Current Date

Search
Close this search box.
Search
Close this search box.

ഡെമോക്രസി ഇസ്ലാമിക വീക്ഷണത്തില്‍

ഏറെ ചർച്ചകൾക്കു വിധേയമായിട്ടുള്ള, ഒത്തിരി ഗ്രന്ഥങ്ങൾ വിരചിതമായിട്ടുള്ള, ഇസ്ലാമിക പ്രസിദ്ധീകരണങ്ങളും പത്രങ്ങളും നിരന്തരം ചർച്ച ചെയ്തിട്ടുള്ള, രാഷ്ട്രീയ കൂടിക്കാഴ്ച്ചകളിൽ പലപ്പോഴും കടന്നുവരുന്ന ഒരു വിഷയമാണ് ഇസ്ലാമും ഡെമോക്രസിയും. എന്നതുകൊണ്ടുതന്നെ ആവർത്തനമില്ലാതിരിക്കാൻ പരമ്പരാഗതമായ  പറച്ചിലിൽ നിന്നു മാറി ആറ്റിക്കുറുക്കി വിഷയത്തിൻറെ ആദ്യാവസാനം പ്രതിപാദിക്കുന്നതിനു പകരം കൂടുതൽ ചർച്ചകൾ ആവശ്യമെന്നു തോന്നുന്ന പ്രധാന വിഷയങ്ങൾ മാത്രം വിശദീകരിക്കുകയാണിവിടെ. ഏകദേശം കഴിഞ്ഞ ഒരു നൂറ്റാണ്ടായി, വെസ്റ്റേൺ ഡെമോക്രസി ലോകവ്യാപകമായി, വിശേഷിച്ച് ഇസ്ലാമിക ലോകത്ത് പടർന്നു പിടിച്ചപ്പോൾ, മുസ്ലിം പണ്ഡിതന്മാരും ഗ്രന്ഥകാരും കർമശാസ്ത്രപണ്ഡിതരും ചിന്തകരുമെല്ലാം ഈ പ്രശ്നത്തെ വിമർശിച്ചും നിരൂപിച്ചും സ്വാഗതം ചെയ്തും താരമത്യം നടത്തിയും ഫത് വകൾ കൊടുത്തും ഗ്രന്ഥരചനകളും മറ്റുമായി വിഷയത്തിൽ സജീവമായ ഇപടെലുകൾ നടത്തുന്നുണ്ട്. അത്രയേറെ ചർവിതചർവണങ്ങൾ ചെയ്യപ്പെട്ട ഒരു വിഷയമാണിതെന്ന് ആമുഖമായി കുറിക്കട്ടെ.

ഒന്ന്: ഒരു പ്രദേശം സ്വയം തന്നെ ഭരണം നടത്തൽ
ഡെമോക്രസി സംവിധാനത്തിൻറെ ഏറ്റവും അടിസ്ഥാനപരമായ സവിശേഷതയായി പറയാറുള്ളത് സ്വയം ഭരണമാണ്, അഥവാ സ്വന്തത്തെ കൊണ്ട് സ്വന്തത്തെ തന്നെ ഭരിക്കുക. ഇസ്ലാമിക വീക്ഷണകോണിലൂടെ നോക്കുമ്പോൾ, കാര്യങ്ങളുടെ നടത്തിപ്പ്, നിയമനിർമാണം, കൽപനകളും നിരോധനകളും, സംരക്ഷണം ഉറപ്പാക്കൽ തുടങ്ങിയവ ഉറപ്പാക്കുന്ന വിശാലാർഥത്തിലുള്ള ജനങ്ങൾക്കു മേലുള്ള ഭരണം രണ്ടു വിധത്തിലുണ്ട്. കൃത്യമായി നിശ്ചയിക്കപ്പെട്ടതും സ്ഥിരപ്പെട്ടതുമായ ഒന്നും, കാര്യങ്ങൾ നിർണിതമല്ലാതെ ജനങ്ങളെ അവർക്കു തന്നെ വിട്ടുകൊടുക്കുന്ന മറ്റൊന്നുമാണത്. അതുകൊണ്ടു തന്നെ, ഇസ്ലാമിക ജീവിതം മതനിയമങ്ങൾ- ഇജ്തിഹാദ്, ദിവ്യബോധനം-ഇജ്തിഹാദ് എന്നീ രണ്ടു തുല്യമായ, പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന രണ്ടു വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്നു നമുക്കു പറയാനാകും.

ദിവ്യബോധന (വഹ് യ് ) ങ്ങളെക്കുറിച്ചു പറയുമ്പോൾ, ദൈവികാജ്ഞകൾ (നസ്സ്വ്) സംശയങ്ങൾക്കിടയില്ലാത്തവിധം വ്യക്തമാണെങ്കിൽ നിസ്സംശയം നമുക്കു പറയാം അവിടെ അല്ലാഹുവിനല്ലാതെ വിധിപറയാൻ അർഹതയില്ലെന്ന്. അവിടെ കൂടിയാലോചനയ്ക്കും സാധ്യതയില്ലെന്ന്. ഇനി അതല്ല, ദൈവികാജ്ഞ ഉള്ളതോടൊപ്പം തന്നെ അതിൻറെ ദൃഢതയുടെ വിഷയത്തിലോ തെളിവിൻറെ കാര്യത്തിലോ ചർച്ചയ്ക്കു വകയുണ്ടാവുകയോ, അല്ല ദൈവികാജ്ഞ തീരെ ഇല്ലാതിരിക്കുകയോ ചെയ്താലാണ് ആ വിഷയത്തിൽ അറിവും വിഷയത്തിൽ പരിജ്ഞാനവുമുള്ളവർക്ക് ഇജ് തിഹാദും ചർച്ചകളും അനുവദിക്കപ്പെടുന്നത്.

ഇനി നമുക്ക് വിധി പറയാൻ അർഹതയില്ലെന്ന് വ്യക്തമായ കാര്യമാണെങ്കിൽ പോലും അതിൻറെ പ്രായോഗിതയുടെയും ക്രമീകരണത്തിൻറെയും വിഷയത്തിൽ ഇജ്തിഹാദ് ആകാവുന്നതാണ്. ഉദാഹരണത്തിന്, സകാത്തിൻറെ വിഷയത്തിൽ, അതിൻറെ അവകാശികളുമായോ കണക്കുമായോ ബന്ധപ്പെട്ട്, ആർക്കും ഇജ്തിഹാദ് നടത്താനോ നിരാകരിക്കാനോ കൂട്ടാനോ കുറക്കാനോ പറ്റാത്ത ഒരു വിഷയത്തിൽ, അതിൻറെ പ്രായോഗികവശങ്ങളും നടപ്പിലാക്കുന്ന രീതികളും സംബന്ധിച്ചുള്ള ചർച്ചകൾ ഇജ്തിഹാദിൻറെ വാതിൽ തുറക്കുന്നുണ്ട്. വിതരണം ചെയ്യാൻ സൂക്ഷിച്ചുവെച്ചിട്ടുള്ള സകാത്ത് സ്വത്തുകൾ എന്തു ചെയ്യണമെന്ന വിഷയത്തിലും ഇജ്തിഹാദിന് സാധ്യതയുണ്ട്. അതിൽ കച്ചവടം നടത്തണോ, സൂക്ഷിച്ചു വെക്കണോ, കടം കൊടുക്കാമോ എന്നിങ്ങനെ തുടങ്ങി പല വിഷയങ്ങളും. പിന്നെ സകാത്തിനു വേണ്ടി പണിയെടുക്കുന്നവർ എന്നു ഖുർആൻ വിശേഷിപ്പിച്ചവർ എങ്ങനെയാണ് അവരുടെ ബാധ്യത നിറവേറ്റേണ്ടത്, ഓരോ വ്യക്തിയും സ്വയം ചെയ്യുകയാണോ അല്ല കൂട്ടായ തീരുമാനങ്ങൾക്ക് ശേഷം ചെയ്യുകയാണോ, സാമ്പത്തികം- സാങ്കേതികം- കൈകാര്യം തുടങ്ങി ഏതു മേഖലകളാണ് എന്നിങ്ങനെ പല വിഷയങ്ങളും ഇവിടെ കടന്നുവരും. ഇതുപോലെ ശിക്ഷ നടപ്പാക്കുന്നതു പോലോത്ത, കുടുംബവ്യവസ്ഥ പോലോത്ത വിഷയങ്ങളിലെല്ലാം പ്രായോഗിക തലം പരിശോധിക്കുമ്പോൾ ഇജ്തിഹാദിനും കൂടിയാലോചനകൾക്കും ഇടം കാണാവുന്നതാണ്.

മാത്രമല്ല, ഖദാഇനെക്കുറിച്ചുള്ള എഴുത്തുകളിലെ ഖാദി വിധി പറയുന്നതിനു മുമ്പ് കൂടിയാലോചന നടത്തണമെന്ന നിബന്ധന ഖാദിമാർ കാലങ്ങളായി അനുഷ്ഠിച്ചു പോരുന്നതുമാണ്. ഈ കൂടിയാലോചനാ രീതി എല്ലായിടത്തും കൃത്യമായി നടന്നുപോന്നിരുന്നു. അന്ദുലുസിൽ വളരെ കണിശമായി നടത്തപ്പെട്ടിരുന്നു ഇത്. മുൻകാല പണ്ഡിതന്മാരുടെ ജീവിചരിത്രം പറയുന്നിടത്ത് ‘മുശാവിർ'(കൂടിയാലോചന നടത്തുന്നവൻ) ‘അൽ ഫഖീഹുൽ മുശാവിർ'( മുശാവിറായ ഫിഖ്ഹ് പണ്ഡിതൻ) എന്നീ പേരുകളിൽ ഇത്തരക്കാർ അറിയപ്പെട്ടിരുന്നതായി രേഖപ്പെടുത്തിക്കാണാം. അതുകൊണ്ടു തന്നെ കൂടിയാലോചന ഖാദിയുടെ നിർബന്ധ ബാധ്യതയാണ്. ഇസ്ലാമിക നീതിന്യായ വ്യവസ്ഥയുടെ രീതിയനുസരിച്ച് യഥാർഥ ഇജ്തിഹാദിൻറെ മാർഗത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പുതന്നെ ഒരുതരം കൂടിയാലോചനയും ഇജ്തിഹാദും ഉപയോഗിച്ച് വിധികൾ നടപ്പിലാക്കുക എന്നുള്ളതാണ്. ഇത്തരത്തിൽ നമ്മളെ സംബന്ധിക്കുന്ന ഏതു വിഷയങ്ങളിലും വ്യക്തമായ വിധികൾ നിയമമാക്കപ്പെട്ട വിഷയങ്ങളാണെങ്കിൽ പോലും അവയിലും കൂടിയാലോചനക്കും ഇജ്തിഹാദിനും സാധ്യതകളുണ്ടെന്നു സാരം.

