ ഇസ്ലാമിക രാഷ്ട്രവു
മായി കരാറിലുണ്ടായിരുന്ന ഗോത്രക്കാരെ ആക്രമിച്ചു. അങ്ങനെ നിരന്തരം പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരുന്നു. അതിനിടയിൽ മക്കയിലെ ഏറ്റവും ധീരനും കരുത്തനും സമർഥനുമായ സൈനികനേതാവ് വലീദ് മകൻ ഖാലിദ് മദീനയിലെത്തി പ്രവാചകനെ സമീപിച്ച് ഇസ്ലാം സ്വീകരണം പ്രഖ്യാപിച്ചു. മുഹമ്മദ് നബി അദ്ദേഹത്തിന് ദൈവത്തിന്റെ വാൾ എന്നർഥം വരുന്ന “സൈഫുല്ലാഹി’ എന്ന ബഹുമതി നൽകി.

പ്രവാചകൻ ഇൗ അനുകൂലാവസരം ഫലപ്രദമായി ഉപയോഗിക്കാൻ തീരുമാനിച്ചു. കരാർ വ്യവസ്ഥ എതിരാളികൾതന്നെ ലംഘിച്ചതിനാൽ തടസ്സങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രവാചക ഹൃദയം മക്കയെക്കുറിച്ച ഒാർമകളാൽ തരളിതമായി. അര നൂറ്റാണ്ടുകാലം തന്റെ കാലടിപ്പാടുകൾ പതിഞ്ഞ മണ്ണ്, ആടുമേച്ചു നടന്ന ബാല്യം, കച്ചവടക്കാരനായി കാലം കഴിച്ച യൗവ്വനം, അൽഅമീൻ എന്ന അപരനാമത്തിനുടമയായി ആദരിക്കപ്പെട്ട സന്തോഷത്തിന്റെ നാളുകൾ, ഹിറാഗുഹയിൽ നിന്ന് വേദവാക്യങ്ങളുമായി തിരിച്ചെത്തിയത്, ഉറ്റവരുടെയും ഉടയവരുടെയും കൊടിയ പീഡനങ്ങൾക്കിരയായത്, അനുയായികൾ കടുത്ത മർദനമേറ്റ് പുളയുന്നത് കണ്ട് അകം പുകഞ്ഞത്, അവരുടെ കൊടിയ കഷ്ടതകൾക്ക് സാക്ഷ്യം വഹിച്ചത്, അവസാനം മൂന്നു വർഷം സാമൂഹിക ബഹിഷ്കരണത്തിനിരയായത്, ഗതകാലസ്മരണകൾ ആർദ്രമായ ആ മനസ്സിൽ ആന്ദോളനങ്ങൾ സൃഷ്ടിച്ചു. മക്കയിലേക്ക് പുറപ്പെടാൻ തീരുമാനിച്ച പ്രവാചകൻ യാത്ര എവിടേക്കാണെന്ന് അറിയിക്കാതെ അനുയായികളോട് യാത്രക്കൊരുങ്ങാൻ ആവശ്യപ്പെട്ടു. പിന്തുണക്കുന്നവരെയെല്ലാം ഒരുമിച്ചു കൂട്ടി. അങ്ങനെ പതിനായിരത്തോളം പടയാളികളുമായി മക്കയുടെ ഭാഗത്തേക്കു നീങ്ങി. മക്കയുടെ അടുത്തെത്തിയപ്പോൾ മാത്രമാണ് അണികൾക്ക് ലക്ഷ്യസ്ഥാനം മനസ്സിലായത്.

പ്രവാചകന്റെയും അനുയായികളുടെയും ആഗമനമറിഞ്ഞ് മക്കക്കാരെല്ലാം സ്വന്തം വീട്ടിൽ അടങ്ങിയൊതുങ്ങിക്കൂടി. അപ്പോഴേക്കും അവർ ഒരു നേതാവ് പോലും ഇല്ലാത്ത അവസ്ഥയിലെത്തിയിരുന്നു. സേനാനായകൻ ഖാലിദിന്റെ പാത പിന്തുടർന്ന് അന്നോളം അവർക്ക് നായകത്വം നൽകിയിരുന്ന അബൂസുഫ്യാനും ഇസ്ലാം സ്വീകരിച്ചു. അതിനാൽ പ്രവാചകനും അനുയായികൾക്കും മുമ്പിൽ തടസ്സമൊന്നും ഉണ്ടായിരുന്നില്ല. ഒരെതിർപ്പുമില്ലാതെ അവർ മുന്നോട്ടു നീങ്ങി. അങ്ങനെ മക്ക വിമോചിതമായി. പ്രവാചകന്റെ ജന്മനാടും മദീന ആസ്ഥാനമായുള്ള ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭാഗമായി മാറി. മദീന ഇസ്ലാമിക രാഷ്ട്രമായെന്നപോലെ മക്ക മോചിതമായപ്പോഴും ഒരു തുള്ളി ചോരപോലും ചിന്തേണ്ടി വന്നില്ല. ഒരായുധവും എടുക്കേണ്ടി വന്നില്ല.

മക്കയിലെത്തിയ പ്രവാചകനും അനുചരന്മാരും നേരെ വിശുദ്ധ കഅ്ബയുടെ അടുത്തേക്ക് പോയി. ആ വിശുദ്ധമന്ദിരത്തിന്റെ താക്കോൽ സൂക്ഷിച്ചിരുന്നത് ത്വൽഹ മകൻ ഉസ്മാൻ ആയിരുന്നു. പ്രവാചകൻ മക്കയോട് വിടപറയുന്നതിന് മുമ്പും അദ്ദേഹം തന്നെയായിരുന്നു അതിന്റെ സൂക്ഷിപ്പുകാരൻ. അന്ന് പ്രവാചകൻ കഅ്ബ തുറന്ന് അതിനുള്ളിൽ പ്രവേശിക്കാനും പ്രാർഥന നിർവഹിക്കാനും അതിയായി ആഗ്രഹിച്ചിരുന്നു. അതിനായി ഉസ്മാനോട് ഇപ്പോൾ മക്കയുടെ കൂടി ഭരണാധികാരിയായ പ്രവാചകൻ താക്കോൽ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഉസ്മാൻ വളരെ വിനീതനായി അത് കൊണ്ടുവന്ന് പ്രവാചകന് കൊടുത്തു. അദ്ദേഹം കഅ്ബയുടെ വാതിൽതുറന്ന് അതിന്റെ അകമൊക്കെയും വൃത്തിയാക്കി. തുടർന്ന് പ്രാർഥന നിർവഹിച്ചു. പുറത്തുകടന്ന് വാതിൽ പൂട്ടി താക്കോൽ സ്വയം കൈവശം വെക്കുകയോ ഏറ്റവും അടുത്ത അനുയായികൾക്ക് നൽകുകയോ ചെയ്യാതെ ഉസ്മാനെത്തന്നെ ഏൽപിച്ചു. ഇന്നും അദ്ദേഹത്തിന്റെ പിൻമുറക്കാരാണ് അത് സൂക്ഷിക്കുന്നത്. ഇതിനേക്കാൾ മാന്യമായ ഒരു പ്രതികാരം സാധ്യമല്ലല്ലോ.

നീണ്ട ഇരുപത്തിയൊന്ന് വർഷമായി പ്രവാചകൻ നയിച്ച സമാനതയില്ലാത്ത വിപ്ലവം വിജയിച്ചിരിക്കുന്നു. ഇപ്പോൾ അതിന്റെ വിജയപ്രഖ്യാപനം നടത്തേണ്ട സമയം ആഗതമായിരിക്കുന്നു. ആരാണത് നിർവഹിക്കുക?

പ്രവാചകൻതന്നെ നടത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ എല്ലാ സങ്കൽപങ്ങളും തെറ്റിച്ചു കൊണ്ട് റബാഹ് മകൻ ബിലാലിനെയാണ് അദ്ദേഹം ആ മഹൽ കർമത്തിന് ചുമതലപ്പെടുത്തിയത്. എക്കാലത്തും ഏവരാലും ഏറെ അവഗണിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും ചവിട്ടിയരക്കപ്പെടുകയും ചെയ്യുന്ന വർഗത്തിന്റെ പ്രതിനിധിയായിരുന്നുവല്ലോ അദ്ദേഹം. കാക്കയെപ്പോലെ കറുത്തവനും വിദേശിയും അടിമയുമായിരുന്ന അദ്ദേഹത്തേക്കാൾ അർഹനായി മറ്റാരുമുണ്ടായിരുന്നില്ല. അദ്ദേഹത്തെപ്പോലുള്ളവരുടെ യഥാർഥ വിമോചനമാണല്ലോ പ്രവാചകൻ നിർവഹിച്ചത്. അതിന്റെ പ്രഖ്യാപനം നടത്തേണ്ടത് അദ്ദേഹം തന്നെയാണ്. എത്രമേൽ ഉചിതമായ തെരഞ്ഞെടുപ്പ്!

മുഹമ്മദ് നബി ബിലാലിനെ അടുത്തേക്ക് വിളിച്ചുവരുത്തി. കഅ്ബയുടെ ചുമരിൽ കുത്തി നിർത്തിയ തന്റെ കൈയ്യിൽ ചവിട്ടി ആ വിശുദ്ധ മന്ദിരത്തിന്റെ മുകളിലേക്ക് കയറാൻ ആവശ്യപ്പെട്ടു. തുടർന്ന് ബാങ്ക് വിളിച്ച് വിജയം പ്രഖ്യാപിക്കാനും. അടിമയായിരുന്ന ബിലാലിന് തന്റെ ആദരണീയനായ നേതാവും ഭരണാധികാരിയും സർവസൈന്യാധിപനുമായ പ്രവാചകന്റെ കൈയ്യിൽ ചവിട്ടാൻ സാധിച്ചുവെന്നത് ഇസ്ലാമിന്റെ വിമോചനശേഷി തിരിച്ചറിയാത്തവർക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും. വിശ്വാസചൈതന്യത്താൽ ആത്മനിന്ദയെയും അപകർഷതാബോധത്തെയും അതിജീവിച്ച ബിലാൽ നിസ്സങ്കോചം അത് നിർവ്വഹിച്ചു. പതിനായിരങ്ങളാണ് സമാനതകളില്ലാത്ത ആ സംഭവത്തിന് സാക്ഷ്യം വഹിച്ചത്.

വിജയവേളയിൽ പ്രവാചകൻ വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽവെച്ച് തന്റെ അനുയായികളോട് പറഞ്ഞ വാക്കുകളും ഇതേ ആശയം വിളംബരം ചെയ്യുന്നവയായിരുന്നു. അദ്ദേഹം പ്രഖ്യാപിച്ചു: “അല്ലാഹുവല്ലാതെ ദൈവമില്ല. അവനൊരു പങ്കുകാരനുമില്ല. അവൻ തന്റെ വാഗ്ദാനം പൂർത്തീകരിച്ചിരിക്കുന്നു. തന്റെ ദാസനെ സഹായിച്ചിരിക്കുന്നു. ഇന്ന് എല്ലാ അത്യാചാരങ്ങൾക്കും ദൈവം അറുതിവരുത്തിയിരിക്കുന്നു. പണത്തിലും ഗോത്രമഹിമയിലും പ്രതാപത്തിലും അധിഷ്ഠിതമായ പഴയകാലത്തെ എല്ലാ അധികാരാവകാശങ്ങളും ദുർബലപ്പെടുത്തിയിരിക്കുന്നു. അനിസ്ലാമിക കാലത്തുണ്ടായിരുന്ന അഹങ്കാരത്തിനും ദുരഭിമാനത്തിനും ദൈവം അന്ത്യം കുറിച്ചിരിക്കുന്നു. നിങ്ങളെല്ലാവരും സമന്മാരാണ്. എല്ലാവരും ആദമിന്റെ മക്കളാണ്. ആദമോ മണ്ണിൽ നിന്നും.’

എല്ലാവർക്കും മാപ്പ്

ഹിജ്റ എട്ടാം വർഷം. ലോകചരിത്രത്തിൽ ഏറെ ശ്രദ്ധേയമായ സംഭവത്തിന് ലോകം സാക്ഷ്യം വഹിച്ചത് അക്കൊല്ലമാണ്. അന്നാണ് പ്രവാചകൻ മുഹമ്മദും അനുയായികളും ജേതാക്കളായി ജന്മനാട്ടിൽ തിരിച്ചെത്തിയത്. തങ്ങളെ ആട്ടിപ്പായിച്ച മക്കാ താഴ്വര അവരെ തിരിച്ചു വിളിച്ചു. സഹർഷം സ്വാഗതം ചെയ്തു. സത്യം പൂർണമായും പുലർന്നു. അസത്യമഖിലം അപ്രത്യക്ഷമായി. നീതി നിലവിൽവന്നു. അനീതി അസ്തമിച്ചു. വിശ്വസാഹോദര്യത്തിന്റെ വെന്നിക്കൊടി വിഹായസ്സിലുയർന്നു. കാട്ടാളത്തത്തിന്റെ കോട്ടകൊത്തളങ്ങൾ തകർന്നടിഞ്ഞു. സ്നേഹത്തിന്റെ പുതുയുഗം പിറന്നു. അക്രമത്തിന്റെ ആധിപത്യം അവസാനിച്ചു. സമത്വമെന്തെന്ന് സമൂഹം അനുഭവിച്ചറിഞ്ഞു. അസമത്വത്തിന്റെ അന്ധതക്കറുതിയായി. മുഷ്ക്കും മുഷ്ടിയും മേധാവിത്വം പുലർത്തുന്ന പകയുടെയും പാരുഷ്യത്തിന്റെയും കറുത്തകാലം ചരിത്രത്തിന്റെ ഭാഗമായി. മനുഷ്യത്വം മാനിക്കപ്പെടുന്ന മൂല്യനിഷ്ഠമായ സമൂഹം നിലവിൽ വന്നു. വിശുദ്ധമന്ദിരം മാലിന്യമുക്തമായി. അതിന്റെ ആദിമവിശുദ്ധി വീണ്ടെടുത്തു.
പ്രവാചകൻ എല്ലാം കണ്ടും മനസ്സിലാക്കിയും നിർവൃതിയടഞ്ഞു. അനുഗ്രഹങ്ങൾക്ക് ദൈവത്തോട് നന്ദിപ്രകാശിപ്പിച്ചു. പ്രവാചകൻ വിശുദ്ധമന്ദിരത്തിൽനിന്നും അൽപംമാറി ഒരുയർന്ന സ്ഥലത്തു നിന്നു. മുന്നിൽ യുദ്ധക്കുറ്റവാളികൾ ഹാജരാക്കപ്പെട്ടു. അദ്ദേഹം അവരെയെല്ലാം സൂക്ഷിച്ചു നോക്കി. ആരെല്ലാമാണവർ? തന്റെ കഴുത്തിൽ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടൽമാല കൊണ്ടിട്ടവർ, സാമൂഹ്യബഹിഷ്കരണത്തിന് വിധേയമാക്കിയവർ, പല പ്രാവശ്യം തന്റെ കഥ കഴിക്കാൻ ശ്രമിച്ചവർ, നാടു കടത്തിയവർ, നിർദയം മർദിച്ചവർ, പരദേശത്തും സൈ്വര്യമായി കഴിയാൻ അനുവദിക്കാതെ പടയോട്ടം നടത്തിയവർ, അമ്പെയ്ത് പല്ല് പൊട്ടിച്ചവർ, എല്ലാവരും അക്കൂട്ടത്തിലുണ്ട്. അവരുടെയൊക്കെ ശിരസ്സുകൾ കുനിഞ്ഞിരിക്കുന്നു. അത് തീർത്തും സ്വാഭാവികം. കഴിഞ്ഞകാലത്ത് തങ്ങൾ ചെയ്ത ദ്രോഹങ്ങളെക്കുറിച്ച് അവർ ഒാർത്തിരിക്കുമല്ലോ. എട്ടു കൊല്ലം മുമ്പ് തങ്ങൾ ആട്ടിയോടിച്ച മുഹമ്മദ് ഇതാ ജേതാവായി തിരിച്ചെത്തിയിരിക്കുന്നു. തനിച്ചല്ല; പതിനായിരങ്ങളോടൊത്ത്. ജനലക്ഷങ്ങളുടെ നേതാവായി, നാടിന്റെ നായകനായി, അറേബ്യയുടെ ഭരണാധികാരിയായി, സർവസൈന്യാധിപനും മതാധ്യക്ഷനുമായി.

“നിങ്ങൾ എന്താണ് എന്നിൽനിന്ന് പ്രതീക്ഷിക്കുന്നത്?’ മുഹമ്മദ് നബി അവരോട് ചോദിച്ചു.

“താങ്കൾ മാന്യനായ സഹോദരന്റെ മാന്യനായ മകനാണ്. നന്മയല്ലാതെ ഞങ്ങൾ അങ്ങയിൽ നിന്നൊന്നും പ്രതീക്ഷിക്കുന്നില്ല.’ അവർ ഏകസ്വരത്തിൽ പറഞ്ഞു.

അവരുടെ പ്രതീക്ഷ അസ്ഥാനത്തായിരുന്നില്ല. വിട്ടുവീഴ്ചയുടെ വിശ്വരൂപവും സ്നേഹത്തിന്റെ സ്വരൂപവുമായിരുന്ന പ്രവാചകൻ പ്രഖ്യാപിച്ചു: “ഇന്ന് നിങ്ങൾക്കെതിരെ ഒരുവിധ പ്രതികാരവുമില്ല. നിങ്ങൾ പോകൂ! നിങ്ങളെല്ലാം സ്വതന്ത്രരാണ്.’

ജന്മനാടിന്റെ മോചനം പ്രവാചകനെയും അനുയായികളെയും അത്യധികം സന്തുഷ്ടരാക്കി. എന്നാൽ ഒരിക്കലും അവരെയാരെയും അഹങ്കാരികളാക്കിയില്ല. അല്ലാഹുവോട് നന്ദി പ്രകടിപ്പിച്ചും മക്കാനിവാസികൾക്ക് അഭിവാദ്യം അർപ്പിച്ചും പ്രവാചകനും കൂടെയുണ്ടായിരുന്നവരും മദീനയിലേക്ക് മടങ്ങി. തുടർന്നുള്ള മാസങ്ങൾ ചുറ്റുമുള്ള നാടുകളിൽനിന്നും വിദേശദിക്കുകളിൽനിന്നും നിവേദക സംഘങ്ങൾ വന്നുകൊണ്ടിരുന്നു. അദ്ദേഹം അവരെയെല്ലാം സ്വീകരിക്കുകയും ആവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകുകയും ചെയ്തുകൊണ്ടിരുന്നു.

വിടവാങ്ങൽ പ്രഭാഷണം
പ്രവാചകൻ മദീനയിലെത്തി പത്താംവർഷം പരിശുദ്ധ ഹജ്ജ് നിർവഹിക്കാൻ മക്കയിലേക്ക് പുറപ്പെട്ടു. കൂടെ ഒരു ലക്ഷത്തിലേറെ അനുയായികളുണ്ടായിരുന്നു. പ്രവാചകന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ഹജ്ജായിരുന്നു അത്. ഹജ്ജ്ദിവസം അറഫാ മലയിലെ ഉർനാ താഴ്വരയിൽവെച്ച് പ്രവാചകൻ വിശ്വാസികളുടെ മഹാസാഗരത്തെ അഭിമുഖീകരിച്ച് സംസാരിച്ചു. “ഖസ്വ’ എന്ന തന്റെ ഒട്ടകപ്പുറത്തിരുന്ന് അദ്ദേഹം നടത്തിയ ചരിത്രപ്രസിദ്ധമായ പ്രഭാഷണം ജനം കേൾക്കാനായി ഉമയ്യ മകൻ റാബിഅഃ അത്യുച്ചത്തിൽ ആവർത്തിക്കുകയായിരുന്നു. വിടവാങ്ങൽപ്രസംഗം എന്നപേരിൽ അറിയപ്പെടുന്ന അറഫാപ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞതിൽ നിന്ന്:

“ജനങ്ങളേ, എന്റെ വാക്കുകൾ ശ്രദ്ധാപൂർവം കേൾക്കുക. ഇനി ഒരിക്കൽകൂടി ഇവിടെവെച്ച് നിങ്ങളുമായി സന്ധിക്കാൻ സാധിക്കുമോയെന്ന് എനിക്കറിയില്ല. ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അന്ത്യനാൾ വരെ പവിത്രമാണ്. ഇൗ മാസവും ഇൗ ദിവസവും പവിത്രമായതുപോലെ. തീർച്ചയായും നിങ്ങൾ നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും. അപ്പോൾ അവൻ നിങ്ങളുടെ കർമങ്ങളെക്കുറിച്ച് നിങ്ങളോട് ചോദിക്കും. ഇൗ സന്ദേശം നിങ്ങൾക്ക് എത്തിച്ചു തരികയെന്ന ചുമതല ഞാൻ പൂർത്തീകരിച്ചിരിക്കുന്നു. ദൈവമേ, നീ ഇതിനു സാക്ഷി!

“വല്ലവരുടെയും വശം വല്ല സൂക്ഷിപ്പ് ധനവുമുണ്ടെങ്കിൽ അത് അതിന്റെ അവകാശികളെ തിരിച്ചേൽപിക്കുക. എല്ലാ പലിശ ഇടപാടുകളും ഇന്നു മുതൽ നാം ദുർബലപ്പെടുത്തിയിരിക്കുന്നു. എന്നാൽ മൂലധനത്തിൽ നിങ്ങൾക്ക് അവകാശമുണ്ട്. അതിനാൽ നിങ്ങൾക്കൊട്ടും നഷ്ടം പറ്റുന്നില്ല. പലിശ പാടില്ലെന്ന് ദൈവം വിധിച്ചു കഴിഞ്ഞു. ആദ്യമായി എന്റെ പിതൃവ്യൻ അബ്ബാസിന് കിട്ടാനുള്ള പലിശയിതാ ഞാൻ ദുർബലപ്പെടുത്തിയിരിക്കുന്നു. അനിസ്ലാമിക കാലത്തെ എല്ലാ കുടിപ്പകക്കും ഇന്നത്തോടെ അറുതി വരുത്തിയിരിക്കുന്നു. അനിസ്ലാമിക കാലത്തെ എല്ലാ വിധ കുലമഹിമകളും പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു.

“ജനങ്ങളേ, നിങ്ങൾക്ക് സ്ത്രീകളോട് ചില ബാധ്യതകളുണ്ട്. അവർക്ക് നിങ്ങളോടും. നിങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ നിങ്ങളുടെ വിരിപ്പ് സ്പർശിക്കാൻ അവരനുവദിക്കരുത്. വ്യക്തമായ നീചവൃത്തികൾ ചെയ്യുകയുമരുത്. സ്ത്രീകളോട് നിങ്ങൾ ദയാപൂർവം പെരുമാറുക. അവർ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാണ്. ദൈവത്തിന്റെ പേരിലാണ് നിങ്ങളവരെ വിവാഹം ചെയ്തത്.

“ജനങ്ങളേ, എന്റെ വാക്കുകൾ ശ്രദ്ധാപൂർവം കേൾക്കുക. വളരെ വ്യക്തമായ രണ്ടുകാര്യം ഇവിടെ വിട്ടേച്ചാണ് ഞാൻ പോകുന്നത്. ദൈവത്തിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണത്.

“ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണ്. നിങ്ങളെല്ലാം ആദമിൽ നിന്നുള്ളവരാണ്. ആദമോ മണ്ണിൽ നിന്നും. അതിനാൽ അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. വെളുത്തവന് കറുത്തവനേക്കാളോ കറുത്തവന് വെളുത്തവനേക്കാളോ ഒരു പ്രത്യേകതയുമില്ല. സൂക്ഷ്മതയുടെ അടിസ്ഥാനത്തിലല്ലാതെ.’

വിയോഗം
ദൈവത്തിന്റെ അന്ത്യദൂതൻ മുഹമ്മദ് നബി തന്നിലർപ്പിതമായ ചുമതലകൾ യഥാവിധി പൂർത്തീകരിച്ചു. സ്വന്തം ജീവിതത്തിലൂടെ വിശുദ്ധ ഖുർആനിന് പ്രായോഗിക മാതൃക സമർപ്പിക്കലും ആധികാരിക വ്യാഖ്യാനം നൽകലുമായിരുന്നല്ലോ അദ്ദേഹത്തിലർപ്പിതമായ ഉത്തരവാദിത്തം. പ്രവാചകത്വലബ്ധി മുതലുള്ള തന്റെ ഇരുപത്തിമൂന്ന് വർഷത്തെ ജീവിതത്തിലുള്ള വാക്കുകളും കർമങ്ങളും കൽപനകളും നിരോധങ്ങളും
മൗനങ്ങളും ഹാവഭാവങ്ങളുമെല്ലാം വിശുദ്ധ ഖുർആനെ പ്രതിനിധീകരിക്കുന്നവയായിരുന്നു. പ്രവാചക ജീവിതത്തെ സംബന്ധിച്ച അന്വേഷണത്തിന് പ്രിയപത്നി ആയിശാ ബീവി പറഞ്ഞത് പൂർണമായും ശരിയായിരുന്നു; “ഖുർആനാണ് അദ്ദേഹത്തിന്റെ ജീവിതം.’

പ്രവാചകൻ തന്റെ ദൗത്യം പൂർത്തീകരിച്ചു എന്നതിന് ഹജ്ജ് വേളയിൽ അറഫയിൽ പതിനായിരങ്ങൾ സാക്ഷ്യം വഹിച്ചു. അവിടെ വെച്ച് നടത്തിയ പ്രഭാഷണത്തിൽ താൻ ലോകത്തോട് വിട പറയാൻ പോവുകയാണെന്ന് സൂചിപ്പിക്കുകയും ചെയ്തു. ആത്മമിത്രം അബൂബക്കർ സിദ്ദീഖിനെപോലെയുള്ളവർക്ക് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നത് വായിച്ചെടുക്കാൻ സാധിച്ചു.

ഹജ്ജ് പൂർത്തീകരിച്ച് മദീനയിലേക്ക് മടങ്ങവേ അവർ ഖും തടാകത്തിനടുത്ത് താവളമടിച്ചു. അവിടെവെച്ച് അനുയായികളോടിങ്ങനെ പറഞ്ഞു: “എനിക്ക് നിങ്ങളോട് പറയാനുള്ളതിതാണ്. ജനങ്ങളേ, എന്തായാലും ഞാൻ ഒരു മനുഷ്യനാണ്. ഒരു പക്ഷേ പെട്ടെന്നു തന്നെ എന്റെയടുക്കൽ ദൈവത്തിന്റെ വിളിയുമായി മരണദൂതൻ വന്നേക്കാം. ഞാൻ അതിന് ഉത്തരം നൽകുകയും ചെയ്യും. ദൈവത്തിന്റെ ഗ്രന്ഥം നിങ്ങൾക്കിടയിൽ വിട്ടേച്ചാണ് ഞാൻ പോകുന്നത്. അതിൽ വ്യക്തമായ ജീവിതക്രമവും വെളിച്ചവുമുണ്ട്. അതിനാൽ ആ ഗ്രന്ഥത്തെ മുറുകെപ്പിടിക്കുക. അതിൽ നിന്ന് വെളിച്ചം സ്വീകരിക്കുക.’

മദീനയിൽ തിരിച്ചെത്തിയ പ്രവാചകൻ ഏറെക്കഴിയും മുമ്പേ ഹിജ്റ വർഷം 11-ന് രണ്ടാം മാസാവസാനം രോഗബാധിതനായി. അവശമായ അവസ്ഥയിൽ 11 ദിവസം പള്ളിയിൽ പ്രാർഥനക്ക് നേതൃത്വം നൽകി. പള്ളിയിൽ വരാൻ സാധിക്കാത്ത വിധം രോഗം മൂർഛിച്ചപ്പോൾ നമസ്കാരത്തിന് നേതൃത്വം നൽകാൻ അബൂബക്കർ സിദ്ദീഖിനെ ചുമതലപ്പെടുത്തി.

രോഗത്തിന് നേരിയ ആശ്വാസമുണ്ടാകുമ്പോൾ ജനങ്ങൾക്ക് അത്യാവശ്യമായ ഉപദേശനിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. അവസാനമായി പറഞ്ഞ വാചകങ്ങളിൽ ചിലതിങ്ങനെ: “ജനങ്ങളേ, നിങ്ങൾ എന്റെ മരണത്തെക്കുറിച്ച് ഭയപ്പെടുന്നതായി ഞാനറിയുന്നു. എനിക്ക് മുമ്പ് എത്രയോ പ്രവാചകന്മാർ നിയോഗിതരായിട്ടുണ്ട്. അവരാരും മരിക്കാതിരുന്നിട്ടില്ല. ഞാൻ നിങ്ങൾക്കു മുമ്പേ ദൈവവുമായി കണ്ടുമുട്ടാൻ പോവുകയാണ്. നിങ്ങളും ഞാനുമായി സന്ധിക്കും.’

ഹിജ്റ വർഷം പതിനൊന്നിന് റബീഉൽ അവ്വൽ 12-ന് തിങ്കളാഴ്ച പ്രവാചകൻ കൂടുതൽ പ്രസന്നവദനനായിരുന്നു. തന്നെ സന്ദർശിക്കാനെത്തിയവരെ നോക്കി പുഞ്ചിരിച്ചു. എന്നാൽ പെട്ടെന്ന് അവസ്ഥ മാറുകയും സമഗ്രമായ വിപ്ലവത്തിലൂടെ മനുഷ്യചരിത്രത്തെ മാറ്റിമറിച്ച ദൈവത്തിന്റെ ആ അന്ത്യദൂതൻ അന്ത്യശ്വാസം വലിക്കുകയും ചെയ്തു.

പ്രവാചകനുമായുള്ള അത്യഗാധമായ ആത്മബന്ധം കാരണം അടുത്ത അനുയായികളിൽ പലർക്കും ആ വിയോഗം ഉൾക്കൊള്ളാൻ
പോലും സാധിച്ചില്ല. അത്രമേൽ ഗാഢവും സമാനതകളില്ലാത്തതും വാക്കുകൾക്ക് ഉൾക്കൊള്ളാനാവാത്തതുമായിരുന്നല്ലോ പ്രവാചകനുമായുള്ള അവരുടെ ഹൃദയബന്ധം.

കാരുണ്യത്തിന്റെ പ്രവാചകൻ

പ്രവാചകന്റെ നിയോഗകാലത്ത് ചില അറബ്ഗോത്രങ്ങൾ അപമാനഭാരം ഭയന്ന് പെൺകുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുമായിരുന്നു. അങ്ങനെ സ്വന്തം കുഞ്ഞിനെ കുഴിച്ചുമൂടിയ ഒരു പിതാവ് പ്രവാചക സന്നിധിയിൽ അക്കാര്യം വിശദമായി വിവരിച്ചു. ഇതു കേട്ട് നടുങ്ങിയ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർത്തുള്ളികൾ താടിരോമങ്ങളെ നനച്ച് ഇറ്റിറ്റു വീണു. അതോടെ പെൺകുട്ടികളെ കുഴിച്ചുമൂടുന്നവർക്ക് കഠിനമായ താക്കീത് നൽകുന്ന വിശുദ്ധ വാക്യം ഖുർആനിൽ അവതീർണമായി: “”കുഴിച്ചുമൂടപ്പെട്ട പെൺകുട്ടിയോട് ചോദിക്കുന്ന ദിവസം വരിക തന്നെ ചെയ്യും; താൻ ഏതൊരു പാപത്തിന്റെ പേരിലാണ് കുഴിച്ചുമൂടപ്പെട്ടതെന്ന്.” (81: 8,9)

ഒരിക്കൽ യുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയ അനുയായികൾ മുഹമ്മദ് നബിയെ അറിയിച്ചു: “യുദ്ധത്തിൽ ഏതാനും കുട്ടികൾ കൊല്ലപ്പെട്ടു.’

ഇതുകേട്ട് പ്രവാചകന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അദ്ദേഹത്തെ ആശ്വസിപ്പിക്കാനായി അനുയായികൾ പറഞ്ഞു: “കൊല്ലപ്പെട്ടത് നമ്മുടെ കുട്ടികളല്ല. ശത്രുക്കളുടെ കുട്ടികളാണ്.’ ഇത് പ്രവാചകനെ കൂടുതൽ അസ്വസ്ഥനാക്കി. അദ്ദേഹം പറഞ്ഞു: “ആ കുട്ടികൾ ഒരപരാധവും ചെയ്തിട്ടില്ല. എന്നിട്ടും അവർ വധിക്കപ്പെട്ടു. പാവം കുട്ടികൾ, ഒരു യുദ്ധത്തിലും കുട്ടികൾ കുറ്റവാളികളല്ല. വലിയവരുടെ കുറ്റത്തിന് കൊച്ചുകുട്ടികൾ ശിക്ഷിക്കപ്പെട്ടു കൂടാ. ഇനി മേൽ നിങ്ങൾ ആരുടെയും കുട്ടികളെ കൊല്ലരുത്.’

മറ്റൊരിക്കൽ പ്രവാചകൻ തന്റെ പേരക്കുട്ടി അലി മകൻ ഹസനെ ചുംബിക്കുകയായിരുന്നു. അത് കാണാനിടയായ ഹാബിസ് മകൻ അഖ്റഅ് പറഞ്ഞു: “എനിക്ക് പത്ത് മക്കളുണ്ട്. ഒന്നിനെയും ഞാൻ ഇന്നോളം ചുംബിച്ചിട്ടില്ല.’ ഇതുകേട്ട് പ്രവാചകന്റെ മുഖം വിവർണമായി. അദ്ദേഹം പറഞ്ഞു: “കരുണ കാണിക്കാത്തവരോട് ദൈവം കരുണ കാണിക്കുകയില്ല.’

മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞു: “ഭൂമിയിലുള്ളവരോട് കരുണ കാണിക്കുന്നവരോട് മാത്രമേ ഉപരിലോകത്തുള്ളവൻ കരുണ കാണിക്കുകയുള്ളൂ. കരുണ കാണിക്കാത്തവർക്ക് കാരുണ്യം കിട്ടുകയില്ല.’ ഇസ്ലാമിലെ എറ്റവും ശ്രേഷ്ഠമായ ആരാധന നമസ്കാരമാണ്. ഒരു കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ടാൽ നമസ്കാരത്തിന് നേതൃത്വം നൽകുന്നയാൾ അത് ലഘൂകരിക്കണമെന്ന് പ്രവാചകൻ കൽപിച്ചു. മാതാവിന്റെ മനസ്സ് വേദനിക്കാതിരിക്കാനാണ് അവ്വിധം നിർദേശിച്ചതെന്ന് അറിയിക്കുകയും ചെയ്തു.

അനാഥക്കുട്ടികളുടെ സാന്നിധ്യത്തിൽ സ്വന്തം മക്കളെ ലാളിക്കരുതെന്ന് കൽപിച്ച പ്രവാചകൻ മനസ്സിന്റെ കാഠിന്യവും പാരുഷ്യവും ഇല്ലാതാക്കാൻ അനാഥമക്കളെ തലോടാനാണ് നിർദേശിച്ചത്.

വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നവർ സ്വർഗത്തിൽ തന്നോടൊപ്പമായിരിക്കുമെന്ന് മുഹമ്മദ് നബി അറിയിച്ചു. സ്വർഗം മാതാവിന്റെ കാൽച്ചുവട്ടിലാണെന്ന് പഠിപ്പിച്ച പ്രവാചകൻ മനുഷ്യരിൽ ഏറ്റവും നല്ലവൻ തന്റെ കുടുംബത്തോട് നന്നായി വർത്തിക്കുന്നവനാണെന്ന് ഉൗന്നിപ്പറഞ്ഞു. സമസൃഷ്ടികൾക്ക് ഏറ്റവും കൂടുതൽ ഉപകരിക്കുന്നവരാണ് ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരെന്ന് പഠിപ്പിച്ചു.

മുഹമ്മദ് നബി സദാ നിലയുറപ്പിച്ചത് മർദിതരുടെയും പീഡിതരുടെയും കൂടെയാണ്. അബൂജഹൽ കരുത്തനും പ്രവാചകന്റെ കഠിന ശത്രുവുമായിരുന്നു. ദരിദ്രനും വളരെ സാധാരണക്കാരനുമായ ഇബ്നുൽ ഗൗസിന് അദ്ദേഹത്തിൽ നിന്ന് ഒരു സംഖ്യ കിട്ടാനുണ്ടായിരുന്നു. എത്ര ചോദിച്ചിട്ടും കൊടുത്തിരുന്നില്ല. അതിനാൽ കഅ്ബയുടെ പരിസരത്ത് ഇരിക്കുകയായിരുന്ന ഖുറൈശി പ്രമുഖരോട് പരാതി പറഞ്ഞു. അവർ തൊട്ടടുത്തുണ്ടായിരുന്ന പ്രവാചകനെ ചൂണ്ടിക്കാണിച്ച് അദ്ദേഹത്തോട് പറയാൻ ആവശ്യപ്പെട്ടു. പ്രവാചകനെ പരിഹസിക്കലായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ പ്രവാചകൻ ഇബ്നുൽ ഗൗസിനെ കൂട്ടി അബൂജഹലിന്റെ വീട്ടിൽ പോവുകയും അയാളുടെ സംഖ്യ വാങ്ങിക്കൊടുക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിന്റെ ധീരതക്കെന്നപോലെ സഹാനുഭൂതിക്കും കാരുണ്യത്തിനുമുള്ള സാക്ഷ്യമത്രെ.

മനുഷ്യരോടെന്നപോലെ ജീവജാലങ്ങളോടും കരുണ കാണിക്കണമെന്ന് പ്രവാചകൻ കൽപിക്കുകയുണ്ടായി. പക്ഷിക്കൂട്ടിൽനിന്ന് കുഞ്ഞിനെ എടുത്തുകൊണ്ടുവന്ന അനുയായികളോട് കരഞ്ഞുകൊണ്ട് വട്ടമിട്ടു പറന്ന തള്ളപ്പക്ഷിക്ക് അതിനെ തിരിച്ചേൽപിക്കാനാവശ്യപ്പെട്ടു. പ്രവാചകനും അനുയായികളും ഒരു യാത്രയിലായിരിക്കെ തണുപ്പകറ്റാൻ കത്തിച്ച തീ ഉറുമ്പുകൾ കരിയാൻ കാരണമാകുമെന്ന് ആശങ്കിച്ചപ്പോൾ അത് കെടുത്താൻ കൽപിച്ചു. വിശപ്പ് കാരണം ഒട്ടകം കരയുന്നത് കണ്ടപ്പോൾ മുഹമ്മദ് നബി അതിന്റെ കണ്ണുനീർ തുടച്ചുകൊടുക്കുകയും അതിന് തിന്നാൻ കൊടുക്കാൻ നിർദേശിക്കുകയും ചെയ്തു. അദ്ദേഹം അതിന്റെ ഉടമയോട് പറഞ്ഞു: “ഇൗ ഒട്ടകത്തിന്റെ കാര്യത്തിൽ താങ്കൾ ദൈവത്തെ സൂക്ഷിക്കുന്നില്ലേ? ദൈവം അതിനെ നമ്മെ ഏൽപിച്ചത് അതിനെ നന്നായി സംരക്ഷിക്കാനാണ്. അതിനെ പരിപാലിച്ച് സംരക്ഷിക്കുന്നവർക്കേ അതിനെ ഉപയോഗിക്കാൻ അവകാശമുള്ളൂ.’

മക്കയുടെ വിമോചനത്തിനു വേണ്ടിയുള്ള യാത്രയിൽ വഴിയിൽ പ്രസവിച്ച ഒരു പട്ടിയും അതിന്റെ കുട്ടികളുമുണ്ടായിരുന്നു. അവക്ക് ഒരപകടവും സംഭവിക്കാതിരിക്കാൻ സംഘത്തിലെ അവസാനത്തെയാളും കടന്നു പോകുന്നത് വരെ ഒരാളെ അവിടെ കാവൽ നിർത്തിയ പ്രവാചകൻ ദാഹിച്ചു വലഞ്ഞ പട്ടിക്ക് വെള്ളം കൊടുക്കുന്നത് പാപമോചനത്തിന് കാരണമാണെന്നും പൂച്ചയെ കെട്ടിയിട്ട് അന്നം കൊടുക്കാതിരിക്കുന്നത് ഗുരുതരമായ പാപമാണെന്നും പഠിപ്പിച്ചു.

ജീവജാലങ്ങളോട് മാത്രമല്ല മരത്തോടും മണ്ണിനോടും മനുഷ്യന് ബാധ്യതയുണ്ടെന്ന് മുഹമ്മദ് നബി ഉദ്ബോധിപ്പിച്ചു. പഴമില്ലാത്ത മരത്തെ കല്ലെറിയുന്ന കുട്ടിയോട് അദ്ദേഹം പറഞ്ഞു: “അരുത് മോനേ, അതിന് വേദനിക്കും.’

വിഖ്യാതമായ വിട്ടുവീഴ്ച
മുഹമ്മദ് നബിയുടെ മനസ്സ് നിറയെ സമൂഹത്തോടുള്ള സ്നേഹവാത്സല്യ വികാരങ്ങളായിരുന്നു. അവർക്ക് എന്തെങ്കിലും വിപത്തു വരുന്നത് അദ്ദേഹത്തെ അത്യധികം അലോസരപ്പെടുത്തി. തന്നെ കഠിനമായി ദ്രോഹിച്ചവർ പോലും ദുർമാർഗികളായി ദുരിതത്തിലകപ്പെടരുതെന്ന് മുഹമ്മദ് നബി ആത്മാർഥമായി ആഗ്രഹിച്ചു.

പ്രതികാരമല്ല, വിട്ടുവീഴ്ചയാണ് വിജയത്തിന് വഴിയൊരുക്കുകയെന്ന് സമൂഹത്തെ പഠിപ്പിച്ചു. ഉറങ്ങിക്കിടക്കവേ ഇൗന്തപ്പനമേൽ തൂക്കിയിട്ട തന്റെ വാളെടുത്ത് തന്നെ കൊല്ലാൻ ശ്രമിച്ച ദുഅഥൂർ, വിഷം പുരട്ടിയ വാളുമായി തന്നെ വധിക്കാൻ വന്ന വഹബ് മകൻ ഉമൈർ, അദ്ദേഹത്തെ അതിന് നിയോഗിച്ചയച്ച ഉമയ്യ മകൻ സ്വഫ്വാൻ, തന്റെ പ്രിയ പത്നി ആയിശ ബീവിക്കെതിരെ അപവാദം പറഞ്ഞു പരത്തിയവർ, ഉള്ളിൽ നിന്ന് ദ്രോഹിച്ച കപടവിശ്വാസികൾ, ഭക്ഷണത്തിൽ വിഷം കലർത്തിയ ജൂത സ്ത്രീ, തന്റെ പിതൃവ്യൻ ഹംസയെ ക്രൂരമായി കൊന്ന് നെഞ്ച് പിളർത്തി കരളെടുത്ത വഹ്ശി, അതിന് ആജ്ഞാപിക്കുകയും ആ കരൾ കടിച്ചു തുപ്പുകയും ചെയ്ത ഹിന്ദ്, തനിക്കെതിരെ നിരവധി യുദ്ധങ്ങൾ നയിച്ച അബൂസുഫ്യാൻ, ശത്രു സൈന്യത്തിന്റെ നേതാവായിരുന്ന ഖാലിദ്, തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയ യമാമ ഭരണാധികാരി അഥാൽ മകൻ ഥുമാമ തുടങ്ങിയവരോടെല്ലാം പ്രവാചകൻ വിട്ടുവീഴ്ച കാണിക്കുകയും അവർക്കെല്ലാം മാപ്പ് നൽകുകയും ചെയ്തു.

ഹിജ്റ അഞ്ചാം വർഷം മക്കയിൽ കടുത്ത ദാരിദ്ര്യം ബാധിച്ചു. പണക്കാരുൾപ്പെടെ പട്ടിണികൊണ്ട് പൊറുതിമുട്ടി. അപ്പോൾ അവിടെയുണ്ടായിരുന്നവരെല്ലാം പ്രവാചകന്റെ കഠിന ശത്രുക്കളായിരുന്നു. അദ്ദേഹത്തെ അങ്ങേയറ്റം ദ്രോഹിച്ചവരും. എന്നിട്ടും വിവരമറിഞ്ഞ പ്രവാചകൻ പള്ളിയിലെ പ്രസംഗപീഠത്തിൽ ജനങ്ങളോട് മക്കക്കാരുടെ പ്രയാസം വിശദീകരിച്ചു. തുടർന്ന് വീടുകളിൽ നിന്ന് ധാന്യം കൊണ്ടുവരാനാവശ്യപ്പെട്ടു. അങ്ങനെ അവയൊക്കെയും ശേഖരിച്ച് ഉബയ്യ് മകൻ അംറ് വശം ശത്രുക്കളുടെ നേതാവായിരുന്ന അബൂസുഫ്യാന് കൊടുത്തയച്ചു.

