Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിലെ ആവിഷ്കാര സ്വാതന്ത്ര്യം: മാനദണ്ഡങ്ങളും മേഖലകളും

ഇസ്ലാമിക നിയമങ്ങളും വിധിവിലക്കുകളുമെല്ലാം അതിൻറെ അടിസ്ഥാനസങ്കൽപങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്നത് സുവിദിതമാണല്ലോ. ഇതുതന്നെയാണ് ആവിഷ്കാര സ്വാതന്ത്ര്യത്തിൻറെ വിഷയത്തിലുമുള്ളത്. ശരീഅത്തിൻറെ അടിസ്ഥാന ലക്ഷ്യങ്ങളുടെ ഭാഗമായ, മുൻഗണനാക്രമമുള്ള, വിശ്വസ്തത, ഉത്തരവാദിത്വം, ആത്മവിചാരണ, അതോടൊപ്പം ദൈവിക നിരീക്ഷണം എന്നീ ഘടകങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ടതുമാണത്. സ്വാതന്ത്ര്യം, അഭിമാനം എന്നിവയ്ക്കു വേണ്ടി ദാഹിക്കുന്ന പൊതുവികാരത്തിന് ഊന്നൽ പകരുകയും ചെയ്യുന്നുണ്ടത്. ഇസ്ലാമിലെ ആവിഷ്കാര സ്വാതന്ത്ര്യമെന്നാൽ വെറും കാര്യങ്ങളുടെ അനുവദിക്കലോ നിരോധിക്കലോ ചെയ്യലാണ് അഭികാമ്യമെന്നു പറയലോ ഒന്നുമല്ല, മറിച്ച് അവയ്ക്കൊക്കെ മുമ്പ് സ്വശരീരം, ബുദ്ധി, ഹൃദയം, മനസ്സ് എന്നിവ ഓരോ വ്യക്തിയിലും സ്വതന്ത്ര്യമാണ് എന്നു പറയുന്ന ബോധമാണത്. അല്ലാമ അലാൽ അൽ ഫാസി(റ) പറയുന്നു: ഇസ്ലാമിലെ ഈ സ്വാതന്ത്ര്യബോധമാണ്, ജാഹിലിയ്യത്തിൻറെ അപരിഷ്കൃതത്വവും ക്രൂരതയും കാട്ടാളതയും സമ്മേളിച്ച യജമാനന്മാരുടെ കിരാതമർദനങ്ങൾ ഏറ്റുകൊണ്ടിരിക്കുമ്പോഴും ബിലാൽ (റ), സുഹൈബുറൂമി(റ), അബ്ദുല്ലാ ബിൻ ഉമ്മി മക്തൂം(റ) എന്നിവർക്ക് തങ്ങൾ സ്വതന്ത്ര്യരാണെന്ന ബോധം പകർന്നുനൽകിയത്. വ്യക്തിസ്വാതന്ത്ര്യമാണ് ഇസ്ലാം ഉദ്ഘോഷിക്കുകയും വകവെച്ചുകൊടുക്കുകയും ചെയ്തിട്ടുള്ള സ്വാതന്ത്ര്യചിന്തയുടെ പ്രഥമ അടിസ്ഥാനം.

ഈ വിശാലാർഥത്തിലുള്ള, അടിസ്ഥാനപരമായ സ്വാതന്ത്ര്യമാണ് ‘ വേദക്കാരും ബഹുദൈവ വിശ്വാസികളുമായ നിഷേധികൾ തെളിവ് – അല്ലാഹുവിങ്കൽ നിന്നുള്ള ദൂതന- വന്നെത്തുന്നുവരെ നിഷേധം കൈവിട്ടില്ല. ആ ദൂതൻ അവർക്ക് ഋജുവായ മതസിദ്ധാന്തങ്ങളടങ്ങുന്ന പവിത്രമായ ഏടുകൾ പാരായണം ചെയ്തു കൊടുക്കുന്നു'(ബയ്യിനഃ 1-3) എന്ന സൂക്തത്തിലുള്ളതെന്ന് അദ്ദേഹം പറയുന്നു. ഇതിൽ ‘മുൻഫക്കീൻ’ എന്ന പദത്തിൻറെ വിശദീകരണത്തിൽ അദ്ദേഹം പറയുന്നു: അത്ഭുകരമെന്നോണം ഒരു മുഫസ്സിറിനും ഈ സൂക്തത്തിൻറെ മൂല്യം മനസ്സിലായിട്ടില്ല. ഇവിടെ ‘ഇൻഫികാക്'(കൈവിടുക) എന്നതുകൊണ്ടുള്ള വ്യക്തമായ ഉദ്ദേശ്യം അവർ തിരിച്ചറിഞ്ഞിട്ടില്ല.

ഒന്ന്: സ്വാതന്ത്ര്യം നിർബന്ധവും ആരാധനയും ആകുമ്പോൾ

‘ഇന്ന കാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം, മനുഷ്യൻ ഇന്ന കാര്യങ്ങൾ ചെയ്യാനും പറയാനും സ്വാതന്ത്ര്യമുള്ളവനാണ്’ എന്നൊക്കെയുള്ള പ്രയോഗങ്ങൾ കൊണ്ട് ലക്ഷീകരിക്കപ്പെടുന്നത് അക്കാര്യം അനുവദനീയമാണ്, അതിനെ തൊട്ട് വിലങ്ങപ്പെടരുത് എന്നയർഥമാണ്. ഇസ്ലാമിൻറെ ഭാഷയിലെ ആവിഷ്കാര സ്വാതന്ത്ര്യത്തിൻറെ ഏറ്റവും താഴ്ന്ന പടിയാണത്. ചിലയിടങ്ങളിൽ വിശുദ്ധ സമരമായും ആരാധനയായി പോലും ആവിഷ്കാരത്തെ ഇസ്ലാം പരിചയപ്പെടുത്തുന്നുണ്ട്.

നന്മ കൽപിക്കുക, തിന്മ വിരോധിക്കുകയെന്നതിലെ പറച്ചിലും ആവിഷ്കാരവും അതിൻറെ ഭാഗമാണ്. നേരത്തെ സൂചിപ്പിച്ച രീതിയിലുള്ള ആവിഷ്കാരസ്വാതന്ത്ര്യമല്ല അത്, മറിച്ച് നിർബന്ധ ബാധ്യതയാണത്. അതു ചിലപ്പോൾ സാമൂഹികവും ചിലപ്പോൾ വ്യക്തിപരവും ആകാം. ഇവ്വിഷയകരമായ ഖുർആനിക സൂക്തങ്ങളും ഹദീസ് വചനങ്ങളും ഒത്തിരിയാണ്. വളരെ പ്രസക്തമായ ഒന്നുമാത്രം ഇവിടെ സൂചിപ്പിക്കാം. നബി(സ്വ) പറയുന്നു: ‘ എൻറെ മുമ്പ് അല്ലാഹു നിയോഗിച്ച ഓരോ പ്രവാചകന്മാർക്കും സഹായികളും പിന്തുടരാൻ അനുയായികളും ഉണ്ടായിരുന്നു. അവർക്കു ശേഷം സ്വന്തം ചെയ്യാത്ത കാര്യങ്ങൾ കൽപിക്കുകയും കൽപനകൾ നിറവേറ്റാതിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ഉടലെടുത്തു. അവരോട് കൈകൊണ്ട് ജിഹാദ് ചെയ്യുന്നവർ വിശ്വാസിയാണ്, അവരോട് നാവുകൊണ്ട് ജിഹാദ് ചെയ്യുന്നവനും വിശ്വാസിയാണ്. അവരോട് ഹൃദയം കൊണ്ട് ജിഹാദ് ചെയ്യുന്നവനും വിശ്വാസിയാണ്. ഇതിനപ്പുറം വിശ്വാസത്തിൻറെ ഒരു കണിക പോലും അവശേഷിക്കുന്നില്ല’. ഇമാം മുസ് ലിം(റ) റിപ്പോർട്ട് ചെയ്ത ഈ ഹദീസ് ഇമാം നവവി(റ) തൻറെ ശറഹു മുസ് ലിമിൽ ‘തിന്മയെ വിരോധിക്കൽ ഈമാനിൻറെ ഭാഗമാണ്’ എന്ന അധ്യായത്തിനു കീഴെയാണ് കൊണ്ടുവന്നിട്ടുള്ളത്.

ചില സന്ദർഭങ്ങളിൽ ആവിഷ്കാരവും സത്യം പറച്ചിലും ഏറ്റവും വലിയ ജിഹാദ് ആയി മാറാം. നബി തങ്ങൾ പറയുന്നു:’ ഏറ്റവും ഉത്കൃഷ്ടമായ ജിഹാദ് അക്രമിയായ ഭരണാധികാരിയുടെ മുന്നിൽ സത്യം വിളിച്ചു പറയലാണ്’. മറ്റൊരു ഹദീസിൽ കാണാം: ‘ ശുഹദാക്കളുടെ നേതാവ് ഹംസ(റ)വാണ്. മറ്റൊരു നേതാവ് അക്രമിയായ ഭരണാധികാരിയുടെ മുന്നിൽ സത്യം തുറന്നു പറഞ്ഞതിൻറെ പേരിൽ കൊല്ലപ്പെട്ടയാളുമാണ്’. ഇത്തരം സന്ദർഭങ്ങളിൽ മൗനം പാലിക്കുന്നവർ ബധിര പിശാചുക്കൾ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. അല്ലാഹു പറയുന്നു: ‘ നാമവതരിപ്പിച്ച പ്രസ്പഷ്ട ദൃഷ്ടാന്തങ്ങളും മാർഗദർശനവും വേദത്തിലൂടെ മനുഷ്യർക്ക് വ്യക്തമാക്കിയ ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹുവും മറ്റെല്ലാ ശാപകന്മാരും ശപിക്കുന്നതാകുന്നു. എന്നാൽ പശ്ചാത്തപിക്കുകയും നടപടികൾ നന്നാക്കുകയും പൂഴ്ത്തിവെച്ചത് വ്യക്തമാക്കുകയും ചെയ്തവരാരോ അവർക്കു ഞാൻ മാപ്പുനൽകും. ഞാൻ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാമയനുമാകുന്നു’. (ബഖറ 159-160). ഈ സൂക്തങ്ങളും വിശുദ്ധവചനങ്ങളും പരിശോധിക്കുമ്പോൾ, സത്യത്തിൽ വെറും ആവിഷ്കാര സ്വാതന്ത്ര്യം എന്നതിൽ കവിഞ്ഞ് നിർബന്ധിതമായ ആവിഷ്കാരത്തിൻറെ ആൾക്കാരായി നമുക്കു സ്വന്തത്തെ തന്നെ മനസ്സിലാക്കാം.

രണ്ട്: നബി തങ്ങൾ സ്വഹാബികളെ ആവിഷ്കാര- അഭിപ്രായ സ്വാതന്ത്ര്യം പരിശീലിപ്പിക്കുന്നു

തന്നിലേൽപ്പിക്കപ്പെട്ട മതകൽപനകൾ വെറും ജനങ്ങളോട് പറയുന്നതിൽ ഒതുക്കാതെ, അതിനെ പ്രയോഗപഥത്തിൽ കൊണ്ടുവരാനും ജനങ്ങളെ അതു പരിശീലിപ്പിക്കാനും വേണ്ടി നബി(സ) തങ്ങൾ ഉറക്കമിളച്ചിരുന്നുവെന്ന് കാണാം. അതുകൊണ്ടു തന്നെ ആവിഷ്കാരസ്വാതന്ത്ര്യത്തിൻറെ വിഷയത്തിലും വെറും തങ്ങളുടെ അവകാശങ്ങളെക്കുറിച്ചു മനസ്സിലാക്കുക, ആശയങ്ങളെ പ്രതിരോധിക്കുക എന്നതിൽ കവിഞ്ഞ് അത് പരിശീലിപ്പിക്കാനും പ്രായോഗികതലത്തിൽ കാണിച്ചുകൊടുക്കാനും നബി(സ) തങ്ങൾ തയ്യാറായിരുന്നു. ഒരുദാഹരണം കാണാം. ഉമർ(റ) പറയുന്നു: അല്ലാഹുവാണെ സത്യം, വിശുദ്ധ ഖുർആൻ അവതീർണമായി, സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചു സംസാരിക്കുന്നതു വരേക്കും, ജാഹിലിയ്യാ കാലത്ത് സ്ത്രീകൾക്ക് നാം ഒരു വിധത്തിലുള്ള അധികാരവും നൽകിയിരുന്നില്ല. ഒരിക്കൽ ഞാനൊരു വിഷയത്തിൽ അഭിപ്രായം തേടിയപ്പോൾ ‘നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്തു നോക്കൂ’ എന്ന് ഭാര്യ പറയുകയുണ്ടായി. ഞാൻ ചെയ്യാനുദ്ദേശിക്കുന്ന കാര്യത്തിൽ നീയെന്തിനു ഇടപെടണം, അഭിപ്രായം പറയണം എന്നു ഞാൻ ചോദിച്ചപ്പോൾ, ഭാര്യ പറഞ്ഞു: നിങ്ങളുടെ കാര്യം അതീവ അത്ഭുതമാണ്. നിങ്ങളോട് അഭിപ്രായം പറയുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നില്ല, നിങ്ങളുടെ മകളാണെങ്കിൽ നബി(സ) തങ്ങൾ ദേഷ്യപ്പെടുന്നതുവരെ നബിയോട് അഭിപ്രായം പറയാറുണ്ട്. അങ്ങനെ മകൾ ഹഫ്സ(റ)യോട് ചെന്നു കാര്യങ്ങൾ തിരക്കിയ ശേഷം അവരോട് കോപാകുലനായി തുടർന്ന് ഉമ്മു സലമ ബീവിയുടെ അടുക്കൽ ചെന്നപ്പോൾ മഹതി പറഞ്ഞു: ‘ നിങ്ങൾ എല്ലാ കാര്യങ്ങളിലും ഇടപെട്ട് അവസാനം നബിയുടെയും ഭാര്യമാരുടെയും ഇടയിലും നിങ്ങൾ ഇടപെടാൻ തുടങ്ങി’. അപ്പറഞ്ഞത് എന്നിൽ വല്ലാതെ സ്വാധീനം ചെലുത്തുകയുണ്ടായി. നബി(സ) തങ്ങൾ ഭാര്യമാർക്ക് ഇത്രത്തോളം അഭിപ്രായസ്വാതന്ത്ര്യം നൽകിയിരുന്നു.

അബൂ സഈദ് (റ) നിവേദനം ചെയ്യുന്നു: അദ്ദേഹം പറയുന്നു. ഒരു ദിവസം ഒരു സ്ത്രീ നബിതങ്ങളുടെ സവിദത്തിലേക്കു വന്നു പറഞ്ഞു: ഓ പ്രവാചകരേ… പുരുഷന്മാരൊക്കെ അങ്ങയുടെ സംസാരം കേട്ട് കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചുപോകുന്നു. നമ്മൾ സ്ത്രീകൾക്കും ഇതുപോലെ അങ്ങയുടെ അടുക്കൽ നിന്ന് പഠിക്കാനുള്ള ഒരവസരം ഒരുക്കിത്തരാമോ? നബി തങ്ങൾ പ്രതിവചിച്ചു: ഇന്നാലിന്ന ദിവസം ഇന്നാലിന്ന സ്ഥലത്ത് നിങ്ങൾ ഒരുമിച്ചു കൂടുക. അവരങ്ങനെ ഒരുമിച്ചു കൂടുകയും നബി തങ്ങൾ അവിടെ ചെല്ലുകയുംമ അല്ലാഹു ദിവ്യബോധനം നൽകിയവയിൽ നിന്ന് അവർക്കു പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. തൻറെ ഭർത്താവിനെക്കുറിച്ചു നബി തങ്ങളോട് പരാതി ബോധിപ്പിക്കാൻ ഒരു സ്ത്രീ ചെല്ലുകയും നബിതങ്ങളോട് ഒരുപാട് തർക്കിക്കുകയും അവസാനം ആ സ്ത്രീയുടെ വിഷയത്തിൽ ഒരു ഖുർആനിക സൂക്തം തന്നെ അവതീർണമാവുകയും ചെയ്ത സംഭവം സുവിദിതമാണല്ലോ.

നബി തങ്ങളുടെയടുക്കൽ വെച്ച് ഒരുപറ്റം സ്ത്രീകൾ ശബ്ദമുയർത്തി സംസാരിക്കുമ്പോൾ ഉമർ(റ) കടന്നുചെല്ലുകയും അദ്ദേഹത്തെ കണ്ടപ്പോൾ അവർ ശബ്ദം താഴ്ത്തി മുഖംമറക്കുകയും ചെയ്തപ്പോൾ, നബി തങ്ങളെ ഭയക്കാതെ എന്നെ ഭയക്കുന്നുവെന്ന് പറഞ്ഞ് കോപാകുലനായ ഉമറി(റ)നോട് അതേ, നിങ്ങൾ നബിയെക്കാൾ പരുഷതയും കാഠിന്യവും നിറഞ്ഞവരാണെന്ന് സ്ത്രീകൾ മറുപടി കൊടുത്ത സംഭവം സഅദ് ബ്നു അബീ വഖാസ്(റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്(ത്വബഖാത്തുൽ കുബ്റാ, ഇബ്നു സഅദ്). ഇത്തരത്തിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിൻറെയും അഭിപ്രായപ്രകടനത്തിൻറെയും ഏടുകൾ ചരിത്രത്തിൽ ഒത്തിരി കാണാം. എപ്പോഴും, ചരിത്രത്തിലെവിടെയും പുറന്തള്ളപ്പെട്ടവർ എന്ന നിലക്കാണ് ഇവിടെ സ്ത്രീകളുടെ തന്നെ സംഭവങ്ങളും, അതും നബി(സ) തങ്ങളോടൊപ്പമുള്ളതും ഉദാഹരണമായി ഞാൻ കൊണ്ടുവന്നിട്ടുള്ളത്. ഉന്നതമായ സ്ഥാനത്തു നിൽക്കുന്ന പ്രവാചകൻ(സ) പോലും അഭിപ്രായ സ്വാതന്ത്ര്യവും അവകാശവും വകവെച്ചു നൽകിയിരുന്നെങ്കിൽ ബാക്കിയുള്ളവരോട് എന്തുകൊണ്ടും അതാവാം എന്നു സൂചിപ്പിക്കാനാണിത്.

നബി(സ) തങ്ങളോടല്ലാത്തവരിൽ നിന്നു ഇത്തരത്തിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്ന സ്വഹാബി വനിതകളുടെ സംഭവങ്ങളും ചരിത്രത്തിൽ സുലഭമാണ്. എത്യോപ ഹിജ്റയുമായി ബന്ധപ്പെട്ട് അസ്മാഅ് ബീവി(റ) ഉമറു(റ)മായി നടത്തുന്ന വാദപ്രതിവാദവും നബിതങ്ങൾ ഇടപെട്ട് വിഷയം പരിഹരിക്കുന്നതുമായ ഹദീസ് സ്വഹീഹു മുസ്ലിം ‘ഫദാഇലു സ്വഹാബ’ എന്ന അധ്യായത്തിൽ കാണാം. ധീരതയുടെയും ഗാംഭീര്യത്തിൻറെയും ഉടമയായ ഉമറി(റ) നോടു പോലും ഇങ്ങനെ സംസാരിക്കാൻ സ്വഹാബി വനിതകൾക്കു പോലും ധൈര്യം നൽകിയത് നബി(സ) അവർക്കു പകുത്തു നൽകിയ സ്വാതന്ത്ര്യവും അതു നൽകുന്ന സുരക്ഷിതബോധവുമായിരുന്നു. ഖലീഫ ഉമർ(റ) നടന്നുപോവുന്ന വഴിയിൽ അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്ന ഖൗല ബിൻത് ഥഅ്ലബ(റ)യെ അടുത്തു ചെന്നു കാണുകയും ആവശ്യം ചോദിച്ചറിഞ്ഞ് നിറവേറ്റുകയും കാര്യം തിരക്കിയ അനുചരന്മാരോട് രാത്രി വരെ നിന്നിട്ടെങ്കിലും അവരുടെ ആവശ്യം പൂർത്തീകരിക്കാൻ ഞാൻ ബാധ്യസ്ഥനാണെന്നു പറയുകയും ചെയ്ത സംഭം ഇബ്നു കസീർ(റ) അദ്ദേഹത്തിൻറെ തഫ്സീറിൽ ഉദ്ധരിക്കുന്നുണ്ട്. ഇബ്നു സുബൈറി(റ)നെ വധിക്കാൻ വന്ന ഹജ്ജാജിനോട് ധൈര്യസമേതം ചെറുത്തു നിൽപ്പു നടത്തുന്ന അസ്മാഅ് ബീവിയുടെ കഥയും തഫ്സീറു ഇബ്നു കസീറിൽ കാണാം.

മൂന്ന്: വൈജ്ഞാനിക മേഖലയിലെ ആവിഷ്കാര – അഭിപ്രായ സ്വാതന്ത്ര്യം

വൈജ്ഞാനിക മേഖലയിലെ ഗവേഷണത്തിൻറെ വിഷയത്തിൽ വെറും ഗവേഷണ സ്വാതന്ത്ര്യം നൽകുക മാത്രമല്ല ഇസ്ലാം ചെയ്തത്, മറിച്ച് അതിനെ നന്നായി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. അംറു ബ്നുൽ ആസ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ നബി തങ്ങൾ പറയുന്നു. ‘ഒരു ഭരണാധികാരി ഗവേഷണം നടത്തുകയും അതു ശരിയായി ഭവിക്കുകയും ചെയ്താൽ അവനു രണ്ടു പ്രതിഫലമാണ്. ഇനി ഗവേഷണം നടത്തി അതു പിഴച്ചു പോയാലും അവന് ഒരു പ്രതിഫലമുണ്ട്’. ഈ ഹദീസിലൂടെ തന്നെ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാം. ഗവേഷണം നടത്തി പിഴച്ചു പോയ ആൾക്കു പോലും പ്രതിഫലം വാഗ്ദാനം ചെയ്യുന്നതിലൂടെ ഉന്നതമായ ആവിഷ്കാര സ്വാതന്ത്ര്യത്തിൻറെ വാതായനങ്ങളാണ് ഇസ് ലാം അവിടെ തുറന്നുവെക്കുന്നത്. പിഴവു വരുമെന്നു പേടിച്ച് ഇത്തരം മാർഗങ്ങളിൽ പ്രവേശിക്കാതിരിക്കുന്നവർക്കുള്ള പ്രചോദനം കൂടിയാണീ ഹദീസ്.

നബിയുടെ കാലത്തും പിൽക്കാലത്തും സ്വഹാബികളും അവർക്കു ശേഷം വന്ന ഉത്തമ സമൂഹങ്ങളെല്ലാം ഈ പാത തന്നെയായിരുന്നു അനുധാവനം ചെയ്തത്. വൈജ്ഞാനിക മേഖലയിലെ ആദരവിൻറെയും ഭിന്നാഭിപ്രായങ്ങൾ വെച്ചുപുലർത്തുമ്പോൾ തന്നെ അവർ കൈക്കൊണ്ടിരുന്ന പരസ്പരബഹുമാനത്തിൻറെയും വ്യക്തമായ ഉദാഹരണങ്ങളിലൊന്നാണ് ഖലീഫ അബൂ ജഅ്ഫറുൽ മൻസൂർ ഇമാം മാലികി(റ) ൻറെ ‘മുവത്ത്വ’ യുടെ കൂടുതൽ പതിപ്പുകൾ എഴുതിയുണ്ടാക്കി വിവിധ പ്രവിശ്യകളിൽ വിതരണം ചെയ്യാനും ജനങ്ങളെല്ലാം അതിൽ പറഞ്ഞ കാര്യങ്ങൾക്കു വിരുദ്ധമായി ഒന്നും ചെയ്യരുത് എന്നും പറയാൻ ഉദ്ദ്യേശിച്ച സന്ദർഭം. തൻറെ ആഗ്രഹം ഇമാം മാലികി(റ)നോട് പങ്കുവെച്ചപ്പോൾ അദ്ദേഹത്തിൻറെ പ്രതികരണം ഇപ്രകാരമായിരുന്നു: അമീറുൽ മുഅ്മിനീൻ… ഒരിക്കലും അങ്ങനെ ചെയ്യരുത്. കാരണം, നബി തങ്ങളുടെ അനുചരന്മാർ ഒരുപാടു നാടുകളിലായി പരന്നു കിടക്കുന്നവരായിരുന്നു. അവരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അവിടത്തെ സാഹചര്യങ്ങളും മറ്റും മനസ്സിലാക്കിതന്നെ അവർ ഫത് വ കൊടുക്കുകയും ചെയ്തു. അതായിരിക്കും അവരുടെ ജീവിതരീതി. അതുകൊണ്ട് അക്കാര്യം നമുക്ക് വെറുതെവിടാം.

വൈജ്ഞാനിക മേഖലയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിൻറെ മറ്റൊരു വലിയ ഉദാഹരണമാണ് പണ്ഡിതന്മാർ മുഴുവനും, വിശേഷിച്ച് ഹദീസ് പണ്ഡിതന്മാർ ഹദീസ് നിവേദകരായ പണ്ഡിതന്മാരെ പരിശോധിച്ച് ഗുണവും ദോഷവും(ജറഹ് തഅ്ദീൽ) വ്യക്തമാക്കാൻ അവകാശം നൽകിയെന്നത്. സത്യം സത്യമായും അസത്യം അസത്യമായും നിലനിൽക്കുകയെന്നതാണ് അതിൻറെ താത്പര്യം. വിജ്ഞാനത്തിൻറെയും വൈജ്ഞാനിക ഗവേഷണത്തിൻറെയും പവിത്രത ഹദീസ് നിവേദകരുടെ പവിത്രതയെക്കാൾ പരിശുദ്ധമാണെന്ന് അവരൊക്കെ മനസ്സിലാക്കിയിരുന്നു. അതിൽ ജീവിച്ചിരിക്കുന്നവും മരണപ്പെട്ടവരും വലിയവരും ചെറിയവരും ഒക്കെ തുല്യമായിരുന്നു.

നാല്: ഖുലഫാഉറാശിദുകൾ അഭിപ്രായ സ്വാതന്ത്ര്യം വകവെച്ചുകൊടുത്ത വിധം

നബി(സ) തങ്ങളുടെ ജീവിതരീതിക്കു സമാനമായി അഭിപ്രായ സ്വാതന്ത്ര്യം വകവെച്ചു കൊടുക്കുന്ന വിഷയത്തിൽ ഖുലഫാഉ റാശിദുകൾ കാർക്കശ്യ ബുദ്ധിക്കാരായിരുന്നു. ആദ്യമായി ഖലീഫാ സ്ഥാനമേറ്റെടുത്ത നടത്തിയ വിഖ്യാതമായ പ്രഭാഷണത്തിൽ അബൂബക്കറി(റ)ൻറെ പ്രഖ്യാപനം ഞാൻ നന്മ ചെയ്യുമ്പോൾ എന്നെ സഹായിക്കുകയും തെറ്റു ചെയ്യുമ്പോൾ എന്നെ നിലയ്ക്കു നിർത്തുകയും ചെയ്യണമെന്നായിരുന്നു. ഞാൻ പിഴവു ചെയ്യുമ്പോൾ എന്നെയാരു തിരുത്തുമെന്നു ചോദിച്ച ഉമറി(റ)നോട് ഈ വാളുകൊണ്ട് ഞാൻ നേരെയാക്കുമെന്നു പറഞ്ഞ സ്വഹാബിയുടെ ചരിത്രം പ്രസിദ്ധമാണല്ലോ.

ഭിന്നസ്വരങ്ങൾക്കും അഭിപ്രായങ്ങൾക്കും വിമർശനങ്ങൾക്കുമൊക്കെ ഇടയായിട്ടുള്ളതാണ് ചിലപ്പോഴൊക്കെ ഖുലഫാഉറാശിദുകളുടെ പല തീരുമാനങ്ങളും. രിദ്ദത്തിൻറെ ആൾക്കാരോടുള്ള യുദ്ധം, ഉസാമയുടെ സൈന്യത്തെ രക്ഷപ്പെടുത്തിയ സംഭവം, ഭൂമി പകുത്തു നൽകിയ സംഭവങ്ങൾ എന്നിവയിലൊക്കെ അബൂബക്കർ(റ) വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. അപ്പോഴൊന്നും ആരുടെയും അഭിപ്രായങ്ങൾക്ക് വിലങ്ങുവെക്കാനോ തടയിടാനോ അദ്ദേഹം ഒരുക്കമായിരുന്നില്ല. ഉമറി(റ) ൻറെ കാലവും സമാനമായിരുന്നു. ഉഥ്മാർ(റ), അലി(റ) എന്നിവരുടെ കാലത്താണ് അഭിപ്രായ പ്രകടനവും സ്വാതന്ത്ര്യവും അതിൻറെ മൂർധന്യദശയിലെത്തിയത്. ഒരർഥത്തിൽ പരിധി ലംഘിക്കുകയും മുസ്ലിംകൾക്ക് ഒത്തിരി പ്രശ്നങ്ങൾ വിളിച്ചുവരുത്തുകയും ചെയ്തത് ഇക്കാലത്തെ വലിയ അളവിലുള്ള ആവിഷ്കാര സ്വാതന്ത്ര്യമായിരുന്നു. ചുരുക്കത്തിൽ ഇതാണ് അല്ലാഹുവിൻറെ പ്രവാചകരും ഖുലഫാഉ റാശിദുകളും കാണിച്ചു തന്നെ, ആവിഷ്കാര സ്വാതന്ത്ര്യത്തിൻറെ, അഭിപ്രായ പ്രകടനത്തിൻറെ മാതൃക.

അഞ്ച്: ആവിഷ്കാരസ്വാതന്ത്ര്യത്തിൻറെ ശറഈ മാനദണ്ഡങ്ങൾ

മറ്റേതു സ്വാതന്ത്ര്യങ്ങളെയും പോലെത്തന്നെ ചൂഷണങ്ങൾ ഇല്ലാതാക്കാനും അസ്ഥാനത്തുള്ള ഉപയോഗങ്ങൾ നിയന്ത്രിക്കാനും ആവിഷ്കാരസ്വാതന്ത്ര്യത്തിനും നിബന്ധനകളും മാനദണ്ഡങ്ങളഉം ആവശ്യമാണ്. അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉപയോഗിക്കുന്നതിലെ പരിധി ലംഘിക്കലുകളും അപഥസഞ്ചാരവും വർധിക്കുന്നതനുസരിച്ച് ഇത്തരം നിബന്ധനകളും വർധിക്കുകയും ചെയ്യും. ആദിപിതാവ് ആദം നബി(അ)ക്ക് സ്വർഗത്തിൽ സർവ സുഖങ്ങളും നൽകുകയും ഒരു മരത്തിലെ കനി മാത്രം വിലക്കുകയും വിലക്ക് ലംഘിച്ച് ആ കനി ഭക്ഷിക്കുകയും ചെയ്തപ്പോൾ ഭൂമിയിലേക്ക് ഇറക്കിവിടുകയും പിന്നീട് കൂടുതൽ നിബന്ധനകൾ നിശ്ചയിക്കുകയും ചെയ്യുകയാണല്ലോ അല്ലാഹു ചെയ്തത്. ജനങ്ങൾ പുതുതായി ചെയ്തുകൂട്ടുന്ന തിന്മകളുടെ തോതനുസരിച്ച് അവർക്ക് പ്രശ്നങ്ങളും പുതിയ രീതിയിൽ വന്നുചേരുമെന്ന ഉമറു ബ്നു അബ്ദിൽ അസീസി(റ)ൻറെ വാക്കിൻറെ താത്പര്യമിതാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിൻറെ ക്രിയാത്മകവും ഫലപ്രദവുമായ ഉപയോഗത്തെ ലക്ഷീകരിക്കുന്ന ഇസ്ലാമിക ശരീഅത്തിലെ പ്രധാന മാനദണ്ഡങ്ങളും നിബന്ധനകളുമാണ് ചുവടെ.

1) സത്യത്തോടൊപ്പം നിലകൊള്ളുക
ഇസ്ലാമിലെ ആവിഷ്കാര സ്വാതന്ത്ര്യമെന്നാൽ അന്യനു അധികാരം ചെലുത്താനോ ശക്തിപ്രയോഗം നടത്താനോ എതിർസ്വരങ്ങളെ ഇല്ലായ്മ ചെയ്യാനോ മുറിപ്പെടുത്താനോ ഉള്ളതല്ല. വസ്തുതകളെ നേർവിപരീതമായി അവതരിപ്പിക്കാനും അനാവശ്യ തർക്കങ്ങളിൽ മത്സരിക്കാനുമുള്ള വേദിയുമല്ല അത്. ഇസ്ലാമിൻറെ അടിസ്ഥാന തത്വങ്ങളിലെവിടെയും അന്ധമായ വിധേയത്വമോ അന്ധമായ വിരോധമോ ഒന്നിനോടും കാണാനാവില്ല. എങ്കിൽ ഇന്നത്തെ ഡെമോക്രാറ്റിക് പാർട്ടി സംവിധാനങ്ങളിലും മറ്റു ഭരണകൂടങ്ങളിലും കാണുന്നത് അതാണ്. സ്വന്തം നിലപാട് തെറ്റാണ്, പ്രതിയോഗിയുടേതാണ് ശരി എന്നു ബോധ്യപ്പെട്ടാൽ പോലും അംഗീകരിച്ചു കൊടുക്കാത്ത ശക്തമായ അസഹിഷ്ണുതയാണ് ഇന്നത്തെ ഭരണസംവിധാനങ്ങളുടെ ആകെത്തുക. സത്യത്തിൽ ആവിഷ്കാരസ്വാതന്ത്ര്യത്തിൻറെ വ്യക്തമായ ലംഘനവും അതിൻറെ മൂല്യത്തെ കുറച്ചു കാണുന്നതുമാണീ രീതി. ഈ പ്രശ്നത്തെ റോബർട്ട് എച്ച്. തൗലിസ് അദ്ദേഹത്തിൻറെ ‘ഋജുചിന്തയും പിഴച്ച ചിന്തയും’ എന്ന ഗ്രന്ഥത്തിൽ വിശദമായി വിശകലനം ചെയ്യുന്നുണ്ട്. അതിലദ്ദേഹം പറയുന്നു: നമ്മുടെ സംഘടനയിൽ പെട്ട ഒരു പ്രഭാഷകൻ ഗഹനഗംഭീരമായ ഒരു പ്രഭാഷണം നടത്തിയാൽ അതിനെ വാനോളം പുകഴ്ത്തുന്ന നമ്മൾ എതിർ സ്ഥാനത്തുള്ള ഒരാൾ അതേരീതിയിൽ പ്രഭാഷണം നടത്തിയാൽ അതിനെ അംഗീകരിക്കാൻ വിസമ്മതിക്കുന്നു. എതിർ പ്രസ്ഥാനക്കാരുടെ അഭിപ്രായങ്ങൾ, അതെത്ര മൂല്യമേറിയതാണെങ്കിൽ പോലും, അതിനെ വിലകുറച്ചു കാണുകയും അവഗണിക്കുകയും ചെയ്യുന്ന രീതിയാണ് നമ്മുടേത്. ആവിഷ്കാര സ്വാതന്ത്ര്യത്തിൻറെ ശ്രദ്ധേയ ഭാഗമായ വോട്ടവകാശം വിനിയോഗിക്കുന്ന വിഷയത്തിലും ഇത്തരം സാധ്യതകൾ കടന്നുവരിക പതിവാണ്.

2)മതത്തിൻറെ പവിത്രത കാത്തുസൂക്ഷിക്കുക
നമ്മുടെ വിഷയത്തിൽ ഏറ്റവും സുപ്രധാനവും അനിവാര്യവുമായ മാനദണ്ഡമാണിത്. സത്യമതത്തിൻറെ പവിത്രതയും പരിശുദ്ധിയും കളങ്കപ്പെടുത്തുകയും കുറച്ചുകാണിക്കുകയും ചെയ്യുന്ന രീതികളെ തടുക്കുക എന്നതാണ് ഇതു ലക്ഷീകരിക്കുന്നത്. ഒരു രാഷ്ട്രത്തിൻറെ അടിസ്ഥാന മൂല്യങ്ങളോ ഘടകങ്ങളോ നിഷേധിക്കുകയോ അതിനെ വിലകുറച്ചു കാണുകയോ ചെയ്യുന്നവരോട് രാഷ്ട്രം എല്ലാ കാലത്തും ശക്തമായിതന്നെയാണ് പ്രതികരിച്ചിട്ടുള്ളത്. മുസ്ലിം സമുദായത്തിന് മതം തന്നെയാണ് അതിൻറെ രാഷ്ട്രവും ദേശവും അഖണ്ഡതയും അസ്തിത്വവും. ആ മതത്തെയും അതിൻറെ നടപ്പുരീതികളെയും നിരാകരിക്കുകയും ശത്രുതാമനോഭാവം വെച്ചുപുലർത്തുകയും ചെയ്യുന്നത് രാഷ്ട്രത്തെ വഞ്ചിക്കുന്നതിനു തുല്യം തന്നെയാണ്. മറ്റൊരർഥത്തിൽ പറഞ്ഞാൽ ഇസ്ലാം മതത്തെ യഥാർഥത്തിൽ പുൽകുകയെന്നാൽ സമ്പൂർണ ഹൃദയസാന്നിധ്യത്തോടെയും ദൃഢതയോടെയുമാകണം. ദൃഢമായ മനസ്സ് മാറിമറിയുകയോ നിലപാട് മാറ്റുകയോ ഇല്ല. പരിപൂർണ മനസ്സോടെ ഇസ്ലാമിലേക്കു കടന്നുവന്നവൻ അതിൽ നിന്നു പുറത്തുപോവുന്നത് പോലും അസാങ്കൽപികമാണ്. ഹദീസിൽ പറഞ്ഞപ്രകാരം തീയിൽ ഇടപ്പെടുന്നതിനെ ഒരാൾ എത്രകണ്ട് വെറുക്കുന്നുവോ അത്രത്തോളം ഒരു പുതുമുസ് ലിം കുഫ്റിലേക്കു തിരിച്ചു നടക്കുന്നതിനെ വെറുക്കുമെന്നതാണ് യാഥാർഥ്യം. മറ്റു പല ലക്ഷ്യങ്ങളും മുന്നിൽ കണ്ട് ഇസ് ലാം മതം സ്വീകരിച്ചവരുടെ വിഷയത്തിൽ മാത്രമാണ് കുഫ്റിലേക്കുള്ള ഒരു തിരിച്ചു നടത്തം സങ്കൽപിക്കാനാകുന്നതുപോലും.

ഇത്തരത്തിൽ ദുരുദ്വേശപരമായി മതത്തിൽ കടന്നുകൂടുന്ന പ്രവണത ഇസ്ലാമിൻറെ ആദ്യകാലം മുതൽക്കു തന്നെയുള്ളതാണ്. ‘സത്യവിശ്വാസികളെ അഭിമുഖീകരിക്കുമ്പോൾ ഞങ്ങളും വിശ്വസിച്ചിരിക്കുന്നു എന്നവർ പറയും. തങ്ങളുടെ ദുഷ്ടരോടൊത്താകുമ്പോഴാകട്ടെ, ഞങ്ങൾ നിങ്ങളോടൊന്നിച്ചു തന്നെയാണ്, വിശ്വാസികളെ ഞങ്ങൾ പരിഹസിക്കുക മാത്രമായിരുന്നു എന്നവർ പറയും'(ബഖറ- 14) എന്ന സൂക്തം അതിനു തെളിവാണ്.

