Current Date

Search
Close this search box.
Search
Close this search box.

ഈ പ്രാര്‍ത്ഥന പഠിക്കുകയും പതിവാക്കുകയും ചെയ്യുക

അല്ലാഹു പഠിപ്പിച്ച പ്രാര്‍ത്ഥന, ഇബ്രാഹിം നബി (അ.സ) പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥന, സ്വന്തത്തിനും സന്താനങ്ങള്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന പ്രാര്‍ത്ഥന. ഇത് സ്ഥിരം ശീലമാക്കണമെന്ന്, ഉസ്താദ് നാലാം ക്ലാസ്സില്‍ വച്ച് വസിയ്യത്ത് ചെയ്തതുമുതല്‍ മുടങ്ങാതെ പ്രാര്‍ത്ഥിക്കാറുണ്ട്, അതിന്റെ ഫലം സ്വന്തം ജീവിതത്തില്‍ തന്നെ അനുഭവപ്പെടാറുമുണ്ട്. ഏത് വഖ്ത് നമസ്‌ക്കാരമായാലും സമയമാകും മുമ്പ് തന്നെ മനസ്സില്‍ തെളിയും, ആരോ ഉണര്‍ത്തുന്നത് പോലെ അനുഭവപ്പെടും, മട്ടത്തില്‍ നമസ്‌ക്കരിക്കാന്‍ സൗകര്യപ്പെടാത്ത സാഹചര്യത്തില്‍ ശ്വാസം മുട്ടുന്നത് പോലെ തോന്നും. അല്‍ഹംദു ലില്ലാഹ്.

നിങ്ങളും (അറിയാത്തവരുണ്ടെങ്കില്‍) ഈ പ്രാര്‍ത്ഥന പഠിക്കുകയും ശീലമാക്കുകയും ചെയ്യുക. തീര്‍ച്ചയായും ഫലമുണ്ടാകും നിങ്ങള്‍ക്കത് നേരിട്ട് അനുഭവിക്കാം. ഖുര്‍ആനില്‍ അല്ലാഹു അത് എടുത്തു പറഞ്ഞിട്ടുള്ളത് തന്നെ മതി ആ പ്രാര്‍ത്ഥനയുടെ ഗൗരവം എത്രത്തോളമുണ്ടെന്നതിന് തെളിവായി.

ഇതാണ് പ്രാര്‍ത്ഥന:

{رَبِّ اجْعَلْنِي مُقِيمَ الصَّلاةِ وَمِنْ ذُرِّيَّتِي رَبَّنَا وَتَقَبَّلْ دُعَاءِ. رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ} – إِبْرَاهِيمُ: 40-41.

എന്റെ നാഥാ, എന്നെ മുറപ്രകാരം നമസ്‌കാരം അനുഷ്ഠിക്കുന്നവനാക്കേണമേ, (ഈ കര്‍മം നിര്‍വഹിക്കുന്നവരെ) എന്റെ സന്തതികളിലും വളര്‍ത്തേണമേ, ഞങ്ങളുടെ നാഥാ എന്റെ പ്രാര്‍ഥന സ്വീകരിച്ചാലും. നാഥാ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കൊക്കെയും, വിചാരണ നടക്കുംനാളില്‍ നീ പാപമോചനമരുളേണമേ. (സൂറത്തു ഇബ്‌റാഹീം 41).

പലരും തങ്ങളുടെ നമസ്‌കാരത്തെക്കുറിച്ച് അശ്രദ്ധരാണ്. നമസ്‌കരിച്ചാലും ഇല്ലെങ്കിലും അവരുടെ ദൃഷ്ടിയില്‍ വലിയ പ്രശ്‌നമൊന്നുമില്ല. ചിലപ്പോള്‍ നമസ്‌കരിക്കുന്നു. ചിലപ്പോള്‍ ഇല്ല. ചിലപ്പോള്‍ സമയത്തിന് നമസ്‌കരിക്കുന്നു. ചിലപ്പോള്‍ സമയം തീരെ അവസാനിക്കാറാകുമ്പോള്‍ എഴുന്നേറ്റ് കുത്തിമറിയുന്നു. അല്ലെങ്കില്‍ നമസ്‌കാരത്തിന് ഒരുങ്ങുമ്പോള്‍ താല്‍പര്യമില്ലാതെ ഒരുങ്ങുകയും മനമില്ലാമനസ്സോടെ, മടുപ്പോടെ അതു നിര്‍വഹിക്കുകയും ചെയ്യുന്നു, തന്റെ മേല്‍ വന്നുപെട്ട ഒരു വയ്യാവേലിയാണതെന്നമട്ടില്‍. അവന്‍ വസ്ത്രങ്ങള്‍ തെരുപ്പിടിച്ചുകൊണ്ടിരിക്കുന്നു. കോട്ടുവായിട്ടുകൊണ്ടിരിക്കുന്നു. അവന്റെ ഉള്ളില്‍ ദൈവസ്മരണയുടെ നിഴല്‍പോലുമുണ്ടായിരിക്കില്ല. നമസ്‌കരിക്കുകയാണെന്ന ബോധമില്ല. താനെന്താണ് ഉരുവിടുന്നതെന്ന വിചാരവുമില്ല. നിറുത്തമോ റുകൂഓ സുജൂദോ ഒന്നും വേണ്ടവണ്ണം പൂര്‍ത്തിയാക്കാതെ ബദ്ധപ്പെട്ടുകൊണ്ടായിരിക്കും നമസ്‌കാരം. എങ്ങനെയെങ്കിലും എത്രയുംപെട്ടെന്ന് നമസ്‌കാരത്തിന്റെ കോലംകാട്ടി വിരമിക്കാനായിരിക്കും ശ്രമം. നമസ്‌കാരസമയമായാല്‍ അതു നമസ്‌കാരസമയമാണെന്ന ബോധമേ ചിലരില്‍ ഉണ്ടാകുന്നില്ല. ഇത്തരക്കാര്‍ക്ക് കടുത്ത താക്കീതാണ് അല്ലാഹു നല്‍കിയിട്ടുള്ളത്, അല്ലാഹു പറയുന്നത് കാണുക:

{ فَوَيْلٌ لِلْمُصَلِّينَ الَّذِينَ هُمْ عَنْ صَلاتِهِمْ سَاهُونَ }- الْمَاعُونُ: 4-5.

നമസ്‌കാരക്കാര്‍ക്ക് നാശമാണുള്ളത്; സ്വന്തം നമസ്‌കാരത്തെക്കുറിച്ച് അശ്രദ്ധരാകുന്ന നമസ്‌കാരക്കാര്‍ക്ക്. (അല്‍ മാഊന്‍: 45).

ഇവിടെ അശ്രദ്ധ കാണിക്കുന്നവര്‍ എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, നമസ്‌ക്കാരത്തില്‍ എന്തെങ്കിലും അശ്രദ്ധയോ, മറവിയോ സംഭവിച്ചു പോകുന്നവരെ പറ്റിയല്ല, മറിച്ച് ആ ബോധം തന്നെ ഇല്ലാത്തവരെ കുറിച്ചാണ്. തഫ്‌സീറുകളില്‍ ഇങ്ങനെ കാണാം.

عَنْ مُصْعَبِ بْنِ سَعْدٍ، قَالَ: قُلْتُ لأَبِي: يَا أَبَتَاهُ، أَرَأَيْتَ قَوْلَهُ {الَّذِينَ هُمْ عَنْ صَلاَتِهِمْ سَاهُونَ} أَيُّنَا لاَ يَسْهُو؟ أَيُّنَا لاَ يُحَدِّثُ نَفْسَهُ؟ قَالَ: لَيْسَ ذَاكَ، إِنَّمَا هُوَ إِضَاعَةُ الْوَقْتِ، يَلْهُو حَتَّى يَضِيعَ الْوَقْتُ.-مُسْنَدُ أَبِي يَعْلَى: 704، وَإِسْنَادُهُ حَسَنٌ، وَحَسَّنَهُ الأَلْبَانِيُّ.

സഅ്ദുബ്‌നു അബീവഖാസ്വില്‍നിന്ന് അദ്ദേഹത്തിന്റെ പുത്രന്‍ മുസ്വ്അബുബ്‌നു സഅ്ദ് പറയുകയാണ്: ഞാന്‍ ചോദിച്ചു: പ്രിയ പിതാവേ, ത്രങ്ങളുടെ നമസ്‌ക്കാരത്തെ പ്രതി അശ്രദ്ധരാവുന്നവര്‍ എന്ന ആയത്തിനെപ്പറ്റി അങ്ങ് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ കൂട്ടത്തില്‍ ആര്‍ക്കാണ് അശ്രദ്ധ പിറ്റപ്പോവാത്തത്. മനസ്സില്‍ പലതും ഓര്‍ക്കാത്ത ആരാണുള്ളത്?

അന്നേരം അവിടുന്ന് പറഞ്ഞു: അതൊന്നുമല്ല അപ്പറഞ്ഞതിന്റെ താല്‍പര്യം.: മറിച്ച് നമസ്‌ക്കരിക്കാതെ സമയം കൊല്ലുന്നവരെ പ്പറ്റിയാണ് അപ്പറഞ്ഞത്. കളിച്ച് രസിച്ച് ഉല്ലസിച്ച് നടക്കും, ഒടുവില്‍ നമസ്‌ക്കാരം തന്നെ പാഴാക്കും. അത്തരക്കാരെപ്പറ്റിയാണ് ആ പരാമര്‍ശം.

عَنْ مُصْعَبِ بْنِ سَعْدٍ، عَنْ سَعْدِ بْنِ أَبِي وَقَّاصٍ، قَالَ: سَأَلْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، عَنِ {الَّذِينَ هُمْ عَنْ صَلاَتِهِمْ سَاهُونَ}. قَالَ: هُمُ الَّذِينَ يُؤَخِّرُونَ الصَّلاَةَ عَنْ وَقْتِهَا.- تَفْسِيرُ الطَّبَرِي: 38398.

സഅ്ദുബ്‌നു അബീവഖാസ്വില്‍നിന്ന് അദ്ദേഹത്തിന്റെ പുത്രന്‍ മുസ്വ്അബുബ്‌നു സഅ്ദ് നിവേദനം ചെയ്യുന്നു: ”നമസ്‌കാരത്തില്‍ അശ്രദ്ധ കാണിക്കുന്നവരെക്കുറിച്ച് ഞാന്‍ നബിയോട് ചോദിക്കുകയുണ്ടായി. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘നമസ്‌കാരം അതിന്റെ സമയം പാഴാക്കി നമസ്‌കരിക്കുന്നവരാണവര്‍.”. (തഫ്‌സീര്‍ അത്ത്വബരി: 38398).

നമസ്‌കാരത്തിന്റെ വിഷയത്തില്‍ അലംഭാവം കാണിക്കുന്നവര്‍ക്ക് അതി കഠിനമായ ശിക്ഷയാണ് അല്ലാഹു ഒരുക്കിവെച്ചിട്ടുള്ളത് അല്ലാഹു പറയുന്നത് കാണുക:

{ فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيًّا }- مَرْيَمُ: 59.

പിന്നെ ഇവര്‍ക്കുശേഷം പിഴച്ച പിന്‍ഗാമികളുണ്ടായി. അവര്‍ നമസ്‌കാരം പാഴാക്കി. ദേഹേച്ഛകളെ പിന്‍പറ്റുകയും ചെയ്തു. ദുര്‍മാര്‍ഗത്തിന്റെ അനന്തരഫലം അവര്‍ ഉടനെ കണ്ടുമുട്ടും. (മര്‍യം: 59).

ഈ ആയത്തിന്റെ വിശദീകരണത്തില്‍ കാണാം:

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، أَنَّهُ قَالَ فِي هَذِهِ الآيَةِ {فَسَوْفَ يَلْقَوْنَ غَيًّا} قَالَ: نَهْرٌ فِي جَهَنَّمَ خَبِيثُ الطَّعْمِ بَعِيدُ الْقَعْرِ.- تَفْسِيرُ الطَّبَرِي: 23979.

ഭയങ്കരമായ ആഴവും അരോചകമായ രുചിയുമുള്ള, നരകത്തിലെ ഭീകരമായ ഒരു നദിയാണ് ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് എന്ന് തഫ്‌സീറുകളില്‍ കാണാം. അതിനാല്‍ പതിവില്ലാത്തവരൊക്കെ ഈ പ്രാര്‍ത്ഥന പഠിക്കുകയും പതിവാക്കുകയും ചെയ്യുക, നല്ല ഫലം ഉണ്ടാക്കുക തന്നെ ചെയ്യും, സംശയം വേണ്ട. അല്ലാഹു അനുഗ്രഹിക്കട്ടെ.

Related Articles