അദ്ദേഹം അത് സ്വീകരിച്ച് ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു. മക്കാനിവാസികൾ ഭക്ഷ്യ ധാന്യങ്ങൾക്ക് മുഖ്യമായി ആശ്രയിച്ചിരുന്നത് യമാമ ദേശക്കാരെയാണ്. അവരുടെ നേതാവ് അഥാൽ മകൻ ഥുമാമ ഇസ്ലാം സ്വീകരിച്ചു. അതോടെ അദ്ദേഹം പ്രവാചകനെയും അനുയായികളെയും പ്രയാസപ്പെടുത്തിക്കൊണ്ടിരുന്ന മക്കാനിവാസികൾക്ക് ഒരുമണി ധാന്യവും നൽകരുതെന്ന് തന്റെ നാട്ടുകാരോട് ആവശ്യപ്പെട്ടു. അതോടെ മക്കാനിവാസികൾ പട്ടിണികൊണ്ട് പൊറുതിമുട്ടി. അതിനിടെ തീർഥാടനത്തിന് മക്കയിലെത്തിയ ഥുമാമയോട് ഭക്ഷ്യഉപരോധം പിൻവലിക്കാൻ ആവശ്യപ്പെട്ടു. ഇസ്ലാം സ്വീകരിച്ചതിന്റെ പരിഭവം രേഖപ്പെടുത്തുകയും ചെയ്തു. ഥുമാമയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: “ഞാൻ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും ഉൽകൃഷ്ട മതമാണിസ്ലാം. ഞാൻ അതംഗീകരിച്ചിരിക്കുന്നു. ഇനി സത്യത്തിൽ നിന്ന് അസത്യത്തിലേക്ക് തിരിച്ചു പോക്കില്ല. നിങ്ങൾക്ക് ഒരു മണി ധാന്യവും തരികയുമില്ല.’

മുഹമ്മദിന്റെ നിർദേശമില്ലാതെ ഥുമാമ തീരുമാനം മാറ്റുകയില്ലെന്ന് മക്കക്കാർക്ക് ബോധ്യമായി. മൂന്നുകൊല്ലം വെള്ളം പോലും കൊടുക്കാതെ മുഹമ്മദിനെ ബഹിഷ്കരിച്ച തങ്ങൾക്ക് അനുകൂലമായ നിലപാട് അദ്ദേഹം സ്വീകരിക്കുമോ? ഗത്യന്തരമില്ലാതെ അവർ പ്രവാചകനോട് ഇങ്ങനെ ആവശ്യപ്പെട്ടു: “ഞങ്ങൾക്ക് ഭക്ഷ്യധാന്യം നൽകുന്നത് നിരോധിച്ചു കൊണ്ട് ഥുമാമ നൽകിയ നിർദേശം പിൻവലിക്കാൻ ആവശ്യപ്പെട്ടാലും. ഇൗ പ്രയാസത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണം. കുടുംബബന്ധത്തിന്റെ പേരിലെങ്കിലും.’ കത്ത് കിട്ടിയ പ്രവാചകൻ ഥുമാമക്കെഴുതി: “ദൈവം തന്നെ തള്ളിപ്പറയുന്നവരോടും തന്നിൽ പങ്കുചേർക്കുന്നവരോടും കരുണ കാണിക്കുന്നവനാണ്. നാമും ഉൾക്കൊള്ളേണ്ടത് അതാണ്. അതിനാൽ മക്കയിലേക്കുള്ള ഭക്ഷ്യപദാർഥങ്ങൾ വിലക്കരുത്.’

കുടുംബ ജീവിതം
ഖദീജാ ബീവി മരണപ്പെടുന്നത് വരെ പ്രവാചകൻ മറ്റൊരു വിവാഹം കഴിച്ചില്ല എന്ന കാര്യം നാം നേരത്തെ വിശദീകരിച്ചിട്ടുണ്ടല്ലോ. അന്ന് പ്രവാചകന്റെ പ്രായം 50 വയസ്സും ഖദീജാ ബീവിയുടേത് 65 വയസ്സുമായിരുന്നു. അവരുടെ മരണശേഷം പ്രവാചകൻ സാമൂഹ്യവും മതപരവുമായ ആവശ്യനിർവഹണത്തിന് പതിനൊന്ന് വിവാഹം കഴിച്ചു. അദ്ദേഹം രണ്ടാമതായി വിവാഹം കഴിച്ചത് തന്നേക്കാൾ വളരെ കൂടുതൽ പ്രായമുള്ള വിധവയായ സൗദയെയാണ്. ഭർത്താവ് മരണപ്പെട്ട് വിധവയായ അവരെ സംരക്ഷിക്കാൻ ആരുമുണ്ടായിരുന്നില്ല. ഇസ്ലാം സ്വീകരിച്ചതിനാൽ കുടുംബം ശത്രുപക്ഷത്തായിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് തന്നേക്കാൾ പതിനാറ് വയസ്സ് കൂടുതലുള്ള അറുപത്താറുകാരിയായ അവരെ പ്രവാചകൻ വിവാഹം ചെയ്തത്.

മൂന്നാമതായി പ്രവാചകൻ വിവാഹം കഴിച്ചത് തന്റെ ആത്മമിത്രവും ഹിജ്റയിൽ സഹയാത്രികനുമായ അബൂബക്കർ സിദ്ദീഖിന്റെ മകൾ ആയിശാ ബീവിയെയാണ്. മുഹമ്മദ് നബി കല്യാണം കഴിച്ച ഏക കന്യകയും അവർ തന്നെ. കൊച്ചുപ്രായത്തിൽ തന്നെ അത്യസാധാരണമായ ബുദ്ധിശക്തിയും കാര്യഗ്രഹണ ശേഷിയും സ്വഭാവ സവിശേഷതകളും പെരുമാറ്റ മേന്മകളും വിസ്മയകരമായ വിവേകവും കാണിച്ച വ്യത്യസ്തമായ വ്യക്തിത്വത്തിന്നുടമയായിരുന്നു അവർ. ശൈശവം തൊട്ടേ നന്നായി അടുത്തറിയുന്ന മുഹമ്മദ് നബിക്ക് അവരുടെ എല്ലാ സാമർഥ്യവും സവിശേഷതയും നന്നായി മനസ്സിലാക്കാൻ സാധിച്ചിരുന്നു. വരും കാലത്ത് ഇസ്ലാമിനും മനുഷ്യരാശിക്കും അവർ ഏറെ ഉപകരിക്കുമെന്ന് പ്രവാചകന് നന്നായറിയാമായിരുന്നു. ഇസ്ലാമിന്റെ രണ്ടാമത്തെ പ്രമാണമായ പ്രവാചകചര്യ വരും തലമുറക്കു വേണ്ടി ഏറ്റവും കൂടുതൽ നിവേദനം ചെയ്ത വനിതയാണവർ. പ്രവാചകന്റെ കുടുംബ ജീവിതത്തിലെ സ്വകാര്യതയെക്കുറിച്ച് ലോകത്തിന് പഠിക്കാൻ കഴിഞ്ഞത് പ്രധാനമായും അവരിലൂടെയാണ്.

മുഹമ്മദ് നബി നാലാമതായി വിവാഹംചെയ്തത് ഉമറുൽ ഫാറൂഖിന്റെ മകൾ ഹഫ്സ്വയെയാണ്. ബദർ യുദ്ധത്തിൽ ഭർത്താവ് ഹുദൈഫ രക്തസാക്ഷിയായതോടെ വിധവയായിത്തീർന്ന അവരെ വിവാഹം കഴിക്കാൻ ഉമറുൽ ഫാറൂഖ് ഒന്നിലേറെപ്പേരോട് ആവശ്യപ്പെട്ടുവെങ്കിലും അവർ സന്നദ്ധരായില്ല. അങ്ങനെ പ്രയാസത്തിലകപ്പെട്ട തന്റെ ആത്മമിത്രമായ ഉമറിന് ആശ്വാസമേകുകയായിരുന്നു അദ്ദേഹത്തിന്റെ മകളെ വിവാഹം കഴിച്ചതിലൂടെ പ്രവാചകൻ ചെയ്തത്. കാഴ്ചക്കാരിൽ കൗതുകമുണർത്തുന്ന ശരീരസൗന്ദര്യമോ ആകർഷകത്വമോ ഉള്ള സ്ത്രീ ആയിരുന്നില്ല അവർ.

പ്രവാചകൻ അഞ്ചാമതായി വിവാഹം ചെയ്തത് ഇസ്ലാമിനെയും പ്രവാചകനെയും കഠിനമായി എതിർത്തുകൊണ്ടിരുന്ന അബൂസുഫ്യാന്റെ മകൾ ഉമ്മു ഹബീബയെയാണ്. പിതാവ് പ്രവാചകനെതിരെ നടന്ന ഒന്നിലേറെ യുദ്ധങ്ങളിൽ സർവസൈന്യാധിപനായിരുന്നു. മാതാവ് ഹിന്ദ് പ്രവാചകന്റെ പിതൃവ്യൻ ഹംസയെ വധിക്കാൻ പാരിതോഷികം നൽകുകയും അദ്ദേഹത്തിന്റെ കരളെടുത്ത് കടിച്ചു തുപ്പുകയും ചെയ്ത സ്ത്രീയാണ്. എന്നിട്ടും സത്യം ബോധ്യമായപ്പോൾ അവരത് സ്വീകരിച്ചു. മർദനം സഹിക്കാനാവാതെ എത്യേപ്യയിലേക്ക് പോയ അവരുടെ ഭർത്താവ് ഇസ്ലാം ഉപേക്ഷിച്ചു. അതോടെ അന്യനാട്ടിൽ ഒറ്റപ്പെട്ട അവരെ പ്രവാചകൻ വിവാഹം കഴിക്കുകയായിരുന്നു. പ്രവാചകന്റെ ഇൗ സമീപനം പിൽക്കാലത്ത് അവരുടെ പിതാവ് അബൂസുഫ്യാനെയും ഒട്ടൊക്കെ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “ഏതായാലും മുഹമ്മദ് വളരെ നല്ല മനുഷ്യനാണ്. മാന്യനായ ഭർത്താവ്.’

ആറാമതായി വിവാഹം ചെയ്തത് സൈനബിനെയാണ്. നേരത്തേ മൂന്ന് തവണ വിവാഹം ചെയ്യപ്പെട്ട അവരുടെ അവസാന ഭർത്താവ്
ഉഹുദ് യുദ്ധത്തിൽ രക്തസാക്ഷിയാവുകയായിരുന്നു. അതോടെ തീർത്തും നിരാലംബയായ അവരെ മുഹമ്മദ് നബി വിവാഹം കഴിച്ചു. മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും അവർ പരലോകം പ്രാപിച്ചു.

ഏഴാമതായി വിവാഹംചെയ്തത് വളർത്തുപുത്രൻ സൈദ് വിവാഹം ചെയ്ത് ഒഴിവാക്കിയ സൈനബിനെയാണ്. അവർ പ്രവാചകന്റെ പിതൃസഹോദരിയുടെ മകളാണ്. വളർത്തുപുത്രൻ വിവാഹമോചനം ചെയ്ത സ്ത്രീയെ കല്യാണം കഴിക്കാൻ പാടില്ലെന്ന അറേബ്യയിൽ നിലനിന്നിരുന്ന ധാരണയെ തിരുത്താൻ കൂടിയാണ് മുഹമ്മദ് നബി അവരെ വിവാഹം കഴിച്ചത്.

എട്ടാമതായി വിവാഹംചെയ്തത് സന്മാർഗം സ്വീകരിച്ചതിന്റെ പേരിൽ കൊടിയ പീഡനങ്ങളനുഭവിച്ച ഉമ്മുസൽമയെയാണ്. ഭർത്താവ് ഉഹുദ് യുദ്ധത്തിൽ രക്തസാക്ഷിയായതോടെ നാലു മക്കളുടെ സംരക്ഷണം അസാധ്യമായി. ആ ഘട്ടത്തിൽ അവർക്ക് ആശ്വാസമേകുകയെന്ന അടിസ്ഥാനത്തിലാണ് പ്രവാചകൻ അവരെ വിവാഹം ചെയ്തത്.

ഒമ്പതാമത് വിവാഹംചെയ്തത് ബനുൽ മുസ്ത്വലിഖ് യുദ്ധത്തിൽ തടവുകാരിയായി പിടിക്കപ്പെട്ട ജുവൈരിയയെയാണ്. അവർ ബനുൽ മുസ്ത്വലിഖ് ഗോത്രത്തലവൻ ഹാരിസിന്റെ മകളായിരുന്നു. അവർക്ക് ഒരംഗീകാരവും ബഹുമതിയുമെന്ന നിലയിലാണ് മുഹമ്മദ് നബി അവരെ വിവാഹം ചെയ്തത്.

ഖൈബർ യുദ്ധത്തിൽ പിടികൂടപ്പെട്ട മദീനയിലെ പ്രമുഖ ജൂതഗോത്രമായ ബനൂനദീറിന്റെ നേതാവ് അഖ്തബ് മകൻ ഹുയയ്യിന്റെ മകൾ സ്വഫിയ്യയെയാണ് പത്താമതായി വിവാഹം ചെയ്തത്. അവർക്ക് പ്രവാചകൻ സ്വന്തം നാട്ടിലേക്ക് പോവുകയോ സന്മാർഗം സ്വീകരിച്ച് തന്റെ പത്നിയാവുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകി. അവർ പ്രവാചകന്റെ പത്നീപദം സ്വയം തെരഞ്ഞെടുക്കുകയായിരുന്നു.

പതിനൊന്നാമത് വിവാഹം ചെയ്തത് മൈമൂനയെയാണ്. ആദ്യത്തെ രണ്ട് ഭർത്താക്കന്മാർ മരണപ്പെട്ട ശേഷം അവരുടെ സഹോദരീ ഭർത്താവും പ്രവാചകന്റെ പിതൃവ്യനുമായ ഹംസയും മറ്റു ബന്ധുക്കളും നിർബന്ധിച്ചപ്പോഴാണ് മുഹമ്മദ് നബി അവരെ വിവാഹം കഴിച്ചത്.

പന്ത്രണ്ടാമത് വിവാഹം ചെയ്തത് മാരിയത്തുൽ ഖിബ്ത്വിയ്യയെയാണ്. ഇൗജിപ്ഷ്യൻ ഭരണാധികാരി മുഖൗഖിസ് സമ്മാനിച്ച അവരെ പ്രവാചകൻ പത്നിയായി സ്വീകരിക്കുകയായിരുന്നു.

ഇങ്ങനെ പ്രവാചകൻ പന്ത്രണ്ട് പേരെ വിവാഹം ചെയ്തിരുന്നുവെങ്കിലും ഒമ്പത് ഭാര്യമാരേ ഒരേസമയം ജീവിച്ചിരുന്നുള്ളൂ. പ്രവാചകന്റെ വിവാഹങ്ങൾ ലൈംഗികതയുമായി ബന്ധപ്പെട്ടതല്ലെന്നും മതപരവും സാമൂഹികവുമായ അനിവാര്യ കാരണങ്ങളാൽ നടത്തപ്പെട്ടവയാണെന്നും ഉപര്യുക്ത വിവരണങ്ങൾ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു.

പ്രവാചകന് ഏഴ് മക്കളാണുണ്ടായിരുന്നത്. മൂന്ന് ആണും നാല് പെണ്ണും. ഖാസിം, അബ്ദുല്ല, ഇബ്റാഹിം, സൈനബ, റുഖിയ്യ, ഫാത്വിമ, ഉമ്മു കുൽസൂം. ഇവരിൽ ഇബ്റാഹിം ഒഴിച്ചുള്ളവരെല്ലാം ഖദീജാ ബീവിയിലുണ്ടായ മക്കളാണ്. ഇബ്റാഹിം ഇൗജിപ്തുകാരി മാരിയത്തിന്റെ മകനാണ്. ഇബ്റാഹീമും അബ്ദുല്ലയും ഒഴിച്ചുള്ളവരെല്ലാം പ്രവാചക ലബ്ധിക്ക് മുമ്പ് ജനിച്ചവരാണ്. അബ്ദുല്ല പ്രവാചകത്വത്തിന് ശേഷം മക്കയിൽ ജനിച്ചു. ഇബ്റാഹിം മാത്രമാണ് മദീനയിൽ ജനിച്ചത്.

ആൺകുട്ടികളെല്ലാം ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു. ഇബ്റാഹിം മരണപ്പെട്ട ദിവസം സൂര്യഗ്രഹണമുണ്ടായി. പ്രവാചക പുത്രന്റെ മരണം കാരണമാണ് ഗ്രഹണമുണ്ടായതെന്ന് ചിലർ പ്രചരിപ്പിച്ചു. ഇത് കേൾക്കാനിടയായ പ്രവാചകൻ ഗ്രഹണത്തിന് ആരുടെയെങ്കിലും ജനനവുമായോ മരണവുമായോ ഒരു ബന്ധവുമില്ലെന്നും അത് ദൈവനിശ്ചിതമായ പ്രകൃതിപ്രതിഭാസത്തിന്റെ ഭാഗമാണെന്നും വിശദീകരിച്ചു കൊടുത്തു. അങ്ങനെ അവരുടെ അന്ധവിശ്വാസം തിരുത്തി.

നാല് പെൺമക്കളും വിവാഹിതരായി കുടുംബജീവിതം നയിച്ചു. എന്നാൽ ഫാത്വിമ ഒഴിച്ചുള്ള മൂന്ന് പെൺമക്കളും പ്രവാചകന്റെ ജീവിതകാലത്തു തന്നെ പരലോകം പ്രാപിച്ചു. ഫാത്വിമ പ്രവാചകന്റെ വിയോഗത്തിന് ശേഷം ആറുമാസക്കാലം ജീവിച്ചു. അവരുടെ മക്കളിലൂടെ മാത്രമാണ് പ്രവാചകനുമായി ബന്ധമുള്ള സന്താന പരമ്പര ഉണ്ടായത്.

മാറ്റത്തിന്റെ മാർഗം
പ്രവാചകൻ സമൂഹത്തെ സമൂലമായി മാറ്റിയെടുത്തു. ഏറ്റവും യുക്തവും ഫലപ്രദവുമായ പാതയാണ് അദ്ദേഹം പരിവർത്തനത്തിനും പരിഷ്കരണത്തിനും സ്വീകരിച്ചത്.

പ്രവാചകനും അനുചരന്മാരും പള്ളിയിലായിരിക്കെ ഒരാൾ കടന്നു വന്നു. ഉപചാരങ്ങളൊന്നുമില്ലാതെ പ്രവാചകനോട് പറഞ്ഞു: “എനിക്ക് വ്യഭിചരിക്കാൻ അനുവാദം തരണം.’ അവിടെയുണ്ടായിരുന്നവർ അദ്ദേഹത്തോട് കടുത്ത ഭാഷയിൽ കൽപിച്ചു: “മിണ്ടാതിരി.’ എന്നാൽ പ്രവാചകൻ സ്വീകരിച്ച സമീപനം വ്യത്യസ്തമായിരുന്നു. അദ്ദേഹത്തെ ആലിംഗനം ചെയ്ത് അടുത്തിരുത്തി. കുശലാന്വേഷണങ്ങൾക്ക് ശേഷം ചോദിച്ചു: “താങ്കളുടെ മാതാവിനെ ആരെങ്കിലും വ്യഭിചരിക്കുന്നത് താങ്കൾ ഇഷ്ടപ്പെടുമോ?’ “ഞാനെന്നല്ല, ആരും അതിഷ്ടപ്പെടുകയില്ല.’ അയാൾ അറിയിച്ചു. തുടർന്ന് മക്കളെയും ഭാര്യയെയും സഹോദരിയെയും സംബന്ധിച്ച് ഇതേ ചോദ്യം ഉന്നയിച്ചു. അപ്പോഴൊക്കെയും അയാളുടെ പ്രതികരണം ആദ്യത്തേത് തന്നെയായിരുന്നു. ആ അവസരം ഉപയോഗപ്പെടുത്തി പ്രവാചകൻ അദ്ദേഹത്തോട് പറഞ്ഞു: “ഞാൻ താങ്കൾക്ക് വ്യഭിചരിക്കാൻ അനുവാദം തന്നിരിക്കുന്നു. എന്നാൽ അത് ആരുടെയും മാതാവോ ഭാര്യയോ സഹോദരിയോ മകളോ ആവരുത്.’ മടങ്ങിപ്പോകുമ്പോൾ അയാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു: “ഞാൻ ഇങ്ങോട്ടു വരുമ്പോൾ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന കാര്യം ഇപ്പോൾ ഏറ്റവും വെറുക്കപ്പെട്ടതായി മാറിയിരിക്കുന്നു.’

മറ്റൊരിക്കൽ പ്രവാചകൻ തന്റെ അനുചരന്മാരോട് ഒരാളുടെ ദാനത്തെ സംബന്ധിച്ച് പറഞ്ഞു.

“ഇന്ന് ഞാൻ ഒരു ദാനം ചെയ്യുമെന്ന് പറഞ്ഞ് അയാൾ ഒരു പണക്കിഴിയുമായി പുറപ്പെട്ടു. അയാൾ അന്നത് നൽകിയത് ഒരു കള്ളനാണ്. അതറിഞ്ഞവരൊക്കെയും കള്ളന് ദാനംനൽകിയവനെന്ന് പറഞ്ഞ് ആക്ഷേപിച്ചു. അടുത്തദിവസവും അയാൾ ഒരു പണക്കിഴിയുമായി പുറപ്പെട്ടു. അയാൾ അന്നത് നൽകിയത് ഒരു തെരുവ് വേശ്യക്കാണ്. അതിനാൽ അന്ന് ആക്ഷേപം കൂടുതൽ രൂക്ഷമായിരുന്നു. അടുത്ത ദിവസവും പണക്കിഴിയുമായി പുറപ്പെട്ട് അതൊരു ധനികന് നൽകി. അതിനെയും ജനം പരിഹസിച്ചു. ഒരപരിചിതൻ വന്ന് അദ്ദേഹത്തെ ഇങ്ങനെ അറിയിച്ചതായി പ്രവാചകൻ പറഞ്ഞു: “വളരെ നല്ലത്. താങ്കളുടെ ദാനം കാരണമായി കള്ളൻ കളവിൽ നിന്നും വേശ്യ വ്യഭിചാരത്തിൽ നിന്നും പിന്തിരിഞ്ഞേക്കാം. പണക്കാരന് അതൊരു പാഠവുമാണ്. നാളെ അയാളും ദാനം ചെയ്യാൻ തുടങ്ങിയേക്കാം.’

മറ്റൊരിക്കൽ പ്രവാചകൻ തനിക്കു ലഭിച്ച പലഹാരപ്പാത്രം പ്രിയപത്നി ആയിശക്കു നൽകി. എന്തോ കാരണവശാൽ കോപാകുലയായിരുന്ന അവരത് നിലത്തിട്ടു. ഭാവമാറ്റമൊന്നുമില്ലാതെ പ്രവാചകൻ തറയിൽ ചിതറിയ പലഹാരം പെറുക്കിയെടുക്കാൻ തുടങ്ങി. ആയിശക്കിത് സഹിക്കാൻ സാധിച്ചില്ല. അവരുടെ ഹൃദയം വിതുമ്പി. പ്രവാചകനിൽ നിന്ന് പാത്രം വാങ്ങി എല്ലാം പെറുക്കിയെടുത്തു. തനിക്ക് സംഭവിച്ച തെറ്റിൽ പശ്ചാത്തപിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തു.

പ്രവാചകൻ സമൂഹത്തെ സമ്പൂർണമായി സംസ്കരിച്ചതും മാറ്റിയെടുത്തതും ഇവ്വിധമായിരുന്നു. അരുതുകളുടെയും വിലക്കുകളുടെയും പട്ടിക നിരത്തി വെക്കുന്നതിനു പകരം മനശ്ശാസ്ത്രപരമായും യുക്തിഭദ്രമായും അവരുടെ മനസ്സുകളെ പരിവർത്തിപ്പിക്കുകയായിരുന്നു. അത് കൊണ്ടാണ് അദ്ദേഹത്തിന് സമൂഹത്തിൽ സമഗ്രമായ മാറ്റം വരുത്താൻ സാധിച്ചത്.
ആൾക്കൂട്ടത്തിൽ ഒരുവൻ

ദൈവത്തിന്റെ അന്ത്യദൂതനും സമൂഹത്തിന്റെ നായകനും രാജ്യത്തിന്റെ ഭരണാധികാരിയുമെല്ലാമായിരുന്നിട്ടും പ്രവാചകൻ എപ്പോഴും ആൾക്കൂട്ടത്തിലായിരുന്നു. അദ്ദേഹം അവരോടൊപ്പമിരുന്നു, നടന്നു, ആഹാരം കഴിച്ചു, കിടന്നുറങ്ങി. അവർ വിശന്നപ്പോൾ അദ്ദേഹവും വിശന്നു. എല്ലാ ജോലികളിലും പങ്കാളിയായി. സ്ഥാനവസ്ത്രമോ സിംഹാസനമോ പ്രത്യേക ഇരിപ്പിടമോ ഭക്ഷണമോ ഒന്നും ഉണ്ടായിരുന്നില്ല. അനുയായികളെപ്പോലെ ഇൗത്തപ്പഴവും വെള്ളവും കഴിച്ച് ജീവിച്ചു. ഇൗന്തപ്പനയുടെ ഒാല കൊണ്ടുണ്ടാക്കിയ പായയിൽ കിടന്നുറങ്ങി. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവന്റേതിന് സമാനമായ ജീവിതമാണ് നയിച്ചിരുന്നത്. താൻ വരുമ്പോൾ എഴുന്നേറ്റ് നിൽക്കരുതെന്ന് പോലും അദ്ദേഹം കൽപിച്ചു.

ഒരു യാത്രയിലായിരിക്കെ പ്രവാചകനും അനുചരന്മാരും ഒരിടത്ത് വിശ്രമിക്കാനിരുന്നു. അവർ ഒരാടിനെ അറുത്ത് ആഹാരമാക്കാൻ തീരുമാനിച്ചു. അറവ്, തൊലിപൊളിക്കൽ, കഷ്ണം മുറിക്കൽ, പാകം ചെയ്യൽ തുടങ്ങിയ ജോലികൾ ഒാരോരുത്തർ ഏറ്റെടുത്തപ്പോൾ പ്രവാചകൻ വിറകു കൊണ്ടുവരുന്ന ചുമതലയേറ്റു. അത് തങ്ങൾ നിർവഹിക്കാമെന്ന് പറഞ്ഞ് അനുയായികൾ വിലക്കിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. അവരോട് ഇങ്ങനെ പറയുകയും ചെയ്തു. “ഞാൻ നിങ്ങളിൽ ഒരുവനല്ലേ? ഒരുവനാകേണ്ടവനല്ലേ?’

ഖൻദഖ് യുദ്ധവേളയിൽ അനുയായികളോടൊപ്പം അദ്ദേഹവും കിടങ്ങ് കുഴിക്കുന്നതിൽ പങ്കാളിയായി.

ദൈവത്തിൽനിന്ന് കൽപനയോ നിർദേശമോ മാർഗദർശനമോ ലഭിക്കാത്ത കാര്യങ്ങളിലെല്ലാം തീരുമാനമെടുത്തിരുന്നത് അനുയായികളോട് കൂടിയാലോചിച്ചാണ്. സഹധർമിണിയുടെ പേരിൽ അപവാദാരോപണമുണ്ടായപ്പോൾ അക്കാര്യത്തിൽപോലും കൂടെയുള്ളവരോട് കൂടിയാലോചിക്കുകയുണ്ടായി. ഭൂരിപക്ഷാഭിപ്രായം തന്റേതിന് വിരുദ്ധമായാൽ അതാണ് സ്വീകരിച്ചിരുന്നത്. ഉഹുദ് യുദ്ധവേളയിൽ മദീനക്കു പുറത്തു പോയത് തന്റെ കാഴ്ചപ്പാടിനെതിരെ ഭൂരിപക്ഷാഭിപ്രായം സ്വീകരിച്ചാണ്.

നീതി നിർവഹണം
പ്രവാചക നിയോഗത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് നീതിയുടെ സംസ്ഥാപനമാണെന്ന് ഖുർആൻ പറയുന്നു. നീതിയെ ദൈവത്തിന്റെ പര്യായമായി പോലും ഖുർആൻ പ്രയോഗിച്ചിട്ടുണ്ട്. നീതിനിർവഹണത്തിന് തടസ്സമായി ഒന്നുമുണ്ടാകരുതെന്ന് ഖുർആൻ കണിശമായി കൽപിക്കുന്നു.

“വിശ്വസിച്ചവരേ, നിങ്ങൾ നീതി നടത്തി അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക. അത് നിങ്ങൾക്കോ നിങ്ങളുടെ മാതാ
പിതാക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ എതിരായിരുന്നാലും. കക്ഷി ധനികനോ ദരിദ്രനോ എന്ന് നോക്കേണ്ടതില്ല. ഇരു കൂട്ടരോടും കൂടുതൽ അടുപ്പമുള്ളവൻ ദൈവമാണ്. അതിനാൽ നിങ്ങൾ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരിൽ നീതി നടത്താതിരിക്കരുത്. വസ്തുതകൾ വളച്ചൊടിക്കുകയോ സത്യത്തിൽ നിന്ന് തെന്നിമാറുകയോ ചെയ്യരുത്. തീർച്ചയായും നിങ്ങൾ ചെയ്യുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.’ (4:135)

“വിശ്വസിച്ചവരേ, നിങ്ങൾ ദൈവത്തിനുവേണ്ടി നേരാം വിധം നിലകൊള്ളുന്നവരാവുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ദൈവഭക്തിക്ക് ഏറ്റവും പറ്റിയത്. നിങ്ങൾ ദൈവത്തെ സൂക്ഷിക്കുക. ഉറപ്പായും നിങ്ങൾ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് ദൈവം.’ (5:8)

അന്യായമായി മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജൂതന്റെ രക്ഷക്കുവേണ്ടി അവതീർണമായ ഒമ്പത് സൂക്തങ്ങൾ ഖുർആനിലുണ്ട്. (4:105-113)

ഖുർആന്റെ പ്രായോഗിക മാതൃകയായ പ്രവാചക ജീവിതം നീതി നിർവഹണത്തിന്റെ കുറ്റമറ്റ മാതൃകയാണ്.

പ്രമുഖ മഖ്സൂം കുടുംബത്തിലെ ഒരു സ്ത്രീ മോഷണംനടത്തി. ശിക്ഷിക്കപ്പെടുമെന്ന അവസ്ഥ വന്നപ്പോൾ പ്രവാചകനോട് ഏറ്റവും അടുപ്പമുള്ളയാളെ ഉപയോഗിച്ച് ശിപാർശ പറഞ്ഞു. ഇത് പ്രവാചകനെ അത്യധികം അസ്വസ്ഥനാക്കി. ജനങ്ങളെ ഒരുമിച്ചുകൂട്ടി അദ്ദേഹം പറഞ്ഞു: “പ്രമാണിമാർ തെറ്റ് ചെയ്താൽ വെറുതെ വിടുകയും പാവങ്ങളാണ് അത് ചെയ്തതെങ്കിൽ പിടികൂടി ശിക്ഷിക്കുകയും ചെയ്തതിനാലാണ് നിങ്ങളുടെ മുൻഗാമികൾ നാശത്തിലകപ്പെട്ടത്. ഞാനും അതാവർത്തിക്കുകയോ?’ തുടർന്ന് ദൃഢസ്വരത്തിൽ പ്രഖ്യാപിച്ചു: “മുഹമ്മദിന്റെ മകൾ ഫാത്വിമയാണ് കട്ടതെങ്കിലും ഞാനവളെ ശിക്ഷിക്കുക തന്നെ ചെയ്യും; തീർച്ച.’

സമഗ്ര വിപ്ലവം

കാലം നിരവധി മഹാന്മാരെ കണ്ടിട്ടുണ്ട്. രാഷ്ട്രീയനേതാക്കൾ, ഭരണാധികാരികൾ, പണ്ഡിതന്മാർ, പ്രതിഭാശാലികൾ, കലാകാരന്മാർ, സാഹിത്യകാരന്മാർ, മതനേതാക്കൾ, തത്ത്വചിന്തകന്മാർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ -മഹാന്മാരുടെ പട്ടിക ഇനിയും നീട്ടാം. അവരിൽ ചിലർ ചരിത്രത്തെ നിർണായകമായി സ്വാധീനിച്ചിട്ടുമുണ്ട്. എന്നാൽ എത്ര വലിയ മഹാന്മാർക്കും ജീവിതത്തിന്റെ ചില വശങ്ങളിൽ മാത്രമാണ് മാറ്റമുണ്ടാക്കാൻ കഴിഞ്ഞത്. ജീവിതത്തിന്റെ മുഴു മേഖലകളിലും സമഗ്രമായ വിപ്ലവം സൃഷ്ടിച്ച ഒരൊറ്റ വ്യക്തിയേ ചരിത്രത്തിൽ ഉണ്ടായിട്ടുള്ളു. അത് ദൈവത്തിന്റെ അന്ത്യദൂതനായ മുഹമ്മദ് നബിയാണ്.

ഇരുപത്തിമൂന്ന് വർഷത്തെ നിരന്തര യത്നത്തിലൂടെ മുഹമ്മദ് നബി മുഴുജീവിതത്തിലും സമൂലമായ മാറ്റം സംഭവിച്ച ഒരു സമൂഹത്തെ സൃഷ്ടിച്ചു. ഒട്ടകത്തിന്റെ മൂക്കുകയർ പിടിച്ച് നടന്നിരുന്ന അറബികളെ ലോകത്തിന്റെ കടിഞ്ഞാൺ പിടിക്കുന്നവരാക്കി പരിവർത്തിപ്പിച്ചു. അന്ധവിശ്വാസികളെ സത്യവിശ്വാസികളും നിരക്ഷരരെ സാക്ഷരരും പ്രാകൃതരെ പരിഷ്കൃതരും കാട്ടാളരെ നാഗരികരും പരുഷപ്രകൃതരെ പരമദയാലുക്കളും ക്രൂരരെ കരുണാർദ്രരും പരാക്രമികളെ പരോപകാരികളും ഭീരുക്കളെ ധീരന്മാരുമാക്കി. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അക്രമങ്ങൾക്കും അനീതികൾക്കും അറുതിവരുത്തി. സാമൂഹിക അസമത്വവും സാംസ്കാരിക ജീർണതയും രാഷ്ട്രീയ അടിമത്തവും ധാർമിക തകർച്ചയും സാമ്പത്തിക ചൂഷണവും ഇല്ലാതാക്കി. അടിമകളുടെയും അധഃസ്ഥിതരുടെയും നില മെച്ചപ്പെടുത്തി. അഗതികൾക്കും അനാഥർക്കും അവശർക്കും അശരണർക്കും ആശ്വാസമേകി. സ്ത്രീകളുടെ പദവി ഉയർത്തി. കുട്ടികൾക്ക് മുന്തിയ പരിഗണന നൽകി. തൊഴിലാളികൾക്ക് മാന്യത നേടിക്കൊടുത്തു. പാവപ്പെട്ടവർക്ക് പരിരക്ഷ നൽകി. വ്യക്തിജീവിതത്തിലെ വിശുദ്ധവും കുടുംബഘടനയെ ഭദ്രവും സമൂഹത്തെ സംസ്കൃതവും ജനതയെ സുരക്ഷിതവും രാഷ്ട്രത്തെ ക്ഷേമപൂർണവുമാക്കി. കിടയറ്റ സംസ്കാര നാഗരികതകൾക്ക് ജന്മം നൽകി.

തിന്നും കുടിച്ചും ഭോഗിച്ചും മദിച്ചും സുഖിച്ചും ഉല്ലസിച്ചും തീർക്കാനുള്ളതാണ് ജീവിതമെന്ന് വിശ്വസിച്ചിരുന്ന ഒരു ജനസമൂഹത്തെ ലക്ഷ്യബോധമുള്ളവരാക്കി മാറ്റി. അങ്ങനെ അരാജക ജീവിതത്തിന് അറുതി വരുത്തി. ജീവിതത്തിന്റെ മൗലികാവകാശങ്ങളിലൊന്നായി മദ്യത്തെ എണ്ണിയിരുന്ന അറേബ്യൻ ജനതയെ മദ്യം ഒഴിച്ച പാത്രം പോലും ഉപയോഗിക്കാത്തവരും മദ്യം വിളമ്പുന്ന സദസ്സ് ബഹിഷ്കരിക്കുന്നവരുമാക്കി.

അശ്ലീലതക്കും നിർലജ്ജതക്കും ലൈംഗിക അരാജകത്വത്തിനും അടിപ്പെട്ട് വൃത്തിഹീനമായ ജീവിതം നയിച്ചിരുന്ന സമകാലിക സമൂഹത്തെ കർക്കശമായ സദാചാര നിയമങ്ങൾ കൃത്യമായി പാലിച്ച് വിശുദ്ധ ജീവിതം നയിക്കുന്നവരാക്കി. ദുർബലമായ നിമിഷത്തിൽ സംഭവിക്കുന്ന വീഴ്ചകൾ തുറന്ന് പറഞ്ഞ് ശിക്ഷ ഏറ്റുവാങ്ങാൻ തിടുക്കം കാട്ടുമാറ് ആത്മസംസ്കരണവും ശിക്ഷണവും നേടിയവരാക്കി. പകയുടെയും പാരുഷ്യത്തിന്റെയും പ്രാകൃതചിന്തക്ക് പകരം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വികാരങ്ങൾ വളർത്തിയെടുത്തു. സ്വാർഥവികാരങ്ങൾക്ക് അറുതിവരുത്തി സാഹോദര്യ ബോധം ഉത്തേജിപ്പിച്ചു. അക്രമത്തിന്റെയും അനീതിയുടെയും ഇരുണ്ട ലോകത്ത് നിന്ന് അവരെ സമാധാനത്തിന്റെയും നീതിയുടെയും വെളിച്ചത്തിലേക്ക് നയിച്ചു.

അടിമകളെയും ഉടമകളെയും മേലാളന്മാരെയും കീഴാളന്മാരെയും സൃഷ്ടിച്ചിരുന്ന സാമൂഹിക അസമത്വത്തിന്റെയും ഉച്ചനീചത്വത്തിന്റെയും അവസാനത്തെ അടയാളം പോലും തുടച്ചുനീക്കി. എത്യോപ്യക്കാരനായ ബിലാലും റോമക്കാരനായ സുഹൈബും പേർഷ്യക്കാരനായ സൽമാനും മക്കക്കാരനായ അബൂബക്കറും മദീനക്കാരനായ സഅദും ഒരേ സമൂഹത്തിലെ സമന്മാരായ അംഗങ്ങളും തുല്യപൗരന്മാരുമായി മാറി. ഒരുകാലത്ത് നീഗ്രോ അടിമയും എത്യോപ്യക്കാരനുമായ ബിലാൽ ഉന്നതകുലജാതനായ ഖുറൈശികളേക്കാൾ മഹിതമായ പദവിയിലെത്തി. പ്രവാചകൻ നയിച്ച വിപ്ലവത്തിന്റെ വിജയം പ്രഖ്യാപിക്കാൻ തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹമാണല്ലോ.

നിത്യ സാന്നിധ്യം
ലോകമെങ്ങുമുള്ള മുസ്ലിംജനകോടികളുടെ ജീവിതത്തിൽ പ്രവാചകൻ ചെലുത്തുന്ന സ്വാധീനം ആരിലും അത്ഭുതമുണ്ടാക്കും വിധം അത്യഗാധവും ഏറെ വ്യാപകവും അസമാനവുമത്രെ. കഴിഞ്ഞ പതിനാലിലേറെ നൂറ്റാണ്ടുകളായി ലോകമെങ്ങുമുള്ള കോടാനു
കോടി മുസ്ലിംകൾ ജീവിതത്തിലുടനീളം വളരെ കണിശതയോടെയും സൂക്ഷ്മതയോടെയും കൃത്യതയോടെയും പിന്തുടരുന്നത് ആ മഹജ്ജീവിതത്തെയാണ്. ഒരോ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ ഉരുവിടുന്ന പ്രാർഥന അദ്ദേഹം പഠിപ്പിച്ചതാണ്.
പ്രാഥമികാവശ്യങ്ങൾക്കായി ടോയ്ലറ്റിൽ പോകുമ്പോൾ ലോകമെങ്ങുമുള്ള മുസ്ലിംകൾ ആദ്യം ഇടതുകാൽ എടുത്ത് വെക്കുന്നു. തിരിച്ചു വരുമ്പോൾ വലത് കാലും. ഒരേ പ്രാർഥനകൾ ചൊല്ലുന്നു. അന്നപാനീയങ്ങൾ കഴിക്കുമ്പോൾ വലത് കൈ ഉപയോഗിക്കുന്നു. ദൈവനാമത്തിൽ ആരംഭിക്കുകയും ദൈവത്തെ വാഴ്ത്തി അവസാനിപ്പിക്കുകയും ചെയ്യുന്നു. നടത്തത്തിലും ഇരുത്തത്തിലും കിടത്തത്തിലും ഉറക്കത്തിലും ഉണർച്ചയിലും സ്വഭാവത്തിലും പെരുമാറ്റത്തിലും സമീപനത്തിലും സമ്പ്രദായത്തിലും സംസാരത്തിലും ചിന്തയിലും കേൾവിയിലും കാഴ്ചയിലും ആരാധനകളിലും ആചാരങ്ങളിലും കീർത്തനങ്ങളിലും പ്രാർഥനകളിലുമെല്ലാം പ്രവാചകനെ പിന്തുടരാൻ അവർ വെമ്പൽ കൊള്ളുന്നു. വികാര വിചാരങ്ങളിലും മുഖഭാവങ്ങളിലും തീനിലും കുടിയിലും പല്ലുതേക്കലിലും വരെ പ്രവാചക ചര്യ സ്വീകരിക്കാൻ ജാഗ്രത പുലർത്തുന്നു. വ്യക്തിജീവിതവും വിവാഹവും കുടുംബജീവിതവും സാമൂഹ്യക്രമവും സാമ്പത്തിക ഇടപാടുകളും സാംസ്കാരിക നിലപാടുകളും രാഷ്ട്രീയ ക്രമവും ഭരണസംവിധാനവുമെല്ലാം മുഹമ്മദ് നബിയുടെ നിർദേശങ്ങൾക്ക് അനുരൂപമാക്കാൻ കണിശത പുലർത്തുന്നു.

അങ്ങനെ ലോകമെങ്ങുമുള്ള മുഴുവൻ മുസ്ലിംകളും തങ്ങളുടെ അഖില ജീവിതമേഖലകളിലും പ്രവാചക മാതൃകകളും നിർദേശങ്ങളും പൂർണമായും പാലിക്കുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെപ്പോലെ അനുകരിക്കപ്പെടുകയോ പിന്തുടരപ്പെടുകയോ ചെയ്യുന്ന മറ്റൊരു നേതാവിനെയും ആർക്കും എവിടെയും കാണുക സാധ്യമല്ല. അദ്ദേഹത്തിന്റേതുപോലെ വിശദാംശങ്ങളോടെ രേഖപ്പെടുത്തപ്പെട്ട മറ്റൊരു ജീവിതവും ഭൂമുഖത്തില്ല. ലോകാന്ത്യം വരെ മുഴുവൻ മനുഷ്യർക്കും പഠിക്കാനും പകർത്താനും സാധിക്കുമാറ് അത് എക്കാലവുംനിലനിൽക്കണമെന്ന ദൈവ നിശ്ചയത്തിന്റെ അനിവാര്യ താൽപര്യമത്രെ അത്.

ജാതി, മത, ദേശ, ഭാഷാ ഭേദമന്യേ മുഴുവൻ മനുഷ്യർക്കും ആ മഹജ്ജീവിതത്തിൽ കുറ്റമറ്റ മാതൃകയുണ്ട്.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles