Current Date

Search
Close this search box.
Search
Close this search box.

ശൈഖ് ഖറദാവിയും വിമോചന രാഷ്ട്രീയവും ( 2 – 2)

അതിക്രമത്തെ ചെറുക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് പറയവെ ശൈഖ് ഖറദാവി , അതിക്രമത്തോട് മൂന്നുതരം നിലപാടുകൾ സ്വീകരിക്കുന്നവരെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.

1- തങ്ങൾ തസ്വവ്വുഫിന്റെ / സൂഫിസത്തിന്റെ ആളുകളാണെന്ന് പറയുന്നവർ. ഒന്നിലും ഇടപെടാതെ പിൻവലിയുന്നവർ. സൃഷ്ടികളുടെ കാര്യം സ്രഷ്ടാവ് നോക്കട്ടെ എന്ന നിലപാടാണവർക്ക്.

2- സായുധ പുറപ്പാടിനെ മാർഗമായി സ്വീകരിച്ചവർ. ശൈഖ് ഖറദാവി വളരെ കൃത്യമായി ഊന്നിപ്പറയുന്ന ഒരു കാര്യമുണ്ട് : ” സായുധ പ്രതിരോധം അനുവദനീയമാവണമെങ്കിൽ ഒരുപാട് നിബന്ധനകളും വ്യവസ്ഥകളും ഒത്തുവരണം. ഇതിന് നമ്മൾ അനുവാദം കൊടുത്താൽ നാട്ടിൽ സർവത്ര നാശമായിരിക്കും. ഏതൊരു മനുഷ്യന്റെയും രക്തം ചിന്താമെന്ന് വരും.”

3 – ഈ വിഭാഗത്തെ അദ്ദേഹം ഇങ്ങനെ വിശേഷിപ്പിക്കുന്നു :” മധ്യമ നിലപാട് സ്വീകരിക്കുന്ന വിഭാഗം. ശക്തിയെ അതിന്റെ സ്ഥാനത്തും മനുഷ്യാഖ്യാനത്തെ അതിന്റെ സ്ഥാനത്തും വെയ്ക്കാൻ അവർക്കറിയാം.”

അവസാനം പറഞ്ഞത്, സിറിയ പോലുളള നാടുകളിൽ സ്വയം പ്രതിരോധം നടത്തേണ്ടിവരുന്നതിനെക്കുറിച്ചുമാണ് (യുദ്ധത്തിലും സ്വയം പ്രതിരോധത്തിലും പ്രതിക്രിയാ നടപടികളിലുമൊക്കെ സമധാനത്തിന്റെ പാതയിൽ നിൽക്കാൻ കഴിഞ്ഞു കൊളളണമെന്നില്ല. ആധുനിക രാഷ്ട്രീയ മീമാംസ ‘അംഗീകൃത ഹിംസ’ യെക്കുറിച്ച് പറയുന്നുണ്ടല്ലോ. രാഷ്ട്രം നടത്തുന്ന ഹിംസയാണത് ). രാഷ്ട്ര സംവിധാനവും നിയമ വ്യവസ്ഥയും നിലനിർത്തുകയാണ് പ്രധാനം.

ഈജിപ്തിൽ സൈനിക അട്ടിമറി നടന്നതിന് ശേഷം 2013 ആഗസ്റ്റ് 24 – ന് ശൈഖ് ഖറദാവി, ഈജിപ്ഷ്യൻ സൈന്യത്തിലും പോലീസിലും ജോലിയെടുക്കാമോ എന്ന ചോദ്യത്തിന് മറുപടിയായി ഇങ്ങനെ പറയുന്നുണ്ട് :” അനുവദനീയമാണ്. എന്നല്ല അനിവാര്യവുമാണ്. എങ്കിലേ ഈജിപ്തിലെ രാഷ്ട്ര സംവിധാനത്തെ സംരക്ഷിക്കാനാകൂ. രാഷ്ട്ര സംവിധാനം എപ്പോഴും സുരക്ഷിതമായിരിക്കണം. അതിന് വേണ്ടി നാമെല്ലാം ഒത്തൊരുമിച്ച് പ്രവർത്തിക്കുകയും വേണം.” പക്ഷെ ഈ രണ്ട് വകുപ്പുകളിലും ചേരുന്നവർ ദൈവഭക്തി മുറുകെ പിടിക്കണമെന്ന് ഉപാധി വെക്കുന്നുമുണ്ട്.” ഇങ്ങനെ ചേരുന്നവർ അക്രമികളുടെ കൈയാളുകളായി പോകരുത്. ഒരു ഈജിപ്തുകാരനെയും അവർ കൊല്ലരുത് ; കൊല്ലാൻ സഹായിക്കരുത്.” ആ ഫത് വയുടെ അവസാനം ഇത്ര കൂടി പറയുന്നു.” ഒരു പട്ടാളക്കാരനെയോ പോലീസുകാരനെയോ, അയാൾ മുസ്ലിമാകട്ടെ ക്രിസ്താനിയാകട്ടെ ; നല്ലവനോ മോശപ്പെട്ടവനോ ആകട്ടെ, അന്യായമായി എന്തെങ്കിലും മോശപ്പെട്ടത് ചെയ്യുന്നത് (അത് വധം തന്നെയാകണമെന്നില്ല; ചീത്ത പറയലോ അടിക്കലോ ഒക്കെ ആകാം) ഇസ്ലാമിൽ ഹറാം ആണ്. അല്ലാഹു അത് ഇഷ്ടപ്പെടുന്നില്ല. ദൈവ നീതിക്ക് മുമ്പിൽ അവൻ ശിക്ഷാർഹനുമാകും.”

ഖറദാവിയെ സംബന്ധിച്ചിടത്തോളം വിപ്ലവ പ്രവർത്തനം എന്നു പറയുന്നത് രാഷ്ട്രീയ മാറ്റത്തിനുള്ള ഒരു മാർഗ്ഗമാണ്. ഭരണ സംവിധാനങ്ങളിലും അവയുടെ നിർവഹണങ്ങളിലുമൊക്കെ വിസ്തൃതിയും വിശാലതയുമുണ്ട്. അദ്ദേഹം പറയുന്നു:” ദുൻയാ കാര്യങ്ങൾ പുതുനിർമിതി (ഇബ്തിദാഅ് )യെ ആശ്രയിച്ചാണ്; ദീനീ കാര്യങ്ങൾ അനുധാവന(ഇത്തിബാഅ്)ത്തെ ആശ്രയിച്ചും.” അതിനാൽ രീതികളും മാർഗങ്ങളും പാശ്ചാത്യരിൽ നിന്ന് കടമെടുക്കുന്നതിൽ ഒരു തകരാറുമില്ല. ഉമറുബ്നുൽ ഖത്താബ് (റ) തന്റെ ഭരണകാലത്ത് പേർഷ്യയിൽ നിന്ന് പല രീതികളും കടമെടുത്തിരുന്നല്ലോ. അയതിനാൽ, ‘അതിക്രമത്തെ ചെറുക്കാനുളള മാർഗങ്ങളിൽ വൈവിധ്യം’ ഉണ്ടാകും. പ്രകടനങ്ങളും റാലികളും സിവിൽ ഉപരോധങ്ങളും പണിമുടക്കുകളും അത്തരം ചെറുത്ത് നിൽപ്പ് മാർഗ്ഗങ്ങളാണ്. ഖറദാവിയെ സംബന്ധിച്ചിടത്തോളം അവയൊക്കെയും അനുവദനീയവുമാണ്. ഇത്തരം മാർഗ്ഗങ്ങൾക്ക് അനുവാദം നൽകിയത് കൊണ്ടാണ് ജനം ഹിംസയിലേക്കും സായുധ പോരാട്ടത്തിലേക്കും പോകാതിരിക്കുന്നത്.

ഭരണമാറ്റത്തിന്റെ മൂന്ന് മാർഗ്ഗങ്ങൾ

നമ്മുടെ കാലത്ത് ഭരണമാറ്റത്തിന് മൂന്ന് മാർഗങ്ങങ്ങളാണ് സ്വീകരിക്കപ്പെടുന്നതെന്ന് ശൈഖ് ഖറദാവി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഒന്ന് : ജനാധിപത്യപരമായ പ്രക്രിയകളിലൂടെ. ആ മാറ്റം ജനേഛയെ പ്രതിഫലിപ്പിക്കുന്നതാണ്. ഭൂരിപക്ഷത്തിന്റെ ബലത്തിൽ വേണ്ട നിയമ പരിഷ്കരണങ്ങൾ കൊണ്ട് വരാവുന്നതാണ്.
രണ്ട്: സൈനിക അട്ടിമറി. ഫിഖ്ഹി പണ്ഡിതൻമാർ അതിന് പറയുന്ന പേര് അതിജയിക്കൽ (തഗല്ലുബ്) എന്നാണ്.
മൂന്ന് : ജനകീയ വിപ്ലവം. ഫിഖ്ഹിൽ പറയുന്ന ‘ഖുറൂജ്’ അല്ല അതെന്ന് നാം നേരത്തെ വ്യക്തമാക്കുകയുണ്ടായി.

ഖറദാവി വ്യക്തമായും മൂന്നാമത്തെ ഓപ്ഷനിലേക്ക് ചായുന്നതായാണ് കാണാൻ കഴിയുക. ജനേഛയെ പ്രതിഫലിപ്പിക്കുന്നു എന്നതാണ് അതിന് ന്യായമായി പറയുന്നത്. അത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ബൈഅത്തിന്റെയും പൊതു അംഗീകാരത്തിന്റെയും സ്ഥാനത്താണ്. അതിന് വേണ്ടി ഖുർആനിൽ നിന്ന് തെളിവുകൾ നിരത്തുന്നു. ഭരണകൂട മുഫ്തിമാർ എടുത്തു കാണിക്കാറുള്ള സ്വഹീഹ് മുസ്ലിമിലെ ഭരണാധികാരികളെ അനുസരിക്കണമെന്ന ഹദീസ് ളഈഫ് ആണെന്നു സ്ഥാപിക്കുന്നു. തുടർന്ന്, ഭരണകൂടത്തോടൊപ്പം നിൽക്കുന്ന ഫഖീഹുമാർക്ക് ഫിഖ്ഹുൽ മഖാസിദ്, ഫിഖ്ഹുൽ മുവാസനാത്ത് തുടങ്ങിയ ഇസ്ലാമിക വിജ്ഞാന ശാഖകളിൽ യാതൊരു പിടിപാടുമില്ലെന്ന് വിമർശിക്കുന്നു.

പരമ്പരാഗത ഫിഖ്ഹിലെ ‘ഖുറൂജ്’ എന്ന സൈനിക നീക്കത്തെ മറ്റു പണ്ഡിതൻമാരൊടൊപ്പം ശൈഖ് ഖറദാവി ശക്തമായി നിരാകരിക്കുന്നുണ്ട്. ഭരണാധികാരി സത്യനിഷേധം വ്യക്തമായി പ്രഖ്യാപിച്ചെങ്കിൽ മാത്രമേ ആ സാധ്യത നിലനിൽക്കൂ എന്ന പൊതു പണ്ഡിതനിലപാടിനോടും അദ്ദേഹം യോജിക്കുന്നു. അതേസമയം രാഷ്ട്രീയ മാറ്റത്തിനുളള വഴികൾ മാറി വരുന്നതും നാം കണക്കിലെടുക്കണം. വിപ്ലവ പ്രവർത്തനവും ഖുറൂജ് എന്ന സൈനിക നീക്കവും ഒരേ ഗണത്തിൽ പെടുത്താൻ പറ്റില്ല. രാഷ്ട്രീയ മാറ്റത്തിനുള്ള പല നിയമാനുസൃത വഴികളും രൂപപ്പെട്ടിട്ടുണ്ട്. സമൂഹം മുറുകെ പിടിക്കുന്ന ആദർശം, ധാർമിക ചിട്ടകൾ, നീതിയും മൂല്യങ്ങളും ഇവക്കെതിരെ ഭരണാധികാരി ഇറങ്ങിപ്പുറപ്പെട്ടാൽ ഈ വിപത്ത് തടയാനും പൊതു താൽപര്യം സംരക്ഷിക്കാനും രംഗത്തിറങ്ങാമെന്നത് ശറഅ് തന്നെ അനുവദിച്ച കാര്യമാണ്.

രാഷ്ട്രീയ മാറ്റത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം, ഒരു വശത്ത് സത്യത്തിന്റെ സംസ്ഥാപനവും, മറുവശത്ത് പൊതുജനത്തിന് സ്വതന്ത്രാവിഷ്കാരത്തിനുള്ള അവകാശം ലഭ്യമാവലും ആണ്. അതിനാൽ ഖറദാവിയുടെ വ്യവഹാരങ്ങളിൽ സ്വാതന്ത്ര്യത്തിന് വലിയ സ്ഥാനമുണ്ട്. പ്രത്യേകിച്ച് വ്യക്തിസ്വാതന്ത്ര്യത്തിനും രാഷ്ട്രീയ സ്വാതന്ത്രൃത്തിനും. തുനീഷ്യൻ വിപ്ലവത്തിന്റെ പേരിൽ അദ്ദേഹം ആ ജനതയെ അഭിനന്ദിച്ചപ്പോൾ, ‘സ്വാതന്ത്ര്യപ്പോരാളികളുടെ രക്തം കൊണ്ട് കൈവന്ന നേട്ടങ്ങൾ സംരക്ഷിക്കാൻ’ പ്രത്യേകം ഉണർത്തുന്നുമുണ്ട്. ‘ശരീഅത്തും ജീവിതവും’ എന്ന ചാനൽ പരിപാടിയിൽ അദ്ദേഹം പറയാറുള്ളത്, ശരീഅത്ത് നടപ്പാക്കുന്നതിനുള്ള മുന്നോടി സ്വാതന്ത്ര്യം ആണെന്നാണ്. എല്ലാവർക്കുമുള്ള സ്വാതന്ത്രൃത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്.” എല്ലാവർക്കും സ്വാതന്ത്ര്യം വേണമെന്ന് ഞാൻ ആഹ്വാനം ചെയ്യുന്നു. എല്ലാവർക്കും രാഷ്ട്രീയ പ്രവർത്തനം നടത്താനുള്ള സ്വാതന്ത്ര്യവും വേണം. ചിലരെ ഒഴിവാക്കുകയോ മാറ്റി നിർത്തുകയോ ചെയ്യരുത്. ഇടത് പക്ഷക്കാർ, വലത് പക്ഷക്കാർ, സെക്യുലരിസ്റ്റുകൾ, ഇസ്ലാമിസ്റ്റുകൾ, കമ്യൂണിസ്റ്റുകാർ എല്ലാവർക്കും സ്വാതന്ത്ര്യം നൽകപ്പെടണം.” അതിൽ നിന്ന് അദ്ദേഹം ഒഴിവാക്കുന്നത് ‘കൈകളിൽ നിരപരാധികളുടെ രക്തം പുരണ്ടവരെ’ മാത്രമാണ്. അത്തരക്കാരെപ്പോലും ശിക്ഷിക്കേണ്ടത്, ‘സൈനിക കോടതിയിലാവരുത്, സിവിൽ കോടതിയിലാവണം. നീതി പാലിക്കുന്നവരെന്ന് അറിയപ്പെടുന്ന ന്യായാധിപൻമാരുടെ സാന്നിധ്യത്തിൽ സ്വാഭാവിക കോടതിയിൽ സ്വാഭാവിക വിചാരണ.’

മനുഷ്യന്റെ സ്വാതന്ത്രൃമെന്നത് ഖറദാവിയുടെ കാഴ്ചയിൽ, ദൈവേഛയുടെ പ്രകാശനമാണ്.” മനുഷ്യൻ ചിന്തിക്കുമ്പോൾ ആ ചിന്തയിൽ അവൻ സ്വതന്ത്രനാവണം; ആശയ പ്രകാശനം നടത്തുമ്പോൾ അതിലും സ്വതന്ത്രനാവണം. മാറുമ്പോൾ ആ മാറ്റത്തിലും സ്വതന്ത്രനാവണം. ഇഛാസ്വാതന്ത്ര്യമുണ്ടാവണം. മതസ്വാതന്ത്രൃമുണ്ടാവണം.” അറബ് വസന്തത്തിന് മുമ്പുള്ള ‘ശരീഅത്തും ജീവിതവും’ എപിസോഡുകളിൽ തന്നെ മതസ്വാതന്ത്ര്യത്തെക്കുറിച്ചും വൈജ്ഞാനിക സ്വാതന്ത്ര്യത്തെക്കുറിച്ചും രാഷ്ട്രീയ സ്വാതന്ത്രൃത്തെക്കുറിച്ചും ഞാൻ അദ്ദേഹവുമായി വിശദമായി സംസാരിച്ചിട്ടുണ്ട്. ഈ സ്വാതന്ത്രൃങ്ങളൊക്കെ മനുഷ്യന് ലഭിച്ചേ തീരൂ എന്ന് അദ്ദേഹം പറയും. എന്നല്ല, ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളിലൊന്ന് സ്വാതന്ത്ര്യമാണെന്നും അദ്ദേഹം സമർഥിച്ചു. കാരണമത് ജീവിതത്തിന്റെ അനിവാര്യതകളിലൊന്നാണ്. അതില്ലാതെ ജനജീവിതം സാധ്യമാവുകയില്ല.(അവസാനിച്ചു)

വിവ : അശ്റഫ് കീഴുപറമ്പ്

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles