Current Date

Search
Close this search box.
Search
Close this search box.

മാര്‍ക്‌സിസത്തെ പരിശോധിക്കുന്നു

ജനാധിപത്യവിരുദ്ധവും മതവിരുദ്ധവും അതിന്റെ ഭാഗമായി ഇസ്‌ലാമിക വിരുദ്ധവുമായ തത്ത്വശാസ്ത്രമാണ് മാര്‍ക്സിസം. ഏകകക്ഷി ഭരണത്തെ സ്വപ്നം കാണുന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രമാണ് മാര്‍ക്സിസം . ജനാധിപത്യ ഭരണകൂടങ്ങളെ ബലം പ്രയോഗിച്ച് അട്ടിമറിക്കേണ്ടതില്ല എന്ന ചില കമ്യൂണിസ്റ്റുകാരുടെതന്നെ വിചാരത്തെ വിശകലനം ചെയ്തുകൊണ്ട് ഇ.എം.എസ് എഴുതുന്നു: ‘ഒന്നിനു പുറകെ മറ്റൊന്നായി നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ തൊഴിലാളി വര്‍ഗത്തിന്റെ മുന്‍കയ്യോടെ പ്രവര്‍ത്തിക്കുന്ന വിശാല ജനാധിപത്യ പ്രതിപക്ഷ പ്രസ്ഥാനത്തിന് പലരാജ്യങ്ങളിലും ചുരുങ്ങിയ തോതില്‍ വിജയം നേടാന്‍ കഴിഞ്ഞു. ഇതിന്റെ ഫലമായി യൂറോപ്പിലെ സംഘടിത തൊഴിലാളി വര്‍ഗം കൂടുതല്‍ ശക്തിപ്പെട്ടു. പക്ഷെ അതോടൊപ്പം തെറ്റായ പ്രവണതകളും വളര്‍ന്നുവരാന്‍ തുടങ്ങി. തൊഴിലാളി വര്‍ഗത്തിന് വിപ്ലവ ബഹുജന പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് പാര്‍ലമെന്റ് വേദിയും, തെരഞ്ഞെടുപ്പും ഉപയോഗിക്കുന്നതിനുപകരം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ പാര്‍ലമെന്ററി പ്രസ്ഥാനത്തിന് കീഴ്പ്പെടുത്തുക എന്ന പ്രവര്‍ത്തനശൈലി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളില്‍ രൂപപ്പെട്ടു. ബൂര്‍ഷ്വാ ഭരണകൂടത്തെ ബലംപ്രയോഗിച്ച് തകര്‍ത്തു തൊഴിലാളിവര്‍ഗ ഭരണകൂടം സ്ഥാപിക്കുക എന്ന മാര്‍ക്സിസ്റ്റ് ലക്ഷ്യം മുതലാളിത്ത സാമൂഹ്യ വ്യവസ്ഥയുടെ നാലതിരുകള്‍ക്ക് അകത്തു നിന്നുകൊണ്ട് തൊഴിലാളിവര്‍ഗം സൗജന്യങ്ങള്‍ നേടുകയെന്ന സോഷ്യല്‍ ഡെമോക്രസിക് വഴിമാറിക്കൊടുത്തു എന്നര്‍ത്ഥം.’ (ഭരണകൂടം, വിപ്ലവം, അതിവിപ്ലവം ഇ.എം.എസ് നമ്പൂതിരിപ്പാട് പേജ്-13)

ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ ഒരിക്കലും തൊഴിലാളി വര്‍ഗ സര്‍വാധിപത്യം സ്ഥാപിക്കാന്‍ കഴിയില്ല എന്നതാണ് നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റുകളടക്കം പിന്തുടരുന്ന മാര്‍കിസ്റ്റ് ലെനിനിസ്റ്റ് കാഴ്ചപ്പാട്. തൊഴിലാളിവര്‍ഗ വിപ്ലവം ജനാധിപത്യത്തിലൂടെ നടത്താം എന്നു വാദിച്ച കൗട്സികി എന്ന ജര്‍മന്‍ മാര്‍കിസ്റ്റ് പണ്ഡിതനെ ലെനിന്‍ അതിരൂക്ഷമായി എതിര്‍ത്തത് വളരെ ആവേശപൂര്‍വം ഇ.എം.എസ് ഉദ്ധരിക്കുന്നു. ‘സമാധാനപരമായ മാര്‍ഗങ്ങളിലൂടെ ബൂര്‍ഷ്വാ ഭരണകൂടം പിടിച്ചെടുത്തു സോഷ്യലിസ്റ്റ് സമൂഹനിര്‍മാണത്തിന് അതിനെ ഉപയോഗിക്കാമെന്ന വലതുപക്ഷ വ്യാമോഹമാണ് കൗട്‌സികിയുടെ ഈ നീരീക്ഷണത്തിനര്‍ഥമെന്ന് ലെനിന്‍ ചൂണ്ടിക്കാണിച്ചു.’ (ഭരണകൂടം, വിപ്ലവം, അതിവിപ്ലവം ഇ.എം.എസ് നമ്പൂതിരിപ്പാട് പേജ് – 34)

ഇവിടെ ഇ.എം.എസ് ബൂര്‍ഷ്വാ ഭരണകൂടം എന്നു വിശേഷിപ്പിക്കുന്നത് ജനാധിപത്യ ഭരണകൂടങ്ങളെയാണ്. ജനാധിപത്യം നിയമവാഴ്ചയില്‍ അധിഷ്ഠിതമാണ്. എന്നാല്‍ കമ്യൂണിസ്റ്റുകാര്‍ ജനാധിപത്യത്തെ അട്ടിമറിച്ച് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന തൊഴിലാളിവര്‍ഗ സര്‍വാധിപത്യമെന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സര്‍വാധിപത്യം ഒരു നിയമത്തിലും അധിഷ്ഠിതമല്ലാത്തതാണെന്ന് ലെനിന്‍ വ്യക്തമാക്കിയത് ഇ.എം.എസ് ഉദ്ധരിക്കുന്നു: ‘സര്‍വാധിപത്യം ബലപ്രയോഗത്തില്‍ അധിഷ്ഠിതമായതും നിയമത്തി
ന്റെ യാതൊരു നിയന്ത്രണവും ഇല്ലാത്തതുമായ ഭരണമാണെന്ന് ലെനിന്‍ ചൂണ്ടിക്കാണിക്കുന്നു.’ (ഭരണകൂടം, വിപ്ലവം, അതിവിപ്ലവം പേജ് -34) ലെനിന്റെ ഉദ്ധരണിയുടെ യഥാര്‍ഥ രൂപം ഇതാണ്. സത്യത്തില്‍ ഒരു വര്‍ഗത്തിനു മറ്റൊരു വര്‍ഗത്തെ കീഴടക്കാനുള്ള മെഷിനറിയാണ് സ്റ്റേറ്റ്. യാതൊരുവിധ നിയമങ്ങളെയും പരിഗണിക്കാതെ പരമാധികാര ഭരണമാണ് സേച്ഛാധിപത്യം. എന്നാല്‍ ഒരു നിയമവും മുഖവിലക്കെടുക്കാതെ ആക്രമങ്ങളോടുകൂടി തൊഴിലാളികള്‍ ബൂര്‍ഷ്വാസികള്‍ക്കെതിരെ നടത്തുന്ന മുന്നേറ്റവും ഭരണവുമാണ് തൊഴിലാളികളുടെ വിപ്ലവാത്മക സേച്ഛാധിപത്യം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. (Lenin: the proletarian revolution and the rengade kautsky Selected Works in 3 Vols, Moscow; 1964; Vol 3. p.75)

