Current Date

Search
Close this search box.
Search
Close this search box.

ഹിജ്‌റയും ഹിജ്‌റ കലണ്ടറും ചില ശ്ലഥ ചിന്തകള്‍- 2

ഇബ്രാഹിം നബി,മൂസാ നബി ഉള്‍പ്പെടെ പല നബിമാരും ഹിജ്‌റ ചെയ്തിട്ടുണ്ട്. നാഗരികതയുടെ വളര്‍ച്ചയില്‍ ഹിജ്‌റകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആദാന പ്രദാന പ്രക്രിയകള്‍ക്ക് വിപുല സാധ്യതകളാണ് ഹിജ്‌റ തുറന്നു തരുന്നത്. ഭൂമിയുടെ വിശാലതയില്‍ സഞ്ചരിക്കാനുള്ള ഖുര്‍ആനിന്റെ ആഹ്വാനങ്ങളും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. കേവല ഭൗതികമായ അര്‍ത്ഥത്തില്‍ പോലും ദേശാന്തര യാത്ര ഉണ്ടാക്കിയ, ഉണ്ടാക്കുന്ന ബഹുമുഖ നന്മകള്‍ നമ്മുടെ അനുഭവ സത്യം മാത്രമാണ്. (ഗള്‍ഫ് നാടുകളിലേക്ക് നടത്തിയ ഉപജീവനാര്‍ത്ഥമുള്ള ”ഹിജ്‌റ ” ഒരു ഉദാഹരണം മാത്രം) ആദര്‍ശത്തിനു വേണ്ടിയുള്ള ഹിജ്‌റ ഐഹികവും പാരത്രികവുമായ നന്മകളാണ് എപ്പോഴും ഉണ്ടാക്കുക. ആദ്യ തലമുറ നടത്തിയ ഉജ്വല ത്യാഗമായ ഹിജ്‌റയുടെ മുഖ്യ സദ്ഫലമാണ് മദീന കേന്ദ്രമായുള്ള സാമൂഹ്യ വ്യവസ്ഥയും നാഗരികതയും. അത് ഇന്നും പ്രശോഭയോടെ നിലനില്‍ക്കുന്നുവെന്ന് മാത്രമല്ല ജനകോടികളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. മദീനയിലേക്കുള്ള ഹിജ്‌റക്ക് മുന്‍പ് നബിയുടെ അനുചരന്മാര്‍ അബ്‌സീനിയയിലേക്ക് ഹിജ്‌റ പോയിരുന്നെങ്കിലും നമ്മുടെ കലണ്ടറിന് അടിസ്ഥാനമാക്കിയത് മക്കയില്‍ നിന്ന് യസ്‌രിബിലേക്കുള്ള ഹിജ്‌റയാണ്. ഈ ഹിജ്‌റ പൂര്‍ത്തിയായത് റബീഉല്‍ അവ്വല്‍ എട്ടിനാണ്.(ക്രി. 622 സെപ്റ്റംബര്‍).

സമ്പൂര്‍ണവും സമഗ്രവുമായ ഏകദൈവ വിശ്വാസത്തിലേക്ക് നബി നിരന്തരം നടത്തിയ പ്രബോധന പ്രവര്‍ത്തനങ്ങള്‍ വഴി കുറേയേറെ പേര്‍ സത്യ വിശ്വാസികളായി. എന്നാല്‍ പ്രമാണിമാര്‍ ഉള്‍പ്പെടെ ഒരു പ്രബല വിഭാഗം തികച്ചും നിഷേധാത്മകവും വിദ്രോഹപരവുമായ നിലപാട് സ്വീകരിച്ചു. മക്കാ മുശ്‌രിക്കുകളുടെ പ്രതിലോമപരമായ നിലപാട് ഒടുവില്‍ നബിയെ സംഘടിതമായി വകവരുത്തി ഇസ്‌ലാമിനെ ഉന്മൂലനം ചെയ്യണമെന്ന തീവ്ര നിലപാടിലെത്തിച്ചു. ഈ തീരുമാനം അന്നത്തെ മുശ്‌രിക്കുകളുടെ ക്ലബ് ആയിരുന്ന ദാറുന്നദ്‌വയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് ഐക്യകണ്‌ഠേന എടുത്തു. (ഇക്കാര്യം അവിടെ പരമ രഹസ്യമായിരുന്നെങ്കിലും അല്ലാഹു നബിക്ക് അറിയിച്ചു കൊടുത്തിരുന്നു) നേരത്തെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി യസ്‌രിബില്‍ നിന്ന് (പില്‍ക്കാലത്ത് മദീനത്തുന്നബി) വന്ന ഗോത്ര പ്രമുഖരുമായും മറ്റും നടന്ന ചര്‍ച്ചകളിലൂടെ അവരുമായി കരാറിലേര്‍പ്പെട്ടിരുന്നു. നബിക്കും അനുയായികള്‍ക്കും എന്തു ത്യാഗം സഹിച്ചും അഭയം നല്‍കുമെന്ന് യസ്‌രിബുകാര്‍ വാഗ്ദത്തം ചെയ്തിരുന്നു. അവരുടെ ആവശ്യപ്രകാരം മിസ്അബ് ഇബ്‌നു ഉമൈറിനെ അവര്‍ക്ക് ദീന്‍ പഠിപ്പിച്ചുകൊടുക്കാനും യസ്‌രിബില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്താനുമായി നിയോഗിച്ചു.

മദീനയില്‍ അഭയം ഉറപ്പുവരുത്തിയതിന് ശേഷം തന്റെ അനുയായികള്‍ക്ക് കുറേശ്ശെ കുറേശ്ശെ സമര്‍ത്ഥമായി യസ്‌രിബിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കുകയും അവിടെ ഇസ്ലാമിന് അനുയായികള്‍ വര്‍ധിക്കുകയും അനുകൂലമായ നല്ലൊരു ചുറ്റുപാട് രൂപപ്പെടുകയും ചെയ്തു. മുശ്‌രിക്കുകളുടെ ദാറുന്നദ്‌വ യോഗത്തില്‍ എല്ലാ ഗോത്രങ്ങളില്‍ നിന്നുമുള്ള ശക്തരും സായുധരുമായ യുവാക്കള്‍ നബിയുടെ ഭവനം വളയാനും പ്രഭാതത്തില്‍ നബി വീട് വിട്ട് പുറത്തിറങ്ങുമ്പോള്‍ കൂട്ടായിട്ടാക്രമിക്കാനുമായിരുന്നു തീരുമാനം. നബിക്ക് നാടു വിടാനുള്ള അനുവാദം അല്ലാഹു നല്‍കി. അനുയായികളില്‍ സിംഹഭാഗവും ഇതിനകം പോയിക്കഴിഞ്ഞിട്ടുണ്ട്. നബിയും അബൂബക്കറും ചേര്‍ന്ന് ഹിജ്‌റക്കുള്ള ആസൂത്രണം അതിവിദഗ്ദമായും രഹസ്യമായും നടത്തി. നബിയുടെ സുദീര്‍ഘ ആസൂത്രണങ്ങളും തന്ത്രങ്ങളും മുന്നൊരുക്കങ്ങളും എക്കാലവും വിശ്വാസിക്ക് നിത്യപ്രസക്തമാണ്.

ചിന്താശൂന്യമായി പെട്ടെന്ന് എടുത്ത് ചാടി പ്രവര്‍ത്തിക്കരുതെന്നും ആസൂത്രിതമായും ഫലപ്രദമായും പ്രവര്‍ത്തിക്കണമെന്നും വിദഗ്ദ തന്ത്രങ്ങള്‍ മെനയണമെന്നും എന്നിട്ട് റബ്ബിന്റെ അപാരമായ സഹായത്തില്‍ തികഞ്ഞ പ്രതീക്ഷയര്‍പ്പിച്ച് പ്രാര്‍ത്ഥനപൂര്‍വം അല്ലാഹുവിനെ ഭരമേല്‍പ്പിക്കണമെന്നതും നാം പാലിക്കേണ്ട സുപ്രധാന പാഠമാണ്. നബിയെ അത്യത്ഭുതകരമായ രീതിയില്‍ ഇസ്‌റാഅ്- മിഅ്‌റാജ് യാത്രക്ക് സന്നദ്ധനാക്കിയ സര്‍വശക്തനായ അല്ലാഹുവിന് ക്ഷണനേരം കൊണ്ട് അത്ഭുത രീതിയില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുവാന്‍ സാധിക്കും. എന്നിട്ടും അല്ലാഹു നബിയെകൊണ്ട് വളരെ ക്ലേശപൂര്‍ണവും സാഹസികവുമായ രീതിയില്‍ ഹിജ്‌റ ചെയ്യിച്ചത്, എക്കാലത്തെയും സമുദായത്തിന് പാഠവും പ്രചോദനവും നല്‍കാന്‍ തന്നെയാണ്.

പ്രവാചകന്‍ യാത്രക്കു മുമ്പെ തന്റെ പക്കല്‍ ആളുകളേല്‍പ്പിച്ച സൂക്ഷിപ്പു മുതലുകള്‍ കൃത്യമായും തിരിച്ചേല്‍പ്പിക്കാന്‍ അലി(റ)യെ ചുമതലപ്പെടുത്തിയത് വാഗ്ദത്ത പാലനം,വിശ്വസ്തത തുടങ്ങിയവക്കുള്ള അനുകരണീയ മാതൃകയാണ്. വീടുകളും സ്വത്തുക്കളും ഉപേക്ഷിച്ച് ജന്മഭൂമി വെടിയാന്‍ നിര്‍ബന്ധിതരാകുമാറ് നാനാമാര്‍ഗേണ ഉപദ്രിവിച്ചവരോട് വിലപേശാനും കണക്ക് തീര്‍ക്കാനും അത് തല്‍ക്കാലം പിടിച്ചുവെക്കാമായിരുന്നു. അല്‍ അമീനായ നബി അത് ചെയ്തില്ലെന്ന് മാത്രമല്ല,മാന്യമായും ഭദ്രമായും തിരിച്ചേല്‍പ്പിക്കാന്‍ സംവിധാനമുണ്ടാക്കുകയാണ് ചെയ്തത്.

ശത്രുക്കള്‍ വീട് വളഞ്ഞിരിക്കെ റബ്ബിന്റെ പ്രത്യേക അനുഗ്രഹത്താല്‍ രാത്രി നബി വീടു വിട്ടിറങ്ങി. തന്റെ ശയ്യയില്‍ തന്റെ പുതപ്പ് പുതപ്പിച്ച് അലി(റ)യെ കിടത്തി. വളരെ സമര്‍ത്ഥമായി അബൂബക്കറും നബിയും അസാധാരണ വഴിയിലൂടെ സഞ്ചരിച്ച് ആ കൂരിരിട്ടുള്ള രാത്രിയില്‍ സൗര്‍ ഗുഹയിലെത്തുകയും മൂന്നു നാള്‍ അവരിരുപേരും അവിടെ തങ്ങുകയും ചെയ്തു. നബിയുടെ ധൈര്യവും മനക്കരുത്തും അസാധാരണമായിരുന്നു. സ്വജീവനേക്കാള്‍ നബിയെ അഗാധമായി സ്‌നേഹിച്ച അബൂബക്കര്‍ നബിയുടെ കാര്യത്തില്‍ സദാ ജാഗരൂകനും; പകല്‍ വേളയില്‍ മക്കയിലെ ചലനങ്ങള്‍ സൂക്ഷ്മമായിട്ടറിയാനും കുടിക്കാനുള്ള പാല് എത്തിക്കാനും മറ്റും പഴുതടച്ച് സംവിധാനങ്ങളൊരുക്കി. നിയോഗമനുസരിച്ച് ഗുഹയിലേക്ക് രഹസ്യമായി വരുന്നവരുടെ കാലടിപ്പാടുകള്‍ തിരിച്ചറിയാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തി. നേരം പുലര്‍ന്നപ്പോള്‍ തങ്ങള്‍ കബളിപ്പിക്കപ്പെട്ടതില്‍ അരിശം പൂണ്ട ശത്രുക്കള്‍ നബിയെ ജീവനോടെയോ അല്ലാതെയോ പിടികൂടുന്നവര്‍ക്ക് 100 മുന്തിയം ഇനം ഒട്ടകങ്ങള്‍ ഇനാം പ്രഖ്യാപിച്ചിരുന്നു. വമ്പിച്ച ഇനാം മോഹത്താല്‍ ആര്‍ത്തി പൂണ്ടവരും പ്രതികാര ദാഹികളും പലവഴിക്ക് നബിയെ തിരഞ്ഞു. ചിലര്‍ സൗര്‍ ഗുഹാ പരിസരത്തുമെത്തി. തദവസരത്തില്‍ പരിഭ്രമചിത്തനായ അബൂബക്കറിനെ നബി (സ) സമാശ്വസിപ്പിച്ചതടക്കം പല സംഗതികളും ഖുര്‍ആന്‍ പ്രതിപാദിച്ചിട്ടുണ്ട്.(സൂറ:തൗബ).

മൂന്ന് രാവുകള്‍ ഗുഹയില്‍ കഴിഞ്ഞ ശേഷം നാലാം ദിനം യാത്ര തുടര്‍ന്നു. വഴികാട്ടിയായും സഹായിയായും ഉണ്ടായിരുന്നത് അബ്ദുല്ലാഹിബ്നു ഉറൈക്കിള് ആയിരുന്നു. മുമ്പ് അമുസ്ലിമായ അബൂ ത്വാലിബിന്റെ (പിതൃവ്യന്‍) സഹായങ്ങളും പിന്തുണയും സ്വീകരിച്ച നബി യസ്രിബുമായി കരാറുണ്ടാക്കുമ്പോള്‍ അന്ന് അമുസ്ലിമായിരുന്ന മറ്റൊരു പിതൃവ്യന്‍ അബ്ബാസിന്റെ സഹായം സ്വീകരിച്ചിട്ടുണ്ട്. അതീവ രഹസ്യവും സുപ്രധാനവുമായ യാത്രയില്‍ നല്ലവനായ ഒരു മുസ്ലിം സഹോദരന്റെ സഹായം സ്വീകരിച്ചതില്‍ ഒരു വലിയ- നല്ല- സന്ദേശമുണ്ട്. ഇസ്ലാമിന്റെ വ്യാപനത്തിന്ന് നല്ലവരും വിശ്വസ്തരുമായ അമുസ്ലിം സഹോദരങ്ങളുടെ സേവനവും സഹായവും ഉപയോഗപ്പെടുത്താമെന്നതാണത്.
യാത്രക്കിടയില്‍ നബിയെ പിടികൂടാനായി സുറാഖത്ത്ബ്നു മാലിക് അതിശീഘ്രം കുതിരപ്പുറത്ത് കുതി കുതിച്ചു വന്നതും ഒടുവില്‍ ഒരുള്‍വിളിയുടെ അടിസ്ഥാനത്തില്‍ ആ ശ്രമം വേണ്ടെന്ന് വെച്ച് നബിയോട് സൗഹാര്‍ദ്ദത്തിലായതും തദവസരത്തില്‍ പേര്‍ഷ്യ ഇസ്ലാമിന്നധീനമാകുന്ന വേളയില്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിയുടെ കങ്കണവളകള്‍ സുറാഖയെ അണിയിക്കുന്ന ശുഭവാര്‍ത്ത പറഞ്ഞതും വളരെ ചിന്തനീയമാണ്. നാടും വീടും വെടിഞ്ഞ് അന്യദേശത്ത് അഭയം തേടി അലയുമ്പോള്‍ അന്നത്തെ വന്‍ ശക്തിയായ ഒരു സാമ്രാജ്യത്തെ കീഴടക്കുമെന്ന തികഞ്ഞ പ്രത്യാശ വഹ്യിന്റെ ഉള്‍ക്കാഴ്ചയുടെ ബലത്തില്‍ നബിക്ക് മാത്രം സാധിക്കുന്നതാണ്. നബിയുടെ പ്രവചനം പിന്നീട് ഉമറിന്റെ കാലത്ത് പുലരുകയും ചെയ്തു. വേറെയും അത്ഭുതങ്ങള്‍ ആ യാത്രാവേളയിലുണ്ടായി. അതൊക്കെ റബ്ബ് നബിക്കേകിയ വിദഗ്ദ സംരക്ഷണം തന്നെയായിരുന്നു….. അങ്ങിനെ റബീഉല്‍ അവ്വല്‍ 8 ന് (ക്രി. 622 സെപ്തംബര്‍ 23 ന്) നബി മദീനക്കടുത്ത് ഖുബായിലെത്തി. ഇവിടെയാണ് ഇസ്ലാമിലെ പ്രഥമ മസ്ജിദ് നിര്‍മ്മിതമായത്. പിന്നെ ഖുബായില്‍ നിന്ന് വീണ്ടും യാത്ര തുടര്‍ന്നു. വഴിമധ്യേ ബനൂ സാലിം ഇബ്നു ഔഫിന്റെ സ്ഥലത്ത് ഇറങ്ങുകയും അവിടെ വെച്ച് ആദ്യത്തെ ജുമുഅ നടത്തുകയും ചെയ്തു. വീണ്ടും യാത്ര തുടര്‍ന്ന നബി യസ്രിബിലെത്തി. ദൈവഹിതമനുസരിച്ച് ഒട്ടകം മുട്ടുകുത്തിയ സ്ഥലത്ത് ഇറങ്ങി. പ്രസ്തുത ഭൂമി അബൂ അയ്യൂബില്‍ അന്‍സ്വാരിയുടെ അധീനതയിലുള്ള രണ്ട് അനാഥക്കുട്ടികളുടേതായിരുന്നു. ആയത് വളരെ മാന്യമായ വില നിശ്ചയിച്ച് നബി വാങ്ങുകയും അവിടെ പള്ളി പണിയുകയും ചെയ്തു. അവിടെയാണ് ശ്രേഷ്ഠമായ മസ്ജിദുന്നബവി ഉള്ളത്.

തികച്ചും നിസ്സഹായരും നിസ്വരുമായ സാമാന്യം വലിയ ഒരു സമൂഹം ഒരന്യ ദേശത്ത് കൂട്ടായി കുടിയേറുമ്പോഴുള്ള പലവിധ പ്രശ്ന സങ്കീര്‍ണതകള്‍ വളരെ വലുതാണ്. ഇന്നും ലോകത്തിന്റെ നാനാഭാഗത്തുള്ള വംശീയ പ്രശ്നങ്ങളില്‍ പലതും തദ്ദേശീയരും കുടിയേറ്റക്കാരും തമ്മിലുള്ളതാണ്. നൂറ്റാണ്ടുകള്‍ നീങ്ങിയാലും പൂര്‍ണമായും പരിഹരിക്കപ്പെടാതെ നില്‍ക്കാവുന്ന ഈ പ്രശ്നം ദിവസങ്ങള്‍ക്കകം പൂര്‍ണ്ണമായും പരിഹൃതമായ അത്ഭുത ദൃശ്യമാണ് പതിനാല് ദശങ്ങള്‍ക്ക് മുമ്പ് മദീനയില്‍ ദര്‍ശിച്ചത്.

പിന്നീടത് ഒരിക്കലും പ്രശ്നമായതേയില്ല. നബിയുടെ നേതൃത്വത്തിന്റെയും ശിക്ഷണത്തിന്റെയും അനിതര സാധാരണമായ അത്ഭുത ഫലങ്ങളിലൊന്നാണിത്. മക്കയില്‍ നിന്ന് വന്ന മുഹാജിറുകള്‍ക്ക് യസ്രിബുകാര്‍ അന്‍സ്വാര്‍ (സഹായികള്‍) ആയി മാറി. അതെ, ഹിജ്‌റത്തും നുസ്രത്തും ചേരുമ്പോഴാണ് വമ്പിച്ച സത്ഫലങ്ങളുണ്ടാകുന്ന വഴിത്തിരിവുകള്‍ ഉണ്ടായിത്തീരുന്നത്. ഇന്ന് പല നിലക്കുമുള്ള അഭയാര്‍ഥികള്‍ ലോകത്ത് പലയിടത്തും അഭയം കിട്ടാതെ അലയുന്നു. ശരിയായ രീതിയിലുള്ള നുസ്രത്ത് കിട്ടുന്നില്ല.
ഹിജ്റയെ കാലഗണനയുടെ (കലണ്ടറിന്റെ) പ്രാരംഭമായി മഹാനായ ഉമര്‍ (റ) നിശ്ചയിച്ചപ്പോള്‍ ഉദ്ദേശിച്ച നന്മകള്‍ പുലരണമെങ്കില്‍ ഈ കലണ്ടറിനെ കൂടുതല്‍ പ്രായോഗികമായ രീതിയില്‍ വികസിപ്പിച്ച് ജനകീയമാക്കേണ്ടതുണ്ട്. ശാസ്ത്രത്തിന്റെയും വിവര സാങ്കേതിക വിദ്യയുടെയും സൗകര്യങ്ങളും സാധ്യതയും സൂക്ഷ്മതാപൂര്‍വം ഉപയോഗപ്പെടുത്തി ഈ കലണ്ടറിനെ ഫലപ്രദമായി പരിഷ്‌കരിച്ചാല്‍ ആഗോള മുസ്ലിം സമൂഹത്തിന്റെ ഉദ്ഗ്രഥനത്തിന് അത് വളരെ സഹായകമാകും.

2016 മെയ് മാസത്തില്‍ തുര്‍ക്കിയിലെ ഇസ്തംബൂളില്‍ നടന്ന ”ആഗോള ഹിജ്രീ കലണ്ടര്‍ കോണ്‍ഗ്രസ്” ഈ ദിശയിലുള്ള രചനാത്മകമായ നല്ലൊരു നീക്കമാണ്. തുര്‍ക്കിയിലെ മതകാര്യ വകുപ്പാണ് ഇതിന് വേദിയൊരുക്കിയത്. സുഊദി പണ്ഡിതരും ഖത്തറിലെ യൂസുഫുല്‍ ഖര്‍ദാവിയും ഉള്‍പ്പെടെ 121 പ്രതിനിധികള്‍ അതില്‍ പങ്കെടുക്കുകയും ആഗോള മുസ്ലിം കലണ്ടര്‍ സാധ്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്.

വിശ്വപൗരന്മാരെയാണ് ഇസ്ലാം വാര്‍ത്തെടുക്കുന്നത്. വിശ്വാസി സമൂഹത്തെ ആഗോളാടിസ്ഥാനത്തില്‍ ഏകീകരിക്കുന്ന, ഇസ്ലാമിന്റെ ആദര്‍ശ സൗന്ദര്യവും സൗരഭ്യവും പ്രസരിപ്പിക്കുന്ന ഒന്നായി ഹിജ്റ കലണ്ടര്‍ വികസിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.”കലിമത്തുത്തൗഹീദ്, തൗഹീദുല്‍ കലിമ” എന്ന അറബ് ലോകത്തെ മുദ്രാവാക്യം ക്രമേണ പുലരുമെന്ന് പ്രതീക്ഷിക്കാം.

Related Articles