ഇത്തരത്തിൽ ശൂറാ നടത്താൻ സാധ്യതകളുള്ള വിഷയങ്ങളിലൊക്കെ നമുക്കൊരു കാര്യം പറയാൻ സാധിക്കും; ഇതിൽ ജനങ്ങൾ തന്നെ സ്വയം തങ്ങളുടെ കാര്യങ്ങൾ നിയന്ത്രിക്കുകയും വിധി പറയുകയുമാണ് ചെയ്യുന്നത്. അപ്രകാരം, പണ്ഡിതന്മാർ, ഖാദിമാർ, അല്ലെങ്കിൽ നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർ മുഖാന്തിരം ജനങ്ങൾ വിധിപറയുമ്പോൾ ജനങ്ങൾ സ്വന്തത്തെ സ്വന്തമായിത്തന്നെ ഭരിക്കുകയാണ്. അങ്ങനെയല്ലാതെ സ്വയം ഭരണമെന്ന അർഥത്തിൽ മറ്റൊരു രീതിയിലും ഭരണം നടത്തിയിട്ടുള്ള ഒരു സമൂഹത്തെ ചരിത്രത്തിലെവിടെയും കാണുക സാധ്യമല്ല. അപ്പോൾ ‘ജനങ്ങൾ സ്വന്തത്തെ സ്വന്തമായി ഭരിക്കുക’ എന്നാലർഥം, തങ്ങളെ ഭരിക്കാനുള്ള ആർക്കാരെയും ഭരിക്കേണ്ട രീതിയെയും ജനങ്ങൾ തന്നെ തീരുമാനിക്കുകയും നിശ്ചയിക്കുകയും ചെയ്യുന്നു എന്നാണ്. ഇത്തരത്തിൽ, നമ്മൾ തെരഞ്ഞെടുക്കുന്ന ആൾക്കാർ നമ്മെ ഭരിക്കുമ്പോൾ, നമ്മൾ തൃപ്തിപ്പെടുന്ന ഖാദിമാർ നമ്മുടെ മേൽ വിധിപറയുമ്പോൾ, നമ്മൾ പിന്തുടരുകയും അനുവർത്തിക്കുകയും ചെയ്യുന്ന പണ്ഡിതന്മാർ നമ്മെ നയിക്കുമ്പോൾ ഒക്കെ നമ്മൾ നമ്മെത്തന്നെ ഭരിക്കുകയാണ്. അതെ, ഇവിടെ ഇസ്ലാം സമ്പൂർണാർഥത്തിൽ മറ്റുള്ളവയിൽ നിന്നു വേർതിരിഞ്ഞു നിൽക്കുന്നുണ്ട്. ഡെമോക്രസിക്ക് പൊതുവെ ഡെമോക്രസിയല്ലാതെ മറ്റൊരു അവലംബവും അടിസ്ഥാനവും ഇല്ലാതിരിക്കുമ്പോഴും ഇസ് ലാമിന് അതുണ്ട് എന്നിടത്താണ് പ്രധാനമായും ഈ വ്യത്യാസം കിടക്കുന്നത്. അഥവാ, നമ്മൾ ഒരാളെ ഭരണാധിപനായി തെരഞ്ഞെടുക്കുമ്പോഴും വിധിപറയാൻ വേണ്ടി നിശ്ചയിക്കുമ്പോഴുമൊക്കെ മതം നിശ്ചയിച്ച നിബന്ധനകൾ പാലിക്കുമെന്ന വാഗ്ദാനവും ഉറപ്പും പറഞ്ഞുകൊണ്ടുള്ള കരാറിൻറെ അടിസ്ഥാനത്തിൽ മാത്രമാണ്. അതേസമയം, ഡെമോക്രസിയുടെ അവലംബവും അടിസ്ഥാനവും അവർ സ്വയം തീരുമാനിക്കുന്നതും പറയുന്നതും മാത്രമാണ്.

രണ്ട്: ഭൂരിപക്ഷം പരിഗണിച്ചുള്ള ഭരണവ്യവസ്ഥിതി
ഡെമോക്രസി സംവിധാനത്തിൻറെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് ഭൂരിപക്ഷം പരിഗണിച്ചുള്ള ഭരണവ്യവസ്ഥിതി. ഡെമോക്രസിയെന്നാൽ ഒരു പ്രദേശത്തിൻറെ സ്വയംഭരണാധികാരമാണെന്നു പറയുമ്പോൾ, പ്രായോഗിക തലത്തിൽ പ്രദേശത്തിൻറെ തീരുമാനങ്ങളിലോരോന്നിലും ഏകാഭിപ്രായമുണ്ടാകണം എന്നതാണ് നിബന്ധന. ഇത്തരത്തിൽ നൂറു ശതമാനം ഏകാഭിപ്രായം ഉണ്ടാവുകയെന്നത് അസാധ്യമാണ്. ഒരു പ്രദേശം ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടുവെന്ന് സാധാരണ ഗതിയിൽ പറയുന്നത് പോലും ബഹുഭൂരിപക്ഷം എന്നയർഥത്തിൽ മാത്രമാണ്. മൊറോക്കോയിലെ മരുഭൂമികൾ സംബന്ധിച്ച വിഷയത്തിൽ എല്ലാവരും ഏകസ്വരക്കാരാണ് എന്നു പറയുമ്പോഴും അത് അംഗീകരിക്കാത്ത ഒരു കൂട്ടർ അവിടെയുണ്ടെന്നത് വസ്തുതയാണ്. മറ്റൊരുദാഹരണം പറഞ്ഞാൽ മൊറോക്കോ സമ്പൂർണമായും ഇസ് ലാമികമാണെന്ന് നാം പറയാറുണ്ട്. അപ്പോഴും, തീരെ മുസ് ലിംകളല്ലാത്ത, നിരീശ്വരവാദികളായ ജനങ്ങൾ അവിടെയുണ്ടുതാനും. അപ്രകാരം തന്നെയാണ് ഒരു പ്രദേശം സ്വയം ഭരണം നടത്തുന്നു എന്നു നാം പറയുമ്പോഴും സംഭവിക്കുന്നത്. ഭൂരിപക്ഷം എന്നാണ് അതിൻറെ അർഥം. ആ ഭൂരിപക്ഷം കൂടുകയും കുറയുകയും ചെയ്യാം.

ഇങ്ങനെയാണ് ഡെമോക്രാറ്റിക് സംവിധാനത്തിൻറെ നെടുംതൂണായി ഭൂരിപക്ഷത്തിൻറെ അഭിപ്രായം നിയമമാക്കുക എന്ന അടിസ്ഥാനം രൂപപ്പെട്ടുവന്നത്. ഈയൊരു അടിസ്ഥാനത്തെ നമുക്ക് ഇപ്രകാരം പരിചയപ്പെടുത്താം: ബുദ്ധിപരമായി സ്ഥാപിക്കപ്പെട്ടതാണ് ഈ നിയമം. ബുദ്ധിപരമായി സ്ഥിരപ്പെട്ട കാര്യങ്ങൾക്ക് ഇസ്ലാമിക ശരീഅത്തിൽ സ്ഥാനവുമുണ്ട്. കാരണം, ജനങ്ങൾ ഭിന്നസ്വരക്കാരായാൽ രണ്ടാലൊരു മാർഗമാണ് നമുക്ക് മുന്നിലുണ്ടാവുക. ഭൂരിപക്ഷത്തിൻറെ അഭിപ്രായം ന്യൂനപക്ഷത്തിനു മേൽ നടപ്പിലാക്കുക, ന്യൂനപക്ഷത്തിൻറെ അഭിപ്രായം ഭൂരിപക്ഷത്തിനു മേൽ നടപ്പിലാക്കുക എന്നിവയാണത്. ഇവിടെ ഏതിനാണ് മുൻഗണന എന്നത് വ്യക്തമാണല്ലോ.

പിന്നെ പലരും ഉന്നയിക്കാറുള്ള വിഷയം ഒരു കാര്യത്തിൽ ഭൂരിപക്ഷമായി എന്നത് അതിൽ തെറ്റില്ല എന്നതിനുള്ള തെളിവല്ല എന്നതാണ്. ശരിയാണത്. പക്ഷെ, അതിനു ബദൽ മാർഗമായി എന്താണുള്ളത്. ന്യൂനപക്ഷം തെറ്റിൽ നിന്ന് മുക്തമാണോ? അല്ല. അപ്പോൾ അനിശ്ചിതത്വം ഒരിക്കലും ഗുണം ചെയ്യില്ല എന്ന നിലക്കാണ് ഭൂരിപക്ഷാഭിപ്രായം വെച്ച് വിധികൾ തീരുമാനിക്കപ്പെടുന്നത്. ഇങ്ങനെയാണ് ഡെമോക്രസി ഭൂരിപക്ഷത്തിൻറെ ഭാഗം ചേരുന്നതും ന്യൂനപക്ഷത്തിൻറെ മേൽ വിധി പ്രസ്താവിക്കുന്നതും. ഇതിനു നേർ വിപരീതമായി, ഭൂരിപക്ഷത്തിൻറെ വിധിയെ എതിർക്കാനും അതിനു വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള ന്യൂനപക്ഷത്തിൻറെ അവകാശവും അടിസ്ഥാനപരമാണ്.
നമ്മുടെ മതവും പാരമ്പര്യവും മതത്തിൻറെ അടിസ്ഥാനങ്ങളും പരിശോധിക്കുമ്പോഴും ഭൂരിപക്ഷത്തിൻറെ സ്വരങ്ങൾ വിധികളായി നിലവിൽ വന്ന അവസ്ഥകൾ കാണാവുന്നതാണ്. ചിലപ്പോൾ ഒരേ പേരിലും രൂപത്തിലും ഭാവത്തിലും ആവില്ല അതെന്നു മാത്രം. ഇസ് ലാം മതം നിർദേശിക്കുന്ന പ്രകാരമുള്ള പ്രത്യേക നിബന്ധനകളും മാനദണ്ഡങ്ങളും അടിസ്ഥാനപ്പെടുത്തിയുള്ള ഭൂരിപക്ഷാഭിപ്രായത്തിൻറെ നിയമവൽക്കരണം ഇപ്പോൾ നിലവിലുള്ളൊരു അടിസ്ഥാനരൂപമാണ്. അതേസമയം, ഡെമോക്രസി സംവിധാനത്തിൽ ഭൂരിപക്ഷമെന്നത് മാറി, മാർക്സിസ്റ്റ് ചിന്തകൾ പറയുന്നത് പോലെയുള്ള ഏകാധിപത്യത്തിലേക്ക് മാറാതിരിക്കുകയെന്നതും പ്രധാനമാണ്.

ഉദാഹരണത്തിന്, അബൂബക്കർ(റ) ബൈഅത്ത് ചെയ്യപ്പെട്ട സമയത്ത്, ഏകാഭിപ്രായത്തിനു സമാനമായ ഒന്നു കൊണ്ടാണ് അദ്ദേഹം ബൈഅത്ത് ചെയ്യപ്പെട്ടത്, സമ്പൂർണമായ ഏകാഭിപ്രായം കൊണ്ടല്ല. ബൈഅത്ത് ചെയ്തു അധികാരമേറ്റ ആദ്യ ദിവസം മുതൽ തന്നെ ഒന്നിലേറെ സ്വഹാബികളും അല്ലാത്തവരും ആ ബൈഅത്ത് അംഗീകരിക്കാത്തവരായി ഉണ്ടായിരുന്നു. ആ ബൈഅത്ത് ശരിയാണെന്ന് അംഗീകരിക്കുമ്പോഴും വേറെ ചിലരായിരുന്നു കൂടുതൽ അനുയോജ്യർ എന്ന് അഭിപ്രായപ്പെട്ടവരുണ്ടായിരുന്നു. അപ്പോൾ അബൂബക്കർ(റ) നെ അധികാരത്തിലേറ്റിയത് ഏകാഭിപ്രായമല്ല, മറിച്ച് ഭൂരിപക്ഷമാണ്. ഇതേപ്രകാരമാണ് മറ്റെല്ലാ ഖലീഫമാരുടെയും അധികാരാരോഹണം നടന്നതും. സമ്പൂർണ ഏകാഭിപ്രായത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഒരു ഖലീഫയും ചരിത്രത്തിൽ കാണാവതല്ല. എങ്കിലും, മറ്റു പല മേഖലകളിലും ഏകാഭിപ്രായങ്ങൾ നമുക്ക് കാണാം. പ്രത്യേകിച്ച്, ശാസ്ത്രീയ, കർമശാസ്ത്ര വിഷയങ്ങളിൽ ഭൂരിപക്ഷാഭിപ്രായം എന്ന പേരിൽ പറയപ്പെടുന്ന അഭിപ്രായം പലപ്പോഴും പ്രബലമാക്കപ്പെടാറുണ്ട്. ഭൂരിപക്ഷമെന്നാൽ ഓരോ സമൂഹത്തിലോ പണ്ഡിതന്മാർക്കോ ഇടയിലൊക്കെയുള്ള അഭിപ്രായ പ്രകടനങ്ങളിൽ ഉണ്ടാകാം. ഇതിനുപുറമെ, ഒരുപാട് പണ്ഡിതന്മാർ ഏകോപിച്ചു പറഞ്ഞതും മുൻഗണന ഭൂരിപക്ഷത്തിൻറെ വാക്കിനാണ് എന്നു തന്നെയാണ്. കർമശാസ്ത്രപണ്ഡിതർക്കിടയിലും ഹദീസ് റിപ്പോർട്ടുകളിൽ രണ്ടെണ്ണം വൈരുധ്യമായി വന്നാലും അങ്ങനെ തന്നെയാണ് പരിഗണിക്കപ്പെടുക. മിക്ക പണ്ഡിതന്മാരും അങ്ങനെയായിരുന്നു ചെയ്തുപോന്നത്.

ഇമാം മാലികും(റ) അദ്ദേഹത്തിനു മുമ്പുള്ള മദീനയിലെ പണ്ഡിതരും മദീനക്കാരുടെ പ്രവൃത്തികളെ തെളിവായി സ്വീകരിച്ചത് അതുകൊണ്ടായിരുന്നു. ‘ഒരാൾ മറ്റൊരാളെ തൊട്ട് നിവേദനം ചെയ്തതിലേറെ മഹത്തരമാണ് ആയിരം പേർ മറ്റൊരു ആയിരം പേരെ തൊട്ട് നിവേദനം ചെയ്തതെ’ ന്ന് പറയാറുണ്ട്. കർമശാസ്ത്രഗ്രന്ഥങ്ങളിലും ഭൂരിപക്ഷത്തിൻറെ അഭിപ്രായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഒരുപാട് കാണാം. ഉമർ(റ) തൻറെ വിയോഗത്തിനു ശേഷം പുതിയ ഖലീഫയെ തെരഞ്ഞെടുക്കാൻ ആറംഗ സമിതിയെ നിശ്ചയിച്ചതും മൂന്നു പേർ തുല്യമായി നിൽക്കുകയാണെങ്കിൽ മകൻ അബ്ദുല്ലാ(റ)യുടെ അഭിപ്രായപ്രകാരം പുതിയ ആൾ തീരുമാനിക്കപ്പെടുമെന്നും പറഞ്ഞ സംഭവം സുവിദിതമാണല്ലോ.

മൂന്ന്: അധികാര വിഭജനം
ഡെമോക്രസി സംവിധാനത്തിൻറെ മൂന്നാമത്തെ അടിസ്ഥാനമാണിത്. മൂന്നു തരത്തിലുള്ള അധികാര വിഭജനമാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. നിയമനിർമാണാധികാരം, വിധിക്കുള്ള അധികാരം, നടപ്പിലാക്കാനുള്ള അധികാരം എന്നിങ്ങനെയാണവ. ആദ്യമായി, നൂറ്റാണ്ടുകളായി ഭരണം നടത്തിപ്പോരുന്ന ഒരു ഭരണസംവിധാനം, ജനങ്ങൾ അംഗീകരിക്കുകയും പ്രായോഗികവൽക്കരിക്കുകയും ചെയ്യുന്ന നിയമങ്ങലിലൂടെയാവണം മുന്നോട്ടു പോവേണ്ടത്. രണ്ടാമതായി, ആ നിയമങ്ങൾ ലംഘിക്കുകയോ അലംഭാവം കാണിക്കുകയോ ചെയ്യുമ്പോൾ നിയമാനുസൃതമായി വിധി പറയുക. മൂന്നാമതായി, ആ വിധി വിജയകരമായി നടപ്പിൽ വരുത്തുക.

ഈയൊരു അടിസ്ഥാനത്തെ എതിർക്കുകയും ഇസ് ലാമിൽ അങ്ങനെയൊരു രീതിയില്ലെന്നും എല്ലാം ഖലീഫയുടെ ദൗത്യമാണെന്നും നബി തങ്ങളും അങ്ങനെ അധികാരം മുഴുവനായി കയ്യാളുകയായിരുന്നു എന്നും വാദിക്കുന്നവരുണ്ട്. പക്ഷെ, നമ്മുടെ ചരിത്രം പരിശോധിക്കുമ്പോൾ, ഈ അധികാര വിഭജന രീതി കാലങ്ങൾക്കു മുമ്പുതന്നെ ആരംഭിച്ചതായി കാണാം. ഇന്നത്തെ കാലത്ത് ഏകാധിപത്യ ശ്രമങ്ങൾ തടയാനാണ് അധികാര വിഭജനം നടപ്പിൽ വരുത്തുന്നതെങ്കിൽ, പ്രകൃതിപരമായി നോക്കുമ്പോൾ തന്നെ, സമ്പൂർണാധികാരം കൈപ്പെടുത്തുമെന്ന ഭയമില്ലെങ്കിൽ പോലും അധികാര വിഭജനം നടത്തുകയെന്നത് അഭികാമ്യമാണ്. ഉദാഹരണത്തിന്, ഒരു മദ്റസ സ്വന്തമായുള്ളൊരു മനുഷ്യൻ ഒരു വിഭാഗത്തിനു തുല്യമാണ്. അതിൻറെ മാനേജനും കാവൽക്കാരനും അധ്യാപകനും മദ്റസ പൂട്ടുകയും തുറക്കുകയും ചെയ്യുന്നവനുമൊക്കെ അവനാകാം. അതേസമയം, അവിടെ പത്തു വിഭാഗങ്ങൾ ഉണ്ടാകുമ്പോൾ അധികാര വിഭജനം നടത്തുകയെന്നത് അനിവാര്യമാകും. അല്ലാത്തപക്ഷം, അതിൻറെ സമ്പൂർണ കർതൃത്വവും കയ്യടക്കി വെക്കുകയെന്നത് അപകടം തന്നെയാവും.

ആദ്യകാലത്ത് കാര്യങ്ങളൊക്കെ എളുപ്പമായിരുന്നു. നബി(സ)യെ എല്ലാവിഷയത്തിലും താരതമ്യം ചെയ്യുന്നതിനു പകരം എല്ലാ വിഷയത്തിലും പിന്തുടരാനാണ് അവർ ശ്രമിച്ചത്. നബി(സ) തങ്ങൾ ഫത് വ കൊടുക്കുകയും തർക്കിക്കുന്നവർക്കിടയിൽ വിധിപറയുകയും അവ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, നബിയുടെ കാലത്തു തന്നെ ഒരു തരം ഭിന്നത വെളിപ്പെട്ടു തുടങ്ങിയിരുന്നു, ഖലീഫമാരുടെ കാലത്തും തുടർന്നു അവ കൂടുതൽ തെളിഞ്ഞുവന്നു. അങ്ങനെയാണ് വിധിന്യായ സംവിധാനം വേറിട്ടൊരു മേഖലയായി മാറുന്നത്. ഇന്ന് നാം പറയുന്ന നീതിനിർവഹണ സംവിധാനവും വേറിട്ടത് അങ്ങനെയാണ്. നിയമനിർമാണസംവിധാനം ഇവ രണ്ടിനുമിടയിൽ മാറിമാറിവരികയായിരുന്നു അപ്പോൾ. ഖാദി പണ്ഡിതനും മുജ്തഹിദും ആകണമെന്ന അടിസ്ഥാനത്തിനു പുറത്തായിരുന്നു ഇങ്ങനെയൊരു വാദഗതി രൂപപ്പെട്ടുവന്നത്. ഖാദി ഇപ്രകാരം ആവുകയും അയാൾ അനുവർത്തിക്കുന്ന വിധികളും നിയമങ്ങളും തെളിവുകളും ഉണ്ടാവുകയും ചെയ്താൽ അയാൾ സ്വയേഷ്ടപ്രകാരം നിയമനിർമാണം നടത്തുന്നുവെന്ന പ്രശ്നം ഉയർന്നു വരും.

ചുരുക്കത്തിൽ ഇവിടെ വിഭജിക്കപ്പെടാത്ത അധികാരം നിയമനിർമാണത്തിനുള്ള അധികാരം മാത്രമാണ്. എന്നിരുന്നാലും അധികാരവിഭജനമെന്നത് നമ്മുടെ ചരിത്രത്തിൽ വിവിധരൂപങ്ങളിലായി നടപ്പിൽ വന്നിട്ടുള്ളതും വിജയകരമായി നടപ്പിലാക്കാവുന്നതുമായ ഒരു രീതിയാണ്. കാരണം, കൂടുതൽ നീതിയും നന്മയും സന്തുതിലത്വവും ഉറപ്പാക്കുന്ന, ഒരാൾ കൂടുതൽ ഭാരം ചുമക്കുന്നതിനു പകരം കൂടുതൽ പേർക്ക് ഉത്തരവാദിത്വവും അവസരവും നൽകുന്ന രീതിയാണത്. ഡെമോക്രസിയുടെ വളരെ പ്രധാനമായ അടിസ്ഥാനങ്ങളിലൊന്നാണിത്.

നാല്: ഡെമോക്രസിയുടെ പ്രായോഗികത സംബന്ധിച്ച ചില പ്രശ്നങ്ങൾ
ചില മുസ് ലിം ചിന്തകരും പൊതുജനങ്ങളും പ്രസ്ഥാനങ്ങളും ഡെമോക്രസിയുടേതായി ഉന്നയിക്കുന്ന രണ്ടു പ്രധാന പ്രശ്നങ്ങളാണുള്ളത്. ഒന്നാമതായി, ഡെമോക്രസി എന്നത് ഇസ് ലാമികമല്ലാത്ത അന്തരീക്ഷത്തിലും മണ്ണിലും ഉദ്ഭവിച്ചതാണെന്ന വാദമാണ്. ബിംബാരധനാ അന്തരീക്ഷത്തിൽ രൂപംപ്രാപിച്ച് ക്രിസ്തീയാന്തരീക്ഷത്തിൽ വളർന്ന് മതനിരാസാന്തരീക്ഷത്തിൽ എത്തിച്ചേർന്ന ഒന്നാണ് അതെന്നാണ് അവരുടെ പക്ഷം. ബഹുദൈവാരാധനയുടെയും ബിംബാരാധനയുടെയും മതത്തെ അകറ്റി നിർത്തുന്നതിൻറെയുമൊക്കെ ഇടയിലാണ് ഗ്രീക്കിലും മറ്റു പാശ്ചാര്യ രാഷ്ട്രങ്ങളിലും ഇവ എത്തിച്ചേർന്നത്. ഇത്തരത്തിലുള്ള സംസ്കാരങ്ങളിലൂടെ കടന്നു വന്ന ഡെമോക്രസി ഇസ് ലാമിക ലോകത്തേക്കു കടന്നുവരുമ്പോൾ സ്വാഭാവികമായും ഇത്തരം പ്രശ്നങ്ങളും അതുവഴി നുഴഞ്ഞുകയറുമെന്നാണ് അവർ നിരീക്ഷിക്കുന്നത്. രണ്ടാമതായി, ഭൂരിപക്ഷത്തെ വിധി പറയാനനുവദിക്കുന്ന, ഒരു കാര്യം അനുവദിക്കാനും നിരോധിക്കാനുമുള്ള മാനദണ്ഡമായി ഭൂരിപക്ഷത്തെ കാണുന്ന ഈയൊരു സംവിധാനം ദൈവിക കൽപനകളെ പാടെ നിരാകരിക്കാനും അല്ലാഹു അനുവദിച്ചവയെ നിരോധിക്കാനും നിരോധിച്ചവയെ അനുവദിക്കാനും സാധ്യത നൽകുന്നുണ്ട് എന്നതാണ് അവരുന്നയിക്കുന്ന ആശങ്ക. അഥവാ, ഭൂരിപക്ഷം ചേർന്ന് മതനിയമങ്ങൾ തീരുമാനിക്കുന്നിടത്തേക്ക് കാര്യങ്ങൾ എത്തുക.

ഇതിൽ ആദ്യത്തെ സംശയത്തിനുള്ള മറുപടി, ഡെമോക്രസി അതിൻറെ ആദ്യ ഘട്ടത്തിൽ ബിംബാരാധനാ അന്തരീക്ഷം, തുടർന്ന് ക്രിസ്തീയാന്തരീക്ഷം, തുടർന്ന് സെക്കുലർ അന്തരീക്ഷം ഒക്കെയാണ് എന്ന വാദം തന്നെ അതൊരു നിശ്ചിത മതമില്ലാത്ത വ്യവസ്ഥിതിയാണെന്നു പറയുന്നുണ്ട്. ഓരോ അന്തരീക്ഷത്തിലെയും സ്വാധീനം അതിനുണ്ടാകുമായിരുന്നെങ്കിൽ പാശ്ചാത്യർ അതിനെ സ്വീകരിക്കുമ്പോൾ അതിനോടു കൂടെത്തന്നെ ബിംബാരാധനയും അവർ സ്വീകരിക്കണമായിരുന്നു. മതകീയാന്തരീക്ഷത്തിൽ നിന്ന് മതരാഹിത്യത്തിലേക്കുള്ള ഡെമോക്രസിയുടെ കൂടുമാറ്റം തന്നെ ഡെമോക്രസിയുടെ അടിസ്ഥാനതത്വങ്ങൾ മറ്റൊന്നിൻറെയും സ്വാധീനമില്ലാതെ, സ്വതന്ത്ര്യമായി നീക്കപ്പെടാവുന്നതാണ് എന്നതിൻറെ വ്യക്തമായ തെളിവാണ്. ഈ നീക്കമൊക്കെ വെറും സാങ്കൽപികം മാത്രമാണ്, അല്ലെങ്കിൽ ലോകവ്യാപകമായി ഡെമോക്രസിയെന്ന പേരിൽ നിലവിലുള്ള വിവിധ മതങ്ങളും ആശയധാരകളും പിന്തുടരുന്നവർ ഡെമോക്രസിയെ പ്രതിനിധീകരിക്കുന്നവരാണെന്ന് പറയാറുണ്ടല്ലോ.

കമ്മ്യൂണിസവും സോഷ്യലിസവുമെല്ലാം തങ്ങളുടെ രാഷ്ട്രങ്ങളുടെ പേരിൻറെ കൂടെ ഡെമോക്രാറ്റിക് എന്നു ചേർക്കുന്നതു കാണാം. ഡെമോക്രസി ഏതു രൂപത്തിലും വരാമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ഡെമോക്രസിയുടെ വിഷയത്തിൽ ഏറ്റവും സത്യസന്ധമായതെന്നു പറയപ്പെടുന്ന രാജ്യങ്ങളിൽ പോലും മതത്തിൻറേതും അല്ലാത്തതുമായ വിഷയത്തിൽ ഒത്തിരി ഭിന്നസ്വരങ്ങൾ കാണാം. അമേരിക്ക, ഇറ്റലി പോലെ രാഷ്ട്രീയത്തിലും നിത്യജീവിതത്തിലും മതത്തിന് വലിയ സ്വാധീനമുള്ള പാശ്ചാത്യ രാഷ്ട്രങ്ങളും കാണാം. അതേ സമയം, മതത്തെ തൊട്ട് പൂർണമായി വിട്ടുനിൽക്കുന്ന സ്കാൻറിനേവിയൻ രാജ്യങ്ങളും ഒരുപാട് കാണാം. ഇത്തരത്തിൽ ഡെമോക്രസിയുടെ അഭിവാജ്യ ഘടകങ്ങളെന്ന് നാം കരുതുന്ന പല കാര്യങ്ങളും സത്യത്തിൽ അനിവാര്യ ഘടകങ്ങളല്ല. അപ്പോൾ, ഒരു പ്രത്യേക രാഷ്ട്രത്തിൽ, ഒരു പ്രത്യേക സമയത്ത്, ആ രാഷ്ട്രത്തിലെ മറ്റു സ്വാധീനങ്ങളൊന്നുമില്ലാതെ തന്നെ ഡെമോക്രസിയുടെ അടിസ്ഥാനങ്ങളും ചിന്തകളും കൈമാറ്റം ചെയ്യൽ സാധ്യമാണെന്ന് ചുരുക്കം.

ഇനി ചരിത്രം പരിശോധിക്കുമ്പോൾ, ഡെമോക്രസിയെന്ന പദം പോലും പരിചയിച്ചിട്ടില്ലാത്ത പല രാഷ്ട്രങ്ങളും അതിലെ പല രീതികളും സംവിധാനങ്ങളും അനുവർത്തിച്ചതായി കാണാം. അതിനെ ഡെമോക്രാറ്റിക് പ്രാക്ടീസുകൾ എന്നോ മറ്റോ എന്തോ പേരിട്ടും വിളിക്കാം. ജാഹിലിയ്യാ കാലത്തെ അറബികൾ പോലും ഒരു തരം ഡെമോക്രസി സംവിധാനം കൊണ്ടാടുന്നവരായിരുന്നു. ഒരു നാട്ടിലെ ജനങ്ങൾ മുഴുവൻ ഒരുമിച്ചു കൂടി കാര്യങ്ങൾ ചർച്ച ചെയ്യുന്നതുമൊക്കെ ഡെമോക്രസിയുടെ ചെറിയ രൂപങ്ങളായി നമുക്കു മനസ്സിലാക്കാവുന്നതാണ്. ചരിത്രത്തിലുടനീളം ഈയൊരു രീതിയുണ്ടെങ്കിലും ഗ്രീക്കുകാരായിരുന്നു അതിൽ പ്രധാനികൾ. കാരണം, അവരാണ് തങ്ങളുടെ ജീവിതത്തെയും ബൗദ്ധിക – രാഷ്ട്രീയ ചരിത്രത്തെയും ഗ്രന്ഥങ്ങളിലൂടെയും എഴുത്തുകളിലൂടെയും വരച്ചിട്ടത്. അങ്ങനെയാണ് വിശാലമായ ഗ്രീക്ക് സംസ്കാരം നമുക്കു മുന്നിൽ സുപരിചിതമായത്.

അതേസമയം, ഏഷ്യയിലും ആഫ്രിക്കയിലും ഡെമോക്രസി സംവിധാനം കൊണ്ടുനടന്നിരുന്ന, ചിലപ്പോൾ ഗ്രീക്ക് സംവിധാനത്തെക്കാൾ മികച്ച രീതിയിൽ അവ അനുവർത്തിച്ചു പോന്നിരുന്ന പല വിഭാഗങ്ങളെയും ഗോത്രങ്ങളെയും കാണാം. ഗ്രീക്ക് ഡെമോക്രസിയിൽ സ്ത്രീകൾക്കും പാവങ്ങൾക്കും അടിമകൾക്കും ചിലപ്പോൾ സമൂഹത്തിലെ മൂന്നിൽ രണ്ടുഭാഗത്തിനും പ്രാതിനിധ്യമില്ലായിരുന്നു. അതേസമയം, ഇത്തരം ഒഴിച്ചു നിർത്തൽ ഇല്ലാത്ത ഒരുപാട് സംവിധാനങ്ങളും നമുക്ക് കാണാം.
പ്രത്യേക പേരുകളും രൂപങ്ങളും മാറ്റി നിർത്തിയാൽ ഇതേ രീതി വ്യാപകമായി അനുവർത്തിക്കപ്പെടുന്നതാണ്. നവകാലത്തെ ഡെമോക്രസി അതിന് കൂടുതൽ ഭാവമാറ്റങ്ങൾ നൽകുകയും ചിട്ടയുള്ളതാക്കുകയും ചെയ്തുവെന്ന് മാത്രം. അതിനൊക്കെ മുമ്പ് ഇസ് ലാം പ്രതിനിധാനം ചെയ്തതും സമാനമായ ആശയങ്ങളായിരുന്നു.

ഇനി ഇസ് ലാമിക വിധി വിലക്കുകൾ സമൂഹത്തിലെ ഭൂരിപക്ഷം നോക്കി മാറിമറിയുമോ എന്ന ചോദ്യത്തിന് രണ്ടുരീതിയിൽ ഉത്തരം പറയാം. ആദ്യമായി, ഭൂരിപക്ഷാഭിപ്രായം – ചുരുങ്ങിയത് ഇസ് ലാമിക ലോകത്തെങ്കിലും- എപ്പോഴും ഇസ് ലാമിക നിയമങ്ങൾക്കകത്തു നിന്നു മാത്രമേ ഉണ്ടാകൂ. അങ്ങനെയല്ല കാര്യങ്ങൾ എന്നു വാദിക്കുന്നവർ അതിനുള്ള തെളിവുകൾ കൊണ്ടുവരേണ്ടതുണ്ട്. ഇസ് ലാമിക ലോകത്ത് സ്വയം തെരഞ്ഞെടുപ്പിനുള്ള അവസരങ്ങൾ നൽകപ്പെട്ടപ്പോഴൊക്കെ ഇസ് ലാമിക നിയമങ്ങൾക്കനുസൃതമായി മാത്രമാണ് അവ നിലവിൽ വന്നിട്ടുള്ളത്. രണ്ടാമതായി, ‘നിങ്ങൾ ശിർക്ക് ചെയ്താൽ നിങ്ങളുടെ സത്കർമങ്ങളൊക്കെ തന്നെ അസാധുവാകുന്നതാണ്’ (സുമർ-65) എന്ന സൂക്തത്തെ പുരസ്കരിച്ച് ഒരു സാങ്കൽപിക ചോദ്യം ഉന്നയിച്ചു നോക്കാം. ഏതെങ്കിലുമൊരു പ്രദേശത്തിൻറെയോ ഇസ് ലാമിക പ്രവിശ്യയുടെയോ ഭൂരിപക്ഷം ഇസ് ലാമിലെ വല്ലതിനെയും നിരാകരിക്കുകയോ അനിസ് ലാമികമായ വല്ലതിനെയും അംഗീകരിക്കുകയോ ചെയ്തുവെന്നു കരുതുക. അതു വളരെ ഗൗരവതരമായ വിഷയം തന്നെയാണ്. കാരണം, ഇസ് ലാം എന്നത് ഒരു രാഷ്ട്രമോ അധികാരമോ എന്നതിലുപരി സ്വയം തെരഞ്ഞെടുപ്പും വിധേയത്വവും വഴിപ്പെടലുമൊക്കെയാണ്. വല്ല പ്രദേശത്തെയും ജനങ്ങൾ ഇസ് ലാമിനെ പാടെ മാറ്റി നിർത്തുകയും മതരാഹിത്യത്തെ സ്വീകരിക്കുകയും ചെയ്താൽ വലിയൊരു അപകടം തന്നെയാണത്. അപ്പോൾ ഡെമോക്രസിയെ കൊണ്ടുള്ള ഉപകാരം ഇത്തരം അപകടങ്ങൾ തിരിച്ചറിയാനും വേണ്ട മുൻകരുതലുകൾ എടുക്കാനും നമ്മെ പ്രാപ്തരാക്കുന്നു എന്നതാണ്.

നബി(സ) തങ്ങൾ മദീനയിൽ ഇസ് ലാം മതം സമ്പൂർണാർഥത്തിൽ സ്ഥാപിച്ചപ്പോൾ, മദീനയുടെ ഭൂരിപക്ഷവും ഇസ് ലാമിൻറെ അധികാരത്തിനു കീഴെ, ഇസ് ലാമിക വിശ്വാസത്തിൽ ആയിരുന്നു. ഹൃദയംകൊണ്ടും മനസ്സുകൊണ്ടും ആത്മാവുകൊണ്ടുമുള്ള ഇസ് ലാമിൻറെ അധികാരം. അതിനുമുമ്പ് ഒരിക്കലും നബിതങ്ങൾ മക്കയിലോ മറ്റോ അത്തരമൊരു അധികാരത്തിനുള്ള ശ്രമം നടത്തിയിരുന്നില്ല.

ഇനിയൊരു ഇസ് ലാമിക സമൂഹം ഇസ് ലാമല്ലാത്ത നിയമങ്ങൾ അനുവർത്തിക്കുകയോ, ഇസ് ലാമിലെ ചിലതു മാത്രം അംഗീകരിച്ച് മറ്റു ചിലത് നിരാകരിക്കുകയോ ചെയ്താൽ അവിടെ ചെയ്യേണ്ടത് ജനങ്ങളെ നിർബന്ധിപ്പിക്കുകയല്ല, മറിച്ച് അവരെ സ്വബോധനത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുകയും ഇസ് ലാമിനെ പരിചയപ്പെടുത്തുകയുമാണ് വേണ്ടത്. അതുകൊണ്ട് തന്നെ ഭൂരിപക്ഷവും നിരാകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്ന ഒരു സമൂഹത്തിൽ ഇസ് ലാമിനെ സ്ഥാപിക്കാൻ ശ്രമിക്കുക എന്നുള്ളത് ഭൂഷണമല്ല.
ഈ സാങ്കൽപിക പ്രതിസന്ധി മാറ്റിവെച്ചാൽ തന്നെയും, ഭൂരിപക്ഷമോ അല്ലെങ്കിൽ മുഴുവനായോ മുസ് ലിംകൾ ജീവിക്കുന്ന ഇസ് ലാമിക ലോകത്ത്, ജനങ്ങൾക്കും മറ്റും ഇസ് ലാമല്ലാത്ത മറ്റൊരു ജീവിത രീതിയെ നടപ്പിലാക്കാൻ സാധിക്കുകയെന്നത് പ്രായോഗിക തലത്തിൽ അസാധ്യമാണ്.

 

വിവ- മുഹമ്മദ് ശാകിർ മണിയറ

Related Articles