ഔറംഗസേബിന്റെ മകൾ
“ആ കർ ഹമാരീ ലാഷ് പെ ക്യാ യാർ കർ ചലേ
ഖ്വാബെ ആദം സെ ഫിത്‌നേ കോ ബേദാർ കർ ചലേ”
‘മഖ്ഫി’ എന്ന പാർസി പദത്തിന് അജ്ഞാത (hidden one) എന്നർത്ഥം. അതാണ് സേബുന്നിസാ (സൈബുന്നിസാ) ബീഗം സ്വീകരിച്ച തൂലികാ നാമം.
അത്യധികമായ ധിഷണയും ബഹുമുഖ പാണ്ഡിത്യവും കൈമുതലായ സേബുന്നിസ, ഹാഫിസ മര്‍യം എന്ന വനിതയുടെ കീഴിൽ ഖുർആൻ പഠിച്ചു. മൂന്ന് വർഷത്തെ യത്‌നം കൊണ്ട് തന്റെ ഏഴാം വയസ്സിൽ ഖുർആൻ മുഴുവൻ ഹൃദിസ്ഥമാക്കിയ അവർ വൈജ്ഞാനിക രംഗത്തെ തന്റെ അന്വേഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു.
മുഹമ്മദ് സഈദ് അശ്‌റഫ് മസന്ദരാനിയെപ്പോലുള്ള അന്നത്തെ പ്രഗൽഭരായ ഗുരുവര്യന്മാർ സേബുന്നിസയുടെ അധ്യാപകരായി വന്നു. പാർസി, അറബി, ഉര്‍ദു ഭാഷകളിൽ വൈദുഷ്യം നേടിയ അവര്‍ തത്വചിന്ത, ഗണിതം, ജ്യോതിശ്ശാസ്ത്രം, സാഹിത്യം, രാജ്യതന്ത്രം, യുദ്ധതന്ത്രം തുടങ്ങി അക്കാലത്ത് നിലവിലിരുന്ന മിക്ക വിഷയങ്ങളിലും അഗാധവും ആധികാരികവുമായ പാണ്ഡിത്യം കരസ്ഥമാക്കി.
മുഗൾ ചക്രവർത്തി ഔറംഗസേബ് ആലംഗീർ എന്ന മുഹ്‌യിദ്ദീൻ മുഹമ്മദിന് മൂന്ന് ഭാര്യമാരിലായി പത്ത് മക്കളുള്ളതിൽ അഞ്ച് പേർ പെൺമക്കളാണ്. പട്ടമഹിഷി എന്നൊക്കെ വിശേഷിപ്പിക്കാവുന്ന തരത്തിൽ ഔറംഗസേബിന്റെ ജീവിതത്തിലും ഭരണത്തിലും പങ്കാളിത്തം വഹിച്ചിരുന്ന ആദ്യഭാര്യ ദിൽറാസ് ബാനു ബീഗത്തിൽ പിറന്ന ആദ്യ സന്തതിയാണ് സേബുന്നിസാ. അവരുടെ അനിയത്തിമാരിൽ സീനതുന്നിസാ, സുബ്ദതുന്നിസാ എന്നിവരും ദിൽറാസ് ബാനുവിന്റെ മക്കള്‍ തന്നെ. നവാബ് ബായിയിൽ പിറന്ന ബദ്‌റുന്നിസാ, ഔറംഗാബാദി മഹലിൽ ജനിച്ച മെഹറുന്നിസാ എന്നിവരാണ് മറ്റ് അനിയത്തിമാർ.
ജ്ഞാനാന്വേഷണത്തിലും പഠനസപര്യയിലും മുഴുകി ജീവിച്ച സേബുന്നിസ വിവാഹം കഴിച്ചിരുന്നില്ല. തന്റെ വിദ്യാഭ്യാസത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും ഒരു പുരുഷനൊത്തുള്ള ജീവിതം വിഘാതം സൃഷ്ടിച്ചേക്കും എന്നവർ ഭയപ്പെട്ടിരിക്കാം. തന്റെ ഒരു കവിതയില്‍ അവര്‍ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്. ‘ഓ മഖ്ഫി’, അവര്‍ എഴുതുന്നു. ‘പ്രണയത്തിന്റെ വഴിയാണിത്, ഇതിൽ നീ ഏകയായിത്തന്നെ മുന്നേറുക. നിന്റെ സൗഹൃദത്തിന് അർഹതയുള്ള ഒരാളുമില്ല, അത് ദൈവം തന്നെയായിരുന്നാലും’.
ഇമാം റാസിയുടെ തഫ്‌സീർ കബീറിനെ ഉപജീവിച്ചുകൊണ്ട് അവര്‍ പേർഷ്യൻ ഭാഷയിൽ ഒരു ഖുർആൻ വ്യാഖ്യാനം എഴുതി. സേബുത്തഫാസീർ എന്നാണ് അതറിയപ്പെടുന്നത്. സേബുൽ മുൻശആത്, മൂനിസുൽ റൂഹ് തുടങ്ങിയ ഗ്രന്ഥങ്ങളും മതവിജ്ഞാനീയരംഗത്ത് അവരുടെ സംഭാവനകളാണ്.
എന്നാൽ ഇതിലെല്ലാം അപ്പുറം അവര്‍ അറിയപ്പെട്ടത് കവിതയിലും സംഗീതത്തിലും തന്നെ. ഒപ്പം ഒരു കലിഗ്രാഫറും ഡിസൈനറും കൂടിയായിരുന്നു അവർ. എന്നാൽ ആർഭാടത്തെ വെറുത്തിരുന്ന സേബുന്നിസ ലളിതവും അൽപം പരുത്തതുമായ വേഷമാണ് സ്വയം അണിഞ്ഞിരുന്നത്. തുർകിസ്താനിലെ സ്ത്രീകളുടെ പരമ്പരാഗത വേഷത്തെ ഇന്ത്യൻ വസ്ത്രരീതിയുമായി ബന്ധിപ്പിച്ചു കൊണ്ട് തനിക്കായി അവർ ഡിസൈൻ ചെയ്ത പ്രത്യേക വസ്ത്രം പിന്നീട് ആംഗ്യ കുർതി എന്ന പേരില്‍ വിഖ്യാതമായി.
ഹനഫി കർമശാസ്ത്രത്തിലും രാജ്യതന്ത്രത്തിലും നിയമശാസ്ത്രത്തിലുമുള്ള സേബുന്നിസയുടെ പാണ്ഡിത്യം ഔറംഗസേബിന്റെ മുഖ്യ ഉപദേഷ്ടാവിന്റെ സ്ഥാനത്തേക്ക് അവരെ ഉയര്‍ത്തി. ഫതാവെ ആലംഗീരി എന്ന പേരിൽ അദ്ദേഹത്തിന്റെ കാലത്ത് രചിക്കപ്പെട്ട ഫത്‌വകളുടെ സമാഹാരം ഉത്തരേന്ത്യയിലെ ഹനഫി മുസ്‌ലിംകളുടെ ആധികാരിക കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ ഒന്നാണ് ഇപ്പോഴും.
ചരിത്രത്തിൽ ഒരു വിവാദപുരുഷനാണ് ഔറംഗസേബ്. ചിലർ അദ്ദേഹത്തെ ഒരു മതഭ്രാന്തനും അസഹിഷ്ണുവുമായി കാണുന്നു. അമുസ്‌ലിം പൗരന്മാരിൽ നിന്ന് ജിസ്‌യ ഈടാക്കുകയും ക്ഷേത്രങ്ങൾ തകർക്കുകയും ചെയ്തിരുന്നതായി ആരോപിക്കുന്നു. മറാത്തരോടും സിഖുകാരോടും നടത്തിയ പോരാട്ടം അദ്ദേഹത്തിന്റെ മതഭ്രാന്തിന് തെളിവായി ഉന്നയിക്കുന്നു.
എന്നാൽ ഈ ആരോപണങ്ങളെ നിരാകരിക്കുന്നവരുമുണ്ട്. ഒട്ടേറെ ക്ഷേത്രങ്ങൾ നിർമിക്കുന്നതിനും പരിപാലിക്കുന്നതിനും സഹായിച്ചിട്ടുള്ള ഔറംഗസേബ് തന്റെ ഉദ്യോഗവൃന്ദത്തിലും മുസ്‌ലിംകളല്ലാത്ത ധാരാളം പേരെ നിയമിച്ചിരുന്നു. മറാത്തരുമായുള്ള പോരാട്ടത്തിന് രാഷ്ട്രീയമായ മാനം മാത്രമേയുള്ളൂ. അതേസമയം ഗുരു തേജ് ബഹാദൂറിനെയും സിഖ് ജനതയെയും പിണക്കിയത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വീഴ്ചയായിരുന്നു താനും.
സംഗതി ഇങ്ങനെയൊക്കെയായിരിക്കെത്തന്നെ, ദില്ലിയിലെ സലിംഗഢ് കോട്ടയില്‍ സ്വന്തം പിതാവിന്റെ തടവില്‍ കിടന്നാണ് സേബുന്നിസ അന്തരിക്കുന്നത്. അതും ഇരുപത് വര്‍ഷം നീണ്ട തടവിനൊടുവില്‍ തന്റെ അറുപത്തിനാലാം വയസ്സില്‍ (1702 മെയ് 26 ന്).
തനിക്ക് ഏറ്റവും പ്രിയങ്കരിയായ, രാജ്യകാര്യങ്ങളിൽപ്പോലും ഒരു ഉപദേഷ്ടാവായിത്തന്നെ സ്വീകരിച്ച, മകളെ ചക്രവർത്തി തടവിലാക്കിയതെന്തിനാവും?
ഇതും ദുരൂഹമാണ്. ഇതിലും അദ്ദേഹത്തിന്റെ മതഭ്രാന്തിനെ ആരോപിക്കാൻ ശ്രമിക്കുന്നുണ്ട് ചിലര്‍. കവിതയിലും സംഗീതത്തിലുമുള്ള സേബുന്നിസയുടെ താല്‍പര്യം ഔറംഗസേബിന് അംഗീകരിക്കാൻ സാധിച്ചിരുന്നില്ലത്രേ. അതുകൊണ്ടാണ് മഖ്ഫി എന്ന പേരിൽ അവർ കവിതയെഴുതിയത് എന്നും ചൂണ്ടിക്കാണിക്കാറുണ്ട്.
ഇതിൽ കാര്യമൊന്നുമില്ല. ഒരു തൂലികാനാമം സ്വീകരിക്കാൻ ഇങ്ങനെയൊരു കാരണമൊന്നും വേണമെന്നില്ല. അവസാനത്തെ മുഗള്‍ ചക്രവര്‍ത്തി ബഹാദുർ ഷാ രണ്ടാമൻ ഒരു കവി എന്ന നിലക്ക് സഫർ എന്ന പേരിലാണ് അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ സദസ്സിലെ കവികളില്‍ ഏറ്റവും പ്രശസ്തനായ മിര്‍സാ ഗാലിബിന്റെയും ഗാലിബ് എന്ന പേര് തൂലികാനാമമാണ്. അസദുല്ലാ ഖാൻ ബേഗ് എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥനാമം.
മാത്രവുമല്ല, ഒരിക്കൽ തന്റെ ഒരു യുദ്ധവിജയത്തെ പ്രകീര്‍ത്തിച്ച് കവിതയെഴുതിയ മകളെ അനുമോദിച്ചു കൊണ്ട് ഔറംഗസേബ് ഒരു കത്തെഴുതിയതായി കാണാം. രചനാവൈഭവം എന്നത് അല്ലാഹുവിന്റെ വരദാനമാണ് എന്നദ്ദേഹം അതിൽ കുറിക്കുന്നുണ്ട്. എന്നാല്‍ പലരും കവിതയില്‍ മുഴുകി പ്രധാനപ്പെട്ട മറ്റ് പലതും വിസ്മരിക്കുന്നത് പോലെ നീയാകരുത് എ്ന്നും ഖുര്‍ആനും നബിചര്യയും പഠിക്കുന്നതിൽ ഉപേക്ഷ കാണിക്കരുതെന്നും കൂട്ടത്തിൽ ഉപദേശിക്കുന്നുണ്ടെന്ന് മാത്രം. ചക്രവർത്തിക്ക് മകളോടുണ്ടായ വിദ്വേഷം രാഷ്ട്രീയമാകാനാണ് സാധ്യത.
ലാളിത്യവും നീതിനിഷ്ഠയും മുഖമുദ്രയാക്കിയ ഭരണാധികാരിയാണ് ഔറംഗസേബ് എന്ന് വിമര്‍ശകന്മാരും സമ്മതിക്കുന്നുണ്ട്. സ്വകാര്യാവശ്യങ്ങൾക്ക് വേണ്ടി ഖജനാവിൽ നിന്ന് അദ്ദേഹം പണം ചെലവഴിച്ചിരുന്നില്ല. ഖുർആൻ പകര്‍പ്പെഴുത്ത്, തൊപ്പി നിര്‍മാണം തുടങ്ങിയ ജോലികൾ ചെയ്തുകൊണ്ട് തനിക്കും കുടുംബത്തിനും വേണ്ടത് അദ്ദേഹം സമ്പാദിച്ചിരുന്നു. മൂല്യവത്തായ ഈ ജീവിതശീലങ്ങളും മതവിജ്ഞാനീയത്തിന് ചെയ്ത സേവനങ്ങളും പരിഗണിച്ച് റാശിദൂന്‍ ഖലീഫമാരുടെ സ്ഥാനത്തോളം അദ്ദേഹത്തെ ഉയര്‍ത്താന്‍ ധൃഷ്ടരായ പണ്ഡിതന്മാര്‍ പോലുമുണ്ടായിരുന്നു എന്നത് രസകരമായ ഒരു വൈചിത്ര്യമാകുന്നു.
ഇത്തരം നന്മകൾ ഒരുഭാഗത്ത് ശരിയായിരിക്കെത്തന്നെ മുഗൾ വംശത്തിന്റെ തന്നെ ശാപമായ അധികാരക്കൊതിയും അതിനു വേണ്ടി സ്വസഹോദരന്മാരോട് പോലും പടവെട്ടലും അദ്ദേഹത്തിന്റെ ജീവിതത്തിലും കാണാം. എന്തൊക്കെ ന്യായങ്ങളുണ്ടെങ്കിലും ദാരാ ശിക്‌വ ഉള്‍പ്പെടെയുള്ള സഹോദരന്മാരുടെ മരണത്തിലും പിതാവ് ഷാജഹാന്റെ തടവുജീവിതത്തിലും അദ്ദേഹത്തിനുള്ള പങ്ക് നിഷേധിക്കാൻ പറ്റില്ല.
അതേസമയം ഷാജഹാൻ ചക്രവർത്തിയും ചരിത്രത്തിന്റെ കാവ്യനീതി അനുഭവിക്കുകയായിരുന്നു എന്നതാണ് സത്യം. സഹോദരന്മാര്‍ക്കെതിരെ പട നയിച്ചും രണ്ടാനമ്മയും ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ വനിതകളിലൊരാളുമായ നൂർജഹാനെ കാരാഗൃഹത്തിലടച്ചുമൊക്കെയാണ് ഷാജഹാനും അധികാരം സ്വന്തമാക്കിയത്.
ലാഹോറിൽ ഔറംഗസേബിന്റെ ഗവർണറായിരുന്ന ആഖിൽ ഖാനുമായി സേബുന്നിസയ്ക്ക് അടുപ്പമുണ്ടായിരുന്നതായി പറയപ്പെടുന്നു. തനിക്കെതിരെ ആഖിലും സേബുന്നിസയും ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നു എന്ന സംശയമാണ് അവരെ തടവിലാക്കാൻ ചക്രവർത്തിയെ പ്രേരിപ്പിച്ചത്.
മഖ്ഫി എന്ന സേബുന്നിസാ ബീഗമിന്റെ രചനകൾ പിന്നീട് ദീവാനെ മഖ്ഫി എന്ന പേരിൽ ക്രോഡീകരിക്കപ്പെട്ടു. പല കവിതകളുടെയും മാനുസ്‌ക്രിപ്റ്റ് പാരീസ് നാഷനൽ ലൈബ്രറിയിലും ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയിലും ജര്‍മനിയിലെ ടൂബിങ്ഗൻ ലൈബ്രറിയിലുമൊക്കെയായി സൂക്ഷിക്കപ്പെട്ടിട്ടുമുണ്ട്.
അയ്യായിരത്തോളം പാദങ്ങൾ സമാഹരിക്കപ്പെട്ടിരിക്കുന്ന ദീവാനെ മഖ്ഫിയിലെ കവിതകളിൽ പലതും പ്രണയം വഴിഞ്ഞൊഴുകുന്ന ഗസലുകളാണ്. ആഖിൽ ഖാനുമായി അവർക്കുണ്ടായിരുന്ന പ്ലേറ്റോണിക് പ്രണയവും പല കവിതകളുടെയും പ്രമേയമാവുന്നുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
അതേസമയം, തന്നെത്തന്നെയും തന്റെ പ്രണയത്തെയും ഉൽപ്രേക്ഷകളായി സ്വീകരിക്കുമ്പോഴും ദൈവപ്രണയത്തിന്റെ സൂഫീ ആവിഷ്‌കാരങ്ങളാണ് മഖ്ഫിയുടെ കവിതകൾ എന്ന് കരുതുന്നവരാണ് ഭൂരിഭാഗവും. അത്തരത്തിലുള്ള അഭൗമമായ ആവിഷ്‌കാരങ്ങളാണ് താനും അവയിൽ പലതും.
മഖ്ഫിയുടെ ഒരു കവിത സരോജിനി നായിഡു വിവർത്തനം ചെയ്തത് താഴെ കൊടുക്കാം.
When from my cheek I left my veil
The roses turn with envy pale
And, from their pierced hearts, rich with pain
Send forth their fragrance like a wail
Or if perchance one perfumed tress
Be lowered to the wind’s caress,
The honeyed hyacinths complain,
And languish in a sweet distress.
And, when I pause, still groves among,
(Such a loveliness is mine) a throng
Of nightingales awake and strain
Their souls into a quivering song