Current Date

Search
Close this search box.
Search
Close this search box.

മനുഷ്യ സ്വാതന്ത്ര്യം ഇസ്‌ലാമിൽ

ഇസ്‌ലാം അതിന്റെ ലാളിത്യം, സഹിഷ്ണുത, പ്രായോഗിക രീതി എന്നിവ കൊണ്ട് എല്ലാ കാലത്തും ദേശത്തും ഇതര ആശയസംഹിതകളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒരു മതമാണ്. സഹിഷ്ണുതയെക്കുറിച്ചുള്ള അതിന്റെ അധ്യാപനം ദൈവികമാണ്. അത് മനുഷ്യ പ്രകൃതവുമായി ബന്ധപ്പെട്ട് കിടക്കുകയാണ് താനും. പക്ഷേ, ഇസ്‌ലാം എന്ന സത്യമാർഗത്തിൽ നിന്നും അകലം പാലിച്ച് നിൽക്കുന്ന ഒരുകൂട്ടം ആളുകളുടെ തെറ്റിദ്ധാരണകളാണ് അതിന് മറ്റൊരു മുഖം നൽകിയത്. വസ്തുതകളെ അത് വളച്ചൊടിക്കുകയും ഇസ്‌ലാമിന്റെ വിശ്വാസ പ്രമാണങ്ങൾക്ക് തുരങ്കം വെക്കുകയും ചെയ്തിരിക്കുന്നു. അതിനെ ശരിയാക്കിയെടുക്കാനുള്ള ഉത്തരവാദിത്തവും അതിനെതിരെ ശക്തമായ പ്രതിരോധം തീർക്കാനുള്ള ചുമതലയും ഉമ്മത്തിലെ പണ്ഡിത സമൂഹത്തിനാണ്.

ഇത്തരം തെറ്റിദ്ധാരണകളിൽ പ്രധാനപ്പെട്ടതാണ് നൈതികതയും സാഹോദര്യവുമായി ബന്ധപ്പെട്ട ധാരണകൾ. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങളുമായി പൊട്ടിപ്പുറപ്പെട്ട 1789 ലെ ഫ്രഞ്ച് വിപ്ലവമാണ് ലോകത്ത് നീതിയും സമത്വവും സ്ഥാപിച്ചതെന്ന് വരുത്തി തീർക്കാനാണ് പാശ്ചാത്യ ശക്തികൾ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ, അതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് ഇസ്‌ലാം അതിന്റെ ആഗമന കാലം തൊട്ടേ സമൂഹങ്ങൾക്കിടയിൽ നീതിയും സമത്വവും സ്വാതന്ത്ര്യവുമെല്ലാം നടപ്പിൽ വരുത്താൻ മുന്നോട്ട് വന്നിട്ടുണ്ട്. “ദീനിൽ നിർബന്ധ മതപരിവർത്തനം ഇല്ല”(ബഖറ: 256) എന്ന സൂക്തം വിശ്വാസപരമായ സ്വാതന്ത്ര്യത്തെ കുറിക്കുന്ന പ്രഖ്യാപനമാണ്. “ബന്ധുക്കളോടാണെങ്കിൽ പോലും, സംസാരിക്കുകയാണെങ്കിൽ നീതി പുലർത്തുക”(അൻആം: 152) എന്ന സൂക്തം സാമൂഹിക നീതിക്ക് വേണ്ടിയുള്ള ആഹ്വാനമാണ്. “ജനങ്ങളിൽ ഓരോരുത്തരും ചീർപ്പിന്റെ പല്ലുകൾ പോലെ സമന്മാരാണ്. സൂക്ഷ്മത കൊണ്ടല്ലാതെ ഒരു അറബിക്ക് മറ്റൊരു അനറബിയേക്കാൾ ശ്രേഷ്ഠതയില്ല” എന്ന തിരുവചനം സമത്വത്തെക്കുറിച്ചുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാടാണ് വ്യക്തമാക്കുന്നത്. ഇപ്രകാരം, മേൽസൂചിപ്പിച്ച തത്വങ്ങളെ കുറിച്ചെല്ലാം കാലങ്ങൾക്ക് മുന്നേ ഇസ്‌ലാം സുതരാം വ്യക്തമാക്കിയതാണ്; എന്നാൽ ഇസ്‌ലാം സമൂഹവുമായി ബന്ധപ്പെട്ട തത്വങ്ങളെ ഈ മൂന്നിൽ മാത്രം ചുരുക്കിക്കെട്ടുകയും ചെയ്തില്ല. പാശ്ചാത്യ സംസ്കാരം സമീപ കാലങ്ങളിൽ മനസ്സിലാക്കിയ മാനുഷിക അവകാശങ്ങളെല്ലാം നൂറ്റാണ്ടുകൾക്ക് മുമ്പേ ഇസ്‌ലാം നടപ്പിൽ വരുത്തിയവയാണ്. കേവലം മാനുഷിക അവകാശം മാത്രമായല്ല, മറിച്ച് ദൈവികമായ കൽപനയായും നിർബന്ധമായും അനുവർത്തിക്കേണ്ട ശരീഅത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ പെട്ടവയായുമാണ് ഇസ്‌ലാം അതിനെ കണ്ടത്.(അൽഇസ്‌ലാമു വൽഅമ്നിൽ ഇജ്‌തിമാഇൗ, മുഹമ്മദ് അമ്മാറ, പേ. 83)

