Current Date

Search
Close this search box.
Search
Close this search box.

വിമോചനവും സംസ്കരണവും

മൂസാനബിയുടെ നിയോഗ ലക്ഷ്യങ്ങളിലൊന്ന് മർദ്ദിതരായ ഇസ്രായേലി സമൂഹത്തിൻറെ മോചനമായിരുന്നു. ഇക്കാര്യം ഖുർആൻ ഇങ്ങനെ വ്യക്തമാക്കുന്നു: “ഫറവോൻ നാട്ടിൽ അഹങ്കരിച്ച് നടന്നു. അന്നാട്ടുകാരെ വിവിധ വിഭാഗങ്ങളാക്കി. അവരിലൊരു വിഭാഗത്തെ പറ്റെ ദുർബലമാക്കി. അവരിലെ ആൺകുട്ടികളെ അറുകൊല ചെയ്തു. പെൺമക്കളെ ജീവിക്കാൻ വിട്ടു. അവൻ നാശകാരികളിൽ പെട്ടവനായിരുന്നു; തീർച്ച. എന്നാൽ ഭൂമിയിൽ മർദിച്ചൊതുക്കപ്പെട്ടവരോട് ഔദാര്യം കാണിക്കണമെന്ന് നാം ഉദ്ദേശിച്ചു. അവരെ നേതാക്കളും ഭൂമിയുടെ അവകാശികളുമാക്കണമെന്നും. അവർക്ക് ഭൂമിയിൽ അധികാരം നൽകണമെന്നും അങ്ങനെ ഫറവോന്നും ഹാമാന്നും അവരുടെ സൈന്യത്തിനും അവർ ആശങ്കിച്ചുകൊണ്ടിരുന്നതെന്തോ അതു കാണിച്ചുകൊടുക്കണമെന്നും.(28:4-6)

ഫറവോനും കോപ്റ്റിക് വംശീയ വാദികളും ഇസ്രായേല്യരെ അടിമകളാക്കി അടക്കിഭരിക്കുകയായിരുന്നുവല്ലോ. അവരെക്കൊണ്ടാണ് കഠിനമായ ജോലികളൊക്കെയും ചെയ്യിച്ചിരുന്നത്. അതോടൊപ്പം കുറഞ്ഞ കൂലിയേ നൽകിയിരുന്നുള്ളു. ഇങ്ങനെ ഇസ്രായേല്യരനുഭവിച്ചിരുന്ന എല്ലാവിധ പീഡനങ്ങൾക്കും അറുതി വരുത്തണമെന്നും അവരെ സ്വതന്ത്രരാക്കി തൻറെ കൂടെ വിടണമെന്നുമായിരുന്നു മൂസാനബി ആവശ്യപ്പെട്ടത്.(ഖുർആൻ.20:47, 26:17)

ഫറവോൻ പീഡനം അവസാനിപ്പിക്കുകയോ ഇസ്രായേല്യരെ മൂസാനബിയുടെ കൂടെ അയച്ചു കൊടുക്കുകയോ ചെയ്തില്ല. എങ്കിലും അല്ലാഹുവിൻറെ തീരുമാനം മറ്റൊന്നായിരുന്നു. അത് ഫറവോനെയും പ്രഭൃതികളെയും വെള്ളത്തിൽ മുക്കി നശിപ്പിക്കണമെന്നും അങ്ങനെ ഇസ്രായേല്യരെ മോചിപ്പിക്കണമെന്നുമായിരുന്നു. അത് സംഭവിക്കുകയും ചെയ്തു. അതേക്കുറിച്ച് ഖുർആൻ പറയുന്നു:
“മർദിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയെ, നാം അനുഗ്രഹിച്ച കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളുടെ അവകാശികളാക്കി. അങ്ങനെ ഇസ്രയേൽ മക്കളോടുള്ള നിന്റെ നാഥന്റെ ശുഭവാഗ്ദാനം പൂർത്തിയായി. അവർ ക്ഷമ പാലിച്ചതിനാലാണിത്. ഫറവോനും അവന്റെ ജനതയും നിർമിച്ചുകൊണ്ടിരുന്നതും കെട്ടിപ്പൊക്കിയിരുന്നതുമായ എല്ലാം നാം തകർത്ത് തരിപ്പണമാക്കുകയും ചെയ്തു.” (7:137)

ഇസ്രായേല്യരിൽ ഒരുപറ്റം ചെറുപ്പക്കാർ മാത്രമേ മൂസാ നബിയിൽ വിശ്വസിച്ചിരുന്നുള്ളു. ഇക്കാര്യം ഖുർആൻ തന്നെ വ്യക്തമാക്കുന്നു: “മൂസായിൽ അദ്ദേഹത്തിന്റെ ജനതയിലെ ഏതാനും ചെറുപ്പക്കാരല്ലാതെ ആരും വിശ്വസിച്ചില്ല. ഫറവോനും അവരുടെ പ്രമാണിമാരും തങ്ങളെ പീഡിപ്പിച്ചേക്കുമോയെന്ന പേടിയിലായിരുന്നു അവർ. ഫറവോൻ ഭൂമിയിൽ ഔദ്ധത്യം നടിക്കുന്നവനായിരുന്നു; അതോടൊപ്പം പരിധിവിട്ടവനും.10:83)

മഹാഭൂരിപക്ഷം ഇസ്രായേല്യരും മൂസാനബിയിൽ വിശ്വസിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ എതിർക്കുകയും കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്തു. ഇക്കാര്യം ബൈബിൾ അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.(പുറപ്പാട്.20:20, തൽമൂദ്.ഉദ്ധരണം: തഫ്ഹീമുൽ ഖുർആൻ.ഭാഗം:2.പുറം:284)

എന്നിട്ടും മൂസാനബി തന്നിൽ വിശ്വസിക്കാത്ത, തന്നെ എതിർക്കുന്ന ഇസ്രായേല്യരുടെ മോചനത്തിന് വേണ്ടി യത്നിക്കുകയുണ്ടായി. അവർ പാരമ്പര്യ മുസ്ലിംകളും മർദ്ദിതരുമായിരുന്നുവെന്നതാണിതിന് കാരണം.

ഇതിൻറെ വെളിച്ചത്തിൽ ഇന്ത്യയിലെ മുസ്ലിം സമുദായത്തിന് എന്തൊക്കെ ദൗർബല്യങ്ങളും വീഴ്ചകളുമുണ്ടെങ്കിലും അവരുടെ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും ശാക്തീകരണത്തിനും വേണ്ടി പ്രവർത്തിക്കാൻ ഇവിടത്തെ ഇസ്ലാമിക സമൂഹം ബാധ്യസ്ഥമാണ്. നിലവിലുള്ള ഇന്ത്യൻ സാഹചര്യത്തിൽ ജനാധിപത്യ സംവിധാനമുപയോഗിച്ച് സമുദായത്തിൻറെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാൻ ശ്രമിക്കേണ്ടതുണ്ട്. സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്താൻ സാധ്യമാവുന്ന മാർഗ്ഗങ്ങളെല്ലാം അവലംബിക്കുകയും വേണം.

എന്നാൽ അതും അല്ലാഹുവെയും പരലോകത്തെയും ഓർമ്മിപ്പിച്ചു കൊണ്ടായിരിക്കണമെന്നാണ് മൂസാ നബിയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. അഥവാ ഇസ്‌ലാമിക പ്രബോധനത്തിലധിഷ്ഠിതമായിരിക്കണം. സകല സാമൂഹ്യ തിന്മകൾക്കുമെതിരെ വിശുദ്ധ ഖുർആൻ നടത്തിയ സമരം പരലോകത്തെ സംബന്ധിച്ച താക്കീതോടെയാണ്.

അല്ലാഹുവിൻറെ പ്രത്യേകമായ സഹായവും അനുഗ്രഹവും ലഭ്യമാവുന്നതും പ്രബോധനപരമായ ബാധ്യത നിർവഹിക്കുമ്പോഴാണ്. മൂസാ നബിയും അനുയായികളും പ്രബോധന ദൗത്യം പൂർത്തീകരിച്ചപ്പോഴാണല്ലോ അല്ലാഹു അമാനുഷിക മാർഗ്ഗത്തിലൂടെ ഇസ്രായേല്യരെ രക്ഷിച്ചത്.

അതുകൊണ്ടുതന്നെ ഇന്ത്യൻ മുസ്ലിംകൾ ന്യായമായ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുമ്പോഴും
സാമുദായിക ധ്രുവീകരണം ഇല്ലാതാക്കാനും വിവിധ മത സമൂഹങ്ങൾക്കിടയിൽ സ്നേഹവും സാഹോദര്യവും സൗഹൃദവും സ്ഥാപിച്ച് പ്രബോധന ബന്ധം നിലനിർത്താനുമാണ് ശ്രമിക്കേണ്ടത്. സാമുദായികതക്ക് പകരം സാമൂഹ്യനീതിയെയാണ് അവർ പ്രതിനിധീകരിക്കേണ്ടത്. വംശീയതയെ സാഹോദര്യം കൊണ്ടും ജാതീയതയെ മാനവികത കൊണ്ടും വെറുപ്പിനെ സ്നേഹം കൊണ്ടും വർഗീയതയെ സഹവർത്തിത്വം കൊണ്ടും തിന്മയെ നന്മ കൊണ്ടുമാണ് പ്രതിരോധിക്കേണ്ടത്.ഇസ്ലാമിക സമൂഹത്തോട് ഖുർആൻ ആവശ്യപ്പെടുന്നതും അത് തന്നെയാണല്ലോ.(41:34)

ഇതേ നയസമീപനമാണ് ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനം സ്വീകരിച്ചത്. “ഫാഷിസം, വംശീയത, വർഗീയത, വിദ്വേഷം തുടങ്ങിയ ആശയങ്ങളെ സാഹോദര്യം,സൗഹൃദം, സംവാദം എന്നീ അടിത്തറയിൽ നിന്നു കൊണ്ട് അഭിമുഖീകരിക്കും. ഈ അടിസ്ഥാനത്തിൽ എല്ലാ ജനവിഭാഗങ്ങളെയും ചേർത്ത് ഐക്യനിര രൂപവൽക്കരിക്കും. എല്ലാ തരം ജനസമൂഹവുമായി സൗഹൃദം ശക്തിപ്പെടുത്തും. മുഴുവൻ ഉച്ചനീചത്വങ്ങളെയും ഇസ്ലാമിൻറെ സാഹോദര്യ സങ്കല്പം കൊണ്ട് പ്രതിരോധിക്കും. ആരോഗ്യകരമായ സംവാദാന്തരീക്ഷം സമൂഹത്തിൽ നിലനിർത്തും.(പുറം:16)

വിഭജനത്തിന്റെ തൊട്ട് മുമ്പും ശേഷവുമുള്ള വർഷങ്ങളിൽ ഇന്ത്യയിൽ വംശീയതയും വർഗീയതയും ഇന്നത്തെക്കാൾ എത്രയോ ശക്തമായിരുന്നു. രാജ്യമെങ്ങും വർഗീയ കലാപങ്ങളുടെ പിടിയിലമർന്നിരുന്നു.ആയിരക്കണക്കിന് നിരപരാധികളാണ് വധിക്കപ്പെട്ടു കൊണ്ടിരുന്നത്.കോടികളുടെ സ്വത്തുക്കളാണ് നശിപ്പിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു കൊണ്ടിരുന്നത്.അത് കൊണ്ട് തന്നെ മുസ്ലിംകൾ ഇന്നത്തെക്കാൾ എത്രയോ കടുത്ത പ്രയാസങ്ങെയും പ്രതിസന്ധികളെയുമാണ് അഭിമുഖീകരിച്ച് കൊണ്ടിരുന്നത്.

പതിനായിരക്കണക്കിനാളുകൾ ഭാഗികമായോ പൂർണമായോ മുർതദ്ദുകളായി.അവരിലെ മഹാഭൂരിപക്ഷവും ഒരുതരം അനാഥത്വം അനുഭവിക്കുകയും അപകർഷ ബോധത്തിനടിപ്പെടുകയും ചെയ്തിരുന്നു.ആചരിത്ര സന്ധിയിലും പരിശുദ്ധ ഖുർആൻറെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തിൽ പ്രവർത്തിച്ചു വരുന്ന ജമാഅത്തെ ഇസ്ലാമി സാമുദായികതയെ തള്ളിപ്പറയുകയാണുണ്ടായത്. സമുദായം അഭിമുഖീകരിക്കുന്ന പ്രയാസങ്ങളെയും പ്രതിസന്ധികളെയും ആദർശാധിഷ്ഠിതമായി സമീപിക്കുകയാണ് അത് ചെയ്തത്. സമുദായത്തോടാവശ്യപ്പെട്ടതും അതിന് തന്നെ.

വിഭജനാനന്തരം പ്രസ്ഥാനം പുനം:സ്സംഘടിപ്പിക്കപ്പെട്ടപ്പോഴും സ്വീകരിച്ച സമീപനവും മറ്റൊന്നല്ല.

സംസ്കരണ പ്രവർത്തനങ്ങൾ

ഇസ്രായേല്യർ ഫറവോൻറെ അടിമത്തത്തിൽ , സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാൻ സാധ്യമല്ലാത്ത സാഹചര്യത്തിൽ അധസ്ഥിതരായി കഴിയുകയായിരുന്നുവല്ലോ. അതിനാൽ അവരുടെ സംസ്കരണത്തിന് ഒട്ടേറെ പരിമിതികളുണ്ടായിരുന്നു.
എന്നിട്ടും മൂസാ നബി അവരെ യഥാർത്ഥ വിശ്വാസികളാക്കി പരിവർത്തിപ്പിക്കാൻ പരമാവധി ശ്രമിക്കുകയുണ്ടായി.

മൂസാനബിക്ക് തൻറെ വ്യക്തി ജീവിതത്തിൽ പാലിക്കേണ്ട മൗലിക കാര്യങ്ങൾ ത്വുവാ താഴ്‌വരയിൽ വെച്ച് ദിവ്യ ബോധത്തിൻറെ ആദ്യ സന്ദർഭത്തിൽ തന്നെ അല്ലാഹു നിർദ്ദേശിച്ചിരുന്നു. അല്ലാഹു പറഞ്ഞു:
”നിശ്ചയം; ഞാൻ നിന്റെ നാഥനാണ്. അതിനാൽ നീ നിന്റെ ചെരിപ്പ് അഴിച്ചുവെക്കുക. തീർച്ചയായും നീയിപ്പോൾ വിശുദ്ധമായ ത്വുവാ താഴ്‌വരയിലാണ്.
”ഞാൻ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാൽ ബോധനമായി കിട്ടുന്നത് നന്നായി കേട്ടുമനസ്സിലാക്കുക.
തീർച്ചയായും ഞാൻ തന്നെ അല്ലാഹു. ഞാനല്ലാതെ ദൈവമില്ല. അതിനാൽ എനിക്കു വഴിപ്പെടുക. എന്നെ ഓർക്കാനായി നമസ്‌കാരം നിഷ്ഠയോടെ നിർവഹിക്കുക.
”തീർച്ചയായും അന്ത്യനാൾ വന്നെത്തുക തന്നെ ചെയ്യും. അതെപ്പോഴെന്നത് ഞാൻ മറച്ചുവെച്ചിരിക്കുകയാണ്. ഓരോ വ്യക്തിക്കും തന്റെ അധ്വാനഫലം കൃത്യമായി ലഭിക്കാൻ വേണ്ടിയാണിത്.
”അതിനാൽ അന്ത്യദിനത്തിൽ വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടങ്ങളെ പിൻപറ്റുകയും ചെയ്യുന്നവർ നിന്നെ വിശ്വാസത്തിന്റെ വഴിയിൽനിന്ന് തെറ്റിച്ചു കളയാതിരിക്കട്ടെ. അങ്ങന
സംഭവിച്ചാൽ നീയും നാശത്തിലകപ്പെടും.(20:12-16)

ഇസ്രായേലി സമൂഹത്തിൻറെ ഇസ്ലാമികവൽക്കരണത്തിനായി മൂസാനബി നൽകിയ നിർദേശങ്ങളിൽ ചിലത് വിശുദ്ധ ഖുർആൻ ഉദ്ധരിച്ചിട്ടുണ്ട്. അവയിങ്ങനെ വായിക്കാം:
‘മൂസാ പറഞ്ഞു: ”എന്റെ ജനമേ, നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുന്നവരാണെങ്കിൽ അവനിൽ ഭരമേൽപിക്കുക. നിങ്ങൾ മുസ്‌ലിംകളെങ്കിൽ!”(10:84)

“മൂസാ തന്റെ ജനതയോടു പറഞ്ഞു: ”നിങ്ങൾ അല്ലാഹുവോട് സഹായം തേടുക. എല്ലാം ക്ഷമിക്കുക. ഭൂമി അല്ലാഹുവിന്റേതാണ്. തന്റെ ദാസന്മാരിൽ താനിച്ഛിക്കുന്നവരെ അവനതിന്റെ അവകാശികളാക്കും. അന്തിമ വിജയം ഭക്തന്മാർക്കാണ്.”(7:128)

ഇസ്രായേലീ സമൂഹത്തിൻറെ സംസ്കരണത്തിൻറെ ഭാഗമായി അവരോട് നമസ്കാരം സംഘടിതമായി നിർവഹിക്കാൻ ആവശ്യപ്പെടുകയുണ്ടായി. അതിനാവശ്യമായ സൗകര്യമൊരുക്കാൻ മൂസാ നബിയോടും ഹാറൂൻ നബിയൊടും നിർദ്ദേശിച്ചു.
“മൂസാക്കും അദ്ദേഹത്തിന്റെ സഹോദരന്നും നാം ബോധനം നൽകി: നിങ്ങളിരുവരും നിങ്ങളുടെ ജനതക്കായി ഈജിപ്തിൽ ഏതാനും വീടുകൾ തയ്യാറാക്കുക. നിങ്ങളുടെ വീടുകളെ നിങ്ങൾ ഖിബ്‌ലകളാക്കുക. നമസ്‌കാരം നിഷ്ഠയോടെ നിർവഹിക്കുക. സത്യവിശ്വാസികളെ ശുഭവാർത്ത അറിയിക്കുകയും ചെയ്യുക.(10:87)

മുസ്ലിം സമുദായത്തെ മാതൃകാ സമൂഹമെന്നും മധ്യമ സമൂഹമെന്നും ജനങ്ങൾക്ക് സത്യത്തിൻറെ സാക്ഷിയാവുന്ന സമൂഹമെന്നുമൊക്കെയാണ് ഖുർആൻ വിശേഷിപ്പിച്ചത്. അഥവാ ഒരാദർശ പ്രബോധക സമൂഹമാണ് മുസ്ലിംകൾ.ആയിരിക്കണം.
അതിനാൽ ജീവിതത്തിൻറെ മുഴു മേഖലയിലും മാനവസമൂഹത്തിന് ഏറ്റവും മികച്ച മാതൃകയായി മുസ്ലിം സമുദായത്തെ മാറ്റിയെടുക്കേണ്ടതുണ്ട്. അതിനാവശ്യമായ സംസ്കരണ പ്രവർത്തനങ്ങൾ അനിവാര്യമാണ്. നമ്മുടെ ഡോക്ടർമാർ മുഴുവൻ ഡോക്ടർമാർക്കും മാതൃകയാവണം.

എഞ്ചിനീയർമാർ അധ്യാപകർ കച്ചവടക്കാർ കർഷകർ വ്യവസായികൾ തൊഴിലാളികൾ മാതാപിതാക്കൾ മക്കൾ ദമ്പതികൾ; എല്ലാവരും സമൂഹത്തിന് അതത് തലങ്ങളിൽ ഏറ്റവും യോഗ്യരും മാതൃകാ വ്യക്തിത്വങ്ങളും ആവണമെന്നാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. അത്തരമൊരു വിതാനത്തിലേക്ക് മുസ്ലിം സമുദായം എത്തും വിധം അവരിൽ സംസ്കരണ പ്രവർത്തനങ്ങൾ നടത്തപ്പെടുക തന്നെ വേണം. ( തുടരും )

Related Articles