Current Date

Search
Close this search box.
Search
Close this search box.

നോഴ്‌സുകളുടെ മുസ്ലിം ബന്ധവും ഇബ്‌നു ഫദ്‌ലാന്റെ യാത്രകളും

ഉത്തര യൂറോപ്പിലെ സ്വീഡന്‍, ഡെന്മാര്‍ക്ക്, നോര്‍വേ, ഫിന്‍ലന്റ്, ഐസ്ലന്റ് എന്നീ രാജ്യങ്ങള്‍ പൊതുവില്‍ സ്‌കാന്‍ഡിനേവിയന്‍ (Scandinavia) രാജ്യങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ഇന്‍ഡോ-യൂറോപ്യന്‍ ഭാഷാ കുടുംബത്തിലെ ജെര്‍മാനിക് ഭാഷകള്‍ പ്രചാരത്തിലുള്ള രാജ്യങ്ങളാണ് ഇവ. ആര്‍ട്ടിക് വന്‍കരയോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമായതു കൊണ്ട് തന്നെ വര്‍ഷത്തിലധിക സമയവും കൊടും ശൈത്യമനുഭവപ്പെടുന്ന കാലാവസ്ഥയും മഞ്ഞുമലകളും തടാകങ്ങളും നിറഞ്ഞ ഭൂപ്രകൃതിയുമാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുടേത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഗള്‍ഫ് പ്രവാഹം മൂലം തെക്കന്‍ പ്രദേശങ്ങളില്‍ മിത-ശീതോഷ്ണ കാലാവസ്ഥയും അനുഭവപ്പെടാറുണ്ട്. പുരാതന കാലം മുതല്‍ തന്നെ കൃഷി, കച്ചവടം, മത്സ്യബന്ധനം എന്നിവയായിരുന്നു ഇവിടം ജനങ്ങളുടെ പ്രധാന ഉപജീവന മാര്‍ഗം.

സ്‌കാന്‍ഡിനേവിയ എന്ന പ്രദേശം ലോകശ്രദ്ധയാകര്‍ഷിക്കുന്നത് ഏ.ഡി എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടിയാണ്. ‘വൈക്കിംഗുകള്‍’ (Vikings) എന്ന അപരനാമത്തില്‍ അറിയപ്പെട്ട നോഴ്‌സ് (Norsemen) വിഭാഗത്തില്‍ പെട്ട സ്‌കാന്‍ഡിനേവിയന്‍ കടല്‍കൊള്ളക്കാര്‍ യൂറോപ്പിലാകെ ഭീതി വിതച്ച ക്രിസ്തുവര്‍ഷം എട്ട്, ഒമ്പത്, പത്ത് നൂറ്റാണ്ടുകള്‍ ‘വൈക്കിംഗ് യുഗം’ എന്ന പേരില്‍ കുപ്രസിദ്ധമാണ്. രോമക്കുപ്പായമണിഞ്ഞ് കൈയ്യില്‍ നീണ്ട മഴുവുമേന്തി ഏതു നിമിഷവും കടന്നാക്രമിക്കുന്ന അപരിഷ്‌കൃതരായ വൈക്കിംഗ് കടല്‍കൊള്ളക്കാര്‍ മധ്യകാല യൂറോപ്പിന്റെ പേടിസ്വപ്‌നമായിരുന്നു. വലിയ പായകളും നൂറോളം തുഴകളുമുള്ള നീണ്ടു മെലിഞ്ഞ വൈക്കിംഗ് കപ്പലുകള്‍ തീരമണിഞ്ഞാല്‍ ആയിരക്കണക്കിന് മനുഷ്യര്‍ നിമിഷനേരം കൊണ്ട് തുടച്ചുനീക്കപ്പെടുന്നതിന് പല യൂറോപ്യന്‍ തീര നഗരങ്ങളും അന്ന് സാക്ഷിയായിരുന്നു.

വൈക്കിംഗ് അധിനിവേശങ്ങള്‍ അഗാധമായി മുറിവേല്‍പിച്ച ബ്രിട്ടീഷ് ദ്വീപുസമൂഹങ്ങളിലെ ജനങ്ങളാണ് ഈ കടല്‍ കൊലയാളികളെ സാഹിത്യങ്ങളിലും കലകളിലും വില്ലന്മാരായി അവതരിപ്പിച്ച് തുടങ്ങിയത്. എന്നാല്‍ മധ്യകാല യുഗത്തില്‍ അറബിക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം, ശാന്തസമുദ്രം അടക്കമുള്ള ലോകത്തിലെ പ്രധാന വാണിജ്യ കടല്‍പാതകളെല്ലാം നീചരായ കടല്‍കൊള്ള സംഘങ്ങളുടെ വിഹാര കേന്ദ്രങ്ങളായിരുന്നു. പില്‍ക്കാലത്ത് പോര്‍ച്ചുഗീസ്, സ്പാനിഷ് കടല്‍കൊള്ളക്കാരുടെ വിളയാട്ട ഭൂമിയായി അറ്റ്‌ലാന്റിക് സമുദ്ര പ്രദേശങ്ങള്‍ മാറുന്നതും ചരിത്രത്തില്‍ കാണാം. ബ്രിട്ടീഷുകാരുടെ വൈക്കിംഗ് വെറുപ്പ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ വസിക്കുന്ന എല്ലാ നോഴ്‌സ് ജനവിഭാഗങ്ങള്‍ക്കും ദുഷ്‌പേരായാണ് വന്നുഭവിച്ചത്. സ്‌കാന്‍ഡിനേവിയയില്‍ നിന്ന് യൂറോപ്യന്‍ തീരങ്ങളില്‍ നങ്കൂരമിടുന്ന എല്ലാ കപ്പലുകളും കൊള്ള ലക്ഷ്യമാക്കിയാണ് വരുന്നതെന്നും എല്ലാ നോഴ്‌സുകളും കടല്‍കൊള്ളക്കാരാണ് എന്നുമുള്ള മിഥ്യാധാരണ യൂറോപിലാകെ വ്യാപിക്കാന്‍ അത് കാരണമായി.

യഥാര്‍ത്ഥത്തില്‍ കൊള്ളക്കാരായി യൂറോപിലാകെ റോന്തുചുറ്റിയ നോഴ്‌സുകള്‍ ഒരു ചെറിയ ന്യൂനപക്ഷമായിരുന്നു. അവരില്‍ വലിയൊരു വിഭാഗവും വിദഗ്ധരായ നാവികരും നിപുണരായ കച്ചവടക്കാരും കര്‍ഷകരുമൊക്കെയായിരുന്നു. നോഴ്‌സുകളിലെ കൃഷിക്കാരാകട്ടെ വളരെ അപൂര്‍വമായി മാത്രമേ അന്യദേശ യാത്രകള്‍ പോലും നടത്തിയിരുന്നുള്ളൂ. തദ്ദേശീയമായി വളരുന്ന ഫലവര്‍ഗങ്ങളും ധാന്യങ്ങളും കൃഷി ചെയ്ത് ആടുമാടുകളെ മേയ്ച്ച് സമാധാന ജീവിതം നയിക്കുന്നവരായിരുന്നു അവര്‍. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ പുരാതന നോഴ്‌സ് ഭാഷയില്‍ ഗവേഷകയായ ജെസ്സി ബയോക്കിന്റെ (Jessie Byock) അഭിപ്രായത്തില്‍ വൈക്കിംഗ് യുഗം എന്ന് പ്രയോഗിക്കുമ്പോള്‍ എല്ലാ സ്‌കാന്‍ഡിനേവിയക്കാരും വൈക്കിംഗുകള്‍ ആയിരുന്നു എന്ന ധ്വനി ഉണ്ടാവരുത്. പുരാതന നോഴ്‌സ് ഭാഷയില്‍ ‘വൈക്കിംഗ്’ എന്നാല്‍ കടല്‍കൊള്ളക്കാരന്‍ എന്നാണ് അര്‍ഥം കല്‍പിക്കപ്പെട്ടിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് സാഹിത്യങ്ങളിലാണ് വൈക്കിംഗ് എന്ന പദം സ്‌കാന്‍ഡിനേവിയക്കാര്‍ എന്ന പൊതുസ്വഭാവത്തില്‍ അവതരിപ്പിക്കപ്പെട്ടു തുടങ്ങിയത്. ഓസ്റ്റ്മന്‍ (Austmann) അഥവാ ‘കിഴക്കിന്റെ ആളുകള്‍’ എന്നാണ് നോഴ്‌സുകള്‍ തങ്ങളെ സ്വയം വിശേഷിപ്പിച്ചിരുന്നത്. കിഴക്കന്‍ യൂറോപില്‍ നിന്ന് സക്ാന്‍ഡിനേവിയന്‍ രാജ്യങ്ങളിലേക്കുള്ള ജെര്‍മാനിക് ഗോത്ര കുടിയേറ്റമായിരിക്കാം ഈ പ്രയോഗത്തിലൂടെ ഉദ്ദേശിച്ചിരുന്നത്.

‘റൂസു’കളും മുസ്ലിംകളും

വൈക്കിംഗ് അധിനിവേശങ്ങള്‍ ഉച്ചസ്ഥായിയിലായിരുന്ന ക്രിസ്താബ്ദം ഒമ്പതാം നൂറ്റാണ്ടിന് മുമ്പ് തന്നെ നോഴ്‌സുകളായ വ്യാപാരികള്‍ കരമാര്‍ഗം സ്ലാവ് അധിവാസ പ്രദേശങ്ങളിലും കടല്‍മാര്‍ഗം പശ്ചിമേഷ്യന്‍ ദേശങ്ങളിലും തങ്ങളുടെ സാന്നിധ്യമറിയിക്കുകയുണ്ടായി. ബാള്‍ക്കന്‍ പ്രദേശങ്ങളില്‍ കച്ചവട യാത്രകള്‍ നടത്തിയിരുന്ന അറബികളാണ് നോഴ്‌സുകളെ അടുത്തറിഞ്ഞ ആദ്യ യൂറോപിതര ജനവിഭാഗം. അറബികള്‍ അവരെ നോഴ്‌സുകള്‍ എന്നോ വൈക്കിംഗുകള്‍ എന്നോ വിളിക്കുന്നതിന് പകരം ‘റൂസ്’ ( Rus) എന്നാണ് വിളിച്ചത്. റഷ്യ, ബെലറൂസ് എന്നീ ആദ്യകാല നോഴ്‌സ് അധിവാസ രാജ്യങ്ങളുടെ നാമങ്ങളില്‍ ഈ അറബി പദം സ്വാധീനം ചെലുത്തിയതായി കാണാം.

അബ്ബാസി ഖിലാഫത്തിന്റെ നാളുകളിലാണ് നോഴ്‌സുകള്‍ ഇസ്ലാമിക ലോകത്ത് അവരുടെ കച്ചവടസംഘങ്ങളുമായി എത്തുന്നത്. യൂറോപ്യന്‍ ആഖ്യാനങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി നാവികന്മാരും കച്ചവടക്കാരുമായാണ് നോഴ്‌സുകള്‍ പൗരസ്ത്യ നാടുകളില്‍ അറിയപ്പെട്ടത്. വളരെ മുമ്പു തന്നെ വെള്ളി ദിര്‍ഹമുകള്‍ക്ക് പകരം കച്ചവടം നടത്തിയിരുന്ന അറബികളെ നോഴ്‌സുകള്‍ക്ക് പരിചയമുണ്ടായിരുന്നു. സ്‌കാന്‍ഡിനേവിയന്‍ പ്രദേശങ്ങളില്‍ കണ്ടുവരാത്ത വെളുത്ത് തിളങ്ങുന്ന വെള്ളി എന്ന പുതിയ ലോഹത്തിന്റെ ഉല്‍ഭവം തേടിയുള്ള യാത്രകളാണ് നോഴ്‌സുകളെ മുസ്ലിം ലോകത്ത് എത്തിച്ചതെന്ന് അമേരിക്കന്‍ ഗവേഷകയായ ജൂഡിത്ത് ഗബ്രിയേല്‍ (Judith Gabriel) അഭിപ്രായപ്പെടുന്നു. ഖനനങ്ങളില്‍ നിന്ന് കണ്ടെടുക്കപ്പെട്ട നൂറുകണക്കിന് വൈക്കിംഗ് കുഴിമാടങ്ങളില്‍ നിന്നും വസ്തുശേഖരങ്ങളില്‍ നിന്നും അറബ് ദിര്‍ഹമുകള്‍ ധാരാളമായി ലഭിച്ചത് പശ്ചിമേഷ്യന്‍ പ്രദേശവുമായി അവര്‍ക്കുണ്ടായിരുന്ന കച്ചവട ബന്ധങ്ങളുടെ ആഴം കാണിക്കുന്നു. അമേരിക്കയിലെ മിന്നെസോട്ട സര്‍വകലാശാലയില്‍ ഗവേഷകനായ തോമസ് നൂനന്റെ (Thomas Noonan) അഭിപ്രായത്തില്‍ വൈക്കിംഗ് യുഗത്തിന്റെ നില്‍നില്‍പിന് തന്നെ ആധാരമായത് അവരുടെ മുസ്ലിം ലോകവുമായുള്ള കച്ചവട ബന്ധങ്ങളായിരുന്നു.

ക്രിസ്തുവര്‍ഷം 921-ലാണ് അറബ് സഞ്ചാരിയായ അഹ്മദ് ഇബ്‌നു ഫദ്‌ലാന്‍ അബ്ബാസി ഖലീഫ അല്‍-മുഖ്തദിറിന്റെ പ്രതിനിധി സംഘാംഗങ്ങളില്‍ ഒരാളായി റഷ്യയിലെ ബള്‍ഗാറു (Volga Bulgars) കളുടെ അടുത്തെത്തുന്നത്. വടക്കു-കിഴക്കന്‍ ഇറാന്‍ വഴി റഷ്യയിലേക്ക് പ്രവേശിച്ച ഇബ്‌നു ഫദ്‌ലാനും സംഘവും യാത്രക്കിടയില്‍ തുര്‍ക്കുകള്‍, മദ്ധ്യേഷ്യക്കാര്‍ അടക്കം നിരവധി ജനവിഭാഗങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയുണ്ടായി. ‘രിസാല’ എന്ന പേരില്‍ ഇബ്‌നു ഫദ്‌ലാന്‍ രചിച്ച യാത്രാവിവരണ ഗ്രന്ഥം അക്കാലത്തെ മദ്ധ്യേഷ്യന്‍ ജനവിഭാഗങ്ങളുടെ സംസ്‌കാരത്തെ കുറിച്ചുള്ള ആധികാരികമായ ഒരു വിവരണമായി ഗണിക്കപ്പെടുന്നു. സ്വീഡനില്‍ നിന്നെത്തി റഷ്യയിലെ വോള്‍ഗാ നദിക്കരയില്‍ ഇന്നത്തെ കസാന്‍ (Kazan) നഗരത്തിനടുത്ത് താമസമാക്കിയ നോഴ്‌സ് അവാന്തര വിഭാഗമാണ് ബള്‍ഗാറുകള്‍. പുതുതായി ഇസ്ലാമാശ്ലേഷിച്ച ബള്‍ഗാറുകള്‍ക്ക് ദീന്‍ പഠിപ്പിക്കുക, രാഷ്ട്രീയ നയതന്ത്ര ചര്‍ച്ചകള്‍ നടത്തുക എന്നീ ഉദ്ദേശത്തോടു കൂടി ബള്‍ഗാര്‍ രാജാവിന്റെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് മുസ്ലിംകള്‍ റഷ്യയിലെത്തിയത്. ബള്‍ഗാറുകളുടെ ഫഖീഹ് (മതപണ്ഡിതന്‍) എന്ന പദവിയിലാണ് ഖലീഫ ഇബ്‌നു ഫദ്‌ലാനെ നിയമിച്ചത്.

സ്‌കാന്‍ഡിനേവിയക്കാര്‍ക്ക് സ്വന്തമായി ഒരു ലിപി സംവിധാനം ഇല്ലാതിരുന്നതുകൊണ്ട് തന്നെ അക്കാലത്ത് സഞ്ചാരികളായും കച്ചവടക്കാരായും നോഴ്‌സ് പ്രദേശങ്ങള്‍ സന്ദര്‍ശിച്ചവരുടെ രേഖകളാണ് ചരിത്രകാരന്മാര്‍ പലപ്പോഴും ആധികാരിക സ്രോതസ്സുകളായി കണക്കാക്കാറുള്ളത്. ഈയൊരു ഗണത്തില്‍ ഇബ്‌നു ഫദ്‌ലാന്റെ രിസാല പ്രഥമ സ്ഥാനമര്‍ഹിക്കുന്നു. ലിഖിത പാരമ്പര്യമില്ലെങ്കിലും വാമൊഴിയായി പ്രചരിച്ച നോഴ്‌സ് ഐതിഹ്യങ്ങളും നാട്ടുകഥകളും ഗ്രീക്ക്, റോമന്‍ പുരാണങ്ങള്‍ പോലെ തന്നെ യൂറോപ്യന്‍ സാഹിത്യത്തെ അഗാധമായി സ്വാധീനിച്ചവയാണ്.

നാലായിരത്തോളം കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ഇബ്‌നു ഫദ്‌ലാനും സംഘവും ബള്‍ഗാറുകളുടെ നാട്ടിലെത്തുന്നത്. ഇത്രയും ആകാര സൗഷ്ടവമുള്ള ഒരു ജനതയെ ഞാന്‍ മുമ്പെങ്ങും കണ്ടിട്ടില്ല എന്നാണ് ഇബ്‌നു ഫദ്‌ലാന്‍ ബള്‍ഗാറുകളെ കുറിച്ച് പറയുന്നത്. സ്വര്‍ണ്ണത്തലമുടിയും പനന്തടി പോലെ ഉയര്‍ന്ന ശരീരരവുമുണ്ടായിരുന്ന ബള്‍ഗാറുകള്‍ കാല്‍വിരലുകള്‍ തൊട്ട് കഴുത്തു വരെ പച്ചകുത്തുകയും ചെയ്തിരുന്നു. ഓരോ ബള്‍ഗാറും മഴു, വാള്‍, കഠാര എന്നീ ആയുധങ്ങള്‍ സ്ഥിരമായി കൂടെ കൊണ്ടുനടന്നിരുന്നു. ആഭരണ നിര്‍മാണ കലയും ശരീരാലങ്കാര കലകളും അവര്‍ക്കിടയില്‍ വളരെയധികം വികസിച്ചിരുന്നു എന്ന് ഇബ്‌നു ഫദ്‌ലാന്‍ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകള്‍ സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത വ്യത്യസ്ത തരം ആഭരണങ്ങള്‍ അണിഞ്ഞിരുന്നു. പതിനായിരം ദിര്‍ഹം വിലവരുന്ന മരതകക്കല്ലുകള്‍ പോലും അവരുടെ ശേഖരത്തിലുണ്ടായിരുന്നതായി അദ്ദേഹം പറയുന്നു.

നിരവധി ദേവീ-ദേവന്മാരും പ്രതിഷ്ഠകളുമുണ്ടായിരുന്ന ഒരു ഗോത്രമതമാണ് പൊതുവേ നോഴ്‌സുകള്‍ ആചരിച്ചിരുന്നത്. പക്ഷേ, മുമ്പ് സൂചിപ്പിച്ചത് പോലെ പില്‍ക്കാലത്ത് യൂറോപ്യന്‍ കാല്‍പനികതയേയും സാഹിത്യത്തെയും ആഴത്തില്‍ സ്വാധീനിക്കാന്‍ നോഴ്‌സ് പുരാണങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ദേവരാജനായ ഒഡിനും (Odin) കരുത്തിന്റെ പര്യായമായി അറിയപ്പെട്ടിരുന്ന ഥോര്‍ (Thor) ദേവനും ഇന്നും പാശ്ചാത്യന്‍ കോമിക്കുകളിലെ സ്ഥിരം കഥാപാത്രങ്ങളാണ്. സാമൂഹിക ശ്രേണിയില്‍ രാജാവിന് ശേഷം യോദ്ധാക്കള്‍ക്കും യുദ്ധപ്രഭുക്കന്മാര്‍ക്കുമാണ് സ്ഥാനം കല്‍പിക്കപ്പെട്ടിരുന്നത്. മരണാനന്തരം വീരന്മാര്‍ ഒഡിന്‍ ദേവന്റെ സന്നിധിയായ വാല്‍ഹാല്ല (Valhalla)യില്‍ എത്തിച്ചേരുമെന്നാണ് നോഴ്‌സ് വിശ്വാസം. റൂസുകളെ കുറിച്ച് ഇബ്‌നു ഫദ്‌ലാന്‍ നടത്തിയ ശ്രദ്ധേയമായ നിരീക്ഷണം അവരുടെ മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ടതാണ്. മുസ്ലിംകളുമായുള്ള സമ്പര്‍ക്കം നിരവധി റൂസ് ജനവിഭാഗങ്ങളെ ഇസ്ലാമിലേക്കെത്തിച്ചെങ്കിലും പലപ്പോഴും തങ്ങളുടെ ഗോത്രമതാചാരങ്ങള്‍ മുസ്ലിംകള്‍ ആയതിന് ശേഷവും കൈയ്യൊഴിയാന്‍ അവര്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു എന്ന് ഇബ്‌നു ഫദ്‌ലാന്‍ നിരീക്ഷിക്കുന്നുണ്ട്. വീഞ്ഞും പന്നിയിറച്ചിയും തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചവരും അക്കൂട്ടത്തിലുണ്ടായിരുന്നു എന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. നൂറ്റാണ്ടുകളായി പിന്തുടര്‍ന്നു വന്ന ശീലങ്ങള്‍ ഒരു സുപ്രഭാതത്തില്‍ കൈയ്യൊഴിയേണ്ടി വന്നപ്പോഴുള്ള നിരാശാബോധമായിരിക്കാം ഇബ്‌നു ഫദ്‌ലാന്‍ അവരില്‍ ദര്‍ശിച്ചത്. യാത്ര കഴിഞ്ഞെത്തിയ റൂസ് കച്ചവടക്കാര്‍ തങ്ങളുടെ ദൈവങ്ങള്‍ക്ക് പൂജകള്‍ അര്‍പ്പിക്കുന്നത് നേരില്‍ കണ്ടതായി ഇബ്‌നു ഫദ്‌ലാന്‍ കുറിക്കുന്നുണ്ട്. ഭൂമിയില്‍ കുത്തിനിര്‍ത്തിയ മരത്തടിയില്‍ തീര്‍ത്ത വിഗ്രഹങ്ങളാണ് അവര്‍ പൂജകള്‍ക്കായി ഉപയോഗിച്ചിരുന്നത്. കച്ചവടത്തില്‍ അഭിവൃദ്ധി ഉണ്ടാവാനാണ് റൂസുകള്‍ പ്രധാനമായും പൂജകള്‍ നടത്തിയിരുന്നത്. മംഗോള്‍ മതവിശ്വാസത്തിലുണ്ടായിരുന്നത് പോലെ ശേമന്‍ (Shaman) എന്നറിയപ്പെട്ട പുരോഹിതന്മാരാണ് പൂജാകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. മരിച്ചുപോയ പൂര്‍വികരുടെ ആത്മാക്കളുമായി തങ്ങള്‍ക്ക് സമ്പര്‍ക്കമുണ്ട് എന്നവകാശപ്പെട്ടിരുന്ന ശേമനുകള്‍ ദൈവങ്ങളെ പ്രീതിപ്പെടുത്താനായി നരബലിക്കും ഉത്തരവിട്ടിരുന്നു എന്ന് ഇബ്‌നു ഫദ്‌ലാന്‍ പറയുന്നു.

ഒരു വോള്‍ഗാ ബള്‍ഗാര്‍ മുഖ്യന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചതിന്റെ രസകരമായ വിവരണവും ഇബ്‌നു ഫദ്‌ലാന്‍ നല്‍കുന്നതായി കാണാം. വഞ്ചികള്‍ നോഴ്‌സുകളുടെ ജീവിതത്തിന്റെ ഭാഗമായതിനാല്‍ തന്നെ അവയിലാണ് മരിച്ചവര്‍ക്ക് അന്ത്യയാത്ര ഒരുക്കിയിരുന്നതും. മരണാനന്തര ജീവിതത്തില്‍ പരേതന് ഉപയോഗിക്കാനെന്ന വിശ്വാസത്തിന്റെ ഭാഗമായി പരേതന്‍ ഉപയോഗിച്ചിരുന്ന, അയാള്‍ക്ക് പ്രിയപ്പെട്ടതായിരുന്ന എല്ലാ വസ്തുക്കളും വഞ്ചിയില്‍ നിക്ഷേപിച്ചിരുന്നു. വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും വളര്‍ത്തുമൃഗങ്ങള്‍ വരെ അവയില്‍ ഇടംപിടിച്ചിരുന്നു. കൂടാതെ പരേതന്റെ ഏറ്റവും വിശ്വസ്തയായിരുന്ന ദാസിപ്പെണ്ണും യജമാനനെ മരണത്തില്‍ അനുഗമിക്കണമെന്നതാണ് നോഴ്‌സ് വിശ്വാസം. ഇങ്ങനെ അലംകരിച്ച വഞ്ചിയില്‍ ജഡം വെച്ചതിന് ശേഷം വഞ്ചി കത്തിച്ചുകളയുകയാണ് ചെയ്തിരുന്നത്. നോഴ്‌സുകളുടെ ഈ ആചാരത്തിന്റെ ദൃക്‌സാക്ഷി വിവരണം ലഭ്യമായ ലോകത്തിലെ വളരെ അപൂര്‍വമായ രേഖയാണ് ഇബ്‌നു ഫദ്‌ലാന്റെ രിസാല.

അറബികള്‍ക്ക് പുറമേ അന്തുലൂസിലെ മുസ്ലിം സഞ്ചാരികളും ചരിത്രകാരന്മാരും റൂസുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരായിരുന്നു. അല്‍-തര്‍ത്തൂശി, അഹ്മദ് അല്‍-യഅ്ഖൂബി, ഇബ്‌നു ഖൂതിയ എന്നീ ചരിത്രകാരന്മാര്‍ ഇബ്‌നു ഫദ്‌ലാന് സമകാലീനരായോ ശേഷമോ നോഴ്‌സുകളെ കുറിച്ച് രേഖപ്പെടുത്തിവരാണ്. പക്ഷേ അവരുടെ എഴുത്തുകളില്‍ നിന്ന് ഉപരിപ്ലവമായ ഒരു ധാരണ മാത്രമേ റൂസുകളെ കുറിച്ച് ലഭിക്കുന്നുള്ളൂ. രണ്ട് ശക്തരായ യോദ്ധാക്കള്‍ക്ക് കീഴില്‍ അന്തുലൂസിന് നേരെ വന്ന വൈക്കിംഗ് ആക്രമണത്തെ തുരത്തിയോടിച്ച ചരിത്രമുണ്ട് സ്‌പെയിനിലെ ഉമവീ നാവികപ്പടയ്ക്ക്. ഒമ്പതാം നൂറ്റാണ്ടില്‍ മുസ്ലിം സ്‌പെയിന്‍ അറ്റ്‌ലാന്റിക്കിലെ ശക്തമായ നാവിക സാന്നിധ്യമായിരുന്നു. എന്നാല്‍ പടിഞ്ഞാറന്‍ യൂറോപ്പില്‍ വൈക്കിംഗ് അധിനിവേശകര്‍ക്ക് ഉണ്ടായിരുന്ന ചീത്തപ്പേരൊന്നും പൊതുവെ കിഴക്കന്‍ യൂറോപിലും പശ്ചിമേഷ്യന്‍ നാടുകളിലും കച്ചവടം നടത്തിയിരുന്ന നോഴ്‌സുകള്‍ക്ക് ഉണ്ടായിരുന്നില്ല. പക്ഷേ പത്താം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും മുസ്ലിം നാടുകളുമായുള്ള നോഴ്‌സ് വ്യാപാരബന്ധങ്ങള്‍ കുറഞ്ഞുവരാന്‍ തുടങ്ങി. വെള്ളിഖനികള്‍ ധാരാളമായി കൈവശമുണ്ടായിരുന്ന സമാനിദ് സാമ്രാജ്യത്തിന്റെ തകര്‍ച്ച പശ്ചിമേഷ്യയില്‍ വെള്ളിനാണയങ്ങളുടെ മൂല്യമിടിയാന്‍ കാരണമാക്കി. ഇതു മനസ്സിലാക്കിയ നോഴ്‌സുകള്‍ പതിയെ തങ്ങളുടെ പാരമ്പര്യനാടായ സ്‌കാന്‍ഡിനേവിയയിലേക്ക് തിരിച്ചുപോയി. കുറേയധികം നോഴ്‌സ് വിഭാഗങ്ങള്‍ റഷ്യയിലും മെഡിറ്ററേനിയന്‍ കടല്‍ത്തീരങ്ങളിലും തന്നെ തങ്ങളുടെ അധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ആ സംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ന്നു.

തോമസ് നൂനന്‍ അഭിപ്രായപ്പെടുന്നതനുസരിച്ച്, നോഴ്‌സ് സംസ്‌കാരത്തെ കുറിച്ച് പഠിക്കുമ്പോള്‍ മുസ്‌ലിം നാടുകളില്‍ നിന്ന് സ്‌കാന്‍ഡിനേവിയന്‍ നാടുകളിലേക്ക് എത്തിയ വെള്ളിനാണയങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. ഏ.ഡി 900-നും 1030-നും ഇടയില്‍ കാലഗണന നടത്തപ്പെട്ട ഒരു ലക്ഷത്തോളം വെള്ളി ദിര്‍ഹമുകളാണ് സ്വീഡനില്‍ നിന്ന് മാത്രം കണ്ടെടുക്കപ്പെട്ടിരിക്കുന്നത്. മറ്റ് സ്‌കാന്‍ഡിനേവിയന്‍, ബാള്‍ട്ടിക്ക് രാജ്യങ്ങളിലും റഷ്യയിലുമായി സമാനമായ വെള്ളിനാണയ ശേഖരങ്ങള്‍ നോഴ്‌സ് അധിവാസ പ്രദേശങ്ങളില്‍ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ബാഗ്ദാദ്, കൈറോ, ദമസ്‌കസ്, ഇസ്ഫഹാന്‍, താഷ്‌കന്റ് എന്നീ മുസ്ലിം നഗരങ്ങളിലെ കമ്മട്ടങ്ങളുടെ ഔദ്യോഗിക മുദ്രകളുള്ള നാണയങ്ങളാണ് ഇവയൊക്കെ. നാണയങ്ങള്‍ക്ക് പുറമേ പേര്‍ഷ്യന്‍ പളുങ്കുപാത്രങ്ങളും പട്ടുവസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ നിന്ന് കണ്ടെടുക്കപ്പെട്ട പുരാവസ്തു ശേഖരങ്ങളില്‍ പെടുന്നു. ആധുനിക നോര്‍ഡിക് ഭാഷകളില്‍ അറബിക് വേരുകളുള്ള കാഫി, ആഴ്‌സനല്‍, കത്തുന്‍ (പരുത്തി), അല്‍കോവ്, സോഫ എന്നിങ്ങനെയുള്ള പദങ്ങള്‍ കാണപ്പെടുന്നതും ഒരുകാലത്ത് ശക്തമായിരുന്ന മുസ്ലിം-നോഴ്‌സ് ബന്ധത്തെ കുറിക്കുന്നതാണെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ലോകമാകെ കടല്‍കൊള്ളക്കാരായും അധിനിവേശകരായും കുപ്രസിദ്ധരായ ഒരു ജനവിഭാഗത്തിന്റെ സാംസ്‌കാരിക ചരിത്രം ലോകത്തിന് മുന്നില്‍ വരച്ചുകാണിച്ച മധ്യകാല മുസ്ലിം രേഖകള്‍ തന്നെയാണ് ഇന്നും പാശ്ചാത്യ ചരിത്രകാരന്മാര്‍ പോലും അവലംബനീയ സ്രോതസ്സുകളായി സ്വീകരിക്കുന്നത്.

Related Articles