മതത്തിന് അകത്തുനിന്നും പുറത്തു നിന്നുമായി നിരവധി വെല്ലുവിളികളാണ് ഇസ്‌ലാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. വിമര്‍ശനങ്ങള്‍ ഇസ്‌ലാമിനെ കാര്യമായി ബാധിക്കുന്നവ കൂടിയാണ്. ഇസ്‌ലാമിന് പുറത്ത് നിന്നുള്ള വിമര്‍ശനങ്ങളും പ്രതികരണങ്ങളും അവരുടെ അജ്ഞതയോ തെറ്റിദ്ധാരണയോ കാരണമായിട്ട് സംഭവിക്കുന്നതാണെന്ന് കരുതാം. എന്നാല്‍, ഇസ്‌ലാമിന് അകത്തുനിന്ന് തന്നെ വരുന്ന വിമര്‍ശനങ്ങളെയും പ്രതികരണങ്ങളെയും അഭിമുഖീകരിക്കാതിരിക്കാനാകില്ല. ഭൂമിശാസ്ത്രപരമായി നോക്കുകയാണെങ്കില്‍, ഇസ്‌ലാം അതിന്റെ മാറിക്കൊണ്ടിരിക്കുന്ന കേന്ദ്രബിന്ദുവിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. മതകേന്ദ്രങ്ങളാണ് ഇസ്‌ലാമിന്റെ ഹൃദയഭൂമിയെ നിര്‍വചിക്കുന്നത്. ശീഈ ഇറാനും ശിയാ പാരമ്പര്യങ്ങള്‍ക്കും എതിര്‍പ്പുണ്ടെങ്കില്‍ പോലും മക്കയിലെയും മദീനയിലെയും ആരാധാനാലയങ്ങളെ പരിപാലിക്കുന്നതും ഹജ്ജ് നിയന്ത്രിക്കുന്നതും സൗദി അറേബ്യയാണ്. ഉമ്മത്തിന്റെ സാമ്പത്തിക കേന്ദ്രമായി കൂടി നിലനില്‍ക്കുന്നതുകൊണ്ടുതന്നെ അത്തരം എതിര്‍പ്പുകളെ മറികടക്കാനും സൗദിക്ക് അനായാസം സാധ്യമാകുന്നു. കുവൈത്ത്, ഇറാഖ്, യു.എ.ഇ, ഇറാന്‍, യമന്‍ എന്നീ രാജ്യങ്ങളുടെ മൊത്തം വരുമാനം ചേര്‍ത്താല്‍പോലും സൗദി അറേബ്യയുടെ എണ്ണ സമ്പത്തിന് തുല്യമാകില്ല. പരിമിതമായ പ്രകൃതിവിഭവങ്ങളാണ് ഈ സമ്പത്തിന്റെയെല്ലാം അടിസ്ഥാനം. ഒരുപക്ഷെ, വരുംകാലത്ത് മുസ്‌ലിം ലോകത്ത് കൂടുതല്‍ പ്രകൃതിവിഭവങ്ങളും ഉത്പാദനക്ഷമതയുള്ള വസ്തുവഹകളുമുള്ള ഇടങ്ങള്‍ സൗദിയുടെ സ്ഥാനത്ത് സാമ്പത്തിക കേന്ദ്രമായി മാറിയേക്കാം. വെസ്റ്റ് ഏഷ്യന്‍ സാമ്പത്തിക നിക്ഷേപങ്ങള്‍ ഈയൊരു ദീര്‍ഘകാല പ്രശ്‌നത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. പക്ഷെ, പാശ്ചാത്യ, അമുസ്‌ലിം സാമ്പത്തിക പദ്ധതികളെ ആശ്രയിച്ചാണ് അവരെല്ലാം നിലകൊള്ളുന്നത്. ഇസ് ലാമിന്റെ ബൗദ്ധിക കേന്ദ്രം കൈറോയിലെ അല്‍-അസ്ഹറാണ്. ഇവിടെനിന്നും പഠിപ്പിക്കപ്പെടുന്ന ചിന്തകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഉമ്മത്തിനിടയില്‍ വലിയ സ്വീകാര്യതയുണ്ട്. പ്രത്യേകിച്ചും മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍. വ്യത്യസ്ത കേന്ദ്രങ്ങളുടെതായുള്ള ആപേക്ഷികാധികാരം മാറിക്കൊണ്ടിരിക്കുന്നുണ്ട്. കാലങ്ങള്‍ക്കു ശേഷം, മുസ്‌ലിംകളുടെ ഹൃദയഭൂമിയുമായി ബന്ധപ്പെട്ട് നിലവിലുള്ള പിരിമുറുക്കങ്ങളെ ക്ഷോഭിപ്പിക്കുന്ന രീതിയിലേക്ക് ഉപരിപ്ലവ മുസ്‌ലിം സമൂഹങ്ങള്‍ മാറിയെന്നും വരാം. ഊര്‍ജ്ജസ്വലരായ ലിബറല്‍ മുസ്‌ലിം സമൂഹങ്ങള്‍ വഴി ആ യാഥാസ്ഥിക കേന്ദ്രം കൂടുതല്‍ സമ്മര്‍ദ്ധത്തിലാവുന്ന സാഹചര്യവും ഉണ്ടായേക്കാം.
സമത്വവും ഉത്പാദനക്ഷമവുമായ ഭൗതിക ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്ന ആദര്‍ശങ്ങള്‍ ഉണ്ടായിരുന്നിട്ടും ഭൂരിപക്ഷം മുസ്‌ലിംകളും ഉന്നത ജീവിത നിലവാരം നിലനിര്‍ത്തുന്നത് അസൂയാവഹമായ കാര്യമാണ്. എണ്ണ ഉത്പാദിപ്പിക്കുന്ന അതിസമ്പന്ന മുസ്‌ലിം രാജ്യങ്ങളില്‍ ഇതൊരു വിരോധാഭാസമായിട്ടാണ് അനുഭവപ്പെടുക. നീതിയും സാഹോദര്യവും നിലനിര്‍ത്തേണ്ടിടത്ത്, ഇത്തരം അതിസമ്പന്ന രാജ്യങ്ങള്‍ വിലകൂടിയ സൈനിക സാങ്കേതിക വിദ്യകള്‍ വികാസം, അത്യാധുനിക ആയുധങ്ങള്‍ വാങ്ങല്‍, ഫലസ്ഥീന്‍, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിം സഹോദരായ അതിഥി തൊഴിലാളികളെ ചൂഷണം ചെയ്യല്‍ എന്നിവക്കാണ് സമയം ചെലവഴിക്കുന്നത്. 1990-91 കാലയളവിലെ ഗള്‍ഫ് യുദ്ധകാലത്തും ശേഷവും ഇവരുടെ ദുരവസ്ഥ വ്യക്തമായിരുന്നു. തൊഴില്‍രഹിതരായ വലിയൊരു ജനസമൂഹം, ദ്രുതഗതിയിലുള്ള നഗരവല്‍കരണം, അസന്തുലിതമായ വികസനം. അന്താരാഷ്ട്ര ഇസ്‌ലാമിന്റെ സാമൂഹിക ശക്തിയായി ഉമ്മത്ത് മാറണമെങ്കില്‍ ഇത്തരം പ്രതിസന്ധികളെയെല്ലാം ഉമ്മത്ത് അനിവാര്യമായും അഭിമുഖീകരിക്കണമെന്ന സാഹചര്യം വന്നു. മുസ്‌ലിം സമൂഹങ്ങള്‍ക്കിടയിലുള്ള വരുമാനത്തിന്റെയും സമ്പത്തിന്റെയും വിതരണത്തിലുള്ള വ്യാപകമായ അസന്തുലിതാവസ്ഥ വ്യക്തമാണ്. മിക്ക മുസ്‌ലിം സമൂഹങ്ങള്‍ക്കിടയിലും ഫലപ്രദമായ രീതിയിലുള്ള പുനര്‍വിതരണവും നടക്കുന്നില്ലെന്നതാണ് സത്യം.
സമത്വവും ഉത്പാദനക്ഷമവുമായ ഭൗതിക ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്ന ആദര്‍ശങ്ങള്‍ ഉണ്ടായിരുന്നിട്ടും ഭൂരിപക്ഷം മുസ്‌ലിംകളും ഉന്നത ജീവിത നിലവാരം നിലനിര്‍ത്തുന്നത് അസൂയാവഹമായ കാര്യമാണ്.
തീവ്രവാദ പ്രക്ഷോഭങ്ങളാലും പലിശ പോലുള്ള സാമ്പത്തിക സംവിധാനങ്ങളുടെ ഇസ്‌ലാമിക നിയമപരമായ വിലക്കുകളെക്കുറിച്ചുള്ള പാശ്ചാത്യ രാജ്യങ്ങളിലെ ധാരണകളാലും നിക്ഷേപകര്‍ പിന്തിരിപ്പിക്കപ്പെട്ടതുകൊണ്ടാണ് മുസ്‌ലിം രാജ്യങ്ങളിലെ വികസന നിക്ഷേപങ്ങളെല്ലാം മന്ദഗതിലായിപ്പോകുന്നത്. വലിയതോതിലുള്ള ലാഭം ലഭ്യമാവുകയും ആഗോളപരമായി രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യങ്ങളില്‍ കൂടുതല്‍ സ്ഥിരത കൈവരിക്കാനാവുകയും ചെയ്യുമെന്നതിനാല്‍ മുസ്‌ലിം നിക്ഷേപകരില്‍ പലരും തങ്ങളുടെ സമ്പത്ത് അമുസ്‌ലിം സമ്പദ്‌വ്യവസ്ഥയിലേക്ക് നിക്ഷേപിക്കാന്‍ താല്‍പര്യം കാണിക്കുന്നു. മറ്റുചില സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ കൂട്ടത്തില്‍ നിന്നും ആരെയെങ്കിലും സഹായിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രതീക്ഷിതമായ ചില വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. ബംഗ്ലാദേശിലെ ഗ്രാമീണ്‍ ബാങ്ക് സ്ത്രീകള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആവശ്യമായ തുക വായ്പയായി നല്‍കുന്നുണ്ട്. നിശ്ചിത പലിശ നിരക്കില്‍ ചെറിയ തുകയാണ് വായ്പയായി നല്‍കുക. മൂലധനത്തിനനുസരിച്ച് പലിശയിലും വ്യത്യാസം വരും. പ്രതിവര്‍ഷം ഇരുപത് ശതമാനം പലിശയെന്നത് ഉയര്‍ന്ന നിരക്കാണെന്ന് തോന്നും. പക്ഷെ, സാമ്പ്രദായിക പണമിടപാടുകാര്‍ ആവശ്യപ്പെടുന്ന പ്രതിമാസ ഇരുപത് ശതമാനത്തിലേക്കും പ്രതിദിന പത്ത് ശതമാനത്തിലേക്കും ബംഗ്ലാദേശിലെ വാണിജ്യ ബാങ്കുകളിലെ കൂട്ടുപലിശയിലേക്കും വച്ചു നോക്കുമ്പോള്‍ അത് വളരെ കുറവാണ്. ജനങ്ങള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ഏറ്റവും സുഖകരമായ മാര്‍ഗമാണിത്. ഗ്രാമങ്ങളിലെ ബാങ്ക് ജീവനക്കാര്‍ അതിനവരെ സഹായിക്കുകയും ചെയ്യുന്നു. ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ തങ്ങളുടെ ഇടപാടുകാരുടെ അടുത്തേക്ക് അങ്ങോട്ട് ചെല്ലുന്നു. പരസ്പരം സത്യസന്ധതയും വിശ്വസ്തതയും നിലനിര്‍ത്തുന്നു. ഈയൊരു പദ്ധതി ബംഗ്ലാദേശിന് അനിവാര്യമായ സാമ്പത്തിക വളര്‍ച്ച നേടിക്കൊടുക്കാന്‍ പര്യാപ്തമല്ലെന്ന് വാദിക്കുന്ന സാമ്പ്രദായിക പണമിടപാടുകാരാണ് ഗ്രാമീണ്‍ ബാങ്കിന് പലപ്പോഴും വെല്ലുവിളികള്‍ സൃഷ്ടിക്കുന്നത്. ഇസ്‌ലാമിക നിയമങ്ങള്‍ക്കും ആശയങ്ങള്‍ക്കും അനുസരിച്ചാണ് ഗ്രാമീണ്‍ ബാങ്ക് നിലനില്‍ക്കുന്നത് എന്നുണ്ടെങ്കിലും ഇസ്‌ലാമിക വ്യവഹാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന പലിശയിടപാടുകാരായ തല്‍പര കക്ഷികളില്‍ നിന്നും വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നു.
സാമ്പത്തിക തടസ്സങ്ങളും അസമമായ ജോലിയവസരങ്ങളുമാണ് പ്രതിഷേധങ്ങളുടെയും അഭിപ്രായ ഭിന്നതകളുടെയും കാതലായ കാരണം. പൊതുവിദ്യഭ്യാസമെന്ന സുപ്രധാന ആവശ്യത്തെ അഭിമുഖീകരിക്കാന്‍ മിക്ക മുസ്‌ലിം ഗവണ്‍മെന്റുകളും ഒരുപോലെ പരാജയപ്പെട്ടു പോകുന്നു. ‘ആധുനികതയും ആധുനികനായിത്തീരലും അനിവാര്യമായ ഒന്നായി മാറിയിട്ടുണ്ട്. സഹിഷ്ണുതയോടെയുള്ള എല്ലാ ജീവിതയാത്രകളും ആവശ്യമായ സന്ദര്‍ഭം കൂടിയാണിത്.'(1) ആധുനികനാവുകയെന്നാല്‍ പാശ്ചാത്യനാവുകയെന്നല്ല, മറിച്ച് ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തില്‍ സെക്കുലര്‍ ജ്ഞാനങ്ങള്‍ക്കും ഉചിതമായ അവസരം നല്‍കണമെന്നതാണ് അതിന്റെ ഉദ്ദേശം. എല്ലാ ജ്ഞാനവും ഇസ്‌ലാമുമായി ഒരുനിലയിലല്ലെങ്കില്‍ മറ്റൊരു നിലയില്‍ ചേര്‍ന്നു നില്‍ക്കുന്നതായകയാല്‍ തന്നെ സെക്കുലര്‍ / റലീജ്യസ് എന്നൊരു വേര്‍തിരിവ് അനാവശ്യമാണെന്ന് ഡോ. മഹാതിര്‍ ബിന്‍ മുഹമ്മദ് നിരീക്ഷിക്കുന്നുണ്ട്. ഡോ. മഹാതിറിനെപ്പോലെയുള്ള പ്രഗത്ഭനായ ഒരു വ്യക്തി സ്വതന്ത്രവും പുരോഗമനാത്മകവുമായ മുസ്‌ലിം മനോഭാവം കൈകൊള്ളുമ്പോള്‍തന്നെ പരമ്പരാഗത സംവേദനങ്ങള്‍ക്കും ധാര്‍മിക മൂല്യങ്ങള്‍ക്കു ഊന്നല്‍ നല്‍കുന്നത് ആശാവഹമാണ്. ആധുനിക ലോകത്ത് മുസ്‌ലിമായിരിക്കുകയെന്നാല്‍ എന്താണെന്ന് നിരീക്ഷിക്കുന്ന മുസ്‌ലിം ബുദ്ധിജീവികളുണ്ട്. തീവ്രവാദികള്‍ക്ക് നല്‍കപ്പെടുന്ന ജനകീയതയൊന്നും പാശ്ചാത്യ മീഡിയകളില്‍ നിന്നും അവര്‍ക്ക് പ്രതീക്ഷിക്കാനാകില്ല. സുനിശ്ചിതവും സുശാന്തവും ആരോഗ്യകരവുമായ സംവാദങ്ങളെക്കാള്‍ തീവ്രവും അക്രമാസക്തവും വൈകാരികവുമായ വിഷയങ്ങളോടാണ് പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് താല്‍പര്യം. അതിനിടയില്‍ പാശ്ചാത്യ സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന അരാജകത്വത്തെ അവര്‍ മറച്ചുപിടിക്കുകയും ചെയ്യും. മുസ്‌ലിം ബുദ്ധിജീവികള്‍ക്ക് പാശ്ചാത്യ രാജ്യങ്ങളിലെന്നപോലെ സ്വന്തം സമൂഹത്തിലെ യാഥാസ്ഥികര്‍ക്കിടയിലും യാതൊരു അംഗീകാരവും നേടാനാവുകയില്ല. ആശയങ്ങളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തില്‍ സമൂഹത്തിന്റെ യഥാര്‍ഥ നവീകരണത്തിന് പൊതുവായ സ്വീകാര്യത നല്‍കുകയെന്നതാണ് മുസ്‌ലിം നേതാക്കള്‍ക്ക് ഇനി ചെയ്യാനുള്ളത്. ഇസ് ലാമിന്റെ അടിസ്ഥാന തത്വങ്ങളെയും മൂല്യങ്ങളെയും നിഷേധിക്കികുയോ മാറ്റിമറിക്കുകയോ ചെയ്യാതെ സാധ്യമായ രീതിയിലുള്ള ഗവേഷണങ്ങള്‍ ഇന്ന് അത്യാവശ്യമാണ്.
ഇസ്‌ലാമിനകത്തുള്ള വൈവിധ്യങ്ങളില്‍ തീവ്രമായ വീക്ഷണങ്ങളെ മാത്രം സ്വീകരിച്ച് മൂന്നാമതൊരു മാര്‍ഗം സൃഷ്ടിക്കുന്ന മുസ്‌ലിംകളെയാണ് ഭയക്കേണ്ടത്. പാശ്ചാത്യമായ എല്ലാ കാര്യങ്ങളെയും നിരാകരിച്ചു കഴിഞ്ഞാല്‍ പിന്നെ ഇസ്‌ലാമിനകത്തെ ക്രിയാത്മവും ഉത്പാദനാത്മകവുമായ ചലന പാരമ്പര്യം നലച്ചുപോകും.
മുസ്‌ലിം ലോകത്തെ പാശ്ചാത്യ വികസനത്തിന്മേല്‍ തളച്ചിടുകയെന്ന അജണ്ടകളെക്കുറിച്ച് ബോധ്യവാന്മാരാകുന്ന കാലത്തോളം ആധുനിക വിജ്ഞാനവും സാങ്കേതിക വിദ്യകളുമെല്ലാം സ്വീകാര്യമാണ്. പാശ്ചാത്യ സമൂഹങ്ങളെ തളര്‍ത്തുന്ന മറ്റൊരു അടിസ്ഥാന പ്രശ്‌നം കൂടിയുണ്ട്: സാങ്കേതികവിദ്യകളുടെ ഉപയോഗവും അതിലെ മാറ്റങ്ങളും ഒരു സമൂഹത്തിന്റെത്തന്നെ ധാരണകളെയും ചിന്തകളെയും തിരത്തിക്കുറിക്കാന്‍ പര്യാപ്തമാണോ? പുതിയ സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നവര്‍ പുതിയ മതപുരോഹിതന്മാരാകുമോ? എല്ലാ അറിവുകളും സാങ്കേതികവിദ്യകളും ഭൗതികവും വസ്തുനിഷ്ഠവുമായ സവിശേഷതകളെയും മികച്ചു നില്‍ക്കുന്നവയാണ്. പുതിയ സാങ്കേതികവിദ്യകള്‍ എങ്ങനെ ഉപയോഗിക്കണം, എന്തൊക്കെ നിയന്ത്രണങ്ങള്‍ അതില്‍ ഏര്‍പ്പെടുത്തണം, നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്താനുള്ള ചുമതല ആര്‍ക്ക് തുടങ്ങിയ ധാര്‍മിക ചോദ്യങ്ങളും അതിനെ തുടര്‍ന്നുവരും. പ്രയോജനാതന്മകമായ വാദങ്ങള്‍, ഗുണപരമായ മുന്‍ഗണനകള്‍ക്ക് പകരം സഖ്യാപരമായ അളവുകളിലേക്കാണ് നമ്മെ നയിക്കുന്നതെങ്കില്‍ സെക്കുലര്‍ അധികാരികള്‍ക്ക് ഒരിക്കലും മേലുന്നയിച്ച ധാര്‍മിക ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാവില്ല.
പാശ്ചാത്യ ലോകത്തിന്റെ വീക്ഷണങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കാതെ അനുകരിക്കാന്‍ ശ്രമിച്ചാല്‍ ഭയാനകമായ അപകടമായിരിക്കും മുസ്‌ലിം ലോകത്തെ കാത്തിരിക്കുന്നത്. ഇസ്‌ലാമിന്റെ മാനദണ്ഡം ഉപയോഗിച്ച് തന്നെ പാശ്ചാത്യ വീക്ഷണങ്ങളെ വിമര്‍ശന വിധേയമാക്കണം. ‘സമ്പൂര്‍ണ വ്യവസ്ഥിതി, ആശയധാര എന്നതിലുപരി ചില ആധുനിക ദൈവശാസ്ത്രത്താല്‍ പൂര്‍ത്തീകരിക്കപ്പെടേണ്ട ഭാഗിക കാര്യങ്ങള്‍ കൂടി ഇസ്‌ലാമിനകത്തുണ്ട്. ഇസ്‌ലാമിക ഘടന അതിന്റെ സമഗ്രതയോടുകൂടി മനസ്സിലാക്കിയ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമൊരിക്കലും കേവലമൊരു ആകസ്മികതയായി വന്നതല്ലെന്ന മനസ്സിലാക്കാനാകും.'(2)
ഇസ്‌ലാമിനകത്തുള്ള വൈവിധ്യങ്ങളില്‍ തീവ്രമായ വീക്ഷണങ്ങളെ മാത്രം സ്വീകരിച്ച് മൂന്നാമതൊരു മാര്‍ഗം സൃഷ്ടിക്കുന്ന മുസ്‌ലിംകളെയാണ് ഭയക്കേണ്ടത്. പാശ്ചാത്യമായ എല്ലാ കാര്യങ്ങളെയും നിരാകരിച്ചു കഴിഞ്ഞാല്‍ പിന്നെ ഇസ്‌ലാമിനകത്തെ ക്രിയാത്മവും ഉത്പാദനാത്മകവുമായ ചലന പാരമ്പര്യം നലച്ചുപോകും. ദാരിദ്ര്യം, വിശപ്പ്, മാറാവ്യാദികള്‍, നിരക്ഷരത തുടങ്ങിയ വെല്ലുവിളികളെ നേരിട്ടതുകൊണ്ട് മാത്രം ഇസ്‌ലാമിക പുനരുത്ഥാനം സാധ്യമാകുമോ? ഇസ്‌ലാമിന്റെ നവോത്ഥാനം കഴിഞ്ഞു പോയിട്ടുണ്ടോ? അതോ വിദ്യഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ, രാഷ്ട്രീയം, ഭരണ സംഹിത, സാമ്പത്തികശാസ്ത്രം, മാനേജ്‌മെന്റ് എന്നീ മേഖലകളിലെല്ലാം ആലങ്കാരികമായി മാത്രം ഇന്നുമത് നിലനില്‍ക്കുന്നുണ്ടോ? ഇസ്‌ലാമിസ്റ്റുകള്‍ക്ക് മതത്തിനകത്തെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ചിഹ്നങ്ങളെയും എത്രകണ്ട് കൈവശപ്പെടുത്താനായിട്ടുണ്ട്? നിയമങ്ങളെയും ചട്ടങ്ങളെയും ചലനാത്മകമായി സമീപിക്കുന്നതിന് പകരം നിശ്ചലമായ ഒന്നായിട്ടാണോ മനസ്സിലാക്കിയിട്ടുള്ളത്? മുസ് ലിം സമൂഹത്തിലെ ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും കാര്യത്തില്‍ ഖുര്‍ആനും ഹദീഥും മുന്നോട്ടുവച്ച തത്വങ്ങള്‍ മതതീവ്രവാദികള്‍ക്കിടയില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നുണ്ടോ? ജീവകാരുണ്യ പ്രവര്‍ത്തനം മുതല്‍ രാഷ്ട്രീയം വരെയുള്ള വിവിധ വിഷയങ്ങളില്‍ തീവ്രവാദികള്‍ സ്വീകരിക്കുന്ന അന്യവല്‍കരണം ഖുര്‍ആനിന്റെ ആത്മാവിനെത്തന്നെ വഞ്ചിക്കുന്നതല്ലേ? തങ്ങളുടെ മാത്രം വ്യാഖ്യാനങ്ങളാണ് ശരിയെന്ന ദുര്‍വാശിയിലൂടെ ഉമ്മത്തിനിടയില്‍ വിഭാഗീയത പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളല്ലേ തീവ്ര ചിന്താഗതിക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്? ഉമ്മത്തിനിടയില്‍ ഛിദ്രതയും ഭിന്നിപ്പും വളര്‍ത്തുന്നതില്‍ തീവ്രവാദികളുടെ ആശങ്ങള്‍ക്ക് കാര്യമായ സ്വാധീനമുണ്ടായിട്ടില്ലേ?(3)
പാശ്ചാത്യ ലോകത്തിന്റെ വീക്ഷണങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കാതെ അനുകരിക്കാന്‍ ശ്രമിച്ചാല്‍ ഭയാനകമായ അപകടമായിരിക്കും മുസ്‌ലിം ലോകത്തെ കാത്തിരിക്കുന്നത്.
ധാര്‍മികമായ ചോദ്യമാണ് എല്ലാത്തിന്റെയും കാതല്‍. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ ഫള്‌ലുര്‍റഹ്‌മാന്‍ പറയുന്നു: ‘സാങ്കേതികാര്‍ഥത്തില്‍ പഴയതെന്ന് തോന്നുന്നവയെ പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കാനും പുതിയ കാര്യങ്ങളെ പഴയ പ്രമാണങ്ങള്‍ അടിസ്ഥാനമാക്കി മാത്രം വിശദീകരിക്കാനും കഴിയുന്ന ഒന്നാതരം വ്യക്തികളെയാണ് ഇസ്‌ലാം ഇന്ന് ആവശ്യപ്പെടുന്നത്.'(4) പാശ്ചാത്യവല്‍കരണമില്ലാതെ ആധുനികവല്‍കരണം സ്വപ്‌നം കാണുന്ന ആധുനികതാവാദികള്‍ക്ക് അത് യാഥാര്‍ഥ്യവല്‍കരിക്കാനാകുമോ? പരമ്പരാഗത കാഴ്ചപ്പാടുകളെ പ്രതിസന്ധിയിലാക്കി തങ്ങളുടെ ഇംഗിതങ്ങള്‍ക്കൊത്ത പുതിയൊരു ധാര്‍മികത സ്ഥാപിച്ചുകൊണ്ട് അടിസ്ഥാന മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണ് ആധുനികവല്‍കരണം, അതിന്റെ എല്ലാം സാങ്കേതിക വികാസങ്ങളോടും കൂടിത്തന്നെ, ചെയ്തതെന്നതിന് പാശ്ചാത്യ സമൂഹത്തില്‍തന്നെ മതിയായ തെളിവുകളുണ്ട്.
അനിയന്ത്രിതമായ സാമ്പത്തിക വളര്‍ച്ചയും വികാസവും ഭോഗപരത, സ്ഥാപനവല്‍കൃത സ്വാര്‍ഥത, അന്യായമായ സമ്പത്ത്, അനാവശ്യമായ പ്രതീക്ഷകളുടെ വളര്‍ച്ച, ലൈംഗിക പെരുമാറ്റങ്ങളിലെ അലസത, കുടുംബ വ്യവസ്ഥിതിയുടെ തകര്‍ച്ച, വിദേശികളുടെയും വൈദേശിക മൂല്യങ്ങളുടെയും കടന്നുകയറ്റം, ഭൗതികവാദം, തെറ്റായ മതേതരവാദം, സോഷ്യല്‍ മീഡിയയിലുള്ള അഡിക്ഷന്‍ എന്നിവയുടെ വളര്‍ച്ചയില്‍ വലിയരീതിയില്‍ പങ്കുവഹിച്ചിട്ടുണ്ട്. (5)
അവലംബം:
1- ശബീര്‍ അക്തര്‍, ദി ഫെയ്ത് ഫോര്‍ ആള്‍ സീസണ്‍സ്: ഇസ്‌ലാം ആന്‍ഡ് വെസ്റ്റേണ്‍ മോഡേര്‍ണിറ്റി (ലണ്ടന്‍, ബെല്ലേവ്, 1990), പേ. 104.
2- സയ്യിദ് ഹുസൈന്‍ നസ്വ്ര്‍, ഇസ്‌ലാം ആന്‍ഡ് ദി പ്ലൈറ്റ് ഓഫ് മോഡേര്‍ണ്‍ മാന്‍ (ലണ്ടന്‍, ലോങ്മാന്‍, 1975), പേ. 131-132
3- വിശദമായ വായനക്ക് ചന്ദ്രാ മുസഫറിന്റെ ഡോമിനന്റ് വെസ്‌റ്റേര്‍ണ്‍ പേര്‍സെപ്ഷന്‍സ് ഓഫ് ഇസ്‌ലാം ആന്‍്ഡ ദി മുസ്‌ലിം (ദി താറ്റ്ച്ചഡ് പാഷ്യോ, വാല്യം 6, 1993, പേ. 25-26) നോക്കുക. അതുപോലെ ശൈഖ് ഫള്‌ലുല്ലാഹ് ഹൈയ്‌രിയുടെ ദി എലമന്റ്‌സ് ഓഫ് ഇസ്‌ലാമും വായിക്കുക.
4- ഫള്‌ലുര്‍റഹ്‌മാന്‍, ഇസ്‌ലാം ആന്‍ഡ് മോഡേര്‍ണിറ്റി: ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫ് ആന്‍ ഇന്റലക്ച്വല്‍ ട്രഡീഷന്‍, ചിക്കാഗോ, യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ പ്രസ്, 1982, പേ. 139.
5- പി.ജെ വാറ്റികിയോറ്റിസ്, ഇസ്‌ലാം ആന്‍ഡ് ദി സ്‌റ്റേറ്റ്, ലണ്ടന്‍, റൂട്ട്‌ലെഡ്ജ്, 1991, പേ. 67.
( തുടരും )
വിവ: മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp