Friday, January 27, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Series Studies

അല്ലാഹു നമ്മുടെ സ്രഷ്ടാവ്

ശൈഖ് മുഹമ്മദ് കാരകുന്ന് by ശൈഖ് മുഹമ്മദ് കാരകുന്ന്
08/09/2021
in Studies
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

നമ്മുടെ തലയിൽ ആയിരക്കണക്കിന് മുടിയുണ്ട്.അപ്പോൾ ലോകത്ത് ജീവിച്ചിരിക്കുന്ന 800 കോടി മനുഷ്യരുടെ തലയിൽ എത്ര കോടി മുടിയുണ്ടാവും? ആദിമ മനുഷ്യൻ മുതൽ ഇന്നേവരെ ലോകമെങ്ങും ജീവിച്ചു മരിച്ചു പോയ അസംഖ്യം തലമുറകളിലെ എണ്ണിയാലൊടുങ്ങാത്ത ജനകോടികളുടെ തലയിൽ എത്ര കോടി മുടി ഉണ്ടാകും? ആർക്കുമത് കണക്കാക്കാനാവില്ല. എന്നിട്ടും അവരിലൊരാളുടെ തലമുടി പോലും നമ്മുടെ തലമുടിക്ക് സമാനമായി ഇല്ല. അവസാനത്തെ പരിശോധനയിൽ ഓരോ മനുഷ്യന്റെയും തലമുടി വേർതിരിച്ചറിയുക തന്നെ ചെയ്യും.കണ്ണ്,കാത്, കയ്യക്ഷരം, കയ്യൊപ്പ്, കൈവിരൽ,ശരീര വാസന, രക്തം, വിയർപ്പ് തുടങ്ങിയവയെല്ലാം ഓരോ മനുഷ്യന്റേതും വേർതിരിച്ചറിയും വിധം വ്യത്യസ്തമാണ്. മനുഷ്യനും അവൻ ജീവിക്കുന്ന പ്രപഞ്ചവും അതിലുള്ള സകല വസ്തുക്കളും ഇവ്വിധം മഹാ വിസ്മയങ്ങളുടെ കലവറയാണ്. ബുദ്ധിയും ബോധവും യുക്തിയുമെല്ലാമുള്ള മനുഷ്യന് പോലും സങ്കൽപ്പിക്കാനാവാത്ത വിധം മഹാത്ഭുതങ്ങൾ നിറഞ്ഞവയാണ്.ആരിലും വിസ്മയമുണർത്തുന്ന ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് സംരക്ഷിക്കുന്ന ശക്തിയുടെ പേരാണ് അല്ലാഹു.

പദാർഥവും എനർജിയുമൊന്നും സ്വയം ഉണ്ടാവുന്നില്ല. പ്രപഞ്ചത്തിനും അതിലുള്ള എല്ലാറ്റിനും ഒരു നിർമാതാവ് ഉണ്ടാവണമെന്നർഥം. ആ സ്രഷ്ടാവാണ് അല്ലാഹു. അവൻ പദാർഥാതീതനാണ്. അതുകൊണ്ടുതന്നെ എവിടെ; എങ്ങനെ, ആരുണ്ടാക്കി പോലുള്ള ചോദ്യങ്ങളെല്ലാം തീർത്തും അപ്രസക്തമാണ്.

You might also like

ശാന്തമായ മനസ്സ് കർമനിരതമായ ജീവിതം

മനുഷ്യന്റെ സാധ്യതയും ബാധ്യതയും

ദൈവവിധിയും മനുഷ്യേഛയും

അപാരമായ സ്വാതന്ത്ര്യം

അല്ലാഹു എന്നത് ഖുറൈശികളുടെ ഗോത്ര ദൈവമാണ്, അറബികളുടെ കുലദൈവമാണ്, മുസ്‌ലിംകളുടെ ദൈവമാണ് തുടങ്ങിയ തെറ്റായ ധാരണ ചിലരിലെങ്കിലും നിലനിൽക്കുന്നുണ്ട്. ദൈവം, ഗോഡ്,ഖുദാ,യലോഹീം തുടങ്ങിയ വിവിധ ഭാഷകളിൽ പ്രപഞ്ച സ്രഷ്ടാവിനെ പരിചയപ്പെടുത്താനുള്ള പദങ്ങൾക്ക് സമാനമായ അറബി വാക്കാണ് ഇലാഹ്. ‘ദ’എന്നർഥം വരുന്ന ‘അൽ’ എന്ന് അതിനോട് ചേർന്നതാണ് അല്ലാഹു. പ്രപഞ്ച സ്രഷ്ടാവ് പദാർഥാതീതനായതിനാൽ ലിംഗഭേദങ്ങൾക്കും വചന ഭേദങ്ങളൾക്കും അതീതനാണ്. അവന്റെ നാമവിശേഷണമായ അല്ലാഹു എന്ന പദവും അവ്വിധം തന്നെ ലിംഗ,വചന ഭേദങ്ങൾക്കതീതമാണ്. ആശയത്തെ യഥാവിധി പ്രതിനിധീകരിക്കുന്ന പദം.

ഏകത്വം

ഏകത്വം അല്ലാഹുവിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. ചരിത്രത്തിൽ എക്കാലവും സമൂഹത്തെ ബാധിക്കാറുള്ള ഏറ്റവും ഗുരുതരമായ പാപം ഏകദൈവ വിശ്വാസത്തിൽ വരുന്ന കലർപ്പാണ് ;അഥവാ ബഹുദൈവത്വമാണ്.അത് തിരുത്താനാണ് ദൈവദൂതന്മാർ നിരന്തരം ശ്രമിച്ചിരുന്നത്. അല്ലാഹുവിന്റെ അന്ത്യദൂതൻ മുഹമ്മദ് നബിയിലൂടെ അവതീർണമായ ഖുർആനും സംശയത്തിനിടമില്ലാത്ത വിധം അല്ലാഹുവിന്റെ ഏകത്വം വിളംബരം ചെയ്യാൻ ആവശ്യപ്പെടുന്നു. “പറയുക, അവനാണ് അല്ലാഹു. അവൻ ഏകനാണ്. അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും. അവന് പിതാവില്ല. പുത്രനുമില്ല. അവനു തുല്യനായി ആരുമില്ല.”(ഖുർആൻ .112:1-4)

“അവൻ ആരെയും പുത്രനായി സ്വീകരിച്ചിട്ടില്ല. ആധിപത്യത്തിൽ അവന് പങ്കാളിയുമില്ല.(ഖുർആൻ .17:111)

“ചോദിക്കുക: ആരാണ് ആകാശഭൂമികളുടെ നാഥൻ! പറയുക: അല്ലാഹു. അവരോട് പറയുക: എന്നിട്ടും സ്വന്തത്തിനുപോലും ഗുണമോ ദോഷമോ വരുത്താനാവാത്തവരെയാണോ നിങ്ങൾ അല്ലാഹുവെ വിട്ട് രക്ഷാധികാരികളാക്കിയിരിക്കുന്നത്? ചോദിക്കുക: കണ്ണുപൊട്ടനും കാഴ്ചയുള്ളവനും ഒരുപോലെയാണോ? ഇരുളും വെളിച്ചവും സമമാണോ? അതല്ല; അവരുടെ സാങ്കൽപിക സഹദൈവങ്ങൾ അല്ലാഹു സൃഷ്ടിക്കുന്നതു പോലെത്തന്നെ സൃഷ്ടി നടത്തുകയും അതുകണ്ട് ഇരുവിഭാഗത്തിന്റെയും സൃഷ്ടികളവർക്ക് തിരിച്ചറിയാതാവുകയുമാണോ ഉണ്ടായത്? പറയുക: എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്. അവൻ ഏകനും എല്ലാറ്റിനെയും അതിജയിക്കുന്നവനുമാണ്.”(ഖുർആൻ.13:16)

സർവ ശക്തൻ

പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണ്. പദാർഥാതീതനായതിനാൽ സ്ഥലകാല പരിമിതികൾക്ക് വിധേയനല്ല. അതൊന്നുമായും അവന് ബന്ധമില്ല. അതൊക്കെയും അവന്റെ സൃഷ്ടികളാണ്. അവനെ സംബന്ധിച്ചിടത്തോളം എന്തുകൊണ്ട് എന്ന ചോദ്യവും അപ്രസക്തമാണ്. അഥവാ സൃഷ്ടികളുടെ എല്ലാ ചോദ്യം ചെയ്യലുകൾക്കും അതീതനാണവൻ.

“അവൻ പ്രവർത്തിക്കുന്നതിനെപ്പറ്റി ആരും ചോദ്യംചെയ്യുകയില്ല. എന്നാൽ ഉറപ്പായും അവർ ചോദ്യം ചെയ്യപ്പെടും”.(ഖുർആൻ . 21:23)

“ആകാശഭൂമികളുടെയും അവയിലുള്ളവയുടെയും ആധിപത്യം അല്ലാഹുവിനു മാത്രമാണ്. അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുറ്റവനാണ്.”(ഖുർആൻ. 5:120)

“പറയുക: നിങ്ങളുടെ മനസ്സിലുള്ളത് നിങ്ങൾ ഒളിപ്പിച്ചുവെച്ചാലും തെളിയിച്ചുകാട്ടിയാലും അല്ലാഹു അറിയും. ആകാശഭൂമികളിലുള്ളതെല്ലാം അവനറിയുന്നു. അല്ലാഹു എല്ലാ കാര്യങ്ങൾക്കും കഴിവുറ്റവനാണ്”.(ഖുർആൻ. 3:29)

“നന്നെ ദുർബലാവസ്ഥയിൽനിന്ന് നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയത് അല്ലാഹുവാണ്. പിന്നീട് ആ ദുർബലാവസ്ഥക്കുശേഷം അവൻ നിങ്ങൾക്ക് കരുത്തേകി. പിന്നെ ആ കരുത്തിനുശേഷം ദൗർബല്യവും നരയും ഉണ്ടാക്കി. അവൻ താനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവൻ സകലതും അറിയുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും”.(ഖുർആൻ. 30:54)

എല്ലാം അറിയുന്നവൻ

എല്ലാറ്റിന്റെയും സ്രഷ്ടാവും സംരക്ഷകനും അല്ലാഹുവാണ്. അവൻ എല്ലാം കാണുന്നു. അറിയുന്നു. അവന് അഗോചരമോ അജ്ഞാതമോ ആയി ഒന്നുമില്ല.

അല്ലാഹു പറയുന്നു: “അഭൗതിക കാര്യങ്ങളുടെ താക്കോലുകൾ അല്ലാഹുവിന്റെ വശമാണ്. അവനല്ലാതെ അതറിയുകയില്ല. കരയിലും കടലിലുമുള്ളതെല്ലാം അവനറിയുന്നു. അവനറിയാതെ ഒരിലപോലും പൊഴിയുന്നില്ല. ഭൂമിയുടെ ഉൾഭാഗത്ത് ഒരു ധാന്യമണിയോ പച്ചയും ഉണങ്ങിയതുമായ ഏതെങ്കിലും വസ്തുവോ ഒന്നും തന്നെ വ്യക്തമായ മൂലപ്രമാണത്തിൽ രേഖപ്പെടുത്താത്തതായി ഇല്ല”(ഖുർആൻ. 6:59)”കണ്ണുകളുടെ കട്ടു നോട്ടവും മനസ്സുകളൊളിപ്പിച്ചു വെക്കുന്നതും അല്ലാഹു അറിയുന്നു.” (ഖുർആൻ. 40:19)

“നിശ്ചയമായും നാമാണ് മനുഷ്യനെ സൃഷ്ടിച്ചത്. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നതൊക്കെയും നാം നന്നായറിയുന്നു. അവന്റെ കണ്ഠനാഡിയേക്കാൾ അവനോട് അടുത്തവനാണ് നാം.”(ഖുർആൻ. 50:16)

അല്ലാഹുവിന്റെ സാന്നിധ്യമില്ലാത്ത ഒരിടവുമില്ല. അവനറിയാത്ത ഒരു രഹസ്യവും സ്വകാര്യവുമില്ല.
“ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു അറിയുന്നുണ്ടെന്ന് നീ മനസ്സിലാക്കുന്നില്ലേ? മൂന്നാളുകൾക്കിടയിലൊരു രഹസ്യഭാഷണവും നടക്കുന്നില്ല; നാലാമനായി അല്ലാഹുവില്ലാതെ. അല്ലെങ്കിൽ അഞ്ചാളുകൾക്കിടയിൽ സ്വകാര്യ ഭാഷണം നടക്കുന്നില്ല; ആറാമനായി അവനില്ലാതെ. എണ്ണം ഇതിനേക്കാൾ കുറയട്ടെ, കൂടട്ടെ, അവർ എവിടെയുമാകട്ടെ, അല്ലാഹു അവരോടൊപ്പമുണ്ട്. പിന്നെ അവരെന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് പുനരുത്ഥാന നാളിൽ അവരെ ഉണർത്തുകയും ചെയ്യും. അല്ലാഹു സർവജ്ഞനാണ്; തീർച്ച.”(ഖുർആൻ. 58:7)

“ഏതുകാര്യത്തിലാവട്ടെ; ഖുർആനിൽനിന്ന് എന്തെങ്കിലും ഓതിക്കേൾപ്പിക്കുകയാകട്ടെ; നിങ്ങൾ ഏത് പ്രവൃത്തി ചെയ്യുകയാകട്ടെ; നിങ്ങളതിൽ ഏർപ്പെടുമ്പോഴെല്ലാം നാം നിങ്ങളുടെമേൽ സാക്ഷിയായി ഉണ്ടാവാതിരിക്കില്ല. ആകാശഭൂമികളിലെ അണുപോലുള്ളതോ അതിനേക്കാൾ ചെറുതോ വലുതോ ആയ ഒന്നും നിന്റെ നാഥന്റെ ശ്രദ്ധയിൽപെടാതെയില്ല. വ്യക്തമായ പ്രമാണത്തിൽ രേഖപ്പെടുത്താത്ത ഒന്നും തന്നെയില്ല.”(ഖുർആൻ. 10:61)

“നിനക്കു വേണമെങ്കിൽ വാക്ക് ഉറക്കെ പറയാം. എന്നാൽ അല്ലാഹു രഹസ്യമായതും പരമ നിഗൂഢമായതുമെല്ലാം നന്നായറിയുന്നവനാണ്.”(ഖുർആൻ. 20:7)

അല്ലാഹുവിനെ അറിയാൻ

ഏതൊരറിവുമാർജിക്കാൻ ഏതെങ്കിലും ഒരു മാനദണ്ഡം, മാധ്യമം ആവശ്യമാണ്. ഭൗതിക വിജ്ഞാനീയങ്ങളിൽ വ്യത്യസ്തങ്ങളായ ശാഖകൾ പഠിക്കാനും മനസ്സിലാക്കാനും വ്യത്യസ്ത മാനദണ്ഡങ്ങളും മാധ്യമങ്ങളും ആവശ്യമാണ്. ഗണിതശാസ്ത്രം പഠിക്കാനുപയോഗിക്കുന്ന മാർഗമുപയോഗിച്ച് ശരീര ശാസ്ത്രം പഠിക്കാനാവില്ല. ജീവശാസ്ത്രം മനസ്സിലാക്കാനുപയോഗിക്കുന്ന മാനദണ്ഡമനുസരിച്ച് ഭൂമിശാസ്ത്രം പഠിക്കാൻ കഴിയില്ല. അതുപയോഗിച്ച് സസ്യശാസ്ത്രം മനസ്സിലാക്കാൻ സാധ്യമല്ല.ആണവ ശാസ്ത്രവും ഗോളാന്തര ശാസ്ത്രവും മനസ്സിലാക്കാൻ വ്യത്യസ്തമായ മാർഗങ്ങൾ അവലംബിക്കാതെ നിർവാഹമില്ല. എന്നാൽ ഇവയിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായ അല്ലാഹു, പരലോകം,സ്വർഗം,നരകം പോലുള്ള അഭൗതികമായ അറിവ് നേടാനുള്ള മാനദണ്ഡവും മാർഗവും എന്താണ്? മനുഷ്യന്റെ വശം ആർജിതമായ ഒരു മാനദണ്ഡവുമില്ലെന്നതാണ് വസ്തുത.

അല്ലാഹു പദാർഥാതീത നായതിനാൽ അവനെ ആർക്കും കാണാൻ കഴിയില്ല.സ്പർശിക്കാൻ സാധ്യമല്ല. പഞ്ചേന്ദ്രിയങ്ങൾ കൊണ്ടൊന്നും അവനെ മനസ്സിലാക്കാനാവില്ല.

“അവനാണ് അല്ലാഹു; നിങ്ങളുടെ നാഥൻ. അവനല്ലാതെ ദൈവമില്ല. സകല വസ്തുക്കളെയും സൃഷ്ടിച്ചവനാണവൻ. അതിനാൽ നിങ്ങൾ അവനുമാത്രം വഴിപ്പെടുക. അവൻ എല്ലാ കാര്യങ്ങളുടെയും കൈകാര്യകർത്താവാണ്.
കണ്ണുകൾക്കൊന്നും അവനെ കാണാനാവില്ല. എന്നാൽ അവൻ എല്ലാ കണ്ണുകളെയും കാണുന്നു. അവൻ സൂക്ഷ്മജ്ഞനാണ്. എല്ലാം അറിയുന്നവനും.”(ഖുർആൻ. 6:102,103)

അതിനാൽ അല്ലാഹുവിനെ അറിയാനുള്ള ഏകമാർഗം ദൈവദൂതന്മാരിലൂടെ ലഭ്യമായ ദിവ്യ സന്ദേശങ്ങൾ മാത്രമാണ്. അങ്ങനെ ലഭ്യമാവുന്ന അറിവുകൾക്ക് ദൈവത്തിന്റെ അലിഖിത ഗ്രന്ഥമായ പ്രപഞ്ചത്തിലെ അത്ഭുത പ്രതിഭാസങ്ങൾ സാക്ഷ്യം വഹിക്കുന്നു. അവൻ അഭൗതിക കാര്യം അറിയുന്നവനാണ്. എന്നാൽ അവൻ തന്റെ അഭൗതിക കാര്യങ്ങൾ ആർക്കും വെളിവാക്കിക്കൊടുക്കുകയില്ല. അവൻ തൃപ്തിപ്പെട്ട് അംഗീകരിച്ച ദൂതന്നൊഴികെ. അദ്ദേഹത്തിന്റെ മുന്നിലും പിന്നിലും അവൻ കാവൽക്കാരെ ഏർപ്പെടുത്തുന്നു.”(ഖുർആൻ. 72:26,27)

“അല്ലാഹു; അവനല്ലാതെ ദൈവമില്ല. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവൻ; എല്ലാറ്റിനെയും പരിപാലിക്കുന്നവൻ; മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. അവന്റെ അടുക്കൽ അനുവാദമില്ലാതെ ശിപാർശ ചെയ്യാൻ കഴിയുന്നവനാര്? അവരുടെ മുന്നിലുള്ളതും പിന്നിലുള്ളതും അവനറിയുന്നു. അവന്റെ അറിവിൽനിന്ന് അവനിച്ഛിക്കുന്നതല്ലാതെ അവർക്കൊന്നും അറിയാൻ സാധ്യവുമല്ല. അവന്റെ ആധിപത്യം ആകാശഭൂമികളെയാകെ ഉൾക്കൊണ്ടിരിക്കുന്നു. അവയുടെ സംരക്ഷണം അവന്നൊട്ടും ഭാരമാവുന്നില്ല. അവൻ അത്യുന്നതനും മഹാനുമാണ്.”(ഖുർആൻ. 2:255)

അഭൗതികമായ അറിവ്

കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായ, അഭൗതികമായ അറിവ് അല്ലാഹുവിനല്ലാതെ ആർക്കുമില്ല. സുനാമി ഉണ്ടാകുന്നതിനുമുമ്പ് അങ്ങനെയൊന്ന് സംഭവിക്കുമെന്ന് ആർക്കും അറിയുമായിരുന്നില്ല. കൊറോണയെന്ന പകർച്ചവ്യാധി ഉണ്ടാകുമെന്നോ ലോകമാകെ വ്യാപിക്കുമെന്നോ ആർക്കും മുൻകൂട്ടി അറിയുമായിരുന്നില്ല. നാളെ ലോകത്ത് എന്തെല്ലാം സംഭവിക്കുമെന്ന് ഒരാൾക്കും പ്രവചിക്കാനാവില്ല. ശാസ്ത്രജ്ഞന്മാരും പണ്ഡിതന്മാരും പുരോഹിതന്മാരും ആത്മീയ വാദികളും ഭൗതികവാദികളുമെല്ലാം ഇക്കാര്യത്തിൽ ഒരുപോലെയാണ്. അതുകൊണ്ടുതന്നെ ഭാവി പ്രവചിക്കുമെന്നവകാശപ്പെടുന്നവരും ദിവ്യത്വം ചമയുന്നവരും പ്രകൃത്യാതീതമായ അറിവ് അവകാശപ്പെടുന്നവരുമെല്ലാം വ്യാജന്മാരാണ്. അഭൗതിക ജ്ഞാനം അല്ലാഹുവിന് മാത്രമേയുള്ളൂവെന്ന് എല്ലാ വേദഗ്രന്ഥങ്ങളും അസന്നിഗ്ദമായി വ്യക്തമാക്കുന്നുണ്ട്.അല്ലാഹു കല്പിക്കുന്നു:”പറയുക: അല്ലാഹുവിനല്ലാതെ ആകാശഭൂമികളിലാർക്കും തന്നെ അഭൗതിക കാര്യങ്ങളറിയുകയില്ല. തങ്ങൾ എന്നാണ് ഉയിർത്തെഴുന്നേൽപിക്കപ്പെടുകയെന്നും അവർക്കറിയില്ല.”(ഖുർആൻ. 27:65)

“അഭൗതിക കാര്യങ്ങളുടെ താക്കോലുകൾ അല്ലാഹുവിന്റെ വശമാണ്. അവനല്ലാതെ അതറിയുകയില്ല. കരയിലും കടലിലുമുള്ളതെല്ലാം അവനറിയുന്നു. അവനറിയാതെ ഒരിലപോലും പൊഴിയുന്നില്ല. ഭൂമിയുടെ ഉൾഭാഗത്ത് ഒരു ധാന്യമണിയോ പച്ചയും ഉണങ്ങിയതുമായ ഏതെങ്കിലും വസ്തുവോ ഒന്നും തന്നെ വ്യക്തമായ മൂലപ്രമാണത്തിൽ രേഖപ്പെടുത്താത്തതായി ഇല്ല.”(ഖുർആൻ. 6:50)

“അവൻ അഭൗതിക കാര്യം അറിയുന്നവനാണ്. എന്നാൽ അവൻ തന്റെ അഭൗതിക കാര്യങ്ങൾ ആർക്കും വെളിവാക്കിക്കൊടുക്കുകയില്ല.”(ഖുർആൻ . 72:26)

പ്രവാചകന്മാർക്ക് പോലും അഭൗതിക കാര്യങ്ങൾ അറിയുമായിരുന്നില്ല. ഇക്കാര്യം അവർ തുറന്നു പറഞ്ഞിരുന്നു:
”അല്ലാഹുവിന്റെ ഖജനാവുകൾ എന്റെ വശമുണ്ടെന്ന് ഞാൻ നിങ്ങളോട് പറയുന്നില്ല. എനിക്ക് അഭൗതിക കാര്യങ്ങളറിയുകയുമില്ല. ഞാൻ മലക്കാണെന്നു വാദിക്കുന്നുമില്ല. നിങ്ങളുടെ കണ്ണിൽ നിസ്സാരരായി കാണുന്നവർക്ക് അല്ലാഹു യാതൊരു ഗുണവും നൽകുകയില്ല എന്നു പറയാനും ഞാനില്ല. അവരുടെ മനസ്സുകളിലുള്ളത് നന്നായറിയുന്നവൻ അല്ലാഹുവാണ്. ഇതൊന്നുമംഗീകരിക്കുന്നില്ലെങ്കിൽ ഞാൻ അതിക്രമികളിൽപെട്ടവനായി ത്തീരും; തീർച്ച.”(ഖുർആൻ. 11:31)

അല്ലാഹു അറിയിച്ചു കൊടുക്കുന്നതല്ലാതെ പ്രവാചകന്മാർക്ക് പോലും അഭൗതികമായ അറിവ് ഉണ്ടായിരുന്നില്ലെന്നർഥം.
“പറയുക: ദൈവദൂതന്മാരിൽ ആദ്യത്തെവനൊന്നുമല്ല ഞാൻ. എനിക്കും നിങ്ങൾക്കും എന്തൊക്കെ സംഭവിക്കുമെന്ന് എനിക്കറിയില്ല. എനിക്കു ബോധനമായി നൽകപ്പെടുന്ന സന്ദേശം പിൻപറ്റുക മാത്രമാണ് ഞാൻ. വ്യക്തമായ മുന്നറിയിപ്പുകാരനല്ലാതാരുമല്ല ഞാൻ.”(ഖുർആൻ. 46:9)

അഭൗതികമായ കഴിവ്

അഭൗതികമായ അറിവ് പോലെതന്നെ കഴിവും അല്ലാഹുവിനല്ലാതെ ആർക്കുമില്ല. കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായ മാർഗത്തിലൂടെ ഒരു വയറു വേദനയോ തലവേദനയോ നൽകാൻപോലും ആർക്കും സാധ്യമല്ല. മറിച്ചായിരുന്നുവെങ്കിൽ ലോകത്തിന്റെ അവസ്ഥ തന്നെ ഇതാകുമായിരുന്നില്ല. നമ്മുടെ നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ എതിർ സ്ഥാനാർഥിക്ക് സംസാരിക്കാനോ എഴുന്നേറ്റു നിൽക്കാനോ കഴിയാത്ത രോഗം നൽകിയാൽ തെരഞ്ഞെടുപ്പിൽ അനായാസം വിജയിക്കാമല്ലോ. അങ്ങനെയാണെങ്കിൽ യുദ്ധം പോലും ആവശ്യമായി വരില്ല. ആയുധങ്ങളും പട്ടാളക്കാരും വേണ്ടിവരില്ല.

അഭൗതികമായ മാർഗത്തിലൂടെ രോഗശമനം സാധ്യമായിരുന്നുവെങ്കിൽ ആശുപത്രികൾ ആവശ്യമായി വരുമായിരുന്നില്ല. അല്ലാഹുവിനല്ലാതെ ആർക്കും കാര്യകാരണ ബന്ധങ്ങൾക്കതീതമായ ഒരു കഴിവവുമില്ലെന്നർഥം. അല്ലാഹു പറയുന്നു:
“അല്ലാഹുവെ വിട്ട് അവർ വിളിച്ചു പ്രാർഥിക്കുന്നവരാരും ഒന്നും സൃഷ്ടിക്കുന്നില്ല. എന്നല്ല; അവ തന്നെ സൃഷ്ടിക്കപ്പെടുന്നവരാണ്.” (ഖുർആൻ. 16:20)

“മനുഷ്യരേ, ഒരുദാഹരണമിങ്ങനെ വിശദീകരിക്കാം. നിങ്ങളിത് ശ്രദ്ധയോടെ കേൾക്കുക: അല്ലാഹുവെക്കൂടാതെ നിങ്ങൾ വിളിച്ചു പ്രാർഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം ഒരുമിച്ചുചേർന്ന് ശ്രമിച്ചാലും ഒരീച്ചയെപ്പോലും സൃഷ്ടിക്കാൻ അവർക്കാവില്ല. എന്നല്ല; ഈച്ച അവരുടെ പക്കൽനിന്നെന്തെങ്കിലും തട്ടിയെടുത്താൽ അത് മോചിപ്പിച്ചെടുക്കാൻപോലും അവർക്ക് സാധ്യമല്ല. സഹായം തേടുന്നവനും തേടപ്പെടുന്നവനും എത്ര ദുർബലർ”.(ഖുർആൻ. 22:73)

രോഗവുമായി ബന്ധപ്പെട്ട് പ്രവാചകൻ പഠിപ്പിച്ച പ്രധാന പ്രാർഥനകളിലൊന്ന് ആരംഭിക്കുന്നത് തന്നെ ഇങ്ങനെയാണ്:”അല്ലാഹുവേ, നീയാണ് രോഗം ശമിപ്പിക്കുന്നവൻ. നീയല്ലാതെ രോഗം ശമിപ്പിക്കുന്ന ആരുമില്ല.”

ഉടമസ്ഥൻ, യജമാനൻ

ഈ ഭൂമിയും അതിലുള്ളതും ഇന്നലെ നമ്മുടേതായിരുന്നില്ല. നാളെ നമ്മുടേതല്ലാതാവുകയും ചെയ്യും. നമ്മുടേത് മാത്രമായി നമ്മുടെ വശമൊന്നുമില്ല. എല്ലാം ദൈവദത്തമാണ്. അവൻ തന്നെ തിരിച്ചെടുക്കുകയും ചെയ്യും. നാം നമ്മുടേതെന്ന് പറയുന്ന കയ്യും കാലും കണ്ണും കാതും നാക്കും മൂക്കും ആയുസ്സും ആരോഗ്യവും ജീവനും ജീവിതവും നമ്മുടേതല്ല. എല്ലാം അല്ലാഹുവിന്റേതാണ്. അഥവാ, ഈ പ്രപഞ്ചത്തിന്റെയും അതിലുള്ള എല്ലാറ്റിന്റെയും യഥാർഥ ഉടമ അല്ലാഹുവാണ്. സകലതിന്റെയും ആധിപത്യവും അവന് തന്നെ. അല്ലാഹു അറിയിക്കുന്നു:

“ആകാശങ്ങളിലും ഭൂമിയിലും അവയ്ക്കിടയിലുമുള്ളതെല്ലാം അല്ലാഹുവിന്റേതാണ്;മണ്ണിനടിയിലുള്ളതും.”(ഖുർആൻ. 20:6)

“ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. അവൻ അത്യുന്നതനും മഹാനുമാണ്”(ഖുർആൻ. 42:4)

“ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവൻ തന്നെ.”(ഖുർആൻ. 3:189)

“സംശയമില്ല; ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിന് മാത്രമാണ്. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവല്ലാതെ നിങ്ങൾക്ക് ഒരു രക്ഷകനും സഹായിയുമില്ല.”(ഖുർആൻ. 9:116)

“ആകാശ ഭൂമികളുടെ ആധിപത്യം അവനാണ്. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുറ്റവൻ.”(ഖുർആൻ. 57:2)

കല്പനാധികാരം

സ്രഷ്ടാവും സംരക്ഷകനും ഉടമസ്ഥനുമായ അല്ലാഹുവിന് മാത്രമാണ് കൽപനാധികാരം.
മനുഷ്യരൊഴിച്ചുള്ളവയെല്ലാം പ്രകൃത്യാതന്നെ പൂർണമായും ദൈവിക നിയമങ്ങൾക്ക് വിധേയമാണ്. അവയെല്ലാം ദൈവനിശ്ചിതമായ പ്രകൃതി നിയമങ്ങൾക്കനുസൃതമായാണ് നിലകൊള്ളുന്നത്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും കാറ്റും മഴയും ഇടിയും മിന്നലുമൊക്കെ ദൈവം അവയ്ക്ക് നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കുന്നു. കരയിലും വെള്ളത്തിലും മണ്ണിലും വിണ്ണിലുമുള്ള മുഴുവൻ ജീവജാലങ്ങളും ദൈവനിശ്ചിതമായ ജന്മവാസനകൾക്കനുസൃതമായി നിലകൊള്ളുന്നു.അല്ലാഹു പറയുന്നു.

“സൂര്യ- ചന്ദ്ര-നക്ഷത്രങ്ങളെയെല്ലാം തന്റെ കൽപനക്ക് വിധേയമാംവിധം അവൻ സൃഷ്ടിച്ചു. അറിയുക: സൃഷ്ടിക്കാനും കൽപിക്കാനും അവനു മാത്രമാണ് അധികാരം. സർവലോക സംരക്ഷകനായ അല്ലാഹു ഏറെ മഹത്ത്വമുള്ളവനാണ്.”(ഖുർആൻ. 7:54)

“അവനെയല്ലാതെ നിങ്ങൾ പൂജിച്ചുകൊണ്ടിരിക്കുന്നവയൊക്കെയും നിങ്ങളും നിങ്ങളുടെ പൂർവപിതാക്കളും വ്യാജമായി പടച്ചുണ്ടാക്കിയ ചില പേരുകളല്ലാതൊന്നുമല്ല. അല്ലാഹു അതിനൊന്നിനും ഒരു പ്രമാണവും ഇറക്കിത്തന്നിട്ടില്ല. വിധിക്കധികാരം അല്ലാഹുവിന് മാത്രമാണ്. അവനെയല്ലാതെ യാതൊന്നിനെയും നിങ്ങൾ വഴങ്ങരുതെന്ന് അവനാജ്ഞാപിച്ചിരിക്കുന്നു. ഏറ്റം ശരിയായ ജീവിതക്രമം അതാണ്. എങ്കിലും ഏറെ മനുഷ്യരും അതറിയുന്നില്ല.”(12:40)

ലഭ്യമായ വിവരമനുസരിച്ച് ചിന്തിക്കാനും കണ്ടെത്താനും വിവേചിച്ചറിയാനും കഴിവുള്ള ഏകസൃഷ്ടി മനുഷ്യനാണ്.അവന് വിശേഷബുദ്ധിയുണ്ട്. അതുകൊണ്ടുതന്നെ വളർച്ചയും ഉയർച്ചയും വികാസവും പുരോഗതിയും സാധ്യമാണ്. അതോടൊപ്പം സംയമന ശേഷിയും നിയന്ത്രണ കഴിവുമുണ്ട്. വിശന്നുവലഞ്ഞ പശുവിന് പുല്ലു കിട്ടിയാൽ തിന്നാതിരിക്കാൻ സാധ്യമല്ല. ദാഹിച്ച് അവശമായ നായക്ക് വെള്ളം കിട്ടിയാൽ കുടിക്കാതിരിക്കാൻ കഴിയില്ല. അലറിവരുന്ന സിംഹത്തിന്റെ മുമ്പിൽ അകപ്പെട്ടുപോയ മറ്റൊരു സിംഹം മാപ്പു കൊടുക്കാറില്ല. എന്നാൽ മനുഷ്യന് ജന്മവാസനകളെ നിയന്ത്രിക്കാനും സഹിക്കാനും ക്ഷമിക്കാനും സാധിക്കും.അഥവാ അവന് തെരഞ്ഞെടുക്കാനും തീരുമാനമെടുക്കാനുമുള്ള സ്വാതന്ത്ര്യവും സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യജീവിതത്തിന് ചില ചട്ടങ്ങളും ചിട്ടകളും നിയമങ്ങളും വ്യവസ്ഥകളും നിയന്ത്രണങ്ങളും ക്രമങ്ങളും ആവശ്യമാണ്. ആരാണ് അവയൊക്കെയും നിശ്ചയിക്കേണ്ടത്?

മനുഷ്യന് തന്നെപ്പറ്റിത്തന്നെ അറിയുകയില്ല. താൻ ആരാണ്? എവിടെനിന്ന് വന്നു? എങ്ങോട്ട് പോകുന്നു? എന്താണ് ജീവിതം? എന്തിനുള്ളതാണ്? എങ്ങനെയായിരിക്കണം? മരണശേഷം എന്ത്? തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും തൃപ്തികരമായ ഉത്തരം കണ്ടെത്താൻ അവന് സാധ്യമല്ല.

മനസ്സിനെയും അതിന്റെ വികാരങ്ങളായ സ്നേഹം, വെറുപ്പ് ,കാരുണ്യം, ക്രൂരത, വിനയം, അഹങ്കാരം, അഭിമാനം, അപമാനം, വിട്ടുവീഴ്ച, പ്രതികാരം പോലുള്ള വികാരങ്ങളെയും വിശകലനം ചെയ്യാനും വിശദീകരിക്കാനും മനുഷ്യന് കഴിയില്ല. അതുകൊണ്ടുതന്നെ തന്റെ ജീവിതം എങ്ങനെയാവണമെന്ന് തീരുമാനിക്കാൻ അവന് സാധ്യമല്ല. അതോടൊപ്പം എല്ലാ മനുഷ്യരും സമന്മാരായിരിക്കെ ചിലർ മറ്റുചിലർക്ക് നിയമമുണ്ടാക്കുന്നത് അവർ യജമാനന്മാരായി ചമയലാണ് ; മറ്റുള്ളവരെ അടിമകളാക്കലും.ഇത് ദൈവനീതിക്ക് ചേർന്നതല്ല.അതുകൊണ്ട് തന്നെ നിയമ നിർമാണത്തിനുള്ള പരമാധികാരം അല്ലാഹുവിന് മാത്രമാണ്.അല്ലാഹു ചോദിക്കുന്നു:

“അല്ലാഹുവിന്റെ ജീവിതവ്യവസ്ഥയല്ലാത്ത മറ്റു വല്ലതുമാണോ അവരാഗ്രഹിക്കുന്നത്? ആകാശഭൂമികളിലുള്ളവയൊക്കെയും സ്വയം സന്നദ്ധമായോ നിർബന്ധിതമായോ അവനുമാത്രം കീഴ്‌പ്പെട്ടിരിക്കെ. എല്ലാവരുടെയും തിരിച്ചുപോക്കും അവങ്കലേക്കു തന്നെ.”(3:83)

മാനവ ജീവിതത്തിലുള്ള ഈ നിയമവും വ്യവസ്ഥയും ക്രമവും അല്ലാഹു നൽകിയത് തന്റെ ദൂതന്മാരിലൂടെയാണ്. അതുകൊണ്ടുതന്നെ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കാൻ അവൻ തന്റെ വേദഗ്രന്ഥത്തിലൂടെ നിരന്തരം ആവശ്യപ്പെടുന്നു.

“നിങ്ങൾ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക”(ഖുർആൻ. 3:32,3:132,4:59,5:92,24:54,47:33…)

നിയമനിർമാണത്തിനുള്ള പരമാധികാരം അല്ലാഹുവിന് മാത്രമാണ്. അതിനാൽ പരമമായി അഥവാ നിരുപാധികമായി അല്ലെങ്കിൽ സ്വതന്ത്രമായി അവനെ മാത്രമേ അനുസരിക്കാവൂ. ദൈവദൂതന്മാർക്കുള്ള അനുസരണം പോലും അവനുള്ള അനുസരണത്തിന് വിധേയവും അവന്റെ അനുമതി പ്രകാരവുമാണ്.

“അല്ലാഹുവിന്റെ കൽപനപ്രകാരം അനുസരിക്കപ്പെടാൻവേണ്ടിയല്ലാതെ ഒരു ദൂതനെയും നാം അയച്ചിട്ടില്ല.”(4:64)

അല്ലാഹുവിനുള്ള അനുസരണത്തിന് വിധേയമായി മനുഷ്യർക്ക് പരസ്പരം കൂടിയാലോചിച്ച് നിയമം നിർമിക്കാനുള്ള അവകാശമുണ്ട്. എന്നല്ല, വിവിധ ജീവിത മേഖലകളിലാവശ്യമായ നിയമങ്ങളും ക്രമങ്ങളും വ്യവസ്ഥകളും ഉണ്ടാക്കാനും നടപ്പാക്കാനും മനുഷ്യർക്ക് സ്വാതന്ത്ര്യവും അനുവാദവുമുണ്ട്. അവ ദൈവിക നിയമങ്ങൾക്ക് വിരുദ്ധമാകരുത്. അതോടൊപ്പം ആർക്കാണോ അവ ബാധകമാവുക അവരുമായി കൂടിയാലോചിച്ച് കൊണ്ടുമായിരിക്കണം. അല്ലാഹു ആജ്ഞാപിക്കുന്നു.

“അവർ തങ്ങളുടെ കാര്യങ്ങൾ പരസ്പരം കൂടിയാലോചിക്കു ന്നവരാണ്.”(42:38)

പ്രവാചകനോട് പോലും ഇവ്വിധം കൂടിയാലോചിക്കണമെന്ന് അല്ലാഹു ആജ്ഞാപിക്കുന്നു.:”അല്ലാഹുവിന്റെ കാരുണ്യം കാരണമാണ് നീ അവരോട് സൗമ്യനായത്. നീ പരുഷപ്രകൃതനും കഠിനമനസ്‌കനുമായിരുന്നെങ്കിൽ നിന്റെ ചുറ്റുനിന്നും അവരൊക്കെയും പിരിഞ്ഞുപോകുമായിരുന്നു. അതിനാൽ നീ അവർക്ക് മാപ്പേകുക. അവരുടെ പാപമോചനത്തിനായി പ്രാർഥിക്കുക. കാര്യങ്ങൾ അവരുമായി കൂടിയാലോചിക്കുക. അങ്ങനെ നീ തീരുമാനമെടുത്താൽ അല്ലാഹുവിൽ ഭരമേൽപിക്കുക. തീർച്ചയായും അല്ലാഹു തന്നിൽ ഭരമേൽപിക്കുന്നവരെ ഇഷ്ടപ്പെടുന്നു.”(3:159)

ആരാധന സ്രഷ്ടാവിന് മാത്രം

അഭൗതിക മാർഗത്തിലൂടെ ഗുണമോ ദോഷമോ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയുന്ന ഏക ശക്തി പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു മാത്രമാണ്. അതിനാൽ കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായ മാർഗത്തിലൂടെയുള്ള സഹായത്തിന് വേണ്ടിയുളള പ്രാർഥനയും അവനോട് മാത്രമേ നടത്താവൂ. തനിക്ക് മാത്രം അവകാശപ്പെട്ട ഒന്ന് മറ്റുള്ളവർക്ക് നൽകുന്നതും അനുവദിച്ചുകൊടുക്കുന്നതും അല്ലാഹു ഒട്ടും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ അല്ലാഹുവല്ലാത്തവരോട് പ്രാർഥിക്കുന്നത് ഗുരുതരമായ കുറ്റമാണ്. അല്ലാഹു പറയുന്നു:

“എന്റെ ദാസന്മാർ എന്നെപ്പറ്റി നിന്നോടു ചോദിച്ചാലോ; ഞാൻ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാർഥിച്ചാൽ പ്രാർഥിക്കുന്നവന്റെ പ്രാർഥനക്ക് ഞാനുത്തരം നൽകും. അതിനാൽ അവരെന്റെ വിളിക്കുത്തരം നൽകട്ടെ. എന്നിൽ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ നേർവഴിയിലായേക്കാം.”(2:186)

“അല്ലാഹുവിനു പുറമെ നിനക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാനാവാത്ത ഒന്നിനോടും നീ പ്രാർഥിക്കരുത്. അങ്ങനെ ചെയ്താൽ നീ അതിക്രമികളിൽപ്പെടും; തീർച്ച.”(10:106)

“അല്ലാഹുവിനെ വിട്ട് നിങ്ങൾ വിളിച്ചു പ്രാർഥിക്കുന്നവർക്കൊന്നും നിങ്ങളെ സഹായിക്കാൻ സാധ്യമല്ല. തങ്ങളെത്തന്നെ സഹായിക്കാൻ അവർക്കാവില്ല.”(7:197)

“അല്ലാഹുവെ വിട്ട് നിങ്ങൾ വിളിച്ചു പ്രാർഥിക്കുന്നവർ, നിങ്ങളെപ്പോലുള്ള അടിമകൾ മാത്രമാണ്. നിങ്ങൾ അവരോട് പ്രാർഥിച്ചുനോക്കൂ. നിങ്ങൾക്കവർ ഉത്തരം നൽകട്ടെ; നിങ്ങൾ സത്യവാദികളെങ്കിൽ!”(7:194)

“അല്ലാഹുവിനു പുറമെ നിനക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാനാവാത്ത ഒന്നിനോടും നീ പ്രാർഥിക്കരുത്. അങ്ങനെ ചെയ്താൽ നീ അതിക്രമികളിൽപ്പെടും; തീർച്ച.”(22:73)

അല്ലാഹുവിനോടാണ് സഹായാർഥനയും പ്രാർഥനയും നടത്തേണ്ടത്. മറ്റാരോടും ഒന്നിനോടും അത് പാടില്ലെന്ന് പഠിപ്പിക്കുന്ന നിരവധി വാക്യങ്ങൾ ഖുർആനിലുണ്ട്.

“അവനോടുള്ളതുമാത്രമാണ് യഥാർഥ പ്രാർഥന. അവനെക്കൂടാതെ ഇക്കൂട്ടർ ആരോടൊക്കെ പ്രാർഥിച്ചുകൊണ്ടിരിക്കുന്നുവോ അവർക്കൊന്നും ഒരുത്തരവും നൽകാനാവില്ല.വെള്ളത്തിലേക്ക് ഇരുകൈകളും നീട്ടി അത് വായിലെത്താൻ കാത്തിരിക്കുന്നവനെപ്പോലെയാണവർ. വെള്ളം അങ്ങോട്ടെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാർഥന പൂർണമായും പാഴായതുതന്നെ”(ഖുർആൻ. 13:14)

ആദരവിന്റെ അത്യുന്നതാവസ്ഥയാണ് ആരാധന. അത് അർഹിക്കുന്ന ഏകശക്തി പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു മാത്രമാണ്. അതിനാൽ അവനെ മാത്രമേ ആരാധിക്കാവൂ. അതിന്റെ വ്യത്യസ്ത രൂപങ്ങളായ നേർച്ചയും വഴിപാടും ബലിയും പൂജയും പ്രാർഥനകളും കീർത്തനങ്ങളും മന്ത്രങ്ങളും അവന് മാത്രമേ അർപ്പിക്കാവൂ. മറ്റെന്തിനും അതർപ്പിക്കുന്നത് ദൈവധിക്കാരമാണ്;അതുകൊണ്ടുതന്നെ മാപ്പർഹിക്കാത്ത കുറ്റവും. അല്ലാഹു പറയുന്നു:

“ജനങ്ങളേ, നിങ്ങളെയും മുൻഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ ആരാധിക്കുക. നിങ്ങൾ സൂക്ഷ്മതയുള്ളവരായിത്തീരാൻ.” (ഖുർആൻ. 2:21)

”എന്റെ ജനമേ, നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക. അവനല്ലാതെ നിങ്ങൾക്ക് ദൈവമില്ല. ഒരു ഭീകര നാളിലെ കൊടിയ ശിക്ഷ നിങ്ങളെ ബാധിക്കുമോയെന്ന് ഞാൻ ഭയപ്പെടുന്നു.”(ഖുർആൻ. 7:59)

“നിശ്ചയമായും എല്ലാ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. അവരൊക്കെ പറഞ്ഞതിതാണ്: ”നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക; വ്യാജ ദൈവങ്ങളെ വർജിക്കുക.”(ഖുർആൻ. 16:36)

“വിധേയത്വം അല്ലാഹുവിനു മാത്രമാക്കി അവനെ മാത്രം ആരാധിച്ച് നേർവഴിയിൽ ജീവിക്കാനല്ലാതെ അവരോട് കൽപിച്ചിട്ടില്ല. ഒപ്പം നമസ്‌കാരം നിഷ്ഠയോടെ നിർവഹിക്കാനും സകാത്ത് നൽകാനും. അതാണ് ചൊവ്വായ ജീവിതക്രമം.”(ഖുർആൻ. 98:5)

“നിന്റെ നാഥൻ വിധിച്ചിരിക്കുന്നു: നിങ്ങൾ അവനെയല്ലാതെ മറ്റാരെയുംം ആരാധിക്കരുത്. മാതാപിതാക്കൾക്ക് നന്മ ചെയ്യുക. അവരിൽ ഒരാളോ രണ്ടുപേരുമോ വാർധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കിൽ അവരോട് ‘ഛെ’ എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക.”(ഖുർആൻ. 17:23)

“നിങ്ങൾ അല്ലാഹുവിനെയല്ലാതെ ആരാധിക്കരുത്. നോവേറിയ ശിക്ഷ ഒരുനാൾ നിങ്ങൾക്കുണ്ടാവുമെന്ന് തീർച്ചയായും ഞാൻ ഭയപ്പെടുന്നു.”(ഖുർആൻ. 11:26)

“രാപ്പകലുകളും സൂര്യചന്ദ്രന്മാരും അവന്റെ അടയാളങ്ങളിൽപെട്ടതാണ്. അതിനാൽ നിങ്ങൾ സൂര്യനെയോ ചന്ദ്രനെയോ പ്രണമിക്കരുത്. അവയെ പടച്ച അല്ലാഹുവിനെ മാത്രം പ്രണമിക്കുക. നിങ്ങൾ അവനു മാത്രം വഴിപ്പെടുന്നവരെങ്കിൽ”!(ഖുർആൻ. 41:37)

അല്ലാഹുവിനെ ആരാധിക്കേണ്ടത് എങ്ങനെയെന്ന് അവൻ തന്നെയാണ് പഠിപ്പിക്കേണ്ടത്. എങ്ങനെയാണ് മനുഷ്യർ അല്ലാഹുവെ ആരാധിക്കേണ്ടതെന്നും അനുസരിക്കേണ്ടതെന്നും അവൻ തന്റെ ദൂതന്മാരിലൂടെ പറഞ്ഞു തന്നിട്ടുമുണ്ട്.

വിഗ്രഹവൽകരണം

അല്ലാഹു അദൃശ്യനാണ്. അരൂപിയാണ്. പദാർഥാതീതനാണ്. എല്ലാ വ്യാജങ്ങളെയും കൃത്രിമങ്ങളെയും വെറുക്കുന്നവനുമാണ്. അതുകൊണ്ടുതന്നെ അവന്റെ പേരിൽ ചിത്രങ്ങളോ ശില്പങ്ങളോ പ്രതിമകളോ പ്രതിഷ്ഠകളോ പ്രതീകങ്ങളോ പ്രതിരൂപങ്ങളോ ഉണ്ടാക്കുന്നത് കൊടിയ ക്രൂരതയും ഗുരുതരമായ കുറ്റവുമാണ്; അല്ലാഹുവിനോടുള്ള കടുത്ത ധിക്കാരവും.

അരൂപിയായ അല്ലാഹുവിന് രൂപം സങ്കൽപിക്കുന്നത് വിശ്വാസികളിൽ ദൈവത്തെ സംബന്ധിച്ച തെറ്റായ സങ്കൽപം വളർത്തും. മനുഷ്യനെപ്പോലും തെറ്റായി ചിത്രീകരിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. അപ്പോൾ പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന് രൂപംനൽകി തെറ്റായി ചിത്രീകരിക്കുന്നത് സങ്കൽപിക്കാനാവാത്ത വിധം അക്ഷന്തവ്യമായ അപരാധമാണ്.

തന്നെ ആരാധിക്കേണ്ടത് വിഗ്രഹങ്ങളോ പ്രതിമകളോ പ്രതിഷ്ഠകളോ ചിത്രങ്ങളോ സ്ഥാപിച്ചാണെന്ന് ദൈവം പറഞ്ഞതായി ഒരു മതവും അവകാശപ്പെടുന്നില്ല.

അതോടൊപ്പം മനുഷ്യൻ, തന്നെപ്പോലെത്തന്നെ, വെടിയേറ്റാൽ മരിച്ചു വീഴുകയും മണ്ണിൽ വെച്ചാൽ പുഴു തിന്നുകയും ചിതയിൽ വെച്ചാൽ ചാരമായി മാറുകയും ചെയ്യുന്ന, ജനനവും മരണവും രോഗവും സന്തോഷവും ദുഃഖവും സംതൃപ്തിയും വേദനയുമെല്ലാമുള്ള മനുഷ്യരെ പൂജിക്കുന്നത് മനുഷ്യന്റെ മഹിതമായ പദവിക്കു ചേർന്നതല്ല. സചേതനമോ അചേതനമോ ആയ വസ്തുക്കളോട് ഭക്ത്യാദരവുകൾ പുലർത്തുന്നതും അവയുടെ മുമ്പിൽ തല കുനിക്കുന്നതും മനുഷ്യന്റെ മഹത്ത്വത്തോടും മാന്യതയോടും പൊരുത്തപ്പെടുന്നതല്ല.

അതുകൊണ്ടുതന്നെ അല്ലാഹു അതിനെ ശക്തമായി വിലക്കുന്നു. അല്ലാഹുവിന്റെ ദൂതനായ ഇബ്‌റാഹീം പ്രവാചകൻ പറഞ്ഞു: ”എന്റെ നാഥാ! നീ ഈ നാടിനെ നിർഭയത്വമുള്ളതാക്കേണമേ. എന്നെയും എന്റെ മക്കളെയും വിഗ്രഹപൂജയിൽ നിന്നകറ്റി നിർത്തേണമേ.

“എന്റെ നാഥാ! ഈ വിഗ്രഹങ്ങൾ ഏറെപ്പേരെ വഴികേടിലാക്കിയിരിക്കുന്നു. അതിനാൽ എന്നെ പിന്തുടരുന്നവൻ എന്റെ ആളാണ്. ആരെങ്കിലും എന്നെ ധിക്കരിക്കുന്നുവെങ്കിൽ, നാഥാ, നീ എറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.”(ഖുർആൻ. 14:35,36)

മക്കയിലെ വിഗ്രഹ പൂജകരോട് അല്ലാഹു ചോദിച്ചു:”‘ലാത്ത’ യെയും ‘ഉസ്സ’യെയും സംബന്ധിച്ച് നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? കൂടാതെ മൂന്നാമതായുള്ള ‘മനാത്തി’നെക്കുറിച്ചും?….

യഥാർഥത്തിൽ അവ, നിങ്ങളും നിങ്ങളുടെ പൂർവ പിതാക്കളും വിളിച്ച ചില പേരുകളല്ലാതൊന്നുമല്ല. അല്ലാഹു ഇവയ്‌ക്കൊന്നും ഒരു തെളിവും നൽകിയിട്ടില്ല. ഊഹത്തെയും ദേഹേച്ഛയെയും മാത്രമാണ് അവർ പിൻപറ്റുന്നത്. നിശ്ചയം, അവർക്ക് തങ്ങളുടെ നാഥനിൽ നിന്നുള്ള നേർവഴി വന്നെത്തിയിട്ടുണ്ട്.”(ഖുർആൻ. 53:19,20,23)

പരമമായ സ്നേഹം

മാതാപിതാക്കൾ, ജീവിതപങ്കാളികൾ, മക്കൾ, സഹോദരീ സഹോദരന്മാർ, ബന്ധു മിത്രാദികൾ,സുഹൃത്തുക്കൾ, സഹപ്രവർത്തകർ, നേതാക്കൾ, അനുയായികൾ, അയൽക്കാർ, മറ്റു മനുഷ്യ സഹോദരീ സഹോദരന്മാർ, പ്രപഞ്ചം, അതിലെ വ്യത്യസ്ത വസ്തുക്കൾ, പ്രകൃതി, അതിലെ വിവിധ പ്രതിഭാസങ്ങൾ പോലുള്ളവയെയെല്ലാം നാം സ്നേഹിക്കാറുണ്ട്;സ്നേഹിക്കേണ്ടതുണ്ട്.എന്നാൽ പരമമായ സ്നേഹം പ്രപഞ്ചനാഥനായ അല്ലാഹുവോടായിരിക്കണം;മറ്റെല്ലാ സ്നേഹവും അവനോടുള്ള സ്നേഹത്തിന് വിധേയവും. അല്ലാഹു പറയുന്നു:

“ചിലയാളുകൾ അല്ലാഹു അല്ലാത്തവരെ അവന് സമന്മാരാക്കിവെക്കുന്നു. അവർ അല്ലാഹുവെ സ്‌നേഹിക്കുന്ന പോലെ ഇവരെയും സ്‌നേഹിക്കുന്നു. സത്യവിശ്വാസികളോ, പരമമായി സ്‌നേഹിക്കുന്നത് അല്ലാഹുവിനെയാണ്.”(ഖുർആൻ. 2:165)

മനുഷ്യൻ സ്വന്തത്തേക്കാളും സ്വന്തക്കാരേക്കാളും സ്നേഹിക്കേണ്ടത് തനിക്ക് ജീവനും ജീവിതവും നൽകിയ, സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിനെയാണ്. തുടർന്ന് അവന്റെ ദൂതനെയും അവന്റെ ജീവിതവ്യവസ്ഥയുടെ സംസ്ഥാപനത്തിനുള്ള അധ്വാനപരിശ്രമങ്ങളെയുമാണ്. അല്ലാഹു കൽപിക്കുന്നു:”പറയുക: നിങ്ങളുടെ പിതാക്കളും പുത്രന്മാരും സഹോദരങ്ങളും ഇണകളും കുടുംബക്കാരും, നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, നഷ്ടം നേരിടുമോ എന്ന് നിങ്ങൾ ഭയപ്പെടുന്ന കച്ചവടവും, നിങ്ങൾക്കേറെ പ്രിയപ്പെട്ട പാർപ്പിടങ്ങളുമാണ് നിങ്ങൾക്ക് അല്ലാഹുവേക്കാളും അവന്റെ ദൂതനേക്കാളും അവന്റെ മാർഗത്തിലെ അധ്വാനപരിശ്രമത്തേക്കാളും പ്രിയപ്പെട്ടവയെങ്കിൽ അല്ലാഹു തന്റെ കൽപന നടപ്പിൽ വരുത്തുന്നത് കാത്തിരുന്നുകൊള്ളുക. കുറ്റവാളികളായ ജനത്തെ അല്ലാഹു നേർവഴിയിലാക്കുകയില്ല.”(ഖുർആൻ. 9:24)

അല്ലാഹുവെ പരമമായി സ്നേഹിച്ച് അവന്റെ സ്നേഹവും പ്രീതിയും നേടുകയെന്നതാണ് മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം. അത് സാക്ഷാത്കരിക്കുന്നവരാണ് സൗഭാഗ്യവാന്മാർ. വിജയം വരിക്കുന്നവരും അവർ തന്നെ.

സമ്പൂർണ്ണ സമർപ്പണം

മനുഷ്യൻ സ്വന്തം ജീവനും ജീവിതവുമുൾപ്പെടെ സർവതും തന്റെ സ്രഷ്ടാവിന് സമർപ്പിക്കാൻ ബാധ്യസ്ഥനാണ്. ആ സമർപ്പണത്തിനാണ് ഇസ് ലാം എന്ന് പറയുക. അങ്ങനെ സമർപ്പിച്ചവന് മുസ്ലിം എന്നും പറയുന്നു. ഇസ്ലാം എന്ന പദത്തിന്റെ അർഥം തന്നെ അനുസരണം, സമർപ്പണം എന്നൊക്കെയാണ്. അതുകൊണ്ടുതന്നെ സൂര്യനും ചന്ദ്രനുമുൾപ്പെടെ സകല ചരാചരങ്ങളും മുസ്‌ലിംകളാണ്. അല്ലാഹുവിന്റെ നിയമങ്ങൾ അനുസരിക്കുന്നവയാണ്. അതിനാൽ ഏതെങ്കിലും പ്രത്യേക ജാതിയിലോ സമുദായത്തിലോ പിറന്നവരല്ല മുസ് ലിംകൾ. മറിച്ച് സ്രഷ്ടാവിന് സ്വന്തത്തെ പൂർണമായും സമർപ്പിച്ച് അവന്റെ നിയമ നിർദേശങ്ങളും വിധിവിലക്കുകളും പൂർണമായി അനുസരിക്കുന്നവരാണ്;തങ്ങളുടെ സമർപ്പണം തുറന്ന് പ്രഖ്യാപിക്കുന്നവരും. അല്ലാഹു കല്പിക്കുന്നു:

“പറയുക: ‘നിശ്ചയമായും എന്റെ നമസ്‌കാരവും ആരാധനാകർമങ്ങളും ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാണ്. അവന് പങ്കാളികളാരുമില്ല. അവ്വിധമാണ് എന്നോട് കൽപിച്ചിരിക്കുന്നത്. അവനെ അനുസരിക്കുന്നവരിൽ ഒന്നാമനാണ് ഞാൻ.” ചോദിക്കുക: ‘ഞാൻ അല്ലാഹുവല്ലാത്ത മറ്റൊരു രക്ഷകനെ തേടുകയോ; അവൻ എല്ലാറ്റിന്റെയും നാഥനായിരിക്കെ.ഏതൊരാളും ചെയ്തുകൂട്ടുന്നതിന്റെ ഉത്തരവാദിത്തം അയാൾക്കു മാത്രമായിരിക്കും. ഭാരം ചുമക്കുന്ന ആരും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല. പിന്നീട് നിങ്ങളുടെയൊക്കെ മടക്കം നിങ്ങളുടെ നാഥങ്കലേക്കു തന്നെയാണ്. നിങ്ങൾ ഭിന്നാഭിപ്രായം പുലർത്തിയ കാര്യങ്ങളുടെ നിജസ്ഥിതി അപ്പോൾ അവൻ അവിടെവെച്ച് നിങ്ങളെ അറിയിക്കും.”(ഖുർആൻ. 6:162-164)

ശരിയും തെറ്റും നന്മയും തിന്മയും നീതിയും അനീതിയും സന്മാർഗവും ദുർമാർഗവും അനുവദനീയവും (ഹലാൽ) നിഷിദ്ധവും(ഹറാം) തീരുമാനിക്കാനുള്ള അധികാരം സ്രഷ്ടാവായ അല്ലാഹുവിന് മാത്രമേയുള്ളൂ. സൃഷ്ടികളായ മനുഷ്യരെല്ലാം അവ പാലിക്കാൻ ബാധ്യസ്ഥരാണ്.

അഭയമേകുന്നവൻ

മനുഷ്യൻ കൊതിച്ചതല്ലല്ലോ അവന് ലഭിക്കുക. അവന്റെ ആഗ്രഹങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടുകയില്ല. പല മോഹങ്ങളും പൂർത്തീകരിക്കപ്പെടുകയില്ല. വിളവ് പ്രതീക്ഷിച്ച് വിത്തിറക്കുന്നവർക്ക് പലപ്പോഴും വലിയ നഷ്ടങ്ങൾ സംഭവിക്കുന്നു. ലാഭം കൊതിച്ച് കച്ചവടം ചെയ്യുന്നവർ നഷ്ടത്തിനിരയാകുന്നു. ചിലപ്പോൾ അപ്രതീക്ഷിതമായ രോഗങ്ങൾക്കടിമപ്പെടുന്നു. അങ്ങനെ പലവിധ പ്രതിസന്ധികളെയും പ്രയാസങ്ങളെയും അഭിമുഖീകരിക്കാത്ത ആരുമുണ്ടാവില്ല. അപ്പോഴൊക്കെയും എല്ലാവരും ഭാരം ഇറക്കിവെക്കാനുള്ള അത്താണി അന്വേഷിക്കുന്നു. അഭയം നൽകുന്ന കേന്ദ്രങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു. എന്നാൽ യഥാർഥ അഭയകേന്ദ്രം എല്ലാവരുടെയും സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവാണ്. അവനിൽ അഭയം തേടുന്നവർ എല്ലാവിധ മന:പ്രയാസങ്ങളിൽ നിന്നും അസ്വസ്ഥതകളിൽ നിന്നും മോചനം നേടുന്നു. അതുകൊണ്ടുതന്നെ മനുഷ്യരുടെ നന്മ ആഗ്രഹിക്കുന്ന അല്ലാഹു തന്നിൽ അഭയം തേടാൻ അവരോട് ആവശ്യപ്പെടുന്നു.

“അങ്ങനെ നീ തീരുമാനമെടുത്താൽ അല്ലാഹുവിൽ ഭരമേൽപിക്കുക. തീർച്ചയായും അല്ലാഹു തന്നിൽ ഭരമേൽപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. അല്ലാഹു നിങ്ങളെ സഹായിക്കുന്നുവെങ്കിൽ പിന്നെ നിങ്ങളെ തോൽപിക്കാനാർക്കും കഴിയില്ല. അവൻ നിങ്ങളെ കൈവെടിയുന്നുവെങ്കിൽ പിന്നെ നിങ്ങളെ സഹായിക്കാൻ അവനെക്കൂടാതെ ആരാണുള്ളത്? അതിനാൽ സത്യവിശ്വാസികൾ അല്ലാഹുവിൽ ഭരമേൽപിക്കട്ടെ.” (ഖുർആൻ. 3:159,160)

“സത്യവിശ്വാസികൾ അല്ലാഹുവിൽ മാത്രം സർവവും സമർപ്പിക്കട്ടെ.”(ഖുർആൻ. 5:11)

“ആകാശഭൂമികളിൽ മറഞ്ഞിരിക്കുന്നതൊക്കെയും അല്ലാഹുവിനുള്ളതാണ്. അവസാനം എല്ലാം മടങ്ങിയെത്തുന്നതും അവങ്കലേക്കുതന്നെ. അതിനാൽ നീ അവനുമാത്രം വഴിപ്പെടുക. അവനിൽ ഭരമേൽപിക്കുക. നിങ്ങൾ ചെയ്യുന്നതിനെപ്പറ്റിയൊന്നും നിന്റെ നാഥൻ ഒട്ടും അശ്രദ്ധനല്ല.”(ഖുർആൻ. 11:123)

വിശ്വാസികൾ സദാ അല്ലാഹുവിൽ ഭരമേൽപിക്കുന്നവരും പ്രതിസന്ധികളിലൊക്കെയും അവനിൽ അഭയം തേടുന്നവരുമാണ്. അത്തരം നിരവധി സംഭവങ്ങൾ ഖുർആൻ ഉദ്ധരിച്ചിട്ടുണ്ട്. ഒന്നുമാത്രം ഇവിടെ ചേർക്കുന്നു.

“നിങ്ങൾക്കെതിരെ ജനം സംഘടിച്ചിരിക്കുന്നു. അതിനാൽ നിങ്ങളവരെ പേടിക്കണം എന്ന് ജനങ്ങൾ വിശ്വാസികളോട് പറഞ്ഞപ്പോൾ അതവരുടെ വിശ്വാസം വർധിപ്പിക്കുകയാണുണ്ടായത്. അവർ പറഞ്ഞു: ഞങ്ങൾക്ക് അല്ലാഹു മതി. ഭരേേമൽപിക്കാൻ ഏറ്റം പറ്റിയവൻ അവനാണ്.”(3:173)

മനഃശാന്തിയുടെ മാർഗം

അല്ലാഹുവിലുള്ള വിശ്വാസം ഭൂമിയിൽ മനുഷ്യന് നല്കുന്ന ഏറ്റവും വലിയ സമ്മാനം മനസ്സമാധാനമാണ്.

ജീവിതത്തിൽ എന്തെങ്കിലും പ്രയാസമോ പ്രതിസന്ധിയോ അഭിമുഖീകരിക്കാത്ത ആരുമില്ല. വേണ്ടപ്പെട്ടവരുടെ മരണം, മാരകമായ രോഗം, ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി, അഭിമാനക്ഷതം അങ്ങനെ പലവിധ വിഷമ സന്ധികളെയും അഭിമുഖീകരിക്കുന്നു. അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസം അപ്പോഴൊക്കെയും അങ്ങേയറ്റത്തെ മന:ശാന്തി നൽകുന്നു.

ഏക മകന്റെ മരണം സൃഷ്ടിക്കുന്ന വിരഹ ദുഃഖത്തിന് ശമനം നൽകാൻ ഒരു ഭൗതിക ദർശനത്തിനും സാധ്യമല്ല. എന്നാൽ ഓമന മകനെ നൽകിയത് അല്ലാഹുവാണെന്നും തന്നേക്കാൾ സ്നേഹവും കാരുണ്യവും വാത്സല്യവുമുള്ള അവൻ തന്നെയാണ് തിരിച്ച് വാങ്ങിയതെന്നും ക്ഷമ പാലിച്ച് അവന്റെ പാത പിന്തുടർന്നാൽ മരണാനന്തരം ശാശ്വതമായ സ്വർഗത്തിൽ വെച്ച് മകനുമായി സന്ധിക്കാമന്നും ഉറച്ചു വിശ്വസിക്കുന്നവർ അനൽപമായ ആശ്വാസവും സ്വസ്ഥതയും അനുഭവിക്കുന്നു. ഗുരുതരമായ രോഗം ബാധിച്ച് കിടപ്പിലായ ദൃഢവിശ്വാസികൾക്ക് ഉത്തമ ബോധ്യമുണ്ട് ; തനിക്ക് ആരോഗ്യം നൽകിയ അല്ലാഹു അത് തിരിച്ചെടുത്തിരിക്കുന്നു ,അങ്ങനെ അവൻ തന്നെ പരീക്ഷിക്കുകയാണ് ,സഹിക്കുകയും ക്ഷമിക്കുകയും ചെയ്താൽ രോഗവും വേദനയും അല്ലലും അലട്ടുമൊട്ടുമില്ലാത്ത സ്വർഗജീവിതം തന്നെ കാത്തിരിക്കുന്നുണ്ട്. പരലോക ജീവിതത്തിലുള്ള ഈ വിശ്വാസം നൽകുന്ന ആശ്വാസം വാക്കുകളിൽ വിവരിക്കാനാവില്ല. സാമ്പത്തിക പ്രതിസന്ധിയുൾപ്പെടെ മറ്റെല്ലാ പ്രയാസങ്ങളെയും ദുരന്തങ്ങളെയും ഇവ്വിധം അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസം കൊണ്ട് തരണം ചെയ്യാൻ സാധിക്കും.

വിശുദ്ധിയുടെ വഴി

അല്ലാഹു തന്നെ സദാ നിരീക്ഷിക്കുകയും കാണുകയും ചെയ്യുന്നുവെന്നും തന്റെ കർമങ്ങൾക്കനുസൃതമായ പ്രതിഫലം മരണശേഷം പരലോകത്ത് വെച്ച് തരുമെന്നും വിശ്വസിക്കുന്ന മനുഷ്യൻ അവൻ വിലക്കിയ കാര്യങ്ങളിൽ നിന്നെല്ലാം വിട്ടുനിൽക്കുകയും കൽപിച്ച കാര്യങ്ങളെല്ലാം അനുസരിക്കുകയും ചെയ്യുന്നു. അങ്ങനെ തെറ്റുകുറ്റങ്ങളിൽ നിന്ന് തീർത്തും മുക്തമായ വിശുദ്ധ ജീവിതത്തിന്റെ ഉടമയായിത്തീരുന്നു. പരസ്യജീവിതം പോലെ രഹസ്യ ജീവിതവും പാപമുക്തമായി മാറുന്നു.

അല്ലാഹു തന്നോടൊപ്പമുണ്ടെന്ന വിശ്വാസം ഏകാന്തതയിലും താൻ ഒറ്റക്കല്ലെന്ന ബോധം സൃഷ്ടിക്കുന്നു. അത് എല്ലാവിധ ഭയത്തിൽനിന്നും ഒറ്റപ്പെടലിൽ നിന്നും മുക്തിയേകുന്നു. അപ്രകാരം തന്നെ അല്ലാഹു തീരുമാനിച്ചതും വിധിച്ചതുമല്ലാതൊന്നും നടക്കുകയില്ലെന്ന ബോധം അനല്പമായ ആത്മധൈര്യം നൽകുന്നു.
ഇങ്ങനെ അല്ലാഹുവിലുള്ള വിശ്വാസം മനുഷ്യ ജീവിതത്തെ അടിമുടി മാറ്റിപ്പണിയുന്നു. മനുഷ്യമനസ്സുകൾക്ക് ശാന്തി, വ്യക്തിജീവിതത്തിൽ വിശുദ്ധി, കുടുംബത്തിൽ സംതൃപ്തി, സമൂഹത്തിൽ സമാധാനം, രാജ്യത്ത് സുരക്ഷയും സുഭിക്ഷതയും മരണശേഷം അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും എല്ലാം ഉറപ്പുനൽകുന്നു.

ധീരതയും ഔന്നത്യബോധവും

അല്ലാഹു തന്നോടൊപ്പമുണ്ടെന്ന് ഓരോ സത്യവിശ്വാസിക്കും ഉറച്ച ബോധ്യമുണ്ട്. അതിനാൽ താൻ ഒറ്റക്കല്ലെന്ന് തിരിച്ചറിയുന്നു. ഏത് പ്രതിസന്ധിയിലും അല്ലാഹു തുണക്കുമെന്നും അവൻ തീരുമാനിച്ചതേ നടക്കുകയുള്ളുവെന്നും ദൃഢ ബോധ്യമുള്ളവരെ ഭയപ്പെടുത്താനോ ഭീരുക്കളാക്കാനോ ആർക്കും സാധ്യമല്ല.

അതിനാൽ വിശ്വാസികൾ അക്രമത്തിനും അനീതിക്കും മറ്റു സാമൂഹ്യതിന്മകൾക്കുമെതിരെ ശക്തവും ധീരവുമായ നിലപാട് സ്വീകരിക്കുന്നു. തങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും അല്ലാഹു നൽകിയത് അവൻ തന്നെ തിരിച്ചെടുക്കുക മാത്രമാണ് സംഭവിക്കുന്നതെന്നും കൂടുതൽ മികച്ചത് മരണ ശേഷം പരലോകത്തിലെ അനശ്വര ജീവിതത്തിൽ ലഭിക്കുമെന്നുള്ള ബോധം നൽകുന്ന നിർഭയത്വവും തിന്മക്കെതിരെ നന്മയുടെ പക്ഷത്ത് നിലയുറപ്പിക്കാനുള്ള കരുത്തും വളരെ വലുതാണ്; അത്യധികം വിസ്മയകരവും.

ആരാധനാനുഷ്ഠാനങ്ങളിലൂടെ സ്വന്തത്തെ അല്ലാഹുമായി ബന്ധിപ്പിക്കുന്നവർ അനൽപമായ ഔന്നത്യബോധമനുഭവിക്കുന്നു. അല്ലാഹു അതിരറ്റ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉടമയാണെന്നും അവൻ തന്നെ അങ്ങേയറ്റം സ്നേഹിക്കുന്നുവെന്നും തന്നോട് വളരെയേറെ കരുണ കാണിക്കുന്നുവെന്നും ഉറച്ച് വിശ്വസിക്കുന്നു. അതിനാൽ ഒട്ടും ആത്മനിന്ദയോ അപകർഷബോധമോ അനുഭവിക്കുകയില്ല. ഇച്ഛാഭംഗമോ നിരാശയോ ബാധിക്കുകയില്ല. അല്ലാഹുവുമായി സ്വന്തത്തെ ബന്ധിപ്പിച്ചവനെന്ന നിലയിൽ സദാ ആത്മഹർഷവും ആത്മാഭിമാനവും അനുഭവിക്കുകയും ചെയ്യുന്നു.

അങ്ങനെ പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിലുള്ള വിശ്വാസവും അതിന്റെ അവിഭാജ്യഘടകമായ പരലോക വിശ്വാസവും മനുഷ്യജീവിതത്തിൽ ഗുണകരമായ അനേകം മാറ്റങ്ങളുണ്ടാക്കുന്നു. മരണാനന്തര ജീവിതത്തിൽ വിജയം ഉറപ്പുവരുത്തുകയും ചെയ്യുന്നു.

ചില ചരിത്ര സാക്ഷ്യങ്ങൾ

ആദമിന്റെ രണ്ടു മക്കളാണ് ഹാബീലും ഖാബീലും. ഇരുവർക്കുമിടയിലുണ്ടായ തർക്കത്തിൽ പരിഹാരമായി ബലി നിർദേശിക്കപ്പെട്ടു. ആരുടെ ബലിയാണോ സ്വീകരിക്കപ്പെടുന്നത് അയാളുടെ നിർദേശം സ്വീകരിക്കപ്പെടുമെന്നായിരുന്നു തീരുമാനം. അങ്ങനെ ബലി നടന്നു. ഹാബീലിന്റെ ബലി സ്വീകരിക്കപ്പെട്ടു. ഖാബീലിന്റേത് തള്ളപ്പെടുകയും ചെയ്തു.വിധി തീർപ്പ് വന്നപ്പോൾ ഖാബീൽ അതംഗീകരിക്കാൻ തയ്യാറായില്ല. അയാൾ കരാർ ലംഘിച്ചു. കലിയിളകി കൊലവിളി നടത്തി. ഹാബീ ന്റെ നേരെ തിരിഞ്ഞ് പറഞ്ഞു:”നിന്നെ ഞാൻ കൊല്ലും”

ദൃഢ വിശ്വാസിയായിരുന്ന ഹാബീൽ പറഞ്ഞു:”നീ എന്നെ കൊല്ലാൻ എന്റെ നേരെ കയ്യുയർത്തിയാലും നിന്നെ കൊല്ലാൻ ഞാൻ നിന്റെ നേരെ എന്റെ കയ്യുയർത്തുകയില്ല. കാരണം ഞാൻ അല്ലാഹുവേ ഭയപ്പെടുന്നു.”

അത്യസാധാരണമായ ഈ ക്ഷമക്കും സഹനത്തിനും കാരണം അല്ലാഹുവിലുള്ള അദ്ദേഹത്തിന്റെ അടിയുറച്ച വിശ്വാസമത്രെ.
* * *
മക്കയിലെ അക്രമികളുടെ കയ്യേറ്റങ്ങളിൽ നിന്ന് പ്രവാചകനെ സംരക്ഷിച്ചിരുന്നത് പിതൃവ്യൻ അബൂത്വാലിബായിരുന്നു. അതവസാനിപ്പിക്കാൻ ശത്രുക്കൾ അബൂത്വാലിബിന്റെ മേൽ സമ്മർദം ചെലുത്തിക്കൊണ്ടിരുന്നു. തനിക്ക് ഏറെ വേണ്ടപ്പെട്ടവരുടെ വെറുപ്പും എതിർപ്പും അബൂത്വാലിബിനെ വല്ലാതെ വിഷമിപ്പിച്ചു. അതിനാൽ സഹോദരപുത്രനായ പ്രവാചകനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ പ്രബോധന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഇങ്ങനെ പറഞ്ഞു:” നീ എന്നെ രക്ഷിക്കണം നിന്നെയും രക്ഷിക്കണം. എനിക്ക് താങ്ങാനാവാത്ത ഭാരം നീ എന്നെക്കൊണ്ട് വഹിപ്പിക്കരുത്.”

പിതൃവ്യന്റെ ഈ സമീപനം പ്രവാചകനെ സംബന്ധിച്ചേടത്തോളം അപ്രതീക്ഷിതവും അമ്പരപ്പിക്കുന്നതുമായിരുന്നു. എന്നിട്ടും അദ്ദേഹം പതറിയില്ല. തന്റെ നിലപാട് ധീരമായി പ്രഖ്യാപിച്ചു:”സൂര്യനെ എന്റെ വലത് കയ്യിലും ചന്ദ്രനെ ഇടത് കയ്യിലും വെച്ചു തന്നാലും ഞാൻ ഈ ശ്രമം ഉപേക്ഷിക്കുകയില്ല. അല്ലാഹു ഈ ഉദ്യമം വിജയിപ്പിക്കുകയോ അല്ലെങ്കിൽ ഈ മാർഗത്തിൽ ഞാൻ വധിക്കപ്പെടുകയോ ചെയ്യും വരെ.”
പ്രവാചകന്റെ ധീരമായ ഈ സമീപനവും കരുത്തുറ്റ വാക്കുകളും പിതൃവ്യനെ അഗാധമായി സ്വാധീനിച്ചു.
ആരും തുണക്കാനില്ലാതിരുന്നപ്പോഴും പ്രവാചകന് ഈ ആത്മധൈര്യവും മനക്കരുത്തും ലഭിച്ചത് അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസത്തിൽ നിന്നാണ്.
* * *
പ്രവാചകനും ആത്മമിത്രമായ അബൂബക്കർ സിദ്ദീഖും മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ (പലായനം)പോവുകയാണ്. ശത്രുക്കൾ പ്രവാചകനെ വധിക്കുന്നവർക്ക് നൂറ് ഒട്ടകം വാഗ്ദാനം ചെയ്തിരുന്നു. അതിനാൽ അദ്ദേഹത്തെ പിടികൂടാൻ എല്ലാവരും ഇറങ്ങിത്തിരിച്ചു. ഇത് മനസ്സിലാക്കിയ പ്രവാചകനും അബൂബക്കർ സിദ്ദീഖും ഒരു ഗുഹയിൽ അഭയം തേടി. അങ്ങനെ അവർ ഗുഹയിലായിരിക്കെ ശത്രുക്കൾ ഗുഹാമുഖത്തെത്തി. പ്രവാചകന്റെ ജീവനെക്കുറിച്ച് ആശങ്ക തോന്നിയ അബൂബക്കർ സിദ്ദീഖ് പറഞ്ഞു:”അവരെങ്ങാനും ഒന്നെത്തി നോക്കിയാൽ നമ്മെ കണ്ടത് തന്നെ.”

അപ്പോൾ അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ട് പ്രവാചകൻ പറഞ്ഞു:”താങ്കൾ ദുഃഖിക്കേണ്ട, ഭയപ്പെടേണ്ട. നമ്മോടൊപ്പം അല്ലാഹുവുണ്ട്.”
* * *
രണ്ടാം ഹലീഫ ഉമറുൽഫാറൂഖ് നാടിന്റെ അവസ്ഥ മനസ്സിലാക്കാനായി ചുറ്റി സഞ്ചരിക്കുകയായിരുന്നു. അപ്പോൾ ഒരു മലഞ്ചെരിവിൽ ഒരു ഇടയ ബാലൻ ധാരാളം ആടുകളെ മേയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം ആ ഇടയ ബാലനെ സമീപിച്ച് പറഞ്ഞു:”ഈ ആട്ടിൻ കൂട്ടത്തിൽ നിന്ന് ഒന്നിനെ എനിക്ക് തരുമോ? ഞാൻ നല്ല വില തരാം. യജമാനനോട് ചെന്നായ പിടിച്ചതാണെന്ന് പറഞ്ഞാൽ മതി.”

ആ ഇടയ ബാലന്റെ പ്രതികരണം അത്ഭുതകരമായിരുന്നു. അവൻ ചോദിച്ചു :”ഈ ആട്ടിൻ കൂട്ടത്തിൽ നിന്ന് ഒന്നിനെ തന്നാൽ യജമാനൻ അറിയില്ലെന്നത് ശരി തന്നെ. നിങ്ങൾ നല്ല വില തരികയും ചെയ്യും. എന്നാൽ നിങ്ങളുടെയും എന്റെയും എന്റെ യജമാനന്റെയും യജമാനനായ അല്ലാഹുവിൽ നിന്ന് മറച്ചു വെക്കാൻ സാധിക്കുമോ.?

വിസ്മയകരമായ ഈ ജീവിത വിശുദ്ധിയുടെ ഉറവിടം അല്ലാഹുവിലുള്ള വിശ്വാസമല്ലാതെ മറ്റൊന്നുമല്ല.

ഇതിന് സമാനമായ ഒരു സംഭവം പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ രേഖപ്പെടുത്തിയിട്ടുണ്ട്. തിരൂരിനടുത്ത് ചമ്രവട്ടം സ്വദേശിയായ അദ്ദേഹം പഠിച്ചിരുന്നത് പൊന്നാനി സ്കൂളിലാണ്. യാത്ര ഒരു തോണിയിലായിരുന്നു . അതിൽ എന്നും ഒരു വെറ്റിലക്കർഷകനുണ്ടായിരുന്നു. തിരൂർ സ്വദേശിയായ അദ്ദേഹം രണ്ട് കെട്ട് വെറ്റില ചുമന്നാണ് എന്നും അങ്ങാടിയിലേക്ക് പോയിക്കൊണ്ടിരുന്നത്. ഒന്ന് തലേന്നാൾ വിൽക്കാതെ മടക്കി കൊണ്ടുവന്ന വാടിയ വെറ്റിലയുടെ കെട്ട്. മറ്റൊന്ന് അന്ന് രാവിലെ നുള്ളിയെടുത്ത തുടിപ്പും പച്ചപ്പുമുള്ള വെറ്റിലയുടെ കെട്ട്. ഇതു കണ്ടുകൊണ്ടിരുന്ന രാധാകൃഷ്ണൻ ഒരു ദിവസം ചോദിച്ചു:”അല്ല, കാരണവരേ, വാടിയ വെറ്റില നല്ല വെറ്റിലയുടെ ഇടയിൽ അടുക്കി വെച്ച് ഒരു കെട്ടാക്കി കൊണ്ടു പോയാൽ പോരേ? എന്നാൽ നല്ല വിലയും കിട്ടുമല്ലോ.”

ഷർട്ട് പോലും ധരിച്ചിട്ടില്ലാത്ത, കാലിൽ ചെരിപ്പില്ലാത്ത നിരക്ഷരനായ ആ കർഷകന്റെ മറുപടി വിസ്മയകരമായിരുന്നു. അയാൾ ചോദിച്ചു:”ന്നാലും പടച്ചോൻ കാണൂലേ,ഓൻ നമ്മളെ വെറുതെ വിടുമോ, മക്കളെ.”

ഈ ജീവിത വിശുദ്ധിയാണ് അല്ലാഹുവിലുള്ള വിശ്വാസം മനുഷ്യനിൽ വളർത്തുന്നത് ,വളർത്തേണ്ടത്.
* * *
ദൈവ വിശ്വാസിയല്ലാത്ത കെ.ഇ.എൻ. എഴുതുന്നു: “വിശ്വാസികൾക്ക് വലിയ തോതിൽ മന:ശാന്തി നേടാൻ സാധിക്കും. ഒരു മരണ വീട്ടിൽ ചെന്നാൽ എനിക്ക് മനസ്സംഘർഷം വരുന്നു. അപകട മരണം സംഭവിച്ച യുവാക്കളുടെ ബന്ധുക്കളെ എന്തു പറഞ്ഞാണ് ഞാൻ ആശ്വസിപ്പിക്കുക! എന്റെ സുഹൃത്ത് കെ. ടി. സൂപ്പിയുടെ കുട്ടി പുഴയിൽ മുങ്ങി മരിച്ചു. പിന്നീട് അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് ആശ്വാസവാക്കുകളൊന്നും പറയാൻ സാധിച്ചില്ല.’എന്റെ കുട്ടിയെ എനിക്കിനി സ്വർഗത്തിൽ വെച്ച് തിരിച്ചുകിട്ടു’മെന്ന് സൂപ്പി മാഷ് പറയുന്നു. അദ്ദേഹം അങ്ങനെ വിശ്വസിക്കുന്നതിൽ എനിക്കും സന്തോഷമുണ്ട്.

വ്യക്തിപരമായ ഒരനുഭവം ഇവിടെ കുറിക്കുന്നു. സേലത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ തൃശൂരിലെ വ്യാപാരിയായ സുഹൃത്തിന്റെ അഞ്ച് കുടുംബാംഗങ്ങൾ മരണമടഞ്ഞു. വിവരമറിഞ്ഞ് കൂട്ടുകാരനെ ആശ്വസിപ്പിക്കാനായി അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. കണ്ടയുടനെ ആലിംഗനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു:”

അല്ലാഹു നൽകിയ കുട്ടികളെ അവൻ തിരിച്ചെടുത്തിരിക്കുന്നു. അവൻ അനുഗ്രഹിച്ചെങ്കിൽ സ്വർഗത്തിൽ വെച്ച് കാണാം. നമുക്ക് അതിനായി പ്രാർഥിക്കാം.”

സിറിയയിലെ പ്രമുഖ പണ്ഡിതനും പരിഷ്കർത്താവുമായ ഡോക്ടർ മുസ്തഫാസ്സിബാഇക്ക് വാത രോഗം ബാധിച്ചു. ഇടത് ഭാഗം പൂർണമായി തളർന്നു. എന്നിട്ടും അദ്ദേഹം തന്റെ ജോലികൾ തുടർന്നു. വീൽചെയറിൽ കോളേജിൽ പോയി അധ്യാപനം നടത്തി. പൊതുയോഗങ്ങളിൽ പ്രസംഗിച്ചു. ഗ്രന്ഥരചനയിൽ മുഴുകി. 1962 ൽ ആശുപത്രിയിലായിരിക്കെ ആശ്വസിപ്പിക്കാനെത്തിയ കൂട്ടുകാരനോട് അദ്ദേഹം പറഞ്ഞു:”ഞാൻ രോഗിയാണ്. സംശയമില്ല. എന്റെ കൈക്കും കാലിനും വേദനയുണ്ട്. എങ്കിലും എന്റെ കാര്യത്തിൽ അല്ലാഹു ചെയ്തു തന്ന അനുഗ്രഹം നോക്കൂ. അവൻ എന്നെ തീർത്തും തളർത്താൻ ശക്തനായിട്ടും എന്റെ ഒരു ഭാഗമേ തളർന്നുള്ളു. അതും ഇടതുഭാഗം. തളർന്നത് വലത് കയ്യായിരുന്നുവെങ്കിൽ എനിക്ക് എഴുതാൻ സാധിക്കുമായിരുന്നോ? എന്റെ കാഴ്ചശക്തി നശിപ്പിക്കാൻ കഴിവുള്ള അല്ലാഹു എനിക്ക് അത്യാവശ്യമായ ആ കഴിവ് എടുത്തു കളഞ്ഞിട്ടില്ല. എന്റെ മസ്തിഷ്കത്തെ മരവിപ്പിക്കാൻ അല്ലാഹുവിന് ഒട്ടും പ്രയാസമില്ല. എന്നിട്ടും എനിക്ക് മനസ്സിലാക്കാനും ചിന്തിക്കാനും അവനത് വിട്ടു തന്നിരിക്കുന്നു. എന്റെ നാവിന്റെ ആരോഗ്യം അവൻ നിലനിർത്തിയിരിക്കുന്നു. ഇതെല്ലാം അവന്റെ ഔദാര്യവും വിശാലതയുമല്ലേ? അപാരമായ അനുഗ്രഹവും അതിരറ്റ കാരുണ്യവുമല്ലേ? പിന്നെ ഞാനെന്തിന് പരാതിപ്പെടണം? സങ്കടം പറയണം? എന്നോട് കാണിച്ച കാരുണ്യത്തിന് നന്ദികാണിക്കുകയല്ലേ വേണ്ടത്.”

അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസം സമ്മാനിച്ച ഇത്തരം ആയിരക്കണക്കിന് ചേതോഹരമായ അനുഭവങ്ങൾ കൊണ്ട് ധന്യമാണ് മനുഷ്യചരിത്രം.

യഥാർഥ വിശ്വാസത്തിലൂടെ നമുക്കും ആ വിതാനത്തിലെത്താൻ സാധിക്കും. സാധിക്കുമാറാകട്ടെ.

Facebook Comments
Tags: AllahuSMKThe God
ശൈഖ് മുഹമ്മദ് കാരകുന്ന്

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തിൽ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ, കാരകുന്ന് അപ്പർ പ്രൈമറി സ്‌കൂൾ, മഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ, ഫറോക്ക് റൗദത്തുൽ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എൽ.ടി.ടി. സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മൊറയൂർ വി.എച്ച്.എം.ഹൈസ്‌കൂൾ, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോൾ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകൾക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാൻ , കുവൈത്ത്, ഖത്തർ , ബഹ്‌റൈൻ , സിംഗപ്പൂർ, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകൾ സന്ദർശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടർ അലീഫ് മുഹമ്മദ് , ഡോക്ടർ ബാസിമ , അയമൻ മുഹമ്മദ് എന്നിവർ മക്കളും ഡോക്ടർ അബ്ദുറഹമാൻ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവർ ജാമാതാക്കളുമാണ്.

Related Posts

Studies

ശാന്തമായ മനസ്സ് കർമനിരതമായ ജീവിതം

by ശൈഖ് മുഹമ്മദ് കാരകുന്ന്
06/01/2023
Studies

മനുഷ്യന്റെ സാധ്യതയും ബാധ്യതയും

by ശൈഖ് മുഹമ്മദ് കാരകുന്ന്
03/01/2023
Studies

ദൈവവിധിയും മനുഷ്യേഛയും

by ശൈഖ് മുഹമ്മദ് കാരകുന്ന്
28/12/2022
Studies

അപാരമായ സ്വാതന്ത്ര്യം

by ശൈഖ് മുഹമ്മദ് കാരകുന്ന്
25/12/2022
Studies

വിധിവിശ്വാസം ഇസ്‌ലാമിൽ

by ശൈഖ് മുഹമ്മദ് കാരകുന്ന്
23/12/2022

Don't miss it

amu.jpg
Onlive Talk

അലിഗഢ്: സംഘ്പരിവാര്‍ അജണ്ടക്കു പിന്നില്‍?

04/05/2018
News & Views

ജൂത-മുസ്ലിം സംഘർഷമാണോ ഫലസ്തീൻ-ഇസ്രായേൽ പ്രശ്നം? 

11/05/2021
Interview

ഡല്‍ഹി പോലീസിന്റെ പരാജയപ്പെട്ട ഏറ്റുമുട്ടല്‍

04/06/2013
kamal-pasha.jpg
Editors Desk

മതത്തെ ആത്മീയതയില്‍ തളച്ചിടുന്നത് ആര്‍ക്കുവേണ്ടി?

30/05/2016
History

ബദ്‌റിന് മുമ്പുള്ള സൈനിക നീക്കങ്ങള്‍

15/04/2014
Asia

ഉര്‍ദുഗാനും പുടിനും തമ്മിലിടയുമ്പോള്‍

01/12/2015
Your Voice

പ്രതിഫലങ്ങളിലൂടെ അനുഭവിച്ചറിയുന്ന വസന്തകാലം

13/06/2022
Youth

കർമനിരതമായ ജീവിതം

08/07/2021

Recent Post

റിപ്പബ്ലിക് ദിന ചിന്തകൾ

26/01/2023

ഡോക്യുമെന്ററി പ്രദര്‍ശനം: ജാമിഅയില്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു, ജെ.എന്‍.യുവില്‍ കല്ലേറ്

25/01/2023

‘ഇസ്‌ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകള്‍’: ക്യാമ്പയിന് ഉജ്ജ്വല തുടക്കം

25/01/2023

ഖുര്‍ആന്‍ കത്തിച്ച സംഭവം: സ്വിഡിഷ്, ഡച്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് അല്‍ അസ്ഹര്‍

25/01/2023

അന്ന് ബി.ബി.സിയുടെ വിശ്വാസ്യതയെ വാനോളം പുകഴ്ത്തി; മോദിയെ തിരിഞ്ഞുകുത്തി പഴയ വീഡിയോ

25/01/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!