Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം സംസ്‌കൃതിയുടെ പെൺതൂണുകൾ -രണ്ട് 

ലോകത്തിലെ ആദ്യത്തെ സര്‍വകലാശാല 

യൂനിവേർസിറ്റി ഒഫ് ഏതെൻസ് എന്നും വിളിക്കപ്പെടുന്ന പ്ലേറ്റോണിക് അക്കാദമി ((The Platonic Academy) സ്ഥാപിക്കപ്പെടുന്നത് ബി.സി.ഇ 387 ലാണ്. സി.ഇ 529 വരെ തൊള്ളായിരത്തിപ്പതിനാറ് വർഷം അത് പ്രവര്‍ത്തിച്ചിരുന്നു എന്നാണ് ചരിത്രം.

ഏതാണ്ട് ഇത്ര തന്നെയോ ഇതിലധികമോ പഴക്കമുള്ള ഉന്നത പഠന കേന്ദ്രങ്ങൾ പ്രാചീന ഇന്ത്യയിൽ ഉണ്ടായിരുന്നു. ബുദ്ധമതാനുയായികളുടെ മഹാവിഹാരങ്ങളായിരുന്ന പുഷ്പഗിരി, നളന്ദ, തക്ഷശില തുടങ്ങിയവയായിരുന്നു അവ. നളന്ദയിലെ സര്‍വകലാശാല സ്ഥാപിക്കപ്പെട്ടത് സി.ഇ അഞ്ചാം നൂറ്റാണ്ടിലായിരുന്നെങ്കിലും ഒരു ഘട്ടത്തിൽ പതിനായിരത്തില്‍പ്പരം വിദ്യാര്‍ത്ഥികളും രണ്ടായിരത്തോളം അധ്യാപകരും അവിടെയുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. സി.ഇ ആയിരത്തിരുനൂറ് വരെ അത് നിലനിൽക്കുകയും ചെയ്തു. 2014ൽ രാജ്ഗഢിൽ നളന്ദ യൂനിവേർസിറ്റി എന്ന പേരിൽത്തന്നെ ഒരു ആധുനിക സർവകലാശാലയും സ്ഥാപിതമായി.

തെയ് സ്യൂ (Tai-hseueh/ Taixue മഹത്തായ അധ്യയനം എന്നാണ് ഇതിന്റെ വാക്കർത്ഥം) എന്ന പേരിൽ ഹാൻ രാജവംശത്തിന്റെ കാലത്ത് ചൈനയിൽ സ്ഥാപിതമായ imperial academy യും പൗരാണിക ഉന്നത പഠനകേന്ദ്രങ്ങളിൽ പെടുന്നു. ഇതുപോലെ പേർഷ്യയിൽ ഗൊന്ദിശാപൂരില്‍ സ്ഥാപിതമായ സാസാനിയൻ അക്കാദമിയും.

ഇപ്പറഞ്ഞതൊന്നും ഇന്ന് നിലനിൽക്കുന്നില്ല. ഇന്നും തലയുയർത്തി നിലകൊള്ളുന്ന യൂനിവേർസിറ്റികളിൽ ഏറ്റവും പഴക്കം ചെന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത് മൊറോക്കോയിലെ ഫാസ് (Fez, Morocco) എന്ന സ്ഥലത്താണ്. അൽ ഖറൗയീൻ സർവകലാശാല (ജാമിഅതുൽ ഖറൗയീൻ University of Al Quaraouine) ആണ് അത്. സി.ഇ 859ലാണ് ഇത് സ്ഥാപിതമായത്. അതേസമയം യൂറോപ്പിലെ ഏറ്റവും പഴക്കമുള്ളതും ഇന്നും നിലനിൽക്കുന്നതുമായ യൂനിവേർസിറ്റിയായ ബൊളോന യൂനിവേർസിറ്റി (University of Bologna/ Italy) സ്ഥാപിക്കപ്പെട്ടത് 1088 ലാണെന്നോർക്കണം. ഇംഗ്ലണ്ടിൽ 1096ൽ ഒക്‌സ്‌ഫൊഡിലും 1209ൽ കേംബ്രിജിലും യൂനിവേര്‍സിറ്റികൾ സ്ഥാപിതമായി. 1600 ലാണ് അമേരിക്കയിൽ ഹാവാഡ് യൂനിവേർസിറ്റി സ്ഥാപിക്കപ്പെട്ടത്.

മറ്റൊരു നിലക്ക് പറഞ്ഞാൽ ലോകത്തിലെ ഏറ്റവുമാദ്യത്തെ ആധുനിക സര്‍വകലാശാല ഖറൗയീൻ ആണ്. ഈ യൂനിവേർസിറ്റി സ്ഥാപിച്ചത് ഒരു മുസ്‌ലിം വനിതയാണ്. ഫാത്വിമതുൽ ഫിഹ്‌രി എന്നറിയപ്പെടുന്ന, ഫാത്വിമ ബിന്‍ത് മുഹമ്മദ് അൽ ഫിഹ്‌രിയ അൽ ഖുറശിയ.

ഖറൗയീൻ യൂനിവേർസിറ്റിയും അതിനകത്ത് സ്ഥാപിതമായ പള്ളിയും പിന്നീട് വികസിച്ചു വന്നു. ഇരുപത്തിരണ്ടായിരം പേര്‍ക്ക് ഒരേസമയം ആരാധന നിർവഹിക്കാൻ പറ്റുന്ന അത്രയും വിശാലമായ, ആഫ്രിക്കയിലെ ഏറ്റവും വലിയ പള്ളിയായ അല്‍ ഖറൗയീൻ മസ്ജിദ് വലുപ്പത്തിൽ ഇസ്തംബൂളിലെ ഹഗിയ സോഫിയയോട് കിടപിടിക്കുന്നതാണ്.

മഹത്തായ ഒരു വിദ്യാര്‍ത്ഥി സമ്പത്തും ഖറൗയീൻ യൂനിവേര്‍സിറ്റിയുടെ ചരിത്രത്തിന്റെ ഭാഗമാണ്. ചരിത്രദാർശനികനും മുഖദ്ദിമയുടെ കര്‍ത്താവുമായ ഇബ്‌നു ഖൽദൂൻ അതില്‍പ്പെടുന്നു. വിഖ്യാതനായ ഭൂമിശാസ്ത്രകാരൻ മുഹമ്മദുൽ ഇദ്‌രീസിയാണ് മറ്റൊരാൾ.

ഇനിയൊരാൾ മൈമോനിദസ് ആണ്. യൂദ ദൈവശാസ്ത്രകാരനായ മോശ ബ്‌നു മൈമൂൻ ആണ് പിൽക്കാലത്ത് മൈമോനിദസ് എന്നറിയപ്പെട്ടത്. രണ്ടാം മോശ എന്ന് അപരനാമമുള്ള മൈമോനിദസ് ആണ് ഇന്ന് യൂദന്മാർ അംഗീകരിക്കുന്ന പതിമൂന്ന് വിശ്വാസപ്രമാണങ്ങളെ ക്രോഡീകരിച്ചതും വിശദീകരിച്ചതും.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഈജിപ്തിലെ പ്രമുഖനായിരുന്ന, രിഫ്താൻ രാഷ്ട്രീയ നേതാവും സൈന്യത്തലവനുമായ അബ്ദുൽ കരീം ഖത്താബി, പതിനാറാം നൂറ്റാണ്ടിലെ അന്ദലൂസി (സ്പാനിഷ്) നയതന്ത്രജ്ഞൻ യോനാസ് ലിയോ ആഫിക്കാനസ്, ഇരുപതാം നൂറ്റാണ്ടിൽ മൊറോക്കൻ സുപ്രീം കൗണ്‍സിൽ ഒഫ് റിലിജ്യസ് നോളജ് അംഗമായിരുന്ന ഫാത്വിമതുൽ കബ്ബാജ് എന്നിങ്ങനെ പോകുന്നു ഖറൗയീൻ യൂനിവേർസിറ്റിയുടെ അലുംനിയുടെ ചരിത്രത്തിലെ നാഴികക്കല്ലുകൾ.

സി.ഇ 800ൽ അബ്ബാസി ഭരണകാലത്ത് തുനീഷ്യൻ പ്രവിശ്യയുടെ തലസ്ഥാനമായിരുന്ന കെയ്‌റുവാനിൽ ഖുറൈശി അറബ് വേരുകളുള്ള കുടുംബത്തിലാണ് ഫാത്വിമതുൽ ഫിഹ്‌രി ജനിക്കുന്നത്. പ്രമുഖ വ്യാപാരിയായ മുഹമ്മദുൽ ഫിഹ്‌രി ആയിരുന്നു പിതാവ്. പിതാവ് തങ്ങളെയേല്‍പിച്ച സമ്പാദ്യം സാമൂഹ്യകാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനാണ് ഫാത്വിമയും സഹോദരി മർയമും തുനിഞ്ഞത്. ഫാസിലെത്തന്നെ മറ്റൊരു പള്ളിയായ അൽ അന്ദലൂസ് മസ്ജിദിന്റെ സ്ഥാപക മര്‍യമുൽ ഫിഹ്‌രി ആയിരുന്നു.

വൈജ്ഞാനിക രംഗത്തും സാമൂഹിക രംഗത്തും ഉജ്വലസാന്നിധ്യമായി നിറഞ്ഞു നിന്ന ഫാത്വിമതുൽ ഫിഹ്‌രി തീരെച്ചെറുപ്രായത്തില്‍ത്തന്നെ നിയമം, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ അഗാധപാണ്ഡിത്യം നേടി. ഖറൗയീൻ യൂനിവേര്‍സിറ്റി സ്ഥാപനത്തിന്റെ ഇരുപത്തിരണ്ടാം വര്‍ഷം, തന്റെ എണ്‍പതാം വയസ്സിൽ സി.ഇ 880ൽ, ഇദ്‌രീസി രാജവംശത്തിന്റെ വാഴ്ചക്കാലത്ത് ഫാസിൽ വെച്ചു തന്നെ ഫാത്വിമ നിര്യാതയായി.

ഫാത്വിമതുൽ ഫിഹ്‌രിയും അൽ ഖറൗയീൻ സർവകലാശാലയും ഇസ്‌ലാമിക ശാസ്ത്രത്തിന്റെയും വിജ്ഞാനത്തിന്റെയും സുവര്‍ണദശയുടെ പ്രഥമ നാഴികക്കല്ലായി അടയാളപ്പെടുന്നു.

ചിത്രം 
ഒന്ന്) അൽ ഖറൌയീൻ യൂനിവേർസിറ്റി 
രണ്ട്) അൽ ഖറൌയീൻ യൂനിവേർസിറ്റിയും ഫാത്വിമതുല്‍ ഫിഹ്‌രിയും ഒരു സ്കെച്ച് 

Related Articles