Current Date

Search
Close this search box.
Search
Close this search box.

ശൈഖ് ഖറദാവിയും വിമോചന രാഷ്ട്രീയവും ( 1 – 2 )

ശൈഖ് യൂസുഫുൽ ഖറദാവിയെക്കുറിച്ച ലേഖന പരമ്പരയുടെ ആദ്യ ഭാഗത്ത്, അദ്ദേഹം ഇഖ് വാനുൽ മുസ്ലിമൂന്റെ സംഘടനാ ചട്ടക്കൂടിൽ നിന്ന് പുറത്ത് കടക്കുകയും ആശയപരമായി ‘ഇസ്ലാമിക സമൂഹം’ എന്ന വലിയ കാൻവാസ് രൂപപ്പെടുത്തുകയും ചെയ്ത കാര്യം സൂചിപ്പിക്കുകയുണ്ടായി. ഇതുമൂലം എല്ലാ തലങ്ങളിലുമുണ്ടായിത്തീർന്ന ബന്ധങ്ങളാണ് അദ്ദേഹത്തെ ‘അറബ് വസന്ത’ത്തിലെ ആർക്കും അവഗണിക്കാനാവാത്ത സ്വാധീന ശക്തിയാക്കിയത്. എന്നാൽ’പ്രതി വിപ്ലവകാരികൾ’ എന്ന് മീഡിയ വിശേഷിപ്പിക്കുന്ന ശക്തികൾ ശൈഖ് ഖറദാവിയുടെ മരണശേഷം അദ്ദേഹത്തെ ‘ഇഖ് വാനി’ ആയി ചുരുക്കിക്കാട്ടാനാണ് ശ്രമിക്കുന്നത്. സിറിയയിലെയും ഈജിപ്തിലെയും ഗവൺമെന്റ് മുഫ്തിമാർ ഈ പണി തന്നെയാണ് അറബ് വസന്തത്തിന്റെ തുടക്കത്തിൽ ചെയ്തു കൊണ്ടിരുന്നത്. അഞ്ച് രാഷ്ട്രങ്ങളിലേക്ക് പടർന്ന അറബ് വസന്ത പ്രക്ഷോഭങ്ങൾ ജനകീയമല്ലെന്നും ഒരു വിഭാഗത്തിന്റെതാണെന്നും വരുത്തിത്തീർക്കുകയാണ് ഈ പ്രചാരണത്തിലൂടെ. ആ പ്രക്ഷോഭങ്ങളൊന്നും ജനകീയ ഇഛ പ്രതിഫലിപ്പിക്കുന്നതല്ലെന്നും ഒരു വിഭാഗത്തിന്റെ ‘രാഷ്ട്രീയ ശത്രുത’ മാത്രമായിരുന്നെന്നും പറഞ്ഞ് ഫലിപ്പിക്കുകയാണ്.

