Studies

മെഹറോലി: മുസ്‌ലിം പൈതൃകങ്ങളുടെ കൂടിച്ചേരല്‍-2

ജലസംഭരണികള്‍ (Bao-li)

വിവിധ കാലഘട്ടങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട കുളങ്ങള്‍,ചെറിയ ഡാമുകളുടെ രൂപങ്ങള്‍, കൊട്ടാരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളം തിരിച്ചുവിടാന്‍ ഭൂമിക്കടിയിലൂടെ നിര്‍മ്മിക്കപ്പെട്ട ചാലുകള്‍ ഇന്നും അതെ അവസ്ഥയില്‍ കാണാം. അവയില്‍ പ്രധാനപ്പെട്ടതാണ് രജോന്‍ കി ബവോലി (Step-Well / Open well). നാലു തട്ടുകളില്‍ വളരെ മനോഹരമായി പണിതുയര്‍ത്തിയ പ്രസ്തുത നിര്‍മ്മിതിയില്‍ നിന്ന് ഭക്ഷണം പാകം ചെയ്യുന്നതിനും കുടിക്കുവാനും വെള്ളം ഉപയോഗിച്ചിരുന്നു. കേവലം വെള്ളം ശേഖരിക്കല്‍ മാത്രമല്ല ഈ ജലസംഭരണികളുടെ ഉപയോഗം മറിച്ച് വ്യവസ്ഥാപിതമായും ശാസ്ത്രീയമായും ജലവിതരണ സംവിധാനത്തെ ഉപയോഗപ്പെടുത്തുക കൂടി ബവോലിയിലൂടെ മുന്‍തലമുറ കാണിച്ചു തന്നു. കെട്ടിയുണ്ടാക്കിയ ഇത്തരത്തിലുള്ള ജലസംഭരണികള്‍ക്ക് മുകളിലായി ധാരാളം മുറികളോട് കൂടിയ മട്ടുപ്പാവുകലും അതി മനോഹരമായ മുറികളും സജ്ജീകരിച്ചിരുന്നു. യാത്രക്കാര്‍ക്ക് വേണ്ടി പണികഴിപ്പിച്ച ബവോലികള്‍ (ജലസംഭരണികള്‍) വേറെ തന്നെയുണ്ട് ഇവിടെ, അവ മേല്‍ വിവരിച്ച നിര്‍മ്മാണ രീതികള്‍ കൊണ്ട് വേറിട്ട് നില്‍ക്കുന്നു. ലോദി കാലഘട്ടത്തിലാണ് ഈ ബവോലിയുടെ നിര്‍മാണം നടന്നത്.

മറ്റൊരു പ്രധാനപ്പെട്ട ജലസംഭരണിയാണ് ഗന്തകി കി ബവോലി. ഇല്‍തുമിഷിന്റെ കാലത്ത് ഖുതുബുധീന്‍ ബക്തിയാര്‍ ഖാകിയോടുള്ള ആദരസൂചകമായി നിര്‍മ്മിക്കപെട്ട ബവോലിക്ക് അസഹനീയമായ ദുര്‍ഗന്ധമാണ്. വെള്ളത്തിലടിങ്ങിയിട്ടുള്ള സള്‍ഫറിന്റെ അംശമാണ് ദുര്‍ഗന്ധത്തിന്റെ പ്രധാന ഹേതു. ഈ പേരില്‍ ഇതറിയപ്പെട്ടതും അത് കൊണ്ട് തന്നെ. ഇന്നും ഇന്ത്യയുടെ അത്മാവിലേക്കിറങ്ങി ചെന്നാല്‍ മനോഹരമായി സംവിധാനിക്കപ്പെട്ട ബവോലിയുടെ വ്യത്യസ്തതകള്‍ നമ്മുക്ക് അനുഭവിക്കാം. രജപുത്ര രാജാവായ അനങ്ങടല്‍ രണ്ടാമന്‍ നിര്‍മ്മിച്ച അനങ്ങടല്‍ ജലസംഭരണി മെഹറോലിയില്‍ ഇന്നും കാണാം.

പള്ളികള്‍

പിന്നീട് എത്തിയ പള്ളിയുടെ അങ്കണവും ചേര്‍ന്നുള്ള നിര്‍മ്മിതിയും വേറിട്ട അനുഭവം സമ്മാനിച്ചു. മേല്‍ക്കൂരയില്ലാത്ത പള്ളിയുടെ ഇരുവശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസാ സംവിധാനത്തെ ആകാംക്ഷപൂര്‍വം ഞങ്ങള്‍ നോക്കി നിന്നു. ഹൈടെക് മാതൃകയിലേക്ക് നമ്മുടെ നാടുകളിലെ മദ്രസകള്‍ വളരുമ്പോള്‍ ഇങ്ങിവിടെ പഴമയുടെ പര്യായമായി ഒരു മദ്രസ സംവിധാനം ഞങ്ങളെ അത്ഭുതപ്പെടുത്തി. ഇന്ത്യയില്‍ വ്യത്യസ്ത മുസ്ലിം കാലഘട്ടങ്ങളില്‍ ഒരു കോട്ടക്കകത്തോ, വലിയ ഭൂപ്രദേശത്തിലോ നിര്‍മ്മിക്കപ്പെട്ട പള്ളികളില്‍ ആരാധനാ കര്‍മങ്ങള്‍ കാലാകാലങ്ങളായി അനുഷ്ടിച്ചു വരുന്നുണ്ട്. എന്നാല്‍ ഇന്ന് ഇവയില്‍ പല പള്ളികളും, മദ്രസകളും കോടതി കയറി ഇറങ്ങേണ്ട അവസ്ഥയിലാണ്.

ഇന്നത്തെ ഡല്‍ഹിയിലെ അപൂര്‍വ്വം ചില പള്ളികളില്‍ മാത്രമാണ് പുരാവസ്തു വകുപ്പ് ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ അനുവാദം നല്‍കുന്നത്. 1984ല്‍ ആള്‍ ഇന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ (AIMMM) കേന്ദ്ര ഗവര്‍ണ്‍മെന്റിന് മുമ്പാകെ സമര്‍പ്പിച്ച നിവേദന പത്രികയില്‍ ഇന്ത്യയിലെ പുരാവസ്തു വകുപ്പിന് കീഴില്‍ നില നില്‍ക്കുന്ന പള്ളികളില്‍ ആരാധനാനുഷ്ടാനങ്ങള്‍ നിര്‍വഹിക്കാനുള്ള അനുവാദം തരണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഷാവറയുടെ അന്നത്തെ പ്രസിഡന്റ് സയ്യിദ് ശഹാബുദ്ദീന്‍ അവതരിപ്പിച്ച കരാര്‍ സര്‍ക്കാര്‍ അംഗീകരിച്ചു തുടര്‍ നടപടികള്‍ കൈകൊണ്ടു. അന്നത്തെ കരാറിലെ പ്രധാന ഭാഗങ്ങള്‍ ഇതായിരുന്നു:

പുരാവസ്തു വകുപ്പിന് കീഴില്‍ ഇന്ത്യയിലെവിടെയുമുള്ള പള്ളികളില്‍ മുസ്ലിം വിശ്വാസികള്‍ക്ക് ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ അനുവാദം ഉണ്ടായിരിക്കും.
പുറമെ നിന്നുള്ള മുസ്ലിം സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇത് ബാധകമാണ്.
വകുപ്പിന് കീഴില്‍ പുനരുദ്ധാരണം ആവശ്യമുള്ള പള്ളികള്‍ സമയബന്ധിതമായി പുതുക്കി പണിയുന്നതിനുള്ള ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
ഇതിനെ തുടര്‍ന്ന് 1984 മാര്‍ച്ചില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജംഗിനടുത്ത് പുരാവസ്തു വകുപ്പിന് കീഴിലുള്ള പള്ളി വെള്ളിയാഴ്ചകളില്‍ പൊതു ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാന്‍ ഉത്തരവായി. എന്നാല്‍ അന്ന് ഉണ്ടാക്കിയ ഉടമ്പടി പൂര്‍ണ്ണമായും പ്രയോഗത്തില്‍ കൊണ്ട് വരുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.

എം.പി യായി അധികാരമേറ്റ ശിഹാബുദ്ധീന്‍ 1988ല്‍ രാജ്യസഭയില്‍ സര്‍ക്കാരിന്റെ ഈ വിഷയത്തിലുള്ള നിരുത്തരവാധപരമായ സമീപനത്തെ ചോദ്യം ചെയ്ത് ശക്തമായി പ്രതികരിച്ചു. ബി ജെ പി അധികാരത്തില്‍ വന്നതിനു ശേഷം അടുത്ത കാലത്ത് ഡല്‍ഹിയില്‍ മാത്രം പുരാവസ്തു വകുപ്പിന് കീഴിലുള്ള നിരവധി പള്ളികള്‍ക്ക് നേരെ കയ്യേറ്റ ശ്രമം നടന്നിരുന്നു.

