Current Date

Search
Close this search box.
Search
Close this search box.

യുക്തിയുടെ ഇസ്‌ലാമിക പരിപ്രേക്ഷ്യം

ഇസ്‌ലാമും യുക്തിയും തമ്മിൽ പരസ്പര സംഘട്ടനമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവരുണ്ട്. വിശുദ്ധ ഖുർആൻ ചിന്തിക്കാൻ പ്രേരിപ്പിക്കുമ്പോഴും വിശ്വാസം യുക്തിവരുദ്ധമാണെന്ന് അവർ വാദിക്കുന്നു. ഇസ്‌ലാമിക നാഗരികത ചരിത്രം യുക്തിയുടെ സ്ഥാനവും പ്രാധാന്യവും ഊന്നിപ്പറയുന്നുണ്ട്. ഇസ്‌ലാമിക ദർശനം യുക്തിയെ ഒരു ഉപകരണമായിട്ടാണ് കണക്കാക്കുന്നത്. അതൊരു സ്വതന്ത്ര വസ്തുവല്ല. ദൈവിക ബോധനങ്ങൾക്കോ പ്രമാണങ്ങൾക്കോ യുക്തിയൊരു തടസ്സവുമല്ല. മാത്രമല്ല, പ്രമാണങ്ങൾ ഗ്രഹിച്ചെടുക്കാൻ യുക്തി അനിവാര്യമാണ് താനും.

യുക്തിയുടെ ഇസ്‌ലാമിക ദർശനം സങ്കീർണവും സന്തുലിതവും അതേസമയം വസ്തുനിഷ്ഠവുമാണ്. എന്നാൽ യുക്തിക്ക് ഉൾകൊള്ളാൻ സാധ്യമാകാത്തവയുണ്ടെങ്കിൽ അത് വെളിപാടുകളും അദൃശ്യജ്ഞാനവുമായിരിക്കും. യുക്തിക്ക് മുകളിൽ വിജ്ഞാനത്തിന്റെ വിശാലമായ ചക്രവാളങ്ങളുണ്ട്. യുക്തിക്ക് അതിന്റെ പരിമിതമായ ഉപകരണങ്ങളും രീതികളും ഉപയോഗിച്ച് എത്തിച്ചേരാനാകാത്ത വിധം ഉന്നതിയിലാണത്. ‘യുക്തി ഒരു ശരിയായ തുലാസാണ്’ എന്നാണ് പണ്ഡിതനായ ഇബ്‌നു ഖൽദൂൻ യുക്തിയെ സംഗ്രഹിച്ചത്. അതിന്റെ വിധിയെല്ലാം കളങ്കമറ്റതാണ്. എന്നാൽ, അതുകൊണ്ട് ഏകത്വത്തേയോ പരലോകത്തെയോ പ്രവാചകത്വത്തിന്റെ പൊരുളിനെയോ ദൈവിക വിശേഷണങ്ങൾക്ക് പിന്നിലെ സത്യങ്ങളെയോ അളന്നെടുക്കാനാകില്ല. അവയെല്ലാം അസംഭവ്യമായ താൽപര്യങ്ങളാണ്. ഉദാഹരണത്തിന്: ഒരു വ്യക്തി സ്വർണം തൂക്കുന്ന ഒരു തുലാസ് കണ്ടു. അതിൽ അവൻ പർവതത്തെ അളന്നെടുക്കാൻ ആഗ്രഹിച്ചാൽ എങ്ങനെയുണ്ടാകും? രണ്ട് പ്രകാശം പരസ്പരം വൈരുദ്ധ്യമാകൽ അസംഭവ്യമാണെന്നതിനെക്കുറിച്ച് മഹാനായ ഇമാം ഗസാലി പറയുന്നുണ്ട്: ‘ശരീഅത്തും യുക്തിയും ഏകീകരിക്കാൻ സാധ്യമാകാത്തവൻ നിരാശനായി മാർഗഭ്രംശം സംഭവിച്ചവനായിത്തീരും. യുക്തിയുടെ ഉദാഹരണം: വിപത്തുകളെത്തൊട്ടും പ്രതിസന്ധികളെത്തൊട്ടുമുള്ള ഉൾകാഴ്ച. വിശുദ്ധ ഖുർആനിന്റെ ഉദാഹരണം: പ്രകാശം പരത്തുന്ന സൂര്യൻ. സൂര്യപ്രകാശത്തിൽ കൺപോളകൾ അടഞ്ഞുപോകുന്നത് കൊണ്ട് അതിനെ എതിർക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചെടുത്തോളം അവനും അന്ധനും സമന്മാരാണ്. ശരീഅത്തിനോടൊപ്പം യുക്തിയും സമഞ്ചസമാകുമ്പോൾ അത് പ്രകാശത്തിനുമേൽ പ്രകാശമായി മാറുന്നു’.

‘god and logic in islam; the caliphate of the reason'(1) എന്ന പുസ്തകത്തിലൂടെ ജോൺ വാൾബ്രിഡ്ജ്(2), ഇസ്‌ലാമിക ബൗദ്ധിക ജീവിതത്തിൽ യുക്തിയുടെ സുപ്രധാന ഇടപെടൽ എത്രമാത്രമാമെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. യുക്തി സംബന്ധമായ പാഠ്യപദ്ധതികളെ ശരീഅത്ത്, തത്വശാസ്ത്രം, ദൈവശാസ്ത്രം തുടങ്ങിയ വിദ്യഭ്യാസ മേഖലകളിൽ നിന്നെല്ലാം വേർതിരിച്ചുവെച്ചിട്ടുണ്ടെന്നും യഥാർത്ഥത്തിൽ, യുക്തിയുമായി ഏറ്റവുമധികം ബന്ധം പുലർത്തുന്ന ദർശനമാണ് ഇസ്‌ലാമിന്റേതെന്നും ജോൺ വാൾബ്രിഡ്ജ് നിരീക്ഷിക്കുന്നു. പത്ത് അധ്യായങ്ങളടങ്ങുന്ന മൂന്ന് ഭാഗമായാണ് അദ്ദേഹം തന്റെ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്; ഇസ്‌ലാമിക ബൗദ്ധിക പൈതൃകത്തിന്റെ ഘടന, യുക്തിയും ജ്ഞാനവും സന്ദേഹവും, ഇസ്‌ലാമിക ബൗദ്ധികതയിൽ വന്ന ഇടർച്ചയും അതിന്റെ ഭാവിയും.

യുക്തി ആദ്യമേ ഉണ്ടായിരുന്നു

ഇസ്‌ലാമിക ബൗദ്ധികതയുടെ പൈതൃകത്തെക്കുറിച്ച് കൂടുതൽ ആലോചനകൾ നടത്തേണ്ടതുണ്ട്. ദൈവിക വെളിപാടാണ് ഇസ്‌ലാമിന്റെ അടിസ്ഥാനം. ദൈവിക വെളിപാടിനെ വിശദീകരിക്കാൻ മുസ്‌ലിംങ്ങൾ സ്വീകരിച്ച ഉപകരണമാണ് യുക്തി. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വാൾബ്രിഡ്ജ് തന്റെ ഗ്രന്ഥത്തിലുടെനീളം വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ട്: ഇസ്‌ലാമിക ബൗദ്ധിക ലോകം വെളിപാടിന്റെ വിശദീകരണത്തിനുള്ള ഉപകരണമായിട്ടാണ് യുക്തിയെ ഉപയോഗിച്ചത്. ഇസ്‌ലാമിന്റെ വൈജ്ഞാനിക ബൗദ്ധിക പൈതൃകത്തോട് ആഴത്തിൽ ചേർന്ന് നിൽക്കുന്ന പൈതൃകമാണ് യുക്തിയുടേത്. വെളിപാടിനെ ശക്തിപ്പെടുത്തുന്നത് ചിന്തയും യുക്തിയുമാണ്. യുക്തിക്കനുസൃതമായ മതവിജ്ഞാനങ്ങളെ എങ്ങനെ വിശദീകരിക്കാമെന്നതായിരുന്നു ഇസ്‌ലാമിക ജീവിത വ്യവഹാരത്തിലെ പ്രധാന ചിന്തകളും ചർച്ചകളും.

ക്രിസ്താബ്ദം 1500 വർഷത്തോളം ഇസ്‌ലാമിക വിജ്ഞാനങ്ങൾക്കായിരുന്നു ലോകത്ത് മുൻതൂക്കമുണ്ടായിരുന്നത്. പിന്നീട് മധ്യകാലഘട്ടത്തിൽ അത് യൂറോപ്പിൽ എത്തിയതോടെയാണ് യൂറോപ്പിന് വൈജ്ഞാനിക, ശാസ്ത്ര വിപ്ലവത്തിന് സാധ്യമായത്. മതഗ്രന്ഥങ്ങളെ വിശകലനം ചെയ്യാൻ മുസ്‌ലിം പണ്ഡിതന്മാർ ബുദ്ധിയെയും യുക്തിയെയും നന്നായി ഉപയോഗിച്ചിരുന്നു. ഇസ്‌ലാമിക നാഗരികത ഗ്രീക്ക് തത്വചിന്തയെ വിജ്ഞാനത്തിന്റെ നേതാവായി അംഗീകരിച്ചില്ലെങ്കിലും സൂഫീ ചിന്തകൾക്കും കർമ്മശാസ്ത്ര തർക്കങ്ങൾക്കും വേണ്ടി പലപ്പോഴും ഗ്രീക്ക് തത്വചിന്തയെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാമിക ബൗദ്ധിക വ്യവഹാരം രൂപപ്പെടുത്തിയ ചിന്തകൾക്ക് അതിന്റേതായ ഒരു ആന്തരിക തലം കൂടിയുണ്ട്. മുസ്‌ലിം ചിന്തകന്മാർക്കത് വ്യക്തമായ സ്വാതന്ത്ര്യം നിർണ്ണയിച്ചുവെച്ചു. കാരണം, വിശ്വാസത്തെ സഹായിക്കാൻ വേണ്ടിയാണ് യുക്തി സൃഷ്ടിക്കപ്പെട്ടത്, അല്ലാതെ വിശ്വാസത്തിന് പകരമായി സൃഷ്ടിക്കപ്പെട്ട ഒന്നല്ല അത്.

പാശ്ചാത്യ കാഴ്ചപ്പാടിൽ യുക്തിക്ക് വിവിധ മാനങ്ങളുണ്ടെന്ന് മേലുദ്ധൃത ഗ്രന്ഥത്തിൽ ഗ്രന്ഥകാരൻ വിശദീകരിക്കുന്നുണ്ട്: യൂറോപ്യൻ പ്രബുദ്ധതയുടെ കാലത്ത്, മതപരമായ എല്ലാ റഫറൻസുകളെയും മാറ്റിസ്ഥാപിക്കുന്ന സ്വതന്ത്രവും വൈയക്തികവുമായ ചിന്തയാണ് യുക്തിയെന്നായിരുന്നു പാശ്ചാത്യ സൈദ്ധാന്തികർ ധരിച്ചു വെച്ചിരുന്നത്. യൂട്ടിലിറ്റേറിയൻ സിദ്ധാന്തത്തിന്റെ വക്താക്കളെ സംബന്ധിച്ചെടുത്തോളം, യുക്തി വിജയത്തിന്റെയും സന്തോഷത്തിന്റെയും പ്രായോഗിക ലക്ഷ്യമാണ്. യുക്തിയെക്കുറിച്ചുള്ള ഇസ്‌ലാമിക ദർശനത്തെ അളക്കാനുള്ള അളവുകോലല്ല യുക്തിയെക്കുറിച്ചുള്ള പാശ്ചാത്യ വീക്ഷണങ്ങൾ. മാനദണ്ഡമായി സ്വീകരിക്കാവുന്ന ഒരു പാശ്ചാത്യ സങ്കൽപവുമില്ല. കാരണം, യുക്തിയുമായുള്ള പാശ്ചാത്യ ബന്ധം വളരെ സങ്കീർണമാണ്. അതുകൊണ്ടാണ് യുക്തി അടിസ്ഥാനമായി മാത്രം നിരവധി ആശയങ്ങളും പ്രസ്ഥാനങ്ങളും അവിടെ രൂപപ്പെട്ട് വന്നത്.

പുറജാതീയമായ അടിസ്ഥാനമുണ്ടായിരുന്നിട്ടും, ഗ്രീക്ക് തത്ത്വചിന്തയെ ഇസ്‌ലാം അതിന്റെ ആദ്യ കാലഘട്ടങ്ങളിൽ അംഗീകരിച്ചിരുന്നു. പിന്നീട്, ഇസ്‌ലാമിക വീക്ഷണത്തിൽ പ്രതിരോധത്തിന്റെ ഏറ്റവും ഉയർന്ന സ്രോതസ്സായി വെളിപാട് മാറി. വെളിപാട് എല്ലാ സത്യത്തെയും ഉൾകൊള്ളുന്നുണ്ടെന്ന് ദൃഢമായി വിശ്വസിക്കുന്നവരാണ് മുസ്‌ലിംകളെല്ലാം തന്നെ.

ക്രിസ്ത്യൻ തത്ത്വചിന്തയിൽ നിന്നും വളരെയധികം വ്യത്യസ്തമാണ് ഇസ്‌ലാമിലെ തത്ത്വചിന്തയുടെ ചരിത്രം. തത്ത്വചിന്തയുടെ ആദ്യ നൂറ്റാണ്ടുകളിൽ, വെളിപാടിനെയും മതത്തെയും മനസ്സിലാക്കാനുള്ള മാർഗമായി ഇസ്‌ലാമിക തത്ത്വചിന്തകർ ഉപയോഗിച്ചത് പ്ലാറ്റോണിക് പൊളിറ്റിക്കൽ ഫിലോസഫിയായിരുന്നു. അക്കാരണത്താൽ യുക്തി വളരെ ആസൂത്രിതമായി തന്നെ ഇസ്‌ലാമിക മതശാസ്ത്രവുമായി സമന്വയിപ്പിക്കപ്പെട്ടു. ഇസ്‌ലാമിക വീക്ഷണത്തിൽ, ദൈവികോദ്ദേശങ്ങളിൽ ചിലത് പ്രകൃതി പഠനത്തിൽ നിന്നും തന്നെ മനസ്സിലാക്കാൻ കഴിയുമെന്ന ഒരു വിശ്വാസമുണ്ട്. അവിടെ യുക്തിക്ക് ശരീഅത്തിനുമേൽ വ്യക്തമായ മുദ്ര പതിപ്പിക്കാൻ സാധ്യമാകുന്നുണ്ട്. ഇസ്‌ലാമിക കർമ്മശാസ്ത്ര ഘടനക്ക് അനിവാര്യമായ ഹദീസുകളും കർമ്മശാസ്ത്രത്തിലെ യുക്തിയുടെ ആവിർഭാവവും അടിസ്ഥാനമാക്കി മഹാനായ ഇമാം ശാഫിഈ സ്ഥാപിച്ച ഉസൂലുൽ ഫിഖ്ഹിലെ നിയമങ്ങൾ അതിന് തെളിവാണ്.

ദൈവശാസ്ത്രത്തെ സംബന്ധിച്ചെടുത്തോളം, യുക്തിയുടെ സാന്നിധ്യം അതിൽ വളരെ വ്യത്യസ്തമായിരുന്നു. മാത്രമല്ല, യുക്തിയെ ഉപയോഗിക്കാൻ ആവശ്യമായ പ്രശ്‌നങ്ങളും ദൈവശാസ്ത്ര പണ്ഡിതന്മാർ ഉന്നയിച്ചു. സ്രഷ്ടാവിന്റെ വിശേഷണങ്ങളെക്കുറിച്ചും പ്രകൃതത്തെക്കുറിച്ചുമുള്ള ചർച്ചകൾ ഉദാഹരണം. എട്ടാം നൂറ്റാണ്ടിൽ ഉത്ഭവിച്ച് ഒമ്പതാം നൂറ്റാണ്ടോടുകൂടെ ശക്തി പ്രാപിച്ച മുഅ്തസിലകളായിരുന്നു ഇത്തരം ചർച്ചകളുടെ മുൻപന്തിയിലുണ്ടായിരുന്നത്. അങ്ങനെ ഇസ്‌ലാമിക വൈജ്ഞാനിക മണ്ഡലങ്ങളിൽ പല ജ്ഞാന ശാഖകളിലും യുക്തി വലിയ സ്ഥാനം നേടി. തർക്കശാസത്രവും യുക്തിയുമായി ബന്ധപ്പെടുത്തിയാണ് പിന്നീട് ഇസ്‌ലാമിക വൈജ്ഞാനിക ശാഖകളെല്ലാം തന്നെ വികസിച്ചുവന്നത്.

ഫിലോസഫിയും യുക്തിയും

മതങ്ങളുടെ ആവർഭാവത്തിന് മുമ്പ് മെഡിറ്ററേനിയൻ സമൂഹങ്ങൾ സ്വീകരിച്ചിരുന്ന സമഗ്രവും യക്തിസഹവുമായ വ്യാഖ്യാനം പുരാതന ഗ്രീക്ക് തത്ത്വചിന്ത അടിസ്ഥാനാക്കിയായിരുന്നു. ആ പുരാതന ഗ്രീക്ക് തത്ത്വചിന്തയിൽ പല ആശയക്കുഴപ്പങ്ങളും അവ്യക്തതകളും പ്രകടവുമായിരുന്നു.

ഇസ്‌ലാമിക ചരിത്രത്തിൽ, അബൂ യൂസുഫ് യഅ്ഖൂബുൽ കിൻദി(801-866)യാണ് ഗ്രീക്ക് ഫിലോസഫിയെ ആദ്യമായി ഇസ്‌ലാമിലേക്ക് കൊണ്ടുവരുന്നത്. ജ്ഞാനം, സ്രഷ്ടാവിനും സൃഷ്ടിക്കുമിടയിലെ അതിർവരമ്പുകൾ, പ്രവാചകത്വത്തിന്റെ പൊരുൾ, മനുഷ്യനും പ്രവാചകനും തമ്മിലുള്ള വിത്യാസം, വെളിപാട് മനസ്സിലാക്കാനുള്ള മാർഗം, പ്രപഞ്ചവുമായുള്ള സ്രഷ്ടാവിന്റെ ബന്ധം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം അക്കാലത്ത് ചോദ്യങ്ങളുയർന്നിരുന്നു.

കിന്ദിയുടെ കാലത്ത് ദൈവശാസ്ത്രം ഇത്തരം പ്രശ്‌നങ്ങളെയെല്ലാം അഭിസംബോധന ചെയ്തുതുടങ്ങി. സ്രഷ്ടാവായ അല്ലാഹുവിന്റെ വിശേഷണങ്ങളുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വിത്യാസങ്ങളായിരുന്നു ദൈവശാസ്ത്രപരമായി അദ്ദേഹം നേരിട്ട ആദ്യ തർക്കം. അല്ലാഹുവിന്റെ കൈകളെക്കുറിച്ചും കണ്ണിനെക്കുറിച്ചുമുള്ള ദൈവിക സൂക്തങ്ങളിലും തിരുമൊഴികളിലും സൃഷ്ടികളോട് സാമ്യപ്പെടുത്തി വന്ന വാചകങ്ങളായിരുന്നു അതിന് ആദാരം. മുഅ്തസില വിഭാഗത്തിനും ഹദീസ് പണ്ഡിതന്മാർക്കുമിടയിലുണ്ടായ ഖുർആൻ സൃഷ്ടി വിവാദവുമെല്ലാം അതിന്റെ അനന്തരഫലമായി ഉണ്ടായതായിരുന്നു.

ഇസ്‌ലാമിന് മാത്രം പ്രത്യേകമായൊരു മത ദാർശനിക രൂപം കിന്ദി വികസിപ്പിച്ചെടുത്തു. അതിലദ്ദേഹം തത്ത്വചിന്തയിലൂടെ യുക്തി ഉപയോഗിച്ച് സത്യങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരാമെന്ന് വിശദീകരിച്ചു. വെളിപാടിലൂടെ വന്നവയെല്ലാ പ്രധാനമായും സമാനമാണ്. അതിനാൽ തന്നെ അതിന്റെ അടിസ്ഥാനമാക്കി ദാർശനിക തത്ത്വങ്ങളുടെ വെളിച്ചത്തിൽ ഖുർആനിനെ വ്യാഖ്യാനിക്കാനാകും. വെളിപാടും തത്ത്വചിന്തയും ഒരേ സത്യത്തിലേക്ക് നയിക്കുന്ന രണ്ട് വിത്യസ്ത സമീപനങ്ങളാണെന്ന് കിന്ദി നിരീക്ഷിക്കുന്നുണ്ട്.

അബൂ നസ്‌റുൽ ഫാറാബി(മ. 950) ഇസ്‌ലാമിക ലോകത്തെ രാഷ്ട്രീയ തത്ത്വചിന്തകനായിരുന്നു. വളരെ സുദാര്യവും യുക്തിസഹവുമായ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ‘ആറാഉ അഹ്‌ലിൽ മദീനത്തിൽ ഫാദില’ എന്ന ഗ്രന്ഥത്തിൽ രാഷ്ട്രീയ തത്ത്വചിന്തയെ മത തത്ത്വചിന്തയുടെ ഭാഗമാക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. മതത്തിന്റെ ഉള്ളടക്കമായ വിശ്വാസവും ശരീഅത്തും മനസ്സിലാക്കുകയെന്നതാണ് അതിലൂടെ അദ്ദേഹം ലക്ഷ്യം വെച്ചത്. അതാണ് യുക്തിയുടെ ഫലമെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. യുക്തിയുടെ ഭാഷയിലൂടെയാണ് സ്രഷ്ടാവിനെ മനസ്സിലാക്കേണ്ടത്. പ്രവാചകത്വ പ്രതിഭാസത്തെ ആത്മാവിലൂടെയാണ് മനസ്സിലാക്കേണ്ടത്. അഥവാ, ഒരു പ്രത്യേക സമൂഹത്തിലെ ധാരണകൾക്കും സാഹചര്യങ്ങൾക്കും അനുയോജ്യമായ രീതിയിലുള്ള ഒരു ദാർശനിക സത്യമാണ് മതം. അവ മത തത്ത്വചിന്തയെ രാഷ്ട്രീയ ചോദ്യങ്ങളായി രൂപാന്തരപ്പെടുത്തുന്നു. ഓരോ നിയമങ്ങളെയും ശറഇയ്യായ വിശ്വാസങ്ങളെയും കാണേണ്ടത് സമൂഹത്തിന്റെ ലക്ഷ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ അതിനുള്ള പങ്ക് അടിസ്ഥാനമാക്കിയാണ്. എങ്കിൽപോലും, കൈകാര്യം ചെയ്യാൻ എളുപ്പമായതിനാലാണ് പരിശുദ്ധമായ മതം എന്ന ആശയത്തെ പരിശുദ്ധമായ നഗരമായി മാറ്റിസ്ഥാപിക്കുന്നതെന്ന് അദ്ദേഹത്തെ വിമർശിക്കുന്നവരുമുണ്ട്.

ഈ വീക്ഷണം ഇസ്‌ലാമിക തത്ത്വശാസ്ത്രത്തിനകത്ത് വലിയ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. മതത്തെ രാഷ്ട്രീയ തത്ത്വചിന്തയുടെ ഭാഗമായി കണക്കാക്കുന്ന തലത്തിലേക്കാണ് ഈ പ്രവണത എത്തിച്ചേരുന്നത്. ഒരു വ്യക്തിക്ക് സാധാരണഗതിയിലും അദൃശ്യമായും കാണാനാകുന്ന സാർവത്രിക ജാലകമല്ല ഇസ്‌ലാമിന്റേത്. പ്രവാചകനൊരു തത്ത്വചിന്തകനാണെന്ന വാദക്കാരനാണ് ഫാറാബി. ചരിത്രപരമായും ബൗദ്ധികമായും ഇസ്‌ലാമിക ദർശനം അതംഗീകരിക്കുന്നില്ല താനും. പ്രവാചകത്വം തിരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയുള്ളതാണ്. പ്രവാചകനെ ഒരു തത്ത്വചിന്തകനാക്കുന്നത് നബിയുടെ കഴിവിനെ ഇകഴ്ത്തിക്കാട്ടലാണ്. അതോടൊപ്പം തന്നെ, ഖുർആൻ കോഡ് ചെയ്യപ്പെട്ട വെറും രേഖകളല്ലെന്ന് തത്ത്വചിന്തയുടെ വെളിച്ചത്തിൽ മാത്രമേ മനസ്സിലാക്കാനാകൂ എന്നു പറഞ്ഞാൽ അത് വിശുദ്ധ ഖുർആനിന്റെ ന്യൂനതയായി മാറും.

ശുദ്ധവും യുക്തിസഹവുമായ കാഴ്ചപ്പാടിൽ അധിഷ്ഠിതമായ രാഷ്ട്രീയ തത്ത്വചിന്തയാണ് ഫാറാബിയുടേതെന്ന് പുസ്‌കത്തിൽ നിന്നും വ്യക്തമാകും. ഇസ് ലാം വിരുദ്ധരുടെ എതിർപ്പുകളല്ല, മറിച്ച് വെളിപാട്, മതം, ഖുർആൻ എന്നിവക്ക് അവയുടെ ശരിയായ മൂല്യം നൽകി അവയോട് നീതി പുലർത്താൻ സാധ്യമാകാതെ വന്നതാണ് അതിനെ പരാജയപ്പെടുത്തിയത്. ബൗദ്ധികവും സമൂഹികവും സാഹിത്യപരവുമായ പിന്തുണയുണ്ടായിരുന്ന സൂഫിസമടക്കം വിവിധ ഇസ്‌ലാമിക വിജ്ഞാനങ്ങളിൽ യുക്തിയുടെ സാന്നിധ്യം സമഗ്രവും രൂഢമൂലവുമാണെന്ന് പുസ്തകം പറഞ്ഞുവെക്കുന്നു. ഇസ്‌ലാമിക ബൗദ്ധിക ജീവിതവുമായി സൂഫിസത്തെ സമന്വയിപ്പിക്കുന്നതിൽ ഇഹ്യാഉ ഉലൂമുദ്ധീനിലൂടെ ഇമാം ഗസ്സാലി നടത്തിയ ശ്രമം പ്രശംസനീയമാണ്.

റഫറൻസ്:
1- നമാഅ് സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസ്, വിവർത്തനം: തുർക്കി അൽ-മുസ്ഥഫ, ആദ്യ പതിപ്പ്, 2018.
2- അമേരിക്കയിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റിയിലെ ഈസ്റ്റേൺ ഭാഷാ പഠന വിഭാഗം പ്രൊഫസറാണ് ജോൺ വാൾബ്രിഡ്ജ്. ഇസ്‌ലാമിനെക്കുറിച്ചും അറബ് സംസ്‌കാരത്തെക്കുറിച്ചും ഒമ്പതോളം പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.

വിവ: മുഹമ്മദ് അഹ്‌സൻ പുല്ലൂർ

Related Articles