ഈ ലേഖനത്തിൽ ഞാൻ പറഞ്ഞുറപ്പിക്കാൻ ശ്രമിക്കുന്നത്, അദ്ദേഹത്തിന്റെ മരണ സമയത്ത് ഉയർത്തപ്പെട്ട വാദകോലാഹലങ്ങൾ യഥാർഥത്തിൽ അദ്ദേഹത്തോടുള്ള രാഷ്ട്രീയ ശത്രുതയുടെ പേരിൽ തന്നെ ഉണ്ടായിട്ടുള്ളതാണ് എന്നാണ്. അദ്ദേഹത്തിന്റെ ന്യൂനതയായി ഇക്കൂട്ടർ പറയുന്നതെന്തോ, അത് തന്നെയാണ് അദ്ദേഹത്തിന്റെ രാഷ്ടീയ വ്യവഹാരത്തിന്റെ പ്രത്യേകതയായി നമുക്ക് എടുത്തു കാട്ടാനുള്ളത്. മേഖലയുടെ ജനാധിപത്യത്തിലേക്കുള്ള പരിവർത്തന പ്രക്രിയ (പ്രത്യേകിച്ച് 2011 -13 കാലത്ത് ) തന്നെയായിരുന്നു ആ രാഷ്ടീയ വ്യവഹാരം. പരസ്പര വിരുദ്ധമായ രണ്ട് രാഷ്ട്രീയ സംസ്കാരങ്ങൾ തമ്മിലുള്ള സംഘർഷമാണ് ആ ശത്രുതക്ക് കാരണം. അതിലൊന്ന് പരമ്പരാഗതമല്ലാത്ത, ജനാധിപത്യവുമായി ചേർന്നു പോകുന്ന ദീനീ ധാരയാണ്. ഈ അഞ്ച് നാട്ടിലെയും വിപ്ലവങ്ങളിൽ ശൈഖ് ഖറദാവി പ്രതിനിധീകരിച്ചത് ഈ ധാരയെയാണ്. ഭരണകൂട/ സുൽത്വാനി രാഷ്ട്രീയ സംസ്കാരത്തെ പ്രതിനിധീകരിക്കുന്നതാണ് രണ്ടാമത്തെ ധാര. സ്വേഛാധിപത്യ ഭരണകൂടങ്ങളാണ് അതിന്റെ പ്രചാരകർ. തങ്ങളുടെ ഉദ്യോഗസ്ഥൻമാരിലൂടെയും ഔദ്യോഗിക മുഫ്തിമാരിലൂടെയും ഈ ധാരക്ക് ദീനീ നിയമാനുസൃതത്വം നേടിക്കൊടുക്കാനാണ് ഇവരുടെ ശ്രമം. ‘ശറഅ്’ എന്ന് വ്യവഹരിക്കപ്പെടുന്നത് തങ്ങൾ പറയുന്നതല്ലാതെ മറ്റൊന്നുമല്ല എന്ന് വാദിച്ചുറപ്പിക്കുകയും ചെയ്യുന്നു.

അറബ് വസന്തത്തെ വിശകലനം ചെയ്താൽ മതം അതിൽ കേന്ദ്ര സ്ഥാനത്ത് വരുന്ന സുപ്രധാന ഘടകമാണ് എന്ന് കാണാം. അതിനെ ത്വരിപ്പിക്കാൻ മാത്രമല്ല തകർക്കാനും മതത്തെയാണ് മുന്നിൽ നിർത്തുന്നത്. വിപ്ലവത്തെ അനുകൂലിക്കുന്ന മത ധാര രൂപപ്പെടുന്നത് ഏതെങ്കിലും സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചല്ല. ശൈഖ് ഖറദാവി പ്രതിനിധാനം ചെയ്യുന്ന ഈ ധാര ജനാധിപത്യ മാറ്റത്തിനുള്ള രാഷ്ട്രീയ സംസ്കാരമാണ് എന്നതിനാൽ സവിശേഷ പഠനം അർഹിക്കുന്നു. അതിനാലാണ് പ്രതിവിപ്ലവകാരികൾക്കൊപ്പമുള്ള ധാര ഇതിനെ എതിർക്കാനും പൈശാചികവൽക്കരിക്കാനും മുതിരുന്നത്. ഇതിലൊന്ന് ഭരണകൂട താൽപര്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. മറ്റേ ധാര വിപ്ലവകരവും വിമോചനപരവുമാണ്. വിപ്ലവ പ്രവർത്തനത്തെ സഹായിക്കുന്ന ഒരു ദീനീ വ്യവഹാരം ശൈഖ് ഖറദാവി വളരെ ബോധപൂർവ്വം ഇവിടെ നിർമിച്ചെടുക്കുന്നത് കാണാം. പല തലങ്ങളിൽ അത് ഏകാധിപത്യ ഭരണകൂടങ്ങളെ ചോദ്യം ചെയ്യുന്നുണ്ട്.

ശൈഖ് ഖറദാവിയുടെ വീക്ഷണത്തിൽ വിപ്ലവം നൻമയാണ്, കാര്യണ്യമാണ്, അനുഗ്രഹമാണ്. ഏകാധിപത്യ ഭരണകൂടങ്ങൾ നിയമിച്ചിരിക്കുന്ന മുഫ്തിമാർ പറയുന്നത്, അത് ഫിത് നയും നിയമാനുസൃത ഭരണത്തിനെതിരെയുള്ള സായുധ നീക്കവുമാണെന്നാണ്. അതിനാൽ ശറഇൽ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നുവെന്നും. വിപ്ലവം അനുഗ്രഹവും കാരുണ്യവുമായതിനാൽ അതിന്റെ പേരിൽ അല്ലാഹുവോട് നന്ദി പ്രകടിപ്പിക്കുന്നുമുണ്ട് ശൈഖ് ഖറദാവി. ‘ഈ ഉമ്മത്തിന് അല്ലാഹു നൽകിയ വലിയ അനുഗ്രഹങ്ങളിലൊന്ന്’ എന്നാണ് അദ്ദേഹം അറബ് വസന്ത വിപ്ലവങ്ങളെ വിശേഷിപ്പിക്കുന്നത്.

ഭരണകൂട മുഫ്തി, വിപ്ലവം ഫിത് നയാണെന്നും അതിലേക്കുളള വഴികൾ അടക്കണ (സദ്ദു സറാഇഅ)മെന്നും പറയുമ്പോൾ, ഉസ്വൂലുൽ ഫിഖ്ഹിന്റെ തന്നെ ഭാഷ ഉപയോഗിച്ച് വഴികൾ അടക്കാൻ മാത്രമുളളതല്ല, തുറന്നിടാൻ കൂടിയുള്ളതാണെന്ന് ഖറദാവി തിരിച്ചടിക്കുന്നുണ്ട്. ചിലപ്പോൾ അടച്ചിടുന്നത് കൊണ്ടാവും തിൻമകൾ പെരുകുന്നത്. നൻമയുടെ വഴികൾ അടച്ചിടാൻ ശരീഅത്ത് ഏതായാലും പറയുകയില്ലെന്നും അദ്ദേഹം സമർഥിച്ചു.

വിപ്ലവത്തെ നിർവചിക്കുമ്പോൾ, അത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സത്യവചനത്തിന് വേണ്ടിയുള്ള സമാധാനപരമായ പുറപ്പെടൽ (അൽ ഖുറൂജുസ്സിൽമി ) ആണ്. ഫിഖ്‌ഹിന്റെ ഭാഷയിലുള്ള ഒരു പുറപ്പെട്ടു പോകൽ (ഖുറൂജ് ) ഉണ്ട്. പരമ്പരാഗത ഫിഖ്ഹിലുള്ള ആ പുറപ്പെട്ടു പോകൽ, ‘അർഹതയില്ലാത്തവർ’ ‘സത്യപാതയിലുള്ള ഭരണാധികാരി’ക്കെതിരെ നടത്തുന്ന ‘സായുധ കലാപ’മാണ്. സത്യപാതയിലുള്ള ഭരണാധികാരി എന്നത് കൊണ്ട് അർഥമാക്കുന്നത്, ‘ഇസ്ലാമിനോടുള്ള പ്രതിബദ്ധതയുടെ അടിസ്ഥാനത്തിൽ ജനങ്ങൾ സ്വതന്ത്രമായും സ്വാഭീഷ്ടപ്രകാരവും തെരഞ്ഞെടുത്തയാൾ’ എന്നാണ്. അത്തരമൊരു ഭരണാധികാരിക്കെതിരെയുള്ള സായുധ നീക്കം അതിക്രമവും കൈയേറ്റവും തന്നെയായിരിക്കും. അതല്ല വിപ്ലവം എന്നത് കൊണ്ട് ശൈഖ് ഖറദാവി അർഥമാക്കുന്നത്. മറ്റൊരിടത്ത് അദ്ദേഹം ഭരണകൂടം റോയൽ റിപ്പബ്ലിക്ക് / ജുംഹൂരി മലകീ ആയിപ്പോകുന്നതിനെപ്പറ്റി പറയുന്നുണ്ട്. ‘ജീവിതകാലം മുഴുവൻ ഒരാൾ ഭരണാധികാരി ആയിരിക്കുന്ന’തിനെയും വിമർശിക്കുന്നു. ഭരണകാലം തീരുമാനിക്കപ്പെടേണ്ടത് ജനേഛ ഒപ്പമുണ്ടോ എന്ന് നോക്കിയാണ്. ജനേഛ പ്രകാരമാണ് അധികാരത്തിൽ വന്നതെങ്കിൽ അതില്ലാതാവുമ്പോൾ അയാൾ പുറത്ത് പോവുകയും ചെയ്യും.

അപ്പോൾ ഫിഖ്ഹിലെ ഖുറൂജ് എന്ന സംജ്ഞയെ, മുസ്ലിം സമൂഹത്തെ അവിശ്വാസികളായി മുദ്രകുത്തി അവർക്കെതിരെ പടനീക്കം നടത്തിയ ചരിത്രത്തിലെ ‘ഖവാരിജ്’ വിഭാഗത്തിലേക്ക് നീക്കേണ്ടിവരും. വിപ്ലവം എന്നത് വാക്കു കൊണ്ടും ജന സംഘാടനം കൊണ്ടുമുള്ള പ്രതിഷേധമാണ്. മാറ്റത്തിന് റേണ്ടിയുള്ള ജനകീയേഛയെയാണ് അത് പ്രതിഫലിപ്പിക്കുന്നത്. ആ പ്രക്ഷോഭം സൈനിക അട്ടിമറിയിലൂടെയോ അനന്തരമെടുത്തോ നിയമ വിരുദ്ധമായ രീതിയിൽ അധികാരത്തിലെത്തിയ അക്രമിയായ ഭരണാധികാരിക്കെതിരെയാവാം. വിപ്ലവത്തിന്റെ ലക്ഷ്യങ്ങളാണെങ്കിൽ, സത്യത്തെ സ്ഥാപിക്കലും അസത്യത്തെ പിഴുതുമാറ്റലും, ഹലാലിനെ ഹലാലാക്കലും ഹറാമിനെ ഹറാമാക്കലും വിസ്മരിക്കപ്പെട്ട ബാധ്യതകളെ പുനഃസ്ഥാപിക്കലുമൊക്കെയാണ്. സ്വതന്ത്രമായ ജനകീയേഛക്ക് ഇടം നൽകലുമാണ്. സമൂഹത്തിന്റെ കാര്യങ്ങൾ അവർ തന്നെ തീരുമാനിക്കുന്ന സ്ഥിതിവിശേഷമുണ്ടാവണം.’കടിഞ്ഞാൺ സമൂഹത്തിന്റെ കൈയിലാണ്. മാറ്റം അവിടെ നിന്നാണ് തുടങ്ങേണ്ടത് …. സമൂഹം സ്വയം മാറ്റത്തിന് തയ്യാറെടുക്കുന്നു; അങ്ങനെ എല്ലാം മാറുന്നു.’ ഈ വിധം ശൈഖ് ഖറദാവി വിപ്ലവത്തെ ‘അംറുൻ ബിൽ മഅ്റുഫു’മായും ‘നഹ് യുൻ അനിൽ മുൻകറു’മായും ബന്ധിപ്പിക്കുന്നു. ‘സമൂഹം അതിന്റെ അവകാശങ്ങൾ ചോദിച്ചു വാങ്ങേണ്ടിയിരിക്കുന്നു. അക്രമിയെ അക്രമീ എന്ന് തന്നെ വിളിക്കണം.’

വിപ്ലവം അനുഗ്രഹമാവാനും ശാപമാവാതിരിക്കാനും ഉപാധികളുണ്ട്. ‘ഓരോന്നും അതതിന്റെ സ്ഥാനത്തായിരിക്കുക, അർഹതയുള്ളവരിൽ നിന്ന് അതുണ്ടാവുക’ എന്നതാണ് ഉപാധികളിൽ പ്രധാനം. അതൊക്കെ പൂർത്തികരിക്കപ്പെടുമ്പോൾ അത് ജിഹാദായും ഇനം തിരിയുന്നു. കർമം കൊണ്ടുള്ള ജിഹാദ്, നാവ് കൊണ്ടുള്ള ജിഹാദ്, ഹൃദയം കൊണ്ടുള്ള ജിഹാദ് എന്നിങ്ങനെ. വിപ്ലവം ഏത് ജിഹാദിലാണ് ഉൾപ്പെടുക എന്ന് ഒരിക്കൽ അദ്ദേഹത്തോട് ചോദിച്ചപ്പോൾ, നാവു കൊണ്ടും ഹൃദയം കൊണ്ടുമുള്ള ജിഹാദിൽ എന്നായിരുന്നു മറുപടി. ഒരു പക്ഷെ രണ്ടിനെയും ചേർത്തു പറയാനാവും അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാവുക. ഒന്നിനും സാധ്യമല്ലെങ്കിൽ മനസ്സുകൊണ്ടെങ്കിലും സ്വേഛാധിപത്യങ്ങളെ തള്ളിക്കളയണം എന്ന സന്ദേശം നൽകുകയുമാവാം. വിശ്വാസ പ്രചോദിതമായ നൻമ കൽപ്പിക്കുന്നതിന്റെയും തിൻമ വിലക്കുന്നതിന്റെയും ഏറ്റവും ദുർബലരൂപമാണല്ലോ അത്.

എന്നാൽ വിപ്ലവത്തിന് സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ച അദ്ദേഹത്തിന്റെ നിലപാട് അദ്ദേഹത്തിന്റെ മരണശേഷം പ്രതിയോഗികൾ പറഞ്ഞ് പരത്തുന്നത് പോലെയൊന്നുമായിരുന്നില്ല. ഹിംസ അനിവാര്യമായും ഉപേക്ഷിക്കണമെന്നും പ്രകടനങ്ങളും പ്രക്ഷോഭങ്ങളും സമാധാനപരമാവണമെന്നും പല സന്ദർഭങ്ങളിലും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. അൽ ജസീറ ചാനലിൽ അദ്ദേഹം ചെയ്തിരുന്ന ‘ശരീഅത്തും ജീവിതവും’ എന്ന പരിപാടി ശ്രദ്ധിച്ചാൽ ഇത് ബോധ്യമാവും. സമാധാനപരമായ ആക്ടിവിസമാണ് ‘എല്ലാ വിപ്ലവങ്ങളുടെയും കാതൽ’ എന്ന് അദ്ദേഹം പറഞ്ഞു. ‘ശരീഅത്തും ജീവിതവും’ എന്ന ആ പരമ്പരയിലെ അവസാന ഭാഗം സംപ്രേഷണം ചെയ്തത് 2013 ആഗസ്റ്റ് 25 – ന് (ഈജിപ്തിൽ അട്ടിമറി നടന്ന ശേഷം ) ആണ്. അതിലദ്ദേഹം പറഞ്ഞു: ‘ നമുക്കെതിരെ എന്തൊക്കെ ചെയ്താലും നാം ഹിംസയുടെ മാർഗം സ്വീകരിക്കില്ല. ഇഖ് വാനോ മറ്റു ഇസ്ലാമിസ്റ്റുകളാ ആരായിരുന്നാലും അവരിൽ നിന്ന് ഹിംസ ഉണ്ടാവില്ല…. ഞങ്ങളെല്ലാം സമാധാനത്തിന്റെ പാതയിലാണ്.’ ഈ വാക്കുകളോടെയാണ് ലോകമെങ്ങും സാകൂതം വീക്ഷിച്ചിരുന്ന, പതിനേഴ് വർഷത്തോളം വാക്കുകൾ കൊണ്ട് താൻ ജിഹാദ് നടത്തിയിരുന്ന ‘ശരീഅത്തും ജീവിതവും’ എന്ന ചാനൽ പരിപാടിക്ക് അദ്ദേഹം പരിസമാപ്തി കുറിച്ചത്. ത്രുടരും )

വിവ : അശ്റഫ് കീഴുപറമ്പ്

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles