Wednesday, September 27, 2023
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
No Result
View All Result
Home Series Studies

ആഭ്യന്തര ദൗർബല്യങ്ങൾ

ഈജിപ്തിലെ ഇസ്രായേല്യരും ഇന്ത്യൻ മുസ്ലിംകളും- 2

ശൈഖ് മുഹമ്മദ് കാരകുന്ന് by ശൈഖ് മുഹമ്മദ് കാരകുന്ന്
25/06/2021
in Studies
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഇസ്രായീൽ എന്ന പദത്തിൻറെ അർത്ഥം ദൈവദാസൻ എന്നാണ്. ഇബ്രാഹിം നബിയുടെ പൗത്രനും ഇസ്ഹാഖ് നബിയുടെ പുത്രനുമായ യഅ്ഖൂബ് നബിക്ക് ഇസ്രായേൽ എന്നും പേരുണ്ടായിരുന്നു. അദ്ദേഹത്തിൻറെ സന്താന പരമ്പരയാണ് ഇസ്രായേല്യരായി അറിയപ്പെടുന്നത്. ബനൂ ഇസ്റാഈൽ എന്നതുകൊണ്ട് ഉദ്ദേശ്യം ഇസ്രായേൽ വംശം എന്നാണ്. ഫലസ്തീനായിരുന്നു അവരുടെ ജന്മദേശം. യൂസഫ് നബിയുടെ കാലത്താണ് അവർ ഈജിപ്തിലേക്ക് കുടിയേറിപ്പാർത്തത്. ബൈബിൾ വിവരണമനുസരിച്ച് യഅഖൂബ് നബിയുടെ കുടുംബാംഗങ്ങൾ 67 പേരായിരുന്നു. യഅഖൂബ് നബിയുൾപ്പെടെ 68 പേർ.

അവരുടെ സന്താനപരമ്പര ഇസ്രായേല്യരായി അറിയപ്പെട്ടു. തദ്ദേശവാസികളിൽ നിന്ന് അവരുടെ പാത പിന്തുടർന്ന് ഇസ് ലാം സ്വീകരിച്ചവരും അതേ പേരിലാണ് അറിയപ്പെട്ടിരുന്നത്. അതു ൻോകൊണ്ടുതന്നെ മൂസാ നബിയുടെ നിയോഗ കാലത്ത് ഈജിപ്തിൽ ഇരുപത് ലക്ഷം ഇസ്രായേല്യരുണ്ടായിരുന്നു. അവരിൽ മഹാഭൂരിപക്ഷവും ഇസ്ലാം സ്വീകരിച്ച തദ്ദേശവാസികളായിരുന്നു. യൂസഫ് നബിയുടെ വിയോഗാനന്തരം ഏകദേശം അഞ്ഞൂറ് വർഷം കഴിഞ്ഞശേഷമാണിത്.

You might also like

അക്രമ ഭരണാധികാരികളോടുള്ള സമീപനം- 2

ആരായിരുന്നു മുഹമ്മദ് നബി(സ)?

അധികാരത്തിന്റെ സുവർണ കാലം

യൂസുഫ് നബിയുടെ കാലത്ത് ഈജിപ്തിൽ സ്ഥാപിതമായ ഇസ്രായേലീ ഭരണകൂടം നൂറു വർഷത്തിലേറെ നിലനിന്നു. നേരത്തെ അവിടെ ഭരണം നടത്തിയിരുന്ന ഫറോവമാരെ പരാജയപ്പെടുത്തി അധികാരത്തിൽ വന്ന അറബി ഭരണാധികാരികളുടെ കാലത്താണ് യൂസഫ് നബി ഈജിപ്തിലെത്തിയത്.അന്ന് അവിടം ഭരിച്ചിരുന്നത് അറബികളായ ഹൈക്സോസ് (Hyksos) രാജവംശമായിരുന്നു. ക്രിസ്തുവിനു മുമ്പ് 1700 മുതൽ 1550 വരെയാണ് അവരവിടം ഭരിച്ചിരുന്നത്.

യൂസഫ് നബിയുടെ കാലശേഷം അധികാരത്തിലിരുന്ന നൂറുവർഷം ഇസ്രായേല്യരുടെ ഈജിപ്തിലെ സുവർണ്ണ കാലമായിരുന്നു. പ്രവാചക പാരമ്പര്യമുണ്ടായിരുന്നതിനാൽ അവരുടെ ഭരണം നീതിപൂർവ്വവും ജനക്ഷേമകരവുമായിരുന്നു. കോപ്റ്റിക്കുകളോട് ഒരനീതിയും കാണിച്ചിരുന്നില്ല. അവർക്ക് മുന്തിയ പരിഗണന നൽകുകയും ചെയ്തിരുന്നു. അതിനാലാണ് അവർക്ക് ഇസ്രായേല്യരെ പുറന്തള്ളി അധികാരത്തിലേറാൻ കഴിഞ്ഞത്.

അധികാരം കോപ്റ്റിക്കുകളിലേക്ക് നീങ്ങിയതോടെ ഇസ്രായേല്യരുടെ പീഢനകാലമാരംഭിച്ചു. ഭരണാധികാരികൾ മാത്രമല്ല, കോപ്റ്റിക്കുകളായ സാധാരണ ജനങ്ങളും ഇസ്രായേല്യരെ മർദ്ദിക്കാൻ തുടങ്ങി. അവർ ഇസ്രായേല്യരെ അടിമകളാക്കി. അവരുടെ സമസ്താവകാശങ്ങളും കവർന്നെടുത്തു. കോപ്റ്റിക്കുകൾക്ക് ഇസ്രായേല്യരെ എന്തും ചെയ്യാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു.

ഇക്കാര്യത്തിൽ ഇന്ത്യൻ മുസ്ലിംകളുടെ അവസ്ഥയും ഒട്ടൊക്കെ ഇതിന് സമാനമാണ്. അവരുടെ പൂർവികരിൽ വളരെ ചെറിയ ന്യൂനപക്ഷം മാത്രമാണ് വിദേശത്ത് നിന്ന് വന്നവർ. മഹാഭൂരിപക്ഷവും ഇസ്ലാം സ്വീകരിച്ച തദ്ദേശീയരാണ്. ഈജിപ്തിലെ ഇസ്രായേല്യരെപ്പോലെതന്നെ.

നീണ്ട എട്ടു നൂറ്റാണ്ടുകാലം ഇന്ത്യ ഭരിച്ചത് മുസ്ലിംകളാണ്. ബ്രിട്ടീഷുകാരുടെ അധിനിവേശത്തോടെയാണ് അവരുടെ അധികാരം നഷ്ടപ്പെട്ടത്. അതോടെ ഇന്ത്യൻ മുസ്‌ലിംകളുടെ പീഢനകാലം ആരംഭിച്ചു. ഏറിയോ കുറഞ്ഞോ അത് അവിരാമം തുടർന്നു. അവകാശ നിഷേധവും വംശീയാക്രമങ്ങളും ഏറ്റം ഭീകരമായ വിധം ഇന്നും തുടർന്ന് കൊണ്ടേയിരിക്കുന്നു.

വിശ്വാസ ജീർണത

മൂസാ നബിയുടെ കാലത്ത് ഈജിപ്തിലുണ്ടായിരുന്ന ഇസ്രായേല്യർ കടുത്ത അന്ധവിശ്വാസങ്ങൾക്കും മൂഢ ധാരണകൾക്കും കൊടിയ അനാചാരങ്ങൾക്കും വിധേയരായിരുന്നു. ബഹുദൈവ വിശ്വാസവും വിഗ്രഹാരാധനയും പശു പൂജയുമൊക്കെ അതിവേഗം സ്വാധീനിക്കാൻ കഴിയുമാറ് വളരെ ദുർബലവും ജീർണവുമായിരുന്നു ഇസ്രായേല്യരുടെ വിശ്വാസം. ഈജിപ്തിലെ കോപ്റ്റിക്കുകളുടെ വിശ്വാസ വൈകൃതങ്ങൾ അവരെയും സ്വാധീനിച്ചിരുന്നു. അടിമ സമാനമായ അധമ ജീവിതം നയിച്ചു പോന്ന ഇസ്രായേൽ മക്കൾ കോപ്റ്റിക് ആചാരാനുഷ്ഠാനങ്ങളിലും സംസ്കാരത്തിനും ആകൃഷ്ടരായിരുന്നു. അധികാരിവർഗ്ഗം അരികുവൽക്കരിച്ചവരെ സാംസ്കാരികമായി അധീനപ്പെടുത്തുക സ്വാഭാവികമാണല്ലോ.

മൂസാ നബി അവരെ മോചിപ്പിച്ചശേഷം പോലും ബഹുദൈവത്വം അവരെ എത്ര വേഗത്തിലും ആഴത്തിലും സ്വാധീനിച്ചുവെന്ന് വ്യക്തമാക്കുന്ന രണ്ട് സംഭവങ്ങൾ വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നുണ്ട്.

മൂസാ നബി ഇസ്രായേല്യരെ ഫറോവയുടെ പിടിയിൽനിന്ന് രക്ഷപ്പെടുത്തിയ ശേഷം ചെങ്കടൽ മുറിച്ചു കടത്തി. ഇപ്പോഴത്തെ സൂയസിൻറെയും ഇസ്മാഈലിയയുടെയും മധ്യത്തിൽ ഒരിടത്ത് കൂടിയാണ് അവരെ രക്ഷപ്പെടുത്തിയതെന്ന് കരുതപ്പെടുന്നു. അങ്ങനെ സീനാ അർദ്ധ ദ്വീപിൻറെ തെക്കോട്ട് കടൽ കരയിലൂടെയാണ് അവർ പോയത്. അവരുടെ സഞ്ചാര പാതയിൽ ‘മഖ്ഫ’ എന്ന സ്ഥലത്ത് ഈജിപ്തുകാരുടെ ഒരു പ്രധാന ക്ഷേത്രമുണ്ടായിരുന്നു. അതിൻറെ തന്നെ പരിസരത്ത് മറ്റൊരു സ്ഥലത്ത് ആദി പുരാതനകാലം തൊട്ടേ സെമിറ്റിക് വർഗ്ഗക്കാർ ആരാധിച്ചിരുന്ന ചന്ദ്ര ദേവിയുടെ മറ്റൊരു ക്ഷേത്രവും ഉണ്ടായിരുന്നു. അതിനരികിലൂടെ കടന്നുപോകുമ്പോൾ ഇസ്രായേല്യർ മൂസാ നബിയോട് ഒരാരാധ്യ വസ്തുവെ ആവശ്യപ്പെട്ടു. അക്കാര്യം ഖുർആൻ ഇങ്ങനെ വിശദീകരിക്കുന്നു:”ഇസ്രയേൽ മക്കളെ നാം കടൽ കടത്തിക്കൊടുത്തു. അവർ വിഗ്രഹ പൂജകരായ ഒരു ജനതയുടെ അടുത്തെത്തി. അവർ പറഞ്ഞു: മൂസാ ഇവർക്ക് ഒരുപാട് ദൈവങ്ങളുള്ളതുപോലെ ഒരു ദൈവത്തെ ഞങ്ങൾക്കും ഉണ്ടാക്കിത്തരിക. മൂസാ പറഞ്ഞു: “നിങ്ങളൊരു വിവരം കെട്ട ജനം തന്നെ.”ഇക്കൂട്ടർ അവലംബങ്ങളാക്കിയതെല്ലാം നശിക്കാനുള്ളതാണ്.അവർ ചെയ്തു പോരുന്നതോ നിഷ്ഫലവും. “(7:138’139)

ഈജിപ്തിലെ വിഗ്രഹാരാധകരായ മേലാള വർഗം അധ:സ്ഥിതരും അടിമ സമാനരുമായ ഇസ്രായേല്യരെ എത്രമാത്രം മാനസികമായി കീഴ്പ്പെടുത്തുകയും ആശയപരമായി സ്വാധീനിക്കുകയും ചെയ്തിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. ഇസ്രായേല്യരുടെ ദൗർബല്യവും വ്യതിയാനവും ജീർണതയും എത്രത്തോളം ആഴത്തിലുള്ളതായിരുന്നുവെന്നതിന് ഇത് തന്നെ മതിയായ തെളിവാണ്.

ബഹു ദൈവ സങ്കല്പം ഇസ്രായേല്യരെ എത്രമേൽ സ്വാധീനിച്ചുവെന്ന് വ്യക്തമാക്കുന്ന ഖുർആൻ ഉദ്ധരിച്ച രണ്ടാമത്തെ സംഭവമിതാ.
വേദം സ്വീകരിക്കാനായി അല്ലാഹു മൂസാനബിയെയും അനുയായികളെയും ത്വൂർ പർവ്വതത്തിൻറെ വലതുവശത്തെ താഴ് വരയിലേക്ക് ക്ഷണിച്ചു.മൂസാ നബി അനുയായികൾക്ക് മുമ്പേ ധൃതി കൂട്ടി അവിടെയെത്തി. അദ്ദേഹത്തിൻറെ അഭാവത്തിൽ ഇസ്രായേലികൾക്ക് നേതൃത്വം നൽകാൻ സഹോദരൻ ഹാറൂൻ നബിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ഈജിപ്തിൽ നിന്ന് കടൽ കടന്ന് വന്നപ്പോൾ കൊണ്ടുവന്ന ആഭരണങ്ങൾ ചുമന്ന് നടക്കാൻ പ്രയാസമായതിനാൽ അവ കൊണ്ടുനടക്കാൻ പാകത്തിൽ ഉരുക്കി കട്ടയാക്കാനാണെന്ന് പറഞ്ഞ് സാമിരി അവരിൽ നിന്നവ ഏറ്റുവാങ്ങി. എന്നാൽ സാമിരി ആ സ്വർണവും വെള്ളിയുമുപയോഗിച്ച് ഒരു പശുക്കിടാവിനെ ഉണ്ടാക്കുകയാണുണ്ടായത്. അതിൻറെ അകത്ത് ശബ്ദം പുറപ്പെടുവിക്കാനുള്ള ഉപകരണം ഘടിപ്പിക്കുകയും ചെയ്തു. എന്നിട്ട് അദ്ദേഹം ഇസ്രായേല്യരോട് അതാണ് അവരുടെയും മൂസായുടെയും ദൈവമെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം അവരെ വഴിപിഴപ്പിച്ചു. ഹാറൂൻ നബി അബദ്ധം ചൂണ്ടിക്കാണിച്ച് തെറ്റ് തിരുത്താൻ ആവശ്യപ്പെട്ടുവെങ്കിലും അവർ വഴങ്ങിയില്ല. എന്നല്ല, അദ്ദേഹത്തെ വധിക്കാൻ ഒരുമ്പെട്ടു. അതിനാൽ ഹാറൂൻ നബി, സഹോദരൻ മൂസാ നബി വരുന്നതുവരെ സമുദായത്തിൽ പിളർപ്പുണ്ടാക്കേണ്ടെന്ന് കരുതി മൗനം പാലിച്ചു. മൂസാനബി തിരിച്ചുവന്ന് ചോദ്യം ചെയ്തപ്പോൾ സാമിരി തൻറെ ചെയ്തികളെ വ്യാജ കഥ ചമച്ച് ന്യായീകരിച്ചു. ഈ സംഭവം വിശുദ്ധ ഖുർആൻ രണ്ട് അധ്യായങ്ങളിലായി വിശദമായിത്തന്നെ വിവരിച്ചിട്ടുണ്ട്.

“മൂസാക്ക് നാം മുപ്പത് രാവുകൾ നിശ്ചയിച്ചു കൊടുത്തു. പിന്നീട് പത്തു കൂടി ചേർത്ത് അത് പൂർത്തിയാക്കി. അങ്ങനെ തൻറെ നാഥൻ നിശ്ചയിച്ച നാല്പത് നാൾ തികഞ്ഞു. മൂസാ തൻറെ സഹോദരനൻ ഹാറൂനോട് പറഞ്ഞു: എനിക്ക് പിറകെ നീ എൻറെ ജനത്തിന് എൻറെ പ്രതിനിധി യാവണം. നല്ല നിലയിൽ വർത്തിക്കണം. കുഴപ്പക്കാരുടെ വഴിയെ പോകരുത്.”(7:132)

അല്ലാഹു പറഞ്ഞു : “മൂസാ,ഞാനെൻറെ സന്ദേശങ്ങളാലും സംഭാഷണങ്ങളാലും മറ്റെല്ലാ മനുഷ്യരേക്കാളും പ്രാധാന്യം നൽകി നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാൽ ഞാൻ നിനക്ക് തന്നതൊക്കെ മുറുകെ പിടിക്കുക. നന്ദിയുള്ളവനായിത്തീരുകയും ചെയ്യുക.
സകലസംഗതികളെയും സംബന്ധിച്ച സദുപദേശങ്ങളും എല്ലാ കാര്യങ്ങളുടെയും വിശദാംശങ്ങളും നാം മൂസാക്ക് ഫലകങ്ങളിൽ രേഖപ്പെടുത്തിക്കൊടുത്തു. എന്നിട്ടിങ്ങനെ പറഞ്ഞു: ”അവയെ മുറുകെപ്പിടിക്കുക. അവയിലെ ഏറ്റം നല്ല കാര്യങ്ങൾ ഉൾക്കൊള്ളാൻ നിന്റെ ജനതയോട് കൽപിക്കുകയും ചെയ്യുക. അധർമകാരികളുടെ താമസസ്ഥലം വൈകാതെ തന്നെ ഞാൻ നിങ്ങൾക്ക് കാണിച്ചുതരുന്നതാണ്.”(7:144,145)

“അല്ലാഹു ചോദിച്ചു: മൂസാ, നീ നിന്റെ ജനത്തെ വിട്ടേച്ച് ധൃതിപ്പെട്ട് ഇവിടെ വരാൻ കാരണം?
അദ്ദേഹം പറഞ്ഞു: ”അവരിതാ എന്റെ പിറകിൽത്തന്നെയുണ്ട്. ഞാൻ നിന്റെ അടുത്ത് ധൃതിപ്പെട്ടുവന്നത് നാഥാ, നീയെന്നെ തൃപ്തിപ്പെടാൻ വേണ്ടി മാത്രമാണ്.
അല്ലാഹു പറഞ്ഞു: ”എന്നാൽ അറിയുക: നീ പോന്നശേഷം നിന്റെ ജനതയെ നാം പരീക്ഷണ വിധേയരാക്കി. സാമിരി അവരെ വഴിപിഴപ്പിച്ചിരിക്കുന്നു.”
മൂസ അത്യന്തം കുപിതനും ദുഃഖിതനുമായി തന്റെ ജനതയിലേക്ക് മടങ്ങിച്ചെന്നു. അദ്ദേഹം പറഞ്ഞു: ”എന്റെ ജനമേ, നിങ്ങളുടെ നാഥൻ നിങ്ങൾക്ക് നല്ല വാഗ്ദാനം നൽകിയിരുന്നില്ലേ? എന്നിട്ട് കാലമേറെ നീണ്ടുപോയോ? അതല്ലെങ്കിൽ നിങ്ങളുടെ നാഥന്റെ കോപം നിങ്ങളിൽ വന്നുപതിക്കണമെന്ന് നിങ്ങളുദ്ദേശിച്ചോ? അങ്ങനെ നിങ്ങളെന്നോടുള്ള വാഗ്ദാനം ലംഘിക്കുകയായിരുന്നോ?”
അവർ പറഞ്ഞു: ”അങ്ങയോടുള്ള വാഗ്ദാനം ഞങ്ങൾ സ്വയമാഗ്രഹിച്ച് ലംഘിച്ചതല്ല. എന്നാൽ വന്നുഭവിച്ചതങ്ങനെയാണ്. ഈ ജനതയുടെ ആഭരണങ്ങളുടെ ചുമടുകൾ ഞങ്ങൾ വഹിക്കേണ്ടിവന്നിരുന്നുവല്ലോ. ഞങ്ങളത് തീയിലെറിഞ്ഞു. അപ്പോൾ അതേപ്രകാരം സാമിരിയും അത് തീയിലിട്ടു.”
സാമിരി അവർക്ക് അതുകൊണ്ട് മുക്രയിടുന്ന ഒരു കാളക്കിടാവിന്റെ രൂപമുണ്ടാക്കിക്കൊടുത്തു. അപ്പോൾ അവരന്യോന്യം പറഞ്ഞു: ”ഇതാകുന്നു നിങ്ങളുടെ ദൈവം. മൂസയുടെ ദൈവവും ഇതുതന്നെ. മൂസയിതു മറന്നുപോയതാണ്.”
എന്നാൽ ആ കാളക്കിടാവ് ഒരു മറുവാക്കുപോലും ശബ്ദിക്കുന്നില്ലെന്നും അവർക്കൊരുവിധ ഉപദ്രവമോ ഉപകാരമോ ചെയ്യാനതിനു കഴിയില്ലെന്നും അവർക്കെന്തുകൊണ്ട് കാണാൻ കഴിയുന്നില്ല?
ഹാറൂൻ നേരത്തെ തന്നെ അവരോടിങ്ങനെ പറഞ്ഞിരുന്നു: ”എന്റെ ജനമേ ഈ കാളക്കിടാവ് വഴി നിങ്ങൾ പരീക്ഷിക്കപ്പെടുകയാണ്. നിങ്ങളുടെ നാഥൻ പരമകാരുണികനാണ്. അതിനാൽ നിങ്ങളെന്നെ പിൻപറ്റുക. എന്റെ കൽപനയനുസരിക്കുക.”
അവർ പറഞ്ഞു: ”മൂസ ഞങ്ങളുടെ അടുത്ത് മടങ്ങിയെത്തുംവരെ ഞങ്ങളിതിനെത്തന്നെ പൂജിച്ചുകൊണ്ടേയിരിക്കും.
മൂസ ചോദിച്ചു: ”ഹാറൂനേ, ഇവർ പിഴച്ചുപോകുന്നതു കണ്ടപ്പോൾ എന്നെ പിന്തുടരുന്നതിൽനിന്ന് നിന്നെ തടഞ്ഞതെന്ത്? നീ എന്റെ കൽപന ധിക്കരിക്കുകയായിരുന്നോ?”
ഹാറൂൻ പറഞ്ഞു: ”എന്റെ മാതാവിന്റെ മകനേ, നീയെന്റെ താടിയും തലമുടിയും പിടിച്ചുവലിക്കല്ലേ? ‘നീ ഇസ്രയേൽ മക്കൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി; എന്റെ വാക്കിനു കാത്തിരുന്നില്ല’ എന്ന് നീ പറയുമെന്ന് ഞാൻ ഭയപ്പെട്ടു.”
മൂസ ചോദിച്ചു: ”സാമിരി, നിന്റെ നിലപാടെന്താണ്?”
സാമിരി പറഞ്ഞു: ”ഇവർ കാണാത്ത ചിലത് ഞാൻ കണ്ടു. അങ്ങനെ ദൈവദൂതന്റെ കാൽപ്പാടിൽനിന്ന് ഞാനൊരു പിടി മണ്ണെടുത്തു. എന്നിട്ട് ഞാനത് താഴെയിട്ടു. അങ്ങനെ ചെയ്യാനാണ് എന്റെ മനസ്സെന്നോട് മന്ത്രിച്ചത്.”
മൂസ പറഞ്ഞു: എങ്കിൽ നിനക്കു പോകാം. ഇനി ജീവിതകാലം മുഴുവൻ നീ ‘എന്നെ തൊടരുതേ’ എന്ന് വിലപിച്ചു കഴിയേണ്ടിവരും. ഉറപ്പായും നിനക്കൊരു നിശ്ചിത അവധിയുണ്ട്. അതൊരിക്കലും ലംഘിക്കപ്പെടുകയില്ല. നീ പൂജിച്ചുകൊണ്ടിരുന്ന നിന്റെ ദൈവത്തെ നോക്കൂ. നിശ്ചയമായും നാം അതിനെ ചുട്ടുകരിക്കുക തന്നെ ചെയ്യും. പിന്നെ നാമതിനെ ചാരമാക്കി കടലിൽ വിതറും.
നിങ്ങളുടെ ദൈവം അല്ലാഹു മാത്രമാണ്. അവനല്ലാതെ ദൈവമില്ല. അവന്റെ അറിവ് സകലതിനെയും ഉൾക്കൊള്ളുംവിധം വിശാലമാണ്.”(20:83-98)
“മൂസാ പോയശേഷം അദ്ദേഹത്തിന്റെ ജനത തങ്ങളുടെ ആഭരണങ്ങൾ കൊണ്ട്, മുക്രയിടുന്ന ഒരു പശുക്കിടാവിന്റെ രൂപമുണ്ടാക്കി. അത് അവരോട് സംസാരിക്കുന്നില്ലെന്നും അതവരെ നേർവഴിയിൽ നയിക്കുന്നില്ലെന്നും അവർ മനസ്സിലാക്കുന്നില്ലേ? എന്നിട്ടും അവരതിനെ ദൈവമാക്കി. അവർ കടുത്ത അക്രമികൾ തന്നെ.”(7:148)

“മൂസാ കുപിതനും ദുഃഖിതനുമായി തന്റെ ജനതയിലേക്ക് തിരിച്ചുവന്നു. അദ്ദേഹം പറഞ്ഞു: ”എനിക്ക് പിറകെ എന്റെ പ്രതിനിധികളായി നിങ്ങൾ ചെയ്തതെല്ലാം വളരെ ചീത്ത തന്നെ. നിങ്ങളുടെ നാഥന്റെ വിധി വരാൻ കാത്തിരിക്കാതെ നിങ്ങൾ ധൃതി കാണിച്ചോ?” അദ്ദേഹം ഫലകം നിലത്തെറിഞ്ഞു. സഹോദരന്റെ തല തന്റെ നേരെ പിടിച്ചുവലിച്ചു. സഹോദരൻ പറഞ്ഞു: ”എന്റെ മാതാവിന്റെ മകനേ, ഈ ജനം എന്നെ കഴിവുകെട്ടവനായിക്കണ്ടു. അവരെന്നെ കൊല്ലുമെന്നേടത്തോളമെത്തി. അതിനാൽ എതിരാളികൾക്ക് എന്നെ നോക്കിച്ചിരിക്കാൻ ഇടവരുത്താതിരിക്കുക. അക്രമികളായ ജനത്തിന്റെ കൂട്ടത്തിൽ എന്നെ പെടുത്താതിരിക്കുക.”
മൂസാ പറഞ്ഞു: ”എന്റെ നാഥാ, എനിക്കും എന്റെ സഹോദരന്നും നീ പൊറുത്തുതരേണമേ. ഞങ്ങളെ നീ നിന്റെ അനുഗ്രഹത്തിന് അർഹരാക്കേണമേ. നീ പരമകാരുണികനല്ലോ.”
പശുക്കിടാവിനെ ദൈവമാക്കിയവരെ അവരുടെ നാഥന്റെ കോപം ബാധിക്കുക തന്നെ ചെയ്യും. ഐഹികജീവിതത്തിൽ അവർക്ക് നിന്ദ്യതയാണുണ്ടാവുക. കള്ളം കെട്ടിച്ചമക്കുന്നവർക്ക് നാം ഇവ്വിധമാണ് പ്രതിഫലം നൽകുക.
ദുർവൃത്തികൾ ചെയ്തശേഷം പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും ചെയ്തവരോട് നിന്റെ നാഥൻ ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാണ്.
മൂസായുടെ കോപം ശമിച്ചപ്പോൾ അദ്ദേഹം ആ ഫലകങ്ങളെടുത്തു. തങ്ങളുടെ നാഥനെ ഭയപ്പെടുന്നവർക്ക് ആ രേഖാഫലകത്തിൽ മാർഗദർശനവും അനുഗ്രഹവുമാണുണ്ടായിരുന്നത്.(7:150-154)

സാമിരിക്ക് മുക്രയിടുന്ന ഒരു പശുക്കുട്ടിയെ ഉണ്ടാക്കി വളരെവേഗം വഴിപിഴപ്പിക്കാൻ കഴിയുമാറ് ദുർബല വിശ്വാസികളും അതിവേഗം ബഹുദൈവ വിശ്വാസത്തിന് വിധേയരാകുന്ന വരുമായിരുന്നു ഇസ്രായേൽ ജനതയെന്ന് ഇത് അസന്നിഗ്ധമായി തെളിയിക്കുന്നു. ഇതുസംബന്ധമായി മറ്റൊരിടത്ത് അല്ലാഹു പറയുന്നു:
“വ്യക്തമായ തെളിവുകളോടെ മൂസ നിങ്ങളുടെ അടുക്കൽ വന്നു. എന്നിട്ടും പിന്നെയും നിങ്ങൾ പശുക്കുട്ടിയെ ദൈവമാക്കി. നിങ്ങൾ അക്രമികളാവുകയായിരുന്നു.”(2:92)
“സത്യനിഷേധം നിമിത്തം പശുഭക്തി അവരുടെ മനസ്സുകളിൽ അള്ളിപ്പിടിച്ചിരിക്കുന്നു. പറയുക: ”നിങ്ങൾ വിശ്വാസികളെങ്കിൽ നിങ്ങളുടെ വിശ്വാസം നിങ്ങളോട് കൽപിക്കുന്നത് വളരെ ചീത്ത തന്നെ.”(2:93)
ഇത്രത്തോളമില്ലെങ്കിലും ഇന്ത്യൻ മുസ്ലിംകളിലെ വളരെ വലിയൊരു വിഭാഗത്തെ മതപുരോഹിതന്മാർക്ക് ഉറുദി പറഞ്ഞ് അതിവേഗം വിശ്വാസ വ്യതിയാനങ്ങൾക്ക് വിധേയമാക്കാൻ സാധിക്കുന്നുണ്ട്.

അതുകൊണ്ടു തന്നെയിന്ന് ഇന്ത്യൻ മുസ്ലിംകളുടെ ഏറ്റവും വലിയ ആഭ്യന്തര ദൗർബല്യം വിശ്വാസ ജീർണതയാണ്. അവരിലെ സാധാരണക്കാരിൽ വലിയൊരു വിഭാഗത്തിൻറെയും ഏകദൈവ വിശ്വാസത്തിന് പോറൽ പറ്റിയിരിക്കുന്നു. അധികാരവും മേധാവിത്വവുമുള്ള ഭൂരിപക്ഷ സമുദായത്തിലെ ബഹുദൈവ വിശ്വാസത്തിൻറെ സ്വാധീനം ശുദ്ധമായ ഇസ്ലാമിക വിശ്വാസത്തിന് വൈകല്യം വരുത്തിയിരിക്കുന്നു. ഏകദൈവാരാധനയിൽ ബഹു ദൈവ സങ്കൽപ്പത്തിൻറെ കലർപ്പുകൾ കടന്നുകൂടിയിരിക്കുന്നു. പല മഹാന്മാരുടെയും അന്ത്യ വിശ്രമ സ്ഥലങ്ങൾ ആരാധനാ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. പുണ്യം പ്രതീക്ഷിച്ച് മക്കയിലേക്ക് യാത്ര പോകുന്നവരെക്കാൾ എത്രയോയിരട്ടിയാളുകൾ അജ്മീരിലേക്കും നാഗൂരിലേക്കും അതുപോലുള്ള ഇടങ്ങളിലേക്കും പുണ്യം തേടി പൊയ്ക്കൊണ്ടേയിരിക്കുന്നു. മത പുരോഹിതന്മാർക്ക് സാധാരണ ജനങ്ങളെ എന്ത് വിഡ്ഢിത്തവും പറഞ്ഞ് പറ്റിക്കാവുന്ന അവസ്ഥയാണുള്ളത്. അതിനാലാണ് ചില പുരോഹിതന്മാർ ലൈലത്തുൽ ഖദ്റിനേക്കാൾ പ്രധാനം നബിയുടെ ജന്മദിനമാണെന്നും സംസം വെള്ളത്തേക്കാൾ പുണ്യം പ്രവാചകൻറെ മുടിയിട്ട വെള്ളത്തിനാണെന്നും പോലുള്ള ശുദ്ധ അസംബന്ധങ്ങൾ പറയാനും പ്രചരിപ്പിക്കാനും ധൈര്യം കാണിക്കുന്നത്. മരിച്ചുപോയവരിൽ അമാനുഷിക സിദ്ധികളാരോപിച്ച് കള്ളം പ്രചരിപ്പിക്കാൻ ഒട്ടും മടിയില്ലാത്ത പുരോഹിതന്മാർക്കിന്ന് പഞ്ഞമില്ല.

നിർഭാഗ്യവശാൽ പൗരോഹിത്യത്തിന് ഒട്ടും പഴുതില്ലാത്ത ഇസ്ലാമിൻറെ മേൽവിലാസത്തിൽ മുസ്ലിം സമുദായത്തിൽ ചൂഷകരായ പുരോഹിതവർഗ്ഗം വളർന്നു വന്നിരിക്കുന്നു. അവർ എല്ലാ വിധ വിശ്വാസ ജീർണതകൾക്കും ആരാധനാ വൈകൃതങ്ങൾക്കും മൂഢ ധാരണകൾക്കും പ്രചാരണം നൽകുകയും അതിനായി പ്രമാണങ്ങൾക്ക് വ്യാജ വ്യാഖ്യാനങ്ങൾ ചമയ്ക്കുകയും ചെയ്യുന്നു. അത്തരം അനിസ്ലാമികാശയങ്ങൾക്കും അത്യാചാരങ്ങൾക്കും കാവലിരിക്കുകയും അവയുടെ പ്രചാരകരായി നിലകൊള്ളുകയും ചെയ്യുന്നു. പ്രബുദ്ധ കേരളം പോലും ഇതിന്നപവാദമല്ല. എന്നല്ല, ഈ പുരോഹിത വർഗ്ഗത്തിൻറെ ചൂഷണത്തിന് വളക്കൂറുള്ള മണ്ണായി ഇവിടം മാറിയിരിക്കുന്നു. സമുദായത്തിലെ ഈ അത്യാചാരങ്ങളിൽ പലതും ഭൂരിപക്ഷ മത സമൂഹത്തിൽ നിന്ന് വന്നവയാണ്. ഇസ്ലാം പഠിപ്പിക്കുന്ന ചരിത്രമനുസരിച്ച് കഅബ പൊളിക്കാൻ വന്ന ആനയും
അടുത്തകാലത്ത് കണ്ടുപിടിച്ച കരിമരുന്നും പൂരത്തിന്റെ ഭാഗമായ എഴുന്നള്ളിപ്പുമൊക്കെ സമുദായത്തിലെ നേർച്ചയുടെ ഭാഗമായി മാറിയത് ഇതിന്നുദാഹരണം. നിൻറെ ബാപ്പ ചത്തു എന്ന് പറയുന്നത് ഒട്ടും ഇഷ്ടപ്പെടാത്തവർ ചാവടിയന്തിരം കഴിച്ചിരുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചാലറിയാം വിശ്വാസ ജീർണതകളുടെയും ആരാധനാ വൈകൃതങ്ങളുടെയും പ്രഭവ കേന്ദ്രമേതെന്ന്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിലും ഇസ്രായേല്യരുടേതിന് സമാനമായ സ്ഥിതിയാണ് ഇവിടെയുമുള്ളത്.

ഭൗതികാസക്തിയും മരണ ഭയവും

മനുഷ്യൻറെ ഏറ്റവും വലിയ ദൗർബല്യമാണ് ഭൗതികാസക്തി. അതിനടിപ്പെട്ട് ഐഹിക ജീവിതത്തെ സർവ്വ പ്രധാനമായി കാണുന്നവരെ നയിക്കുക ആർത്തിയായിരിക്കും. അതുകൊണ്ടുതന്നെ അത്തരക്കാർ ഒരിക്കലും കിട്ടിയത് കൊണ്ട് തൃപ്തിപ്പെടുകയില്ല. കൂടുതൽ കൂടുതൽ വിഭവങ്ങൾ തേടിക്കൊണ്ടേയിരിക്കും.അവർക്ക് സ്വാതന്ത്ര്യത്തെക്കാളും മറ്റെന്തിനെക്കാളും താല്പര്യം ജീവിത വിഭവങ്ങളോടും ജീവിതാസക്തിയോടുമായിരിക്കും.

ഇസ്രായേല്യരുടെ ഏറ്റവും വലിയ ആഭ്യന്തര ദൗർബല്യങ്ങളിലൊന്ന് ഈ ഈ ഭൗതികാസക്തിയും അതിൻറെ അനിവാര്യതയായ മരണഭയവുമായിരുന്നു.

അതിനാലാണ് മൂസാ നബി ഫറവോൻറെ പിടുത്തത്തിൽ നിന്ന് അവരെ മോചിപ്പിച്ച ശേഷം അല്ലാഹു മന്നായും സൽവായും നൽകിയിട്ടും തൃപ്തരാകാതെ അക്കരപ്പച്ച തേടിയത്.ഖുർആൻ ഇക്കാര്യം ഇങ്ങനെ വിശദീകരിക്കുന്നു:

“നിങ്ങൾ പറഞ്ഞതോർക്കുക: ”ഓ മൂസാ, ഒരേതരം അന്നം തന്നെ തിന്ന് സഹിക്കാൻ ഞങ്ങൾക്കാവില്ല. അതിനാൽ താങ്കൾ താങ്കളുടെ നാഥനോട് പ്രാർഥിക്കുക: അവൻ ഞങ്ങൾക്ക് ഭൂമി വിളയിക്കുന്ന ചീര, കക്കിരി, ഗോതമ്പ്, പയർ, ഉള്ളി മുതലായവ ഉത്പാദിപ്പിച്ചുതരട്ടെ.” മൂസ ചോദിച്ചു: ”വിശിഷ്ട വിഭവങ്ങൾക്കുപകരം താണതരം സാധനങ്ങളാണോ നിങ്ങൾ തേടുന്നത്? എങ്കിൽ നിങ്ങൾ ഏതെങ്കിലും പട്ടണത്തിൽ പോവുക. നിങ്ങൾ തേടുന്നതൊക്കെ നിങ്ങൾക്കവിടെ കിട്ടും.” അങ്ങനെ അവർ നിന്ദ്യതയിലും ദൈന്യതയിലും അകപ്പെട്ടു.(2:61)

ഇതിൻറെ വിശദീകരണത്തിൽ സയ്യിദ് അബുൽ അഅ്ലാ മൗദൂദി എഴുതുന്നു:”അനായാസം ലഭിച്ചുകൊണ്ടിരുന്ന ‘മന്ന’യും ‘സൽവ’യും വിട്ട് അദ്ധ്വാനിച്ച് കൃഷി ചെയ്ത് സമ്പാദിക്കേണ്ടിയിരുന്ന വസ്തുക്കൾ ആഗ്രഹിക്കുന്നുവെന്നല്ല വിവക്ഷ.പ്രത്യുത, ഏതൊരുൽകൃഷ്ട ലക്ഷ്യം സാധിക്കുവാനാണോ മരുഭൂവാസം നിങ്ങളെ പരിശീലിപ്പിക്കുന്നത് അതിനെതിരിൽ കൃഷിപ്പണിയിലും ധനസമ്പാദനത്തിലും നിങ്ങൾക്ക് ഇത്രയധികം ആശയും അഭിരുചിയും തോന്നുന്നുവോ എന്നാണ്. അതിന്നായി ആ മഹത്തായ ഉദ്ദേശ്യത്തെ പോലും കൈവെടിയുവാൻ നിങ്ങൾ തയ്യാറാവുന്നുവല്ലോ! ഇത്തരം ഭൗതികവസ്തുക്കളുടെ നഷ്ടം അല്പ കാലത്തേക്ക് പോലും സഹിക്കുവാൻ നിങ്ങൾക്ക് സാധ്യമല്ലാതെ പോയോ?(തഫ്ഹീമുൽ ഖുർആൻ.ഭാഗം:1.പുറം:74)

ഈ ഭൗതികാസക്തിയും അനിയന്ത്രിതമായ ജീവിത തൃഷ്ണയും സ്വാഭാവികമായും ഇസ്രായേല്യരിൽ അങ്ങേയറ്റത്തെ മരണഭയം സൃഷ്ടിച്ചിരുന്നു. ഈജിപ്ത് വിട്ട് ഏകദേശം രണ്ട് കൊല്ലം കഴിഞ്ഞശേഷം മൂസാ നബി ഇസ്രായേല്യരോട് അവരുടെ പൂർവികരുടെ ജന്മനാടായ ഫലസ്തീൻ വീണ്ടെടുക്കാനാവശ്യപ്പെട്ടു. അക്കാലത്ത് ഫലസ്തീൻ വളരെയേറെ സമ്പന്നവും ഐശ്വര്യപൂർണ്ണവുമായിരുന്നു. എന്നിട്ടും അവരതിന് വിസമ്മതിക്കുകയാണുണ്ടായത്.

മൂസാ നബിയെ ധിക്കരിക്കുകയും ചെയ്തു. അതിൻറെ പേരിൽ അവർക്ക് നാല്പത് വർഷം മരുഭൂമിയിൽ അലഞ്ഞു തിരിയേണ്ടി വന്നു.രണ്ടുപേർ മാത്രമാണ് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചത്.നൂൻറെ മകൻ യേശുവയും യഫുന്നയുടെ മകൻ കാബേലുമായിരുന്നു അത്.

വിശുദ്ധ ഖുർആൻ ആ സംഭവം ഇങ്ങനെ വിശദീകരിക്കുന്നു:
“മൂസാ തന്റെ ജനത്തോടു പറഞ്ഞ സന്ദർഭം: ”എന്റെ ജനമേ, അല്ലാഹു നിങ്ങൾക്കേകിയ അനുഗ്രഹങ്ങൾ ഓർക്കുക: അവൻ നിങ്ങളിൽ പ്രവാചകന്മാരെ നിയോഗിച്ചു. നിങ്ങളെ രാജാക്കന്മാരാക്കി. ലോകരിൽ മറ്റാർക്കും നൽകാത്ത പലതും അവൻ നിങ്ങൾക്കു നൽകി.
എന്റെ ജനമേ, അല്ലാഹു നിങ്ങൾക്കായി നിശ്ചയിച്ച പുണ്യഭൂമിയിൽ പ്രവേശിക്കുക. പിറകോട്ട് തിരിച്ചുപോകരുത്. അങ്ങനെ ചെയ്താൽ നിങ്ങൾ പരാജിതരായിത്തീരും.”
അവർ പറഞ്ഞു: ”ഹേ, മൂസാ, പരാക്രമികളായ ജനമാണ് അവിടെയുള്ളത്. അവർ പുറത്തുപോകാതെ ഞങ്ങളവിടെ പ്രവേശിക്കുകയില്ല. അവർ അവിടം വിട്ടൊഴിഞ്ഞാൽ ഞങ്ങളങ്ങോട്ടുപോകാം.”
ദൈവഭയമുള്ളവരും ദിവ്യാനുഗ്രഹം ലഭിച്ചവരുമായ രണ്ടുപേർ മുന്നോട്ടുവന്നു. അവർ പറഞ്ഞു: ”പട്ടണവാതിലിലൂടെ നിങ്ങളവിടെ കടന്നുചെല്ലുക. അങ്ങനെ പ്രവേശിച്ചാൽ തീർച്ചയായും നിങ്ങളാണ് വിജയികളാവുക. നിങ്ങൾ വിശ്വാസികളെങ്കിൽ അല്ലാഹുവിൽ ഭരമേൽപിക്കുക.”
എന്നാൽ അവർ ഇതുതന്നെ പറയുകയാണുണ്ടായത്: ”മൂസാ, അവരവിടെ ഉള്ളേടത്തോളം കാലം ഞങ്ങളങ്ങോട്ട് പോവുകയില്ല. അതിനാൽ താനും തന്റെ രക്ഷിതാവും പോയി യുദ്ധം ചെയ്തുകൊള്ളുക. ഞങ്ങൾ ഇവിടെ ഇരുന്നുകൊള്ളാം.”
മൂസാ പ്രാർഥിച്ചു: ”എന്റെ നാഥാ, എന്റെയും എന്റെ സഹോദരന്റെയും മേലല്ലാതെ എനിക്കു നിയന്ത്രണമില്ല. അതിനാൽ ധിക്കാരികളായ ഈ ജനത്തിൽനിന്ന് നീ ഞങ്ങളെ വേർപെടുത്തേണമേ.”
അല്ലാഹു മൂസായെ അറിയിച്ചു: ”തീർച്ചയായും നാൽപതു കൊല്ലത്തേക്ക് ആ പ്രദേശം അവർക്ക് വിലക്കപ്പെട്ടിരിക്കുന്നു. അക്കാലമത്രയും അവർ ഭൂമിയിൽ അലഞ്ഞുതിരിയും. അധാർമികരായ ഈ ജനത്തിന്റെ പേരിൽ നീ ദുഃഖിക്കേണ്ടതില്ല.”(5:20-26)

ഇന്ത്യൻ മുസ്ലിംകളുടെ അവസ്ഥയും ഇതിൽ നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ല. അവരിൽ മഹാഭൂരിപക്ഷവും സ്വന്തം ഭൗതിക താൽപര്യങ്ങൾക്കപ്പുറം നോക്കിക്കാണാൻ കഴിയാത്തവരാണ്. ജീവിതാസക്തി ത്യാഗ ശീലത്തെയും സമർപ്പണ സന്നദ്ധതയെയും സാമൂഹ്യപ്രതിബദ്ധതയെയും തീർത്തും ഇല്ലാതാക്കിയിരിക്കുന്നു. വ്യക്തികളും സംഘങ്ങളുമൊക്കെ തീരുമാനങ്ങളെടുക്കുമ്പോൾ ഇസ്ലാമിൻറെയും ഇസ്ലാമിക സമൂഹത്തിൻറെയും താൽപര്യങ്ങൾ പരിഗണിക്കാറേയില്ല. അതുകൊണ്ടുതന്നെ സമുദായത്തിൻറെ ഉത്തമ താൽപ്പര്യങ്ങളും സുരക്ഷിതത്വവും സംരക്ഷണവും ലക്ഷ്യമായംഗീകരിച്ച് അവയുടെ സാക്ഷാത്കാരത്തിനായി പണിയെടുക്കുന്നവർ വളരെ വിരളമാണ്. സ്വന്തം സുഖസൗകര്യങ്ങൾ നഷ്ടപ്പെടുമോയെന്ന ഭയവും ഭൗതികാസക്തിയുമാണ് ഏറെപ്പേരെയും നയിക്കുന്നത്.

ഇങ്ങനെ നോക്കുമ്പോൾ മൂസാ നബിയുടെ കാലത്തെ ഇസ്രായേല്യരിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല ഇക്കാര്യത്തിലും സമകാലീന ഇന്ത്യൻ മുസ്ലിംകൾ.

ഗുണകാംക്ഷികളെ തള്ളിപ്പറയുന്നവർ

ഒരുകാലത്ത് അധികാരം നടത്തിയിരുന്നവരുടെ പിന്മുറക്കാർ അധികാരം നഷ്ടപ്പെട്ട് അധഃസ്ഥിതരായി മാറുകയും എതിരാളികളുടെ ക്രൂരമായ അതിക്രമങ്ങൾക്കിരയാവുകയും ചെയ്യുമ്പോൾ കടുത്ത നിരാശയും ആത്മ നിന്ദയും അപകർഷ ബോധവുമനുഭവിക്കും. സ്വർഗ്ഗം കിനാവ് കാണുന്നവർക്കും വിശ്വാസദാർഢ്യതയും ഇഛാശക്തിയും ശരിയായ ചരിത്രാവബോധവും ശുഭ പ്രതീക്ഷയുമുള്ളവർക്കും മാത്രമേ ഇതിൽനിന്നൊക്കെ രക്ഷപ്പെടാൻ സാധിക്കുകയുള്ളൂ. അതില്ലാത്തവരെല്ലാം തങ്ങളനുഭവിക്കുന്ന പീഡനങ്ങളെയും പ്രയാസങ്ങളെയും പ്രതിസന്ധികളെയും സംബന്ധിച്ച് പരാതി പറഞ്ഞു കൊണ്ടേയിരിക്കും.

ഇസ്രായേല്യരും ഇതേ മാനസികാവസ്ഥയിലായിരുന്നു. അതുകൊണ്ടുതന്നെ ഫറവോൻ ഭീഷണി മുഴക്കിയപ്പോൾ ദൃഢ വിശ്വാസികളായി,ശുഭ പ്രതീക്ഷയോടെ ക്ഷമ പാലിക്കാൻ ആവശ്യപ്പെട്ട മൂസാ നബിയോട് അവർ പരാതി പറയുകയായിരുന്നു. ഇക്കാര്യം ഖുർആൻ ഇങ്ങനെ വിശദീകരിക്കുന്നു.:”മൂസാ തന്റെ ജനതയോടു പറഞ്ഞു: ”നിങ്ങൾ അല്ലാഹുവോട് സഹായം തേടുക. എല്ലാം ക്ഷമിക്കുക. ഭൂമി അല്ലാഹുവിന്റേതാണ്. തന്റെ ദാസന്മാരിൽ താനിഛിക്കുന്നവരെ അവനതിന്റെ അവകാശികളാക്കും. അന്തിമ വിജയം ഭക്തന്മാർക്കാണ്.”
അവർ പറഞ്ഞു: ”താങ്കൾ ഞങ്ങളുടെ അടുത്ത് വരുന്നതിനുമുമ്പ് ഞങ്ങൾ പീഡിപ്പിക്കപ്പെട്ടു കൊണ്ടിരുന്നു. താങ്കൾ വന്നശേഷവും ഞങ്ങൾ പീഡിപ്പിക്കപ്പെടുകയാണല്ലോ.” 7:128,129)

എന്നാൽ ഇസ്രായേല്യർ മൂസാ നബിയോട് പരാതി പറയുക മാത്രമല്ല ചെയ്തത്; മറിച്ച് അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്തു. ഇക്കാര്യം ബൈബിൾ ഇങ്ങനെ വ്യക്തമാക്കുന്നു:”അവർ ഫറവോൻറെ അടുത്ത് നിന്ന് പോരും വഴി തങ്ങളെ കാത്തു നിന്നിരുന്ന മോശെയെയും അഹറോനെയും കണ്ടു. അവർ പറഞ്ഞു:”നിങ്ങൾ ഫറവോൻറെയും ദാസന്മാരുടെയും ദൃഷ്ടിയിൽ ഞങ്ങളെ കുറ്റക്കാരാക്കി. അവരുടെ കയ്യിൽ ഞങ്ങളെ കൊല്ലാൻ വാൾ കൊടുത്ത നിങ്ങളെ നോക്കി കർത്താവ് ന്യായം വിധിക്കട്ടെ.”( പുറപ്പാട് 5:20, 21)

ഇസ്രായേല്യർ മൂസായോടും ഹാറൂനോടും ഇങ്ങനെ പറഞ്ഞതായി തൽമൂദിൽ കാണാം:”ഒരു ചെന്നായ ആടിനെ പിടിച്ചപ്പോൾ അതിനെ രക്ഷിക്കാൻ ശ്രമിച്ച ഇടയനെപ്പോലെയാണ് നമ്മുടെ ഉദാഹരണം. അവർ തമ്മിലുള്ള പിടിവലിയിൽ ആടിൻറെ ഒരു ഭാഗം തന്നെ നഷ്ടപ്പെട്ടു പോയി. ഇതുപോലെ നിങ്ങളുടെയും ഫിർഔൻറെയും പിടിവലിയിൽ ഞങ്ങളുടെ ‘പണി തീർന്നു’ പോകും.”(ഉദ്ധരണം: തഫ്ഹീമുൽ ഖുർആൻ.ഭാഗം: 2 : പുറം: 284)

ഇന്ത്യൻ മുസ്ലിംകളിലെ മഹാഭൂരിപക്ഷത്തിൻറെയും സമീപനം ഇസ്രായേല്യരുടേതിന് സമാനമാണ്. ഇസ്ലാമിൻറെ ശരിയായ പ്രതിനിധാനം വംശീയ വാദികളെയും വർഗീയ ഫാസിസ്റ്റുകളെയും അവരുടെ ഭരണകൂടങ്ങളെയും പ്രകോപിപ്പിക്കുമെന്ന് അവർ ആശങ്കിക്കുന്നു. അതിനാൽ ഇസ്ലാമിനെ യഥാവിധി പ്രതിനിധീകരിക്കുന്നവരോട് സഹകരിക്കാൻ സന്നദ്ധമാകുന്നില്ലെന്ന് മാത്രമല്ല, അവർ അപകടകാരികളാണെന്നും തങ്ങൾക്ക് അവരുമായി ഒരു ബന്ധവുമില്ലെന്നും ശക്തമായും വ്യാപകമായും പ്രചരിപ്പിക്കുന്നു. ചിലർ അതുകൊണ്ടും മതിയാക്കാതെ അവരെ ശത്രുക്കൾക്ക് ഒറ്റിക്കൊടുക്കുന്നു.

പലപ്പോഴും വർഗീയ ഫാസിസ്റ്റുകളുൾപ്പെടെ ഇസ്ലാമിൻറെ കഠിന ശത്രുക്കൾ ഇസ്ലാമിനും അതിനെ തനതായ സ്വഭാവത്തിൽ പ്രതിനിധീകരിക്കുന്നവർക്കുമെതിരെ ഉപയോഗപ്പെടുത്താറുള്ളത് സമുദായത്തിലെ ഇത്തരം കോടാലിക്കൈകളെയാണ്.
ഇങ്ങനെ നോക്കുമ്പോൾ ഇന്ത്യൻ മുസ്ലിംകളിലെ വളരെ വലിയൊരു വിഭാഗം സ്വന്തം ഗുണകാംക്ഷികളെ തിരിച്ചറിയാത്ത ഇസ്രായേല്യരെപ്പോലെത്തന്നെയാണ്. ( തുടരും )

Facebook Comments
Post Views: 118
Tags: Indian MuslimsIslamSMK
ശൈഖ് മുഹമ്മദ് കാരകുന്ന്

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തിൽ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ, കാരകുന്ന് അപ്പർ പ്രൈമറി സ്‌കൂൾ, മഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ, ഫറോക്ക് റൗദത്തുൽ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എൽ.ടി.ടി. സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മൊറയൂർ വി.എച്ച്.എം.ഹൈസ്‌കൂൾ, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോൾ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകൾക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാൻ , കുവൈത്ത്, ഖത്തർ , ബഹ്‌റൈൻ , സിംഗപ്പൂർ, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകൾ സന്ദർശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടർ അലീഫ് മുഹമ്മദ് , ഡോക്ടർ ബാസിമ , അയമൻ മുഹമ്മദ് എന്നിവർ മക്കളും ഡോക്ടർ അബ്ദുറഹമാൻ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവർ ജാമാതാക്കളുമാണ്.

Related Posts

power1.jpg
Series

അക്രമ ഭരണാധികാരികളോടുള്ള സമീപനം- 2

03/09/2023
Speeches

ആരായിരുന്നു മുഹമ്മദ് നബി(സ)?

01/09/2023
kings.jpg
Series

അക്രമ ഭരണാധികാരികളോടുള്ള സമീപനം- 1

31/08/2023

Recent Post

  • ഇറാഖില്‍ വിവാഹ പാര്‍ട്ടിക്കിടെ തീപിടിത്തം; 113 മരണം
    By webdesk
  • ഹിന്ദി ബെല്‍റ്റില്‍ സീറ്റ് വര്‍ധന ലക്ഷ്യമിട്ടുള്ള മോദിയുടെ വനിത സംവരണം
    By ശുഐബ് ദാനിയേല്‍
  • കശ്മീരിന്റെ കദനവും കണ്ണീരും: സ്മൃതി നാശം സംഭവിക്കാത്തവര്‍ക്ക് ചില ഓർമ്മപ്പെടുത്തലുകൾ
    By പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
  • സൗന്ദര്യാനുഭൂതിയുടെയും ധാർമികതയുടെയും മഹാപ്രവാഹം
    By മുഹമ്മദ് ശമീം
  • മദ്ഹുകളിലെ കഥകൾ …
    By അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editor Picks Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Life Middle East News News & Views Onlive Talk Opinion Parenting Personality Politics Pravasam Profiles Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio

© 2020 islamonlive.in

error: Content is protected !!