ജനാധിപത്യത്തിന് എന്തെല്ലാം പരിമിതികള്‍ ഉണ്ടെങ്കിലും അത് നിയമത്തില്‍ അധിഷ്ഠിതമാണ്. നിയമമുണ്ടെങ്കില്‍ ഭരണകൂടത്തിന് ജനങ്ങളെ മാത്രമല്ല ജനത്തിന് ഭരണകൂടത്തെയും നിയന്ത്രിക്കാന്‍ കഴിയും. കാരണം നിയമം പാലിക്കേണ്ടത് ജനങ്ങള്‍ മാത്രമല്ല, ഭരണകൂടം കൂടിയാണ്. ഇതേക്കുറിച്ച് പ്രമുഖ ഇസ്ലാമിക ചിന്തകന്‍ അലിജാ അലി ഇസ്സത്ത് ബെഗോവിച്ച് എഴുതുന്നു: ‘ഏത് സമൂഹ ക്രമത്തിന്റെയും നിയമ സാധുതയുടെ ഉരക്കല്ല് അത് സ്വന്തം എതിരാളികളോടും ന്യൂനപക്ഷത്തോടും പെരുമാറുന്ന രീതിയോട് ബന്ധിതമാണ്. ശക്തന്റെ അധികാരം ഒരു അംഗീകൃത വസ്തുതയാണ്. അത് നിയമമല്ല. അധികാരത്തിന്റെ പരിമിതി എവിടെ തുടങ്ങുന്നുവോ അവിടെ നിയമം തുടങ്ങുന്നു. ശക്തന് എതിരായി ദുര്‍ബലന് നല്‍കിയ ആനുകൂല്യമായിട്ടാണ് നിയമം ഉണ്ടാകുന്നത്. അതുകൊണ്ടാണ് സമസ്ത ജനങ്ങളും ഭരണഘടനക്ക് വേണ്ടി പോരാടുന്നത്. ഓരോ രാജാവും അതൊഴിവാക്കാന്‍ ശ്രമിക്കുന്നതും. എല്ലാ ഏകാധിപത്യവും നിയമത്തെ താല്‍ക്കാലികമായി നടപ്പിലാക്കാതിരിക്കലാണ്.’ (ഇസ്ലാം രാജ മാര്‍ഗം)

ഒരു നിയമവും ബാധകമല്ലാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി എപ്പോള്‍ എന്ത് തീരുമാനിക്കുന്നുവോ അത് ഏറ്റവും മൃഗീയമായി നടപ്പിലാക്കുന്ന, ചരിത്രം കണ്ട ഏറ്റവും ക്രൂരമായ ഏകാധിപത്യമാണ് കമ്യൂണിസം. കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രപ്രകാരം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നെഹ്‌റു ഗവണ്‍മെന്റ് മുതല്‍ ഇതുവരെയുള്ള എല്ലാ ഗവണ്‍മെന്റുകളും ഭൂര്‍ഷ്വാഭരണകൂടങ്ങളാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ഗവണ്‍മെന്റുകളെ സായുധമായി അട്ടിമറിക്കാന്‍ ശക്തിയില്ലാത്തതുകൊണ്ടു
മാത്രം ജനാധിപത്യവാദികളായി നടക്കുന്ന അപകടകരമായ പ്രത്യയശാസ്ത്രം കൈമുതലായുള്ളവരാണ് കമ്മ്യൂണിസ്റ്റുകള്‍. 1947 ആഗസ്റ്റ് 15 ലെ പ്രഥമ സ്വാതന്ത്ര്യദിനം വഞ്ചനാദിനമായും റിപ്പബ്ലിക് ദിനം കരിദിനമായും ആചരിച്ചവരാണ് ഇന്ത്യയിലെ
അവിഭക്ത കമ്യൂണിസ്റ്റുപാര്‍ട്ടി. അതിന്റെ പിന്മുറക്കാരാണ് ഇന്നത്തെ സി.പി.ഐ.എമ്മും, സി.പി.ഐയും സി.പി.ഐ.എമ്മെല്ലുകളുമെല്ലാം. തെലുങ്കാനയില്‍ ഉള്‍പ്പെടെ സായുധ വിപ്ലവത്തിലൂടെ ജനാധിപത്യ ഗവണ്‍മെന്റുകളെ അട്ടിമറിക്കാനും തകര്‍ക്കാനും സ്വതന്ത്ര ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചിട്ടുണ്ട്. ജനാധിപത്യ ഗവണ്‍മെന്റുകള്‍ അതിനെ ശക്തമായി നേരിടുകയും അടിച്ചമര്‍ത്തുകയും ചെയ്യുകയായിരുന്നു.

മതവിരുദ്ധത
കമ്യൂണിസം അടിസ്ഥാനപരമായി മതവിരുദ്ധമായ തത്വശാസ്ത്രമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരു വിപ്ലവത്തെയും അതിലൂടെ ഉണ്ടായിത്തീരുന്ന വിപ്ലവാനന്തര സമൂഹത്തെയും സ്വപ്നം കാണുന്നവരാണ്. അതിനുവേണ്ടിയാണ് അവര്‍ എല്ലാ പ്രവര്‍ത്ത
നങ്ങളും നടത്തുന്നത്. ആ വിപ്ലവാനന്തര സമൂഹമെന്നാല്‍ മതമില്ലാത്ത, ജനങ്ങള്‍ക്ക് ദൈവവിശ്വാസം തന്നെയില്ലാത്ത സമൂഹമാണ്. ലോകത്ത് രണ്ടുതരം പ്രപഞ്ചവീക്ഷണങ്ങളുണ്ട്. ഒന്ന് ദൈവവിശ്വാസത്തിലധിഷ്ഠിതമായത്, മറ്റൊന്ന് ദൈവനിഷേധത്തില്‍ അധിഷ്ഠിതമായത്. കമ്യൂണിസം ദൈവനിഷേധത്തില്‍ അധിഷ്ഠിതമായ പ്രപഞ്ച വീക്ഷണത്തെയും ജീവിത കാഴ്ചപ്പാടിനെയും സാമൂഹ്യ-രാഷ്ട്രീയ സമീപനങ്ങളെയുമാണ് മുന്നോട്ടുവെക്കുന്നത്. ഒരു വിശ്വാസി കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് തികഞ്ഞ വിഡ്ഢിത്തമാണ്. അത് മതത്തോടും കമ്യൂണിസത്തോടും ഒരേസമയം നടത്തുന്ന ആത്മവഞ്ചനയാണ്. മതത്തോടുള്ള കമ്യൂണിസത്തിന്റെ സമീപനം വിശദീകരിച്ചുകൊണ്ട് 1905 ല്‍ ലെനിന്‍ നോസ്വായ സീസന്‍ എന്ന മാഗസിനില്‍ സോഷ്യലിസവും മതവും എന്ന പേരില്‍ ഒരു ലേഖനം എഴുതിയിരുന്നു. കുറഞ്ഞ സമയങ്ങള്‍ക്കു ശേഷം അപ്രത്യക്ഷമായി പോകുന്ന ഒരു തരം പുക എന്നാണ് അതില്‍ അദ്ദേഹം മതത്തെ വിശേഷിപ്പിക്കുന്നത്. മതത്തിനെതിരെ കമ്യൂണിസ്റ്റുകാര്‍ പ്രചരിപ്പിക്കേണ്ട നിരീശ്വരവാദ പദ്ധതിയെക്കുറിച്ച് ആ ലേഖനത്തില്‍ അദ്ദേഹം വിശദീകരിച്ചിരുന്നു. എല്ലാ നിലക്കും ശാസ്ത്രീയ അടിത്തറകളില്‍ എടുക്കപ്പെട്ടതാണ് നമ്മുടെ കര്‍മപദ്ധതി. എല്ലാത്തിനുമപ്പുറം ഭൗതികമായ ഒരു വീക്ഷണമാണ് ഇതിനുള്ളത്.

നമ്മുടെ ഈ പ്രചരണ പദ്ധതി നിരീശ്വരവാദ പ്രചരണ പദ്ധതികളെയും ഉള്‍ക്കൊള്ളുന്നുണ്ട്. ലെനിന്‍ ഇങ്ങനെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അധികാരം ലഭിക്കുന്നതുവരെ മതവിശ്വാസികളെ പരമാവധി കൂട്ടിപ്പിടിക്കുക എന്ന തന്ത്രമാണ് കമ്യൂണിസ്റ്റുകള്‍ എക്കാലത്തും സ്വീകരിച്ചുപോന്നിട്ടുള്ളത്. പക്ഷെ ശരിയായ അധികാരം ലഭിച്ചാല്‍ പിറ്റേന്നു മുതല്‍ അവര്‍ വിശ്വാസാചാരങ്ങളെ അടിച്ചമര്‍ത്താനാരംഭിക്കും. സോവിയറ്റ് യൂനിയനില്‍ 1921 ജൂണ്‍ 13 ന് 18 വയസ്സിനു താഴെയുള്ള എല്ലാവര്‍ക്കും എങ്ങനെയും എവിടെവച്ചും മതപഠനം നിരോധിക്കപ്പെട്ടു. 1929 ഏപ്രില്‍ എട്ടിന് വന്ന ഉത്തരവ് പ്രകാരം മതസംഘടനകള്‍ പരസ്പരസഹായ ഫണ്ടുകള്‍ ശേഖരിക്കുക, മറ്റുള്ളവരെ ഭൗതിക കാര്യങ്ങളില്‍ സഹായിക്കുക, പ്രത്യേകം പ്രാര്‍ഥനകള്‍ സംഘടിപ്പിക്കുക, കുട്ടികള്‍, യുവാക്കള്‍, സ്ത്രീകള്‍ തുടങ്ങിയവരുടെ മീറ്റിംഗുകള്‍ സംഘടിപ്പിക്കുക, ആത്മീയ പഠനങ്ങള്‍. സാഹിത്യപഠനങ്ങള്‍, കൈവേലകള്‍, മതപഠനങ്ങള്‍ എന്നിവക്കും മറ്റുമായി സംഘടിക്കുക, പഠനയാത്രകള്‍ സംഘടിപ്പിക്കുക, കുട്ടികള്‍ക്ക് കളിക്കളങ്ങള്‍ സംവിധാനിക്കുക, ലൈബ്രറികളും വായനശാലകളും തുറക്കുക, ചികിത്സാലയങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയവ നിരോധിക്കപ്പെട്ടു. കമ്യൂണിസത്തിന്റെ ചരിത്രം സാമ്രാജ്യത്വ മോഹത്തിന്റെയും അധിനിവേശത്തിന്റെയും ചരിത്രം കൂടിയാണ്. അഫ്ഗാനിസ്താനില്‍ കമ്യൂണിസ്റ്റ് റഷ്യ നടത്തിയ അധിനിവേശമാണ് യഥാര്‍ഥത്തില്‍ കമ്യൂണിസ്റ്റ് റഷ്യയുടെ തകര്‍ച്ചയില്‍ പോലും ചെന്ന് കലാശിച്ചത്. അഫ്ഗാനില്‍ കമ്യൂണിസ്റ്റുകള്‍ ചെയ്ത മതവിരുദ്ധ നടപടികളെക്കുറിച്ച് ബ്ലാക്ക് ബുക്ക് ഓഫ് കമ്മ്യൂണിസം എന്ന പുസ്തകം ഇങ്ങനെ വിവരിക്കുന്നത് കാണാം. ‘താമസിയാതെ ഭരണകൂടം മതത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചു. ഖുര്‍ആന്‍ പൊതുജനമധ്യത്തില്‍വച്ച് കത്തിക്കപ്പെടുകയും പള്ളിയിലെ ഇമാമും മതപണ്ഡിതന്മാരും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

1979 ജനുവരി 12 ന് മുജദ്ദിദ്ദി വിഭാഗത്തില്‍പ്പെട്ട 130 പേരെ പട്ടാളം കൂട്ടക്കൊല നടത്തി. നാട്ടില്‍ മതാചാരങ്ങളെ പൂര്‍ണമായും നിരോധിച്ചു.’ വൈരുധ്യാധിഷ്ഠിത ഭൗതികവാദം കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാന വിശ്വാസ പ്രമാണമാണ് വൈരുധ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ചരിത്രത്തിന്റെ ചാലകശക്തി എന്ന് സിദ്ധാന്തിച്ചത് ജര്‍മന്‍ തത്ത്വചിന്തകനായ ഹെഗലാണ്. ഹെഗല്‍ വൈരുധ്യങ്ങളുടെ സംഘര്‍ഷ സ്ഥലമായി കണ്ടത് ആശയമണ്ഡലത്തെയാണ്. ഒരാശയം രൂപപ്പെടുന്നു. ഹെഗല്‍ അതിന് തിസീസ് എന്ന് വിളിച്ചു. അതിനെതിരായ മറ്റൊരു ആശയം രൂപമെടുക്കുന്നു. അല്ലെങ്കില്‍ തിസീസിനെതിരായ പ്രതിവാദം ഉണ്ടാവുന്നു. ഇതിനെ ഹെഗല്‍ ആന്റിതിസീസ് എന്നു വിളിച്ചു. തുടര്‍ന്ന് ഇവ രണ്ടിന്റെയും സമന്വയമുണ്ടാകുന്നു. ഹെഗലിന്റെ ഭാഷയില്‍ സിന്തസിസ്. ഈ സിന്തസിസ് പിന്നീട് ഒരു തിസീസായി മാറുന്നു. ഈ തിസീസിനെതിരെ ആന്റിതിസീസ് ഉണ്ടാവുന്നു. അതില്‍നിന്ന് സിന്തസിസ് ഉണ്ടാവുന്നു.

യുവ ഹെഗലിയന്മാരായിരുന്നു കാള്‍ മാര്‍ക്‌സും ഫെഡ്രറിക് എംഗല്‍സും. അവരുടെ ബൗദ്ധിക ജീവിതത്തിന്റെ നിര്‍ണായകമായ ഒരു ഘട്ടത്തില്‍, ഈ തത്ത്വചിന്താപരമായ വിശകലന രീതിശാസ്ത്രത്തെ മറ്റൊരു രീതിയില്‍ അവതരിപ്പിച്ചതാണ് വൈ
രുധ്യാധിഷ്ഠിത ഭൗതികവാദം. ഹെഗല്‍ ആശയമണ്ഡലത്തില്‍ നടക്കുന്നു എന്നു സിദ്ധാന്തിച്ച വൈരുധ്യങ്ങളുടെ സംഘട്ടനത്തെ ഭൗതിക മണ്ഡലത്തിലേക്ക് മാറ്റിനടുകയാണ് മാര്‍ക്‌സും എംഗല്‍സും ചെയ്തത്. മാര്‍ക്‌സിന്റെ തന്നെ ഭാഷയില്‍, തല കീഴായി നിന്നിരുന്ന ഹെഗലിയന്‍ വൈരുധ്യവാദത്തെ തല നേരെയാക്കി നിര്‍ത്തുകയായിരുന്നു മാര്‍ക്‌സിസം. ഭൗതിക പ്രപഞ്ചത്തിലും സാമൂഹിക ജീവിതത്തിലും മനുഷ്യന്റെ ആശയ വൈകാരിക തലത്തിലും ഈ വൈരുധ്യ നിയമമാണ് പ്രവര്‍ത്തിക്കുന്നതെന്ന് മാര്‍ക്‌സ് അവകാശപ്പെട്ടു. ആശയങ്ങള്‍ തമ്മിലുള്ള സംഘട്ടനമല്ല, ഉള്ളവന്‍/ഇല്ലാത്തവന്‍, അടിമയും/ഉടമയും, ഭൂവുടമയും/കൃഷിക്കാരനും, മുതലാളിയും/തൊഴിലാളിയും എന്നിങ്ങനെ ഭൗതിക വസ്തുക്കള്‍ കൈവശംവെക്കുന്നവരും അത് കൈവശം വെക്കാനാവാത്തവരും തമ്മിലുള്ള വൈരുധ്യവും അവര്‍ തമ്മിലുള്ള സംഘര്‍ഷവുമാണ് ചരിത്രത്തെ നയിക്കുന്നതെന്നാണ് വൈരുധ്യാധിഷ്ഠിത ഭൗതിക വാദത്തിന്റെ അന്തസ്സത്ത.

മനുഷ്യസമൂഹത്തിന്റെ ചരിത്രത്തെ നിയന്ത്രിക്കുന്ന നിയമമെന്ന അര്‍ഥത്തില്‍ ഇതിനെ ചരിത്രപരമായ ഭൗതികവാദമെന്നും മാര്‍ക്‌സിസം വിളിക്കുന്നു. സമ്പത്തും അതിന്റെ ഉടമസ്ഥതയും അതിനെചുറ്റിപ്പറ്റിയുള്ള ബന്ധങ്ങളുമാണ് സമൂഹത്തിന്റെ അടിത്തറ. നിയമങ്ങള്‍, മതങ്ങള്‍, കലാ-സാഹിത്യ സൃഷ്ടികള്‍ മുതലായ ആശയ ലോകം ഈ അടിത്തറകളുടെ മേല്‍പുരയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സംഘട്ടനമാണ് സമൂഹത്തിന്റെ നിയാമക ശക്തി. ഈ സംഘട്ടനത്തിലൂടെ ഉള്ളവനും ഇല്ലാത്തവനുമില്ലാത്ത വര്‍ഗരഹിത സമൂഹം രൂപം കൊള്ളുന്നു. മതങ്ങള്‍ ഉള്‍പ്പെടെയുള്ള ആശയങ്ങള്‍ അതതു കാലത്ത് സമ്പത്ത് കൈവശം വെക്കുന്നവരുടെ, കുറേക്കൂടി മാര്‍ക്‌സിയന്‍ പദാവലികളില്‍ പറഞ്ഞാല്‍ ഉല്‍പാദന ഉപാധികള്‍ കൈവശം വെക്കുന്നവരുടെ താല്‍പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതും താങ്ങിനിര്‍ത്തുന്നതുമായിരിക്കും എന്നത് വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ പ്രധാന ഭാഗമാണ്.

വൈരുധ്യവാദത്തില്‍ ഹെഗലും മാര്‍ക്‌സും തമ്മിലുള്ള വ്യത്യാസം മാര്‍ക്‌സിസത്തെ സംബന്ധിച്ചേടത്തോളം വളരെ പ്രധാനമാണെങ്കിലും മാര്‍ക്‌സിസത്തിന് പുറത്തു നിന്ന് ആലോചിക്കുമ്പോള്‍ അത് അത്ര മൗലിക പ്രധാനമല്ല. ആശയതലത്തിലാവട്ടെ, ഭൗതിക തലത്തിലാവട്ടെ വൈരുധ്യങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് മനുഷ്യവളര്‍ച്ചയെ മുന്നോട്ട് നയിക്കുന്നത് എന്ന ആശയമാണ് മൗലികമായി പരിശോധിക്കപ്പെടേണ്ടത്. കാരണം ഹെഗല്‍ പറഞ്ഞ തിസീസ്, ആന്റിതിസീസ്, സിന്തസിസ് സിദ്ധാന്തത്തില്‍ മാര്‍ക്‌സ് കൂട്ടിച്ചേര്‍ക്കുകയോ വെട്ടിക്കുറക്കുകയോ ചെയ്തിട്ടില്ല. തലതിരിച്ചിടുക മാത്രമാണ് ചെയ്തത്.

ഹെഗലും മാര്‍ക്‌സും പറയുന്ന വൈരുധ്യങ്ങള്‍ എന്ന സങ്കല്‍പ്പം തന്നെയാണ് ഒന്നാമതായി വിശകലനവിധേയമാക്കേണ്ടത്. ഇവര്‍ പറയുന്ന വൈരുധ്യങ്ങള്‍ യഥാര്‍ഥത്തില്‍ വൈരുധ്യങ്ങളല്ല, വൈവിധ്യങ്ങളാണ്. ഈ വൈവിധ്യങ്ങളുടെ സഹവര്‍ത്തി
ത്വത്തിന് ദൈവികമായ നിയമങ്ങളുണ്ട്. ഇവ പാലിച്ചുകൊണ്ട് ഈ വൈവിധ്യങ്ങള്‍ പരസ്പരം ഇടപഴകിയാല്‍ സംഘര്‍ഷത്തിനു പകരം സമന്വയം രൂപപ്പെടും. വൈവിധ്യങ്ങള്‍ക്കിടയില്‍ പാലിക്കേണ്ട ദൈവിക നിയമങ്ങള്‍ പാലിക്കപ്പെടാതിരിക്കുമ്പോഴാണ് വൈവിധ്യങ്ങള്‍ വൈരുധ്യങ്ങളായി മാറുന്നത്. അപ്പോള്‍ മാത്രമാണ് വൈരുധ്യങ്ങളുടെ സംഘട്ടനം ഉണ്ടാവുന്നത്. ഉദാഹരണത്തിന്, സമ്പന്നനും ദരിദ്രനും. ദൈവിക നിയമങ്ങളുടെ വെളിച്ചത്തില്‍ ചിന്തിക്കുമ്പോള്‍ മറ്റുവ്യത്യാസങ്ങളെ, വൈവിധ്യങ്ങളെ പോലെ സാമ്പത്തിക വ്യത്യാസവും പൂര്‍ണമായി ഒരിക്കലും ഇല്ലാതാവുകയില്ല, ഇല്ലാതാവേണ്ടതുമില്ല. പക്ഷേ, സാമ്പത്തിക ചൂഷണം വൈവിധ്യത്തിന്റെ ഭാഗമല്ല, അനീതിയുടെയും അക്രമത്തിന്റെയും ഭാഗമാണ്. അതുകൊണ്ട് സമ്പത്ത് സമ്പാദിക്കുന്നതിന് ഇസ്‌ലാം ധാരാളം നിയമങ്ങള്‍ നിശ്ചയിച്ചു. അവയെല്ലാം അന്യായത്തെയും ചൂഷണത്തെയും തടയുന്നതാണെന്നു കാണാന്‍ കഴിയും. ഉള്ളവന്‍ ഇല്ലാത്തവനെ ചൂഷണം ചെയ്ത് ഏതു വിധേനയും സമ്പത്ത് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ സാധ്യതാ വാതിലുകളെല്ലാം ഇസ്‌ലാം അടച്ചുകളഞ്ഞു. പലിശനിരോധം ഈ തത്ത്വത്തിന്റെ ഒന്നാം തരം ഉദാഹരണമാണ്. ഇങ്ങനെ ന്യായമായി മാത്രം സമ്പാദിച്ച സമ്പത്തില്‍ തന്നെ സമ്പത്ത് കുറഞ്ഞവര്‍ക്കും ഇല്ലാത്തവര്‍ക്കും നിശ്ചിത അളവ് അവകാശം നിശ്ചയിച്ചു. ചരിത്രപരമോ സാമൂഹികമോ വ്യക്തിപരമോ ആയ കാരണങ്ങളാല്‍ സമ്പത്ത് ഇല്ലാതെ പോയ മനുഷ്യര്‍ക്ക് വളരാനാവശ്യമായ പ്രാഥമിക സമ്പത്ത് അല്ലെങ്കില്‍ പ്രാഥമിക മൂലധനം സമ്പത്തുള്ളവരുടെ സമ്പത്തില്‍ തന്നെ അവകാശമാക്കി നിശ്ചയിച്ചു. ഇത് പിരിച്ചോ പിടിച്ചോ എടുക്കുകയും അവര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുക എന്നത് ഭരണകൂടത്തിന്റെ ബാധ്യതയാക്കി നിശ്ചയിച്ചു. ഇസ്ലാമിലെ സാമ്പത്തിക നിയമങ്ങളുടെ അടിത്തറ തന്നെ സമ്പത്ത് സമ്പന്നര്‍ക്കിടയില്‍ മാത്രം കറങ്ങാതിരിക്കുക (ഖുര്‍ആന്‍-59:7) എന്നതാണ്.

ഇസ്ലാമിലെ അനന്തരാവകാശ നിയമത്തില്‍ ഒരാളുടെ സമ്പത്തില്‍ ധാരാളം അവകാശികള്‍ ഉണ്ടാവുന്നതിന്റെ യുക്തി സമ്പത്തിന്റെ വികേന്ദ്രീകരണത്തെ ത്വരിതപ്പെടുത്തുക എന്നതാണെന്ന് അബുല്‍ അഅ്‌ലാ മൗദൂദി നിരീക്ഷിക്കുന്നുണ്ട്. ഇസ്ലാമിലെ സാമ്പത്തിക നിയമങ്ങളെ അവയുടെ സാകല്യത്തില്‍ പരിശോധിക്കുമ്പോള്‍ സമ്പന്നന്റെ താല്‍പര്യങ്ങളും സമ്പത്ത് കുറഞ്ഞവരുടെ താല്‍പര്യങ്ങളും തമ്മില്‍ സംഘര്‍ഷഭരിതമായ വൈരുധ്യങ്ങള്‍ ഒന്നും തന്നെയില്ല. ദരിദ്രന് വളരുന്നതിനും വികസിക്കുന്നതിനും തടസ്സം നില്‍ക്കുന്ന വംശീയ ഉച്ചനീചത്വപരമായ എല്ലാറ്റിനെയും ഇസ്ലാം ഇല്ലാതാക്കുന്നു. ഉള്ളവന്‍ എന്നാല്‍ ഇല്ലാത്തവന്റെ വര്‍ഗശത്രു എന്നതിനു പകരം, ഇല്ലാത്തവനെയും വളരാന്‍ സഹായിക്കുന്നവന്‍ എന്ന സാഹോദര്യത്തിന്റെ വിതാനത്തിലേക്ക് കാര്യങ്ങളെ കൊണ്ടുവരുന്നു. സമ്പന്നന്റെ സമ്പത്ത് ന്യായമായി സമ്പാദിച്ചതാണെങ്കില്‍ അത് തകരാതെ തന്നെ ഇല്ലാത്തവനും വളരാനുള്ള സാമൂഹികസാഹചര്യവും സാമ്പത്തിക പിന്‍ബലവും സൃഷ്ടിച്ചെടുക്കുന്നു.

ഇവിടെ വൈവിധ്യങ്ങളുടെ സംഘട്ടനത്തിലൂടെ പുതിയത് രൂപമെടുക്കുന്നതിനു പകരം വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വത്തിലൂടെ സമൂഹം മുന്നോട്ട് സഞ്ചരിക്കുകയും വളരുകയുമാണ് ചെയ്യുന്നത്. ഹെഗലും മാര്‍ക്‌സും പറഞ്ഞത് ഇസ്‌ലാമിന് പുറത്ത് ഒരു പരിധിവരെ ശരിയാണ്. അവര്‍ പറഞ്ഞ തിസീസിനും ആന്റി തിസീസിനുമിടയിലുള്ള ശേഷമുള്ളതല്ല, മധ്യമാര്‍ഗമാണ് ഇസ്ലാം അഥവാ സ്വിറാത്തുല്‍ മുസ്തഖീം (ചൊവ്വായ പാത), അല്ലെങ്കില്‍ സവാഉസ്സബീല്‍ (നേര്‍മാര്‍ഗം). ഹെഗലും മാര്‍ക്‌സും പറയുന്ന സിന്തസിസ് ഒരു താല്‍ക്കാലിക സമവായം മാത്രമാണ്. അവരുടെ കാഴ്ചപ്പാടില്‍ മനുഷ്യപ്രകൃതം തന്നെ വൈരുധ്യങ്ങളുടെ സംഘര്‍ഷമായതുകൊണ്ട് ഈ സിന്തസിസ് മറ്റൊരു തിസീസായി മാറും. വീണ്ടും സംഘട്ടനം ആരംഭിക്കും. മാര്‍ക്‌സിസത്തില്‍ വൈരുധ്യങ്ങള്‍ ഇല്ലാതാവുകയും സംഘര്‍ഷങ്ങള്‍ അവസാനിക്കുകയും ചെയ്യുന്ന ഘട്ടമാണ് വര്‍ഗരഹിത സമൂഹം. അത് സമ്പൂര്‍ണമായി എങ്ങനെയായിരിക്കണമെന്ന് മാര്‍ക്‌സിനോ ഏംഗല്‍സിനോ പറയാന്‍ കഴിഞ്ഞിട്ടില്ല. അതിലേക്കുള്ള വഴിയാവട്ടെ അങ്ങേയറ്റം സംഘര്‍ഷഭരിതം മാത്രമല്ല, പലപ്പോഴും രക്തപങ്കിലവുമാണ്. ‘മഹത്തായ’ സ്വപ്നത്തിലേക്കുള്ള നീചമായ മാര്‍ഗമാണ് മാര്‍ക്‌സിസം. ആ മഹത്തായ സ്വപ്നമാകട്ടെ ഒരു കെട്ടുകഥ മാത്രവുമാണ്. വൈരുധ്യങ്ങളെ അതിന്റെ പ്രകൃതിപരമായ, അല്ലെങ്കില്‍ ദൈവികമായ യാഥാര്‍ഥ്യത്തില്‍ മനസ്സിലാക്കുന്നതില്‍ ഹെഗലും മാര്‍ക്‌സും ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇവര്‍ വൈരുധ്യം എന്ന് പറയുന്നതിന്റെ യാഥാര്‍ഥ്യം (ഹഖ്) വൈരുധ്യമല്ല, വൈവിധ്യമാണ്. അദൈവികമായ കാഴ്ചപ്പാടുകളുടെയും പ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ഈ വൈവിധ്യങ്ങള്‍ വൈരുധ്യങ്ങളായി മാറുന്നത്. ഇവയെ സംഘട്ടനത്തിന് വിട്ടുകൊടുക്കാതെ അതിന്റെ ശരിയായ യാഥാര്‍ഥ്യത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ചെയ്യേണ്ടത്.

മനുഷ്യബന്ധങ്ങള്‍ക്കകത്തേക്ക് ധാര്‍മിക മൂല്യങ്ങള്‍ കടത്തിവിടുമ്പോള്‍ മാത്രം സംഭവിക്കുന്ന കാര്യമാണ് വൈവിധ്യങ്ങളുടെ സമന്വയവും സഹവര്‍ത്തിത്വവും. തിസീസിനും ആന്റിതിസീസിനുമിടയിലുള്ള മധ്യമാര്‍ഗത്തിനു മാത്രമേ എല്ലാറ്റിനെയും അതിന്റെ യാഥാര്‍ഥ്യത്തില്‍ മനസ്സിലാക്കാനും ഇടപഴകുന്ന എല്ലാവരോടും നീതി കാണിക്കാനും കഴിയുകയുള്ളൂ. തിസീസും ആന്റിതിസീസും ആത്യന്തികതയുടെയും അനീതിയുടെയും രണ്ടറ്റങ്ങളായിരിക്കും. മൗലാനാ മൗദൂദി ചൂണ്ടിക്കാട്ടിയ പോലെ, ദൈവികമാര്‍ഗദര്‍ശനത്തിന്റെ അഭാവത്തില്‍ സിന്തസിസ് എന്ന മധ്യമ മാര്‍ഗത്തില്‍ കാലുറപ്പിക്കാന്‍ ഈ ചിന്താ സരണിക്ക് കഴിയുകയുമില്ല (തഫ്ഹീമുല്‍ ഖുര്‍ആന്‍ സൂറ അല്‍മാഇദ വാക്യം 16-ന്റെ വ്യാഖ്യാനക്കുറിപ്പ്).

കമ്യൂണിസത്തിന്റെ ക്രൂരതകള്‍
ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത, ബലപ്രയോഗത്തില്‍ വളരെ ശക്തമായി വിശ്വസിക്കുന്ന ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ കമ്യൂണിസം മനുഷ്യരാശിയോട് ചെയ്ത ക്രൂരതകള്‍ എല്ലാ വിവരണങ്ങള്‍ക്കുമപ്പുറമാണ്. തങ്ങളല്ലാത്തവരെയെല്ലാം ബൂര്‍ഷ്വാസിയെന്നോ വര്‍ഗ വഞ്ചകരെന്നോ വിശേഷിപ്പിച്ച് കൊന്നാടുക്കാനോ അടിച്ചമര്‍ത്താനോ ആണ് കമ്യൂണിസം പരിശ്രമിച്ചത്. കമ്യൂണിസ്റ്റിതരര്‍ മാത്രമല്ല പാര്‍ട്ടിയില്‍ നേതൃത്വത്തോട് എന്തെങ്കിലും വ്യത്യസ്താഭിപ്രായം വെച്ചുപുലര്‍ത്തുന്നവര്‍പോലും ഈ കൊലപ്രത്യയശാസ്ത്രത്തിന്റെ ഗില്ലറ്റിനില്‍നിന്നും രക്ഷപ്പെട്ടിട്ടില്ല. ലെനിന്റെ കാലത്തെ രണ്ടാമനായിരുന്ന ട്രോട്‌സ്‌കി പോലും സ്റ്റാലിന്റെ തീരുമാനത്തില്‍ കൊല ചെയ്യപ്പെട്ടു.

ഒരു നിയമത്തിലും അധിഷ്ഠിതമല്ല തൊഴിലാളി വര്‍ഗ സര്‍വാധിപത്യം എന്ന് നേരത്തെ വിശദീകരിച്ചു. അതത് കാലത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവിന് തോന്നുന്നതാണ് അതിന്റെ നിയമം. സ്റ്റാലിന്റെ കാലത്ത് സ്റ്റാലിന് തോന്നിയതായിരുന്നു കമ്യൂണിസത്തിന്റെയും സോവിയറ്റ് യൂണിയനെയും നിയമം. ആ തോന്നലുകള്‍ക്ക് മനുഷ്യരാശി കൊടുക്കേണ്ടി വന്ന വില മില്യന്‍കണക്കിന് മനുഷ്യജീവനുകളാണ്. ആ ജീവനുകളില്‍ കമ്യൂണിസ്റ്റ് ഇതരരുടെ ജീവനുകള്‍ മാത്രമല്ല കമ്യൂണിസ്റ്റുകളുടെ ജീവനുകളുമുണ്ടായിരുന്നു. കാരണം കമ്യൂണിസം എന്താണ് എന്ന് തീരുമാനിക്കുക അതതുകാലത്തെ കമ്യൂണിസ്റ്റ് സേച്ഛാധിപതികളാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ 100 മില്യനോളം മനുഷ്യരെയാണ് കമ്യൂണിസം കൂട്ടക്കുരുതിക്കിരയാക്കിയത്.

കമ്യൂണിസ്റ്റ് ധാര്‍മികത
മതവിശ്വാസങ്ങളുടെ പൊതുവിലുള്ള ഒരടിത്തറ ധാര്‍മികതയാണ്. ഇസ്ലാമാകട്ടെ ധാര്‍മികതക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന മതദര്‍ശനവുമാണ്. എന്നാല്‍ സുസ്ഥിരമായ ഒരു ധാര്‍മിക നിയമത്തിലും കമ്യൂണിസം വിശ്വസിക്കുന്നില്ല. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കും എന്നതാണ് കമ്യൂണിസ്റ്റ് ധാര്‍മികതയുടെ അടിസ്ഥാനം. വര്‍ഗരഹിത സമൂഹത്തിന്റെ നിര്‍മാണത്തിന് ഉപയുക്തമാകുമെങ്കില്‍ ഏത് തെറ്റും കമ്യൂണിസത്തില്‍ ശരിയാണ്. വര്‍ഗരഹിത സമൂഹമെന്ന് കമ്യൂണിസ്റ്റുകള്‍ ഓമനപ്പേരിട്ടു വിളിക്കുന്ന തങ്ങളുടെ ആധിപത്യം ഉണ്ടാക്കിയെടുക്കാന്‍ ആരെയും വധിക്കാം. ഏത് നീചമാര്‍ഗവും സ്വീകരിക്കാം എന്നതാണ് കമ്യൂണിസ്റ്റ് ധാര്‍മികത. ടി.പി ചന്ദ്രശേഖരനെന്ന കമ്യൂണിസ്റ്റുകാരന്‍ അമ്പത്തൊന്ന് വെട്ടിനിരയാവുന്നതിന്റെ കാരണം ഈ കമ്യൂണിസ്റ്റ് ധാര്‍മികതയാണ്. വര്‍ഗവഞ്ചകന്‍ എന്ന് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി മനസ്സിലാക്കുന്ന ഒരാള്‍ക്ക് അയാള്‍ മറ്റൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ ആണെങ്കിലും ഈ ഭൂമുഖത്ത് ജീവിക്കാന്‍ ഒരു അവകാശവും ഇല്ല എന്നതാണ് കമ്യൂണിസ്റ്റ് ധാര്‍മികതയുടെ പ്രയോഗതലം. കമ്യൂണിസ്റ്റ് ധാര്‍മികതയെകുറിച്ച് ലെനിന്‍ എഴുതുന്നു: ‘പഴയചൂഷക സമുദായത്തെ നശിപ്പിക്കാനും പുതിയൊരു കമ്യൂണിസ്റ്റ് സമുദായം കെട്ടിപ്പടുക്കുന്ന തൊഴിലാളിവര്‍ഗത്തിന് അധ്വാനിക്കുന്നജനതയെ അണിനിരത്താനും സഹായിക്കുന്നത് എന്തോ അതാണ് കമ്യൂണിസ്റ്റ് സദാചാരം.’

ഈ തൊഴിലാളി വര്‍ഗമെന്നാല്‍ ഓരോ നാട്ടിലെയും ഏറ്റവും ശക്തിയുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നു മാത്രമാണ് അര്‍ഥം. അഥവാ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സഹായകമായത് ധാര്‍മികം. അതിനു സഹായകമല്ലാത്തത് അധാര്‍മികം എന്നതാണ് ഇതിന്റെ സാരം. വി.സി ശ്രീജന്‍ എഴുതിയതു പോലെ ‘പ്രതിഷേധ പ്രകടനമായും സംഘടനാപ്രവര്‍ത്തനമായും നീതിശാസ്ത്രത്തെ അഥവാ ധാര്‍മികതയെ നിര്‍വചിക്കുന്നതോടെ സദാചാരം സദാചാരമല്ലാതായി മാറുമെന്നതാണ് വാസ്തവം. പ്രതിഷേധ പ്രകടനത്തെയും സംഘടനാ പ്രവര്‍ത്തനത്തെയും നിയന്ത്രിക്കുവാന്‍ എന്തെങ്കിലും ഒരു നിയമാവലി ഉണ്ടെങ്കില്‍ അതിനെയാണ് കമ്യൂണിസ്റ്റ് സദാചാരം എന്നു പറയേണ്ടിയിരുന്നത്. അത്തരം നിയമാവലിയുടെ അഭാവത്തില്‍ കമ്യൂണിസം സദാചാരത്തെ നിഷേധിക്കുന്നു എന്ന വിമര്‍ശനത്തിന് മറുപടി ഇല്ലാതാവുന്നു.’ (പ്രതിവാദങ്ങള്‍, പേജ് 144) പ്രപഞ്ചത്തില്‍നിന്ന് ദൈവത്തെ നിഷ്‌കാസനം ചെയ്താല്‍ ആര്‍ക്കും ഏതു പ്രവൃത്തിയും അനുവദനീയമായിരിക്കും എന്ന ദസ്‌തോവിസ്‌കിയുടെ പ്രസ്താവന ഇവിടെ സ്മരണീയമാണ്.

യഥാര്‍ഥത്തില്‍ മാര്‍ക്സിസത്തിന്റെ ആത്മാവ് യഹൂദ, ക്രൈസ്തവ, ഇസ്‌ലാം മത പാരമ്പര്യത്തില്‍ നിന്ന് കടമെടുത്തതോ മോഷ്ടിച്ചതോ ആണ്. പ്രമുഖ നിരീശ്വരവാദിയും തത്വചിന്തകനും ഗണിതശാസ്ത്രജ്ഞനുമായ ബര്‍ട്ടണ്‍ റസ്സല്‍ പറയുന്നു. ‘യഹൂദ ഘടനയെ സോഷ്യലിസത്തിന് പാകമാക്കിയത് കാറല്‍ മാര്‍ക്സാണ്.’ ഈ പ്രസ്താവനയില്‍ യഹുദഘടന എന്നതുകൊണ്ട് റസല്‍ ഉദ്ദേശിക്കുന്നത് ബൈബിള്‍ പഴയ നിയമത്തിലെ പ്രവാചകന്മാരുടെ പാരമ്പര്യത്തെയാണ്. അതുതന്നെയാണ് കലര്‍പ്പുകള്‍ ശുദ്ധീകരിച്ച വിശുദ്ധ ഖുര്‍ആനും അവതരിപ്പിക്കുന്നത്. 25 പ്രവാചകന്മാരുടെ വിമോചന പോരാട്ടങ്ങളുടെ ചരിത്രം ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. സെമിറ്റിക് മതങ്ങളുടെ വിമോചനം എന്ന ആശയമാണ് മാര്‍കിസത്തിന്റെ ആത്മാവ്. മാര്‍ക്സിസത്തിന് ആത്മാവും ശരീരവും ഉണ്ട്. അതിന്റെ ശരീരം ആവട്ടെ തീര്‍ത്തും ദൈവ നിഷേധത്തിലും ഭൗതികവാദത്തിലും അധിഷ്ഠിതമാണ്. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കും എന്നതാണ് അതിന്റെ ധാര്‍മികത. എല്ലാ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തോലകമായി വര്‍ത്തിക്കുന്ന ആശയമാണത്. ഫാദര്‍ പോള്‍ തേലക്കാട് എഴുതിയ പോലെ ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്നത് മാര്‍ക്‌സ് മധ്യകാല യൂറോപ്യന്‍ രാഷ്ട്ര തന്ത്രജ്ഞനായ മാക്കിയവല്ലിയില്‍നിന്ന് കടമെടുത്തതാണ്. രാഷ്ട്രീയത്തില്‍ ഒരു മത ധാര്‍മിക മൂല്യവും പാലിക്കേണ്ടതില്ല എന്ന സിദ്ധാന്തമാണ് മാക്കിയവല്ലി മുന്നോട്ടുവെച്ചത്. ഈ മാക്കിയവല്ലിയന്‍ ഡിദ്ധാന്തമാണ് ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ മാര്‍ക്‌സിസം പിന്തുടരുന്നത് എന്നതുകൊണ്ടാണ് സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിലടക്കം മത ധാര്‍മികമൂല്യങ്ങള്‍ പാലിക്കണമെന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുന്നതിന്റെ യഥാര്‍ഥ കാരണം. അഥവാ, ഗുണത്തേക്കാള്‍ ഒരുപാട് ദോഷങ്ങള്‍ ഉള്ളടങ്ങിയ ജനാധിപത്യവിരുദ്ധവും, മതവിരുദ്ധവും, ഇസ്ലാമികവിരുദ്ധവുമായ ഒരു തത്വശാസ്ത്രവും പ്രയോഗ പദ്ധതിയുമാണ് മാര്‍കിസം.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles