Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം സംസ്‌കൃതിയുടെ പെണ്‍തൂണുകൾ -ഒന്ന്

ഇസ്‌ലാം അതിന്റെ പൂര്‍ണതയിലും രാഷ്ട്രീയാധികാരത്തോടെയും നിലനിന്നിരുന്ന കാലത്തും പിന്നീട് പ്രവാചക മാതൃക പൂര്‍ണമായും പിന്തുടര്‍ന്ന റാശിദൂന്‍ ഭരണക്രമം രാജവാഴ്ചയിലേക്ക് വ്യതിചലിച്ച ഘട്ടത്തിലും അതിനും ശേഷം ആധുനികഘട്ടത്തിലുമൊക്കെ വ്യത്യസ്തങ്ങളായ രാഷ്ട്രീയ, സാംസ്‌കാരിക, വൈജ്ഞാനിക മേഖലകളിൽ‍ അഗ്രിമസ്ഥാനത്ത് വിരാജിച്ചിരുന്ന സ്ത്രീകളെ പരിചയപ്പെടുത്തുന്ന ഒരു പംക്തി തുടങ്ങുകയാണ്.

രണ്ട് വിഭാഗങ്ങൾ അവരുടെ പ്രചാരണങ്ങളോടുള്ള ഒരു പ്രതികരണമായി ഈ സംരംഭത്തെ സമീപിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇസ്‌ലാം എക്കാലത്തും വിവേചനപൂര്‍വമാണ് സ്ത്രീയെ പരിചരിച്ചിരുന്നത് എന്ന് വാദിക്കാനും സമര്‍ത്ഥിക്കാനും വേണ്ടി തങ്ങളുടെ എല്ലാ വാദവൈദഗ്ദ്യങ്ങളും പ്രദർശിപ്പിക്കുന്ന മതവിരുദ്ധ, യാന്ത്രിക ഭൗതികവാദത്തിന്റെ അപ്പൊസ്‌തോലന്മാരാണ് (തികച്ചും ഒരു ഐറണി എന്നുതന്നെ പറയട്ടെ, കേരളത്തിൽ ഇക്കൂട്ടർ യുക്തിവാദികൾ എന്നറിയപ്പെടുന്നു) അതിൽ ഒന്നാമത്തേത്.

ആദ്യകാലത്തിൽ നിന്ന് ഭിന്നമായി, കടുത്ത ഒരു യാഥാസ്ഥിതിക പാരമ്പര്യം സൃഷ്ടിക്കുകയും അതിൽ സ്ത്രീവിരുദ്ധതയുടെ എല്ലാ ഘടകങ്ങളെയും ഉൾച്ചേർക്കുകയും ഉത്തരാധുനിക പാരമ്പര്യവാദത്തിന്റെ സകല ടൂളുകളുമുപയോഗിച്ച് ആ പാരമ്പര്യത്തെ നിലനിർത്താന്‍ വേണ്ടി ശഠിക്കുകയും ചങ്ങളകളെ പൂമാലകളെന്ന് വിളിച്ചഹങ്കരിക്കുകയും ചെയ്യുന്ന മതവാദികളാണ് രണ്ടാമത്തെ വിഭാഗം. ആണിന് പരിപാലിക്കാനും ആസ്വദിക്കാനും അവകാശമുള്ള, സ്വന്തം വ്യക്തിത്വത്തിന് മേൽ പോലും മറയിടാന്‍ വിധിക്കപ്പെട്ട, മറയിലും മറപ്പുരയിലും ഒതുക്കപ്പെട്ട ഒരു വസ്തു മാത്രമായി ഇക്കൂട്ടർ പെൺസ്വത്വത്തെത്തന്നെ പരിചരിക്കുന്നു.

ചരിത്രത്തിൽ ഇതിങ്ങനെ പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന ഒരു വസ്തുതയെന്തെന്നാൽ പ്രവാചകകാലത്ത് ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യത്തിന്റെ നെടുംതൂണുകളായി വർത്തിച്ചിരുന്ന ധാരാളം സ്ത്രീകളെ കണ്ടെത്താൻ നമുക്ക് കഴിയുന്നു. സഹാബത്തിന്റെ കാലത്തും (പ്രവാചകനിൽ നിന്ന് നേരിട്ട് ശിക്ഷണം ലഭിച്ച തലമുറയെയാണ് സഹാബികൾ എന്ന് വിളിക്കുക) ഈ പാരമ്പര്യം ഇതുപോലെ തുടരുന്നു. താബിഉകളുടെ (സഹാബികൾക്ക് തൊട്ടുതാഴെയുള്ള തലമുറ) കാലം, താബിഉത്താബിഉകളുടെ (താബിഉകൾക്കും തൊട്ടു താഴെയുള്ളവർ) കാലം, അതും കഴിഞ്ഞ് പിൽക്കാല നൂറ്റാണ്ടുകൾ എന്നീ ക്രമത്തിൽ അന്വേഷണം മുന്നോട്ട് പോകുമ്പോഴാകട്ടെ, ഈ പ്രവണത തീരെ കുറഞ്ഞു വരുന്നതായി നാം കാണുന്നു.

നബിക്കും സഹാബത്തിനും താബിഉകൾക്കും ശേഷം അനുക്രമമായി യാഥാസ്ഥിതികത്വവും പൗരോഹിത്യവും പുരുഷമേൽക്കോയ്മയും പിടിമുറുക്കുന്നതിന്റെ തെളിവാണിത്. നൈതികവും ജനാധിപത്യപരവുമായ ഭരണക്രമത്തിൽ സംഭവിച്ചിട്ടുള്ള അട്ടിമറിയും ഇതിന് കാരണമാകാം.

പരമ്പരാഗത മതവിജ്ഞാനീയങ്ങളിൽ എടുത്തുപറയാവുന്ന അവസാനത്തെ പെൺ പേരുകളിലൊന്ന് അൽ ശൈഖ അല്‍ ഫുദൈലിയ എന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന പത്തൊമ്പതാം നൂറ്റാണ്ടുകാരിയായ (കൊല്ലവും നൂറ്റാണ്ടുമൊക്കെ നാം ക്രിസ്തുവർഷം എന്നും അറിയപ്പെടുന്ന, കോമണ്‍ എറായിലാണ് രേഖപ്പെടുത്തുന്നത്, ഹിജ്‌റ കാലഗണനയിലല്ല) ഫാതിമ ബിൻത് ഹമദ് അൽ ഫുദൈലിയയുടേതാണ്. അവരാണ് അറിയപ്പെട്ട അവസാനത്തെ പെണ്‍ മുഹദ്ദിഥ്. (ഖുർആൻ വ്യാഖ്യാനപടുക്കളെ മുഫസ്സിർ എന്നും ഹദീഥ് പാണ്ഡിത്യം നേടിയവരെ മുഹദ്ദിഥ് എന്നുമാണ് വിളിക്കാറുള്ളത്. കർമ, നിയമശാസ്ത്രപടുക്കളെ ഫഖീഹ് എന്നും).

ഈ പരമ്പരയിൽ നാം കാലാനുക്രമണിക ഉൾപ്പെടെയുള്ള മുന്‍ഗണനാക്രമങ്ങളൊന്നും സ്വീകരിച്ചിട്ടില്ല. യാതൊരാരോഹണാവരോഹണക്രമവുമില്ലാതെയാണ് തൽക്കാലം മുന്നോട്ട് പോവുന്നത്.

ബാൽബെക്കിന്റെ കിരീടം

ഹെല്ലനിക് കാലഘട്ടത്തിൽ ഹീലിയോപോളിസ് എന്നറിയപ്പെട്ടിരുന്ന, ലെബനാനിലെ ലിതാനി നദിക്കരയിൽ ബഖാ താഴ്‌വരയിൽ സ്ഥിതി ചെയ്തിരുന്ന ബാൽബെക് (ബഅ്ൽബക് എന്ന് അറബി) നഗരത്തിൽ പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൈനബ് ബിൻത് ഉമർ അൽ കിന്ദിയെ ഇന്നത്തെ പരമ്പരാഗത മുസ്‌ലിം പണ്ഡിതന്മാർക്ക് എത്രത്തോളം പരിചയമുണ്ട് എന്നറിയില്ല. പക്ഷേ, അവരുടെ ശിഷ്യപരമ്പരയിൽപ്പെട്ട ചില പുരുഷപുംഗവന്മാരെ തീര്‍ച്ചയായും അറിയാതിരിക്കില്ല.

അദ്ദഹബി എന്നും ഇബ്‌നുദ്ദഹബി എന്നും അറിയപ്പെടുന്ന ഹദീഥ്, ചരിത്ര പണ്ഡിതനാണ് അക്കൂട്ടത്തിലൊരാൾ. മറ്റൊരാൾ സ്വഹീഹുൽ ബുഖാരി എന്ന ഹദീഥ് ഗ്രന്ഥത്തിന്റെ ഏറ്റവും ആധികാരികമായ വ്യാഖ്യാനമായി അറിയപ്പെടുന്ന ഫത്ഹുൽ ബാരിയുടെ കർത്താവ് ഇബ്‌നു ഹജറുൽ അസ്ഖലാനിയുടെ ഗുരു മുഹമ്മദ് ഇബ്‌നു ഖവാലിജും.

പ്രഗൽഭരായ ഗുരുവര്യന്മാരിൽ നിന്നും ഇജാസഃ (ആധികാരിക ഗുരുപരമ്പര) നേടിയ മഹതിയാണ് സൈനബ്. താനും തന്റെ പിതാവും അമ്മാവനും ഉൾപ്പെടെ ബാൽബെക്കിലെ പലരും സൈനബുൽ കിന്ദിയിൽ നിന്നാണ് പാരമ്പര്യം ഉൾക്കൊണ്ടതെന്ന് ദഹബി അഭിമാനപൂർവം രേഖപ്പെടുത്തുന്നു. ജ്ഞാനത്തിലും ധര്‍മബോധനത്തിലും സ്വന്തമായ ഒരു പാത തന്നെ വെട്ടിത്തെളിച്ച സൈനബ് സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും നിരതയായി. ധര്‍മചാരിണിയും ഉദാരയും ഭക്തിയും ദയയും ഗുണങ്ങളായേറ്റെടുത്തവരുമായിരുന്നു തന്റെ ശൈഖ എന്ന് അനുസ്മരിക്കുന്ന ദഹബി അവർക്ക് സമശീർഷരായി അക്കാലത്ത് ആരുമുണ്ടായിരുന്നില്ല എന്നും പ്രസ്താവിക്കുന്നുണ്ട് (അവലംബം: The Female teachers of the Historian of Islam – ശംസുദ്ദീൻ അബൂ അബ്ദില്ലാഹ് മുഹമ്മദ് ബ്‌നു അഹമ്മദ് ബ്‌നു ഉഥ്മാൻ അദ്ദഹബി എന്ന, ദഹബിയുടെ താരീഖുൽ ഇസ്‌ലാം വ വഫായാതുൽ മശാഹീർ വൽ അഅ്‌ലാം, The History of Islam and the Decease of the Famous People and Eminent Personalities, എന്ന ഗ്രന്ഥത്തിൽ നിന്ന് അബൂയൂസഫും സഗീര്‍ ബ്‌നു അബ്ദിറശീദ് അൽ കശ്മീരിയും സമാഹരിച്ചത്). 1300 മാര്‍ച് 22 ന് (ഹിജ്‌റ 699 ജുമാദുൽ ആഖിറ 29 ന്) ശൈഖ അന്തരിച്ചു.

(ചിത്രം: Kelly-Simpson ന്റെ Women of Courage എന്ന പെയിന്റിങ്)

Related Articles