3)ആവിഷ്കാരസ്വാതന്ത്ര്യമാണ്, അപരദ്രോഹത്തിനുള്ള സ്വാതന്ത്ര്യമല്ല
ജനങ്ങളെ വഴിപിഴപ്പിക്കാനും പ്രശ്നങ്ങളിൽ കൊണ്ടുവീഴ്ത്താനും പണിയെടുക്കുന്നത് ഒരുനിലക്കും ആവിഷ്കാരസ്വാതന്ത്ര്യമല്ല, മറിച്ച് അപരദ്രോഹവും കുഴപ്പം സൃഷ്ടിക്കലുമാണ്. പൊതുജനങ്ങളിൽ എല്ലായ്പ്പോഴും സത്യാസത്യങ്ങൾ വേർതിരിച്ചറിയാൻ സാധിക്കാത്ത ബലഹീനനും കൊച്ചുകുട്ടിയും അജ്ഞനും വിഡ്ഢിയും രോഗിയും ഒക്കെയുണ്ടാകാം. അവരെ ബുദ്ധിമുട്ടിക്കുകയെന്നത് ഒരിക്കലും ആവിഷ്കാരസ്വാതന്ത്ര്യമല്ല. സർവ അധാർമികതകൾക്കും വളംവെച്ചുകൊടുക്കുന്നവനും ഇസ്ലാമിൽ സ്വാതന്ത്ര്യമില്ല. ആവിഷ്കാരസ്വാതന്ത്ര്യമെന്ന പേരിൽ വ്യഭിചാരം നടത്താനോ മദ്യമടക്കമുള്ള ലഹരികൾ ഉപയോഗിക്കാനോ പിഴച്ച ചിന്തകളിലേക്ക് ആളുകളെ ക്ഷണിക്കാനോ പാടില്ല. അതൊക്കെ ആവിഷ്കാരമല്ല, മറിച്ച് നേരത്തെ സൂചിപ്പിച്ചതു പോലോത്ത അന്യദ്രോഹം മാത്രമാണ്. ഹറാമായ, ഹാനികരമായ വസ്തുക്കളുടെ വിൽപനയും വാണിജ്യലക്ഷ്യങ്ങൾക്കു വേണ്ടി നഗ്നസ്ത്രീകളെ ഉപയോഗിക്കുന്നതും ഇക്കൂട്ടത്തിൽ പെടും.

4)പറയുന്ന കാര്യങ്ങളെക്കുറിച്ചു ബോധ്യമുണ്ടാവുക
ആവിഷ്കാര സ്വാതന്ത്ര്യത്തിൻറെ വിഷയങ്ങളിലെല്ലാം, വിശേഷിച്ച് ജനങ്ങളുമായി, അവരുടെ അവകാശങ്ങളും അഭിമാനങ്ങളുമായി ബന്ധിക്കുന്ന വിഷയത്തിൽ ഇക്കാര്യം ഏറെ ശ്രദ്ധിക്കപ്പെടേണ്ടതാണ്. പറയുന്ന കാര്യങ്ങൾക്ക് വ്യക്തമായ തെളിവും പിൻബലവും വേണമെന്നും പറയുന്നത് വളരെ സൂക്ഷിച്ചാവണമെന്നും വെറും ഊഹങ്ങളുടെ പുറത്താവരുതെന്നും ഇസ് ലാമിന് നിർബന്ധമുണ്ട്. ‘നിങ്ങൾക്ക് അറിവില്ലാത്ത വിഷയത്തിൽ നിങ്ങൾ ഇടപെടരുത്, നിശ്ചയം കേൾവിയും കാഴ്ചയും ഹൃദയവും എല്ലാം വിചാരണ നടത്തപ്പെടുന്നതാണ്’.(ഇസ്റാഅ് -36). കളവിനെയും ആരോപണത്തെയും സ്ഥീരീകരിക്കുന്നതിനു മുമ്പേ കാര്യങ്ങൾ സംസാരിക്കുന്നതിനെയും ഇസ്ലാം അതിശക്തമായി എതിർക്കുന്നത് അവിടെയാണ്.

5)ജനങ്ങളുടെ അഭിമാനസംരക്ഷണം
നേരത്തെ സൂചിപ്പിച്ചതിൽ നിന്ന് അൽപം വ്യത്യാസമുണ്ടിതിന്. നേരത്തെ സൂചിപ്പിച്ചത് അഭിമാനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണെങ്കിൽ പരദൂഷണം, ആക്ഷേപം, ചീത്തപറയൽ, രഹസ്യങ്ങൾ സമ്മതമില്ലാതെ പരസ്യമാക്കൽ എന്നിവയൊക്കെയാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. ചിലപ്പോൾ നാം നേരിൽ കണ്ട വ്യഭിചാരം പോലും ജനങ്ങളുടെ അഭിമാന സംരക്ഷണാർഥം നാലു സാക്ഷികൾ ലഭ്യമായാലല്ലാതെ പരസ്യമാക്കാൻ പാടില്ലെന്നാണ് മതപക്ഷം.

6)രഹസ്യങ്ങളിലേക്കു ഒളിച്ചുനോക്കുന്നതിനെ തടയൽ
വ്യക്തികളുടെ അഭിപ്രായങ്ങൾ, നീക്കങ്ങൾ, ഗവേഷണങ്ങൾ എന്നിവയെ നിരൂപിക്കുന്നിടത്താണ് ഈ വിഷയം കടന്നുവരുന്നത്. ഇസ്ലാം നമുക്ക് ആരെയെങ്കിലും നിരൂപിക്കാൻ അവകാശം നൽകുന്നുണ്ടെങ്കിൽ തന്നെ, നമ്മൾ തെറ്റെന്നു കണ്ടു മനസ്സിലാക്കി ബോധ്യപ്പെട്ട അളവിൽ മാത്രമാണ് അത് അനുവദിക്കപ്പെടുക. അതിനപ്പുറം ചാരപ്പണി നടത്തുകയോ ചികഞ്ഞന്വേഷിക്കുകയോ ചെയ്യുന്നത് തീർത്തും നിരോധിക്കപ്പെട്ടതാണ്.

ചുരുക്കത്തിൽ, അഭിപ്രായപ്രകടനത്തിൻറെയും ആവിഷ്കാരസ്വാതന്ത്ര്യത്തിൻറെയും അതിവിശാലമായ വാതായനങ്ങളാണ് ഇസ്ലാം തുറന്നുവെച്ചിട്ടുള്ളത്. അതേസമയം, ഈ സ്വാതന്ത്ര്യങ്ങളൊക്കെ നിശ്ചിത പരിധികൾക്കകത്തു നിന്നിട്ടുള്ള, പരദ്രോഹം ചെയ്യാത്ത രീതിയിലുള്ളതായിരിക്കണമെന്നുമാത്രം.

വിവ. മുഹമ്മദ് ശാക്കിർ മണിയറ

Related Articles