ജമാലി കമാലി പള്ളിയും ശവകുടീരവും

ആദ്യകാല മുഗള്‍ ശേഖരങ്ങളില്‍ എടുത്തു പറയേണ്ട നിര്‍മിതിയാണ് പ്രസ്തുത പള്ളി. ലോദി, മുഗള്‍ കാലഘട്ടത്തില്‍ ജീവിച്ച പ്രസിദ്ധനായ കവി ജമാലി എന്ന് പേരുള്ള സൂഫിയുടെ പേരില്‍ പണി കഴിപ്പിച്ച പള്ളിയാണ് ഖുതുബ് കോംപ്ലക്‌സിനകത്തുള്ള മറ്റൊരു മനോഹര നിര്‍മിതി. കമാലി എന്ന പേരിലുള്ള വ്യക്തിയുടെ യഥാര്‍ത്ഥ ചിത്രം ചരിത്രത്തില്‍ കണ്ടെത്തുക പ്രയാസമാണ്. 1528 ലാണ് പ്രസ്തുത പള്ളി നിര്‍മ്മിക്കപ്പെട്ടത്. ഖുര്‍ആനിക ആയത്തുകള്‍ പള്ളിയുടെ അകത്തളത്തില്‍, പ്രധാന നോട്ടം എത്തുന്ന ഭാഗങ്ങളില്‍ കൊത്ത് പണികളാല്‍ ആലോഖനം ചെയ്തിരിക്കുന്നു. ആര്‍ച്ച് രൂപത്തില്‍ നിര്‍മ്മിക്കപ്പെട്ട അകത്തെ തൂണുകള്‍ മനോഹരമായ കെട്ടിയുയര്‍ത്തപ്പെട്ട കൊട്ടാര മാതൃകകളെ അനുസ്മരിപ്പിക്കും. ഇന്തോ-പേര്‍ഷ്യന്‍ വാസ്തു വിദ്യയുടെ ഇന്ത്യയില്‍ നിലനില്‍കുന്ന ആദ്യകാല നിര്‍മ്മിതികളില്‍ പ്രധാനപ്പെട്ടവയാണ് ജമാലി കമാലി പള്ളിയും ചേര്‍ന്നുള്ള അങ്കണവും. പള്ളിയുടെ വടക്ക് ഭാഗത്ത് നിര്‍മ്മിക്കപെട്ട ജമാലിയുടെ ശവ കുടീരം മാര്‍ബിള്‍ ഫലകങ്ങള്‍ കൊണ്ട് മനോഹരമാക്കി സജ്ജീകരിച്ചിരിക്കുന്നു. മുകള്‍തട്ട് ചുവപ്പും നീലയും നിറത്തിലുള്ള ഖുര്‍ആനിക ആയത്തുകള്‍ കലിഗ്രാഫി രൂപത്തില്‍ ചിട്ടപ്പെടുത്തി അലങ്കരിച്ചിരിക്കുന്നു.

നക്ഷത്ര കൂടാരങ്ങള്‍ (Fo-lly)

ജമാലി കമാലി പള്ളിയുടെ സമീപത്തായുള്ള പുല്‍മൈതാനത്തിന്റെ ഒത്ത നടുവില്‍ സഞ്ചാരികള്‍ക്ക് വിസ്മയ കാഴ്ച്ച സമ്മാനിക്കുന്ന നിര്‍മ്മിതിയാണ് മേറ്റ്കഫെയുടെ സൗധം/കൂടാരം (Metcalf’s folly). യൂറോപ്യന്‍ സംസ്‌കാരത്തിന്റെ അഭിവാജ്യ ഘടകമായ മേല്‍ പറഞ്ഞ നിര്‍മ്മിതികള്‍ ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ പുല്‍മൈതാനങ്ങളിലും പൂന്തോട്ടങ്ങളിലും സര്‍വസാധാരണമാണ്. അവസാനത്തെ മുഗള്‍ ഭരണാധികാരി ബഹദൂര്‍ ഷാ സഫര്‍ രണ്ടാമന്റെ കോടതിയില്‍ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലിന്റെ പ്രതിനിധിയായി പ്രവര്‍ത്തിച്ച തോമസ് മെറ്റ്കഫെ ഇന്ത്യയില്‍ അദ്ദേഹത്തിന്റെതായ നിരവധി അടയാളങ്ങള്‍ നല്‍കിയാണ് മണ്‍മറഞ്ഞു പോയത്. ഷട്ഭുജക്ഷേത്ര മാതൃകയില്‍, ഹിന്ദു തച്ചുശാസ്ത്ര പ്രകാരമാണ് ഇവ ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ടത്. ഓരോ രാജ്യത്തിന്റെയും സംസ്‌കാര വൈവിധ്യം വളരെ എളുപ്പത്തില്‍ സ്വാംശീകരിക്കാന്‍ കഴിയുന്ന നിര്‍മ്മിതികളാണ് പ്രസ്തുത സൗധങ്ങള്‍. കൂടാരത്തിന്റെ മുകള്‍ ഭാഗം ഇസ്ലാമിക രീതിയിലുള്ള കുംബഗോപുര മാതൃകയില്‍ അലങ്കരിച്ചിരിക്കുന്നു.

മെറ്റ്കഫെ പുനര്‍നിര്‍മ്മിച്ച ഖുലി ഖാന്റെ ശവകുടീരം

അക്ബര്‍ കൊലപ്പെടുത്തിയ ആദം ഖാന്റെ സഹോദരനാണ് മുഹമ്മദ് ഖുലി ഖാന്‍. മെഹറോലിയിലെ ഇദ്ദേഹത്തിന്റെ ശവകുടീരം പില്‍കാലത്ത് മെറ്റ്കഫെയുടെ വസതിയായി മാറ്റപ്പെട്ടിരുന്നു. മെറ്റ്കഫെ പ്രസ്തുത ശവകുടീരത്തെ ദില്‍കുഷ് (ഹൃദയത്തിന്റെ ആനന്ദം) എന്നാണ് വിളിച്ചത്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി കുതുബ് കോംപ്ലക്‌സിന്റെ ഉയര്‍ന്ന പ്രദേശത്ത് നിര്‍മ്മിക്കപെട്ട ശവകുടീരത്തിലേക്ക് പടവുകള്‍ കയറി വേണം എത്താന്‍. മുസ്‌ലിം നിര്‍മ്മിതികളില്‍ പൊതുവില്‍ ദര്‍ശിക്കാന്‍ കഴിയുന്ന ആയത്തുകളുടെ വ്യത്യസ്ത എഴുത്ത് രീതിയിലുള്ള കലാവിഷകാരങ്ങള്‍ ശവകുടീരത്തിന്റെ ഓരോ ചുവരുകളിലും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം. ശവകുടീരത്തിന്റെ കുംബഗോപുരം അഷ്ടകോണാകൃതിയിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്.

ഇന്നത്തെ ശവകുടീരം മെറ്റ്കഫെ പില്‍കാലത്ത് പുതുക്കി നിര്‍മ്മിച്ചിരുന്നു. ശവകുടീരത്തില്‍ നിന്നുള്ള ഖുതുബ് മിനാറിന്റെ ദൃശ്യ-ഭംഗി വര്‍ണനകള്‍കപ്പുറമാണ്. ഖുലി ഖാന്റെ ശവകുടീരത്തില്‍ നിന്നറങ്ങി വരുന്ന ഓരോ സന്ദര്‍ശകനും തൊട്ടു ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള മെറ്റ്കഫെ പാലവും, അദ്ദേഹത്തിന്റെ പേരില്‍ തന്നെയുള്ള ബോട്ട് ഹൗസും കടന്നു വേണം മുന്നോട്ടു ഗമിക്കാന്‍. വെള്ളം തീരെയില്ലാത്ത മെറ്റ്കഫെ തടാകം ഇന്നൊരു പുല്‍മൈതാനം പോലെ സന്ദര്‍ശകര്‍ക്ക് അനുഭവപ്പെടാം.
ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ഒട്ടനവധി ഇസ്ലാമിക നിര്‍മ്മിതികള്‍ കുതുബ് കോംപ്ലക്‌സിനകത്തെ മണ്ണ് മാറ്റിയാല്‍ കണ്ടെത്താന്‍ കഴിയും. അതിന്റെ ഉദാഹരണമെന്നോണം ഈ അടുത്ത കാലത്ത് മണ്ണ് മാറ്റിയപ്പോള്‍ വെളിപ്പെട്ട ചില പുരാതന മുസ്‌ലിം നിര്‍മിതികളെ അനുഭവിക്കാന്‍ ഈ യാത്രയില്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. പിന്നിട്ട കാഴ്ച്ചകളെ ഒരു വേള പഠനവിധേയമാക്കിയാല്‍ ഇനിയും കാണാന്‍ കൊതിക്കുന്ന കൗതുക ലോകത്തേക്ക് ഡല്‍ഹി എന്ന മഹാ നഗരം നമ്മെ കൊണ്ട് പോകും എന്നതില്‍ സംശയമില്ല.

Facebook Comments
Show More

Related Articles

Close
Close