Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമും കലകളും

ഇസ്ലാമും കലകളും എന്ന വിഷയത്തിൽ പലപ്പോഴും രണ്ടു ചോദ്യങ്ങളാണ് ഉയർന്നു വരാറുള്ളത്. ഒന്നാമതായി, എന്താണ് കലകൾ എന്ന ചോദ്യമാണ്. പൊതുവെ, കലകളെന്നു പറയുമ്പോൾ മനസ്സിലേക്കു ഓടിയെത്തുന്ന കാര്യങ്ങൾ മാത്രമാണോ അക്കൂട്ടത്തിൽ പ്രവേശിക്കുകയെന്ന ചോദ്യം. എന്താണ് കലകൾ എന്ന ചോദ്യത്തിന് സംഗീതം, ഡാൻസ്, മ്യൂസിക്, നാടകം, സിനിമ, ചിത്രകല, കൊത്തുപണി എന്നൊക്കെയാണ് പൊതുവിൽ ലഭിക്കുന്ന ഉത്തരം. പക്ഷെ, ഇതും വിശാലാർഥത്തിൽ ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. കഥകളും കവിതകളും നോവലുകളുമടക്കമുള്ള സാഹിത്യസൃഷ്ടികളിലും മറ്റു മിക്ക വിജ്ഞാനങ്ങളിലും കലയുടെ അംശം കാണാം. മിക്ക പണ്ഡിതന്മാരും, വിശേഷിച്ച് ശരീരശാസ്ത്ര വിദഗ്ധരടക്കമുള്ളവർ തങ്ങളുടെ ജോലിയെയും കണ്ടെത്തലുകളെയും കലകളെന്നു വിശേഷിപ്പിക്കുന്നതു കാണാം. അപ്പോൾ, കല എന്ന പ്രയോഗം ഒന്നിലും നിക്ഷിപ്തമല്ലെന്നു ചുരുക്കം. എങ്കിലും, പൊതുവെ കലകളെന്ന പേരിൽ പ്രസിദ്ധമായ, മതവിധികളിൽ ഭിന്നസ്വരമുള്ള സംഗീതം, മ്യൂസിക്, അഭിനയം പോലോത്ത വിഷയങ്ങളാണ് ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്.

രണ്ടാമതായി, കലകളുടെ വിഷയത്തിലെ കർമശാസ്ത്രത്തിൻറെ മാനദണ്ഡമെന്താണ് എന്ന ചോദ്യമാണ്. മുൻകാല പണ്ഡിതന്മാർ ഇവ്വിഷയകമായി, ഇത്ര വിശാലമായ രീതിയിൽ ചർച്ചകൾ നടത്തിയിരുന്നില്ല. അവർ ചർച്ച ചെയ്തതത്രയും സംഗീതോപകരണങ്ങളെ കുറിച്ചായിരുന്നു. രണ്ടു പെരുന്നാളുകൾക്ക് അനുവദനീയമാകുന്ന കാര്യങ്ങൾ, വിവാഹ ചടങ്ങുകൾ, കളിവിനോദങ്ങൾ എന്നിങ്ങനെ വ്യത്യസ്ത ഗണങ്ങളിലായാണ് വ്യത്യസ്ത പണ്ഡിതർ ഈ വിഷയം ചർച്ച ചെയ്തത്. ഇതിലേതു ഗണത്തിലാണ് കലകൾ പ്രവേശിക്കുകയെന്ന ചോദ്യമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

കലകളുടെ കർമശാസ്ത്ര മാനദണ്ഡം
വിശുദ്ധ ഖുർആനിൽ പരാമൃഷ്ടമായ കളിവിനോദങ്ങൾ, സുഖസൗകര്യങ്ങൾ എന്നീ ഗണത്തിലാണോ. അല്ല, ഉസൂലീ പണ്ഡിതന്മാർ വിശദീകരിച്ച ‘ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്താനുതകുന്ന കാര്യങ്ങൾ'(തഹ്സീനിയ്യാത്ത്) എന്ന ഗണത്തിലാണോ ഉപകരണങ്ങൾ എന്ന ഗണത്തിലാണോ മാധ്യമങ്ങൾ എന്ന ഗണത്തിലാണോ പെടുകയെന്നതാണ് ഇവിടെ വരുന്ന പ്രഥമ ചോദ്യം. ആലോചിച്ചു നോക്കുമ്പോൾ ഇവയൊക്കെയും ‘കലകൾ’ എന്ന വിശാലാർഥത്തിനു കീഴെ പ്രവേശിക്കുമെന്നതാണ് വസ്തുത.

1- കലകൾ കളിവിനോദങ്ങളെന്ന ഗണത്തിൽ പെടുമ്പോൾ
കളിവിനോദങ്ങളുടെ ഇസ്ലാമിക മാനം മനുഷ്യജീവിതമെന്നാൽ കൃത്യമായ ലക്ഷ്യങ്ങളുള്ള, ഗൗരവതരമായിട്ടുള്ള ഒരു സംജ്ഞയാണ്, മറിച്ച് തമാശയല്ല എന്നതാണ് ഇസ്ലാമിക പക്ഷം. കളിതമാശകളെ പാടെ അകറ്റിനിർത്തണമെന്നല്ല, കാര്യങ്ങളെ അതിനാവശ്യമായ ഗൗരവത്തിൽ തന്നെ സമീപിക്കണെന്നു മാത്രമാണ് ഇതിനർഥം. വിനോദങ്ങൾ പോലും മനുഷ്യന് ഉപകാരമാവുന്ന ചില പ്രത്യേക ലക്ഷ്യങ്ങൾക്കു വേണ്ടിയാവണം. ” അമ്പെയ്ത്ത്, കുതിരസവാരി, ഇണകളോട് സല്ലപിക്കൽ എന്നിവയല്ലാത്ത എല്ലാ വിനോദങ്ങളും മുസ്ലിമിന് വിലക്കപ്പെട്ടതാണ് ” എന്ന ഹദീസു കൊണ്ടുള്ള താത്പര്യം അനുവദിക്കപ്പെട്ട കാര്യങ്ങൾ ഉപര്യുക്ത വിഷയങ്ങളിൽ മാത്രം ചുരുക്കപ്പെട്ടുവെന്നതല്ല, മറിച്ച് സംബോധിതസമൂഹത്തിനു പരിചിതമായ കാര്യങ്ങൾ പറഞ്ഞു എന്നതുമാത്രമാണ്.

ആഇശാ ബീവി(റ)യുടെ ബന്ധുക്കളിലൊരാൾ വിവാഹിതരായപ്പോൾ ‘ആഇശാ… നിങ്ങളുടെ അടുക്കൽ വിനോദങ്ങളൊന്നുമില്ലേ, അൻസാറുകൾ വിനോദോപകരണങ്ങൾ ഉപയോഗിക്കുന്നവരായിരുന്നു’ എന്നായിരുന്നു നബി തങ്ങളുടെ പ്രതികരണം. അൻസാറുകൾക്കിടയിൽ ഇസ്ലാമിനു മുമ്പു വ്യാപകമായിരുന്ന പല സംസ്കാരങ്ങളും ഇസ്ലാം നിലനിറുത്തിയിരുന്നു, അക്കൂട്ടത്തിലൊന്നാണ് വിവാഹ ചടങ്ങുകൾക്കിടയിലെ അനുവദനീയമായ രീതിയിലുള്ള കളിവിനോദങ്ങൾ. പള്ളിയിൽ വെച്ച് നൃത്തം ചെയ്യുകയായിരുന്ന ചില എത്യോപ്യക്കാരുടെ കളിവിനോദങ്ങൾ കാണാൻ നബി തങ്ങൾ ആഇശാ ബീവിയെ വിളിച്ചുവരുത്തിയ ഹദീസ് പ്രസിദ്ധമാണല്ലോ. നബി തങ്ങൾ അത് അംഗീകരിക്കുക മാത്രമല്ല, അതിനെ പ്രോത്സാഹിപ്പിക്കുക കൂടിയായിരുന്നു.