വസ്തുതകളെ മറച്ചുവെച്ചോ അല്ലാഹുവിന് മേൽ കെട്ടിച്ചമച്ചോ അല്ല ഇത് പറയുന്നത്. മനുഷ്യന് അവൻ നിർബന്ധമായും ചെയ്തിരിക്കേണ്ട ചില ഉത്തരവാദിത്തങ്ങൾ നൽകി അതടിസ്ഥാനമായി പരിശുദ്ധ ദീനിനെ നിലനിർത്തുന്നവനാണ് അല്ലാഹു. അനിവാര്യമായ ഒരു കാര്യം ഉപേക്ഷിച്ചാൽ ഒരു സംവിധാനം അതിന്റെ പരിപൂർണതയിൽ എത്തില്ലെന്ന് സുവ്യക്തമാണല്ലോ. അക്രമത്തിനു മേലല്ല പരിശുദ്ധ ദീനിന്റെ നിലനിൽപ്പ്‌. അളവോ തൂക്കമോ അല്ല അതിന്റെ അടിസ്ഥാനം. മറിച്ച്, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ തത്വങ്ങളാണ് അതിന്റെ മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ. അത് വെറും അവകാശങ്ങളല്ല, പരസ്പരം അനുവർത്തിക്കേണ്ട നിർബന്ധ ബാധ്യതകളാണ്. അക്കാരണത്താൽ തന്നെ അവയില്ലാതെ മതം പൂർണമാവുകയുമില്ല.(അൽഇസ്‌ലാമു വൽഅമ്നിൽ ഇജ്‌തിമാഇൗ, പേ. 18)

അവകാശങ്ങളും ബാധ്യതകളും നിർണ്ണയിക്കുന്നതിൽ ഇസ്‌ലാം ഒന്നുകൂടെ മുന്നോട്ട് പോയിരിക്കുന്നു. മത സംരക്ഷണത്തോടൊപ്പം തന്നെ ശാരീരിക, മാനസിക സംരക്ഷണത്തെയും ഇസ്‌ലാം ചേർത്ത് വച്ചു. കാരണം, മാനസികവും ശാരീരികവുമായ സംരക്ഷണമില്ലാതെ ദീൻ നിലനിൽക്കുകയില്ല. ശരീഅത്തിന്റെ കല്പനകൾ നിറവേറ്റാനുള്ള ചുമതല വഹിക്കേണ്ടത് ശരീരമാണ്. ചുമതലകൾ നിർവഹിക്കാൻ മനസ്സിനെ പാകപ്പെടുത്തലും ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തലും അത് അനിവാര്യമാക്കിത്തീർക്കുന്നു. അതുവഴിയാണ് മതത്തിന്റെ നിലനിൽപ്പ് സാധ്യമാവുക എന്നത് തന്നെ കാരണം.(അൽഇസ്‌ലാമു വൽഅമ്നിൽ ഇജ്‌തിമാഇൗ, പേ. 16)

ഇക്കാരണത്താൽ തന്നെ, ഇവയെല്ലാം ഇസ്‌ലാം അതിന്റെ അടിസ്ഥാന തത്വങ്ങളിൽ ഉൾപ്പെടുത്തുകയും സ്വേഷ്ഠപ്രകാരമോ നിർബന്ധിതനായോ ശരീരത്തെയും മാനസിക ആരോഗ്യത്തെയും നശിപ്പിക്കുന്നത് നിഷിദ്ധമാക്കുകയും ചെയ്തു. അന്നപാനീയങ്ങളും വീടുമില്ലാതെ മനുഷ്യന് ജീവിക്കാൻ സാധ്യമല്ലെന്ന പോലെ സ്വാതന്ത്ര്യമില്ലാതെയുള്ളൊരു ജീവിതവും അവനെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. അടിസ്ഥാന തത്വമായി പ്രഖ്യാപിക്കുക മാത്രം ചെയ്യുന്നതിന് പകരം ഇസ്‌ലാം അത് ജീവിതത്തിന്റെ അനിവാര്യ ഘടകമാക്കി മാറ്റി. ഏതൊരാളും സ്വതന്ത്രൻ എന്ന വിശേഷണം സിദ്ധിച്ചവനാകണം എന്ന് നിസ്കർഷിച്ചു. ജാതി, മത, നിറ, ഗോത്ര ഭേതമന്യേ ഓരോ മനുഷ്യനിലും അനിവാര്യമായും ഉണ്ടാകേണ്ട ഒന്നായി ഇസ്‌ലാം സ്വാതന്ത്ര്യത്തെ മാറ്റി. സമൂഹത്തിനിടയിൽ സമത്വം സ്ഥാപിച്ചെടുക്കുകയെന്നതായിരുന്നു അതിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. ഒരേ കപ്പലിൽ സഞ്ചരിക്കുന്നവരാണ് നാം. കപ്പൽ ജീവനക്കാരും യാത്രക്കാരും ഒന്നിച്ച് പ്രവർത്തിച്ചാൽ മാത്രമേ നിർഭയത്വത്തിന്റെ കരയിലേക്ക് കപ്പലിനെ വലിച്ചടുപ്പിക്കാനാകൂ. കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാൻ വേണ്ടിയാണ് ഇത്രയും പറഞ്ഞത്. സ്വാതന്ത്ര്യവും ബുദ്ധിയുമായി ബന്ധപ്പെട്ട വിഷയം അതെല്ലാം നഷ്ടപ്പെട്ടവരിലല്ല അന്വേഷിക്കേണ്ടത്, മറിച്ച് അതിന്റെ യഥാർത്ഥ ഉറവിടങ്ങളിലാണ്. ദാഹിച്ച് വലഞ്ഞൊരാൾ നരഗത്തിൽ ദാഹജലം എത്തിക്കുകയില്ല. സ്വന്തമായി ജലം ചുമക്കുന്നവനായിരിക്കെ തന്നെ, മരുഭൂമിയിൽ ദാഹിച്ച് ജീവൻ നഷ്ടപ്പെടുന്ന ഒട്ടകത്തെപ്പോലെയും നാം ആയിത്തീരരുത്.

ഇസ്‌ലാമിനെ തിരികെ കൊണ്ടുവരാനുള്ള ചുവടുവെപ്പുകളാണത്. അത് നമ്മുടെ മാത്രമല്ല, ഇൗ ലോകത്തിന്റെ തന്നെ വിജയമാണ്. അതാണ് നമ്മുടെ ലക്ഷ്യം. അതിനു വേണ്ടിയായിരിക്കണം നമ്മുടെ ശ്രമങ്ങൾ. അക്രമികൾ അക്രമം ലോകം മുഴുവൻ അഴിച്ചുവിട്ട് കൊണ്ടിരിക്കുമ്പോൾ തന്നെ നാം ഇവിടെ നീതി കൊണ്ട് നിറക്കാൻ പ്രയത്‌നിക്കണം.

നമുക്കിടയിൽ തന്നെ അത്തരം പ്രവർത്തനങ്ങളെ നിഷേധിക്കുന്നവരുണ്ടെന്നതാണ് സങ്കടം. ഇസ്‌ലാമിനെ കേവലം നിയമസംഹിത മാത്രമായാണ് അവർ കാണുന്നത്. അവരുടെ ദുരുദ്ദേശത്തെ നാം ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്. അതൽപം പ്രയാസമാണെങ്കിലും ദിവ്യ സന്ദേശത്തെ പ്രചരണം നടത്തൽ നമ്മെ സംബന്ധിച്ചിടത്തോളം അനിവാര്യമായ ഒരു കാര്യമാണ്. അതിന്റെ ലക്ഷ്യം വ്യക്തമാണ് താനും, മഹോന്നതമായ സ്വർഗം. ഭംഗിയുള്ള സ്ത്രീയെ വിവാഹം കഴിക്കുന്നവനെ മഹർ വഞ്ചിക്കാതിരിക്കട്ടെ. ശാന്തമായ കടലിന് ഉത്തമമായ ഉപ്പ് സൃഷ്ടിക്കാൻ സാധ്യമാകില്ല.

സ്വാതന്ത്ര്യത്തെക്കുറിച്ച് ഖുർആനും ഹദീസും

ഖുർആനും ഹദീസും സ്വാതന്ത്ര്യത്തെ വിവിധ രീതിയിൽ സമീപിച്ചുവെന്നത് ഇസ്‌ലാമിക ശരീഅത്തിന്റെ പ്രത്യേകതകളിൽ പെട്ടതാണ്. സ്വാതന്ത്ര്യത്തിന്റെ വ്യത്യസ്ത ഇനങ്ങളെയും അതിലേക്ക് എത്തിച്ചേരുന്ന മാർഗങ്ങളെയും അവ രണ്ടും ചർച്ചക്കെടുക്കുന്നുണ്ട്. ഖുർആൻ പറഞ്ഞതിന് കൃത്യമായ വിശദീകരണം നൽകി സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചർച്ചയിലേക്ക് ജനങ്ങളെ ഹദീസ് ക്ഷണിച്ചു.

പ്രത്യക്ഷത്തിൽ മനസ്സിലാക്കാൻ കഴിയാത്ത നിരവധി സൂക്തങ്ങൾ വിശുദ്ധ ഖുർആനിലുണ്ട്. ദിവ്യ ബോധനത്തിൽ നിന്നും മനുഷ്യർ ഇന്ന് ഏറെ അകലെയാണ്. ഖുർആനിന്റെ ഭാഷാ രീതികളും ശൈലികളും വ്യത്യസ്ത ആശയങ്ങളെയും വിശദീകരണങ്ങളെയും ഉൽകൊള്ളുമ്പോൾ തന്നെ അതെല്ലാം മനസ്സിലാക്കിയെടുക്കാൻ മനുഷ്യൻ പ്രയാസപ്പെടുന്നു. സ്വന്തം പ്രവർത്തികൾക്ക് താൻ തന്നെ ഉത്തരവാദിയായിരിക്കും എന്ന രീതിയിൽ അല്ലാഹു മനുഷ്യന് സർവ സ്വാതന്ത്ര്യവും നൽകിയിരിക്കുന്നു എന്ന് ചില സൂക്തങ്ങളിൽ നിന്നും ചിലർ മനസ്സിലാക്കിയെടുക്കുന്നു. ചിലർ സൂക്തങ്ങളുടെ പ്രത്യക്ഷ ഭാവം നോക്കി മനുഷ്യന് യാതൊരു സ്വതന്ത്രാധികാരവും ഇല്ലെന്ന് വാദിക്കുന്നു. മനുഷ്യന് സ്വാതന്ത്ര്യം കല്പിക്കുന്നതോടൊപ്പം തന്നെ നന്മയിൽ നിന്നും തിന്മയിൽ നിന്നും ശരിയായ മാർഗം തെരഞ്ഞെടുക്കാനുള്ള സ്വതന്ത്രാധികാരവും(ഖിയാർ) നൽകുന്നു. മനുഷ്യന് അവന്റെ ബുദ്ധി ഉപയോഗിച്ച് അവനിഷ്ടപ്പെടുന്ന മാർഗെ സഞ്ചരിക്കാം. അതിലവന് പരിപൂർണ്ണ സ്വാതന്ത്ര്യമുണ്ട്. അല്ലാഹു പറയുന്നത് നോക്കുക: “പ്രഖ്യാപിക്കുക: നിങ്ങളുടെ നാഥങ്കൽ നിന്നവതീർണമായതാണ് സത്യം. അതുകൊണ്ട് ഇഷ്ടമുള്ളവർ വിശ്വസിക്കുകയും ഇഷ്ടമുള്ളവർ അവിശ്വസിക്കുകയും ചെയ്തുകൊള്ളട്ടെ”(കഹ്‌ഫ്: 29), “വ്യത്യസ്ത ഘടകങ്ങൾ സംഗമിച്ച ഒരു ശുക്ലബിന്ദുവിൽ നിന്നാണ്-പരീക്ഷിക്കാനായി-അവനെ നാം സൃഷ്ടിച്ചത്. എന്നിട്ട് അവനെ നാം കേൾവിയും കാഴ്ചയുമുള്ളവനാക്കുകയും വഴി കാണിച്ചു കൊടുക്കുകയും ചെയ്തു-ഒന്നുകിൽ കൃതജ്ഞനായി, അല്ലങ്കിൽ കൃതഘ്‌നനായി”(ഇൻസാൻ: 2-3). മനുഷ്യന് നൽകപ്പെട്ട ഖിയാറിനെക്കുറിച്ച് പ്രതിപാദിക്കുന്ന മറ്റു സൂക്തങ്ങളുമുണ്ട്. തന്റെ മുന്നിൽ സ്പഷ്ടമായി കാണുന്ന മാർഗ്ഗങ്ങളിൽ ഏതും മനുഷ്യന് സ്വീകരിക്കാം. അതിന് അനുസരിച്ചായിരിക്കും അവന്റെ അന്തിമ ഘട്ടവും ശേഷ ജീവിതവും നിർണയിക്കപ്പെടുക.

അതേസമയം മനുഷ്യന് തന്റെ സന്മാർഗത്തെ നിർണ്ണയിക്കാൻ സാധ്യമാകില്ലെന്ന് അറിയിക്കുന്ന സൂക്തങ്ങളും ഖുർആനിലുണ്ട്. അതെല്ലാം അല്ലാഹുവിന്റെ നിയന്ത്രണാധികാരത്തിൽ ആണെന്നും താൻ ഉദ്ദേശിക്കുന്നവർക്ക് സന്മാർഗവും ദുർമാർഗവും നൽകുമെന്നും വ്യക്തമായി പറയുന്ന സൂക്തങ്ങളാണ് അവ. അല്ലാഹു പറയുന്നു: “ഒരു കൂട്ടരെ അവൻ സന്മാർഗത്തിലാക്കി, മറ്റൊരു കൂട്ടരാകട്ടെ, ദുർമാർഗത്തിനവർ അർഹരായി”(അഅറാഫ്: 3), “അല്ലാഹു മാർഗദർശനം ചെയ്തവരും മാർഗഭ്രംശം കടപ്പെട്ടവരും അവരിലുണ്ട്”(നഹ്ല്‌: 36), “നബീ, താങ്കൾ ആഗ്രഹിക്കുന്നവരെ നേർമാർഗത്തിലേക്ക് നയിക്കുവാൻ താങ്കൾക്ക് കഴിയില്ല. എന്നാൽ താനുദ്ദേശിക്കുന്നവരെ അല്ലാഹു സന്മാർഗ ദർശനം ചെയ്യുന്നു. സന്മാർഗ പ്രാപ്തരെ അവൻ നന്നായറിയും”(ഖസ്വസ്: 56), “ഏതൊരാളെ അല്ലാഹു നേർവഴിയിലാക്കുന്നുവോ അവനാണ് സന്മാർഗ പ്രാപ്തൻ; ഏതൊരാളെ അവൻ ദുർമാർഗത്തിലാക്കുന്നുവോ അയാളെ നേർവഴിയിലേക്ക് നയിക്കുന്ന ഒരു രക്ഷകനെയും താങ്കൾക്കു കണ്ടെത്താനാവില്ല തീർച്ച”(കഹ്‌ഫ്: 17). സൻമാർഗം അല്ലാഹുവിൽ നിന്നാണെന്ന് അറിയിക്കുന്ന മറ്റു ചില സൂക്തങ്ങളുമുണ്ട്. ഒന്നുകിൽ അവൻ മനുഷ്യനെ വിശ്വാസത്തിലേക്കും സത്യമാർഗത്തിലേക്കും അടുപ്പിക്കും. അല്ലെങ്കിൽ ചുറ്റും ദാഹജലം ഉണ്ടായിരിക്കെ തന്നെ മനുഷ്യൻ ദാഹത്താൽ മരിക്കും.

അല്ലാഹുവിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിക്കുന്ന ഒട്ടനവധി സൂക്തങ്ങളുമുണ്ട് വിശുദ്ധ ഖുർആനിൽ. ജനപഥത്തെ മുഴുവൻ സൻമാർഗത്തിലാക്കാൻ അവൻ ഉദ്ദേശിച്ചിരുന്നെങ്കിൽ അങ്ങനെത്തന്നെ സംഭവിക്കുമായിരുന്നു. അവൻ ഉദ്ദേശിച്ചിരുന്നെങ്കിൽ ലോക സമൂഹങ്ങളെ മുഴുവൻ ചേർത്ത് ഒറ്റൊരു സമൂഹമായി മാറ്റുമായിരുന്നു. അല്ലാഹു പറയുന്നു: “അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ നിങ്ങളെ ഏക സമുദായമാക്കുമായിരുന്നു; എന്നാൽ നൽകിക്കഴിഞ്ഞതിൽ നിങ്ങളെ പരീക്ഷണ വിധേയരാക്കാനാണ് അവനുദ്ദേശിക്കുന്നത്”(മാഇദ: 48), “അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവരെയെല്ലാം ഋജുമാർഗത്തിൽ ഒന്നിപ്പിച്ചേനേ”(അൻആം: 35). അതിനെല്ലാം അപ്പുറം, അല്ലാഹു താൻ ഉദ്ദേശിച്ചവർക്ക് പ്രതിഫലം നൽകുകയും ഉദ്ദേശിക്കുന്ന മറ്റു ചിലർക്ക് ശിക്ഷയും നൽകുന്നു; “ഒളിപ്പിച്ചാലും നിങ്ങളെയവൻ വിചാരണ നടത്തും. അങ്ങനെ താനുദ്ദേശിക്കുന്നവർക്ക് അവൻ മാപ്പരുളുകയും ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യും”(ബഖറ: 284). മാത്രവുമല്ല, അല്ലാഹു വഴിപിഴച്ചവരെ തന്നെ മാർഗഭ്രംശത്തിന്റെ ഇരുളിലേക്ക് എത്തിക്കുകയും ഋജുമാർഗികളെ സന്മാർഗത്തിലേക്ക് കൂടുതൽ അടുപ്പിക്കുകയും ചെയ്യുമെന്ന് ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു. അല്ലാഹു പറയുന്നത് കാണുക: “ആരൊരാൾ കരുണാമയനായ അല്ലാഹുവിന്റെ സ്മരണയിൽ നിന്ന് വ്യതിചലിക്കുന്നുവോ, അവനൊരു പിശാചിനെ നാം ഏർപ്പാടാക്കുന്നതും ആ ചെകുത്താൻ അവന്റെ സന്തത സഹചാരിയായിരിക്കുന്നതുമാകുന്നു”(സുഖുറുഫ്: 36), “സന്മാർഗപ്രാപ്തരായവർക്ക് നേർമാർഗനിഷ്ഠ അല്ലാഹു വർധിപ്പിച്ചുകൊടുക്കുന്നതാണ്”(മർയം: 76).

അപ്പോൾപിന്നെ ഏതാണ് ശരിയായ മാർഗ്ഗം? ഖുർആനിക സൂക്തങ്ങൾ തമ്മിൽ വൈരുദ്ധ്യം സംഭവിക്കുന്നുണ്ടോ? യഥാർത്ഥത്തിൽ അങ്ങനെയൊരു സംശയത്തിന് തെല്ലും ഇടമില്ലാത്ത വിധം പരിശുദ്ധ ഹദീസിലൂടെ പ്രവാചകൻ(സ്വ) അതിനെല്ലാം കൃത്യമായ വിശദീകരണവും വ്യാഖ്യാനവും നൽകിയിട്ടുണ്ട്. സ്വാതന്ത്ര്യം എന്ന സങ്കൽപ്പം പല വിധമാണ്. സ്വാതന്ത്ര്യത്തിന്റെ വിവിധ തലങ്ങളെ ചർച്ചക്കെടുക്കുന്ന നിരവധി ഹദീസുകൾ വന്നിട്ടുണ്ടെന്ന് ഹദീസ് ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ നമുക്ക് ബോധ്യമാകും. വായനക്കിടയിൽ തന്നെ സ്വാതന്ത്ര്യം എന്നത് പല തലങ്ങളിലാണ് എന്നും ഒന്ന് മറ്റൊന്നിൽ നിന്ന് പ്രാധാന്യം കൊണ്ടും അല്ലാതെയും വ്യത്യസ്തമാകുന്നെന്നും മനസ്സിലാക്കാനാകും. ഇസ്‌ലാമിക രീതിശാസ്ത്രം ഉചിതമായ രീതിയിൽ തന്നെ അത് വിശദീകരിച്ചിട്ടുണ്ട്. അതിൽ തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും നടത്തുന്നത് അതിനെ ദോഷകരമായിട്ടാണ് ബാധിക്കുക. പരിശുദ്ധ ഹദീസ് സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം വ്യക്തമായി പറഞ്ഞതാണ്. അവയിൽനിന്ന് തന്നെ ചില ഹദീസുകൾ മറ്റു ഹദീസുകളെ ശക്തിപ്പെടുത്തുന്നവയാണ്.

തനിക്ക് ശേഷം ആരായിരിക്കണം മുസ്‌ലിങ്ങളുടെ നേതാവെന്ന് തിരുനബി(സ്വ) വ്യക്തമാക്കി പറഞ്ഞിട്ടില്ല. തനിക്ക് ശേഷമുള്ള നേതാവ് അബൂബക്കർ(റ) ആരായിരിക്കണം എന്നതിലേക്ക് സൂചന നൽകുന്ന നിരവധി ഹദീസുകൾ അവിടുന്ന് പറഞ്ഞിട്ടുണ്ടെങ്കിലും, അത് സ്പഷ്ടമായി പറഞ്ഞിട്ടില്ല. തങ്ങളുടെ ഖലീഫയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തിരുനബി(സ്വ) പൂർണ്ണമായും സ്വഹാബികൾക്ക് വിട്ടുകൊടുത്തു. ആ ചുമതല നല്ല രീതിയിൽ തന്നെ അവർ കൈകാര്യം ചെയ്യുകയും ചെയ്തു. താൻ പറയുന്നത് മറുവാക്കിന് ഇടമില്ലാതെ തന്നെ സ്വഹാബികൾ സ്വീകരിക്കും എന്നിരിക്കെ തങ്ങളുടെ അധികാരിയെ തെരഞ്ഞെടുക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം നബി(സ്വ) അവർക്ക് നൽകിയെന്നല്ലാതെ അവിടുന്ന് സ്വേച്ഛാധിപത്യ മനോഭാവം കാണിച്ചില്ല. അവിടുന്ന് സത്യമാർഗത്തിലേക്ക് സദാ പ്രേരിപ്പിച്ചു കൊണ്ടിരിക്കുകയും ദുർമാർഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുകയും ചെയ്തു. എല്ലാവരുടെയും അഭിപ്രായങ്ങൾ മാനിച്ചു. ബദ്ർ യുദ്ധ വേളയിൽ സൈന്യത്തെ നിൽക്കുന്നിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റണം എന്ന ഹുബാബു ബിൻ മുൻദിറിന്റെ നിർദ്ദേശം സ്വീകരിക്കുകയും അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു. പാശ്ചാത്യ ലോകം കാലങ്ങളായി നടപ്പിൽ വരുത്താൻ ശ്രമിക്കുന്ന സ്വാതന്ത്ര്യം എന്ന സങ്കൽപ്പം തിരുനബി(സ്വ) നേരത്തെ തന്നെ പ്രവർത്തിച്ചു കാണിച്ചു.

സ്വാതന്ത്ര്യത്തിന്റെ എല്ലാ തലങ്ങളിലും കൃത്യമായി തന്നെ ഇസ്‌ലാം ഇടപ്പെട്ടിട്ടുണ്ട് എന്നാണ് ഇതിൽ നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത്. മനുഷ്യനു ബഹുമാനം എന്നതിൽ കവിഞ്ഞ് അത് പ്രവർത്തിതലത്തിൽ കൊണ്ടുവരേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്ന് ഇസ്‌ലാം ലോകത്തെ ഉണർത്തുകയാണ്. സ്വാതന്ത്ര്യം എന്നത് അപകടകരമായ ചുമതലയാണ്. ഉദാത്തമായ മാർഗത്തിൽ ആരതിനെ മുതലെടുപ്പ് നടത്തിയോ അവനാണ് വിജയി. സ്വാതന്ത്ര്യം എന്നത് ഇരുതല മൂർച്ചയുള്ള ആയുധമാണെന്ന് കൂടി നാം മനസ്സിലാക്കണം. അതുകൊണ്ട് ഒരു സമൂഹത്തെ ഉന്നതിയിൽ എത്തിക്കാനും അതേ സമൂഹത്തെ തന്നെ അധോഗതിയിലേക്ക് തരം താഴ്ത്താനുമാകും. എന്നിരുന്നാലും, മനുഷ്യനായാലും മൃഗമായാലും എല്ലാവർക്കും ഒരുപോലെ അനിവാര്യമായ ഘടകമാണ് സ്വാതന്ത്ര്യം. അതിന്റെ മൂല്യം നാം തിരിച്ചറിയണം. വിശുദ്ധ ഖുർആനും ഹദീസും സ്വാതന്ത്ര്യത്തെ കുറിച്ച് ഇത്രയും പറഞ്ഞത് അതെത്രമേൽ പ്രാധാന്യമുള്ള കാര്യമാണെന്ന് ബോധ്യപ്പെടുത്താനാണ്. സാമൂഹികമായ മുന്നേറ്റത്തിന്റെയും അഭിവൃദ്ധിയുടെയും അടിസ്ഥാന തത്വം കൂടിയാണത്.

വിവ: മുഹമ്മദ് അഹ്സൻ പുല്ലൂർ

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles