Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിലെ മുസ്ലിം വ്യക്തി നിയമം:

ഇന്ത്യയിലെ മുസ്ലിം വ്യക്തി നിയമങ്ങളെ കുറിച്ചുള്ള ചര്‍ച്ചകൾ സജീവമായ പുതിയ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നില നിന്നിരുന്ന, ഇന്നത്തെ മുസ്ലിം വ്യക്തി നിയമത്തിന് അടിത്തറ പാകിയ ധാരാളം ഗ്രന്ഥ ശേഖരങ്ങള്‍ ഫത്‌വാ ക്രോഡീകരണ രൂപത്തില്‍ എഴുതപെട്ടവ, അവഗണിച്ചു മുന്നോട്ടു പൊവുക അസാധ്യമായ കാര്യമാണ്. ഇന്നത്തെ മുസ്ലിം വ്യക്തി നിയമ ശേഖരങ്ങള്‍ ബ്രിട്ടീഷ്‌ ഭരണകാലത്ത് എഴുതപെട്ടതും, മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തതാണെങ്കിലും അവയുടെ യഥാര്‍ത്ഥ സ്രോതസ്സ് ചരിത്രം രേഖപെടുത്തിയത് മുസ്ലിം ഭരണകാലത്ത് എഴുതപ്പെട്ട ഫത്‌വാ ഗ്രന്ഥങ്ങള്‍ വഴിയെന്നത് ഒരു വസ്തുതയാണ്. അവയില്‍ തന്നെ മുഴുവനായും ബ്രിട്ടീഷ്‌കാർ ഇന്ത്യയിൽ പ്രയോഗവല്‍കരിചിട്ടുമില്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിൽ നിലനിന്നിരുന്ന മുസ്ലിം വ്യക്തിനിയമം യഥാര്‍ത്ഥത്തിൽ ഇന്നത്തെ ഇന്ത്യയിലെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്‍റെ ചരിത്രത്തെയല്ല പ്രധിനിധീകരികുന്നത്. ഇന്ത്യ പോലുള്ള ബ്രഹത്തായ ജനാധിപത്യം അവകാശപെടുന്ന രാജ്യത്ത് വ്യത്യസ്ത മതവിഭാഗങ്ങളുടെ വ്യക്തി നിയമങ്ങള്‍ കരിനിയമങ്ങളായി മുദ്രവക്കപ്പെടുമ്പോള്‍ മുസ്ലിം വ്യക്തി നിയമങ്ങൾ പ്രത്യേകിച്ചും ഇന്ത്യയിലെ പൊതു ധാരയില്‍ ചർച്ചയാവുന്നതിലെ നിര്‍ബന്ധ ബുദ്ധി എന്താണ്?.

ചരിത്രം രേഖപ്പെടുത്തിയത് പോലെ ഇസ്ലാമിക നിയമ നിര്‍മാണ പ്രക്രിയക്ക് ഇന്ത്യയില്‍ ഇസ്ലാമിന്‍റെ ആഗമനത്തോടെ തന്നെ ഏറെക്കുറെ ആരംഭം കുറിച്ചതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിം വ്യക്തി നിയമ വ്യവസ്ഥ നാലു വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ കൈമാറ്റം ചെയ്യപെട്ടു കടന്നു പോകുന്നതായി വിലയിരുത്താൻ സാധിക്കും. തുര്‍ക്കിയി നിന്നും മദ്ധ്യേഷ്യ വഴി ഖൈബർ ചുരം താണ്ടി അധിനിവേശം നടത്തി, പിന്നീട് ഡല്‍ഹി കേന്ദ്രമാക്കി ഭരണ ചക്രം തിരിച്ച ഡല്‍ഹി സുൽത്താന്മാരുടെതാണ് ആദ്യ ഘട്ടം. അവരില്‍ നിന്നും ഭരണം പിടിച്ചെടുത്ത് ഇന്ത്യയുടെ മുഖഛായ തന്നെ മാറ്റിയെടുത്ത കാലഘട്ടമായിരുന്നു മുഗളന്മാരുടേത്. ബ്രിട്ടിഷുകാര്‍ ആധിപത്യം ഏറ്റെടുത്തപ്പോൾ നിലനിന്നിരുന്ന നിയമ സംഹിത 1947 വരെ എത്തിയപ്പോൾ വിലയിരുത്തപ്പെടുന്ന ഘട്ടമാണ് മൂന്നാമത്തേത്. സ്വതന്ത്ര ഇന്ത്യയുടെ തുടക്കം മുതല്‍ മുസ്ലിം പേര്‍സണൽ ലോ ബോര്‍ഡ്‌ വരെ എത്തി നില്കുന്ന കാലഘട്ടമാണ് നാലാമത്തേത്‌. ഇതിനിടയില്‍ ഇന്ത്യയിൽ ഇസ്ലാമിന്‍റെ ആഗമനത്തിനു ശേഷവും ഡല്‍ഹി സൽത്തനത്തിനു മുമ്പുള്ള ചെറിയൊരു കാലയളവ്‌ പരാമര്‍ഷത്തിനര്‍ഹാമാണ്. എങ്കിലും മേല്‍ പറഞ്ഞ നാലു കാലഘട്ടമാണ് മുസ്ലിം വ്യക്തി നിയമ പ്രക്രിയക്ക് ഇന്ത്യന്‍ ഭൂമിക പകപ്പെടാന്‍ സഹായകമായ പ്രധാന കാലഘട്ടങ്ങളായി പരിഗണിക്കാൻ കഴിയുക.

ധാരാളം ഫത്‌വാ ഗ്രന്ഥ ശേഖരങ്ങൾ മുഹമ്മദ്‌ ബിൻ ഖാസിം മുതല്‍ക്ക് എഴുതപ്പെട്ടിട്ടുണ്ടെങ്കിലും അവയുടെ യഥാര്‍ത്ഥ ഏടുകൾ ഇന്ത്യയില്‍ ലഭ്യമല്ല എന്നത് ഒരു വസ്തുതയാണ്. മുസലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ട് ഇവിടെ പഠന വിഷയമാക്കുന്ന ഗ്രന്ഥങ്ങളിൽ പോലും ഗ്രന്ഥം ക്രോഡീകരിച്ച വർഷം, വ്യക്തിയുടെ നാമം തുടങ്ങിയവയില്‍ വ്യതിരിക്തതകൾ കാണാൻ സാധിക്കും. സ്വന്തന്ത്രാനന്തര ഇന്ത്യയിലെ മുസ്ലിം വ്യക്തി നിയമത്തിന് അടിത്തറയൊരുക്കിക്കൊടുക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച കര്‍മശാസ്ത്ര ഗ്രന്ഥങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകളാണ് ഈ പഠനത്തിന്‍റെ ആകെത്തുക.

അല്‍-ഹിദായ ( الهداية في شرح بداية المبتدي )
മുസ്ലിം വ്യക്തിനിയമാവുമായി ബന്ധപ്പെട്ട് സാധാരണ പരാമര്‍ശികാറുള്ളതും, ഡല്‍ഹി സൽത്തനത്തിനു മുന്‍പ് എഴുതപ്പെട്ടവയിൽ ഇസ്ലാമിക നിയമ സംഹിത ഉള്‍കൊള്ളുന്നതുമായ പ്രധാന ക്രോഡീകരണ ഗ്രന്ഥമാണ് ഹിദായ. ബുഖാറായിലെ മാര്‍ഗീനാൻ എന്ന പ്രദേശത്ത് ജീവിച്ച പണ്ഡിതൻ ബുര്‍ഹാനുദ്ധീന്‍ അബുൽ ഹസൻ അലി ബിൻ അബീബക്കർ ബിൻ അബ്ദുൽ ജലീൽ ബിൻ ഖലീൽ ബിൻ അബീബകർ അൽ ഫര്‍ഗാനി/അൽ മര്‍ഗീനാനാണ് ഗ്രന്ഥം ക്രോഡീകരിച്ചതെന്ന് നിരവധി ഗ്രന്ഥങ്ങൾ എടുത്തുദ്ധരിക്കുന്ന ചരിത്ര വസ്തുതയാണ്. റജബ് 8 ഹിജ്റ 511 ലാണ് ഇദ്ദേഹത്തിന്‍റെ ജനനം. പതിമൂന്ന് വര്‍ഷക്കാലത്തെ അദ്ദേഹത്തിന്‍റെ പഠനങ്ങളുടെ ഫലമാണ്‌ അൽ ഹിദായ. ഹിജ്റ അഞ്ഞൂറ്റി തൊണ്ണൂറ്റി മൂന്നിൽ മരണപ്പെട്ട അദ്ദേഹത്തിന്‍റെ ഖബറിടം സമർഖന്തിലാണുള്ളത്. ‘കിഫായത്തുല്‍ മുനതഹി) ‘ (كفاية المنتهي എന്ന അദ്ദേഹത്തിന്‍റെ തന്നെ ഗ്രന്ഥത്തിന്‍റെ സംക്ഷിപ്ത രൂപമാണ്‌ അൽ ഹിദായ. കിഫായത്തുൽ മുനതഹി അദ്ദേഹത്തിന്‍റെ മറ്റൊരു ഗ്രന്ഥമായ ബിദായാത്തുൽ മുബ്ത്തധീയുടെ (بداية المبتدي) തുടര്‍ച്ചയും. അറബി ഭാഷയില്‍ എഴുതപ്പെട്ട പ്രസ്തുത ഗ്രന്ഥത്തിന് പില്‍കാലത്ത് നാല്‍പത്തിയൊന്നോളം വ്യാഖ്യാന-നിരൂപണ ഗ്രന്ഥങ്ങള്‍ എഴുതപ്പെടുകയുണ്ടായി. ശൈഖ്‌ ഹമീദുദ്ധീൻ മുഖ്ലിസ് ഡല്‍ഹി എഴുതിയ ശറഹുൽ ഹിദായ ( شرح الهداية )ഉമർ ബിൻ ഇസ്ഹാഖ് ഗസ്നവിയുടെ തൗശീഹ് التوشيح)), ഹുസൈന്‍ ബിൻ ഉമർ ഗിയാസ്പൂരിയുടെ ഹാശിയെ-ഹിദായ തുടങ്ങിയവ അതിലെ പ്രധാനപ്പെട്ടതാണ്. ഏഴോളം പുസ്തകങ്ങളില്‍ ഹിദായയെക്കുറിച്ച് മാത്രം ഗവേഷണങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ട്. ‘التنبيح علي احاديث الهداية والخلاصة ‘ എന്ന തലക്കെട്ടോടെ മഹ്മൂദ് ബിന്‍ ഉബൈദ് ബിന്‍ സ്വാഇദ് എഴുതിയ ഗ്രന്ഥവും അബ്ദുല്‍ ഖാദിര്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ മുഹമ്മദ്‌ എഴുതിയ العناية في معرفة احاديث الهداية എന്ന ഗ്രന്ഥവും അവയില്‍ എടുത്തുപറയേണ്ടതാണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ ചാള്‍സ് ഹാമില്‍ട്ടണ്‍ ഹിദായ പേര്‍ഷ്യൻ ഭാഷയില്‍ നിന്നും ഇംഗ്ലീഷ് ഭാഷയിലേക്ക് വിവര്‍ത്തനം നടത്തുകയുണ്ടായി. മുസ്ലിം വ്യക്തി നിയമങ്ങളെ കൂടുതല്‍ പ്രയോഗതലത്തിൽ കൊണ്ടുവരാനുള്ള പ്രവര്‍ത്തനത്തിന്‍റെ ആദ്യ ഘട്ടമെന്ന നിലയില്‍ തുടങ്ങിയ വിവര്‍ത്തന സംരംഭങ്ങള്‍ക്ക് ഭാഷാപരമായും ആശയപരമായും ചില ന്യൂനതകൾ പില്‍കാലത്ത് കാണപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി. അറബിയില്‍ നിന്ന് പേര്‍ഷ്യനിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഹിദായയുടെ യഥാര്‍ത്ഥ ആശയം ഉള്‍കൊണ്ടല്ല ഹാമില്‍ട്ടണ്‍ ഗ്രന്ഥം തര്‍ജുമ ചെയ്തതെന്ന് വാദം മുസ്ലിം വ്യക്തി നിയമ ചര്‍ച്ചയിൽ ഇന്നും നിലനില്‍ക്കുന്ന ഒരു വസ്തുതയാണ്.

എല്ലാ പ്രധാന മദ്ഹബുകളെ സ്വീകരിക്കുകയും പ്രയോഗതലത്തിൽ കൊണ്ടുവരുകയും ചെയ്ത മണ്ണാണ് ഇന്ത്യയുടേത്. എങ്കിലും ഇന്ത്യ ഭരിച്ച മുസ്ലിം ഭരണാധികാരികളധികവും ഹനഫി മദ്ഹബ് പിൻപറ്റുന്നവരായത് കൊണ്ട് തന്നെ ഹനഫി വീക്ഷണം ഇന്ത്യയിൽ വളരാൻ ഉതകുന്ന രീതിയിലുള്ള വികസന മാതൃകകള്‍ക്ക് അടിത്തറ പാകിയാണ് മുസ്ലിം ഭരണം വിട പറഞ്ഞു പോയത്. അക്കാലത്ത് എഴുതപ്പെട്ട ഇസ്ലാമിക നിയമ സംഹിതകൾ ഉള്‍കൊള്ളുന്ന ഗ്രന്ഥങ്ങളിൽ മേൽ പറഞ്ഞ മാത്രക ദര്‍ശിക്കാൻ നമ്മുക്ക് കഴിയുന്നതാണ്. ബ്രിട്ടീഷ്‌ ആധിപത്യത്തിൽ നിന്നും ഭരണം ഇന്ത്യന്‍ സർക്കാർ ഏറ്റെടുത്തപ്പോൾ എല്ലാ രാജ്യത്തെയും പോലെ നിയമ സംഹിതകളെ കൊളോണിയല്‍ നിര്‍മിതയാക്കി ചിത്രീകരിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഇസ്ലാമിക നിയമ സംഹിതകള്‍ക് ഇസ്ലാമിക അടിത്തറ കൈമോശം വരാത്തത്കൊണ്ടാണ് ഇന്നും ഇന്ത്യയിൽ ബ്രിട്ടീഷ്‌ കാലത്ത് പരിഭാഷപ്പെടുത്തിയതും എഴുതപ്പെട്ടതുമായ ഗ്രന്ഥ ശേഖരങ്ങള്‍ക്ക് പ്രാധാന്യവും സ്വീകാര്യതയും നിലനിര്‍ത്താൻ കഴിഞ്ഞത്.

ഡല്‍ഹി സുല്‍ത്താന്മാരുടെ കാലഘട്ടം
സുല്‍ത്താന്മാരുടെ തുടക്കത്തോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇസ്ലാമികനിയമ വ്യവസ്ഥയുടെ ശക്തമായ അടിത്തറ രൂപപ്പെട്ട് വരികയുണ്ടായി. ഏതൊരു രാജ്യം അധിനിവേശം ചെയ്യപ്പെട്ടാലും അധിനിവേശ ശക്തികള്‍ക്കു മുന്‍പിൽ നിലനിൽക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് രാജ്യത്ത് തുല്യ നീതി നടപ്പാക്കാന്‍ ഉതകുന്ന നിയമനടപടി കൈകൊള്ളുകയെന്നത്. നിയമ നിര്‍മാണപ്രക്രിയ യഥാവിധി പ്രയോഗതലത്തിൽ കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കില്‍ രാജ്യം തന്നെ കീറിമുറിക്കപ്പെടുകയോ മറ്റേതെങ്കിലും വിദേശ ശക്തി രാജ്യം കീഴ്പ്പെടുത്തുകയോ ചെയ്തേക്കാം. സുശക്തമായ ഇസ്ലാമിക നിയമ സംവിധാനം രൂപപ്പെടുത്തുന്നതില്‍ ഡല്‍ഹി ഭരണകൂടം ഏറക്കുറെ വിജയിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. നിയമ വ്യവസ്ഥ വികേന്ദ്രീകരിക്കുകയും വ്യതസ്ത ഭാവത്തോടെയും രൂപത്തോടെയും അവതരിപ്പിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. പ്രധാനപ്പെട്ട ശരീആ കോടതികള്‍ സുല്‍ത്താന്‍റെ മേല്‍നോട്ടത്തിലാണ് രൂപീകരിക്കപ്പെട്ടിട്ടുള്ളത്. സുല്‍ത്താൻ നേരിട്ട് നയിക്കുന്ന കോടതിയാണ് മുഖ്യമായത്. അതോടൊപ്പം ദീവനെ-മസാലിം (دیوانے مظالم – Criminal court), ദീവനെ രിസാലത്ത് (دیوانے رسالۃ – civil court), സദ്‌റെ-ജഹാന്‍ (صدرے جہان – Head of the Department) മുഖ്യ ഖാളി തുടങ്ങിയ നിയമ നിര്‍മാണ സമിതികൾ ഡല്‍ഹി സുല്‍ത്താന്മാർ നല്‍കിയ വലിയ സംഭാവനകളില്‍പെട്ടതാണ്. മുഖ്യ ഖാളി ഉപദേഷ്ടാവായ സമിതിക്കാണ് ഫത്‌വാ പുറപ്പെടുവിക്കാനും ക്രോഡീകരിക്കാനുമുള്ള അധികാരം. നാല് പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ നിയമോപദേഷകാര്‍ക്ക് നല്‍കപ്പെട്ടിരുന്നു.

മുഹ്തസിബ്, മുഫ്തി, പണ്ഡിറ്റ് തുടങ്ങിയ പെരുകളിലറിയപ്പെട്ട സ്ഥാനങ്ങൾ പ്രധാന ഖാളിയുടെ (قاضي قضاة) പദവി ലഭിക്കാനുള്ള ചവിട്ടു പടികളായിരുന്നു. ഇസ്ലാമിക നിയമത്തിന്‍റെ അടിസ്ഥാന ആശയമായ കാലം, സ്ഥലം പരിഗണിച്ചുള്ള നിയമോപദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചവരായിരുന്നു ഡല്‍ഹി സുല്‍ത്താന്മാരിലധികവും. ഉലമ എന്ന് വിളിക്കുന്ന സ്ഥാനപ്പേരുകൾ ഇന്നത്തെ ഇന്ത്യയിൽ സര്‍വസാധാരണയാണെങ്കിലും പ്രത്യക പദവിയിലിരിക്കുന്ന നിയമോപദേഷകാര്‍ക്ക് സുല്‍ത്താന്മാർ ചാര്‍ത്തി കൊടുത്ത ഉന്നത സ്ഥാനത്തെയാണ് പ്രധിനിധീകരിക്കുന്നത്. ഡല്‍ഹി സൽത്തനത്തും തുടര്‍ന്ന് വന്ന മുഗള്‍ രാജാക്കന്മാരും തുടങ്ങി വെച്ച ശരീഅ കോടതികള്‍ക്ക് ഇന്നത്തെ ഇന്ത്യയില്‍ എത്രത്തോളം പ്രസക്തിയുണ്ടെന്നത് സാമാന്യ ബുദ്ധിക്ക് ആലോചിച്ചാൽ മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ്. മുസ്ലിം വ്യക്തി നിയമങ്ങള്‍ക്കു പരിഹാരം കാണാന്‍ മുഫ്തിയെയും ഹിന്ദു വ്യക്തി നിയമങ്ങള്‍ കൈകാര്യം ചെയ്യാന്‍ പണ്ഡിറ്റിനെയും നിശ്ചയിച്ച ബ്രിട്ടീഷ്‌ ഭരണവര്‍ഗം 1864 ല്‍ ശരീഅ കോടതികള്‍ നിരോധിച്ച് ഉത്തരവിറക്കി. മുസ്ലിം ഭരണാധികാരികൾ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ശക്തമായി വിജയിപ്പിച്ചെടുത്ത ശരീഅ കോടതികള്‍ ഇതര മതവിഭാഗങ്ങളുടെ വ്യക്തി നിയമങ്ങളെ എത്തരത്തിലാണ് പ്രയോഗതലത്തില്‍ കൊണ്ടുവന്നതെന്ന് ഇന്ത്യയിലെ മാറി വരുന്ന ഭരണകൂടങ്ങള്‍ ആലോചനക്കു വിധേയമാക്കുന്നത് നന്നായിരിക്കും.

വ്യക്തി-കുടുംബ-സാമൂഹ്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും സുല്‍ത്താന്‍റെ മേല്‍നോട്ടത്തിൽ വിളിച്ചു കൂട്ടുന്ന പ്രത്യേക യോഗ നടപടികള്‍ക്കാണ് മഹ്സർ (محضر) എന്ന് വിളിക്കുന്ന നിയമവേദി. ഇതിൽ വ്യക്തിനിയമങ്ങള്‍ക്ക് ഇൽത്തുമിഷിന്‍റെയും തുഗ്ലക്കിന്‍റെയും കാലഘട്ടങ്ങളിൽ പ്രത്യേക പരിഗണന തന്നെ നല്‍കിയിരുന്നു. യഥാര്‍ത്ഥ ഇസ്ലാമിക ശരിഅത്ത് പ്രയോഗവത്‌കരിക്കലാണ് ഈ പരിഗണനയുടെ ലക്ഷ്യം. വിവിധ സന്ദര്‍ഭങ്ങളിൽ സുല്‍ത്താന്‍റെ പോലും വ്യക്തി ജീവിതത്തിൽ മുഫ്തിമാർ നിയമനടപടി കൈകൊണ്ടതായി ചരിത്രം വിലയിരുത്തുന്നുണ്ട്. ഇന്ത്യയിലെ സൂഫി ഗണത്തിലെ പ്രമുഖമായ സുഹ്റവര്‍ദി സിൽസിലയിലുള്ള പണ്ഡിതവര്യന്‍ സയ്യിദ് ജലാൽ ബുഖാരി തുഗ്ലക്ക് ഭരണ കാലത്ത് സുല്‍ത്താൻ ജനങ്ങളുടെ മേൽ ചുമത്തിയ അധിക നികുതി ചോദ്യം ചെയ്യുകയും നടപടി പിന്‍വലിക്കാൻ ആവശ്യപ്പെടുക്കയും ചെയ്തിരുന്നു. താടി വടിച്ച ഡല്‍ഹി സുല്‍ത്താൻ സിഖന്ദർ ലോധിയുടെ നടപടിയെ ചോദ്യം ചെയ്ത് രംഗത്ത് വന്ന വ്യക്തിയാണ് അബ്ദുൽ വഹ്ഹാബ് ബുഖാരി. മേലുദ്ധരിച്ച ഉദാഹരണങ്ങളിലൂടെ ഇസ്ലാമിക ശരീഅത്ത് വ്യക്തി-സാമൂഹ്യ മേഖലകളിൽ ഏതറ്റം വരെ പ്രയോഗ വത്‌കരിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുകയുണ്ടായി എന്ന് കാണാന്‍ കഴിയും.

ഫതാവെ-ഗിയാസിയ്യ
മധ്യകാലഘട്ടത്തില്‍ എഴുതപ്പെട്ടവയിൽ ആദ്യത്തെ അറബി ഫത്‌വാ ഗ്രന്ഥമാണ് ഫതാവെ-ഗിയാസിയ്യ. സ്വതന്ത്രാനന്ത ഇന്ത്യയിലെ മുസ്ലിം വ്യക്തിനിയമങ്ങളിൽ സ്വാധീനം ചെലുത്തിയ ഗ്രന്ഥമായും ഈ ഗ്രന്ഥം പരിഗണിക്കപ്പെടുന്നുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രധാന സാഹിത്യഭാഷകളായിരുന്നു അറബി, പേര്‍ഷ്യന്‍ ഭാഷകള്‍. അക്കാലത്ത് എഴുതപ്പെട്ട ഗ്രന്ഥങ്ങളിൽ മേൽപറഞ്ഞ ഭാഷകൾ എത്ര സ്വാധീനം ചെലുത്തിയെന്ന് കാണാൻ സാധിക്കും. കോടതി ഭാഷ (Court Language) യായി അങ്ങീകരിക്കപ്പെട്ട ഭാഷകൂടിയാണ് പേര്‍ഷ്യന്‍. അതുകൊണ്ടാണ് അന്നെഴുതപ്പെട്ട ഫത്‌വാ സമാഹാരങ്ങളിൽ പേര്‍ഷ്യൻ ഭാഷയുടെ വ്യക്തി ജീവിതത്തിലെ സ്വാധീനം വിവരിക്കപ്പെട്ടത്. മേലുദ്ധരിച്ച ഗ്രന്ഥത്തില്‍ തന്നെ ചരിത്രം അത് വ്യക്തമാക്കുന്നുണ്ട്. നികാഹ് നടത്തപ്പെടുന്ന ചടങ്ങിലെ അറബി ഭാഷ പ്രയോഗത്തിന് പകരം പേര്‍ഷ്യൻ ഭാഷ ഉപയോഗത്തിന്‍റെ സാധ്യത, വിവാഹമോചന നടപടിക്രമങ്ങളില്‍ മേല്‍പ്പറഞ്ഞ ഭാഷയുടെ സാധ്യതയും സാധുതയും ഈ ഗ്രന്ഥം വിലയിരുത്തുന്ന വിഷയങ്ങളാണ്. ഈ ഗ്രന്ഥത്തിന്‍റെ ക്രോഡീകരണ വേളയിൽ പ്രധാന സ്രോതസ്സായി പരിഗണിക്കപ്പെട്ട ഗ്രന്ഥങ്ങളിലൊന്നാണ് ‘ഹിദായ’. കത്തിലൂടെ സാധ്യമാകുന്ന വിവാഹമോചനരീതിയുടെ നടപടിക്രമങ്ങള്‍, ഭാര്യ ആവശ്യപ്പെടുന്ന നിര്‍ണ്ണിത തുകയ്ക്കുള്ള ജീവനംശത്തിന് പകരമായി ഭര്‍ത്താവിന്‍റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചുള്ള ജീവനാംശം നല്‍കല്‍, നീണ്ട കാലത്തോളം ജീവനാംശം നല്‍കാത്ത ഭര്‍ത്താവിന്ന് ഇസ്ലാമിക ശരീഅത്ത്‌ നടപ്പിലാക്കിയ വിധികള്‍. ഒളിവില്‍ പോയ ഭർത്താവ് തിരിച്ചു വന്നില്ലെങ്കിൽ മരിച്ചതായി പ്രഖ്യാപിക്കാന്‍ എടുക്കുന്ന കാലയളവ്‌ തുടങ്ങിയവ ഈ ഗ്രന്ഥത്തിലെ പ്രധാന നിയമോപദേശ സൂചകങ്ങളാണ്. ഗ്രന്ഥ കര്‍ത്താവിനെ പ്രസ്തുത ഗ്രന്ഥത്തില്‍ എവിടെയും പരാമര്‍ശിച്ചിട്ടില്ല. ദാവൂദ് ബിൻ യൂസുഫ് അൽ കാത്തിബ് അല്‍ ബാഗ്ദാദി എന്ന പണ്ഡിതന്‍റെ നേത്രുത്തത്തിലാണ് പൂര്‍ത്തിയാക്കിയത് എന്ന് മാത്രമാണ് ചരിത്രം രേഖപ്പെടുത്തുന്നത്. പഴയ കാല ഫത്‌വാ ഗ്രന്ഥങ്ങൾ അതെഴുതിയ വ്യക്തിയുടെ പേരിൽ അറിയപ്പെടണമെന്നില്ല. മുസ്ലിം വ്യക്തി നിയമത്തിന്‍റെ ഇന്ത്യയിലെ അടിസ്ഥാന ഗ്രനഥമായ ഫതാവെ ആലംഗീരി അതെഴുതിയ വ്യക്തിയുടെ പേരിലല്ല അറിയപ്പെട്ടത് മറിച്ച് മുഗള്‍ സുല്‍ത്താനായ ഔറംഗസീബ് ആലംഗീരിയുടെ നാമത്തിലാണ്. ഫതാവെ ഗിയാസിയ്യയും അന്നത്തെ സുല്‍ത്താനായിരുന്ന ഗിയാസുദ്ധീന്‍ ബാല്‍ബന്‍റെ നാമത്തിലാണ് അറിയപ്പെടുന്നത്. ഈ ഗ്രന്ഥം ഏഴു വാള്യങ്ങളും, നൂറ്റി മുപ്പത്തിരണ്ട് വ്യതസ്ത തലക്കെട്ടുകള്‍ കൊണ്ട് സമ്പന്നമാണ്.

തുഗ്ലക്ക് കാലഘട്ടം
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഇസ്ലാമിക നിയമ സംഹിതാ രൂപീകരണങ്ങളുടെ സുവര്‍ണകാലമായി (The Golden Age of Islamic Law in the Indian Subcontinent) രുന്നു തുഗ്ലക്ക് കാലഘട്ടം. പൊതുവില്‍ ഇസ്ലാമിക കല പ്രത്യേകിച്ചും വാസ്തുവിദ്യയെ (Calligraphy) ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിൽ പരിജയപ്പെടുത്തിയെന്ന നിലക്കാണ് തുഗ്ലക് കാലഘട്ടം അറിയപ്പെടുന്നതെങ്കിലും കര്‍മ ശാസ്ത്ര ഗ്രന്ഥരചനാ ക്രോഡീകരണം, പരിഭാഷ നിര്‍വഹണം, നിയമ പഠനകേന്ദ്രങ്ങളുടെ വികസനം തുടങ്ങിയവും തുഗ്ലക്ക് ഭരണാധികാരികളെ വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങളാണ്. തുഗ്ലക്ക് സ്ഥാപകനായ ഗിയാസുദ്ധീൻ തുഗ്ലക്കിന്‍റെ കാലഘട്ടം കര്‍മശാസ്ത്ര മേഖലയിൽ സ്തുത്യര്‍ഹ സംഭാവനകൾ നൽകിയിട്ടിണ്ട്.

മുഹമ്മദ്‌ ബിൻ തുഗ്ലക്ക്
തുഗ്ലക്ക് സ്ഥാപകനായ ഗിയാസുദ്ധീൻ തുഗ്ലക്കിനെക്കാൾ കൂടുതൽ നിയമ സംവിധാനങ്ങളെ ആധികരികമായി സമീപിക്കുകയും വ്യത്യസ്ത മേഖലകളിൽ ഫത്‌വകൾ ക്രോഡീകരിക്കുകയും ചെയ്തത് മുഹമ്മദ്‌ ബിൻ തുഗ്ലക്കിന്‍റെ കാലത്താണ്. ലോക പ്രസിദ്ധ മൊറോക്കന്‍ സഞ്ചാരി ഇബ്നു ബത്തൂത്ത ഇന്ത്യ ഉപഭൂഖണ്ഡo ആദ്യമായി സന്ദര്‍ശിക്കുന്നത് മുഹമ്മദിന്‍റെ കാലഘട്ടത്തിലാണ്. എട്ടു വര്‍ഷത്തോളം മുഹമ്മദിന്‍റെ ദര്‍ബാറിലെ മുഖ്യ ഖാളിയായി ഇബ്നു ബത്തൂത്ത സേവനം അനുഷ്ടിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. പൊതു വിഷയങ്ങളിലെ ആധികാരികമായ അറിവ്, ഇസ്ലാമിക കര്‍മ ശാസ്ത്രങ്ങളിലെ അവഗാഹം തുടങ്ങിയവ മുഹമ്മദ്‌ ബിൻ തുഗ്ലക്കിനെ മറ്റു മുസലിം ഭരണാധികാരികളില്‍ നിന്നും വേറിട്ട്‌ നിര്‍ത്തുന്ന ഘടങ്ങളാണ്. മുസ്ലിം വ്യക്തി നിയമത്തിന്‍റെ അടിസ്ഥാന ഗ്രന്ഥമായ ഹിദായ മുഹമ്മദ്‌ ഹ്രിദസ്ഥമാക്കിയതായി രേഖകളിൽ കാണാം. മജ്മു-ഇ-ഖാനി എന്ന പേരില്‍ കമാല്‍ കരീം നാഗോറി എഴുതിയ പ്രശസ്ത ഫത്‌വാ ഗ്രന്ഥo അക്കാലത്തെ കര്‍മശാസ്ത്ര മേഖലക്ക് കൂടുതല്‍ ഉണര്‍വേകി. നൂറ്റിമുപ്പത്തൊന്നിലധികം ഫിഖ്‌ഹി ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി എഴുതിയ ഗ്രന്ഥം പേര്‍ഷ്യൻ ഭാഷയിലാണ് ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത്. അമീർ ഇഖ്തിയാറുദ്ധീൻ, മുഹമ്മദ്‌ ബിൻ തുഗ്ലക്കിന്‍റെ കോടതിയിലെ പ്രധാന ഗ്രന്ഥ രചനാ വിഭാഗം തലവന്മാരിലൊരാളായി ചരിത്രം പരാമർശിക്കുന്ന വ്യക്തിയാണ്. വ്യത്യസ്തതകള്‍ ഇഷ്ടപ്പെട്ടിരുന്ന മുഹമ്മദ്‌ ബിൻ തുഗ്ലക്ക് കര്‍മ ശാസ്ത്രത്തിൽ പ്രഗല്‍ഭരായ പണ്ഡിതരെ രാജ്യത്തിന്‌ പുറത്ത് നിന്ന് കൊണ്ട് വരാൻ ശ്രമം നടത്തുകയുണ്ടായി. ഇറാനിലെ ശീറാസില്‍ നിന്നുള്ള കര്‍മ ശാസ്ത്ര പണ്ഡിതൻ ഖാളി മജീ്ദുദ്ധീൻ, സമര്‍കന്തിലെ പണ്ഡിതൻ അബൂബക്കർ തുടങ്ങി പ്രമുഖരെ മുഴുവൻ ചിലവുകളും വഹിച്ചു രാജ്യത്തേക്ക് കൊണ്ടുവരാന്‍ ദൂതനെ അയച്ച ഭരണാധികാരിയാണ് മുഹമ്മദ്‌ ബിൻ തുഗ്ലക്ക്. രാജ്യത്ത് നിയമം പഠിക്കാനും പഠിപ്പിക്കാനും ആയിരം വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഹനഫി മദ്ഹബ് അടിസ്ഥാനമാക്കി സ്ഥാപിച്ചു. അദ്ധേഹത്തിന്‍റെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്ത സൂഫി വര്യൻ ( ചിശ്ത്തി സിൽസിലയിലെ പ്രധാന പണ്ഡിതൻ) ശൈഖ് നസിറുധീന്‍ ചിരാഗ് ഡല്‍ഹി കര്‍മശാസ്ത്ര മേഖലയിൽ അക്കാലത്ത് അറിയപ്പെട്ടിരുന്നത് അബു ഹനീഫ രണ്ടാമന്‍ എന്നായിരുന്നു. ശൈഖ് ഫക്രുദ്ധീൻ സർറാദി, ഹരിയാനയിൽ ജനിച്ച സർറാധിയുടെ പ്രശസ്ത കര്‍മശാസ്ത്ര ഗ്രന്ഥമാണ് രിസാല ഫി ഉസൂലു സാമാ, ഖാളി മുഹീദുദ്ധീൻ കഷ്ഷാനി (പ്രശസ്തനായ ശൈഖ് നിസാമുദ്ധീന്‍ ഔലിയയുടെ പ്രധാന ശിഷ്യഗണത്തിൽ പെട്ടവരാണ് രണ്ടു പേരും), വാരങ്കല്‍ പ്രദേശത്തെ പ്രധാന ഖാളിയും ‘നിസാബുല്‍ ഇഹ്തിസാബ്’ എന്ന കര്‍മശാസ്ത്ര ഗ്രന്ഥത്തിന്‍റെ കര്‍ത്താവുമായ ഖാളി സിയാഉദ്ധീൻ ബിൻ ഇവാസ് അൽ ഹനഫി അൽ സുന്നന്നമി, ഹുസാമുദ്ധീൻ മുള്താനി എന്നറിയപ്പെടുന്ന കര്‍മശാസ്ത്ര പണ്ഡിതനും മുഹമ്മദിന്‍റെ നിയമോപദേശ മേഖലകളിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു.

ഫിറോസ്‌ ഷാ തുഗ്ലക്
മുഹമ്മദിനേക്കാൾ ഒരു പടി മുന്നിൽ ഇസ്ലാമിക നിയമവശങ്ങളെ പ്രയോഗതലത്തിൽ കൊണ്ടുവന്ന ഭരണാധികാരിയാണ് ഫിറോസ്‌ ഷാ തുഗ്ലക്. നിരവധി കര്‍മശാസ്ത്ര ഗ്രന്ഥങ്ങളാൽ സമ്പുഷ്ടമായിരുന്നു ഫിറോസ്‌ ഷാ തുഗ്ലക്കിന്‍റെ കാലം. താരീഖെ-ഫിറോസ്‌ഷാഹി, ഫുതൂഹാതെ-ഫിറോസ്‌ ഷാഹി ,സീറത്തെ-ഫിറോസ്‌ഷാഹി, ഫതാവായെ-ഫിറോസ്‌ഷാഹി, ഫതാവെ-താത്താര്‍ഖാനി തുടങ്ങിയവ അക്കാലത്തെ പ്രധാന ഗ്രന്ഥ ശേഖരങ്ങളായി വിലയിരുത്തപ്പെടുന്നവയാണ്. പേര്‍ഷ്യൻ ഭാഷയിൽ എഴുതപ്പെട്ട ഫതാവായെ-ഫിറോസ്ഷാഹി അദ്ധേഹത്തിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥമാണ്. നിയമോപദേശകരോ, ഉലമാക്കളോ രാജ്യത്തുണ്ടായിരിക്കെ ഭരണാധികാരി എന്ന നിലയില്‍ വ്യക്തി/സാമൂഹിക മേഖലകളില്‍ ഫത്‌വ പുറപ്പെടുവിക്കുന്നത് അത്യപൂര്‍വമായി സംഭവിക്കുന്ന കാര്യമാണ്. ഖാളി ആബിദ്, ഫിറോസ്‌ ഷായുടെ ദര്‍ബാറിലെ പ്രധാന ഖാളി പട്ടം അലങ്കരിചിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ഫരീദുദ്ധീൻ ആലിം, ഷറഫ് ബിന്‍ മുഹമ്മദ്‌, കമാലുദ്ധീന്‍ ബിൻ കരീമുദ്ധീന്‍, മുസാഫ്ഫര്‍ കിര്‍മാനി, സദറുദ്ധീന്‍ യാഖൂബ് തുടങ്ങിയ പ്രമുഖരെ അക്കാലത്തെ കര്‍മശാസ്ത്ര മേഖലിയലെ നിറസാന്നിധ്യമായി ചരിത്രം എടുത്തു പറയുന്നുണ്ട്.

ഫതാവെ-ഖാറാഖാനി
അലാവുദ്ദീന്‍ ഖിൽജി മുതൽ ഫിറോസ്‌ ഷാ തുഗ്ലക്കിന്‍റെ കാലം വരെയുള്ള പ്രധാന കര്‍മശാസ്ത്ര പണ്ഡിതന്മാരിൽ പ്രമുഖ വ്യക്തിയാണ് മാലിക് ഖാബൂല്‍ ഖാറാഖാൻ. അദ്ധേഹത്തിന്‍റെ പേരിൽ എഴുതപ്പെട്ട ഗ്രന്ഥം ഫതാവായെ ഖാറാഖാനി എന്നാണ് അറിയപ്പെടുന്നത്. ഈ ഗ്രന്ഥത്തിന്‍റെ യഥാര്‍ത്ഥ അവതാരകൻ സദറുദ്ധീൻ യാഖൂബ് മുളഫർ കിര്‍മാനി ആണെന്ന് പിൽകാലത്ത് എഴുതപ്പെട്ട ഫത്‌വാ ഗ്രന്ഥങ്ങൾ വെളിപ്പെടുത്തുന്ന വസ്തുതയാണ്. ചോദ്യോത്തര രീതിയില്‍ ക്രമീകരിക്കപ്പെട്ട ഗ്രന്ഥത്തിന്‍റെ അവതരണ ശൈലി അന്നെഴുതപ്പെട്ട മറ്റു ഫത്‌വാ ഗ്രന്ഥ സമാഹാരങ്ങളിൽ നിന്നും വിഭിന്നമാണ്. വ്യക്തി നിയമങ്ങളെ വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യുന്ന ഗ്രന്ഥം വിവിധ ഉപ തലക്കെട്ടുകള്‍ കൊണ്ട് സമ്പന്നവുമാണ്.

ഫതാവായെ-ഫിറോസ്ഷാഹി
മധ്യകാലഘട്ടത്തില്‍ എഴുതപ്പെട്ട നിയമ ഗ്രന്ഥങ്ങളിൽ നിന്ന് ഫതാവായെ-ഫിറോസ്ഷാഹിയെ വേറിട്ട്‌ നിര്‍ത്തുന്ന ഘടകങ്ങൾ നിരവധിയാണ്. സാധാരണ ഗ്രന്ഥ ക്രോഡീകരണങ്ങളില്‍ നിന്നും വ്യതസ്തമായി ഫത്‌വാ ഗ്രന്ഥങ്ങൾ ക്രോഡീകരിക്കുന്നതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങൾ പാലിച്ച് രചിക്കപ്പെട്ട ഗ്രന്ഥമാണ് ഫിറോസ്‌ ഷാഹി. അറബി ഭാഷയില്‍ ധാരാളം വ്യാഖ്യാനങ്ങൾ പ്രസ്തുത ഗ്രന്ഥത്തിന്‍റെതായുണ്ട്. കര്‍മ ശാസ്ത്രത്തിലെ നാട്ടാചാര സമ്പ്രദായത്തില്‍ (عرف) വിവാഹാഘോഷങ്ങളുടെ ഇസ്ലാമിക മുഖം വ്യക്തമാക്കുന്ന ഗ്രന്ഥം വേറെയും വിഷയങ്ങൾ ചര്‍ച്ച ചെയ്യുന്നുണ്ട്.

ഫതാവെ-തത്താര്‍ഖാനിയ്യ
മുസ്ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ട് എടുത്തുദ്ധരിക്കേണ്ട സുപ്രധാന ഗ്രന്ഥമാണ് ഫതാവെ-താത്താര്‍ഖാനിയ്യ. ഫിറോസ്‌ ഷാ തുഗ്ലക്കിന്‍റെ കാലഘട്ടത്തില്‍ ജീവിച്ച പ്രശസ്ത് പണ്ഡിതനും മുഫസ്സിറുമായ തത്താർഖാന്‍റെ മേല്‍നോട്ടത്തിൽ തയ്യാറാക്കപ്പെട്ട ഗ്രന്ഥം എഴുതിയത് ആലിം കബീർ ഫരീധുദ്ധീന്‍ ആലിം ബിൻ അലാ അന്തര്‍പ്പതി (ഡല്‍ഹിയുടെ പഴയ പേരായ ഇന്ദ്രപ്രസ്ഥം) ഹനഫി എന്ന പണ്ഡിതനാണ് രചിച്ചത്. ഹി.777ല്‍ زاد المسافر എന്ന പേരിൽ ഇദ്ദേഹം ഒരു ഗ്രന്ഥം രചിക്കുകയുണ്ടായി. അമീർ താത്താര്‍ഖാനുമായുള്ള അടുപ്പത്തിന്‍റെ അടിസ്ഥാനത്തിൽ അദ്ധേഹത്തിന്‍റെ പേര് ഈ ഗ്രന്ഥത്തിന് നല്കുകയാണുണ്ടായത്. ഇദ്ദേഹം പ്രസ്തുത ഗ്രന്ഥത്തെക്കുറിച്ച് പറയുന്നതിപ്രകരമാണ്:

رتبت ابوابه علي ترتيب الهداية وسميته بالفتاوي التاتارخانية )ഈ ഗ്രന്ഥത്തെ ഞാന്‍ ക്രമീകരിച്ചിരിക്കുന്നത് ‘ഹിദായ’ ക്രമീകരിച്ചത് പോലെയാണ്. പിന്നീട് അതിനു ഫതാവെ താത്താർഖാനിയ്യ എന്ന പേര് നല്‍കുകയുണ്ടായി). ഇദ്ദേഹത്തിന്‍റെ നാമം ഗ്രന്ഥത്തിലെവിടെയും എടുത്തുദധരിച്ചിട്ടില്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്. മുപ്പതു വാല്യങ്ങളായി എഴുതപ്പെട്ട ഗ്രന്ഥത്തെ 1947 വരെ അലീഗർ മുസ്ലിം സര്‍വ്വകലാശാല ചരിത്രം വിഭാഗം പ്രഫസ്സറും പിന്നീട് യുനിവേഴ്സിറ്റിയുടെ വൈസ് ചാന്‍സിലറുമായി സേവനമനുഷ്ട്ടിച്ച ഗവേഷകനും ഗ്രന്ഥകാരനുമായ പണ്ഡിതന്‍ ഖാലിഖ് അഹ്മദ് നാസിമി അദ്ദേഹത്തിന്‍റെ Studies in Medieval India: History and Culture എന്ന ഗ്രന്ഥത്തിൽ ഫതാവെ-തത്താർഖാനിയ്യ വിലയിരുത്തുന്നത് ഇപ്രകാരമാണ്: “ഡല്‍ഹി സൽത്തനത്തിന് കീഴിൽ ഇസ്ലാമിക നിയമ സംവിധാനങ്ങള്‍ക്ക് ലഭിച്ച അത്യുന്നതമായ നേട്ടം”. 1947 മാര്‍ച്ചിൽ പ്രസിദ്ധീകരിച്ച, ഉത്തര്‍പ്രദേശിലെ ദാറുൽ മുസന്നിഫീൻ ഷിബ്ലി അക്കാദമിയില്‍ നിന്നും മാസാന്തരം പുറത്തിറങ്ങുന്ന ഉര്‍ദു മാഗസിനിലാണ് വര്‍ഷങ്ങള്‍ക്കു ശേഷം ഈ ഗ്രന്ഥത്തെക്കുറിച്ച് പരാമര്‍ശം നടക്കുന്നത്. ബീഹാറിൽ ജനിച്ച ഇസ്ലാമിക പണ്ഡിതൻ മൗലാനാ രിയാസത്ത് അലി നദ്‌വി കുച്ച് ഫതാവെ തത്താർഖാൻ കെ ബാരെ മേൻ (کجھ فتاوے تتارخان کے بارے مین) “ഫതാവെ തത്താർഖാനെക്കുറിച്ച്” എന്ന തലക്കെട്ടോടെ എഴുതിയ ലേഖനം ഗ്രന്ഥത്തെ മുഖ്യധാരയില്‍ സജീവമാക്കുകയുണ്ടായി. علم وقہ برے صغیر پاک اور ھند ) (meaning) എന്ന ഉര്‍ദു പുസ്തകത്തിലും മുഹമ്മദ്‌ ഇസ്ഹാഖ് ബട്ടി ഗ്രന്ഥത്തെക്കുറിച്ച് പരാമര്‍ശിച്ചതായി കാണാം.

ഹനഫീ ചിന്താധാരയില്‍ ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥം നിരവധി ഉപതലക്കെട്ടുകള്‍ കൊണ്ട് സമ്പന്നമാണ്. ഗ്രന്ഥത്തിന്‍റെ രണ്ടാം വാള്യത്തിന്‍റെ അവസാനത്തില്‍ വൈവാഹിക വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നുണ്ട്. മൂന്നും നാലും അഞ്ചും വാള്യങ്ങളിൽ യഥാക്രമം വിവാഹമോചനം, ജീവനാംശം, വസ്തുദാനം തുടങ്ങിയ മുസ്ലിം വ്യക്തി നിയമങ്ങളെ വ്യക്തമായി വിശദീകരിക്കുന്നതായി കാണാം. മുസ്ലിം ക്രിസത്യന്‍ വിവാഹം, മുത്തലാഖ്‌, വിവാഹമോചന പ്രക്രിയയില്‍ ഭാര്യക്ക്‌ ലഭിക്കേണ്ട അവകാശങ്ങൾ, നാലില്‍ കൂടുതൽ ഭാര്യമാരുള്ള വ്യക്തി ഇസ്ലാം സ്വീകരിക്കുമ്പോൾ ഭാര്യമാരോട് സ്വീകരിക്കേണ്ട നിലപാടുകൾ, കത്തിടപാടിലൂടെ സംഭവിക്കുന്ന വിവാഹമോചനത്തിനു മുഖ്യഖാളിയുടെ സാന്നിധ്യത്തിൽ പ്രധാന സാക്ഷി ഹാജരാവണം എന്നുള്ളത് അനിവാര്യ കാര്യമായി ഗ്രന്ഥം വിശദീകരിക്കുന്നു. ഇസ്ലാമിലേക്ക് വരുന്നതിന്നു മുന്‍പ് അഞ്ചു ഭാര്യമാരുണ്ടെങ്കിൽ, ഭര്‍ത്താവ് അഞ്ചു ഭാര്യമാരെയും ഒരേ സമയത്താണ് വിവാഹം കഴിച്ചതെങ്കിൽ ഇസ്ലാമിക നിയമപ്രകാരം വിവാഹം സാധുവാവില്ല. എന്നാൽ വ്യത്യസ്ഥ സമയങ്ങളിലാണെങ്കിൽ ഇമാം അബു ഹനീഫയുടെ വീക്ഷണ പ്രകാരം എണ്ണത്തിൽ അഞ്ചാമത്തെ ഭാര്യയെ ഒഴിവാക്കി ബാക്കിയുള്ള നാല് പേരെയും ഭര്‍ത്താവിനു സ്വീകരിക്കാം. ഇമാം യുസഫും, ഇമാം ശഫീയും അഭിപ്രായപ്പെടുന്നത് അഞ്ചു ഭാര്യമാരിൽ അദേഹത്തിനു ഇഷടമുള്ള നാല് പേരെ സ്വീകരിക്കാം എന്നുമാണ്. ജീവനാംശംത്തിന്‍റെ വിഷയത്തിൽ ഭര്‍ത്താവിന്‍റെ സാമ്പത്തിക സ്ഥിതി മുഖ്യഖാളിയെ അറിയിക്കേണ്ടത് അനിവാര്യമാണ്. ഖാളി കേസ് പറയുന്നതിന് മുന്‍പ് വ്യക്തമായി പഠിച്ചു നിര്‍ണിത തുകയ്ക്കുള്ള ജീവനാംശം ഭാര്യക്ക്‌ നല്കാൻ കഴിയാത്ത സാമ്പത്തിക സ്ഥിതിയാണെങ്കിൽ അതനുസരിച്ചുള്ള വിധികൾ ഖാളിയിൽ നിന്നുണ്ടാവും. മുത്തലാഖിന്‍റെ വിഷയത്തില്‍ പ്രമുഖ ഹനഫീ കര്‍മശാസ്ത്ര ഗ്രന്ഥങ്ങൾ വിശദീകരിക്കുന്നത് പോലെ ഇതു ഭാഷയിലായാലും തന്‍റെ ഭാര്യയെ ഒറ്റയിരുപ്പിൽ മൂന്നു തവണ ത്വലാഖ്‌ ചെല്ലിയാൽ ത്വലാഖ്‌ സംഭവിക്കും എന്ന് തന്നെയാണ് ഫതാവെ-തത്താർഖാനിയ്യ വിശദീകരിക്കുന്നത്.

പാറ്റ്നയിലെ ഹുദാ ബഖ്ഷ് ലൈബ്രറി, ഹൈദ്രാബാദിലെ അസഫിയ്യ ലൈബ്രറി, ലണ്ടനിലെ ബ്രിട്ടീഷ്‌ മ്യുസിയം തുടങ്ങിയവയിൽ ഫതാവെ തത്താർഖാനിയ്യയുടെ യഥാര്‍ത്ഥ ഏടുകൾ ലഭ്യമാണ്. ഖാളി സജ്ജാദ് ഹുസൈന്‍ എഡിറ്റ് ചെയ്ത ഗ്രന്ഥത്തിന്‍റെ അഞ്ചു വാള്യങ്ങൾ ഹൈദ്രാബാദ് ദാഇറത്തുൽ മആരിഫും ഇന്ത്യൻ ഭരണകൂടത്തിനു കീഴിലുള്ള യുണിയൻ വിദ്യാഭാസ കാര്യാലയവും ചേര്‍ന്ന് പുറത്തിറക്കിയിട്ടുണ്ട്. (തുടരും)

Related Articles