2-കലകൾ സുഖാഡംബരങ്ങളുടെ ഗണത്തിൽ പെടുമ്പോൾ
മനുഷന്യൻ കലകളെ വല്ലാതെ ആഗ്രഹിക്കുകയും വികാരത്തോടെ അതിനെ സമീപിക്കുകയും ചെയ്യാറുണ്ടല്ലോ. അതുകൊണ്ടുതന്നെ ഇത്തരം സുഖസൗകര്യങ്ങളുടെ ഇസ്ലാമികപക്ഷം കലകളുടെ ഇസ്ലാമുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ആഗ്രഹങ്ങളോടുള്ള ഇഷ്ടം മനുഷ്യന് വളരെ ഭംഗിയുള്ളതായി തോന്നി(ആലു ഇംറാൻ- 14) എന്ന ഖുർആനിക വചനം പ്രസിദ്ധമാണല്ലോ. സ്ത്രീപുരുഷർക്കിടയിൽ പരസ്പരമുള്ള വികാരം, സന്താനങ്ങൾ, ഭക്ഷണം, പാനീയം, ജോലി, സമ്പത്ത് എന്നിവയിലൊക്കെയുള്ള ആഗ്രഹം എന്നിവയൊക്കെ സമൂഹത്തിൻറെ സുസ്ഥിരതയുടെയും നിലനിൽപ്പിൻറെയും അടിസ്ഥാനമാണ്. ഇവയൊക്കെയും മനുഷ്യൻറെ സ്വാഭാവിക പ്രകൃതിയുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്നാണ് ഖുർആൻ പറയുന്നത്. സ്ഥാനമാനങ്ങൾക്കു വേണ്ടിയുള്ള ആഗ്രഹം പോലും സമൂഹത്തിൻറെ സുസ്ഥിരതയ്ക്ക് അനിവാര്യമാണല്ലോ. അതുകൊണ്ട് ഇസ്ലാം എല്ലാവിധ ആഗ്രഹേച്ഛകളെയും സമ്പൂർണമായി വിലക്കുന്നുവെന്നു പറയുക വസ്തുതാവിരുദ്ധമാണ്. മറിച്ച്, പലതിനും പരിധികളും പരിമിതികളും വെച്ചുവെന്നു മാത്രം. അതിൽ അമിതവ്യയം കാണിക്കലും പാടെ അവഗണിക്കലും രണ്ടും ഒരുപോലെ പ്രശ്നമാണ്. സന്തുലിതാവസ്ഥ നിലനിർത്തുകയാണിവിടെ പ്രധാനം.

ഖാദി അബൂബക്കർ ഇബ്നു അറബി പറയുന്നു: ‘ അല്ലാഹു ലോകത്തെ സർവതിനെയും നമുക്കുവേണ്ടി പടച്ചശേഷം വസ്തുക്കളെ പലതായി തരംതിരിച്ചിട്ടുണ്ട്. ചിലത് നിരുപാധികം അനുവദനീയമാണെങ്കിൽ ചിലത് ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം അനുവദനീയമാകും. ചിലത് ചില പ്രത്യേക രീതിയിൽ മാത്രം അനുവദനീയമാകും. ഒരുനിലയ്ക്കും ഒരവസരത്തിലും അനുവദനീയമാകാത്ത ഒരു കാര്യവും ഭൂമിയിലുള്ളതായി എനിക്കറിവില്ല.’ ശരീഅത്തിലും അതിൻറെ അടിസ്ഥാനലക്ഷ്യങ്ങളിലും അഗ്രഗണ്യനായ ഒരു പണ്ഡിതൻറെ വാക്കുകളാണിത്.

3- കലകൾ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ഉപാധികളെന്ന നിലയ്ക്ക്
പണ്ഡിതന്മാർ ലോകത്തെ വസ്തുക്കളെ അനിവാര്യമായത്(ദറൂറിയ്യാത്ത്), ആവശ്യമുള്ളത്(ഹാജിയ്യാത്ത്), ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്നത്(തഹ്സീനിയ്യാത്ത്) എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. കലകൾ ഇത്തരത്തിൽ മാനുഷിക നന്മകളെ മെച്ചപ്പെടുത്താനും ഭംഗിയുള്ളതാക്കാനും സഹായിക്കുന്നുവെങ്കിൽ അത് പറ്റുമെന്നു തന്നെയാണ് ഇസ്ലാമിൻറെ പക്ഷം. ആകാശഭൂമികളുടെയും നക്ഷത്രഗോളങ്ങളുടെയും പ്രകൃതിയുടെയും മറ്റും സൃഷ്ടിപ്പിലെ സൗന്ദര്യത്തെക്കുറിച്ചും അതേക്കുറിച്ച് ആലോചിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും ഖുർആൻ പലയിടത്തായി പലവുരു ഉണർത്തുന്നുണ്ട്. അവിടെയൊക്കെയും ഖുർആൻ ഭംഗി, സൗന്ദര്യം(സീനത്ത്, ജമാൽ) എന്നീ പദങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. അനുവദനീയമായ സുഖങ്ങളെ, സൗന്ദര്യങ്ങളെ വിലക്കുന്നതിനെയും അത്തരം സുഖങ്ങളിൽ പരിധി ലംഘിക്കുന്നതിനെയും ഒരുപോലെ എതിർത്തിട്ടുണ്ട് ഖുർആൻ. ഇതുതന്നെയാണ് കലകളുടെ വിഷയത്തിലും കാണാൻ സാധിക്കുക. പൊതുവായ ഒരു അംഗീകാരമാണ് ആ വിഷയത്തിൽ ഇസ്ലാമിനുള്ളത്. അതോടൊപ്പം അതുപയോഗിച്ച് മറ്റു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും തഹ്സീനിയ്യാത്തിനെ ദറൂറിയ്യാത്ത്, ഹാജിയ്യാത്ത് എന്നിവയെക്കാൾ മുന്തിക്കുന്നതും ഇസ്ലാം വിലക്കുന്നുവെന്നു മാത്രം.

4- കലകൾ മാധ്യമങ്ങളായി വർത്തിക്കുമ്പോൾ ഏതൊരു മാധ്യമവും എന്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്നുവോ, അതിൻറെതായ വിധിയാണ് ആ മാധ്യമത്തിനും എന്നതാണ് മതപക്ഷം. മ്യൂസിക്, സംഗീത സംബന്ധമായി പണ്ഡിതന്മാർക്കിടയിൽ നിലനിൽക്കുന്ന നിരന്തരമായ ചർച്ചകളും ഭിന്നസ്വരങ്ങളും ഈയൊരു അടിസ്ഥാനത്തിനു പുറത്താണ്. ഇത്തരം കലകൾ സാധുവാണോ അസാധുവാണോ എന്നതല്ല, മറിച്ച് മനഃപൂർവമോ അല്ലാതെയോ ഇവകൾ ലക്ഷീകരിക്കുന്നതെന്താണ്, ഇവകൾ എന്തിലേക്കാണ് മനുഷ്യനെ ചെന്നെത്തിക്കുന്നത് എന്ന ചർച്ചയാണ് ഇവ്വിഷയകരമായി എല്ലാവിധ പണ്ഡിതന്മാർക്കിടയിലും നിലനിൽക്കുന്നത്.

ഇതുസംബന്ധമായ വ്യത്യസ്ത വീക്ഷണങ്ങൾ ആദ്യമായി കാണാം. ഒരു പെരുന്നാൾ ദിവസം ആഇശാ ബീവി(റ)യുടെ അടുക്കൽ വെച്ച് രണ്ടു സ്ത്രീകൾ പാട്ടുപാടുകയും നബി തങ്ങൾ അതുകണ്ട് മൗനം പാലിക്കുകയും അബൂബക്കർ(റ) അതു വിലക്കിയപ്പോൾ ‘അവർ പാടട്ടെ, ഇന്നു പെരുന്നാളല്ലേ’ എന്നു നബി തങ്ങൾ പറഞ്ഞതുമായ ഹദീസിൻറെ വിശദീകരണത്തിൽ ഇമാം നവവി(റ) പറയുന്നു: ‘ശാഫിഈ മദ്ഹബ് പ്രകാരം സംഗീതം കറാഹത്താണ്. മാലികി മദ്ഹബിലും പ്രസിദ്ധമായ അഭിപ്രായം അതാണ്. ചിലർ ഈ ഹദീസ്, സംഗീതം ഹലാലാക്കാനുള്ള തെളിവായി ഉദ്ധരിക്കുമെങ്കിലും ഇവിടെയുള്ള സംഗീതം യുദ്ധമടക്കമുള്ള വിഷയങ്ങളെ പ്രേരിപ്പിച്ചു കൊണ്ടുള്ളതാണെന്നും ദോഷങ്ങളുടെ മേൽ ശരീരത്തെ പ്രേരിപ്പിക്കുന്നവയല്ലെന്നും പണ്ഡിതർ മറുപടി പറയുന്നു.’ ഇതേ അഭിപ്രായമാണ് ഖാദി ഇയാദും (റ) പറഞ്ഞത്.

ശൈഖ് അബ്ദുൽ ഗനി അന്നാബുലുസി തൻറെ ‘ഈദാഹുദ്ദലാലാത്ത് ഈ സമാഇൽ ആലാത്ത്’ എന്ന ഗ്രന്ഥത്തിൽ പറയുന്നു: ‘വിലക്കപ്പെട്ട കളിവിനോദങ്ങളെന്നാൽ നിർബന്ധബാധ്യതകളെത്തൊട്ട് അശ്രദ്ധമാക്കുന്ന, തിന്മകളും ഹറാമുകളും വന്നുചേരുന്നവയാണ്. ഇത്തരം ഉപകരണങ്ങളൊന്നും തന്നെ നിഷിദ്ധമാവുന്നത് അതിൻറെ രൂപംകൊണ്ടോ അതിൽ നിന്നുവരുന്ന സുഖകരമായ ശബ്ദം കൊണ്ടോ അല്ല,(അങ്ങനെയെങ്കിൽ കിളികളുടെ കളകൂചനങ്ങൾ നിഷിദ്ധമാകുമല്ലോ) മറിച്ച, അവയൊക്കെ നിഷിദ്ധമായ പല വിനോദങ്ങളിലേക്കും നയിക്കുമെന്നതു കൊണ്ടാണ്. ഇത്തരം നിഷിദ്ധകാര്യങ്ങൾ മാറ്റിനിർത്തുന്നതോടെ അവ വിനോദങ്ങൾ എന്ന ഗണത്തിൽ നിന്ന് മാറുകയും.’

കവിതകളെക്കുറിച്ചു നബിയുടെ നിലപാടുകൾ ഇവിടെ ചേർത്തുവായിക്കാം. സംഗീതത്തെക്കുറിച്ചു പറയപ്പെട്ടതൊക്കെ കവിതയെക്കുറിച്ചും പറയാം. കവിതകളിൽ എല്ലാമുണ്ടായിരുന്നു, ശിർക്കും തെമ്മാടിത്തവും ഗോത്രത്തല്ലും അക്രമവും അങ്ങനെയെല്ലാം. ഇതുകണ്ട് എല്ലാ കവിതകളെയും ഏകപക്ഷീയമായി നിരാകരിക്കുന്നതിനു പകരം ധാർമിക മൂല്യങ്ങളുള്ള കവിതകളും ഇസ്ലാം പരിചയപ്പെടുത്തിയിട്ടുണ്ട്. ഇതുതന്നെയാണ് ഇന്നത്തെ സംഗീതങ്ങളുടെ വിഷയത്തിലും പറയാനുള്ളത്. വിശേഷിച്ച്, ശത്രുക്കൾ ശക്തിപ്രാപിക്കുകയും അവർക്കു മുന്നിൽ പിടിച്ചു നിൽക്കാനും ഇസ്ലാമിനെ പരിചയപ്പെടുത്താനും ഇത്തരം മാധ്യമങ്ങൾ അനിവാര്യമാകുകയും ചെയ്യുന്ന വേളകളിൽ ഇത്തരം ഏകപക്ഷീയമായ നിരോധനം ദോഷം മാത്രമേ സൃഷ്ടിക്കൂ.

മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൻറെ ചില മാനദണ്ഡങ്ങൾ
ലക്ഷ്യമെന്താണെന്നും അതു വരുത്തിവെക്കുന്ന ഫലമെന്താണെന്നും അതെത്രമാത്രമുണ്ടെന്നും(ഉപകാരമായാലും ഉപദ്രവമായാലും) അതിൻറെ സൈഡ് ഇഫക്ടുകൾ എന്താണെന്നും ഓരോ വിഷയത്തിലും അറിഞ്ഞിരിക്കൽ ആവശ്യമാണ്. ഇത്തരത്തിൽ സംഗീതത്തിന് ചിലപ്പോൾ ഉന്നതമായ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കാം. പക്ഷെ, മനഃപൂർവമായോ അല്ലാതെയോ അവതരിപ്പിക്കുന്നവനോ ശ്രോദ്ധാവിനോ ചിലപ്പോൾ ചില പ്രത്യാഘാതങ്ങൾ അതുവഴി ഉണ്ടാകാം. ഇക്കാര്യവും പരിഗണിക്കപ്പെടേണ്ടതുണ്ട്. അപ്രകാരം, ഉപയോഗിക്കപ്പെടുന്ന മാധ്യമം എത്രമാത്രം അനിവാര്യമാണ്, അതില്ലാതെയും ലക്ഷ്യപൂർത്തീകരണം സാധ്യമാകുമോ എന്നതും പ്രധാനമാണ്. ഒരുദാഹരണം പറഞ്ഞാൽ, ഇന്നത്തെ സിനിമകൾ അവലംബിക്കുന്ന തിരക്കഥകളൊക്കെ പല കളവുകളും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ചരിത്രമാണെങ്കിൽ പോലും പത്തു ശതമാനത്തിൽ താഴെ മാത്രമാണ് അതിൽ സത്യം കടന്നുവരിക. ഇനി ഈ കഥകൾ നബി തങ്ങളുടെ ഹദീസിൽ പരാമർശിക്കപ്പെട്ട ‘പരസ്പരബന്ധം ഊട്ടിയുറപ്പിക്കുക, നന്മകൾ വളർത്തുക’ എന്ന ലക്ഷ്യത്തിനു വേണ്ടിയാണെങ്കിൽ അതു പറ്റുമെന്നും അല്ലാതെ വെറും കളിവിനോദങ്ങൾ മാത്രമാണ് ലക്ഷ്യമെങ്കിൽ നിഷിദ്ധമാണെന്നും പറയാം.

ചുരുക്കത്തിൽ, കലകളൊക്കെയും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അനുവദനീയമാണെങ്കിലും ചില നിബന്ധനകൾ അവിടെ പാലിക്കപ്പെടണമെന്നു മനസ്സിലാക്കാം. അവയിൽ പ്രധാനപ്പെട്ടത് ചുവടെ ചേർക്കാം.

ഒന്ന്, നിർബന്ധ ബാധ്യതകൾക്കു തടസ്സം നിൽക്കാതിരിക്കുക. രണ്ട്, തെമ്മാടിത്തങ്ങളിലേക്കും ഹറാമുകളിലേക്കും ചെന്നെത്തിക്കുന്നത് ആവാതിരിക്കുക. മൂന്ന്, ആരുടെയും ബുദ്ധിയുടെ സമനില തെറ്റിക്കുന്നതാവാതിരിക്കുക. നാല്, മത്തുണ്ടാക്കുന്ന, വെറുതെയിരിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് ആവാതിരിക്കുക. അഞ്ച്, പരിധി ലംഘിക്കാതിരിക്കുക. ഇമാം ഗസ്സാലി(റ) പറയുന്നു: ‘വിനോദങ്ങളുടെ മേൽ പതിവായി ആശ്രയിക്കൽ കുറ്റമാണ്. എല്ലാ നല്ല കാര്യങ്ങളും അനുവദനിക്കപ്പെട്ടവയും അതിൻറെ കൂടിയ അളവിലും നല്ലതാവണമെന്നില്ല.’ ഈ മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തി കലകളുടെ മതവീക്ഷണം നമുക്കു മനസ്സിലാക്കാം.

വിവ. മുഹമ്മദ് ശാക്കിർ മണിയറ

Related Articles